കൂട് എന്ന ഇൗ പ്രസിദ്ധീകരണത്തെപ്പറ്റി എനിക്കൊന്നുമറിയില്ലായിരുന്നു. ഇതിനോടു ബന്ധപ്പെട്ട് എന്റെ ചില സുഹൃത്തുക്കൾ എന്നോട് സംസാരിക്കുകയും, ഇതിന്റെ പ്രവർത്തകർ വന്ന് കുറച്ചു പഴയ ലക്കങ്ങൾ എനിക്കു തരികയും ചെയ്തു. വളരെ വലിയ അത്ഭുതം തോന്നി. എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ ഒരു പ്രസിദ്ധീകരണം ഇവിടെ ഉണ്ടാകുന്നു. ഏറ്റവും നന്നായി അച്ചടിച്ച, ഏറ്റവും നല്ല ഫോട്ടോഗ്രാഫുകൾ അവതരിപ്പിക്കുന്ന, പ്രകൃതിയുമായി ബന്ധപ്പെട്ട പലവിഷയങ്ങളും പറയുന്ന ഒരു പ്രസിദ്ധീകരണം.
നമ്മൾ പരിസ്ഥിതി കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും ഒതുങ്ങിപ്പോകാറുണ്ട്. വെള്ളത്തിന്റെ കാര്യം, കാടുകളുടെ കാര്യം.. പക്ഷേ, അതിനപ്പുറത്തുള്ള ഒരുപാടു കാര്യങ്ങളുണ്ട്. വന്യജീവികളെപ്പറ്റിയുള്ള പഠനങ്ങൾ. സംരക്ഷണം മാത്രമല്ല, ഇവയെപ്പറ്റി പഠിച്ചാൽ മാത്രമേ മറ്റു കാര്യങ്ങളിലെത്തിച്ചേരുകയുള്ളൂ. അങ്ങനെ ഒരുപാടു കാര്യങ്ങൾ നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു പ്രസിദ്ധീകരണമാണിത്. ഏറ്റവും ഭംഗിയായി പ്രസിദ്ധീകരിക്കുന്ന കാലികപ്രാധാന്യമുള്ള, സാമൂഹ്യപ്രാധാന്യമുള്ള പ്രസിദ്ധീകരണം. ഇതു നോക്കിയപ്പോൾ ആദ്യം എനിക്ക് തോന്നിയത് ഇതൊക്കെ നമ്മുടെ വിദ്യാലയങ്ങളിൽ എത്തിക്കാൻ വല്ല വഴിയുണ്ടോ, എത്തുന്നുണ്ടോ എന്നുള്ള കാര്യമാണ്. ഒാരോ വിദ്യാലയത്തിലും വായനശാലയൊക്കെ ഉള്ളതാണ്. അവിടെയൊക്കെ ഇത് നിർബ്ബന്ധമായും എത്തിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടോ, അതിനാരെങ്കിലും മുൻകൈയെടുക്കുന്നുണ്ടോ? നാം കടന്നുപോകുന്ന ഇൗ കാലഘട്ടം വളരെ അപകടം പിടിച്ചതാണ്. വെള്ളത്തിന്റെ മാത്രമല്ല, വിഷലിപ്തമായ വായു, വെള്ളം, അന്തരീക്ഷം, മണ്ണു നഷ്ടപ്പെടുക, കുന്നുകൾ നഷ്ടപ്പെടുക, നദികൾ മാത്രമല്ല ജലാശയങ്ങളും ജലസ്രോതസ്സുകളും നഷ്ടപ്പെടുക. അങ്ങനത്തെ ഒരു കാലത്ത് ഒാരോ ദിവസവും അത്യാപത്തുകളുടെ കൂടുതൽ കൂടുതൽ വാർത്തകളാണ് വരുന്നത്. വയലുകളെങ്ങനെ സംരക്ഷിക്കണമെന്നതിനെപ്പറ്റി പലരും പലവശത്തുനിന്നും സംസാരിക്കുമ്പോൾ, ഇന്നു വായിക്കുന്നു വേണമെങ്കിൽ വയലുകളൊക്കെ വിൽക്കാം. അതിന്റെ നാട്ടുനടപ്പനുസരിച്ചുള്ള വില സർക്കാരിനു കെട്ടിവച്ചാൽ നമ്മുടെ വയലുകളൊക്കെ ആർക്കുവേണമെങ്കിലും വിൽക്കാം. നമ്മുടെ കൃഷിഭൂമികൾ നേരത്തേ ഇല്ലാതായിരിക്കുന്നു. അവശേഷിച്ച കൃഷിഭൂമിയുടെ സ്ഥിതികൂടി വളരെ ആപത്കരമാണ്. നദികളില്ല, ജലാശയങ്ങളില്ല, കുളങ്ങളില്ല, ജലസംഭരണികളില്ല, അതേപോലെത്തന്നെ കൃഷിയിടങ്ങളും ഇല്ലാതായിരിക്കുന്നു. മേച്ചിൽപ്പുറങ്ങളില്ല (മേച്ചിൽപ്പുറങ്ങളുടെ ആവശ്യമുണ്ടാവില്ല, കാരണം നമ്മളിപ്പോൾ കൃഷിയില്ല, കന്നുകാലികളെ മേയാൻ വിടുന്ന പതിവുമില്ല). ഇങ്ങനത്തെയൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അങ്ങനെയുള്ളൊരു സമയത്ത് ഇതുപോലുള്ള അനേകമനേകം പ്രസിദ്ധീകരണങ്ങൾ നമ്മുടെ നാട്ടിലുണ്ടാകണം. എത്രയോ പ്രസിദ്ധീകരണങ്ങൾ. അമ്പരപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന പലതും നടക്കുന്നു. നമ്മുടെ കാലത്തേയും പ്രകൃതിയേയുമൊക്കെ അറിയണം. ആ ലക്ഷ്യം മുന്നിൽവച്ചുകൊണ്ടുള്ള പ്രസിദ്ധീകരണങ്ങൾ വരട്ടെ. ചെറിയൊരു മാസിക എനിക്കു സ്ഥിരമായിട്ടു കിട്ടിയിരുന്നു, സൂചീമുഖി. വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ അതിൽ വന്നിരുന്നു. അതിപ്പോഴും ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം. ഇൗ മാസിക മുൻപ് വായിച്ചിരുന്ന കാലത്ത്, ഞാനോർക്കുന്നു അതിൽ വളരെ ശ്രദ്ധാർഹമായ കാര്യങ്ങൾ വന്നിരുന്നു. നമുക്ക് ഇതുപോലെയുള്ള പല പ്രസിദ്ധീകരണങ്ങളും ആവശ്യമുണ്ട്. ഇതൊക്കെ നമ്മുടെ ഇളംതലമുറയുടെ അടുത്ത് എത്തിക്കുകയും വേണം. അത് വളരെ ആവശ്യമാണ്. അവരാണ് ഇൗ പ്രകൃതിയെ സംരക്ഷിക്കേണ്ടത്, ഭൂമിയെ സംരക്ഷിക്കേണ്ടത്, വനങ്ങളെ സംരക്ഷിക്കേണ്ടത്. ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് അവരാണ്. അവർക്ക് പ്രചോദനം നൽകുന്ന പ്രസിദ്ധീകരണങ്ങൾ വളരെ ആവശ്യമാണ്. ഇന്നിവിടെ ശ്രീ. ബാദുഷയ്ക്ക് ഇൗ ഉപഹാരം നൽകാൻ എന്നെ ക്ഷണിച്ചതിന് എനിക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹത്തെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, ഇന്നേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ഞാൻ കേട്ടിട്ടുണ്ട് അകലെയിരുന്ന്. അദ്ദേഹത്തെ ആദരിക്കുന്ന ഇൗ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ കാലഘട്ടത്തിൽ പരിഹാരങ്ങളെക്കുറിച്ചൊന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്നും പത്രത്തിൽ വായിക്കുന്നത് അതാണ്. നെൽകൃഷിയിടങ്ങളൊക്കെ വേണമെങ്കിൽ എന്തുകാര്യത്തിനും ഉപയോഗിക്കാം വിൽക്കാം, നാട്ടുനടപ്പനുസരിച്ചുള്ളൊരു വില സർക്കാരിൽ കെട്ടിവച്ചാൽ മതി. അപ്പോൾ നാളെ ഇൗ പുഴകളും കഷണം കഷണമായി വിൽക്കാം എന്ന അവസ്ഥ വരും. കുന്നുകൾ വിൽക്കാം, കാടുകൾ വിൽക്കാം, അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ മാറ്റം വരണമെങ്കിൽ ഇളംതലമുറയ്ക്ക് ഇൗ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. അവരിതിനെപ്പറ്റി ചിന്തിക്കുകയും മുതിർന്നവരെ നിരന്തരമായി നിർബ്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഒരവസ്ഥ വരണം. ആ അവസ്ഥയുണ്ടാക്കാൻ വേണ്ടിയിട്ട് ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ വളരെ ആവശ്യമാണ്. പരിസ്ഥിതിപ്രവർത്തകർ പലരും പലതും ചെയ്യുന്നുണ്ട്. അതു നമ്മൾ ഇല്ല എന്നു പറഞ്ഞുകൂടാ. പക്ഷേ, വ്യാപകമായിട്ട് അങ്ങനെ അതിനെപ്പറ്റിയുള്ള ഒരു ചിന്ത, ഉത്കണ്ഠ, ഇതൊക്കെ ഉണ്ടാവണമെന്നുണ്ടെങ്കിൽ ഇതേപോലെയുള്ള പല പ്രസിദ്ധീകരണങ്ങളും ആവശ്യമാണ്. അതുകൊണ്ട് കൂടിന്റെ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അവർ നിർവ്വഹിക്കുന്ന പരിസ്ഥിതി, പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും, പഠനങ്ങൾക്കും. ഇൗ പഠനങ്ങൾക്കൊക്കെ ഇന്ത്യയിലാണ് നമുക്കതിന്റെ പ്രാധാന്യം മനസ്സിലാവുക.
കേരളത്തിലെ പക്ഷികളെപ്പറ്റി, കേരളത്തിലെ സസ്യങ്ങളെപ്പറ്റി ഒക്കെ ഒാരോ കാലഘട്ടത്തിൽ ഒാരോ പംക്തികളിൽ ഒാരോ വിദഗ്ധർ എഴുതിയിരുന്നു. ഇന്ന് അങ്ങനത്തെയൊരു എഴുത്ത് കാണുന്നില്ല. എനിക്കു തന്നെ അറിയാം, ഞാൻ കോളേജുവിദ്യാർത്ഥിയായിരുന്ന കാലത്ത് അവിടുത്തെ അദ്ധ്യാപകനായിരുന്നു ഇന്ദുചൂഢൻ സർ. ഞങ്ങൾക്കാർക്കുമറിയില്ല ഇദ്ദേഹമാണ് നീലകണ്ഠൻസാറെന്ന്. ഇദ്ദേഹമാണ് ഇൗ പക്ഷികളെക്കുറിച്ചെഴുതുന്നതെന്ന് ഞങ്ങൾക്കാർക്കുമറിയില്ല. എല്ലാ ശനി ഞായറുകളിലും അദ്ദേഹത്തിന്റെ ജോലി പക്ഷിനിരീക്ഷണമായിരുന്നു എന്ന് വളരെക്കഴിഞ്ഞാണ് മനസ്സിലാക്കുന്നത്. അങ്ങനെ പലേടത്തും പലേയാളുകളും ഒറ്റയ്ക്ക്, സാലിം അലിയുടെയൊക്കെ പാരമ്പര്യത്തിൽ ആളുകൾ ഒരു വശത്തു പക്ഷിനിരീക്ഷണം, പ്രകൃതിനിരീക്ഷണം, വനനിരീക്ഷണം, അങ്ങനെ വന്നിട്ടുള്ള നല്ല പുസ്തകങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടോ ഇതൊന്നും വേണ്ടരീതിയിൽ പ്രചരിച്ചിട്ടില്ല. ഇതൊക്കെ നിലനിർത്തണമെന്നുണ്ടെങ്കിൽ നമ്മളിത് ഇളംതലമുറയുടെ അടുത്തേക്ക് എത്തിക്കണം. നഷ്ടപ്പെട്ടുപോയവ അല്ലെങ്കിൽ ഇന്ന് അച്ചടിയിലില്ലാത്തവയൊക്കെ പുനപ്രസിദ്ധീകരിക്കാനുള്ള സംവിധാനം വേണം. അതിനൊക്കെയുള്ള ശ്രമങ്ങൾ നടക്കട്ടെ. നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരിക്കൽകൂടി ശ്രീ. ബാദുഷയെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു.
കൂട് മാസികയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിൽ 2014 മെയ് 10-ന് നടന്ന പൊതുയോഗത്തിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ. എം.ടി. വാസുദേവൻ നായർ നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ: