ഇന്ത്യയിൽ എല്ലാവർക്കും സുപരിചിതമായ ഒരു മാംസഭോജിയാണ് കടുവ. ദേശീയമൃഗം എന്നതിലുപരി ജംഗിൾ ബുക്കിലെ വില്ലനായ ഷേർഖാനെയും ജിം കോർബെറ്റിന്റെ കഥകളിലെ ആളെത്തീനികളെയും അറിയാത്തവർ ചുരുക്കം. മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണ് കടുവ(Panthera tigris). ഇവരാണ് യഥാർത്ഥത്തിൽ ഇന്ത്യൻ കാടുകളുടെ കിരീടമില്ലാത്ത രാജാക്കന്മാർ(നിലവിൽ ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രമേ രാജാവാണെന്ന് വിളിക്കപ്പെടുന്ന ഏഷ്യൻ സിംഹങ്ങൾ കാണുന്നുള്ളൂ!). എന്നിരുന്നാലും എല്ലാ രാജകുടുംബങ്ങളെയും പോലെ കടുവകളുടെ പ്രതാപവും അംഗസംഖ്യയും ഇന്ന് ക്ഷയിച്ചിരിക്കുന്നു. ലോകത്ത് പണ്ട് കടുവകൾ ഉണ്ടായിരുന്ന ആവാസവ്യവസ്ഥയുടെ 95 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഈ അടുത്തകാലം വരെ കടുവകളെ വേട്ടയാടുന്നതും അവയുടെ തലയും തോലും എടുക്കുന്നതും ഒരു പ്രധാന വിനോദമായി നിലനിന്നിരുന്നു. പണ്ട് മുഗൾരാജാക്കന്മാർ ഒരു നായാട്ടിൽ തന്നെ അൻപതോളം കടുവകളെ വെടിവച്ചു കൊന്ന കഥകളും ചിത്രങ്ങളും ഇപ്പോഴും ചരിത്രപുസ്തകങ്ങളിൽ കാണാവുന്നതാണ്.
ലോകത്ത് കടുവകളുടെ 10 ഉപവർഗങ്ങൾ ഉണ്ടായിരുന്നു. പ്രാചീനകാലത്തു തന്നെ ട്രിനിൽ കടുവ എന്ന ഉപവിഭാഗം വംശമറ്റു പോയി. ശേഷം മനുഷ്യരുടെ ഇടപെടൽ മൂലം കാസ്പിയൻ കടുവ, ബാലി കടുവ, ജാവൻ കടുവ എന്നിവയുടെയും വംശനാശം സംഭവിച്ചു. സൈബീരിയൻ, ഇൻഡോ-ചൈനീസ്, തെക്കൻ-ചൈന, സുമാത്രൻ,മലയൻ, ബംഗാൾ എന്നിങ്ങനെ ആറ് ഉപവിഭാഗങ്ങൾ മാത്രമേ ഇപ്പോൾ ലോകത്ത് കാണുന്നുള്ളൂ. ഇന്ത്യയിൽ ബംഗാൾ കടുവകൾ മാത്രമേയുള്ളൂ. 1968-ൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഇടപെടൽ ആണ് ഇന്ത്യയിൽ കടുവ വേട്ടയും പിന്നീട് കടുവത്തോൽ വിൽപ്പനയും നിരോധിച്ചത്. 1972-ൽ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ, അതിന്റെ പട്ടിക ഒന്നിൽ വംശനാശത്തിന്റെ വക്കിലുള്ള കടുവ ഇടംപിടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1,00,000 കടുവകൾ ഉണ്ടായിരുന്നു എന്ന് കണക്കായിരുന്നിടത്തുനിന്ന് 2010-ൽ റഷ്യയിലെ സൈന്റ്റ് പീറ്റേഴ്‌സ്ബർഗ് ടൈഗർ സമ്മിറ്റ് നടക്കുമ്പോൾ ലോകത്ത് കേവലം 1,700 ഓളം കടുവകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു! ഇന്ത്യ ഉൾപ്പെടെ പ്രകൃത്യാ കടുവകൾ കാണപ്പെടുന്ന 13 രാജ്യങ്ങൾ അന്ന് 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിപ്പിക്കും എന്ന കരാറിൽ ഒപ്പുവച്ചു. എണ്ണത്തിൽ ശോഷിച്ചു കൊണ്ടിരിക്കുന്ന കടുവകളെ സംരക്ഷിക്കുന്നതിനും ആളുകളെ ബോധവാന്മാരാക്കുന്നതിനും വേണ്ടി ജൂലൈ 29 ലോക കടുവ ദിനമായി ആചരിച്ചു പോരുന്നു.
കടുവാ സംരക്ഷണം
കടുവാ സംരക്ഷണം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയാറുണ്ട്. “കടുവകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടോ?”, “പാവം മാനുകളെ ഒക്കെ ആക്രമിച്ചു ശാപ്പിടുന്ന ഇവരെ എന്തിന് സംരക്ഷിക്കണം!” തുടങ്ങിയ ചോദ്യങ്ങൾ അനിമൽ പ്ലാനറ്റ് പോലുള്ള ചാനൽ കാണുന്ന ഒരു ശരാശരി പ്രേക്ഷകന്റെ സംശയങ്ങളിൽ ഉൾപ്പെടുന്നു. കടുവ അല്ലെങ്കിൽ ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയർന്ന തലത്തിൽ ഉള്ള മാംസഭോജികൾ (Apex Predators) ഇല്ലാതായാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. 1900 ങ്ങളിൽ അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിൽ നിന്ന് ചെന്നായ്ക്കൾ അടക്കമുള്ള മാംസഭോജികളെ മാത്രം വേട്ടയാടാനുള്ള അനുമതി സർക്കാർ സന്ദർശകർക്ക് കൊടുത്തിരുന്നു. 1926ഓടു കൂടി അവസാന ചെന്നായയും അവിടെനിന്ന് അപ്രത്യക്ഷ്യമായി. ചെന്നായ്ക്കൾ ഇല്ലാതായതോടുകൂടി എൽക് മാനുകളുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. 5 വർഷത്തിനുള്ളിൽ ദേശീയോദ്യാനം നാശത്തിന്റെ വക്കിലായി, എണ്ണം കൂടിയ മാനുകളുടെ അമിത തീറ്റ കാരണം ഒരു ചെറിയ പുൽനാമ്പ് പോലും മുളക്കാത്ത അവസ്ഥയായി. അരുവികൾ വറ്റി തുടങ്ങി, കണ്ടിരുന്ന മറ്റു മൃഗങ്ങളെ കാട്ടിൽ കാണാതായി. കാട് നശിക്കുമെന്നായപ്പോൾ മാനുകളെ വേട്ടയാടി എണ്ണം നിയന്ത്രിക്കാൻ തീരുമാനമായി. എന്നിട്ടും നശീകരണം അൽപ്പം കുറഞ്ഞു എന്നല്ലാതെ യാതൊരു മാറ്റവും സംഭവിച്ചില്ല. ഒരുപാട് പഠനങ്ങൾക്ക് ശേഷം ഒടുവിൽ 1995-ൽ ചെന്നായ്ക്കളെ യെല്ലോസ്റ്റോണിലേക്ക് തിരിച്ചു കൊണ്ടുവന്നു. അത്ഭുതാവഹമായ മാറ്റമായിരുന്നു പിന്നീട് സംഭവിച്ചത്. ചെന്നായ്ക്കളെ പേടിച്ചു മാനുകൾ മേയുന്നതും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും കുറഞ്ഞു. ഉദ്യാനത്തിൽ മരങ്ങൾ നന്നായി വളരാൻ തുടങ്ങി, വറ്റിയ അരുവികൾ പുനർജനിച്ചു! മറ്റു മൃഗങ്ങളുടെ സാന്നിധ്യം യെല്ലോസ്റ്റോൺ പഴയ ആരോഗ്യം വീണ്ടെടുത്തു എന്നതിന് തെളിവായി. കടുവകൾ നശിച്ചാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ. കടുവകൾ സംരക്ഷിക്കപ്പെടുന്നതുവഴി അതിന്റെ കുടക്കീഴിലെ ഇരമൃഗങ്ങളും, ചെടികളും തുടങ്ങി ആവാസവ്യവസ്ഥ മുഴുവനും സംരക്ഷിക്കപ്പെടുന്നതിനാൽ ഇവരെ ‘umbrella സ്‌പീഷിഷ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്.
ലോകത്ത് നാലായിരത്തിൽ താഴെ കടുവകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നതിൽ, 2018 കടുവ സെൻസസ് പ്രകാരം 2967 കടുവകളും ഇന്ത്യയിലാണുള്ളത്. 2006 മുതൽ 2018 വരെ കടുവ സെൻസസ് പരിശോധിച്ചാൽ കടുവകളുടെ എണ്ണത്തിൽ 6 ശതമാനം വളർച്ചാനിരക്കാണ് ഇന്ത്യ കൈ വരിച്ചിരിക്കുന്നത്. 1973 ൽ Project Tiger തുടങ്ങിയ ശേഷം ഇന്ത്യയിൽ നിലവിൽ 50 ടൈഗർ റിസെർവുകൾ സ്ഥാപിക്കപ്പെട്ടു. കേരളത്തിൽ പെരിയാറും പറമ്പിക്കുളവുമാണ് ടൈഗർ റിസെർവുകൾ. ബന്ദിപ്പൂർ വനമേഖലക്ക് അടുത്തുള്ള വയനാട് ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്നത്. 2018 കടുവ സെൻസസ് കണക്ക് പ്രകാരം കേരളത്തിൽ 190 കടുവകൾ ഉണ്ട്! ഇന്ത്യയിൽ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി നിൽക്കുമ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽ പാരമ്പര്യ വൈദ്യത്തിനും മറ്റുമായി കടുവകളെ നിർബാധം കൊല്ലുന്നത് സംരക്ഷണപ്രവത്തങ്ങൾക്ക് തിരിച്ചടിയാണ്. തെക്കൻ-ചൈന കടുവകൾ എന്ന ഉപവിഭാഗം ലോകത്ത് 20 എണ്ണത്തിൽ താഴയേ കാണപ്പെടുന്നുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്! സുമാത്രൻ, മലയൻ കടുവകൾ കാണപ്പെടുന്ന ആവാസവ്യവസ്ഥകളിൽ വേട്ട ഒരു ഭീഷണിയായി ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ തന്നെ ഓരോ വർഷവും ഇരുപതോളം ബംഗാൾ കടുവകൾ അനധികൃത തോൽ-പല്ല്-നഖം കടത്തിനായി വേട്ടയാടപ്പെടുന്നു. ചുരുങ്ങികൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന ഈ ‘ഇമ്മിണി ബല്യ പൂച്ചകളെ’ സംരക്ഷിക്കാൻ ഈ അവസരത്തിൽ നമുക്ക് കൈകോർക്കാം.
Tags: jim corbet, July29, Tiger, കടുവ