• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Cover Story
June 2020

Home » Cover Story » പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ

പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ

സി. സുശാന്ത്
പാലുവള്ളി യുപി സ്‌കൂൾ കുട്ടികൾ കല്ലാറിൽ -2003

പ്രകൃതി എന്നും നമ്മിൽ വിസ്മയമുണർത്തുന്ന അത്ഭുതപ്രതിഭാസമാണ്. തൂവൽ കുപ്പായക്കാരായ പക്ഷികളും വർണ്ണ പതംഗങ്ങൾ വിടർത്തി പാറിനടക്കുന്ന ചിത്രശലഭങ്ങളും തുമ്പികളും മറ്റു ജന്തു സസ്യജാലങ്ങളുമൊക്കെ പ്രകൃതി സഞ്ചാരിയെ സംബന്ധിച്ച് എന്നുമവനിൽ കൗതുകം നിറച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി നിരീക്ഷണത്തിന്റെ താക്കോൽ നമുക്ക് കരഗതമായാൽ പ്രകൃതിയുടെ അനന്ത വിസ്മയങ്ങൾ ഓരോന്നായി നമുക്കു മുന്നിൽ തെളിയുകയായി.  അത്തരത്തിൽ 30 വർഷത്തോളമായി പ്രകൃതി വിസ്മയങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സംഘം പക്ഷി- പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാർബ്ലേർസ് ആൻഡ് വേഡേഴ്സ്. ഈ സംഘടനയുടെ ചെറു ചരിത്രത്തിലൂടെയും പിന്നിട്ട നാഴികക്കല്ലുകളിലൂടെയും ഒരു തിരിഞ്ഞുനോട്ടം.

വിവിധ സർവേ റിപ്പോർട്ടുകൾ

1986-1987 കാലഘട്ടത്തിലാണ് നീർപക്ഷികളുടെ വാർഷിക കണക്കെടുക്കുന്ന ഏഷ്യൻ നീർപക്ഷി സെൻസസ് (Asian waterfowl census) ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം പക്ഷി “ഭ്രാന്ത്” (കടപ്പാട് ഇന്ദുചൂഡൻ) തലക്ക് പിടിച്ചു യുവാക്കളും ആവേശപൂർവ്വം ഈ സെൻസസിൽ പങ്കെടുക്കുകയുണ്ടായി. തുടർന്നുള്ള വർഷങ്ങളിലും ഇവർ ഒത്തുകൂടി തിരുവനന്തപുരത്തെ ആക്കുളം, വേളി, അരുവിക്കര ഡാമിന്റെ കാച്ചമെന്റ് ഏരിയ, ഉള്ളൂരിലെ കൊറ്റില്ലം (ഇന്നില്ല) പുഞ്ചക്കരി-വെള്ളായണി കായൽ, കൊല്ലത്തെ അഷ്ടമുടിക്കായലിലെ കണ്ടച്ചിറ, ശാസ്താംകോട്ടയിലെ കാരാളി ചതുപ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദേശാടകരും, സ്വദേശികളുമായ നീർപക്ഷികളുടെ കണക്കെടുത്തു. ഈ പക്ഷിനിരീക്ഷണ സംഘത്തിലെ മുതിർന്നവരായ എസ് രാജീവൻ, ആർ ജയപ്രകാശ്, ലേഖകൻ എന്നിവർ ഒത്തുകൂടി പക്ഷിനിരീക്ഷണത്തിന് 1987-ൽ രൂപം നൽകി. സംഘത്തിന് “വാർബ്ലേർസ്”(പാടും കുരുവികൾ) എന്ന് പേരുമിട്ടു.

വിവിധ സർവ്വേ റിപ്പോർട്ടുകൾ

കേരളത്തിലെ പക്ഷി നിരീക്ഷകരുടെയും, പരിസ്ഥിതി പ്രവർത്തകരുടെയും ആചാര്യനായ പ്രൊഫസർ കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡനോട്‌ സംഘടന രൂപീകരിച്ച വിവരമറിയിച്ചു. അപ്പോൾ അദ്ദേഹം തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടമാണെന്നും  തണ്ണീർതടങ്ങൾ കൂടി സംരക്ഷിക്കുന്ന തരത്തിൽ ഒരു പേരിടുന്നതാവും ഉചിതമെന്ന് വ്യക്തമാക്കി. അങ്ങിനെ കാനനവാസികളായ പാടും കുരുവികളായ “വാർബ്ലേർസ്”നോടൊപ്പം തണ്ണീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നീർപക്ഷികളായ  ‘വേഡേർസ്’ ഉം  ചേർത്ത് സംഘടനയ്ക്ക് ‘വാർബ്ലേർസ് ആൻഡ് വേഡേഴ്സ്’ എന്ന് നാമകരണം ചെയ്തു. “ഹരിതാഭ നിലനിർത്തൂ,  തണ്ണീർത്തടങ്ങൾ  സംരക്ഷിക്കൂ” എന്ന മുദ്രാവാക്യവുമായി’ ‘വാർബ്ലേർസ് ആൻഡ് വേഡേഴ്സ്’ ഔപചാരികമായി പ്രവർത്തനമാരംഭിച്ചു.

സേവ് പുഞ്ചക്കരി പദയാത്ര -2003

1992 ജൂൺ 14ന് ഇന്ദുചൂഡൻ സാറിന്റെ വിടവാങ്ങൽ വലിയ ശൂന്യതയാണ് കേരളത്തിലെ പക്ഷി-പ്രകൃതി പരിസ്ഥിതി പ്രവർത്തകരിൽ സൃഷ്ടിച്ചത്. 1992 ആഗസ്റ്റ് 23ന് വാർബ്ലേർസ് ആൻഡ് വേഡേഴ്സിന്‍റെ ആഭിമുഖ്യത്തിൽ ഇന്ദുചൂഡനെ അനുസ്മരിച്ചുകൊണ്ട് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ പ്രൊഫസർ എസ് ഗുപ്തൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മുതിർന്ന പക്ഷി നിരീക്ഷകനും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ഛായാഗ്രഹകനുമായ പികെ ഉത്തമൻ ആണ് വാർബ്ലേർസ് ആൻഡ് വേഡേഴ്സിനെ പൊതുജനസമക്ഷം അവതരിപ്പിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഇന്ദുചൂഡൻ അനുസ്മരണത്തോടൊപ്പം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർമാരായ ടി എൻ എ പെരുമാൾ, പി കെ ഉത്തമൻ, എം ബാലൻ, സുരേഷ് ഇളമൺ, കെ വി മനോജ്, സാലി പാലോട് തുടങ്ങിയവരുടെ പക്ഷി, ചിത്രശലഭ, വന്യജീവി ചിത്രങ്ങൾ ഉൾപ്പെടുത്തി ഫോട്ടോ പ്രദർശനം നടത്തി വന്നു.

ചെന്തുരുണി 10th Annual-Bird survey-2004

1995 വാർബ്ലേർസ് ആൻഡ് വേഡേഴ്സിന്  പുതിയ വഴിത്താര തുറന്നുകൊടുത്ത വർഷമായിരുന്നു. പക്ഷിനിരീക്ഷണത്തിൽ നിന്നും പക്ഷി പഠനങ്ങളിലേക്കുള്ള ചുവടുമാറ്റം നടത്തിയത് ഈ വർഷമായിരുന്നു.  കേരള വനം-വന്യജീവി വകുപ്പിന്റെ പൂർണ്ണ പിന്തുണയോടെ വനാന്തരങ്ങളിലും വന്യജീവി സങ്കേതങ്ങളിലും, പക്ഷിസങ്കേതങ്ങളിലും, റിസർവ് വനാന്തരങ്ങളിലും പക്ഷി സർവേകൾ നടത്തി പഠനറിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. വയനാട് വന്യജീവി സങ്കേതം (1995), വാഴച്ചാൽ-അതിരപ്പിള്ളി (1995-2000, 2016-2017), തട്ടേക്കാട് പക്ഷിസങ്കേതം  (1999), പേപ്പാറ വന്യജീവി സങ്കേതം (2002-2003) നെയ്യാർ വന്യജീവി സങ്കേതം (2002-2005) കോന്നി റിസർവ് വനാന്തരങ്ങൾ (2013-2015), ഇടുക്കി വന്യജീവിസങ്കേതം (2017), ചെന്തുരുണി വന്യജീവി സങ്കേതത്തിൽ തുടർച്ചയായി 19 വർഷം (1995 2014) വാർഷികപക്ഷി സർവ്വേ നടത്തി വാർബ്ലേർസ് ആൻഡ് വേഡേഴ്സ് പുതിയൊരു ചരിത്രം സൃഷ്ടിച്ചു.

Student participants of Butterfly India Meet-2006

ഭാരതത്തിലെ ചിത്രശലഭ നിരീക്ഷകരെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ആശയത്തോടെ ഭാരതത്തിൽ തന്നെ ആദ്യമായി ചിത്രശലഭനിരീക്ഷകരുടെ സംഗമം (Butterfly India Meet) വാർബ്ലേർസ് ആൻഡ് വേഡേഴ്സും ബട്ടർഫ്ലൈ ഇന്ത്യ യാഹൂ ഗ്രൂപ്പും വനംവകുപ്പിന്റെ പിന്തുണയോടെ ചെന്തുരുണി വന്യജീവി സങ്കേതത്തിൽ 2005 ൽ ചേരുകയുണ്ടായി. ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 25ഓളം ചിത്രശലഭ നിരീക്ഷകർ ഈ സംഗമത്തിൽ ഒത്തുകൂടി അനുഭവങ്ങൾ പങ്കുവെച്ചു. പ്രമുഖ ചിത്രശലഭ ഗവേഷകരായ കിഷൻദാസ്, കൃഷ്ണമേഘ് കുന്തെ, ഇ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ഈ സംഗമത്തിൽ യുവാക്കളോടൊപ്പം ചിത്രശലഭനിരീക്ഷണത്തിൽ പങ്കെടുത്തു. ഇതേ മാതൃകയിൽ 2015 ലും 2016 ലും വാഴച്ചാൽ-അതിരപ്പിള്ളിയിലും അരിപ്പ അമ്മയമ്പലം പച്ച-ചെന്തുരുണിയിലും യഥാക്രമം ചിത്രശലഭനിരീക്ഷകരുടെ സംഗമം സംഘടിപ്പിച്ചു. ഈ ചിത്രശലഭസംഗമങ്ങൾക്ക് ഹിമാലയൻ ചിത്രശലഭഗവേഷകനും ഉത്തരാഖണ്ഡിലെ ബട്ടർഫ്ലൈ റിസർച്ച് സെൻറർ ഡയറക്ടറുമായ പീറ്റർ സ്പെറ്റ ചെക്ക് നേതൃത്വം നൽകി.

പെരിങ്ങമല സർവ്വേ

പക്ഷി പഠനങ്ങൾക്കു പുറമേ ചിത്രശലഭങ്ങളെകുറിച്ചും തുമ്പികളെക്കുറിച്ചും ഉഭയജീവികളെ ക്കുറിച്ചും നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിവരുന്നു. കുട്ടികളെ പ്രകൃതിയിലേക്ക് ആകർഷിക്കുവാൻ ഏറ്റവും സഹായകമാകുന്നത് വർണ്ണച്ചിറകുകൾ വീശി പുൽനാമ്പുകളെയും പൊന്തകളെയും തഴുകി പറക്കുന്ന ചിത്രശലഭങ്ങളാണ്.

Participants of Buttterfly India Meet-2006

ചിത്രശലഭങ്ങളുടെയും പൂത്തുമ്പികളടെയും പിറകെ പായാത്ത ഒരു ബാല്യം ഇല്ലല്ലോ. ബാംഗ്ലൂരിലെ അശോകട്രസ്റ്റിന്റെ (ATREE) പിന്തുണയോടെ കേരളത്തിലാദ്യമായി വിദ്യാർത്ഥികളിൽ പ്രകൃതിനിരീക്ഷണവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനായി തിരുവനന്തപുരത്തെ ലയോള സ്കൂളിലും പ്രാന്തപ്രദേശമായ പാലോടിലെ പാലുവള്ളി യുപി സ്കൂളിലും ചിത്രശലഭോദ്യാനങ്ങൾ ആരംഭിച്ചു.  വാർബ്ലേർസ് ആൻഡ് വേഡേഴ്സ് 2002 ൽ തുടക്കമിട്ട ചിത്രശലഭോദ്യാനം പ്രവർത്തനങ്ങൾ ഇന്ന് മറ്റു പരിസ്ഥിതി സംഘടനകൾ ഏറ്റെടുത്തു കേരളത്തിലുടനീളം സ്കൂളുകളിൽ ചിത്രശലഭോദ്യാനങ്ങൾ സ്ഥാപിച്ചുവരുന്നു.
വാർബ്ലേർസ് ആൻഡ് വേഡേഴ്സ് പക്ഷിനിരീക്ഷണത്തിന് പുറമേ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും ഏർപ്പെടുകയുണ്ടായി.

കല്ലാർ സമരം-1997

1990 കളുടെ മദ്ധ്യത്തിൽ കല്ലാർ-പൊന്മുടി വനാന്തരങ്ങളെ ജലസമാധിയിലാഴ്ത്തുമായിരുന്ന വാമനപുരം ജലസേചനപദ്ധതിക്കെതിരെ വർഷങ്ങളോളം നീണ്ട കല്ലാർ ഗ്രാമവാസികളുടെ പോരാട്ടത്തിനൊപ്പം  ചേർന്ന് സമരം വിജയത്തിലെത്തിച്ചു.  ആക്കുളം കായൽ നികത്തുന്നതിനെതിരെയും തിരുവനന്തപുരത്തെ പ്രധാന ശുദ്ധജലസ്രോതസ്സായ വെള്ളായണി കായൽ സംരക്ഷിക്കുന്നതിനും, ശാസ്താംകോട്ട കായൽ സംരക്ഷിക്കുന്നതിനും ഗ്രാമവാസികളേയും പരിസ്ഥിതി പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രക്ഷോഭങ്ങളും പദയാത്രകളും നടത്തുകയുണ്ടായി. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരെ മറ്റു പരിസ്ഥിതി സംഘടനകൾ നടത്തിയ പ്രക്ഷോഭ പരിപാടികളിൽ വാർബ്ലേർസ് ആൻഡ് വേഡേഴ്സിന് സജീവ പങ്കാളിത്തമുണ്ടായിരുന്നു.  തിരുവനന്തപുരത്തെ പാലോടിലെ ഓട് ചുട്ട പടുക്കയിലെ വന്യജാതിക്ക ചതുപ്പുകൾ നികത്തി ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ഗ്രാമവാസികളും പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ സമരത്തിന് വാർബ്ലേർസ് ആൻഡ് വേഡേഴ്സിന് സമ്പൂർണ പിന്തുണ നൽകുകയും അതീവ ജൈവപ്രാധാന്യമുള്ള ഈ വന്യജാതിക്ക ചതുപ്പിലെ പക്ഷികളെയും ചിത്രശലഭങ്ങളെയും തുമ്പികളെയും കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾ നടത്തി ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോന്നി പക്ഷി സർവ്വേ

പെരിങ്ങാമലയിലെ മാലിന്യ പ്ലാൻറ് സമരത്തിലും 2018 -2019 വാർബ്ലേർസ് ആൻഡ് വേഡേഴ്സ് പങ്കെടുക്കുകയും ഇവിടത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും വാർബ്ലേർസ് ആൻഡ് വേഡേഴ്സ് പക്ഷി നിരീക്ഷണങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായി തുടരുകയാണ്. ഡോ.അഭിരാം ചന്ദ്രൻ, ഡോ.കൃഷ്ണകുമാർ തുടങ്ങിയ യുവ നേതൃത്വത്തിന് കീഴിൽ മുതിർന്ന അംഗങ്ങളുടെ പിന്തുണയോടെ കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്ര തുടരുന്നു. സമാനചിന്താഗതിക്കാരുമായി ഒത്തുചേർന്നുള്ള പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ തുടരുന്നു. അടുത്തടുത്തുള്ള പ്രളയങ്ങൾ സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്നും കേരളത്തെ മുക്തമാക്കുവാനുള്ള പ്രവർത്തനങ്ങളും അഭംഗുരം തുടരുന്നു

ആക്കുളം നീർപക്ഷി സെൻസസ് -2019

Tags: Birds, Kerala

Related Stories

തുലാത്തുമ്പികളുടെ ദേശാടനം

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കിയിരുന്നത്. എന്നാൽ വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്.

മനുഷ്യനും പ്രകൃതിയും തമ്മിൽ

ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്...

പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടുമ്പോൾ

യഥാർത്ഥത്തിൽ എന്താണ് വികസനം? വൻകിട പദ്ധതികൾ കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്?

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • ഗരുഡശലഭം
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഹിമശൈല സൈകതഭൂമിയിൽ…
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine