രാജ്യങ്ങളുടെ സമ്പൽസമൃദ്ധിയോ സ്വാധീനശക്തിയോ ഭരണാധികാരികളുടെ നേതൃത്വ പാടവമോ, അടച്ചിട്ട അതിർത്തികളുടെ സന്നാഹങ്ങളോ വകവെക്കാതെ കോവിഡ് വൈറസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും സാമ്പത്തികമാന്ദ്യവും ദുരിതത്തിലാഴ്ത്തിയ രാജ്യങ്ങളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എറിയുകയാണ് ഈ മഹാമാരി. പ്രകടാഭിവാഞ്ഛയും ആസക്തികളും പ്രകൃതിയിൽ നിന്നുള്ള അകൽച്ചയും, അമിതമായ ആശ്രയത്വത്തിലേക്കും പരിസ്ഥിതി പ്രശ്നങ്ങളിലേക്കും നമ്മെ എത്തിച്ചിരിക്കുന്നു. പ്രകൃതിയുടെ ആരോഗ്യവും സമൃദ്ധിയും ജൈവവൈവിധ്യവുമെല്ലാം മനുഷ്യന്റെ ആരോഗ്യത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. കോവിഡ് കാലം ഓരോർമപ്പെടുത്തലാണ്- വികസനം എന്ന ഓമനപ്പേരിൽ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അതിരു കടക്കുന്നു എന്ന ഓർമപ്പെടുത്തൽ. 2018-ൽ മഹാപ്രളയം എന്ന പ്രകൃതിക്ഷോഭത്തിലൂടെയായിരുന്നുവെങ്കിൽ 2020-ൽ പ്രകൃതിയുടെ താളം തെറ്റലുകളിലൂടെ മാത്രമല്ല മഹാമാരികളിലൂടെയും ദുരന്തങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്നത്.
ഭക്ഷണവും വസ്ത്രവും പാർപ്പിടവും പോലെയുള്ള പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടിയുള്ള കടന്നുകയറ്റങ്ങളല്ല നമ്മൾ പലപ്പോഴും കാണുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിലേക്കുള്ള കടന്നുകയറ്റം 1976-ൽ എബോള വൈറസിനെയും മലേഷ്യൻ സൂകരാലയങ്ങളിൽ നിന്നും 2003-ൽ നിപ്പ വൈറസിനെയും, വന്യജീവികളെ മാംസ ഉപഭോഗത്തിനായി വിൽക്കുന്ന വുഹാനിലെ Exotic market 2019-ൽ കൊറോണ വൈറസിനെയും മനുഷ്യന് പരിചയപ്പെടുത്തി. അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പ്രവർത്തിക്കുന്ന അമിതലാഭം കൊയ്യുന്ന മാംസച്ചന്തകളും കശാപ്പുശാലകളും വിപണികളും പലപ്പോഴും ജന്തുജന്യ രോഗങ്ങളുടെ പ്രഭവകേന്ദ്രമാണ്. വന്യജീവികളെ വേട്ടയാടുകയും വരുതിയിലാക്കുകയും വിപണിയിലെ കച്ചവടച്ചരക്കാക്കുകയും ചെയ്ത മനുഷ്യൻ താൽകാലികമായിട്ടാണെങ്കിലും പരാജയം അറിയുന്നു- സൂക്ഷ്മദൃഷ്ടികൾ കൊണ്ടുപോലും കാണാൻ സാധിക്കാത്ത അത്ര ചെറിയ കൊറോണ എന്ന വൈറസിനോട്.
ഭൂമിയിലെ ജീവജാലങ്ങളുടേയും ഭൂരിഭാഗം ഭൂപ്രദേശങ്ങളുടേയും മേൽ മനുഷ്യന് നേരിട്ടുള്ള നിയന്ത്രണവും സ്വാധീനവുമുണ്ട്. 300 കോടി വർഷങ്ങളിലൂടെയുള്ള യാത്രയിൽ ഒരു ഏകകോശ ജീവിയിൽ നിന്നും 37.2 ട്രില്യൺ കോശങ്ങളുള്ള ഒരു പ്രപഞ്ചമായി പരിണമിച്ച ഉത്പന്നമാണ് മനുഷ്യൻ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതം നിശ്ശബ്ദത നിറഞ്ഞ ഇരുളിൽ സ്ഥിതി ചെയ്യുന്ന മനുഷ്യന്റെ തലച്ചോറാണെന്നും, ഒരു മണൽത്തരിയുടെ അത്ര പോന്ന മസ്തിഷ്ക ഭാഗത്തിന് ഏതാണ്ട് 2000 ടെറാബൈറ്റ് വിവരങ്ങൾ ഉൾക്കൊള്ളാനാകുമെന്നും “The Body – A Guide For Occupants (Bill Bryson 2019) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
അതിരുകളില്ലാത്ത ഉപഭോഗം
എങ്കിലും ഈ കരുത്തും ഊർജ്ജവും പ്രയോഗിച്ച് ജൈവചാക്രികതയിൽ നിന്നും വിഭിന്നമായ ഒരു ജീവിതശൈലിയും പെട്രോളിയം പോലെ പുനരുത്പാദനം സാധ്യമല്ലാത്ത ഒരു ഇന്ധനത്തെ ചാലക ശക്തിയാക്കിയിട്ടുള്ള ഒരു സമ്പദ് വ്യവസ്ഥയുമാണ് മനുഷ്യൻ ചിട്ടപ്പെടുത്തിയത് എന്നത് സങ്കടകരമായ യാഥാർഥ്യമാണ്. (പെട്രോളിയത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള 3 ലക്ഷത്തോളം ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്). ഇപ്പോഴത്തെ അവസ്ഥയിൽ ഏകദേശം 50 വർഷങ്ങൾ ഉപയോഗിക്കുവാനുള്ള പെട്രോളിയം ശേഖരങ്ങളേ ഭൂമിയിൽ ഉള്ളൂ. മൂലധനത്തിൽ അധിഷ്ഠിതമായ ആഗോള സാമ്പത്തിക, രാഷ്ട്രീയശക്തികൾ പ്രകൃതിയെ ഒന്നായി ഗ്രസിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അനേക കോടി വർഷങ്ങൾക്കു മുൻപ് മനുഷ്യൻ എന്ന ജീവി രംഗപ്രവേശം ചെയ്യുന്നതിനും മുൻപ് 5 വൻ വംശനാശങ്ങൾ ഭൂമിയിൽ ഉണ്ടായിട്ടുള്ളതായി ഫോസ്സിൽ പഠനങ്ങൾ തെളിയിക്കുന്നു. ഈ വംശനാശങ്ങളെല്ലാം തന്നെ പ്രകൃതി സ്വയം സൃഷ്ടിച്ച ദുരന്തങ്ങളാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹിമയുഗങ്ങളും, താപനിലയിലെ വ്യതിയാനങ്ങളും, ഭൂമിയുടെ ഫലകങ്ങളിലെ പിളർപ്പുകളുമെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രകൃതി സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ഇല്ലാതാക്കുവാനോ ചെറുക്കുവാനോ മനുഷ്യന് സാധിച്ചില്ലന്നു വരാം. പക്ഷേ മനുഷ്യനിർമ്മിത പ്രകൃതിനാശത്തിലൂടെ സ്വന്തം ഉന്മൂലനത്തിനുള്ള കാരണങ്ങൾ സ്വയം സൃഷ്ടിക്കുകയാണ് ഇന്ന് നാം ചെയ്യുന്നത്.
മനുഷ്യകുലത്തിന്റെ തന്നെ ചൈതന്യരാഹിത്യത്തിലേക്കും ഉന്മൂലനത്തിലേക്കും നമ്മൾ പ്രയാണം തുടരുമ്പോൾ ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട ചില സംരക്ഷണ തത്ത്വങ്ങളിലേക്കല്ലേ ഇതെല്ലാം വിരൽ ചൂണ്ടുന്നത്? പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയിട്ടുള്ള ജീവജലം പോലും പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും മനുഷ്യസഹജമായ അലംഭാവമാണ് നമ്മൾ പുലർത്തുന്നത്.
ജീവജലം
ജീവന്റെ നിലനിൽപ്പിന് ആധാരം അന്തരീക്ഷവും ജലവുമാണ്. സമൂഹത്തിന്റെ മുഴുവൻ സാമ്പത്തിക വികസനത്തിലും ജലം സുപ്രധാന പങ്ക് വഹിക്കുന്നു. അതിശയിപ്പിക്കുന്ന ഒരു വസ്തുത ജലത്തിന്റെ ആഗോള ഉപഭോഗം 20 വർഷം കൂടുമ്പോൾ ഇരട്ടിയായി വർദ്ധിക്കുന്നു എന്നതാണ്- ജനസംഖ്യ വർദ്ധനവിനെക്കാൾ രണ്ടര മടങ്ങു കൂടുതലാണിത്.
ജലസമ്പത്തിനുമേൽ സമ്മർദ്ദം വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണം ജനസംഖ്യാ വർദ്ധനവാണ്. ലോകജലസമ്പത്ത് അസന്തുലിതമാണെന്നിരിക്കെ ജനസംഖ്യാ വർദ്ധനവ് ജലസമ്പത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഉദാഹരണമായി ലോകജനസംഖ്യയുടെ 20 ശതമാനത്തോളം ചൈനയിലാണ്. പക്ഷെ, ആഗോള ജലസമ്പത്തിന്റെ 6-7 % മാത്രമേ ചൈനക്കുള്ളൂ. ഇന്ത്യയുടെ കാര്യമെടുത്താൽ ആഗോള ജനസംഖ്യയുടെ 17% ഇന്ത്യയിലാണ്. പക്ഷേ ജലസമ്പത്തിന്റെ 4 ശതമാനം മാത്രമേ ഇന്ത്യയിൽ ഉള്ളൂ. എങ്കിലും സന്തോഷിക്കാനും ചിലതുണ്ട്. ലോകരാജ്യങ്ങൾ ഇന്ന് ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ട്. ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനായി നിക്ഷേപങ്ങൾ നടത്തുന്നുമുണ്ട്. പക്ഷെ, ജലസംഭരണത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങൾക്കു പിന്നിലാണ് ഇന്ത്യ. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ആളോഹരി ജലസംഭരണ ശേഷി ക്യൂബിക് മീറ്ററിൽ യു എസ് എ(5961), ഓസ്ട്രേലിയ(4717), ബ്രസീൽ(3388), ചൈന(2486), ഇന്ത്യ(200) എന്നിങ്ങനെയാണ്.
കേരളത്തിൽ 75 ശതമാനം ജലം കൃഷിക്കും, 20 ശതമാനം വ്യവസായത്തിനും 5 ശതമാനം വീട്ടാവശ്യത്തിനും ആണെന്ന് കണക്കാക്കപ്പെടുന്നു. കാർഷിക വിഭവങ്ങളുടെ വർദ്ധിച്ചു വരുന്ന ചോദനവും ഉപഭോഗവും ജലത്തിന്റെ അമിത വിനിയോഗത്തിനു കാരണമാകുന്നു. നമ്മുടെ തീന്മേശകളിൽ വിളമ്പുന്ന വിഭവങ്ങൾ പോലും ജലത്തിന്റെ ഉപഭോഗത്തെ സ്വാധീനിക്കുന്നു. കൂടുതൽ ജലം ആവശ്യമായി വരുന്ന ഉത്പന്നങ്ങളാണ് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു കിലോഗ്രാം ധാന്യം ഉത്പാദിപ്പിക്കുവാൻ വേണ്ടത് 1500 ലി. ജലമാണെങ്കിൽ ഒരു കിലോഗ്രാം മാംസം ഉത്പാദിപ്പിക്കുവാൻ 15000 ലി. ജലം വേണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസം ഉപഭോഗം ചെയ്യുന്ന സംസ്ഥാനമാണ് കേരളം(2018-19 ലെ മാംസ ഉപഭോഗം 4.57 ലക്ഷം ടൺ, Department of Animal Husbandry and Dairying). ഒരു വ്യക്തിക്ക് വേണ്ടുന്ന ഭക്ഷണം ഉത്പാദിപ്പിക്കുവാൻ മാത്രം ഏകദേശം 3000 ലി. ജലം വേണം- കുടിക്കാൻ ആവശ്യമുള്ളതിനെക്കാൾ 1000 മടങ്ങു കൂടുതലാണിത്. ജനസംഖ്യ വർദ്ധനവ് മൂലം ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിന് ആവശ്യമുള്ള ജലത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2050ൽ ജലസമ്പത്ത് 300 കോടി ജനങ്ങൾ കൂടി പങ്കുവെക്കേണ്ട അവസ്ഥയാണ് ഉള്ളത്. ആഗോളതലത്തിൽ 40 ശതമാനം കാർഷിക വിളകളും ജലസേചന മാർഗങ്ങളെ അവലംബിക്കുന്നവയാണ്. കാർഷിക വിളകളുടെ ഉത്പാദനത്തെ 100-400% വരെ ഉത്തേജിപ്പിക്കുവാൻ ജലസേചനത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയെ ജലസുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ട് മാത്രമേ കാർഷികമേഖല പരിപോഷിപ്പിക്കുവാൻ സാധിക്കൂ എന്നുള്ള യാഥാർഥ്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആഗോളതലത്തിൽ ഓരോ വർഷവും പട്ടിണി മൂലമുള്ള മരണങ്ങൾ 18 ദശലക്ഷത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് മഹമാരികളെക്കാൾ മാരകമാണ്. നീണ്ട കാലയളവിലേക്ക് സൂക്ഷിച്ച് ഭദ്രമാക്കി വച്ചിട്ടുള്ള ധാന്യങ്ങളുടെ ശേഖരം കുമിഞ്ഞു കൂടിയിട്ടുള്ള രാജ്യങ്ങളിൽ പോലും പട്ടിണി മരണങ്ങൾ സംഭവിക്കുന്നു എന്നത് ലജ്ജാകരമല്ലേ? സംഭരിച്ചു വയ്ക്കുന്ന വിഭവങ്ങൾക്കും സ്വത്തിനും ആർഭാടങ്ങൾക്കും മനുഷ്യൻ കാവൽ നിൽക്കുമ്പോൾ മറുഭാഗത്ത് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാത്ത, രോഗങ്ങളും പട്ടിണിയും മൂലം പുഴുക്കളെപ്പോലെ ചത്തൊടുങ്ങുന്ന മനുഷ്യരെ നാം കാണാറേയില്ല. വേണ്ടതിലധികം വാരിവലിച്ചെടുക്കുവാനുള്ള ഭൗതികവാദവും അത്യാർത്തിയും പ്രകടനപരതയുമാണ് ഇന്ന് നമ്മെ മുന്നോട്ട് നയിക്കുന്നത്. സാമ്പത്തിക വളർച്ചാനിരക്ക് വർദ്ധിപ്പിക്കുന്നതിലും വികസനത്തിൽ ഊന്നിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും മാത്രമാണ് ഭരണകൂടങ്ങൾ പോലും അവരുടെ ഭരണപാടവവും പ്രതിജ്ഞാബദ്ധതയും തെളിയിക്കുന്നത്.
വരളുന്ന ഭൂമി
കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിനും ജലദൗർലഭ്യത്തിനും ഒരു കാരണം നെൽപ്പാടങ്ങൾ കുറഞ്ഞതാണെന്നു പഠനങ്ങൾ പറയുന്നു. കഴിഞ്ഞ 50 വർഷം കൊണ്ട് കേരളത്തിൽ അപ്രത്യക്ഷമായത് 6,60,000 ഹെക്ടറിലെ നെൽകൃഷിയാണ്. ഇതിൽ മറ്റു കൃഷിയിടങ്ങളായി രൂപാന്തരപ്പെട്ടത് 30% മാത്രം. നെൽപ്പാടങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ, പ്രളയം കേരളത്തെ അത്രയൊന്നും ബാധിക്കുമായിരുന്നില്ല. ഒരു ഹെക്ടർ പാടത്തിന് ശരാശരി 5 ലക്ഷം ലി. വെള്ളം സംഭരിച്ചു വെക്കാനുള്ള ശേഷിയുണ്ട്. നിബിഢ വനങ്ങൾക്കുപോലും ഹെക്ടറിൽ 50,000 ലി. ജലം സംഭരിച്ചു വയ്ക്കുവാനേ ശേഷിയുള്ളൂ. നെൽപ്പാടങ്ങൾ ഒരു ജൈവ കലവറ കൂടിയാണ്. ഇവ ഭൂമിയുടെ ജലസംഭരണശാലകൾ കൂടിയാണെന്നു മനസ്സിലാക്കി നെൽകൃഷി പരമാവധി വ്യാപകമാക്കുവാൻ സംസ്ഥാന സർക്കാർ ഊർജിതമായി രംഗത്തുണ്ട്. ഒരു വർഷം കേരളത്തിന് ആവശ്യമുള്ളത് 40 ലക്ഷം ടൺ അരിയാണ് എങ്കിൽ ഉത്പാദിപ്പിക്കുന്നത് കേവലം 6 ലക്ഷം ടൺ മാത്രമാണ് – സ്വയംപര്യാപ്തത ഒരു പ്രദേശത്തിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ജലാശയങ്ങളിലെ ജലത്തിന്റെ നീരൊഴുക്ക് കുറയുകയും ചില ജലസ്രോതസുകൾ ഇല്ലാതാകുകയും വ്യവസായവത്കരണം മൂലം ജലം മലിനപ്പെടുകയും ചെയ്യുമ്പോൾ ജലത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും സലിം അലി ഫൗണ്ടേഷനും നടത്തിയ പഠനങ്ങളിൽ കേരളത്തിലെ എല്ലാ നദികളിലും മലിനീകരണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പുഴകൾ ഉപഭോഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും വഹിക്കുന്ന അഴുക്കുചാലുകളായി മാറിയിട്ടുണ്ട്. 44 നദികളും അവയുടെ 900 ൽ അധികം പോഷക നദികളും കേരളത്തെ ഹരിതാഭമാക്കുന്നുണ്ട്. ലോകത്തിൽ തന്നെ കിണറുകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കേരളം (ഏകദേശം 250 കിണറുകളാണ് ഒരു ചതുരശ്ര കിലോമീറ്ററിൽ). ഇന്ത്യയുടെ ശരാശരി വാർഷിക മഴയുടെ അളവ് 1170മി.മീ ആണെങ്കിൽ കേരളത്തിലത് 3000മി.മീ ആണ്. പക്ഷേ 85 ശതമാനം മഴ 4 മാസങ്ങളിലായി പെയ്തൊഴിയുന്നു. ശേഷമുള്ള 8 മാസങ്ങളിൽ ലഭിക്കുന്നത് 15 ശതമാനം മഴയാണ്. ഈ മഴവെള്ളം മഴ സമയത്തുതന്നെ കുത്തിയൊലിച്ചു പോകുന്നു. ചെരിഞ്ഞ ഭൂപ്രകൃതി ഒരു പരിധി വരെ ഇതിനു കാരണമാകുന്നുണ്ട്. കേരളത്തിലെ 88 ശതമാനം ഭൂഗർഭ പ്രദേശത്തെ ആഗിരണ ശേഷി കുറഞ്ഞ പാറകളും ഇതിനു കാരണമാണെന്ന് CWRDM പഠനങ്ങൾ പറയുന്നു.
കേരളത്തിൽ പ്രതിവർഷം ലഭിക്കുന്ന മഴ ദേശിയ ശരാശരിയേക്കാൾ 2.78 മടങ്ങും, രാജസ്ഥാനിൽ ലഭിക്കുന്നതിന്റെ 5 മടങ്ങും , തമിഴ്നാട്ടിൽ ലഭിക്കുന്നതിന്റെ 3 മടങ്ങുമാണ്. പക്ഷേ വേനൽ കാലം എത്തും മുമ്പ് തന്നെ ഭൂമിയുടെ നീരുറവകളെ ഊറ്റിയെടുതുകൊണ്ട് ജലത്തിന്റെ ടാങ്കുകൾ വഹിച്ചു കൊണ്ട് പായുന്ന വാഹനങ്ങൾ സ്ഥിരം കാഴ്ചയായി മാറി കഴിഞ്ഞു. വർദ്ധിച്ചു വരുന്ന ജനസംഖ്യയും ശുഷ്കിച്ചു വരുന്ന ജലസ്രോതസുകളും കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ജലദുരുപയോഗത്തിൽ മലയാളികൾ മുൻപന്തിയിലാണ്. WHO യുടെ കണക്കുകൾ പ്രകാരം ലോകആളോഹരി ഉപയോഗം പ്രതിദിനം 120 ലി. വെള്ളമാണ്. കേരളീയർ 200 ലി. ഉപയോഗിക്കുന്നു, ശരാശരി 80 ലി. ദുരുപയോഗം ചെയ്യുന്നു.
സൂക്ഷിച്ചു വയ്ക്കാം ജീവജലം!
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കിണറുകൾ കുഴിക്കുകയും പരിസര ശുചീകരണം നടത്തുകയും സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ഈ സമയത്ത് മൺസൂൺ കാലത്തെ വരവേൽക്കുവാനായി ചില മുന്നൊരുക്കങ്ങൾ നടത്തുന്നത് നന്നായിരിക്കും. മഴക്കുഴികൾ ഉണ്ടാക്കുക, മേൽക്കൂരയിൽ നിന്നുള്ള മഴവെള്ള കൊയ്ത്ത് വഴി കിണറുകളെ പുനരുജ്ജീവിപ്പിക്കുക, മഴവെള്ള സംഭരണികൾ വൃത്തിയാക്കി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുക എന്നിവ അവയിൽ ചിലതു മാത്രം.
ഏത് കാലത്തായാലും കുടിവെള്ളത്തിന്റെ മുഖ്യ സ്രോതസ്സ് മഴവെള്ളം തന്നെയാണ്. ജലം നേരിട്ട് സംഭരിച്ചു വെക്കാതെ മണ്ണിനടിയിലേക്ക് കിനിഞ്ഞിറങ്ങാൻ അനുവദിച്ചാൽ അത്രയും കൂടുതലായി നമ്മുടെ ഭൂഗർഭ ജലനിരപ്പ് ഉയരും. ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങളെ മഴവെള്ള കൊയ്ത്ത് എന്നു പറയുന്നു. ഭൂഗർഭത്തിലേക്ക് മഴവെള്ളം എത്തിക്കാൻ നാട്ടിൻപുറത്തും നഗരങ്ങളിലും വ്യത്യസ്ത രീതികൾ അനുവർത്തിക്കുന്നതാണ് നല്ലത്. നാട്ടിൻപുറത്ത് പറമ്പുകളെ ചെറിയ ചെറിയ വരമ്പുകളിട്ട കണ്ടങ്ങളായി തിരിച്ച്, പെയ്യുന്ന മഴ അവിടെ തന്നെ പിടിച്ചുനിർത്തി മണ്ണിലേക്ക് ഊർന്നിറങ്ങാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. കണ്ടങ്ങളിൽ ചെറിയ കുഴികളുണ്ടാക്കാം, ചെരിവുള്ള പ്രദേശങ്ങളിൽ കയ്യാലകൾ നിർമ്മിച്ചു വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറയ്ക്കാം. പറമ്പിലെ മണ്ണുപയോഗിച്ചു കയ്യാലകളുണ്ടാക്കുകയും മണ്ണെടുക്കുന്ന കുഴികളിൽ വെള്ളം കെട്ടി നിർത്തുകയും ചെയ്യാം. കിണറുകൾക്ക് രണ്ടോ മൂന്നോ മീറ്റർ അപ്പുറത്തായി കുഴികൾ കുഴിച്ചു ജലം ശേഖരിച്ച് കിണറ്റിൽ എത്തിക്കാം. നഗരങ്ങളിലാണെങ്കിൽ പറമ്പിലെ ജലം കുഴികൾ കുഴിച്ചു അവിടെത്തന്നെ ശേഖരിക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാം. മേൽക്കൂരയിലെ വെള്ളം പൈപ്പുകൾ വഴി ടാങ്കുകളിൽ ശേഖരിക്കാം.
ഇന്ന് കേരളത്തിലെ ഒട്ടനവധി കുടുംബങ്ങൾക്ക് 10 സെന്റിൽ താഴെയുള്ള ചെറിയ പ്ലോട്ടുകളാണ് ഉള്ളത്. ഈ ചെറിയ പ്ലോട്ടുകളിലും നമുക്ക് മഴവെള്ളക്കൊയ്ത്ത് വഴി ജലം സംഭരിക്കുവാൻ സാധിക്കും. 5 സെന്റ് സ്ഥലത്തിന്റെ പരിധിയിൽ ഒരു വർഷം 6 ലക്ഷം ലി. മഴ പെയ്തു വീഴുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതി എങ്കിലും ശേഖരിക്കുവാൻ പ്രയാസമുണ്ടാവില്ല. 10,000 ലി. ന്റെ ഒരു ടാങ്ക് മുറ്റത്തു സ്ഥാപിച്ചാൽ 5 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് വേനൽ കാലത്തെ അതിജീവിക്കാം. കേരളത്തിൽ 65 ലക്ഷത്തോളം കിണറുകളുണ്ട്. 100 ചതുരശ്ര അടി മേൽക്കൂരയിൽ നിന്നു മഴവെള്ള കൊയ്ത്ത് നടത്തിയാൽ കേരളത്തിൽ ആകെ 2046 ദശലക്ഷം ക്യൂബിക് മീറ്റർ ജലം സംഭരിക്കുവാൻ സാധിക്കും, ഇതു കേരളത്തിലെ ജലസേചന സംഭരണികളിലെ 1200 ദശലക്ഷം ക്യൂബിക് മീറ്ററിനെക്കാൾ ഇരട്ടിയോളം വരും (CWRDM, കോഴിക്കോട് 2019). ജലലഭ്യത വർദ്ധിക്കുന്നത് കാർഷിക മേഖലയെ പരിപോഷിപ്പിക്കുവാൻ സഹായകമാകും എന്നതിൽ സംശയമില്ല.
മദ്ധ്യഭാരതത്തിലെ 2 കോടിയോളം ജനസംഖ്യയുള്ള ബുന്ദേൽഖണ്ഡ് എന്ന പ്രദേശത്ത് ഗ്രാമപ്രദേശങ്ങളിലുള്ള 600 ഓളം സ്ത്രീകൾ ചേർന്ന് ‘ജല സഹേലി’ എന്ന കർമസേന രൂപീകരിച്ചിട്ടുണ്ട്. ജലദൗർലഭ്യമുള്ള ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജലം ശേഖരിക്കുവാനായി സ്ത്രീകൾ ദിവസവും കിലോമീറ്ററുകളോളം നടക്കേണ്ട ദയനീയമായ അവസ്ഥയാണ് ഉള്ളത്. ‘ജല സഹേലി’യുടെ പ്രവർത്തനങ്ങൾ പ്രധാനമായും മഴവെള്ള കൊയ്ത്ത്, കിണറുകൾ കുഴിക്കൽ, കുളങ്ങളും തടാകങ്ങളും വൃത്തിയാക്കൽ, തടയണകളുടെ നിർമ്മാണം എന്നിവയാണ്. ഈ പ്രവർത്തനങ്ങളിലൂടെ ജലദാരിദ്ര്യം അനുഭവിക്കുന്ന ഗ്രാമങ്ങളിലെ ജലലഭ്യത വർദ്ധിപ്പിക്കാനും മികച്ച കാർഷിക ഉത്പാദനം നേടുവാനും സാധിച്ചിട്ടുണ്ട്.നാഗരിക മനുഷ്യരുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നത് ഗ്രാമീണ കർഷകരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോകശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു ജലസംരക്ഷണ ‘മോഡൽ’ ആണ് രാജസ്ഥാനിന്റേത് – ഡോ. രാജേന്ദ്ര സിങ് എന്ന ‘ജലമനുഷ്യന്റെ’ നാട്. ജലദൗർലഭ്യം മൂലവും ജലജന്യരോഗങ്ങൾ മൂലവും കഷ്ടതകൾ അനുഭവിക്കുന്ന രാജസ്ഥാനിലെ 500 ഓളം ഗ്രാമങ്ങളെ ‘ജൊഹാദുകൾ’ (മണ്ണും കരിങ്കല്ലും കൊണ്ടുണ്ടാക്കിയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മഴവെള്ള സംഭരണികൾ) വഴി ജലസമ്പന്നമാക്കി മാതൃകയായ സംസ്ഥാനം. ഏകദേശം 12000 ജൊഹാദുകൾ നിർമ്മിച്ചുകൊണ്ട് ഭൂഗർഭജലവിതാനം ഉയർത്തുവാനും നദികളിലെ നീരൊഴുക്ക് വർദ്ധിപ്പിക്കുവാനും ഡോ.രാജേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ജലസംരക്ഷണത്തിനു വേണ്ടിയുള്ള സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് മാഗ്സേസേ അവാർഡ്(2001), സ്റ്റോക്ഹോം വാട്ടർ പ്രൈസ്(2015) എന്നിവ നൽകിയിട്ടുണ്ട്. രാജസ്ഥാൻ പോലെയുള്ള മരുപ്രദേശങ്ങളിൽ ഇത് സാധ്യമാണെങ്കിൽ 5 മടങ്ങു മഴ കൂടുതൽ ലഭിക്കുന്ന കേരളത്തിൽ എന്തുകൊണ്ട് ഇത് സാധിക്കില്ല?
കേരളത്തിന്റെ ഭൂപ്രദേശമായ 38.86 ലക്ഷം ഹെക്ടറിൽ ഏകദേശം 3 ശതമാനം (1.16 ലക്ഷം ഹെക്ടർ ) കൃഷിയോഗ്യമായ തരിശുഭൂമിയാണ്. മിക്ക സ്ഥാപനങ്ങളോടും ചേർന്നു കൃഷിയോഗ്യമായ ഏക്കറുകളോളം ഭൂമിയുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്നും ധാരാളം ഭൂമിയുണ്ട്. മണ്ണിനു അനുയോജ്യമായ വിളകൾ ഈ ഭൂമിയിൽ കൃഷി ചെയ്യാവുന്നതാണ്.
വിദ്യാർഥികൾ ഭാവിയുടെ വാഗ്‌ദാനങ്ങളാണ്. വിദ്യാർഥികളുടെ അളവറ്റ ഊർജത്തെ ശരിയായ ദിശയിൽ പ്രവഹിപ്പിക്കുവാൻ അവരെ കാർഷികവൃത്തിയിൽ പങ്കാളികളാക്കണം. കാർഷികവൃത്തി ജീവിതത്തിന്റെ ഭാഗമായി മാറട്ടെ. ചെറിയ കൃഷിയിടങ്ങൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവട്ടെ. അതു മികച്ചതാക്കുവാൻ മേലധികാരികളും ജീവനക്കാരും സജീവ പങ്കാളിത്തം വഹിക്കുകയും കൂടി ചെയ്താൽ കാർഷിക മേഖലക്ക് തിളക്കമാർന്ന വിജയം സുനിശ്ചിതമാണ്. കേരളത്തിൽ വേരുറപ്പിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങൾക്കും കാർഷികവൃത്തി തന്നെയാണ് പരിഹാരം.
ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ജലം ഉൾപ്പടെയുള്ള പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിലും സൂക്ഷിക്കുന്നതിലും വളരെ പിന്നിലാണ്. ഒന്നാലോചിച്ചു നോക്കൂ- ജലസംരക്ഷണത്തെക്കുറിച്ച് കേരളീയർ ചിന്തിക്കുന്നത് വേനൽക്കാലത്ത് മാത്രമല്ലേ? ജലത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നു മനസ്സിലാക്കി ഒരു ‘നീല വിപ്ലവത്തിലേക്ക്’ (Blue Revolution) കേരളീയർ എത്തേണ്ടതുണ്ട്. വർഷം മുഴുവനുള്ള ജലസംഭരണം മാത്രമേ ഒരു ജലദുരന്തത്തിൽ നിന്നും കേരളത്തെ രക്ഷിക്കുകയുള്ളൂ. ജലസുരക്ഷയും ഭക്ഷ്യസുരക്ഷയുമൊക്കെ ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതുണ്ട്. ശോഷിച്ച ഭൂമിയും ശുഷ്ക്കമായ വിഭവങ്ങളുമാണോ വരും തലമുറകൾക്ക് നാം കൈമാറേണ്ടത് എന്നു ചിന്തിക്കേണ്ടതായുണ്ട്. ഭൂമിയെ പിന്നിലാക്കികൊണ്ട് വികസനത്തിന്റെ പാതയിൽ മുന്നേറുവാൻ അധിക കാലമൊന്നും മനുഷ്യന് സാധിക്കുകയില്ല.
ഈ കോവിഡ് കാലത്ത് തെളിഞ്ഞ ആകാശവും ഭൂമിയും പുഴകളും കുളങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത് മറ്റൊന്നുമല്ല. മനുഷ്യൻ വീടണഞ്ഞിരുന്ന കുറച്ചു നാളുകൾ കൊണ്ടു തന്നെ പ്രകൃതി സ്വച്ഛമായി, ശുദ്ധവായു ശ്വസിക്കുവാനും പ്രകൃതി നൽകുന്ന വിഭവങ്ങൾ ആസ്വദിക്കുവാനും ഉപഭോക്തൃ സംസ്കാരവും പുറംഭക്ഷണവും മാത്രം ശീലമുള്ള നമ്മൾ പഠിച്ചു (NASAയിൽ നിന്നും Coppernicus Sentinel – 5P പോലെയുള്ള ഉപഗ്രഹങ്ങളിൽ നിന്നും ഉള്ള വസ്തുതകൾ സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ മൂലം ഡെൽഹി, ബോംബേ, അഹമ്മദാബാദ് പോലെയുള്ള മഹാനഗരങ്ങളിലെ മലിനീകരണം കുറയുകയും AQI (Air Quality Index) മെച്ചപ്പെടുകയുംചെയ്തു എന്നാണ്).
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു വണ്ടികളെ ആശ്രയിച്ചിരുന്ന നമുക്ക് സ്വന്തം മണ്ണിൽ നട്ടു നനച്ചുണ്ടാക്കിയെടുക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു. ഫാസ്റ്റ് ഫുഡ്- ജങ്ക് ഫുഡ് സംസ്കാരത്തിന് അടിപ്പെട്ട് ജീവിതശൈലി രോഗങ്ങൾക്ക് വഴിപ്പെടുന്ന ഒരു തലമുറയെ കാർഷിക സംസ്കാരത്തിലേക്ക് നയിക്കുവാൻ ഇത് വഴി തെളിക്കും എന്നു സംശയമില്ല. നമുക്ക് പ്രകൃതി കനിഞ്ഞു നൽകുന്ന വിഭവങ്ങൾ സംരക്ഷിച്ചാൽ മാത്രമേ അതിജീവനം സാധ്യമാകു എന്നു ബോധ്യമായിട്ടുണ്ട്.
ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്. പ്രകൃതി സംരക്ഷണവും ആരോഗ്യ പരിപാലനവും വ്യക്തിശുചിത്വവും എല്ലാം ഒരു നിതാന്ത ജാഗ്രതയായി കൂടെ ഉണ്ടാവേണ്ടതാണ്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മഹാമാരികൾ ഉടലെടുക്കുമ്പോഴും മാത്രമല്ല. അന്തരീക്ഷത്തിന്റെ രക്ഷകവച്ചമായ ഓസോൺ പാളികളിലെ വിള്ളലുകൾ ഇല്ലാതായേക്കാം , പക്ഷേ അതിലും പ്രധാനമാണ് ഭരണകൂടങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും മനുഷ്യർ തമ്മിലും ഉള്ള വിള്ളലുകൾ ഇല്ലാതാവുക എന്നത്. ലോകമഹായുദ്ധങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതു തന്നെയാണ്.
ആഗോളതാപനത്തിനും കാലാവസ്ഥാ വ്യത്യാനത്തിനും പ്രകൃതി മലിനീകരണത്തിനും മഹാമാരികൾക്കും എതിരെയുള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു നിന്ന് പൊരുതി ജയിക്കേണ്ട ഒന്നാണ്. ചന്ദ്രനിൽ ഇറങ്ങി, ചൊവ്വയിലേക്ക് റോബോട്ടുകളെ അയച്ച്, അന്യഗ്രഹങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന, പ്രപഞ്ചത്തിലെ അനന്ത സാധ്യതകളിലേക്കുള്ള അറിവിന്റെ ജാലകം തുറക്കുന്ന മനുഷ്യന് സ്വന്തം ഗ്രഹമായ ഭൂമിയിലെ വിഭവങ്ങളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഇനിയെങ്കിലും സാധിക്കട്ടെ.
അവലംബം
1. Maude Barlow and Tony Clark (2002). Blue Gold – The Battle against Corporate Theft of Water, New press release
2. Bill Bryson (2019). The Body – A Guide for Occupants.
3. മനുഷ്യനും പ്രകൃതിയും ജനിതക ശാസ്ത്രവും തമ്മിൽ , കെ. വേണു. മാതൃഭൂമി വോൾ. 42 , ജനുവരി , 2020.
4. ഭൂപരിഷ്കരണത്തിന്റെ 50 ആണ്ട് , എം. ബി. ബാബു , മാതൃഭൂമി ഡെയ്‌ലി – ജനുവരി 01 , 2020 , പേജ് 06.
5. Radhakrishnan Kuttoor – Groundwater report sounds a note of caution ,The Hindu , ജൂണ് 21 2019 Pg.4
6. K.S Sudhi , Harvest to the hilt , The Hindu , ജൂലൈ 21 2019 – Pg 2
7. Salzman James (2006) , A short history of drinking water , Paper 31 , Duke Law School , Faculty Scholarship Series.
8.Nelliat Prakash , Water: the looming problem, The Hindu , April 1 , 2019. Pg 13.
9. കുടിവെള്ളം – അജയ്കുമാർ കെ.(2003)
10. പമ്പാനദി – പരിസഥിതി പഠനം എൻ.കെ.സുകുമാരൻ നായർ (2009)
Tags: Blue revolution, ജല സംരക്ഷണം, ജെഹാദ്