• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ലേഖനം
June 2017

Home » ലേഖനം » വയനാടിന്‍റെ കേണി

വയനാടിന്‍റെ കേണി

എന്‍.എസ്. അരുണ്‍കുമാര്‍

വയനാട്ടുകാരുടേതു മാത്രമായ നാട്ടറിവാണ് കേണി. വയനാടെന്നാല്‍ വയല്‍നാടെന്നാണ് നാമാര്‍ത്ഥം. ഗോത്രവര്‍ഗ സംസ്കൃതിയുമായിച്ചേര്‍ന്നുള്ള ആചാരങ്ങളില്‍നിന്നും ചിട്ടകളില്‍നിന്നും ആവിര്‍ഭവിച്ച നിര്‍മ്മിതികളും സങ്കേതങ്ങളും വയനാട്ടിലെവിടെയും കാണാം. അതിലൊന്നാണ് കേണി. വര്‍ഷത്തിലുടനീളം വറ്റാത്ത, തെളിമയുള്ള കുടിവെള്ളം പകര്‍ന്നു നല്‍കാന്‍ കേണിക്ക് കഴിയും. വയലിന്‍റെയോ തണ്ണീര്‍ത്തടത്തിന്‍റെയോ നടുക്കായാണ് കേണി നിര്‍മ്മിക്കപ്പെടുന്നത്. മണ്ണിലേക്ക് ഇറക്കി വച്ച വലിയൊരു കുഴലിന്‍റെ രൂപമാണ് കേണിക്ക്. ഒരു പ്രത്യേകതരം തടികൊണ്ടാണ് കേണി നിര്‍മ്മിക്കുന്നത്. കേണിയെന്നാല്‍ കിണറുതന്നെയാണ്. തടികൊണ്ടുള്ള കൈവരിയുള്ള കിണര്‍. പക്ഷേ, ഇവിടെ കയ്യെത്തുന്ന താഴ്ചയില്‍, തറനിരപ്പിനോട് ചേര്‍ന്നുതന്നെയാണ് ജലവിതാനം. ഏറിയാല്‍ ഒരു മീറ്റര്‍. സമുദ്രനിരപ്പില്‍ നിന്നും 700 മുതല്‍ 2,100 മീറ്റര്‍ വരെ ഉയരത്തിലാണ് വയനാടിന്‍റെ സ്ഥാനമെന്ന് പ്രത്യേകമായി ഓര്‍മ്മിക്കണം. കുടിക്കാനായി മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ശനമായ നിഷ്കര്‍ഷയോടെയാണ് കേണികള്‍ നിര്‍മ്മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്തിരുന്നത്.

Photo : Satheesan Nair

കേണി എല്ലാവരുടേതുമായിരുന്നു. ഒരു കുടുംബത്തിന്‍റെയോ ഏതെങ്കിലും വിഭാഗക്കാരുടേയോ സ്വകാര്യസ്വത്തായിരുന്നില്ല അത്. തടികൊണ്ടുള്ള ചുറ്റുചുമരില്‍ ഒരു പൂട്ടും താക്കോലുമുറപ്പിക്കുകയെന്നത് എളുപ്പമായിരുന്നുവെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കേണിയില്‍ നിന്നും വെള്ളമെടുക്കാന്‍ കപ്പിയോ കയറോ ഒന്നും ആവശ്യമില്ല. കുടംകൊണ്ട് കോരിയെടുക്കാന്‍ തക്കവണ്ണമുള്ള ആഴമേ കേണികള്‍ക്കുണ്ടായിരുന്നുള്ളൂ. എടുക്കുന്ന വെള്ളത്തിന് ആനുപാതികമായി അത്രയും വെള്ളം ഒരു മിനിട്ടിനുള്ളില്‍ തന്നെ ഊറിയെത്തുമെന്നതും കേണിയുടെ സവിശേഷതയാണ്. നൂറ് ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഒരു പാട്ടയുടെ വലിപ്പം മാത്രമേ കേണിക്കുണ്ടായിരുന്നുള്ളൂവെങ്കിലും ദിവസേനയെന്നോണം ആയിരം ലിറ്ററോളം വെള്ളം പകര്‍ന്നുനല്‍കാന്‍ കേണിക്ക് കഴിഞ്ഞിരുന്നു.

കളിമണ്ണ് കലര്‍ന്നതാണ് വയനാട്ടിലെ മണ്ണ്. മാത്രമല്ല, വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിന് തെളിമയും കുറവാണ്. എന്നാല്‍ കേണിയില്‍ നിന്നും കിട്ടുന്ന വെള്ളം എപ്പോഴും പളുങ്കുപോലെ പരിശുദ്ധവും തെളിമയുള്ളതുമായിരിക്കും. ചില സ്ഥലങ്ങളില്‍ കേണിക്ക് ചുറ്റും പുഴമണല്‍ കൊണ്ട് പുതയിട്ടിരിക്കുന്നത് കാണാം. ഇത് കേണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിനുള്ള ഒരു അരിപ്പപോലെ പ്രവര്‍ത്തിക്കും. വയനാട്ടിലുടനീളം 200 മുതല്‍ 300 കേണികളുണ്ട്. ചിലതിനെല്ലാം അഞ്ഞൂറും അറുന്നൂറും വര്‍ഷത്തിലധികം പഴക്കമുണ്ട്. കാര്‍യോട്ടാ യുറീന്‍സ് (Caryota urens) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ചൂണ്ടപ്പനയുടെ തടിയാണ് ഇതിന്‍റെ നിര്‍മ്മാണത്തിനായി പൊതുവില്‍ ഉപയോഗിച്ചിരിക്കുന്നത്. കാലാന്തരത്തിലുള്ള ജീര്‍ണ്ണതയ്ക്ക് ഇവയില്‍ പലതും വിധേയമായിട്ടുണ്ടെങ്കിലും പലതും അവയുടെ പൂര്‍വ്വരൂപത്തിന്‍റെ ശേഷിപ്പുകളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Photo : Satheesan Nair

കേണിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ചൂണ്ടപ്പനയുടെ തടി പ്രത്യേകരീതിയിലാണ് തയ്യാറാക്കപ്പെടുന്നത്. ഇതിനായുള്ള ചൂണ്ടപ്പന ഒരു വര്‍ഷം മുന്‍പേ കണ്ടെത്തി മുറിച്ച് തടി വെള്ളത്തിനടിയില്‍ സൂക്ഷിക്കും. ഇതിലൂടെ തടിയുടെ നടുവിലുള്ള കട്ടികുറഞ്ഞ ഭാഗങ്ങള്‍ നശിച്ചുപോകുകയും പുറമേയുള്ള ഭാഗങ്ങള്‍ മാത്രം നില്‍ക്കുകയും ചെയ്യും. കേണിയുടെ വിസ്തൃതിക്ക് യോജിക്കുന്ന തരത്തിലുള്ള ചൂണ്ടപ്പനകള്‍ കണ്ടെത്തുക ഇന്ന് വിഷമമാണ്. അതുകൊണ്ട് ചൂണ്ടപ്പനയ്ക്ക് പുറമേ കരിമരം (Diospyros candolleana), ആഞ്ഞിലി (Artocarpus hirsuta), നെല്ലിമരം (Phyllanthus emblica) തുടങ്ങിയവയും കേണിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തെങ്ങും കേണികള്‍ നിര്‍മ്മിക്കപ്പെട്ടതായി ചരിത്രമില്ല.

കേണികളുടെ പുനരുദ്ധാരണശ്രമങ്ങള്‍ അവയ്ക്ക് വിനയായ കഥയും വയനാട്ടുകാര്‍ക്ക് പറയാനുണ്ട്. കേണികളുടെ ജലസമ്പത്തും ഭൂഗര്‍ഭജലവിതാനവും തമ്മിലുള്ള പരസ്പര ബന്ധം മനസ്സിലാക്കാതെ നടത്തിയ അശാസ്ത്രീയമായ നവീകരണപ്രവര്‍ത്തനങ്ങള്‍ കേണികള്‍ വെള്ളംവറ്റി വരണ്ടുണങ്ങാന്‍ കാരണമായിട്ടുണ്ട്. തറനിരപ്പില്‍ നിന്നും അഞ്ചടിയോളം മാത്രം ആഴത്തിലുള്ള ഭൂഗര്‍ഭജലമാണ് കേണികളിലൂടെ ഊറിയെത്തുന്നത്. എന്നാല്‍ ആഴം കൂട്ടിയാല്‍ ഈ ജലവിതാനം അതിലും താഴേക്ക് പോവും. വനനശീകരണവും നെല്‍പ്പാടങ്ങളുടെ നികത്തലും മൂലം ഭൂഗര്‍ഭജലവിതാനം താഴേക്ക് നീങ്ങിപ്പോയതും കേണികളുടെ നാശത്തിന് വഴിയൊരുക്കിയിട്ടുണ്ട്. തടിക്ക് പകരം കോണ്‍ക്രീറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും കേണികളുടെ അകാല ചരമത്തിന് കാരണമായിട്ടുണ്ട്.

വയനാട്ടില്‍ പലയിടത്തും ഇപ്പോഴും കേണികള്‍ പരിപാലിച്ച് പോരുന്നുണ്ട്. ഈ കേണികളില്‍ ഇപ്പോഴും വെള്ളമുണ്ട്. മീനച്ചൂടിലും അവ വഴിയാത്രക്കാര്‍ക്ക് കുളിര്‍മ്മയുള്ള കുടിവെള്ളം പകരുന്ന അക്ഷയഖനിയായി നിലനില്‍ക്കുന്നു. കിണറുള്ളവര്‍പോലും അതിലെ വെള്ളം മോശമായതിനാല്‍ ശുദ്ധജലത്തിനായി കേണിയെയാണ് ആശ്രയിക്കുന്നത്. 1983-ലെ വരള്‍ച്ചാക്കാലത്തുപോലും ഈ കേണികള്‍ വറ്റിയിരുന്നില്ലായെന്ന് ഇവിടുത്തെ പഴയ തലമുറ ഓര്‍ക്കുന്നു. പൂര്‍ണ്ണമായും ആദിവാസികളുടെ പരമ്പരാഗതവിജ്ഞാനമാണ് കേണികളുടെ നിര്‍മ്മാണ രഹസ്യവും അതിനുപിന്നിലെ ശാസ്ത്രവും.

Related Stories

വിദ്യാലയത്തിലൊരു ശലഭോദ്യാനം

പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്‍പ്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള ഉപാധികളിലൊന്നാണ് ശലഭോദ്യാനം. ശലഭങ്ങളെ അറിയുക സംരക്ഷിക്കുക അതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ പഠന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

വേണുഗാനമുണര്‍ന്ന സരസ്സ്

ഒരു കാലത്ത് പെന്‍ഷനേഴ്സ് പാരഡൈസ്, ഗാര്‍ഡന്‍ സിറ്റി എന്നൊക്കെ അറിയപ്പെട്ടിരുന്ന ബാംഗ്ലൂര്‍ നഗരം ട്രാഫിക് ബ്ലോക്കുകളുടെയും മാലിന്യങ്ങള്‍ നിറഞ്ഞ തടാകങ്ങളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയി.

ജി.എം. കടുക് വേണ്ടെന്ന് പറയുക

1990-കളില്‍ ഞാന്‍ ടെക്സ്റ്റൈല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനും മറ്റു പലരും ബി.ടി. പരുത്തിയെ സ്വീകരിച്ചത് ഉത്പാദന വര്‍ധന, കീടനാശിനി ഉപയോഗം കുറയ്ക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ടായിരുന്നു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • ഗരുഡശലഭം
  • പാഠം ഒന്ന്; പച്ച
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
© 2023 Copyright Koodu Nature Magazine