• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
അഭിമുഖം
August 2017

Home » അഭിമുഖം » വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ

വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ

ദിലീപ് അന്തിക്കാട്

അഭിമുഖം: ടി.എൻ.എ. പെരുമാൾ | ദിലീപ് അന്തിക്കാട്

TNA Perumal

ബട്ടർ ഫ്ളൈ ആർട്ട് ഫൗണ്ടേഷന്റെ ഫോട്ടോഗ്രാഫി ക്യാമ്പിൽ കഴിഞ്ഞ മൂന്നു വർഷമായി പങ്കെടുക്കുന്ന എനിക്ക് ഇത്തവണത്തെ തട്ടേക്കാട് ക്യാമ്പിൽ പങ്കെടുക്കുവാൻ പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ സന്തോഷം, ആഗോളതലത്തിൽ വന്യജീവി ചിത്രീകരണ രംഗത്ത് ഭാരതത്തിന്റെ സംഭാവനയായ ടി.എൻ.എ. പെരുമാൾ സർ ഇൗ ക്യാമ്പിൽ പങ്കെടുക്കുന്നു എന്നുള്ളതായിരുന്നു. വളരെ നാളുകളായി ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം നേതൃത്വം നൽകുന്ന ക്യാമ്പിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുക എന്നുള്ളത് എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു.
ഇന്ത്യയിൽ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ തുടക്കക്കാരിൽ ഇന്ന് ജീവിച്ചിരിക്കുന്ന പെരുമാൾസാറിനോട് “കൂടിനു” വേണ്ടി സംസാരിക്കാനും അദ്ദേഹത്തിന്റെ ആദ്യകാല വന്യജീവി ഫോട്ടോഗ്രാഫി അനുഭവങ്ങൾ കേൾക്കുവാനും വായനക്കാരുമായി പങ്കുവക്കുവാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. വനത്തെയും വന്യജീവികളെയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിനുവേണ്ടി വേട്ടക്കാരുടെ കൂടെ ഉൾക്കാടുകളിലേക്കുള്ള യാത്രകളിൽ തുടർച്ചയായി പങ്കാളിയായി. ഇൗ യാത്രകളിലെല്ലാം തന്നെ കണ്ട വനവന്യതയുടെ മനോഹാരിത ക്യാൻവാസിൽ ആക്കുന്നതിനുള്ള അടങ്ങാത്ത ആഗ്രഹം ആണ് ചിത്രകല അറിയാത്ത അദ്ദേഹത്തെ ഫോട്ടോഗ്രാഫിയുടെ സാധ്യതകളിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ശ്രീ. ടി.എൻ.എ. പെരുമാൾ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ജീവിതം തുടങ്ങുന്നത് പുലി വേട്ടക്കായുള്ള ഒരു യാത്രയിൽ വിഖ്യാത ഫോട്ടോഗ്രാഫർ ആയ എഡ്വേർഡിനെ കണ്ടു മുട്ടുന്നതിലൂടെയാണ്. 1960-ലെ ഇൗ കൂടിച്ചേരൽ ആണ് ഇദ്ദേഹത്തിന്റെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി ജീവിതത്തിന്റെ തുടക്കം കുറിക്കാൻ ഇടവരുത്തിയത്. നാട്ടുകാർക്ക് ശല്യക്കാരനായ ഒരു പുലിയെ തുരത്തുന്നതിനായുള്ള ശ്രമത്തിനിടെയാണ് ഇൗ ഒത്തുചേരലുണ്ടായത് എന്നുള്ളത് കൗതുകം ജനിപ്പിക്കുന്നതാണ്. 1932-ൽ തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം പഠനത്തിനു ശേഷം ഒരു റേഡിയോ എഞ്ചിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹവുമായുള്ള അഭിമുഖത്തിലെ ചില പ്രധാന ഭാഗങ്ങൾ വായനക്കാരുമായി പങ്കുവക്കുന്നു.

Leopard / TNA Perumal

ചോ: ഒരു നല്ല വന്യജീവി ഫോട്ടോഗ്രാഫർ ആവാൻ എന്തു ചെയ്യണം?
ഒരു നല്ല വന്യജീവി ഫോട്ടോഗ്രാഫർ ആവുന്നതിനുള്ള ആദ്യ പടി ഒരു ഉത്തമ പ്രകൃതി സ്നേഹി ആവുക എന്നുള്ളതാണ്. നമ്മൾ ചിത്രീകരിക്കുന്ന ജീവിയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കുന്നത് അതിന്റെ ഏറ്റവും നല്ല ചിത്രങ്ങൾ എടുക്കുന്നതിന് ഉപകരിക്കും. ആദ്യമായി മൂങ്ങയുടെ പറക്കുന്ന ചിത്രം എടുക്കാൻ ഏകദേശം മുപ്പത്താറു ദിവസങ്ങൾ എനിക്ക് ചെലവഴിക്കേണ്ടി വന്നത് ആ പക്ഷിയുടെ ജീവിതരീതി, പെരുമാറ്റം, കൂട്ടിലേക്കുള്ള പോക്കുവരവ് എന്നിവ സൂക്ഷ്മമായി പഠിക്കുന്നതിന് വേണ്ടിയാണ്. അതിലും ഉപരിയായി വന്യജീവികളുടെ സ്വഭാവസവിശേഷതകൾ, പ്രതികരണ രീതികൾ എന്നിവ മനസ്സിലാക്കുന്നത് അപകടങ്ങൾ ഒഴിവാക്കുന്നതിനും അപൂർവ്വവും മനോഹരങ്ങളുമായ ചിത്രങ്ങൾ ലഭിക്കുന്നതിനും നമ്മെ സഹായിക്കും. വേറെ കുറുക്കുവഴികൾ ഒന്നും തന്നെ പറഞ്ഞു തരുവാനില്ല. സ്വയം സമർപ്പണത്തോടെ ഉള്ള നിരന്തര പരിശ്രമം ഏറ്റവും നല്ല ചിത്രങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും.

ചോ: ഒരു നല്ല വന്യജീവി ചിത്രം എന്നത് എന്താണ്?
സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ, അവയുടെ ജീവിത ഭാവങ്ങൾ, അതും ഏറ്റവും ഉചിതമായ ക്യാൻവാസിൽ, നിറങ്ങളും നിഴലുകളും ഉപയോഗിച്ച് ചിട്ടയോടെ പകർത്ത പ്പെടുമ്പോഴാണ് ഒരു നല്ല വന്യജീവി ചിത്രം പിറക്കുന്നത്.

ചോ: ഒരു നല്ല ചിത്രം പകർത്തുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
ഏറ്റവും സുപ്രധാനമായത് ലഭ്യമായ വെളിച്ചത്തിന്റെ ശരിയായ ഉപയോഗമാണ്. രണ്ടാമത് ശരിയായ കോമ്പോസിഷൻ. മൂന്നാമതായി ജീവികളുടെ എെ-ലെവലിൽ നിന്ന് തന്നെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുക. അത് ജീവിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ സഹായിക്കും.
വന്യജീവിയുടെ സ്വാഭാവികമായ ഭാവങ്ങളും സവിശേഷതകളും ആയിരിക്കണം ഒരു നല്ല ചിത്രത്തിൽ പ്രതിഫലിക്കേണ്ടത്. അതായത് ജീവശാസ്ത്രപരമായതും, സാങ്കേതികമായതും കലാമൂല്യമുള്ളതുമായ വശങ്ങൾ ഏറ്റവും നല്ല അളവിൽ ഉണ്ടായിരിക്കണം. അവസാനമായി, ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിമിതി മനസ്സിലാക്കി ഉചിതമായ സമയത്ത് ക്ലിക്ക് ചെയ്യുക എന്നുള്ളതാണ്.

ചോ: അപൂർവ്വ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
അത്യപൂർവ്വ അവസരങ്ങളിൽ നിങ്ങളുടെ ക്യാമറ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അഭികാമ്യമല്ല. അത് അവസരങ്ങൾ നഷ്ടപ്പെടുത്താനേ ഇടവരുത്തൂ. ക്യാമറയുടെ ഏതേതു ക്രമീകരണങ്ങളിൽ ഏതേതു തരത്തിൽ ഉള്ള ചിത്രങ്ങൾ ലഭിക്കും എന്നുള്ള സമ്പൂർണ്ണ അറിവ് ഉണ്ടായിരിക്കണം. അങ്ങിനെ വീണ്ടുമൊരിക്കലും ലഭിക്കാൻ ഇടയില്ലാത്ത ഫ്രെയിമുകൾ നഷ്ടപ്പെടുത്താതിരിക്കാം. അത് കൂടാതെ ലഭ്യമായ വെളിച്ചത്തെക്കുറിച്ചുള്ള ബോധ്യം, കണക്കുകൂട്ടൽ, കമ്പോസിംഗ്, കൈവിറക്കാതെ ഉള്ള ക്യാമറയുടെ പ്രവർത്തനം, കൃത്യമായ മുഹൂർത്തത്തിൽ ഉള്ള ക്ലിക്ക് എന്നിവയും സുപ്രധാനമായ ഘടകങ്ങൾ ആണ് .

ചോ: അങ്ങയുടെ ആദ്യകാല അനുഭവങ്ങൾ ആധുനികകാല ഫോട്ടോഗ്രാഫി ചരിത്രവും ആയി സമരസപ്പെടുന്നുണ്ടോ?
ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപ്രമാണങ്ങൾ മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റ് ആയി ബന്ധപ്പെട്ടതായിട്ടാണ് ഉള്ളത്. ഇന്ന് കളർ/ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ എന്നുവരികിലും ഫോട്ടോഗ്രാഫി പഠനത്തിന് അടിസ്ഥാനം ബ്ലാക്ക് ആന്റ് വൈറ്റ് തന്നെ ആണ്. ഇന്നത്തെ മെമ്മറി കാർഡുകൾക്ക് പകരം പഴയ കാലത്ത് ഫിലിമുകൾ ആണ് ഉപയോഗിച്ചിരുന്നത്. ഉപയോഗത്തിനുള്ള സൗകര്യം ഫിലിമിനെക്കാൾ ഡിജിറ്റൽ കാമറകൾക്ക് ആണെങ്കിലും പ്രിന്റുകളുടെ ക്വാളിറ്റിയിലും ആയുസ്സിലും ഇന്നത്തെക്കാൾ ഒട്ടും പുറകിലല്ല പഴയകാല പ്രിന്റുകൾ എന്ന് എനിക്ക് പറയാൻ കഴിയും. ഉദാഹരണത്തിനായി ഞാൻ അമ്പതു വർഷം മുമ്പ് പ്രിന്റ് ചെയ്ത മൂങ്ങയുടെ ചിത്രം ഇന്നും ജീവൻ ഒട്ടും നഷ്ടപ്പെടാതെ തന്നെ നിലനിൽക്കുന്നുണ്ട്.

ചോ: പുതിയ ഉപകരണങ്ങൾ ഫോട്ടോഗ്രാഫിയെ എങ്ങിനെ സഹായിക്കുന്നു?
പഴയകാലത്തെ ഗ്രഫ്ലെക്സ് (Graflex Camera) പോലെ ഉള്ള ക്യാമറകൾ ഒരു എലിപ്പെട്ടിയുടെ രൂപത്തിലും പ്രവർത്തന രീതിയിലും ഉള്ളതായിരുന്നു. രണ്ടു ഷട്ടറുകൾ ഉള്ള അത്തരം ക്യാമറകൾ പ്രവർത്തിക്കുമ്പോൾ വളരെ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിപ്പിക്കുമായിരുന്നു. അത്തരം ശബ്ദകോലാഹലങ്ങൾ വന്യജീവികളെ ഞങ്ങളിൽ നിന്നും അകറ്റുമായിരുന്നു. എന്നാൽ പുതിയ ക്യാമറകൾക്ക് ഇത്തരത്തിലുള്ള ന്യൂനതകൾ കുറവാണ്. തികച്ചും അത്യാധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള പുതിയ കാമറകളുടെ പ്രചാരം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയെ ജനകീയവൽക്കരിക്കാൻ ഉപകരിച്ചിട്ടുണ്ട്.

ചോ:ഇൗ മേഖലയിലേക്ക് വരുന്ന പുതിയ ആളുകൾക്ക് ഉള്ള സന്ദേശം?
നല്ല ഉപകരണങ്ങൾ വാങ്ങി അത് വീട്ടിൽ വച്ചാൽ കാമറ തനിയെ പോയി ചിത്രങ്ങൾ എടുക്കുകയില്ല എന്ന് ഒാർക്കുക. ഒാരോരുത്തർക്കും ലഭ്യമായ ഉപകരണങ്ങളുടെ സാദ്ധ്യതകൾ മുഴുവനും ഉപയോഗപ്പെടുത്തിയത്തിനു ശേഷം മാത്രമേ പുതിയ ഉപകരണങ്ങൾക്കായി ശ്രമിക്കേണ്ടതുള്ളു. കീശയുടെ വലിപ്പം, ശരിയായ ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കി വേണം ഉപകരണങ്ങൾ സ്വന്തമാക്കാൻ. പ്രകൃതിയുടെ സൗന്ദര്യം പകർത്തുക എന്നതോടൊപ്പം പ്രകൃതിനിയമങ്ങൾ എങ്ങിനെ ക്രമീകരിച്ചിരിക്കുന്നു എന്നുള്ളതും ശരിയായ അർത്ഥത്തിൽ അറിഞ്ഞിരിക്കണം. വന്യജീവികളോടും ആവാസവ്യവസ്ഥയോടും നിങ്ങൾക്കുള്ള അളവറ്റ ബഹുമാനവും സ്നേഹവും ആകണം നിങ്ങളുടെ ചിത്രങ്ങളിൽ പ്രതിഫലിക്കേണ്ടത്.

“ഞാൻ ബഹുമാനിക്കുന്നു വന്യജീവികളെ ബഹുമാനിക്കുന്ന ഫോട്ടോഗ്രാഫർമാരെ” (ടി.എൻ. എ. പെരുമാൾ)

Tags: BAF, Butterfly-art-foundation, camera, forest, india, lens, perumal, photographer, Photography, photography-tips-in-malayalam, T.N.A. Perumal, thattekad, TNA Perumal, Wildlife

Related Stories

പാഠം ഒന്ന്; പച്ച

പൂട്ടിപ്പോവുമായിരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയത്തെ ഒരു ജാലവിദ്യക്കാരനെപ്പോലെ കേരളത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ജൈവവൈവിദ്ധ്യ ഉദ്യാനമാക്കി മാറ്റിയ മോഹൻദാസ് മാഷുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.

ചിപ്‌ക്കൊ എന്ന മൂന്നക്ഷരം

പശ്ചിമഘട്ട രക്ഷായാത്രയുടെ ഉത്തരമേഖലാ യാത്ര, മഹാരാഷ്ട്രയിലെ നവാപ്പൂരിൽ വെച്ച്, 1987 നവംബർ ഒന്നിന്, ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ എന്ന് അനുപം മിശ്ര വിശേഷിപ്പിക്കുന്ന ചണ്ഡിപ്രസാദ് ഭട്ട് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എഴുപത്തൊമ്പതുകാരനായ അദ്ദേഹം ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച് ഇൗ അഭിമുഖത്തിൽ സംസാരിക്കുന്നു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine