തുലാത്തുമ്പികളുടെ ഐതിഹാസികമായ ഈ സഞ്ചാരം ലോകശ്രദ്ധ നേടിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇതൊരു പുതിയ കണ്ടെത്തൽ അല്ല എന്നുള്ളതാണ് വാസ്തവം. ഇന്ത്യയിൽ തുലാത്തുമ്പികളുടെ വലിയ കൂട്ടങ്ങൾ സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ ഉപഭൂഖണ്ഡത്തിന് തെക്കു ഭാഗത്തേക്ക് സഞ്ചരിക്കുന്നത് ശ്രീ. ഫ്രേസർ 1920 കളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (ഇന്ത്യൻ തുമ്പി പഠനത്തിന്റെ പിതാവായി കണക്കാക്കുന്ന ശാസ്ത്രജ്ഞനാണ് Frederic Charles Fraser – 15/2/1880 – 2/3/1963). അതുപോലെതന്നെ തെക്കേ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും തുലാത്തുമ്പികൾ കൂട്ടം കൂട്ടമായി പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുന്നതും മുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. എന്നാൽ അവ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ആർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല.
മാലദ്വീപ് കേന്ദ്രമായി ഗവേഷണങ്ങൾ നടത്തിവരുന്ന, മറൈൻ ബയോളജിസ്റ് ആയ ശ്രീ. ചാൾസ് ആൻഡേഴ്സന്റെ പഠനങ്ങളാണ് ഇന്ത്യൻ മഹാസമുദ്രം താണ്ടി ഈ പ്രാണികൾ ഇന്ത്യയിൽ നിന്നും ആഫ്രിക്കയിലേക്കാണ് പോകുന്നത് എന്ന രഹസ്യം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയത്.
“അടിസ്ഥാനപരമായി ഞാനൊരു മറൈൻ ബയോളജിസ്റ്റാണ്, പക്ഷേ സ്വയം ചലിക്കുന്ന എല്ലാ വസ്തുക്കളും എപ്പോഴും എന്നിൽ കൗതുകമുണർത്താറുണ്ട്.”
ഡോക്ടർ ആൻഡേഴ്സൺ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മുഖ്യമായും പവിഴപ്പുറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീ. ആൻഡേഴ്സൺ വളരെ യാദൃശ്ചികമായാണ് തുമ്പികളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശുദ്ധജലസ്രോതസ്സുകൾ കാര്യമായൊന്നും ഇല്ലാത്ത വളരെ ചെറിയ വിസ്തൃതിയുള്ള ദ്വീപിൽ തുമ്പികൾ സാധാരണ വളരെ വിരളമാണ്. എന്നാൽ പെട്ടെന്നൊരു ദിവസം ആകാശം മൂടുന്ന തരത്തിൽ അവിടമാകെ തുമ്പികൾ വന്ന് നിറയുന്നത് കണ്ട് അദ്ദേഹം അമ്പരന്നു. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അവയൊക്കെ അപ്രത്യക്ഷമാകുകയും ചെയ്തു. ഒരു ഒക്ടോബർ മാസത്തിലായിരുന്നു അത്. മറ്റ് തിരക്കുകൾക്കിടയിൽ അതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ ഒന്നും ആലോചിച്ചില്ല. എന്നാൽ തുടർച്ചയായ വർഷങ്ങളിൽ, ഒക്ടോബർ മാസങ്ങളിൽ, ഇതാവർത്തിച്ചപ്പോൾ ആൻഡേഴ്സന്റെ ജിജ്ഞാസ ഉണർന്നു.
തദ്ദേശീയരായ ആളുകളോട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇതെല്ലാ വർഷവും സംഭവിക്കാറുള്ളതാണ് എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. അങ്ങനെ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തന്നെ ആൻഡേഴ്സൺ തീരുമാനിച്ചു. ഓരോ വർഷവും തുമ്പികൾ വരുന്ന സമയം, തുമ്പികളുടെ എണ്ണം തുടങ്ങിയവയെല്ലാം അദ്ദേഹം രേഖപ്പെടുത്താൻ തുടങ്ങി. ഒപ്പം തന്നെ തുമ്പികളെക്കുറിച്ച്, വിശിഷ്യാ തുലാത്തുമ്പികളെക്കുറിച്ച് കിട്ടാവുന്ന പഠനങ്ങളെല്ലാം തന്നെ ശേഖരിച്ച് വിശകലനം ചെയ്തു. നിരീക്ഷണങ്ങൾക്കിടയിൽ കണ്ട കാര്യങ്ങൾ കൗതുകമുളവാക്കുന്നതും അമ്പരപ്പിക്കുന്നതുമായിരുന്നു. എല്ലാവർഷവും ഒക്ടോബർ 4 നും 23 നും ഇടയ്ക്കായാണ് തുലാത്തുമ്പികൾ മാലിയിൽ വന്ന് തുടങ്ങുക (മാലദ്വീപിന്റെ വടക്കൻ ഭാഗങ്ങളിൽ തുലാത്തുമ്പിയെ വിളിക്കുന്നത് heinakaiy dhooni എന്നാണ് – ഒക്ടോബറിൽ പറക്കുന്നവർ എന്നാണത്രെ ഈ വാക്കിന്റെ അർത്ഥം). ഈ സമയങ്ങളിൽ സമുദ്രത്തിലെ ഉപരിതല വാതങ്ങളുടെ ദിശ ഇന്ത്യൻ ഉപഭൂഖണ്ഠത്തിന് നേർക്കായതിനാൽ കാറ്റിന്റെ ഘർഷണം ഒഴിവാക്കുന്നതിന് വേണ്ടി 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലാണ് തുമ്പികൾ സഞ്ചരിക്കുന്നത്. (തുലാത്തുമ്പികളെ സംബന്ധിച്ചിടത്തോളം ഈ ഉയരം നിസ്സാരമാണ്. ഹിമാലയത്തിൽ 6300 മീറ്റർ ഉയരത്തിൽ വരെ തുലാത്തുമ്പികൾ പറക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്). ഇന്ത്യയിൽ നിന്നും ഒരു തുലാത്തുമ്പിക്ക് മാലിയിൽ എത്താൻ പരമാവധി 24 മണിക്കൂർ സമയം മതി (ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്കുള്ള ദൂരം 2142 കിലോമീറ്റർ ആണ്). ഫെബ്രുവരി വരെ തുലാത്തുമ്പികളെ മാലിയിൽ കാണാമെങ്കിലും ഏറ്റവും കൂടുതൽ എണ്ണം കാണുന്നത് ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. ശരാശരി ഒരു ദിവസമോ അതിൽ കുറവോ സമയം മാത്രമാണ് തുമ്പികൾ മാലദ്വീപിൽ ചിലവഴിക്കുന്നത്.
| NASA/Goddard Space Flight Center
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ തുലാത്തുമ്പികളുടെ സഞ്ചാരം കൊണ്ട് അദ്ഭുതം കൂറിയ ആദ്യത്തെ ആളല്ല ആൻഡേഴ്സൺ. ആൻഡേഴ്സൺ തുലാത്തുമ്പികളെ നിരീക്ഷിക്കുന്നതിനും അര നൂറ്റാണ്ട് മുൻപ്, 1954 ൽ ശ്രീ. ഫ്രേസർ ഇങ്ങനെ എഴുതി; “വർഷാവർഷം Pantala, Tramea എന്നീ ജനുസ്സുകളിൽപ്പെട്ട തുമ്പികൾ പടിഞ്ഞാറ് ഭാഗത്തേക്ക് ദേശാടനം നടത്തുന്നുണ്ട്. സെപ്റ്റംബർ മാസത്തിൽ, ശ്രീലങ്കയിൽ നിന്നും പശ്ചിമഘട്ടത്തിൽ നിന്നും, ദശലക്ഷക്കണക്കിന് തുമ്പികളുടെ അവസാനമില്ലാത്ത ഒഴുക്ക്. പക്ഷെ ഒന്നു പോലും തിരിച്ചു വരുന്നുമില്ല. സ്കാന്ഡിനേവിയയിലെ ലെമ്മിങ്ങുകളെ പ്പോലെ ഇവയും ആത്മഹത്യ ചെയ്യുകയാണെന്നാണ് എനിക്ക് തോന്നുന്നത്, കഷ്ടം.”
പക്ഷെ ആൻഡേഴ്സൺ ഫ്രേസറിനേക്കാൾ ശുഭാപ്തി വിശ്വാസിയായിരുന്നു. തുമ്പികൾ കടലിലേക്ക് പറക്കുന്നുണ്ടെങ്കിൽ അവ തീർച്ചയായും ഏതെങ്കിലും തീരം ലക്ഷ്യം വെച്ചായിരിക്കും സഞ്ചരിക്കുന്നത് എന്ന് ആൻഡേഴ്സണ് ഉറപ്പായിരുന്നു. മാലദ്വീപിൽ നിന്നും പടിഞ്ഞാറ് ദിക്കിലേക്ക് പോയാൽ പിന്നെ കരയുള്ളത് ആഫ്രിക്കയിലാണ്. അങ്ങനെ തുമ്പികൾ ഇന്ത്യയിൽ നിന്നും കിഴക്കൻ ആഫിക്കയിലേക്കായിരിക്കും സഞ്ചരിക്കുന്നത് എന്ന് ആൻഡേഴ്സൺ അനുമാനിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും മഴയുടെ വിതരണവും Intertropical Convergence Zone (ITCZ) കാറ്റുകളുടെ ദിശാവ്യതിയാനങ്ങളും ഈ ഒരു പരികല്പനയെ സാധൂകരിക്കുന്നതാണ് (ലളിതമായി പറഞ്ഞാൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെയും വടക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെയും സംഗമകേന്ദ്രമാണ് ITCZ). കൂടാതെ തുലാത്തുമ്പികളുടെ ജീവിതചക്രവും ഇത്തരത്തിലുള്ള ദേശാടനത്തിന് അനുയോജ്യമായ രീതിയിലാണ്. മഴയെത്തുടർന്ന് രൂപപ്പെടുന്ന താത്കാലിക വെള്ളക്കെട്ടുകളാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രങ്ങൾ (ഇത്തരം വെള്ളക്കെട്ടുകളിൽ തുമ്പി ലാർവകൾക്ക് മത്സ്യങ്ങളെപ്പോലെയുള്ള മറ്റ് വേട്ടക്കാരെ പേടിക്കേണ്ടതില്ല; കൊതുകിന്റെ കൂത്താടികളും മറ്റും ഉണ്ടാവുമെന്നതിനാൽ ഭക്ഷണലഭ്യത വളരെ കൂടുതലുമായിരിക്കും). മറ്റ് തുമ്പികളുടെ ലാർവകൾ പൂർണ വളർച്ചയെത്താൻ ശരാശരി ആറുമാസത്തോളം സമയമെടുക്കുമ്പോൾ തുലാത്തുമ്പികളുടെ ലാർവകൾ 40 ദിവസങ്ങൾക്കുള്ളിൽ പൂർണ വളർച്ച പ്രാപിക്കും.
അങ്ങനെ പതിനഞ്ച് കൊല്ലത്തോളം നീണ്ട ഗവേഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ആൻഡേഴ്സണും സംഘവും തങ്ങളുടെ കണ്ടെത്തലുകൾ ഇങ്ങനെ ക്രോഡീകരിച്ചു. Intertropical Convergence Zone (ITCZ) എന്ന കാലാവസ്ഥാ പ്രതിഭാസത്തെ ഉപയോഗപ്പെടുത്തി തുലാത്തുമ്പികൾ തെക്കേ ഇന്ത്യയിൽ നിന്നും ആഫ്രിക്കയിലേക്കും തിരിച്ചും ദേശാടനം നടത്തുന്നു. ഇന്ത്യയിൽ നിന്നും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ കിഴക്കൻ ആഫ്രിക്കയിലെത്തുന്ന തുലാത്തുമ്പികൾ ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ പ്രജനനം നടത്തുന്നു. തുടർന്ന് ITCZ കാറ്റുകളോടൊപ്പം തെക്കോട്ട് സഞ്ചരിക്കുന്ന ഈ തുമ്പികൾ ഡിസംബർ -ഫെബ്രുവരി മാസങ്ങളിൽ തെക്കൻ ആഫ്രിക്കയിൽ പ്രജനനം നടത്തുന്നു. തിരിച്ച് മാർച്ച്-മെയ് മാസങ്ങളിൽ ITCZ കാറ്റുകൾ കിഴക്കൻ ആഫ്രിക്കയിൽ മഴ പെയ്യിക്കുമ്പോൾ തുലാത്തുമ്പികളും കൂടെയെത്തുന്നു. അവിടെ നിന്നും തെക്ക്-പടിഞ്ഞാറൻ കാലവർഷ കാറ്റുകളോടോപ്പം ജൂൺ -ജൂലൈ മാസങ്ങളിൽ ഇന്ത്യയിൽ തിരിച്ചെത്തുന്നു. 14000 മുതൽ 18000 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഈ ദേശാടനം തുലാത്തുമ്പികൾ നാല് തലമുറകൾ കൊണ്ടാണ് പൂർത്തീകരിക്കുന്നത്. Anax guttatus (മരതക രാജൻ), Anax ephippiger (തുരുമ്പൻ ചാത്തൻ), Tholymis tillarga (പവിഴവാലൻ), Tramea basilaris (ചെമ്പൻ പരുന്തൻ), Tramea limbata (കരിമ്പൻ പരുന്തൻ); Diplacodes trivialis (നാട്ടുനിലത്തൻ) എന്നീ തുമ്പികളും തുലാത്തുമ്പികളോടൊപ്പം ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്കെത്തുന്നതായി ആൻഡേഴ്സൺ രേഖപ്പെടുത്തുന്നു.
സാഹചര്യതെളിവുകളും അനുമാനങ്ങളും മാത്രം ആധാരമാക്കിയാണ് ആൻഡേഴ്സണും സംഘവും തുലാത്തുമ്പികളുടെ ദേശാടനപാത വിശദീകരിക്കാൻ ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകൾ നിരത്തി തങ്ങളുടെ സിദ്ധാന്തം സമർത്ഥിക്കുക എന്ന വെല്ലുവിളിയാണ് പിന്നെ ആൻഡേഴ്സണെ കാത്തിരുന്നത്. വളരെ ചെറിയ ജീവികളായതിനാൽ, പക്ഷികളിലും മറ്റും ചെയ്യുന്നത് പോലെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് തുമ്പികളിൽ അപ്രായോഗികമാണ്. പക്ഷെ പിന്മാറാൻ ആൻഡേഴ്സനും സംഘവും ഒരുക്കമായിരുന്നില്ല. അവർ സാധ്യമായ മറ്റ് വഴികൾ അന്വേഷിച്ചു. അങ്ങിനെയാണ് പ്രാണികളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന നൂതനമായ ഒരു സങ്കേതത്തെക്കുറിച്ച് അദ്ദേഹം കേൾക്കുന്നത്. ജീവികളുടെ ശരീരത്തിലുള്ള അജൈവ ഘടകങ്ങളുടെയും അവ ജീവിക്കുന്ന ചുറ്റുപാടിലെ ജൈവ-അജൈവ പദാർത്ഥങ്ങളുടെയും സ്വാഭാവിക റേഡിയോആക്റ്റിവിറ്റിയുടെ താരതമ്യ പഠനം വഴി ആ ജീവികൾ ഏത് ഭൂപ്രദേശത്ത് നിന്നും വന്നവയാണ് എന്ന് നിർണ്ണയിക്കാൻ സാധിക്കും. ചെറു ജീവികളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയാണിത്. ഹൈഡ്രജൻ മൂലകത്തിന്റെ റേഡിയോആക്റ്റിവ് ഐസോടോപ്പ് ആയ ഡ്യൂറ്റീരിയം ആണ് ആൻഡേഴ്സണും സംഘവും പഠനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. മാലദ്വീപിൽ നിന്നും ശേഖരിച്ച തുലാത്തുമ്പികളുടെ ചിറകിലുള്ള കൈറ്റിനിൽ അടങ്ങിയിട്ടുള്ള ഡ്യൂറ്റീരിയം ഐസോടോപ്പിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മഴവെള്ളത്തിലും പ്രധാന ഉപരിതല ജലാശയങ്ങളിലെ ജലത്തിലും അടങ്ങിയിട്ടുള്ള ഡ്യൂറ്റീരിയം ഐസോടോപിന്റെയും തീവ്രത താരതമ്യം ചെയ്ത് അവർ കണ്ടെത്തലുകൾ വിശകലനം ചെയ്തു. ഫലം ഗവേഷണ സംഘത്തെ അതിശയിപ്പിക്കുന്നതായിരുന്നു. മദ്ധ്യേന്ത്യയിൽ നിന്നോ അല്ലെങ്കിൽ ദക്ഷിണേന്ത്യയിൽ നിന്നോ ആയിരിക്കും മാലദ്വീപിൽ തുമ്പികൾ വന്നിട്ടുണ്ടാവുക എന്ന ഗവേഷക സംഘത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് നിരീക്ഷണ ഫലങ്ങൾ അസന്ദിഗ്ധമായി സൂചിപ്പിച്ചത് വടക്കേ ഇന്ത്യയിൽ നിന്നും വന്ന തുമ്പികളാണവ എന്നായിരുന്നു.
“ഞങ്ങളുടെ മുൻ ധാരണകളെ മുഴുവൻ തകിടം മറിക്കുന്ന കണ്ടെത്തലായിരുന്നു അത്” ആൻഡേഴ്സൺ പറയുന്നു. ഈ തുമ്പികൾ വടക്കേ ഇന്ത്യയിൽ നിന്നാണ് മാലദ്വീപ് വഴി ആഫ്രിക്കയിലേക്ക് സഞ്ചരിക്കുന്നതെങ്കിൽ ഒറ്റയടിക്ക് അവർ സഞ്ചരിക്കുന്ന ദൂരം ഏറ്റവും ചുരുങ്ങിയത് 6000 കിലോമീറ്റർ ആണ്. അതിൽ തന്നെ 3500 കിലോമീറ്റർ സമുദ്രത്തിന് മുകളിൽക്കൂടി നിർത്താതെ സഞ്ചരിക്കണം. പ്രാണിലോകത്ത് ഇത് വരെ തിരിച്ചറിഞ്ഞതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ദേശാടനം ആണിതെന്ന് നിസ്സംശയം പറയാം. മാത്രമല്ല ഞങ്ങളുടെ ഗവേഷണഫലം പുതിയ കുറെ തിരിച്ചറിവുകൾ കൂടി നൽകുന്നുണ്ട്; ആൻഡേഴ്സൺ തുടരുന്നു. “ഞങ്ങൾ നടത്തിയ റേഡിയോ ഐസോടോപ്പ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ചില തുമ്പികളെങ്കിലും മധ്യേഷ്യയിൽ നിന്നും ഹിമാലയം താണ്ടി ഇന്ത്യയിലേക്ക് വരുന്നുണ്ട് എന്നാണ്. ഹിമാലയത്തിൽ 6300 മീറ്റർ വരെ ഉയരത്തിൽ തുലാത്തുമ്പികളെ കണ്ടിട്ടുണ്ട് എന്ന വസ്തുത കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം, മാത്രമല്ല ജൂൺ-ജൂലൈ മാസങ്ങളിൽ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരുന്ന തുമ്പികൾ കൂട്ടം കൂട്ടമായി എത്തുന്നത് മധ്യേന്ത്യയിലോ, തെക്കേ ഇന്ത്യയിലോ അല്ല; മറിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗങ്ങളിലേക്കാണ് എന്നാണ് ഞങ്ങളുടെ അനുമാനം”
ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക്, മഹാസമുദ്രങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്, മഴക്കാറ്റുകളുടെ ചിറകിലേറിയുള്ള ഐതിഹാസികമായ ഒരു മഹായാനം; അതും 5 സെന്റിമീറ്റർ മാത്രം വലുപ്പമുള്ള ഒരു കുഞ്ഞു തുമ്പി. കവി പണ്ട് പറഞ്ഞതാണ് ശരി;
“അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്ന മാർഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു!”
കൂടുതൽ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി, ഋതുഭേദങ്ങൾ കൂടി പരിഗണിച്ച് കൊണ്ട് തുലാത്തുമ്പികളുടെ ദേശാടനത്തെക്കുറിച്ച് വിശദമായ പഠനങ്ങൾക്കൊരുങ്ങുകയാണ് ആൻഡേഴ്സണും കൂട്ടരും. നമുക്കും കാത്തിരിക്കാം, തുമ്പി മഹാത്മ്യത്തിന്റെ പുതിയ അധ്യായങ്ങൾക്കായി.
അവലംബം:
Anderson R.C .2009. Do dragonflies migrate across the western Indian Ocean? Journal of Tropical Ecology. 25:347–358
Hobson KA, Anderson RC, Soto DX, Wassenaar LI (2012) Isotopic Evidence That Dragonflies (Pantala flavescens) Migrating through the Maldives Come from the Northern Indian Subcontinent. PLoS ONE 7(12): e52594. doi:10.1371/journal.pone.0052594
https://www.ted.com/…/charles_anderson_dragonflies_that_fly…
Tags: Pantala, തുലാത്തുമ്പി