കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിരന്തരം വനയാത്രകൾ നടത്തി വരുന്ന എനിക്ക് കടുവയെ അതിന്റെ തനത് ആവാസവ്യവസ്ഥയിൽ കണ്ടെത്താനായത് 2004-ൽ മാത്രമാണ്. അതായത് നീണ്ട പതിനെട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം. അതാണെങ്കിൽ വളരെ രസകരമായ ഒരു കൂടിക്കാഴ്ച തന്നെയായിരുന്നു.
2004 മാർച്ചിൽ വനം വകുപ്പ് ആവശ്യപ്പെട്ട പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് നടത്തുകയായിരുന്നു. കടുവകളെ തേടി വയനാട്, തോൽപെട്ടി ഭാഗത്ത് ഞങ്ങൾ വിവിധ ടീമുകളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. അന്നത്തെ കടുവ സെൻസസ് രീതി കടുവകളുടെ കാൽചുവടുകൾ (കാലടികൾ) പരിശോധിച്ചുകൊണ്ടുളള കണക്കെടുപ്പുരീതിയാണ്. വെളുപ്പിനു തുടങ്ങിയ തിരച്ചിലിനൊടുവിൽ പത്തുമണിയോടടുത്ത് ഞങ്ങൾ ഒരു കാട്ടരുവിയുടെ സമീപത്തുളള ചതുപ്പിൽ കടുവയുടെ കാൽചുവടുകൾ കണ്ടെത്തി. പ്രസ്തുത കാൽചുവടുകളുടെ ചില അളവുകൾ രേഖപ്പെടുത്തുകയും, കാൽ ചുവടിന്റെ ഒരു പതിപ്പ് പ്ളാസ്റ്റർ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കുകയും ചെയ്തു. ഇതിനെല്ലാമായി പത്തിരുപതു മിനിറ്റ് ആ മുളങ്കാട്ടിൽ ഞങ്ങൾ ചെലവഴിച്ചിട്ടുണ്ടാകും. മടങ്ങുവാൻ തുടങ്ങുന്ന നിമിഷത്തിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ അടക്കിയ സ്വരത്തിൽ പറഞ്ഞു ‘സർ, കടുവ…’ പെട്ടെന്ന് കടുവയെന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി എങ്കിലും ധൈര്യം സംഭരിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് നോക്കി. വളരെ മനോഹരമായിരുന്നു ആ കാഴ്ച. പ്രൗഡഗാംഭീര്യത്തോടെ ആകാരഭംഗിയും, സൗകുമാര്യതയും ഒത്തിണങ്ങിയ ഒരു ആൺകടുവ.
ഞങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്നും വെറും 20 മീറ്റർ മാത്രം ദൂരമുളള ആ മുളങ്കൂട്ടത്തിനടിയിൽ സുഖനിദ്രയിലായിരുന്നിരിക്കണം അവൻ ഇതുവരെയും. ഞങ്ങളുടെയും കടുവയുടെയും ഇടയിൽ ഒരു ചെറിയ കാട്ടരുവി മാത്രമാണ് പേരിനെങ്കിലുമുളള ഏക ‘മറ’. ഞങ്ങളുടെ ശബ്ദം അവന്റെ സുഖനിദ്രയ്ക്ക് ഭംഗം വരുത്തിയതുകൊണ്ടാകാം അവൻ എഴുന്നേറ്റ് ശരീരം നല്ലപോലെ മൂരിനിവർന്ന് ‘ശല്യങ്ങൾ’ എന്ന ഭാവേന ഞങ്ങളെ ഒന്നു നോക്കിയിട്ട് എതിർവശത്തേക്ക് മെല്ലെ നടന്നകന്നു. തികഞ്ഞ ഗാംഭീര്യത്തോടെയും, വശ്യതയോടെയുമുളള നടത്തം. കാട്ടിലെ വന്യമൃഗങ്ങളെ ക്രൂരമൃഗങ്ങളെന്നും, ദുഷ്ടമൃഗങ്ങളെന്നുമൊക്കെ ആണല്ലോ നാം മുദ്രകുത്തിയിരിക്കുന്നത്. എന്നാൽ യാഥാർത്ഥത്തിൽ വന്യമൃഗങ്ങളെല്ലാം തന്നെ തികഞ്ഞ മാന്യത പുലർത്തുന്നവയും, അങ്ങോട്ടൊരു പ്രകോപനവുമില്ലാതെ യാതൊരു കാരണവശാലും തിരികെ ഉപദ്രവിക്കാത്തതുമായ ജീവികളാണ്.
നമ്മുടെ ദേശീയ മൃഗമാണ് കടുവ. ഇന്ത്യയിലുൾപ്പെടെ 13 രാജ്യങ്ങളിൽ കടുവയെ കാണാം. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമാർ, തായ്ലാന്റ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ചൈന, റഷ്യ എന്നിവയാണ് കടുവ കാണപ്പെടുന്ന രാജ്യങ്ങൾ. ലോകത്തിലുളള മൊത്തം കടുവയുടെ 60 ശതമാനത്തോളം കാണപ്പെടുന്നത് ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്. ലോകത്താകമാനം 3000 കടുവകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നതും കടുവകളുടെ ചരിത്രപരമായ ആവാസവ്യവസ്ഥയുടെ (historical range) 90 ശതമാനവും ഇന്ന് നിലവിലില്ല എന്ന ഭീതിജനകമായ സത്യവും നാം മനസ്സിലാക്കേണ്ടതാണ്.
ഇന്ത്യയിലെ ഏറ്റവും പ്രൗഢഗംഭീരനായ മൃഗമാണ് കടുവ. ഓറഞ്ച് രോമക്കുപ്പായവും അതിൽ വീതിയുളള കറുത്ത വരകളും ഇവയ്ക്ക് രാജകീയ ഭംഗി നൽകുന്നു. കറുത്ത ചെവികൾക്ക് പിന്നിൽ ചെറിയ വെളുത്ത പൊട്ടുണ്ട്. Felidae കുടുംബത്തിലെ അംഗമാണ് കടുവ. Panthera tigris എന്നാണ് ശാസ്ത്രീയനാമം. ഏറ്റവും പുതിയ പഠനമനുസരിച്ച് 6 വിവിധതരം ഉപജാതികളാണ് കടുവയ്ക്കുളളത്. P. t. altaica, P. t. amoyensis, P. t. corbetti, P. t. jacksoni, P. t. tigris, P. t. sumtarae എന്നിവയാണവ. ഇതിൽ ഇന്ത്യയിൽ കാണപ്പെടുന്നത് Panthera tigris tigris എന്ന ഉപജാതിയാണ്.
മാർജ്ജാര കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. ഒരു ആൺകടുവയ്ക്ക് 175-260 കി.ഗ്രാം തൂക്കവും, പെൺകടുവയ്ക്ക് 100-175 കി.ഗ്രാം തൂക്കവും കാണും. ആൺകടുവയുടെ നീളം 270-310 സെ.മീ. വരുമ്പോൾ പെൺകടുവയ്ക്ക് 240-265 സെ.മീ. നീളം കാണും. 85-110 സെ.മീ. നീളമുളള വാൽ ഉൾപ്പെടെയാണിത്. കടുവകൾക്ക് സാധാരണയായി 10-12 വയസ്സുവരെ മാത്രമാണ് ആയുസ്.
കടുവകളുടെ ജീവിതരീതി
കടുവ ഒറ്റയ്ക്ക് ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. അവയ്ക്ക് അധീനപ്രദേശപരിധി (Territory) യുണ്ട്. ആൺ കടുവയുടെ അധീനപ്രദേശം പെൺകടുവകളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും. ഇണ ചേരുന്ന സമയത്ത് മാത്രമാണ് ആൺ-പെൺ കടുവകളെ ഒരുമിച്ച് കാണുകയുളളൂ. ഏകദേശം രണ്ടോ മൂന്നോ വയസ്സാകുമ്പോൾ കടുവയ്ക്ക് പ്രായപൂർത്തിയാകുന്നു. ഇണചേർന്ന് ഏകദേശം 103-110 വരെ ദിവസത്തെ ഗർഭകാലത്തിന് ശേഷം പെൺകടുവ മൂന്നോ നാലോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. കുഞ്ഞുങ്ങൾ രണ്ടു മൂന്നു മാസം വരെ മുലപ്പാൽ മാത്രമാണ് ഭക്ഷിക്കുന്നത്. അതിനുശേഷം കുഞ്ഞുങ്ങൾ അമ്മയോടൊപ്പം ഇര തേടാൻ പോയിത്തുടങ്ങും. ഒന്നര വയസ്സ് പ്രായമുളള കടുവക്കുഞ്ഞുങ്ങളെ ഒറ്റനോട്ടത്തിൽ മുതിർന്നവയിൽ നിന്നും തിരിച്ചറിയുക വിഷമമാണ്. ഇത്തരത്തിലുളള അമ്മയേയും കുഞ്ഞുങ്ങളെയും നമ്മുടെ കാടുകളിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടുവകൾ അച്ഛനും, അമ്മയും, മക്കളും, ബന്ധുക്കളുമടങ്ങിയ കൂട്ടങ്ങളായാണ് ജീവിക്കുന്നതെന്ന് ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം പ്രചരണങ്ങൾ അൽപ്പജ്ഞാനം കൊണ്ടുമാത്രമാണ് ഉണ്ടാകുന്നത്. കടുവ പ്രധാനമായും ഭക്ഷിക്കുന്നത് മാനുകൾ, കാട്ടുപോത്ത്, കാട്ടുപന്നി എന്നീ മൃഗങ്ങളെയാണ്. എന്നാൽ മത്സ്യം മുതൽ മുയൽ, മുള്ളൻപന്നി, കുരങ്ങ് തുടങ്ങി പുളളിപ്പുലിയെയും, ആനയെയും വരെ കടുവ ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കടുവ ആഴ്ചയിൽ ഒരു മാനിന്റെ വലുപ്പമുളള ഇരയെങ്കിലും ഭക്ഷിക്കാറുണ്ട്. അതായത് ഒരു കടുവയ്ക്ക് ഒരു വർഷം ജീവിക്കുവാൻ 45-50 മാനിന്റെ വലുപ്പമുളള ഇരകളെങ്കിലും കാട്ടിൽ ഉണ്ടാകണം. ഒരു പ്രദേശത്തെ കടുവകളുടെ എണ്ണം അവിടെ കാണുന്ന ഇരയുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇരയുടെ സാന്ദ്രത കൂടുതലുളള (60-80 ഇരകൾ ഒരു KM2 ൽ) സ്ഥലങ്ങളിൽ 8 മുതൽ 17വരെ കടുവകൾ 100 KM2 സ്ഥലത്ത് കാണാവുന്നതാണ്.
കടുവ സംരക്ഷണം
അത്യധികം വംശനാശഭീഷണി നേരിടുന്ന ഒരു വന്യജീവിയാണ് കടുവ. ആവാസവ്യവസ്ഥയുടെ ശോഷണം, അവശേഷിക്കുന്ന ആവാസവ്യവസ്ഥകൾ നേരിടുന്ന പ്രശ്നങ്ങൾ (കാട്ടുതീ, കന്നുകാലിമേയ്ക്കൽ, ആവാസവ്യവസ്ഥയിലെ അശാസ്ത്രീയ വനവിഭവശേഖരണം, ജനവാസം തുടങ്ങിയവ) കൂടാതെ കടുവകൾ നേരിടുന്ന പ്രധാന പ്രശ്നം വേട്ടയാണ്. കടുവവേട്ട പലതരത്തിൽ നടക്കുന്നുണ്ട്. കടുവ ഭക്ഷണമാക്കുന്ന ഇരയിൽ വിഷം വയ്ക്കുക, അല്ലെങ്കിൽ നാടൻ ബോംബു വയ്ക്കുക, അതിശക്തമായ വൈദ്യുതി കടത്തി ഷോക്കടിപ്പിച്ച് കൊല്ലുക തുടങ്ങിയ രീതികളാണ് കടുവയെ കൊല്ലുവാനായി പ്രധാനമായും വേട്ടക്കാർ അവലംബിക്കുന്ന മാർഗ്ഗങ്ങൾ. അന്താരാഷ്ട്ര തലത്തിലുളള കടുവകളുടെ വിവിധ അവയവങ്ങളുടെ നിയമാനുസൃതമല്ലാത്ത വാണിജ്യമാണ് ഇത്തരം വേട്ടക്ക് ഒരു പ്രധാന കാരണമാകുന്നത്. ചൈന, തായ് വാൻ, ജപ്പാൻ, തിബറ്റ്, സിംഗപ്പൂർ, കൊറിയ എന്നീ രാഷ്ട്രങ്ങളിലെ പരമ്പരാഗതമായ ചികിത്സാവിധികൾക്ക് കടുവയുടെ വിവിധ ഭാഗങ്ങൾ കാലാകാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. കടുവയുടെ തോൽ, നഖം, പല്ല്, രക്തം, ആന്തരികാവയവങ്ങൾ എന്നിവ ഇത്തരത്തിൽ ഉപയോഗിച്ചുവരുന്നു. ചൈനയിൽ മാത്രം കോടിക്കണക്കിന് ജനങ്ങൾ ഇത് ഒരു യുക്തിയുക്തമായ ഒരു ആരോഗ്യസംരക്ഷണ ഉപാധിയായി കണക്കാക്കി വരുന്നതും (യാതൊരു യുക്തിയുമില്ല എന്നതാണ് യാഥാർത്ഥ്യം) കടുവകൾ നേരിടുന്ന വൻഭീഷണിയാണ്.
കടുവകളുടെ അവശേഷിക്കുന്ന ആവാസവ്യവസ്ഥയുടെ കർശനമായ സംരക്ഷണം, വന-വന്യജീവി നിയമങ്ങളുടെയും, അന്താരാഷ്ട്രതലത്തിൽ വന്യജീവിവ്യവഹാരംതടയുന്ന ഉടമ്പടിയായ CITES(Convention on International Trade in Endangered Species of Wild Fauna and Flora) ന്റെ ശക്തമായ നടത്തിപ്പിൽ കൂടിയും മാത്രമെ അവശേഷിക്കുന്ന കടുവകളെ സംരക്ഷിക്കുവാൻ സാധിക്കൂ.