കൂട് തിരിച്ചു വരുമ്പോള്‍…
ഏതാണ്ട് രണ്ടു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം കൂട് വീണ്ടും നിങ്ങളിലേക്കെത്തുകയാണ്. പുതിയ കാലഘട്ടത്തിന്റെ അവസരങ്ങളെയും പരിമിതികളേയും കണക്കിലെടുത്തു കൊണ്ട് അച്ചടി മാസിക എന്ന രീതിയിൽ നിന്ന് മാറി ഡിജിറ്റൽ രൂപത്തിലേയ്ക്കുള്ള കൂടു വിട്ടൊരു കൂട് മാറ്റം കൂടി ഇതോടൊപ്പം സംഭവിക്കുന്നുണ്ട്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യനെ എത്ര കഠിനമായി ബാധിക്കുമെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. മഹാമാരികളായും, ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളായും ദുരന്തങ്ങൾ നമ്മെ വേട്ടയാടുമ്പോൾ, സൗകര്യപൂർവ്വം മറന്ന ചിലത് ഓർമ്മിപ്പിക്കുകയാണ് പ്രകൃതിയെന്ന് ഒരിട തോന്നിപ്പോകും – മനുഷ്യനെന്നത് പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയുടെ ആരോഗ്യമാണ് അവന്റെ ജീവനാധാരമെന്നും. ജൈവ വൈവിധ്യത്തിനുണ്ടാകുന്ന നാശനഷ്ടങ്ങളെ മനസ്സിലാക്കുക, ആത്മഹത്യപരമായ അത്തരം കടുംവെട്ടലുകളെ പ്രതിരോധിക്കുക എന്നതൊക്കെ മനുഷ്യന്റെ ഇനിയങ്ങോട്ടുള്ള നിലനിൽപ്പിനു തന്നെ അത്യാവശ്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിപ്പോൾ.
എന്നാൽ, ഈ കോവിഡ് രോഗകാലഘട്ടത്തിലെ ജനങ്ങളുടെ നിസ്സഹായവസ്ഥ മുതലെടുത്തു കൊണ്ട് ജൈവ വൈവിധ്യ മേഖലകളുടെ സർവ്വനാശത്തിനൊരുങ്ങുകയാണ് ഭരണകൂടങ്ങൾ. റിസർവ്വ് വനങ്ങളിലെ തേക്ക് തോട്ടങ്ങളും കാടിനോട് ചേർന്നു കിടക്കുന്ന റവന്യൂ-പട്ടയ ഭൂമികളിലെ മരങ്ങളും മുറിക്കുന്നത് തുടങ്ങി ഗോവയിലെയും അസ്സാമിലെയും വന്യജീവി സങ്കേതങ്ങളിലൂടെയുള്ള റെയിൽ പാതകളും എണ്ണ, കൽക്കരി ഖനനവും അരുണാചൽ പ്രദേശിലെ മഴക്കാടുകളെ മുക്കിക്കളയുന്ന അണക്കെട്ടുകൾ വരെ – യാതൊരു വിധ സ്ഥലപരിശോധനകളോ വീണ്ടുവിചാരമോ കൂടാതെയാണ് ഈ മൂന്ന് മാസക്കാലം കൊണ്ട് അനുമതി കൊടുത്തിരിക്കുന്നത്.
നാം ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചും അത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ശരിയായ വിവരങ്ങളും വിശകലനങ്ങളും അപഗ്രഥനങ്ങളും കൃത്യ സമയത്ത് ലഭിക്കേണ്ടത്, ഇത്തരം സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നതിനും ഭാവിയിൽ, പ്രശ്നങ്ങൾ മുൻകൂട്ടി കാണുന്നതിനും ആവശ്യമാണ്. ഇത്തരം ഇടപെടലുകൾക്ക് കേരളത്തിൽ ഇനിയും സാധ്യതകളുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഏഴു കൊല്ലം മുമ്പ് കൂട് മാസികയുടെ ഉത്ഭവം.
അഞ്ചു കൊല്ലത്തിനു ശേഷം പലതരം പ്രതിസന്ധികളിൽപ്പെട്ട് പ്രസിദ്ധീകരണമവസാനിപ്പിക്കേണ്ടി വന്നപ്പോൾ ഏറ്റവും വേദനിച്ചത് കൂടിന്റെ വായനക്കാർ തന്നെയായിരുന്നു എന്നറിയുന്നു. പ്രകൃതിയുടെ സ്പന്ദനങ്ങൾക്ക് കാതോർക്കാൻ എന്നും ആളുകളുണ്ടെന്നും അവർക്ക് ഐക്യപ്പെടാൻ ഏറെയുണ്ടെന്നുമുള്ള തിരിച്ചറിവിൽ നിന്നു കൂടിയാണ് കൂടിന്റെ തിരിച്ചുവരവ്. അച്ചടിയുടെ പരിമിതികളെ, ചിതലരിച്ചും അല്ലാതേയും വിസ്മൃതിയിലാണ്ട് പോകുമായിരുന്ന അറിവുകളെ ദേശകാല ഭേദമന്യേ വായനക്കാരിലെത്തിക്കുക എന്നൊരു ദൗത്യം ഇന്നു മുതൽ ഏറ്റെടുക്കുകയാണ്. എല്ലാവരുടെയും സഹകരണവും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്…