ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം ഇനം ചിത്രശലഭങ്ങളിൽ, വലിപ്പത്തിൽ ഒന്നാമനാണ് ഗരുഡശലഭം (Southern Bird Wing). പേര് സൂചിപ്പിക്കുംപോലെ തന്നെ പക്ഷികളുടെ ചിറകടിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വലിയ ചിറകുകളുമായി പറന്നു നടക്കുന്നവയാണ് ഗരുഡശലഭങ്ങൾ. ഇവയുടെ ചിറകളവ് ഏതാണ്ട് 18-20cm ഒാളം വരും. തെക്കേ ഇന്ത്യയിലെ ഒരു തദ്ദേശീയ (Endemic) ശലഭം കൂടിയാണിത്. ലോകത്ത് ഒരു പ്രത്യേക പ്രദേശത്തുമാത്രം അധിവസിക്കുന്ന ജീവജാലങ്ങളെയാണ് തദ്ദേശീയ ജാതികൾ (Endemic Species) എന്നു പറയുന്നത്. എന്നുവച്ചാൽ, ലോകത്തിൽ തെക്കേ ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ഗരുഡശലഭത്തെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നമുക്ക് നിരീക്ഷിക്കാനാവില്ല. തെക്കേ ഇന്ത്യയിൽ, മഹാരാഷ്ട്ര മുതൽ തെക്കോട്ടുള്ള പശ്ചിമഘട്ട മലനിരകളിലാണ് ഇവയുടെ ആവാസം. കേരളത്തിൽ എല്ലായിടത്തും വളരെ സുലഭമായി കാണപ്പെടുന്ന ഒരു ശലഭമാണിത്. നിത്യഹരിതവനങ്ങൾ മുതൽ നമ്മുടെ നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങളിൽ വരെ ഇവയെ കാണാം. അതുകൊണ്ടുതന്നെ ഇവയുടെ സ്വഭാവസവിശേഷതകളും ജീവിതചക്രവുമെല്ലാം നമ്മുടെ ശലഭനീരീക്ഷകർ നന്നായി പഠനവിധേയമാക്കിയിട്ടുണ്ട്. വർഷത്തിൽ എല്ലാക്കാലത്തും ഇവയെ കാണാൻ സാധിക്കുമെങ്കിലും മഴക്കാലത്തും മഴ കഴിഞ്ഞ് ഉടനേയുള്ള മാസങ്ങളിലുമാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഒറ്റ നോട്ടത്തിൽ, ആൺ-പെൺ ശലഭങ്ങൾ ഒരേപോലെ ഇരിക്കുമെങ്കിലും, സൂക്ഷിച്ചുനോക്കിയാൽ ഇവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാം. പെൺശലഭത്തിന് ആൺശലഭങ്ങളേക്കാൾ വലിപ്പമുണ്ട്. ആൺശലഭത്തിന്റെ മുൻചിറകുകൾക്കു തിളങ്ങുന്ന കറുപ്പുനിറമാണ്. ചിറകിൽ കാണപ്പെടുന്ന ഞരമ്പുകൾ (Veins) ക്കു ചുറ്റും വെളുത്ത വരകളുണ്ട്. പിൻചിറകുകളുടെ (Hindwing) പുറത്ത് തിളങ്ങുന്ന മഞ്ഞയും ചിറകോരങ്ങളിൽ കറുപ്പുനിറവും കാണാം. എന്നാൽ പെൺശലഭങ്ങളുടെ പിൻചിറകിലെ മഞ്ഞനിറത്തിൽ ത്രികോണാകൃതിയിലുള്ള ഒരു നിര കറുത്ത പൊട്ടുകൾ ഉണ്ട്. കൂടാതെ, പെൺശലഭത്തിന്റെ മുൻ ചിറകിലെ (Forewing) കറുപ്പിനു ആൺ ശലഭത്തെ അപേക്ഷിച്ച് കടുപ്പവും തിളക്കവും കുറവാണ്. ആൺശലഭത്തിലും പെൺശലഭത്തിലും പുറകുവശം പോലെതന്നെയാണ് ചിറകിന്റെ അടിവശവും. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞനിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. ഉരസ്സിൽ (Thorax) കറുപ്പും ചുവപ്പും നിറങ്ങൾ കാണാം. പുലർകാലത്തു തന്നെ പറന്നു നടക്കാൻ തുടങ്ങുന്നവയാണ് ഗരുഡശലഭങ്ങൾ. പുഴുവായിരിക്കുമ്പോൾ, ആഹാരസസ്യത്തിൽ നിന്ന് ആർജ്ജിക്കുന്ന ചില വിഷാമ്ലങ്ങൾ (Aristolochic acids) ശരീരത്തിലുള്ളതിനാൽ സാധാരണയായി ഇരപിടിയന്മാർ ഗരുഡശലഭത്തെ ശാപ്പിടാറില്ല. ശലഭാവസ്ഥയിൽ പൂന്തേൻ മാത്രമാണ് ഇവയുടെ ആഹാരം. കൃഷ്ണകിരീടം (Clerodendrum paniculatum), പെരിങ്ങലം (Clerodendrum infortunatum), ചെത്തി (Ixora sp.) മുതലായ വലിയ പൂക്കളിൽ നിന്ന് തേൻ നുകരുന്നതിൽ ഒരു പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. പൂക്കളിൽ നിന്ന് തേൻ നുകരുമ്പോൾ ചിറക് തുരുതുരാ ചലിപ്പിച്ചുകൊണ്ടിരിക്കും. ഇണചേരൽ സമയത്ത് ആൺശലഭം പെണ്ണിനെ പിന്തുടർന്ന് മുകളിലും താഴെയുമായി പറക്കുന്നു. കുറച്ചുനേരത്തെ വായുവിലുള്ള അഭ്യാസ പ്രകടനങ്ങൾക്കു ശേഷം, പെൺശലഭം നിശ്ചലമായി ഏതെകിലും ഇലയിൽ ഇരിപ്പുറപ്പിക്കുന്നതോടെ ഇണചേരൽ നടക്കുന്നു. ഗരുഡക്കൊടി, ഇൗശ്വരമുല്ല എന്നീ പേരുകളിൽ അറിയപ്പെടുന്ന Aristoloctia indica, A.tagala, , അല്പം (Thottea siliquosa) എന്നീ സസ്യങ്ങളിലാണ് പെൺശലഭം മുട്ടയിടുക. ഒാറഞ്ച് നിറത്തിലുള്ള മുട്ടകൾ ഒറ്റയ്ക്കൊറ്റയ്ക്ക് തളിരിലകളുടെ അടിവശത്തായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ശലഭപ്പുഴുവിന്റെ ഉടലിന് മെറൂൺ കലർന്ന ചുവപ്പു നിറവും, തലയ്ക്ക് കറുപ്പു നിറവുമാണുള്ളത്. ദേഹത്ത്, മുള്ളുകൾ പോലെ എഴുന്നു നിൽക്കുന്ന അറ്റം കൂർത്ത മുഴകൾ tubercles) കാണാം. ഇൗ മുഴകളുടെ മുകളറ്റത്ത് ചുവന്ന പൊട്ടുകളുമുണ്ട്. പുഴുപ്പൊതി (Pupa) ക്ക് ഇളം മഞ്ഞ നിറമോ, ഉണങ്ങിയ ഇലയുടെ ഇളം തവിട്ടു നിറമോ ആയിരിക്കും. പുഴുപ്പൊതി നേരിയ സിൽക്ക് നൂലു കൊണ്ട് സസ്യത്തിൽ ബന്ധിച്ചിരിക്കും. പുഴുപ്പൊതിക്ക് ഒരു വിചിത്ര സ്വഭാവമുണ്ട്. പുഴുപ്പൊതിയെ ഒന്നു സ്പർശിച്ചാൽ ഒരു സീൽക്കാര ശബ്ദത്തോടെ അത് പുളയുന്നതും പിടയുന്നതും കാണാം. ശത്രുക്കളെ അകറ്റാനുള്ള സൂത്രമാണിത്. ഒാരോ ജീവിക്കും, അതിന്റെ നിലനിൽപ്പിനായി പ്രകൃതി ഇത്തരത്തിലുള്ള നിരവധി സൂത്രവിദ്യകൾ നൽകിയിട്ടുണ്ട്.
Tags: big butterfly, butterfly, endemic, garuda, Kerala, southern bird wing, western ghat