അഭിമുഖം: മോഹൻദാസ് | മുരളി വാളൂർ
കോടാലി സ്കൂളിനെന്താ കൊമ്പുണ്ടോ?!! തൃശൂർ ജില്ലയിലെ കോടാലി സ്കൂളിനെയും മോഹൻദാസ് മാഷിനെയും കുറിച്ച് വലിയ ധാരണയില്ലാത്തവരാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്. കുറച്ചു നാളുകളായി ഇൗ സർക്കാർ പ്രൈമറി വിദ്യാലയം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. പുരസ്കാരങ്ങൾ ഇനി കാര്യമായി ഒന്നും ബാക്കിയില്ല ലഭിക്കാൻ. ഇൗ സ്കൂളിന്റെ അടുത്ത പ്രദേശങ്ങളിലെയെല്ലാം കുട്ടികൾ ഇൗ വിദ്യാലയത്തിൽ പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു. ഒരു ദിവസം എന്തെങ്കിലും കാരണത്താൽ അവധി പ്രഖ്യാപിക്കുമ്പോൾ മറ്റ് സ്കൂളുകളിലെ കുട്ടികൾ തുള്ളിച്ചാടുകയാവും. പക്ഷേ, കോടാലി സ്കൂളിലെ കുട്ടികൾ ക്ലാസ്സിൽ പോകാൻ പറ്റാത്ത ഒാരോ ദിവസത്തേയും വെറുക്കുന്നു. എന്താണ് ഇൗ മാജിക്? 2007-ൽ ഇവിടെ ചാർജ്ജെടുത്ത പ്രധാനാധ്യാപകൻ മോഹൻദാസ് മാഷാണ് ഇൗ ജാലവിദ്യ കാണിച്ച് കേരളത്തിലെ സകല വിദ്യാലയങ്ങളെയും അത്ഭുതപ്പെടുത്തിയത്. അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ മൂന്നാലു മാസം മുൻപേ ക്ലോസ് ചെയ്തിട്ടും ഉന്നതങ്ങളിൽ നിന്ന് റെക്കമെന്റേഷനുമായി കുട്ടികളെ ചേർക്കാൻ നാട്ടുകാർ മത്സരിക്കുന്നു. കാരണം മറ്റൊന്നുമല്ല, വിദ്യാലയം തന്നെ പാഠപുസ്തകം എന്ന വാചകം ഒാരോ അദ്ധ്യാപകരും, മാതാപിതാക്കളും അക്ഷരംപ്രതി നെഞ്ചിലേറ്റുന്നു. ഏറ്റവും നല്ല പഠനാന്തരീക്ഷം. ക്യാമ്പസിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളും, ചെടികളും, വളർത്തുമൃഗങ്ങളും, പക്ഷികളും, ഒൗഷധ സസ്യങ്ങളും, പച്ചക്കറികളും ഇൗ വിദ്യാലയത്തെ സംസ്ഥാനത്തിലെ ആദ്യത്തെ ജൈവവൈവിദ്ധ്യ ഉദ്യാനമാക്കി മാറ്റി. ഏതൊരു കുട്ടിയേയും കൊതിപ്പിക്കുന്ന ഉഗ്രനൊരു പാർക്ക് വിദ്യാലയത്തിലുണ്ട്. രാവിലെ ഏഴരക്ക് എത്തുന്ന മാതാപിതാക്കളും മറ്റും സ്കൂളിന്റെ ഒാരോ കാര്യത്തിലും ശ്രദ്ധിക്കുന്നു. വൈകിട്ട് അഞ്ച് മണിക്ക് സ്കൂളിലെത്തുന്ന പി.ടി.എ. അംഗങ്ങൾക്ക് രാത്രി ഒമ്പത് കഴിഞ്ഞാലും തിരിച്ചു പോകാൻ മടിയാണ്. കലോത്സവങ്ങളിലെല്ലാം കോടാലി സ്കൂൾ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന പുരസ്കാരം മോഹൻദാസ് മാഷിനായിരുന്നു. ഒാരോ ദിവസവും കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും ഇൗ വിദ്യാലയത്തെ കണ്ട് പഠിക്കാനായി എത്തിച്ചേരുന്നു. കൊഴിഞ്ഞുപോക്കിന്റെ ആധിയിൽ മദ്ധ്യവേനലവധി മുഴുവൻ കുട്ടികളെ ചാക്കിട്ടു പിടിക്കാൻ നെട്ടോട്ടമോടുന്ന അദ്ധ്യാപകരും വിദ്യാലയാധികൃതരും മോഹൻദാസ് മാഷിന്റെ ഇൗ നിസ്തുല നേട്ടത്തിനു മുമ്പിൽ അമ്പരന്നു നിൽക്കുന്നു. പൂട്ടിപ്പോവുമായിരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയത്തെ ഒരു ജാലവിദ്യക്കാരനെപ്പോലെ കേരളത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ജൈവവൈവിദ്ധ്യ ഉദ്യാനമാക്കി മാറ്റിയ മോഹൻദാസ് മാഷുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.
പ്രകൃതിയുടെ ഒരു തനത് പതിപ്പാണ് കോടാലി സ്ക്കൂൾ. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം എങ്ങനെയാണ് കുട്ടികളിലേക്ക് പകരുന്നത്?
പ്രകൃതിയിലേക്ക് മടങ്ങാതെ, പ്രകൃതിയെ അറിയാതെ ഇനിയൊരു തലമുറയ്ക്ക് ഭൂമിയിൽ ജീവിതം സാദ്ധ്യമല്ല. കാരണം നമ്മുടെ പൂർവ്വികരൊക്കെ പ്രകൃതിയെ സ്നേഹിച്ചു. പ്രകൃതി വിഭവങ്ങളൊക്കെ വരും തലമുറയ്ക്കായ് കാത്തു വച്ചു. ഇന്നിപ്പോൾ ആ നല്ല പ്രകൃതിയെ എല്ലാ വിധത്തിലും ചൂഷണം ചെയ്യുകയാണ്. ഇപ്പോൾ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടു വരികയാണ്, ഇനി ശുദ്ധവായുവും ബാഗിലാക്കി കൊണ്ടുവരേണ്ട കാലം വരികയാണ്! അതുകൊണ്ടു തന്നെ നമ്മളത് പ്രവർത്തിയിലൂടെ മക്കളെ ബോദ്ധ്യപ്പെടുത്തണം. മരമില്ലാതെ ജീവിക്കാൻ പറ്റില്ല. എന്താണ് പ്രകൃതി, ആവാസവ്യവസ്ഥ, ജൈവ വൈവിധ്യത്തിന്റെ പ്രത്യേകത അതെല്ലാം ബോദ്ധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനമാണിവിടെ നടക്കുന്നത്. അതുകൊണ്ടു തന്നെയാണ് നമ്മൾ ഇൗ ജൈവവൈവിധ്യത്തിന് ഇത്രയേറെ പ്രാധാന്യം കൊടുത്തതും, അത് ബഹുമാനപ്പെട്ട എം.എൽ.എ. കണ്ടെത്തിയതും കേരളത്തിലെ ആദ്യത്തെ ജൈവവൈവിദ്ധ്യ ഉദ്യാനമായി ഇൗ ക്യാമ്പസിനെ പ്രഖ്യാപിച്ചതും. ഇവിടുത്തെ വൃക്ഷങ്ങളോടും വൃക്ഷസംരക്ഷണത്തോടുമുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സ്നേഹമാണ് ഇത്തവണത്തെ വനമിത്ര അവാർഡ് ഇൗ വിദ്യാലയത്തിലേക്ക് വരാൻ കാരണം. ‘മരം ഒരു വരമാണ്, അത് പത്തു പുത്രന്മാർക്ക് തുല്യമാണ്’ എന്ന സന്ദേശം ഒാരോ കുട്ടിക്കും അറിയാം.
പരിസ്ഥിതി വിഷയങ്ങളിൽ നിന്ന് പുതിയ തലമുറ അകന്നു പോകുന്നുവെന്ന് തോന്നിയിട്ടുണ്ടോ?
പുതിയ തലമുറയ്ക്ക് മണ്ണ്, പരിസ്ഥിതി എന്നതൊക്കെ അന്യമായ പദങ്ങളാണ്. കാരണം അവർ ഒരു സ്വപ്നലോകത്തിലാണ് ജീവിക്കുന്നത്. കുറുന്തോട്ടിയും തൊട്ടാവാടിയും പോലും അറിയില്ലാത്ത ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. നമ്മളൊക്കെ പഠിച്ചിരുന്ന കാലത്ത് മൂന്ന് അല്ലെങ്കിൽ നാലുകിലോമീറ്റർ നടന്ന് ആ പറമ്പിലും ഇൗ പറമ്പിലും കയറി, അവിടുത്തെ മാങ്ങയും ഇരുമ്പൻപുളിയും സകലതും പറിച്ച്, പൂക്കളോടും പൂമ്പാറ്റകളോടും സല്ലപിച്ചൊക്കെയാണ് സ്കൂളിൽ പോയിരുന്നത്. ഇന്നിപ്പോൾ അങ്ങനെയൊന്നുമില്ല. അന്ന് നമ്മൾ നാടറിഞ്ഞിരുന്നു. ഇന്ന് നാടറിയാൻ പറ്റുന്നില്ല, മണ്ണിനെ അറിയാൻ പറ്റുന്നില്ല. അതുകൊണ്ട് പ്രകൃതി വെറുതെ ഒരു പദം. അതിന്റെ ആഴത്തിലേക്കുള്ള അർത്ഥം അറിയാനായിട്ടുള്ള അവസരം ഇന്നത്തെ കുട്ടികൾക്ക്, ഇന്നത്തെ തലമുറയ്ക്ക് ഉണ്ടാകുന്നില്ല. അവരൊക്കെ ഇന്റർനെറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. എല്ലാവരും ചാറ്റ് ചെയ്യുകയാണ്. അതായത് ഒരു നിമിഷം കിട്ടിയാൽ അവർ നെറ്റിന്റെ ലോകത്തേക്ക് പോകും. അച്ഛനുമമ്മയും ഇരുന്നാലും സാരമില്ല. അവരുടെയൊക്കെ മുൻപിൽ വച്ചു തന്നെ അവർ വേറൊരു ലോകത്തേക്ക് പോവുകയാണ്. അതൊക്കെ മാറണം, മണ്ണിനെയും മരങ്ങളെയും അറിയണം. അങ്ങിനെയൊരു തലമുറ വളർന്നാലേ ഭൂമിക്കും നമുക്കു തന്നെയും നിലനിൽപ്പുള്ളൂ.
കൃഷിരീതികൾ എങ്ങനെയാണ് കുട്ടികളെ പരിചയപ്പെടുത്തുന്നത്?
കൃഷി ഒരു സംസ്കാരമായിട്ടാണ് ആദ്യം നാം എടുത്തിരുന്നത്. ഞങ്ങൾക്കാദ്യം കൃഷിചെയ്യാനുള്ള ഉദ്ദേശ്യമായിരുന്നില്ല. കാടു പിടിച്ചു കിടക്കുന്ന സ്കൂൾ പരിസരമൊന്ന് വൃത്തിയാക്കി പാമ്പിനെയൊക്കെയൊന്ന് ഒാടിച്ചുകളയാം എന്നോർത്ത് കാടും പടലുമൊക്കെ വെട്ടിത്തെളിച്ചപ്പോൾ നല്ല നല്ല ചെറിയ പ്ലോട്ടുകൾ കിട്ടി. ഇതൊരു കർഷക ഗ്രാമമാണ്. പല പ്രായത്തിലുള്ള കർഷകർ ഇവിടെ വരികയും അവർ തന്നെ നടീൽ വസ്തുക്കൾ കൊണ്ടു വരികയും കുട്ടികളെക്കൊണ്ട് ഇതെല്ലാം നട്ട് പരിപാലിച്ച് വിളവെടുക്കുകയും ചെയ്യുന്നു. അങ്ങിനെ വന്നപ്പോൾ പരിസര പഠനവുമായി ബന്ധപ്പെടുത്തി കൃഷി ഒരു പഠനമാവുന്നു. നമ്മുടെ ക്യാമ്പസിൽ തന്നെ അതിനവസരമൊരുക്കി. കൃഷി ഒരു നല്ല സംസ്കാരമാണെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തി സിലബസിനെക്കൂടി അതിലേക്കു കൊണ്ട് പോയി.
ഒരു സർക്കാർ പള്ളിക്കൂടം എന്നു പറഞ്ഞാൽ കുറെ ഒടിഞ്ഞ ബഞ്ചും ഡസ്കും പൊളിഞ്ഞടർന്ന ചുമരും, ഇങ്ങനെയുള്ള ഒരു വിഷ്വലാണ് മനസ്സിൽ ആദ്യം വരിക. അത് അങ്ങനെതന്നെ കിടന്നാലും പ്രത്യേകിച്ച്ആരെങ്കിലും ചോദിക്കാനോ അന്വേഷിക്കാനോ ഇപ്പോഴത്തെ അവസ്ഥയിൽ സാദ്ധ്യത കുറവാണ്. എന്നിട്ടും ഇങ്ങനെയൊരു മാറ്റം വേണമെന്ന് തോന്നാൻ കാരണമെന്താണ്?
പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത് തകർച്ചതന്നെയാണ്, തളർച്ച തന്നെയാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴുള്ള ഏകദേശം 12,000 വിദ്യാലയങ്ങളിൽ 4,617 എണ്ണം അനാദായകരമായ സ്കൂളുകളുടെ പട്ടികയിലാണ്. അതിൽത്തന്നെ പലതും അമ്പതും ഇരുപതും ഒക്കെ കുട്ടികൾ ഉള്ള സ്കൂളുകളാണ്. നല്ലൊരു ഭൂതകാലമായിരുന്നു കോടാലി സ്കൂളിന്റേതും. 1,000-ൽ തുടങ്ങി 750-ൽ വന്ന് വന്ന് ഞാൻ വരുമ്പോൾ 264 ആണ് പ്രീപ്രൈമറി അടക്കം സ്ട്രെങ്ങ്ത്ത്. ആ അവസ്ഥയിൽ, ഞാൻ റിട്ടയർ ചെയ്യുന്ന 2013-ൽ 50-ൽ താഴെ കുട്ടികളുണ്ടാവാനേ സാദ്ധ്യത ഉണ്ടായിരുന്നുള്ളൂ. എന്താണ് അങ്ങനെ സംഭവിക്കാൻ കാരണം? അതു തന്നെയാണ് ഞാനിവിടെ വന്നിട്ട് ആദ്യമായി സ്റ്റാഫിന്റെ മുൻപിൽ അവതരിപ്പിച്ചത്. നമുക്കിതൊരു പ്രൊജക്റ്റായി ഏറ്റെടുത്ത് വിദ്യാലയത്തെ എല്ലാ തരത്തിലും ശക്തിപ്പെടുത്തി ജനങ്ങളുടെ, അതായത് സമൂഹത്തിന്റെ വിശ്വാസം നേടിയെടുത്താൽ പിന്നെ നമ്മൾ വിജയ പാതയിലാവും. അതിനായി ആദ്യം തന്നെ ഭൗതിക വികസനങ്ങൾ ചെയ്തു, പിന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസ രീതി, കുട്ടികളിലൂടെ വിദ്യാഭ്യാസത്തിന്റെ മികവ് സമൂഹത്തിലേക്ക് പകരുക. അങ്ങനെ വിദ്യാർത്ഥികളിലൂടെ, രക്ഷിതാക്കളിലൂടെ നാട്ടിൽ വിദ്യാലയത്തിന്റെ മികവ് അറിയിക്കുകയും അതിലൂടെ ഇൗ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന സാദ്ധ്യമാവുകയും ചെയ്ത് ഇപ്പോൾ ഇവിടെ 519 കുട്ടികൾ ഉണ്ട്.
ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ തൃശ്ശൂർ രൂപതയിലെ ഒരുപാട് കോൺവെന്റുകളിലെയും സ്കൂളുകളിലെയും ഹെഡ്മിസ്ട്രസ്സുമാർ ഇവിടെ സന്ദർശിക്കുന്നുണ്ടായിരുന്നു. വളരെയധികം പണക്കൊഴുപ്പുള്ള സ്വകാര്യ സ്കൂളുകളിലെവരെ പ്രധാനാധ്യാപകർ വന്ന് ഇൗ സ്കൂൾ പഠന വിധേയമാക്കുമ്പോൾ, എന്താണ് മാഷ്ക്ക് തോന്നുന്നത്?
നമ്മുടെ കർമ്മം സാർത്ഥകമായി എന്നൊരു ചൊല്ലുണ്ടല്ലോ. ആറ് വർഷം മുൻപ് ഒരു സാധാരണ വിദ്യാലയമായിരുന്നു ഇത്. പൊട്ടിപ്പൊളിഞ്ഞ ചുമരും മേശയും ബഞ്ചുകളും, കാടു പിടിച്ചു കിടക്കുന്ന ചുറ്റുപാടും. എന്നാൽ ഇന്ന് ഇതിന്റെ മുക്കും മൂലയും എവിടെയും എന്തെങ്കിലുമൊക്കെ കാണാനുണ്ട്. എവിടെ നോക്കിയാലും പഠിക്കാനുള്ളത്, കാണാനുള്ളത്, അനുഭവിക്കാനുള്ളത്. വിദ്യാലയം തന്നെ മികച്ച പാഠപുസ്തകം എന്ന ദർശനത്തിലാണ് ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ആദ്യംതന്നെ വിദ്യാലയത്തെ ഒരു സുന്ദര വിദ്യാലയമാക്കി. അമ്പതിലധികം മരങ്ങൾ വച്ചു. രണ്ട് വർഷം കൊണ്ട് അതെല്ലാം തണൽ വിരിച്ചു. നിറയെ ചെടികൾ നട്ടുപിടിപ്പിച്ചു. അങ്ങനെ ഹരിത വിദ്യാലയമാക്കി. കർഷകരുടെ കൂട്ടായ്മ കൊണ്ട് വിവിധതരം കൃഷിത്തട്ടുകളുണ്ടാക്കി. അങ്ങനെ ഒരു കാർഷിക വിദ്യാലയമാക്കി. പിന്നെ ഒരു നല്ല പൂന്തോട്ടമുണ്ടാക്കി. ഒാരോ വിദ്യാർത്ഥിയും അവരുടെ പിറന്നാളിന് ഒരു ചട്ടിയാണ് സ്കൂളിന് സംഭാവന നൽകുക. ഇപ്പോൾ 519 ചട്ടികളുണ്ട്. പിന്നെ ഒൗഷധിയുടെ നല്ലൊരു ഒൗഷധത്തോട്ടം. സാധാരണ കോൺവെന്റ് സ്കൂളുകളിൽ മാത്രം കാണാൻ വിധിക്കപ്പെട്ട പലതും അതിന്റെ പതിന്മടങ്ങ് ശോഭയിൽ അല്ലെങ്കിൽ ശക്തിയിൽ കോടാലി സ്കൂളിന്റെ കാമ്പസിൽ വളരുന്നു, പടരുന്നു. സുന്ദര, ഹരിത, കർഷക, മികച്ച വിദ്യാലയത്തിൽ നിന്ന് ഇപ്പോളിതൊരു സന്ദർശക വിദ്യാലയമായിരിക്കുന്നു. ഒാരോ ദിവസവും നാല്പതും അൻപതും പേരടങ്ങുന്ന സംഘങ്ങൾ സ്കൂൾ സന്ദർശിക്കാനെത്തുന്നു.
കുട്ടികൾക്ക് എങ്ങനെയാണ് ഇൗ അന്തരീക്ഷം അനുഭവപ്പെടുന്നത്?
ഇവിടുത്തെ കുട്ടികൾക്ക് മറ്റ് വിദ്യാലയങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ആസുരഭാവം കുറവാണ്. ഉൾക്കൊള്ളേണ്ടതായ മൂല്യം മുഴുവൻ ഉൾക്കൊണ്ടുകൊണ്ടാണ് അവർ വളരുന്നത്. പരുന്തും കോഴിയും ബദ്ധവൈരികളാണ്, പക്ഷേ, ഇവിടെ അവ ഒരുമിച്ചു കഴിയുന്നു. അവർ കലഹിക്കുന്നില്ല. അങ്ങനെ വിവിധങ്ങളായ ജീവജാലങ്ങളുടെ പരസ്പര സ്നേഹം കണ്ടാണ് കുട്ടികൾ വളരുന്നത്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിപോലും ക്ലാസ് അടിച്ച് തുടച്ച് വൃത്തിയാക്കും. ആദ്യമൊക്കെ വെല്ലുവിളി തന്നെയായിരുന്നു. ഞങ്ങളുടെ മക്കളെ പണിയെടുപ്പിക്കാനല്ല, പുല്ലുപറിപ്പിക്കാനല്ല സ്കൂളിൽ വിടുന്നത് എന്ന് രക്ഷിതാക്കൾ പരാതി പറയുമായിരുന്നു. പക്ഷേ കോടാലി സ്കൂളിലെ കുട്ടിയാണെങ്കിൽ മണ്ണിൽ തൊടും, മണ്ണിൽ നടക്കും, കാലിൽ മുള്ളുകൊള്ളും, കയ്യിൽ ചേറ് പറ്റും, അങ്ങനെയാണെങ്കിലേ അവന്റെ മനസ്സിൽ വെളിച്ചം ഉണ്ടാവൂ. അല്ലാതെ അറിവ് കുത്തി നിറക്കുന്ന ഒരു സഞ്ചിയല്ല കുട്ടി.