“നിങ്ങൾ പരിസ്ഥിതി പ്രവർത്തകർ ഏസി മുറികളിലിരുന്ന് പ്രസ്താവനകൾ ഇറക്കുന്ന മാംസാഹാരികളാണ്.”
“പ്രകൃതിസ്നേഹം പറഞ്ഞുകൊണ്ടിരുന്നാൽ മനുഷ്യരാശി പുറകോട്ട് പോയി പോയി ഗുഹാമനുഷ്യരായി കഴിയേണ്ടി വരും.”
പ്രകൃതിക്ക് വേണ്ടി എവിടെയെങ്കിലും സംസാരിക്കേണ്ടി വന്നിട്ടുള്ളവർ ഇതിലേതെങ്കിലും ഒരു ഡയലോഗെങ്കിലും കേട്ടിരിക്കും. ആ ഡയലോഗ് പറയുന്നവരോ, വലിയ വികസനവാദികൾ എന്ന് സ്വയം കരുതുന്നവരും ആയിരിക്കും. യഥാർത്ഥത്തിൽ എന്താണ് വികസനം? ഇവർ ഈ പറയുന്ന വൻകിട പദ്ധതികൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതത്തിൽ നിരവധി വന്നിട്ടും, രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? രാജ്യത്തെ താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്? പദ്ധതികൾ വരുന്നത് മൂലം ഉണ്ടാകുന്ന ആഘാതം പരിസ്ഥിതിക്ക് മാത്രമാണോ? മനുഷ്യർ പരിസ്ഥിതിയുടെ ഭാഗമേ അല്ലെ? നിരത്തിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളൊക്കെ എല്ലാവർക്കും അറിയാം, ചിലർ കണ്ണടച്ച് ഇരുട്ടാക്കുന്നെന്ന് മാത്രം. ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ അത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരെയാണ് എന്ന തിരിച്ചറിവ് മാത്രം മതി, പരിസ്ഥിതിവാദം എന്നത് മാനവികമായ കടമയാണ് എന്ന് തിരിച്ചറിയാൻ.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 1994-ലാണ് രാജ്യത്ത് പരിസ്ഥിതി ആഘാത പഠനം (Environmental Impact Assessment) ആദ്യമായി നിലവിൽ വരുന്നത്. ഇപ്പോൾ നിലവിലുള്ളത് ഇതിന്റെ 2006-ലെ പതിപ്പാണ്. ഈ വ്യവസ്ഥ പ്രകാരം, നിയമത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു പദ്ധതിക്ക് മുന്നോട്ട് പോകണമെങ്കിൽ ഒരു വിശ്വസനീയ ഏജൻസിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് (EIA report) പദ്ധതിയുടെ വ്യാപ്തിയനുസരിച്ച് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ അംഗീകരിക്കണം. നിർദ്ദിഷ്ട പദ്ധതി വരുന്നത് മൂലം പ്രദേശത്തെ ജൈവവൈവിധ്യത്തിനും മനുഷ്യരുടെ ഉപജീവനത്തിനും എന്തൊക്കെ ആഘാതം ഉണ്ടാകുമെന്നും, അത് ഒഴിവാക്കാനോ കുറയ്ക്കാനോ പദ്ധതിയുടെ ഉപജ്ഞാതാവ് എന്തൊക്കെ ചെയ്യണമെന്നും റിപ്പോർട്ട് വിശദമാക്കണം. മേൽപറഞ്ഞ ആഘാതം ഭീമമാണെങ്കിൽ പദ്ധതിക്ക് ബദൽ കണ്ടെത്തുകയാണ് വേണ്ടത്.
ഇനി വിഷയത്തിലേക്ക്. മേൽപറഞ്ഞ പരിസ്ഥിതി ആഘാത പഠനങ്ങളുടെ കാര്യത്തിൽ സമഗ്രമായ മാറ്റങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവരാൻ തയ്യാറെടുക്കുന്നത്. നിക്ഷേപകരുടെ താത്പര്യങ്ങൾക്കാണ് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം (പേര് കേട്ട് നിക്ഷേപകരെ, നിങ്ങൾ പേടിക്കേണ്ടതില്ല. ഇത് തികച്ചും കോർപറേറ്റ്-സൗഹൃദ മന്ത്രാലയമാണ്!) മുൻതൂക്കം കൊടുക്കുന്നത് എന്ന് വകുപ്പ് മന്ത്രി തന്നെ തെളിയിച്ചിട്ടുള്ളതാണ്. മുൻപൊരിക്കലും ഇല്ലാത്ത വേഗതയിലാണ് പദ്ധതികൾക്ക് ഇപ്പോൾ തന്നെ ഇദ്ദേഹം പച്ചക്കൊടി വീശുന്നത്. ഇതൊന്നും പോരാഞ്ഞിട്ടാണ്, ജനങ്ങൾ ജീവഭയത്തിൽ കഴിയുന്ന ഈ കോവിഡ് കാലത്ത് EIA ഭേദഗതിയുമായി വരുന്നത്.
ഭേദഗതിയുടെ പിശകുകൾ നോക്കാം:
1) സമയം: Timing is everything എന്നാണല്ലോ. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ EIA ഭേദഗതിയുടെ കരട് വിജ്ഞാപനം പ്രത്യക്ഷപ്പെട്ടത്. ഇതേപ്പറ്റി പ്രതികരിക്കാൻ ജനങ്ങൾക്ക് കൊടുത്ത സമയം ശരിയായില്ലെന്ന് നാനാകോണിൽ നിന്നും വിമർശനങ്ങൾ വന്നപ്പോൾ അതെല്ലാം സർക്കാർ പുച്ഛിച്ചു തള്ളി. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടാണ് സമയം നീട്ടിയത്. ഇപ്പോൾ ഓഗസ്റ്റ് 10 വരെയാണ് ജനങ്ങൾക്ക് പ്രതികരിക്കാനുള്ള സമയം.
2) അസഹിഷ്ണുത: പൊതുജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനാണ് ഭേദഗതിയുടെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ ഇട്ടത്. ഉത്ക്കണ്ഠയുള്ള ചില പ്രകൃതിസ്നേഹികൾ ഒരു ക്യാമ്പയിനായി ഇതേറ്റെടുത്ത് നൂറ് കണക്കിന് ഇമെയിലുകൾ ഇതിനെതിരെ അയച്ചു. ഫലമോ? ഡൽഹി പൊലീസ് അവരുടെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു. (സബാഷ്!)
3) രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ മാത്രമായിരിക്കില്ല ഇനി “strategic”. സർക്കാരിന് ഏത് പദ്ധതിക്കും ഈ മുദ്ര കുത്താം. പിന്നെ അവയ്ക്കൊന്നും EIA എന്ന ‘ശല്യം’ വേണ്ട.
4) പൊതുജന സംവാദം അഥവാ public consultation: പദ്ധതി നേരിട്ട് ബാധിക്കാൻ പോകുന്ന മനുഷ്യരുടെ അടിസ്ഥാന അവകാശമാണല്ലോ പദ്ധതിയുടെ വിശദാംശങ്ങൾ അറിയുക എന്നത്. 2006-ലെ വ്യവസ്ഥ പ്രകാരം പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികൾ, ഹൈവേകൾക്ക് വീതികൂട്ടൽ എന്നിങ്ങനെ 9 തരം പദ്ധതികളെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നുള്ളൂ. പുതിയ കരട് വിജ്ഞാപനം പ്രകാരം ഇത് 20 ആക്കി ഉയർത്തി. ഇതിൽ മാലിന്യ സംസ്കരണ പദ്ധതികളും ഡാം വികസനവുമെല്ലാം പെടും. കിടപ്പാടം നഷ്ടപ്പെടാൻ പോകുന്നവന്റെ വാക്ക് ഇനി ആര് കേൾക്കാൻ?
5)പദ്ധതികൾക്ക് Public hearing വേണ്ട : നിലവിൽ 30 ദിവസത്തെ സമയമാണ് ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനും ചർച്ച ചെയ്യാനും കൊടുത്തിട്ടുള്ളത്. ഇനി ഇത് 20 ദിവസമാക്കി കുറയ്ക്കും. ആദിവാദി മേഖലകളിലൊക്കെ ഒരു പദ്ധതി എന്താണെന്ന് പരസ്പരം ചർച്ച ചെയ്തും മറ്റും ജനങ്ങൾ തിരിച്ചറിഞ്ഞു വരാൻ തന്നെ ആഴ്ചകൾ എടുക്കും എന്നതോർക്കണം. പ്രതികരിക്കാൻ ജനങ്ങൾക്ക് സമയം കൊടുക്കാതിരിക്കുക എന്ന ഐറ്റം ആണ് മജീഷ്യൻ ‘ജവദേക്കർ’ ഇവിടെ അവതരിപ്പിക്കുന്നത്.
6) ഇനി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാലും കോർപ്പറേറ്റുകളെ, നിങ്ങൾ ഭയപ്പെടേണ്ട. ഇന്ത്യാ ഗവണ്മെന്റ് നിങ്ങളോട് കൂടെയുണ്ട്. പരിസ്ഥിതിവാദികളുടെ വാ മൂടാൻ നിങ്ങൾ ഒരു തുച്ഛമായ തുക ഫൈൻ അടച്ചാൽ മതി! അതായത്, ആദ്യം നിയമം ലംഘിക്കുക, എന്നിട്ട് ഫൈൻ അടക്കുക. പദ്ധതി ഏത് വന്യജീവിയെ വംശനാശത്തിലേക്ക് തള്ളി വിട്ടാലും, എത്ര പേരുടെ ജീവനോപാധി മുട്ടിച്ചാലും പിന്നീടത് നിയമാനുസൃതമായി. 2017-ൽ സർക്കാർ ഇതേ നമ്പർ ഒറ്റത്തവണ നടപടിയായി കൊണ്ടുവന്നപ്പോൾ ഹരിത ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചതാണ്.
7) ഉൾനാടൻ ജലമാർഗ്ഗ പദ്ധതികൾക്കും ഹൈവേ വികസനത്തിനും ഇനി പരിസ്ഥിതി ആഘാത പഠനങ്ങളേ വേണ്ട: പല ഹൈവേകളും ജൈവവൈവിധ്യ സമ്പന്നമായ കാടുകളിലൂടെയാണ് കടന്ന് പോകുന്നതെന്നും, പുഴകളിൽ നിന്നുള്ള മണലെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും ഓർക്കണം.
വിശാഖപട്ടണത്ത് 12 പേരുടെ മരണത്തിനിടയാക്കിയ വാതക ചോർച്ച ഉണ്ടായത് ഈ കഴിഞ്ഞ മാസമാണ്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ഉണ്ടായിരുന്നില്ല. ആസാമിലെ എണ്ണപ്പാടത്തുണ്ടായ തീപ്പിടുത്തം നൂറുകണക്കിനാളുകളെയും വന്യജീവികളെയും ദുരിതത്തിലാക്കിയ വാർത്തക്ക് ചൂടാറിയിട്ടില്ല. ഭാരത സർക്കാർ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ആയിരുന്നു പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ആ പദ്ധതി നടപ്പാക്കി വന്നത്. പരിസ്‌ഥിതി നിയമങ്ങൾ വികസനത്തെ മുരടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, പരിസ്ഥിതിക്ക് ലേശം കോട്ടം തട്ടിയാലും ജനങ്ങൾക്കൊന്നും സംഭവിക്കില്ലെന്നുമുള്ള മുരട്ട് വാദവും കൊണ്ട് ആരും വരാതിരിക്കാൻ പറഞ്ഞതാണ്.
നമ്മുടെ സംസ്‌ഥാന സർക്കാരും EIA കരട് വിജ്ഞാപനത്തിനെതിരെ ഒന്നും പറഞ്ഞു കണ്ടില്ല. കേന്ദ്ര പോളിസികളെ വിമർശിക്കാതെ, അതേപടി സ്വീകരിക്കുന്ന സർക്കാർ ഒന്നുമല്ലല്ലോ നമ്മുടേത്? വിവാദപരമായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകുമോ എന്ന ശ്രമത്തിലായിരുന്നു ഇതിനിടയിൽ കേരളാ സർക്കാർ. EIA കരട് വിജ്ഞാപനത്തിനെതിരെ ശബ്ദമുയർത്തി കണ്ട ഏക പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ മുൻ കേന്ദ്ര പരിസ്ഥിമന്ത്രി ശ്രീ ജയറാം രമേഷ് ആയിരുന്നു. കോർപറേറ്റുകളെ പ്രീതിപ്പെടുത്താൻ അന്നത്തെ രാഷ്ട്രീയ നേതൃത്വം ഇദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത് ആരും മറന്നുകാണില്ല. ജനവിരുദ്ധ-പരിസ്ഥിതിനാശക-വികസന ലോബിയുടെ ശക്തിയും വ്യാപ്തിയും നിസ്സാരമല്ല.
ശരി, ഒരു പൗരനെന്ന നിലയിൽ എന്താണ് ഇതിനെതിരെ ചെയ്യാനാവുക? EIA ഭേദഗതിയുടെ കരട് വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കിടപ്പുണ്ട്. (http://environmentclearance.nic.in/writereaddata/Draft_EIA_2020.pdf). അത് വിശദമായി പഠിച്ച്, അതൃപ്തി മന്ത്രിയെ തന്നെ എഴുതി അറിയിക്കാം. ഈ ചർച്ച മുഖ്യധാരയിലേക്ക് കൊണ്ടുവരാം, അറിയാത്തവരെ അറിയിക്കാം. പ്ലാന്റേഷനുകൾ കൂടി കണക്കിൽ ഉൾപ്പെടുത്തി “രാജ്യത്തെ വനവിസ്തൃതി കൂടി” എന്നൊക്കെയുള്ള സർക്കാരിന്റെ നാടകങ്ങൾ കൂവി തോൽപ്പിക്കാം. പരിസ്ഥിതിവാദം രാഷ്ട്രദ്രോഹമല്ല, രാഷ്ട്രസേവനമാണ്. ശുദ്ധവായുവും, മണ്ണും, ജലവും കാത്തുസൂക്ഷിക്കാനായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ലംഘിക്കരുത് എന്ന് മാത്രമാണ് നമ്മൾ സർക്കാറുകളോട് പറയുന്നത്, അവയിൽ വെള്ളം ചേർക്കരുതെന്നും.