ഇക്കഴിഞ്ഞ 50 വർഷം കൊണ്ട് നമ്മുടെ കാർഷികരീതികളിലും ഭക്ഷണകാര്യങ്ങളിലും വന്ന മാറ്റം ശ്രദ്ധേയമാണ്. പ്രധാനമായും നാലു വിളകളെ ആശ്രയിച്ചാണ് ഇന്നത്തെ നമ്മുടെ ഭക്ഷ്യസുരക്ഷ – നെല്ല്, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്. കണക്കുകൾ കാണിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ രണ്ടിരട്ടിയെങ്കിലും ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2012-ൽ ഏകദേശം 230 ദശലക്ഷം ടൺ അരിയും ഗോതമ്പും ഇന്ത്യ ഉത്പാദിപ്പിച്ചു. എന്നാൽ 300 ദശലക്ഷം ആളുകൾ ഇന്ത്യയിൽ പട്ടിണി കിടക്കുകയും ചെയ്യുന്നു. നമുക്കാവശ്യമുള്ള ഭക്ഷ്യ എണ്ണയുടെയും പയറിന്റെയും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. അടുത്ത കാലത്തായി സംസ്ക്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും അധികരിച്ചിട്ടുണ്ട്.
ഇന്ത്യ സ്വതന്ത്രയായ കാലം മുതൽ ഭരണാധികാരികൾ ശ്രദ്ധ വച്ചിരുന്നൊരു കാര്യം ഭക്ഷ്യസുരക്ഷയെ പറ്റിയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ‘ഭക്ഷണം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക അസാദ്ധ്യം!’. അദ്ദേഹം ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചായിരുന്നു സ്വപ്നം കണ്ടിരുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യ യഥാർത്ഥത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിച്ചുവോ? ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നു? പട്ടിണിയുടെ മാനദണ്ഡം(Hunger Index) വച്ചു നോക്കുമ്പോൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വളരെ മോശപ്പെട്ട നിലയിലാണിന്ന്.
ഉത്പാദനവർദ്ധനവ്
ഏറെ വിവാദം സൃഷ്ടിച്ച ഹരിതവിപ്ലവം അതിന്റെ യഥാർത്ഥ രൂപത്തിൽ നടപ്പിലാക്കിയത് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. അവിടെ തനതായുണ്ടായിരുന്ന വിളകളും കാർഷികരീതികളും പൂർണ്ണമായും മാറ്റിയാണ് ഇൗ പ്രദേശങ്ങൾ അരിയും, ഗോതമ്പും മാത്രം കൃഷി ചെയ്യുന്ന, രാജ്യത്തിന് ഭക്ഷണം നല്കുന്ന സ്ഥലങ്ങളായി മാറിയത്. പുരോഗതിയുടെ ചിഹ്നമായി അക്കാലത്ത് പരസ്യങ്ങളിൽ വന്നിരുന്നത് ട്രാക്ടറോടിക്കുന്ന പഞ്ചാബിലെ കർഷകരുടെ മുഖങ്ങളാണ്. ഇന്ന് ഇൗ പ്രദേശങ്ങൾ നിലനിൽപ്പിനായി കഠിനശ്രമം നടത്തുകയാണ്. രാസവളങ്ങളുടേയും, രാസകീടനാശിനികളുടെയും അവശിഷ്ടത്താൽ ഇൗ പ്രദേശങ്ങൾ മുഴുവനും ജീവിയ്ക്കാൻ പറ്റാത്ത സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഭൂഗർഭജലം ഉൗറ്റിയെടുത്തുള്ള കൃഷി ജലക്ഷാമത്തിനും ഇടയാക്കിയിരിക്കുന്നു. മണ്ണിന്റെ സ്വഭാവം മാറി ഇതൊക്കെ സംഭവിക്കുമ്പോൾ ഭക്ഷണമുത്പാദിപ്പിച്ച പഞ്ചാബിലെ ഒരു കർഷകന്റെ ശരാശരി മാസവരുമാനം വെറും 3000 രൂപ മാത്രമാണ്.
ഹരിയാനയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മാഫിയ തമ്പടിച്ചിരിക്കുകയാണ്. കൃഷിഭൂമിയുടെ മൂന്നിലൊന്ന് റിയൽ എസ്റ്റേറ്റിനായി മാറ്റപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ 23,000 ഗ്രാമങ്ങൾ ഹൈവേ വികസനത്തിനായി സർക്കാർ കുടിയൊഴിപ്പിക്കുകയാണ്. ഇന്ത്യയിലെ പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുമോ അതോ കുറയുമോ? പാർലമെന്റിൽ ചർച്ച ചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബിൽ പ്രകാരം ഇന്ത്യയിലെ 70 ശതമാനത്തോളം ആളുകൾക്ക് 2 രൂപയ്ക്കും 3 രൂപയ്ക്കുമെല്ലാം അരിയും ഗോതമ്പും നൽകുമെന്ന് സർക്കാർ പറയുന്നു. ഇത് എങ്ങനെ നടപ്പാക്കും? എവിടെ, ആര് ഇതുണ്ടാക്കും? അതോ ഇന്ത്യ വീണ്ടും അരിയും ഗോതമ്പും ഇറക്കുമതിചെയ്യേണ്ട അവസ്ഥയിലെത്തുമോ?
ഇതിനൊരു മറുപടിയെന്നോണം ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ഒരു പുതിയ പദ്ധതി മുൻപോട്ട് വച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒരു രണ്ടാം ഹരിതവിപ്ലവം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചിരിക്കുന്നു. (ബീഹാറിൽ നിന്ന് കേരളത്തിന് അരി തരാമെന്ന് പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ പറഞ്ഞത് ഒാർക്കുമല്ലോ). കാലം മാറിയതുകൊണ്ടും ജനങ്ങളുടെ അറിവു വർദ്ധിച്ചതുകൊണ്ടും ഇപ്പോൾ തന്നെ പലരും ഇൗ പദ്ധതിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇൗ പദ്ധതിയുടെ നിലനിൽപിന്റെ സാദ്ധ്യതകളെ പറ്റിയും കർഷകനുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇൗ സംസ്ഥാനങ്ങൾ തന്നെ ആശങ്കയിലാണ്.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷ
ഭക്ഷ്യസുരക്ഷയെപ്പറ്റി ചിന്തിക്കുമ്പോൾ ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെടുത്തി ചിന്തിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് കേരളം. ഇന്ന് കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി അത്ര പെട്ടെന്നുണ്ടായതല്ല. ഭൂവിനിയോഗത്തിലും ഉത്പാദനത്തിലും വന്ന പിഴവാണ് നമ്മുടെ പട്ടിണിക്കു കാരണം.
ഇതു പറയുമ്പോൾ കേരളത്തിൽ ഒരുകാലത്തും ഭക്ഷ്യ സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു പറയുന്നവരുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്? കേരളത്തിൽ ഗോതമ്പുത്പാദിപ്പിച്ചിരുന്നില്ല. നെല്ലുത്പാദനം ഇൗ പ്രദേശത്തിനു മതിയായിരുന്നില്ല. അതിനാൽ നാഞ്ചിനാടിനെയും മറ്റു പ്രദേശങ്ങളെയും നമ്മൾ ആശ്രയിച്ചിരുന്നു. എന്നാൽ ഭക്ഷണമെന്നാൽ അരിയാണെന്ന സമവാക്യം രൂപീകരിക്കുന്നതിനു മുൻപ് എന്തുമാത്രം ഭക്ഷണം കേരളം ഉത്പാദിപ്പിച്ചിരുന്നു? ചക്കയും കപ്പയും മറ്റു കിഴങ്ങുകളും വിവിധ ഇലക്കറികളും എല്ലാം തന്നിരുന്ന ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒാർമ്മ പോലും, നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് നഷ്ടമാവുകയാണ്.
ഭക്ഷണമെന്നത് ഒരു പൊതു ഒാർമ്മയുടെ ഭാഗമാണ്. ഒാരോ ഭക്ഷണത്തിന്റെയും ഉത്പാദനരീതികളും മണവും രുചിയുമെല്ലാം ഒരു വ്യക്തിയുടെ മനസ്സിൽ മാത്രമല്ല ഉള്ളത്. ഒരു പ്രദേശത്തിന്റെ, സമൂഹത്തിന്റെ മനസ്സുകളിൽ നിലനിൽക്കുന്ന ഒന്നാണ് ഭക്ഷണബോധം. അത് ചുറ്റുപാടുമുള്ള പ്രകൃതിയുമായും കാലാവസ്ഥയുമായും സംസ്കാരങ്ങളുമായൊക്കെ ബന്ധപ്പെട്ടുനിൽക്കുന്ന ഒരു കാര്യം കൂടിയാണ്. അതിന്റെ തുടർച്ച അതിനാൽ ഭക്ഷ്യസുരക്ഷക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ചും കാലാവസ്ഥാമാറ്റത്തിന്റെയും കാർഷിക വ്യവസായവൽക്കരണത്തിന്റെയും ഇൗ കാലഘട്ടത്തിൽ. കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തും ഇൗ തുടർച്ച നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട യഥാർത്ഥ അരിയുടെ രുചി, കപ്പയുടെ രുചി, ചക്കയും മാങ്ങയും തരുന്ന സുരക്ഷയുടെയും ആനന്ദത്തിന്റെയും രുചി ഇവയെല്ലാം തന്നെ ഭക്ഷ്യസുരക്ഷയുടെ വ്യത്യസ്ത തലങ്ങളാണ്. എന്നാൽ പുതിയ ഭക്ഷ്യസുരക്ഷാ ബില്ലും ഉത്പാദനത്തെക്കുറിച്ചോ കർഷകനെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഒരു ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ ഇൗ ബിൽ കേരളത്തിന് അതിപ്രധാനമാണ്. ഇല്ലെങ്കിൽ വീണ്ടും കേരളം വഴുതിവീഴുക ഭക്ഷണം ഇറക്കുമതി ചെയ്യേണ്ടുന്ന/ഇരക്കേണ്ടുന്ന ഒരു അവസ്ഥയിലേക്കാണ്.
മാറ്റത്തിന്റെ വഴി
കേരളത്തിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാർഷികമേഖലയെ പുഷ്ടിപ്പെടുത്താൻ ഒരു വഴിയേയുള്ളൂ, അത് ജൈവകൃഷിയുടെ വഴിയാണ്. മൂന്നു കാരണങ്ങളാണ് ഇതിനടിസ്ഥാനം. ഒന്ന് – ജൈവകൃഷിയിലൂടെ പ്രകൃതിസുരക്ഷ ഉറപ്പാക്കാൻ കഴിയുന്നു. രണ്ട് – കർഷകന്റെ അന്തസ്സ് കൂടുന്നു. മൂന്ന് – കൃഷി സാമ്പത്തികമായി നന്നാകുന്നു. ഇത് വിശദമാക്കാം. കേരളത്തിലെ ജൈവ കർഷകരെ മാറ്റി നിറുത്തിയാൽ മറ്റു കർഷകരെല്ലാം തന്നെ വിത്തും വളവും കീടനാശിനികളും മാർക്കറ്റിൽ നിന്നു വാങ്ങി കൃഷി ചെയ്യുന്നവരാണ്. സാമ്പത്തികമൂല്യമുള്ള ഒന്നോ രണ്ടോ വിളകൾ മാത്രം കൃഷി ചെയ്യുന്നവരുമാണ്. തുടർച്ചയായ വളപ്രയോഗവും രാസകീടനാശിനികളുടെ ഉപയോഗവും മൂലം മണ്ണും, കൃഷിക്കാധാരമായ ജൈവവൈവിധ്യവും ഏറെക്കുറെ നശിച്ചു കഴിഞ്ഞു. വെള്ളവും മണ്ണും ഇതുകാരണം മലിനമായതായി പഠനങ്ങൾ തന്നെ പറയുന്നു. മണ്ണിന്റെ ഉത്പാദനക്ഷമത കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതുമൂലം കർഷകന് സാമ്പത്തികമായി നഷ്ടമുണ്ടാകുന്നു.
ആധുനിക കൃഷി ചെയ്യുന്ന കർഷകർ വല്ലാത്തൊരു അടിമത്തത്തിലേക്കാണ് വീണിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും പരാശ്രയരായിത്തീർന്നിരിക്കുന്ന ഇവരുടെ നില ദയനീയമാണ്. സർക്കാരിന്റെ സബ്സിഡിയില്ലെങ്കിലോ മാർക്കറ്റ് കനിഞ്ഞില്ലെങ്കിലോ ഇവർക്ക് നിലനിൽപ്പില്ല. ഇത് അവരുടെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണ്. അന്തസ്സില്ലാത്ത, വരുമാനമില്ലാത്ത പ്രവർത്തി ചെയ്യാൻ ആർക്കാണ് താൽപര്യമുണ്ടാവുക? എന്നാൽ ജൈവകൃഷിയിലേക്ക് തിരിയുന്ന കർഷകർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും താൽപര്യവും കൂടുതലാളുകളെ ഇൗ മേഖലയിലേക്ക് ആകർഷിക്കുന്നതായി കാണാൻ സാധിക്കും. ഒരുപാട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജൈവകൃഷിയിലേക്കെത്തുന്നത് അവരുടെ ഉള്ളിലുള്ള ന•യുടെ മാത്രമല്ല അഭിമാനത്തിന്റെ തുടിപ്പു കൊണ്ടുകൂടിയാണ്.
മൂന്നാമതായി, ഇന്നത്തെ വളർന്നു കൊണ്ടിരിക്കുന്ന ജൈവമാർക്കറ്റ്, കർഷകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അദ്ധ്വാനിക്കാൻ തയ്യാറായ ഒരു ജൈവകർഷകന്റെ അടുത്തേക്ക് ഉപഭോക്താക്കളോ, ചെറുകിട ജൈവസംരഭകരോ എത്തിക്കൊണ്ടിരിക്കുകയാണ്. നല്ല വില നൽകി ഇവരുടെ കാർഷികോത്പന്നങ്ങൾ വാങ്ങാൻ ഒരു വിഭാഗം ഉപഭോക്താക്കൾ തയ്യാറാകുന്നുണ്ട്. ഇത് ജൈവകർഷകർക്ക് സാമ്പത്തികഭദ്രതയും ഉറപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പരന്നു കിടക്കുന്ന ഒാരോ ചെറിയ ടൗണിലും ഒാരോ ജൈവ ചന്ത ആരംഭിക്കാവുന്നതേയുള്ളൂ. ചുറ്റുപാടുമുള്ള കർഷകരെ സഹായിക്കാൻ ഏറ്റവും നല്ല വഴി ഇതാണ്. ഇൗ കാലഘട്ടത്തിന് അനുയോജ്യമായ വഴിയും ഇതാണ്. ലോകത്ത് പൊതുവിൽ നടക്കുന്നൊരു ചർച്ച, എങ്ങനെ ഭക്ഷണത്തിന്റെ സഞ്ചാരം കുറയ്ക്കാം എന്നാണ്. പ്രാദേശിക ഉത്പാദനവും പ്രാദേശിക മാർക്കറ്റുകളും ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ ഇൗയൊരു മാറ്റത്തിന് വളരെ അനുകൂലമാണ്. ഉയർന്ന സാക്ഷരത, കീടനാശിനികളെക്കുറിച്ചുള്ള അവബോധം, ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ, ഭക്ഷ്യോത്പാദനത്തിന്റെ കുറവ് ഇവയെല്ലാം തന്നെ ഇൗ സുപ്രധാന മാറ്റത്തിന് സഹായകരമാണ്.
ഭക്ഷ്യപരമാധികാരത്തിലേക്ക്
കേരളത്തിന് ഭക്ഷ്യസുരക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. നമ്മുടെ മാർക്കറ്റുകൾ മുഴുവൻ ഭക്ഷണസാധനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ ഭക്ഷ്യക്ഷാമം എന്ന സംഗതി ഒരു ചരിത്രമായി മാറിയെന്നും തോന്നാം. എന്നാൽ എത്രപേർക്ക് ഇൗ പൊതു മാർക്കറ്റിൽ നിന്ന് അവനവന്റെ കുടുംബത്തിന് ആവശ്യമുള്ളത്ര ഭക്ഷണസാധനങ്ങൾ വാങ്ങാൻ സാധിക്കുന്നുണ്ടെന്ന് ചോദിച്ചാൽ അതിന് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയില്ല. പ്രത്യേകിച്ചും 2008-നു ശേഷം ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരവും പ്രശ്നമാണ്. മാരകകീടനാശിനികളുടെ അവശിഷ്ടം തൊട്ട് പല കലർപ്പുകളാലും മാർക്കറ്റിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ മുഴുവനും തന്നെ നമ്മുടെ ആരോഗ്യത്തെ തകരാറിലാക്കുന്നവയാണ്. സർക്കാർ സബ്സിഡിയോടെ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽപ്പോലും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരുണ്ട്. റേഷൻ കടകളിലും ഏറെ അനശ്ചിതത്വം നിലനിൽക്കുന്നു. പരിമിതമായ സാധനങ്ങളേ ഇവിടെ നിന്ന് ലഭിക്കുകയുള്ളൂ.
ഇതെല്ലാം കാണിക്കുന്നത് കേരളത്തിന് യഥാർത്ഥ ഭക്ഷ്യ സുരക്ഷയില്ല എന്നു തന്നെയാണ്. ആവശ്യമുള്ളതിന്റെ 10-15 ശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനത്തിന് തെരഞ്ഞെടുക്കാനുള്ള അവസരം കുറവായിരിക്കും. അടുത്ത കാലത്ത് നടന്നൊരു പഠനം കാണിച്ചത് തമിഴ്നാട്ടിൽ നിന്നു വരുന്ന പച്ചക്കറികളിൽ കേരളത്തിൽ ഉണ്ടാക്കുന്ന പച്ചക്കറികളേക്കാൾ വളരെ കൂടുതൽ കീടനാശിനി അവശിഷ്ടം ഉണ്ട് എന്നാണ്. ഇത് തെളിയിക്കുന്നത് നമ്മുടെ തൊട്ടടുത്ത് വിളയുന്ന ഭക്ഷ്യവിഭവങ്ങളെ മാത്രമേ നമുക്ക് വിശ്വസിക്കാൻ കഴിയൂ എന്നാണ്. ഇതിലൂടെ മാത്രമേ ഭക്ഷ്യപരമാധികാരം നമുക്ക് ഉറപ്പാക്കാനാകൂ. ഇതുണ്ടെങ്കിൽ മാത്രമേ യഥാർത്ഥ ഭക്ഷ്യസുരക്ഷ ഒരു പ്രദേശത്തിനു ലഭിക്കൂ. എന്നാൽ കൃഷി ചെയ്യാനും നില നിൽക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഇൗ അവസ്ഥ സംജാതമാകൂ. ഇത് ഒരുക്കുന്നതിൽ സർക്കാരിനു മാത്രമല്ല സംഘടനകൾക്കും, വിദേശമലയാളികൾക്കും, സ്ഥാപനങ്ങൾക്കുമെല്ലാം വലിയ ഉത്തരവാദിത്ത്വമുണ്ട്.
യഥാർത്ഥ ഭക്ഷ്യസുരക്ഷ ലഭിക്കണമെങ്കിൽ നമുക്കു വേണ്ട ഭക്ഷണം അതാതു കാലത്ത് ഉത്പാദിപ്പിക്കാൻ കഴിയണം. കേരളം പോലെ ഇത്ര മഴയും സൂര്യപ്രകാശവും ജൈവവൈവിധ്യവും ഉള്ള ഒരു പ്രദേശത്തിന് ഇത് സാധിച്ചെടുക്കാവുന്നതേയുളളൂ. പുതിയ പഠനങ്ങൾ പറയുന്നത് ചെറുകിട കൃഷിയിടങ്ങളാണ് കൂടുതൽ ഉത്പാദനക്ഷമം എന്നാണ്. അഞ്ചു സെന്റിൽ നിന്ന് നാലു പേരടങ്ങുന്ന കുടുംബത്തിനു വേണ്ട പച്ചക്കറി വർഷം മുഴുവൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തിരുവനന്തപുരം ജില്ലയിലെ ഒരു കർഷകൻ കാണിച്ചു തന്നത് ഒാർത്തു പോകുകയാണ്.
എന്തുകൊണ്ട് ജൈവകൃഷി?
1978-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പേര് ‘എണ്ണ തിന്നുന്നു’ എന്നായിരുന്നു. 1973-ൽ ലോകത്തുണ്ടായ എണ്ണ പ്രതിസന്ധിയെ തുടർന്ന് നടന്ന പഠനമാണ് ഇൗ പുസ്തകത്തിന് ആധാരമായത്. നമ്മുടെ ആഹാരവ്യവസ്ഥ എത്രമാത്രം പെട്രോളിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഇതിൽ പ്രതിപാദിച്ചിരുന്നത്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. 2,000 ആയപ്പോഴേക്കും ഇൗ ആശ്രിതത്വം ലോകത്ത് മുഴുവനുമായി. 1978-ൽ നിന്ന് നമ്മൾ ഒരു പാഠവും ഉൾക്കൊണ്ടില്ല എന്നർത്ഥം. ഇന്ന് ലോകത്തുള്ള ആഹാരവ്യവസ്ഥ (തീരെ അവികസിത പ്രദേശങ്ങളൊഴികെ) പൂർണ്ണമായും പെട്രോളിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തീർത്തും പുനർനിർമ്മിക്കാൻ കഴിയാത്ത ഒരു വിഭവത്തെ ആശ്രയിച്ച് എഴുനൂറു കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ക്രമീകരിച്ചിരിക്കുന്നതിനെ കുറിച്ച് ഒന്നാലോചിച്ച് നോക്കുക.
ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ഇന്നു നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ്. ഭൂമിയുടെ ചൂട് കൂടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഏറെക്കുറെ എല്ലാവർക്കുമറിയാം. എന്നാൽ ഇതിലേറ്റവും പ്രധാനം കാലാവസ്ഥാ മാറ്റത്തിൽ കൃഷിയുടെ പങ്ക് എന്തെന്ന് അറിയുകയാണ്. ഇന്ന് കൃഷിയിലെ പ്രധാന ഘടകങ്ങളായ രാസവള-കീടനാശിനി നിർമ്മാണം പെട്രോളിനെയും പ്രകൃതിവാതകത്തെയും ആശ്രയിച്ചിരിക്കുന്നു. അതുപോലെ ജലസേചനം, നടീൽ, കൊയ്ത്ത്, ഭക്ഷ്യസംസ്ക്കരണം, വിതരണം, പാക്കേജിംഗ് ഇവക്കെല്ലാം തന്നെ പെട്രോൾ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. ഇത്തരത്തിൽ പെട്രോളിയം ധാരാളമായി ഉപയോഗിക്കുന്ന ഇന്നത്തെ കൃഷി സ്വാഭാവികമായും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഏകദേശം 25 ശതമാനത്തോളം ഹരിതഗൃഹവാതകങ്ങൾ കൃഷിയിൽ നിന്നു പുറത്തു വരുന്നു എന്നാണ് കണക്ക്. മറുവശത്ത് ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കൃഷിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയും ചെയ്യുന്നു. പരിസ്ഥിതിനാശം, ജലദൗർലഭ്യം, വെളളപ്പൊക്കം, മണ്ണൊലിപ്പ്, കീട-രോഗാക്രമണം തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ ഭക്ഷ്യരക്ഷയ്ക്കിന്നൊരു ഭീഷണിയാണ്. പാരിസ്ഥിതിക തകർച്ചയും പെട്രോളിന്റെ ലഭ്യതക്കുറവും ഒത്തു ചേർന്ന് ഭാവിയിൽ ഒരു വലിയ ഭക്ഷ്യപ്രതിസന്ധി തന്നെ സംജാതമായേക്കാം. ഇതിനൊരു പരിഹാരം ജൈവകൃഷി മാത്രമാണ്. പുനരുജ്ജീവന ശേഷിയുള്ള വിഭവങ്ങളിന്മേലുള്ള ആശ്രിതത്വമാണ്.
വിത്തിൻമേലുള്ള പരമാധികാരം
ഒരു പ്രദേശത്തിന്റെ കൃഷി അടിമുടി മാറ്റപ്പെടുമ്പോൾ വിത്തുകൾക്കും നാശമുണ്ടാകുന്നു. കർഷകരുടെ കൈകളിലൂടെ, തലമുറകളിലൂടെ സംരക്ഷിക്കപ്പെട്ടു വന്ന വിത്തിന്റെ നാശം ഒരു ദേശത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കിയേക്കാം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ പരിശോധിച്ചാൽ വിത്തിന്മേൽ കർഷകന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഒരു ചിത്രം കാണാൻ കഴിയും. വിത്തുകൾ കയ്യിലുള്ള കർഷകൻ നിരാശയിലേക്ക് വീഴാറില്ലെന്ന് ചരിത്രം പറയുന്നു.
ഇതു പറയുമ്പോൾ കേരളത്തിന്റെ അവസ്ഥ, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ വിത്തുകളെ സംബന്ധിച്ചിടത്തോളം വളരെ ദയനീയമാണെന്ന് കൂടി പറയേണ്ടി വരും. ഹരിതവിപ്ലവം ഉണ്ടാക്കിയ പാരിസ്ഥിതിക ദുരന്തത്തിൽ ഏറ്റവും പ്രധാനം വിത്തുകളുടെ നാശമാണ്. ഒരു ലക്ഷത്തോളമുണ്ടായിരുന്ന നാടൻ നെൽവിത്തുകൾ ഇന്ന് നാമമാത്രമായി ചുരുങ്ങിയത് കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽതന്നെ മൂവായിരത്തിലധികമുണ്ടായിരുന്ന നെൽവിത്തുകളിൽ ഇന്ന് കണ്ടെത്താൻ കഴിയുന്നത് കഷ്ടിച്ച് നൂറോളം എണ്ണമാണ്. ഇത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഏഷ്യയിൽ തന്നെയും കാർഷികവൈവിധ്യത്തിനേൽപ്പിച്ച ആഘാതം പഠനവിഷമാക്കേണ്ടതാണ്. ഇൗ നാശം കൃഷിയുടെ മാത്രമല്ല കർഷകന്റെയും നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളവൽക്കരണകാലത്ത് വിത്തുകളുടെ നാശത്തിന്റെ വേഗതയും വർദ്ധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സംഭവിച്ചതിനേക്കാൾ കഠിനമാണ് ആധുനിക കാലത്തെ നാശത്തിന്റെ രീതികൾ. കാർഷിക-രാസവ്യവസായികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഒരു ഉദാഹരണം മാത്രം പറയാം. പരുത്തി കർഷകർ എല്ലാക്കാലത്തും അധികാരവടംവലിയിൽ കഷ്ടപ്പെട്ടിട്ടുള്ളവരാണ്. ഇന്ത്യയിലെ പരുത്തി കർഷകരുടെ കയ്യിൽ ഒരു കാലത്ത് അയ്യായിരത്തിലധികം പരുത്തി വിത്തിനിങ്ങളുണ്ടായിരുന്നു. തൊണ്ണൂറുകളിൽ ഹൈബ്രിഡ് വിത്തുകളുടെ വരവോടെ ഇവ അപ്രത്യക്ഷമാകാൻ തുടങ്ങി. 1998 മുതൽ അനധികൃതമായും 2002 മുതൽ സർക്കാരിന്റെ അനുമതിയോടെയും ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തിക്കൃഷി വ്യാപിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ മൊൺസാന്റോയും ഇന്ത്യൻ കമ്പനിയായ മഹികോയും ഒത്തു ചേർന്ന് ശ്രമമാരംഭിച്ചു. വെറും പത്ത് വർഷം കൊണ്ട് പരുത്തിക്കർഷകന്റെ വിത്തിന്മേലുള്ള പരമാധികാരം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ന് കർഷകന് കൃഷി ചെയ്യണമെങ്കിൽ പരുത്തി വിത്തിനായി മൊൺസാന്റോ-മഹികോ കമ്പനികളെ ആശ്രയിച്ചേ പറ്റൂ. സർക്കാരിനെ സ്വാധീനിച്ച് മറ്റു പരുത്തി വിത്തുകളെല്ലാം മാർക്കറ്റിൽ നിന്നും നമ്മുടെ കാർഷികഗവേഷണ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു നീക്കാൻ മൊൺസാന്റോക്ക് കഴിഞ്ഞു. ഇന്ന് ആന്ധ്ര, മഹാരാഷ്ട്ര സർക്കാരുകൾ തന്നെ ഇൗ അവസ്ഥയിൽ വേവലാതി പൂണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് പോലും കർഷകനു വേണ്ട വിത്ത് കൊടുക്കാൻ കഴിയുന്നില്ല. ഇൗ ദുരവസ്ഥയിലേക്ക് മറ്റു പ്രധാന വിളകളെയും കർഷകനെയും എത്തിക്കാനുള്ള ശ്രമങ്ങൾ വിവിധ വൻകിട വിത്തു കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു.
നെൽവിത്തുകളുടെ സംരക്ഷണം
ഇന്ത്യയുടെ നെൽവിത്തുകളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചത് ഡോ. റിച്ചാറിയ എന്ന ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ നെല്ലറയായ ഛത്തീസ്‌ഗഡ് ഒറീസ്സാ പ്രദേശത്തായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പത്തൊൻപതിനായിരത്തോളം നെൽവിത്തുകളാണ് ഇൗ പ്രദേശത്തു നിന്നു മാത്രം അദ്ദേഹം ശേഖരിച്ചത് . ഒടുവിലത് റായ്‌പൂരിലെ കാർഷിക സർവകലാശാലയിലെത്തി. പത്തു വർഷം മുൻപ് ഇൗ വിത്തുകളുടെമേൽ അവകാശം സ്ഥാപിക്കാനായി സ്വിറ്റ്സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻജന്റ എന്ന കമ്പനി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. രസകരമായിരുന്നു ഇവരുടെ വാദം. നെല്ലിലെ ജീനുകളെക്കുറിച്ച് (പാരമ്പര്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന കണങ്ങൾ) അവർ ഗവേഷണം നടത്തിയെന്നും അവയെ തിരിച്ചറിയുകയും ചെയ്തുവെന്നും അതിനാൽ നെല്ലിന്റെമേൽ അവർക്കാണ് അവകാശം എന്നുമായിരുന്നു വാദം. കൂടാതെ ഇതിനകം ജനിതക പരിവർത്തന പ്രക്രിയയിലൂടെ അവർ പുതിയ നെൽവിത്തുകൾ ഉണ്ടാക്കാനുള്ള ഗവേഷണം തുടങ്ങുകയും ചെയ്തിരുന്നു. സുവർണ്ണനെല്ല് അഥവാ ഗോൾഡൻ റൈസ് എന്ന പേരിൽ ഒരു ജി.എം. (ജനറ്റിക്കലി മോഡിഫൈഡ് അഥവാ ജനിതകമാറ്റം വരുത്തിയ) വിത്ത് ഏഷ്യയിലെ കൃഷിയിടങ്ങളിൽ ഇറക്കാനായി കഴിഞ്ഞ പത്തു വർഷങ്ങളായി അവർ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഇക്കാലത്ത് കച്ചവടത്തിന്റെ വഴികൾ വ്യത്യസ്തമാണ്. ധാർമ്മികതയുടെ യാതൊരു അടയാളവും ബാക്കിവക്കാത്ത വൻകിട കച്ചവടക്കമ്പനികൾ സർക്കാരുകളുടെ നയങ്ങളെ തിരുത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഉത്പന്നത്തിന്റെ ഗുണത്തിലൂടെ മാർക്കറ്റ് പിടിച്ചടക്കുന്ന പഴയ തന്ത്രങ്ങൾ മാറിക്കഴിഞ്ഞു.
2004-ൽ ലോകഭക്ഷ്യസംഘടനയെത്തന്നെ കൂട്ടുപിടിച്ച് സിൻജന്റ എന്ന ബഹുരാഷ്ട്ര കമ്പനി രണ്ടാം അന്താരാഷ്ട്ര നെൽവർഷം ആഘോഷിച്ചു. ഗോൾഡൻ നെല്ലിനെക്കുറിച്ചു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏഷ്യയിലെ കർഷകർ ഇൗ പരിപാടിയിൽ ക്ഷണിതാക്കൾ പോലുമായിരുന്നില്ല. ഇതിനെതിരെ ഏഷ്യയിലെ കർഷകർ ശക്തമായി തന്നെ പ്രതികരിച്ചു. ഫിലിപ്പീൻസിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും തായ്ലന്റിലെയും കർഷകരും വിവിധ സംഘടനകളും ചേർന്ന് നെല്ല് തങ്ങളുടെ ജീവനാണെന്നും അത് ഏഷ്യയുടെ പൈതൃകമാണെന്നും പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഒരു ശില്പശാല സംഘടിപ്പിക്കാൻ തണൽ മുൻകയ്യെടുക്കുകയും ഒരുപാടാളുകൾ അതുമായി സഹകരിക്കുകയും ചെയ്തു. കൊച്ചിയിലെ കുമ്പളങ്ങിയിൽ വച്ചായിരുന്നു ഇൗ ശില്പശാല നടന്നത്. പത്തോളം സംസ്ഥാനങ്ങളിൽ നിന്നായി കർഷകരും വിത്ത് സംരക്ഷകരും വിദഗ്ധരും പങ്കെടുത്ത ഇൗ ശില്പശാല ഇന്ത്യയിലെ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കുമെന്നും നെൽകൃഷി പ്രകൃതിസൗഹൃദപരമാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പിരിഞ്ഞത്. ‘നമ്മുടെ നെൽകൃഷി നമുക്കു തന്നെ സംരക്ഷിക്കാം’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നാരംഭിച്ച സേവ് അവർ റൈസ് ക്യാംപെയ്ൻ ഇന്ന് അഞ്ചോളം സംസ്ഥാനങ്ങളിൽ ശക്തമാണ്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം എണ്ണൂറോളം നെൽവിത്തുകൾ സംരക്ഷിക്കപ്പെട്ടു വരുന്നു.
ഇതുപോലെ ദേശീയതലത്തിൽ മറ്റൊരു കൂട്ടായ്മയും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ പേരിൽ നെല്ലും ഗോതമ്പും പ്രോത്സാഹിപ്പിക്കപ്പെട്ടപ്പോൾ പുറംതള്ളപ്പെട്ട ചെറുധാന്യങ്ങളെ സംരക്ഷിക്കാനായി വളർന്നുവന്ന ഇൗ കൂട്ടായ്മ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ ഇന്ന് സജീവമാണ്. ഇൗ കൂട്ടായ്മക്ക് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്ലിനെ അല്പമെങ്കിലും സ്വാധീനിക്കാനായി എന്നത് ശ്രദ്ധേയമാണ്. ഇനി മുതൽ റേഷൻകടകളിലൂടെ അരിയും ഗോതമ്പും മാത്രമല്ല റാഗിയും പാവപ്പെട്ടവർക്ക് ലഭിക്കും.
കാർഷിക വികസനത്തിന് അഗ്രോ ഇക്കോളജി
2010-ലും 2011-ലും അന്താരാഷ്ട്ര തലത്തിൽ രണ്ടു റിപ്പോർട്ടുകൾ പുറത്തിറങ്ങി. നാന്നൂറോളം ശാസ്ത്രജ്ഞർ അഞ്ചു വർഷം തുടർച്ചയായി ലോകത്തിലെ കാർഷിക മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്ന് അവരെത്തിച്ചേർന്നത്, കാലങ്ങളായി കാർഷിക പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും പരീക്ഷണം നടത്തുകയും ചെയ്ത ‘ആധുനിക ജൈവകൃഷി വിദഗ്ധർ’ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കുതന്നെയാണ്. ആൽബർട്ട് ഹൊവാർഡ്, മസനോബു ഫുക്കുവോക്ക, ബിൽ മോളിസൺ, ഭാസ്കർ സാവെ, നമ്മാൾവർ, സുഭാഷ് പലേക്കർ, വന്ദനശിവ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ മുമ്പോട്ടുവച്ച വിവിധ ആശയങ്ങളെ ഉൗട്ടിയുറപ്പിക്കുന്നതാണീ റിപ്പോർട്ട്. മണ്ണിനെയും വിത്തുകളെയും നന്നാക്കുന്ന, വെള്ളവും ഉൗർജ്ജവും കാര്യക്ഷമമായി ഉപയോഗിക്കുന്ന, കർഷകരുടെ ആത്മവിശ്വാസവും വരുമാനവും വർദ്ധിപ്പിക്കുന്ന ജൈവ കാർഷിക രീതികൾ ഭക്ഷ്യ ഉത്പാദനത്തെ രണ്ടോ മൂന്നോ ഇരട്ടി വർദ്ധിപ്പിക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കാർഷികവ്യവസായ മുതലാളിമാർക്ക് ഇൗ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും എെക്യരാഷ്ട്രസഭ ഇൗ റിപ്പോർട്ട് അംഗീകരിക്കുകയും ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അതുപോലെത്തന്നെ സുപ്രധാനമായൊരു റിപ്പോർട്ടാണ് ലോകഭക്ഷ്യ സംഘടനയിലെ ഭക്ഷ്യാവകാശ കമ്മീഷണറായ ഡോ. ഒലിവർ ഡീ ഷൂട്ടറിന്റേത്. 2011-ലാണ് അദ്ദേഹം ഇൗ റിപ്പോർട്ട് സമർപ്പിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന വ്യത്യസ്ത തരം (സർക്കാർ-സർക്കാരിതര) കാർഷിക പദ്ധതികൾ പരിശോധിച്ചതിനു ശേഷമാണ് അദ്ദേഹം ഇൗ റിപ്പോർട്ട് തയ്യാറാക്കിയത്. ചുരുക്കത്തിൽ അദ്ദേഹം പറയുന്നത് അഗ്രോ ഇക്കോളജി അഥവാ കാർഷിക പരിസ്ഥിതി സമീപനത്തിലൂടെ മാത്രമേ സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനാവൂ എന്നാണ്. ഇതിനായി കർഷകരും കാർഷിക ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വികസ്വര-അവികസിത രാജ്യങ്ങളുടെ കാർഷിക നയങ്ങൾ ഇൗ സമീപനത്തിലേക്ക് മാറണം എന്നാണ് ഒലിവർ ഡി ഷൂട്ടർ പറയുന്നത്. പല സർക്കാരുകളും അദ്ദേഹത്തെ തങ്ങളുടെ കാർഷിക നയരൂപീകരണത്തിൽ സഹായിക്കാനായി ക്ഷണിക്കുമ്പോഴും ഇന്ത്യയിലെ കൃഷി മന്ത്രാലയത്തിനോ കാർഷിക ആസൂത്രണ വിദഗ്ധർക്കോ ഇൗ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല.
ഒൗദ്യോഗികമായി ഒരു ജൈവകൃഷിനയം സ്വീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് കർഷകർ, പ്രത്യേകിച്ചും ചെറുപ്പക്കാർ ജൈവകൃഷിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിന്റെ ഭാവിസുരക്ഷ ഇൗ കർഷകരുടെ കൈകളിലാണുള്ളത്.