• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ലേഖനം
June 2017

Home » ലേഖനം » വിദ്യാലയത്തിലൊരു ശലഭോദ്യാനം

വിദ്യാലയത്തിലൊരു ശലഭോദ്യാനം

ബൈജു പാലുവള്ളി

പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്‍പ്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള ഉപാധികളിലൊന്നാണ് ശലഭോദ്യാനം. ശലഭങ്ങളെ അറിയുക സംരക്ഷിക്കുക അതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ പഠന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാലയങ്ങളില്‍ ശലഭോദ്യാനം ഒരുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പ്രകൃതിസ്നേഹിയായ ഒരൊറ്റ അദ്ധ്യാപകന്‍റെ മാര്‍ഗനിര്‍ദ്ദേശത്തിലൂടെ ശലഭോദ്യാന പ്രവര്‍ത്തനങ്ങള്‍ ഗംഭീരമാക്കാവുന്നതാണ്. ശലഭോദ്യാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികള്‍ അവരറിയാതെ തന്നെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക കൂടി ചെയ്യുകയാണ്. ശലഭ ലാര്‍വകളുടെ ആഹാരസസ്യങ്ങള്‍ സ്കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ സ്കൂള്‍ പരിസരം ഹരിതാഭവും സ്കൂള്‍ അന്തരീക്ഷം സംശുദ്ധവുമായിത്തീരുന്നു.

Butterfly-Garden-in-School-Kerala-by-Baiju-Paluvally
Photo : Baiju Paluvally

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

ശലഭോദ്യാനം നിര്‍മ്മിക്കുന്നതിന് ആദ്യമായി സ്കൂളിലും പരിസരത്തും കണ്ടുവരുന്ന ചിത്രശലഭങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണം. ഇതിനായി ഒരു പ്രാദേശിക ശലഭനിരീക്ഷകന്‍റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ സുരേഷ് ഇളമണ്‍ എഴുതിയ ‘കേരളത്തിലെ ചിത്രശലഭങ്ങള്‍’, മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, വി.സി. ബാലകൃഷ്ണന്‍, ബാബു കമ്പ്രാത്ത് എന്നിവര്‍ എഴുതിയ കേരളത്തിലെ ചിത്രശലഭങ്ങള്‍, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ‘കേരളത്തിലെ സാധാരണ ചിത്രശലഭങ്ങള്‍’ എന്നീ പുസ്തകങ്ങളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്താവുന്നതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ (TNHS) സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. കൂട് മാസികയും കേരളത്തിലെ ചിത്രശലഭങ്ങളുടെ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശലഭങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ അവയുടെ ലാര്‍വ ആഹാരസസ്യങ്ങളും ശലഭങ്ങള്‍ക്ക് തേന്‍ നുകരുന്നതിനുള്ള പൂച്ചെടികളും സ്കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിക്കാം. നല്ല മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം.

ക്ലബ്ബ് രൂപീകരണം

Photo : Baiju Paluvally

ശലഭോദ്യാന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നതിന് സ്കൂളില്‍ ഒരു അദ്ധ്യാപകന്‍റെ നേതൃത്വത്തില്‍ ഒരു  ശലഭ ക്ലബ്ബ്  രൂപീകരിക്കാവുന്നതാണ്.  ഈ ക്ലബ്ബില്‍ 40 അംഗങ്ങള്‍ വരെയാകാം. സ്കൂളിലെ സാഹചര്യം അനുസരിച്ച് അംഗങ്ങളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താവുന്നതാണ്. ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അംഗങ്ങളില്‍ നിന്ന് ഒരു സെക്രട്ടറിയേയും ഒരു ജോയിന്‍റ് സെക്രട്ടറിയേയും തെരഞ്ഞെടുക്കാം. ശലഭ ക്ലബ്ബിലെ അംഗങ്ങളെ നാലോ അഞ്ചോ ഗ്രൂപ്പുകളായി തിരിക്കാം. ഓരോ ഗ്രൂപ്പിനും ഓരോ പേര് നല്‍കാം. ശലഭങ്ങളുടെ പേരുകള്‍ നല്‍കുന്നതായിരിക്കും ഉത്തമം (ഉദാ. കനിത്തോഴന്‍, വെള്ളിലത്തോഴി, വനറാണി, വിലാസിനി, വനദേവത). ഓരോ ഗ്രൂപ്പിനും ഓരോ ലീഡറേയും തെരഞ്ഞെടുക്കാം.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വളപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഓരോ ഗ്രൂപ്പ് ലീഡറുടെയും നേതൃത്വത്തില്‍ ശലഭലാര്‍വകളുടെ ആഹാരസസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കേണ്ടതാണ്. ഓരോ ഗ്രൂപ്പും ഏതൊക്കെ സ്ഥലങ്ങളില്‍ ഏതൊക്കെ ചെടികളാണ് നടേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ശലഭ ക്ലബ്ബിന്‍റെ ചുമതലയുള്ള അദ്ധ്യാപകന്‍റെ നേതൃത്വത്തില്‍ ശലഭ ക്ലബ്ബിലെ അംഗങ്ങളെല്ലാം ഒരുമിച്ച് കൂടേണ്ടതാണ്. ഉച്ചയ്ക്ക് ലഭിക്കുന്ന ഒഴിവുസമയത്തോ, രാവിലെ ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പോ, ക്ലാസ്സ് അവസാനിച്ചതിനുശേഷമോ കുറഞ്ഞത് അരമണിക്കൂര്‍ സമയമെങ്കിലും ഇതിനുവേണ്ടി ചെലവഴിക്കണം. ഓരോ ദിവസവും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ഉദാഹരണമായി തിങ്കള്‍-ശലഭ നിരീക്ഷണ കുറിപ്പ് അവതരണം, ബുധന്‍-ശലഭ നിരീക്ഷകന്‍റെ ക്ലാസ്സ്, അല്ലെങ്കില്‍ സ്ലൈഡ് ഷോ, വെള്ളി-ശലഭ ക്വിസ്സ് അല്ലെങ്കില്‍ ശലഭനിരീക്ഷണം എന്നിങ്ങനെ. ശലഭനിരീക്ഷണകുറിപ്പ് തയ്യാറാക്കുന്നതിനും ശലഭക്ലാസ്സില്‍ പറയുന്ന കാര്യങ്ങള്‍ കുറിക്കുന്നതിനും എല്ലാ അംഗങ്ങളുടെ കൈയിലും ഒരു നോട്ട് ബുക്ക് ഉണ്ടായിരിക്കണം.

ശലഭനിരീക്ഷണം എങ്ങനെ

ശലഭ ക്ലബ്ബിലെ അംഗങ്ങള്‍ക്ക് സ്കൂള്‍ വളപ്പിലേയും അതിന് പുറത്തുമുള്ള ശലഭമുട്ട, ശലഭപ്പുഴു (ലാര്‍വ) പ്യൂപ്പ, ശലഭങ്ങള്‍ എന്നിവയെ നിരീക്ഷിച്ച് വിവരങ്ങള്‍ നോട്ടുബുക്കില്‍ എഴുതാവുന്നതാണ്. മുട്ട, ലാര്‍വ, പ്യൂപ്പ എന്നിവ കണ്ടാല്‍ അത് ഇരിക്കുന്ന ചെടി, കണ്ട സ്ഥലം, സമയം, കാലാവസ്ഥ തുടങ്ങിയവ രേഖപ്പെടുത്താം. കൂടാതെ അവയുടെ ആകൃതി, നിറം, വലുപ്പം എന്നിവ കൂടി രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും. ഇവയെ നിരീക്ഷിച്ച് ഇവയിലുണ്ടാകുന്ന മാറ്റങ്ങള്‍ കുറിച്ചിടുകയും വേണം. ശലഭങ്ങളെയാണ് കാണുന്നതെങ്കില്‍ അതിന്‍റെ നിറം, വലുപ്പം, ചിറകിലും ശരീരത്തുമുള്ള പുള്ളികള്‍, പറക്കുന്ന രീതി എന്നിവ മനസ്സിലാക്കി കുറിച്ചിടണം. ശലഭത്തെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അതിന്‍റെ പേരു മാത്രം എഴുതിയാല്‍ മതിയാകും.

ശലഭ മുട്ട

പെണ്‍ശലഭങ്ങള്‍ മുട്ടയിടുന്നത് ലാര്‍വയുടെ ആഹാര സസ്യത്തിലോ, അതിന് സമീപമുള്ള മറ്റേതെങ്കിലും ചെടിയിലോ ആയിരിക്കും. മുട്ടകളുടെ ആകൃതിയും നിറവും വലിപ്പവും വ്യത്യസ്തമായിരിക്കും. ചിലത് കടുകുമണിയുടെ ആകൃതിയിലാണെങ്കില്‍ ചിലത് നെല്‍മണിയുടെ ആകൃതിയിലായിരിക്കും. ചിലത് പരന്ന് കമ്മലിന്‍റെ ആകൃതിയിലായിരിക്കും. ചില ശലഭമുട്ടകളുടെ പുറത്ത് ചെറിയ മുള്ളുകള്‍ പോലെയോ രോമങ്ങള്‍ പോലെയോ ഉള്ള ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ശലഭമുട്ടകളുടെ നിറത്തിലും വ്യത്യാസം കണ്ടുവരുന്നു. ഓറഞ്ച്, ഇളം മഞ്ഞ, ഇളം പച്ച, വെള്ള, തവിട്ടുനിറം എന്നീ നിറങ്ങളില്‍ ശലഭമുട്ടകള്‍ കണ്ടുവരുന്നു. ലാര്‍വയുടെയും, പ്യൂപ്പയുടെയും കാര്യത്തിലും നിറം, ആകൃതി, വലിപ്പം എന്നിവയില്‍ വ്യത്യാസം കണ്ടുവരുന്നു. ഇലകളുടെ അടിഭാഗത്തും മുകള്‍ ഭാഗത്തും ഇളം തണ്ടുകളിലും ഉണങ്ങിയ തണ്ടുകളില്‍പോലും ശലഭങ്ങള്‍ മുട്ടയിടുന്നത് നിരീക്ഷിച്ചിട്ടുണ്ട്. ചിലയിനം ശലഭങ്ങള്‍ ഒരു ഇലയില്‍തന്നെ അടുത്തടുത്തായി അനേകം മുട്ടകള്‍ ഇടുന്നു. ചിലവ പല ഇലകളിലായി ഓരോ മുട്ടകള്‍ വീതം നിക്ഷേപിക്കുന്നു. ചില ശലഭങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി മുട്ടയിടുന്നു. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുവിന്‍റെ ആദ്യഭക്ഷണം മുട്ടത്തോടാണ്.

മറ്റു പ്രവര്‍ത്തനവും സമാപനവും

പത്രങ്ങളില്‍ നിന്നും മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ചിത്രങ്ങള്‍ ശലഭങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ എന്നിവ ശേഖരിച്ച് ശലഭ ആല്‍ബം നിര്‍മ്മിക്കാവുന്നതാണ്. ശലഭ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഫെബ്രുവരി മാസം അവസാനം സ്കൂള്‍ അസംബ്ലിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യാവുന്നതാണ്. ഇത് കുട്ടികളില്‍ ഉത്സാഹവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ഏറ്റവും നല്ല നിരീക്ഷണകുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്കും ഏറ്റവും നല്ല ശലഭ നിരീക്ഷകന്‍ അല്ലെങ്കില്‍ നിരീക്ഷകയ്ക്കും ശലഭക്വിസില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്കും പൂന്തോട്ട നിര്‍മ്മാണം, പരിപാലനം എന്നിവയില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും നല്ല ആല്‍ബം നിര്‍മ്മിക്കുന്ന ക്ലബ്ബിലെ അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.

ശലഭങ്ങള്‍ക്ക് തേന്‍ നുകരാനായി ശലഭോദ്യാനത്തില്‍ നടാവുന്ന ചെടികള്‍:

  1. കൃഷ്ണകിരീടം Clorodendron paniculatum
  2. പെരിയലം Clorodendron viscosa
  3. വാടാമല്ലി Gomphrena globosa
  4. രാജമല്ലി Caesalpinia pulcherrima
  5. ചെമ്പരത്തി Hibiscus rosasinesis
  6. മുഞ്ഞ Premina latifolia
  7. ചെണ്ടുമല്ലി Tagetes erecta
  8. ചെറുമുള്ളി Asclepias curassavica
  9. വേനപ്പച്ച, തേക്കട Heliotropium indicum
  10. ശീമക്കൊങ്ങിണി Slachytrapheta jamaicensis

 

Related Stories

വേണുഗാനമുണര്‍ന്ന സരസ്സ്

ഒരു കാലത്ത് പെന്‍ഷനേഴ്സ് പാരഡൈസ്, ഗാര്‍ഡന്‍ സിറ്റി എന്നൊക്കെ അറിയപ്പെട്ടിരുന്ന ബാംഗ്ലൂര്‍ നഗരം ട്രാഫിക് ബ്ലോക്കുകളുടെയും മാലിന്യങ്ങള്‍ നിറഞ്ഞ തടാകങ്ങളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയി.

വയനാടിന്‍റെ കേണി

ഗോത്രവര്‍ഗ സംസ്കൃതിയുമായിച്ചേര്‍ന്നുള്ള ആചാരങ്ങളില്‍നിന്നും ചിട്ടകളില്‍നിന്നും ആവിര്‍ഭവിച്ച നിര്‍മ്മിതികളും സങ്കേതങ്ങളും വയനാട്ടിലെവിടെയും കാണാം. അതിലൊന്നാണ് കേണി.

ജി.എം. കടുക് വേണ്ടെന്ന് പറയുക

1990-കളില്‍ ഞാന്‍ ടെക്സ്റ്റൈല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനും മറ്റു പലരും ബി.ടി. പരുത്തിയെ സ്വീകരിച്ചത് ഉത്പാദന വര്‍ധന, കീടനാശിനി ഉപയോഗം കുറയ്ക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ടായിരുന്നു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine