ഒരു കാലത്ത് പെന്‍ഷനേഴ്സ് പാരഡൈസ്, ഗാര്‍ഡന്‍ സിറ്റി എന്നൊക്കെ അറിയപ്പെട്ടിരുന്ന ബാംഗ്ലൂര്‍ നഗരം ട്രാഫിക് ബ്ലോക്കുകളുടെയും മാലിന്യങ്ങള്‍ നിറഞ്ഞ തടാകങ്ങളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയി. ബാംഗ്ലൂര്‍ ഹൊസൂര്‍ ഹൈവേയില്‍ ഉള്ള ഇലക്ട്രോണിക് സിറ്റി ഇന്ന് ഒരു ഐടി പാര്‍ക്ക് ആണ്. നിരവധി കമ്പനികളും ബഹുനില അപ്പാര്‍ട്ട്മെന്‍റുകളും ഉള്ള ഇവിടം ഒരു കാലത്ത് ചതുപ്പു നിലങ്ങളും തടാകങ്ങളും മാത്രമായിരുന്നു. ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്ന മാരഗൊണ്ടനഹള്ളി എന്ന ഗ്രാമത്തെ നിയോ ടൗണ്‍ എന്ന വാണിജ്യ നഗരം വിഴുങ്ങി. കൊച്ചി നഗരം കമ്മട്ടിപ്പാടത്തോട് ചെയ്തത് ബാംഗളൂര്‍ നഗരം മാരഗൊണ്ടനഹള്ളിയോട് ചെയ്തു. അവിടെ കെട്ടിടങ്ങളും കമ്പനികളും ഉയര്‍ന്നു. ഒരു കാലത്ത് നാനാജാതി പറവകളുടേയും സര്‍വ്വോപരി മാരഗൊണ്ടനഹള്ളിയിലെ ജനങ്ങളുടെയും ആശ്രയമായിരുന്ന മാരഗൊണ്ടനഹള്ളി കെരെ (തടാകം എന്നതിന്‍റെ കന്നഡ വാക്ക്) ഒരു മാലിന്യ കൂമ്പാരമായി മാറി. മലിനജലം മാത്രം നിറഞ്ഞ തടാകത്തില്‍ കളകള്‍ വന്ന് മൂടി നായകളും പന്നികളും വിഹരിക്കുവാന്‍ തുടങ്ങി. അങ്ങിങ്ങായി ചെറിയ കയ്യേറ്റങ്ങളും കൂടി ആയപ്പോള്‍ ആ തടാകത്തിനും മരണമണി മുഴങ്ങാന്‍ തുടങ്ങി.
ഈ സമയത്താണു വേണുഗോപാല്‍ എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഇലക്ട്രോണിക് സിറ്റി നിയോ ടൗണിലേക്ക് വരുന്നത്. ഇദ്ദേഹം നമുക്കെല്ലാം ഒരു പ്രചോദനമാണ്. മാലിന്യങ്ങള്‍ നിറഞ്ഞു പലപ്പോഴും അഗ്നിബാധ വരെ ഉണ്ടാകുന്ന ബെലന്ദൂര്‍ തടാകത്തിന്‍റെ അവസ്ഥ അയല്‍പക്കത്തെ തടാകത്തിന് ഒരിക്കലും ഉണ്ടാകരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അയാള്‍ ഒറ്റയ്ക്ക് മാരഗൊണ്ടനഹള്ളിയിലെ തടാകം വൃത്തിയാക്കാന്‍ ഇറങ്ങി.
ആദ്യത്തെ മൂന്നു മാസം വളരെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സ്വന്തം കയ്യിലെ പണം ചെലവാക്കി പണിയായുധങ്ങളും ഉപകരണങ്ങളും വാങ്ങി ഒറ്റയ്ക്ക് മാലിന്യങ്ങള്‍ നിറഞ്ഞ തടാകം നന്നാക്കാന്‍ തുടങ്ങി. പലപ്പോഴും റിയല്‍ എസ്റ്റേറ്റ് ഗുണ്ടകളും മറ്റും ഭീഷണിപ്പെടുത്താന്‍ വരെ തുടങ്ങി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ കഠിനാദ്ധ്വാനത്തിനു ഫലം കിട്ടിത്തുടങ്ങി. തടാകം കണ്ടാല്‍ മനസ്സിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ കൂടെ അയല്‍വാസികളും മറ്റു നാട്ടുകാരും ചേര്‍ന്നു. തങ്ങളുടെ അയല്‍പക്കത്ത് മനോഹരമായ ഒരു തടാകം ഉണ്ട് എന്ന് മറ്റുള്ളവരും മനസ്സിലാക്കി തുടങ്ങി. അതിനു മുന്‍പ് കളകളും ചവറുകളും നിറഞ്ഞ ആ പ്രദേശം തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. പരസ്യമായി മദ്യപിക്കാന്‍ സ്ഥലത്തെ ഗുണ്ടകള്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു അത്.
‘പണ്ട് ഇവിടെ കുടിയന്മാര്‍ മാത്രം വരുന്ന പ്രദേശം ആയിരുന്നു. ഇന്ന് ഇവിടെ ആള്‍ക്കാര്‍ കുടുംബത്തോടെ വന്നു പ്രകൃതി ഭംഗി ആസ്വദിക്കുന്നു’ വേണുഗോപാല്‍ പറഞ്ഞു. ഹുളിമംഗല പഞ്ചായത്തില്‍ നിന്നും തടാകം വൃത്തിയാക്കാന്‍ അനുമതി ലഭിക്കാന്‍ തന്നെ ഇദ്ദേഹം കുറെ കഷ്ടപ്പെട്ടു.
ഒരു പുഴയിലോ കുളത്തിലോ മാലിന്യം എറിയണം എങ്കില്‍ ആരോടും ചോദിക്കേണ്ട, എറിഞ്ഞാല്‍ തന്നെ ആരും ഒന്നും പറയില്ല. പക്ഷേ, ഈ തടാകം ഒറ്റയ്ക്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ അനവധി ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം സമാധാനം പറയേണ്ടി വന്നു. പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് അദ്ദേഹം പിന്നീട് ജോലി തുടര്‍ന്നത്. തടാകത്തിന്‍റെ ശരിക്കും ഉള്ള അവസ്ഥ വേണു ഉദ്ദേശിച്ചതിലും മോശമായിരുന്നു.
ചിക്പേട്ടില്‍ നിന്നും 13,000 രൂപയില്‍ അധികം ചെലവാക്കിയാണ് കുളം വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങിയത്. എംബെഡഡ് സിസ്റ്റത്തില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് ഈ വലിയ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തന്നെ ആദ്യം കുറെ കഷ്ടപ്പെടേണ്ടി വന്നു. ഈ സാധനങ്ങള്‍ തകരാര്‍ ആയാല്‍ നന്നാക്കുവാനും വേണു പിന്നീട് പഠിച്ചു. മൂന്നു മാസം കൊണ്ട് അഞ്ഞൂറ് മീറ്ററോളം ദൂരത്തില്‍ വളര്‍ന്ന കളകളെ യന്ത്രങ്ങള്‍ കൊണ്ട് നീക്കം ചെയ്തു. അതിനു ശേഷമാണ് മറ്റുള്ളവര്‍ ഈ ദൗത്യത്തില്‍ വേണുവിനെ സഹായിക്കാന്‍ ഇറങ്ങിയത്. ഏറ്റവും രസകരമായ വസ്തുത മുതിര്‍ന്ന ആള്‍ക്കാര്‍ വേണുവിനെ സഹായിക്കാന്‍ വരുന്നതിനു മുന്നേ തന്നെ അയല്‍പക്കത്തെ കുട്ടികള്‍ അദ്ദേഹത്തോടൊപ്പം കൂടി എന്നതാണ്.
ഒരു ദിവസം ഒരു ലോക്കല്‍ ഗുണ്ട വേണുവിനെ തല്ലാന്‍ വരെ ഇറങ്ങിയതാണ്. പിറ്റേന്ന് പോലീസില്‍ ഒരു പരാതി എഴുതിക്കൊടുത്ത് വീണ്ടും വേണു ഈ ജോലി തുടര്‍ന്നു. സ്വാഭാവികമായും കുറച്ച് ദിവസത്തിനുള്ളില്‍ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണം വേണുവിനു ലഭിച്ചു. ഈ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നാട്ടുകാര്‍ എല്ലാവരും വന്നു തടാകക്കരയില്‍ തണല്‍ മരങ്ങള്‍ നട്ടു. മാരഗോണ്ടനഹള്ളി ലേക്ക് എന്നത് ചുരുക്കി ലേക്ക് മാര്‍ലി (Lake Marli) എന്നാണ് ഇന്ന് ഈ തടാകം അറിയപ്പെടുന്നത്. ഇനിയും കൂടുതല്‍ നവീകരണ ജോലികള്‍ ഇപ്പോഴും ഇവിടെ നടക്കുന്നു. ഇന്ന് ബാംഗ്ളൂരിലെ പക്ഷി നിരീക്ഷകര്‍ക്കും വളരെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറി.
പിന്‍കുറിപ്പുകള്‍:
- ആന്ധ്രാപ്രദേശിലെ നിസാമാബാദ് സ്വദേശിയായ വേണുഗോപാല്‍ ഇപ്പൊള്‍ ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ താമസിക്കുന്നു. ലേക്ക് മാര്‍ലിക്ക് സമീപം. ഇമെയില്‍ വിലാസം: venugopalkompally@gmail.com
- ലേഖനത്തില്‍ പരാമര്‍ശിച്ച ബെലന്ദൂര്‍ തടാകം, ബാംഗ്ളൂര്‍ നഗരത്തിന്‍റെ തെക്കു-കിഴക്ക് ഭാഗത്താണ്. ബാംഗ്ളൂരിലെ ഒരു പക്ഷേ, ഇന്ത്യയിലേയും ഏറ്റവും മലിനമായ തടാകങ്ങളില്‍ ഒന്നായി ഇന്നും ഇത് തുടരുന്നു. പലപ്പോഴും അവിടെ പതഞ്ഞു പൊങ്ങുന്ന രാസ വസ്തുക്കളില്‍ അഗ്നിബാധ ഉണ്ടാകാറുണ്ട്.
- കൂട്ടുകാരുമായി ചേര്‍ന്ന് വേണു ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ബോട്ട് നിര്‍മ്മിച്ചിട്ടുണ്ട്, ആ ബോട്ടാണ് ഇപ്പോള്‍ തടാകം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്.
- ഇന്ന് പതിനേഴ് ഏക്കര്‍ വിസ്താരമുള്ള മാര്‍ലി തടാകത്തില്‍ അറുപതോളം ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.