ഒരു പതിറ്റാണ്ടിനു ശേഷം മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അന്ന് മുഖ്യധാരാമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച മൂന്നാറിലെ കുടിയിറക്കല്‍ മഹാമഹം രാഷ്ട്രീയ, ഭൂമാഫിയ സംഘലത്തിനു മുന്‍പില്‍ എങ്ങുമെത്താതെ അവസാനിച്ചത് ഒരു ദു:സ്വപ്നം പോലെ നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ, പ്രകൃതിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെയും മാധ്യമങ്ങളുടെയും വലിയ പിന്തുണയോടെ ആരംഭിച്ച ആ ഉദ്യമം വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് സി.പി.ഐ. യുടെ ഓഫീസ് പൊളിക്കലില്‍ തുടങ്ങിയ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ടാണെന്ന് അന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. സത്യത്തില്‍ സി.പി.ഐ. യുടെ ഓഫീസ് പൊളിക്കല്‍ ഒരു നിമിത്തം മാത്രമായിരുന്നു. അധികാരസ്ഥാനങ്ങളിലിരുന്ന് മൂന്നാറെന്ന ചക്കരക്കുടത്തിന്‍റെ സ്വാദറിഞ്ഞവര്‍, ജുഡീഷ്യറിയടക്കമുള്ളവര്‍ പകുതിക്ക് പാലം വലിച്ചതോടെ ആ ദൗത്യം അകാല ചരമമടയുകയായിരുന്നു. അന്നത്തെ പുലികളും പൂച്ചകളും തോറ്റു മടങ്ങിയ ആ അക്ഷൗഹിണിപ്പടയ്ക്ക് മുന്നില്‍ ഇന്നിതാ ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ധീരനായ ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്ക് പൊരുതി വിജയിക്കുമെന്ന് നാം കരുതുന്നു, അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നു. ഒന്നും സംഭവിക്കില്ല എന്ന് മൂന്നാറിന്‍റെ കയ്യേറ്റങ്ങളുടെയും കുടിയിറക്കലിന്‍റെയും ചരിത്രം നോക്കിയാലറിയാം.
ഒന്നര നൂറ്റാണ്ടായി മൂന്നാറിന്‍റെ നാശം തുടങ്ങിയിട്ട്. ഏലമലക്കാടുകളില്‍ സൂപ്രണ്ടായിരുന്ന ജെ.ഡി. മണ്‍റോ 1877-ല്‍ കണ്ണന്‍ദേവന്‍ മലനിരകളില്‍ എത്തുന്നതോടെയാണ് മൂന്നാറിന്‍റെ ചരിത്രം മാറുന്നത്. വേനലിലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന കണ്ണന്‍ ദേവന്‍ കുന്നുകള്‍ നാണ്യവിളകള്‍ക്കു പറ്റിയ സ്ഥലമായി സായിപ്പിന് തോന്നിയിരിക്കണം. ഏതായാലും തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ സാമന്തനായ പൂഞ്ഞാര്‍ രാജാവ് മണ്‍റോക്കും മദ്രാസ് പ്രസിഡന്‍സിയിലെ പോസ്റ്റ്മാസ്റ്റര്‍ ജനലറായിരുന്ന എച്ച്.ജി. ടര്‍ണര്‍ക്കുമായി കണ്ണന്‍ദേവന്‍ അഞ്ചു നാടുമല മുഴുവനായും ദാനമായി കൊടുക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. അടുത്ത കൊല്ലം ഒരു ഭൂദാനം കൂടി നടത്തിയതോടെ ആകെ ഒന്നര ലക്ഷത്തോളം ഏക്കര്‍ വനം മണ്‍റോയുടെ North Travancore Planting and Agricultural Society എന്ന കമ്പനിയുടെ കീഴിലായി. എന്നാല്‍ കമ്പനിയുടെ പോക്ക് അത്ര സുഗമമായിരുന്നില്ല, ചെയ്ത കൃഷിയെല്ലാം നഷ്ടത്തില്‍ കലാശിച്ചു. അങ്ങനെ 15 കൊല്ലം കൊണ്ട് പല കൈ മറിഞ്ഞ് അവസാനം ഫിന്‍ലെ ആന്‍ഡ് മൂര്‍ കമ്പനിയുടെ കയ്യില്‍ എത്തുന്നതോടെയാണ് 26-ഓളം എസ്റ്റേറ്റുകളും അനേകം കൈവശാവകാശങ്ങളുമായി കിടന്നിരുന്ന ഭൂമി ഏകീകരിച്ച് ഒറ്റ എസ്റ്റേറ്റായി മാറുന്നത്. 1900-ല്‍ രൂപീകരിച്ച കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ പിന്നീട് തേയില കൃഷി പൊടിപൊടിച്ചു. 1920-ഓടെ മൂന്നാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയായി. 23,000 ഏക്കറില്‍ തേയിലകൃഷിയും 18,000 തൊഴിലാളികളും അവരുടെ കുടുംങ്ങളുമായി കണ്ണന്‍ ദേവല്‍ ഹില്‍സ് വില്ലേജ് (KDH) വികസിച്ചു. ഏറ്റവുമൊടുവില്‍ 1964-ല്‍ ടാറ്റയുടെ കയ്യില്‍ എത്തുമ്പോഴേക്കും കണ്ണന്‍ ദേവന്‍ മലകളില്‍ വേറൊരു സാമ്രാജ്യം തന്നെ അവര്‍ പടുത്തുയര്‍ത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരവും യൂണിയന്‍ ജാക്ക് പതാക പാറിയിരുന്ന സാമ്രാജ്യം!
ഇ.എം.എസിന്‍റെ ഭൂപരിഷ്കരണം വിമോചനസമര തീച്ചൂളയില്‍ ചാപിള്ളയായി അവസാനിച്ചതോടെ മിച്ചഭൂമി വിതരണം ഏറെക്കുറെ അവസാനിച്ചിരുന്നു. പിന്നീട് അതു പൂര്‍ത്തിയാക്കാനുള്ള നിയോഗം ലഭിച്ചത് 1971-ലെ മന്ത്രിസഭയ്ക്കായിരുന്നു. അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ, ഭൂപരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിപ്ലവകരമായ രണ്ടു നിയമങ്ങള്‍ കൊണ്ടു വന്നു. ഒന്ന് കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ലാന്‍ഡ്സ്) ഉം, രണ്ടാമത്തേത് കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്‍റ്) ഉം. ഒന്നാമത്തെ നിയമം പ്രാല്യത്തില്‍ വന്നതോടെ കമ്പനിയുടെ തേയിലത്തോട്ടങ്ങളും മറ്റ് അനുന്ധസ്ഥലങ്ങളും ഒഴികെയുള്ള ഭൂമിയെല്ലാം സര്‍ക്കാരിന് കീഴിലായി. വന്‍കിടക്കാര്‍ കയ്യടക്കി വച്ചിരുന്ന ഭൂമിയില്‍ കൃഷിയിടങ്ങളും, കുടികിടപ്പും അല്ലാത്തവ കണ്ടെത്തി വനമായി പ്രഖ്യാപിച്ചു ദേശസാല്‍ക്കരിക്കുക എന്നതായിരുന്നു രണ്ടാമത്തെ നിയമത്തിന്‍റെ ലക്ഷ്യം. ഏറ്റെടുത്ത ഭൂമിയിലെ കൈവശക്കാരുടെ പരാതികളില്‍ തീര്‍പ്പു കല്പിക്കാനായി കെ.സി. ശങ്കരനാരായണന്‍റെ നേതൃത്വത്തിലുള്ള ഒരു ലാന്‍ഡ് ബോർഡ് രൂപീകരിച്ചു. അസംഖ്യം നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിനായിരുന്നു വിജയം. തങ്ങള്‍ കൈവശം വച്ചു പോന്ന ആകെയുള്ള 1,27,881 ഏക്കര്‍ ഭൂമിയില്‍ നിന്നു തേയില കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി കണ്ണന്‍ ദേവന്‍ കമ്പനി ലാന്‍റ് ലോര്‍ഡിനോട് ആവശ്യപ്പെട്ടത് 64,157 ഏക്കര്‍ ആയിരുന്നു. 1974-ല്‍ ലാന്‍ഡ് ലോര്‍ഡ് പല തെളിവെടുപ്പുകള്‍ക്കും കൂടിയാലോചകള്‍ക്കും ശേഷം 57,359 ഏക്കര്‍ ഭൂമി ഏഴു വിഭാഗങ്ങളിലായി കണ്ണന്‍ ദേവന്‍ കമ്പനിക്ക് അനുവദിച്ചു.
ഏതായാലും കണ്ണന്‍ ദേവനില്‍ നിന്നും ഏറ്റെടുത്ത ബാക്കി 70,000-ല്‍ പരം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ വന്നുചേര്‍ന്നു. സകല ഭൂമിയും ‘പാവങ്ങള്‍ക്ക്’ പതിച്ചു കൊടുക്കണം എന്നായിരുന്നു അന്ന് അച്യുതമേനോന്‍റെ മുമ്പിലുണ്ടായിരുന്ന ശക്തമായ ആവശ്യം. എന്നാല്‍ ബുദ്ധിമാനും സര്‍വ്വോപരി തികഞ്ഞ പ്രകൃതിസ്നേഹിയുമായിരുന്ന അദ്ദേഹം ഈ ഭൂമി എങ്ങനെ വിനിയോഗിക്കണമെന്നു പഠിക്കാന്‍ കമ്മിറ്റിയെ വച്ചു. മാങ്കുളത്തെ 5,250 ഏക്കര്‍ ഭൂരഹി തര്‍ക്ക് പതിച്ചു കൊടുക്കാനും 2,870 ഏക്കര്‍ പൊതു ആവശ്യങ്ങള്‍ക്കുമായി (തീറ്റപ്പുല്‍ കൃഷി, ഭവന നിര്‍മ്മാണം, പച്ചക്കറിത്തോട്ടം) മാറ്റി വെക്കാനുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ അധീനതയിലുള്ള 70,000 ഏക്കറില്‍ സിംഹഭാഗവും വനമായി തന്നെ സൂക്ഷിക്കാനാണ് കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചു കൊണ്ട് മന്ത്രിസഭയുടെ അവസാന നാളുകളില്‍ 43,000 ഏക്കറോളം വനഭൂമി മാറ്റമില്ലാതെ സംരക്ഷിക്കുമെന്നും ബാക്കി 17,922 ഏക്കര്‍ ഭൂമി വനമായി റിസര്‍വ് ചെയ്യും എന്നും ഒരു ഉത്തരവ് അച്യുതമേനോന്‍ മന്ത്രിസഭ ഇറക്കി (1975-ല്‍ 43,242 ഏക്കര്‍ വനം ഇരവികുളം വന്യജീവി സങ്കേതമായും, പിന്നീട് 1978-ല്‍ ദേശീയോദ്യാനമായും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു).
കൊടുംകാടുകള്‍ മിച്ചഭൂമിയായി പതിച്ചു കിട്ടുമെന്നു മനപ്പായസമുണ്ടവര്‍ക്ക് ഇത് കനത്ത പ്രഹരമായിരുന്നു. അടിയന്തരാവസ്ഥയു ടെ അനിശ്ചിതത്വത്തിനൊടുവില്‍ അവര്‍ കരുക്കള്‍ നീക്കാന്‍ തുടങ്ങി. വനവല്‍ക്കരണത്തിനെന്നു പറഞ്ഞു മാറ്റി വച്ച 17,922 ഏക്കറിലായി എല്ലാവരുടെയും കണ്ണ്. ഭൂമിയുടെ സംരക്ഷണാവകാശം വനം വകുപ്പിന് കൈമാറിയെങ്കിലും ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് തന്നെ തുടര്‍ന്നു. റവന്യൂ തരിശുകള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. 1980-ലും 86-ലും ഇടതുപക്ഷ ഭരണകാലത്ത് ഇറങ്ങിയ രണ്ടു ഉത്തരവുകളില്‍ ഈ ഭൂമി വനമായി സംരക്ഷിക്കുമെന്ന വാചകങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഭരണ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന സര്‍ക്കാര്‍ പത്രപരസ്യങ്ങളില്‍ മാത്രം ഒതുങ്ങാനായിരുന്നു അവയുടെ വിധി. പിന്നീടങ്ങോട്ട് കയ്യേറ്റങ്ങളുടെ ഘോഷയാത്രയായിരുന്നു. ഇന്നും റവന്യൂവകുപ്പിന്‍റെ അധീനതയില്‍ തുടരുന്ന ഈ ഭൂമിയില്‍ കയ്യേറ്റക്കാര്‍ക്ക് വനം വകുപ്പിന്‍റെ സാന്നിധ്യം ഒരിക്കലും പ്രശ്നമായി രുന്നില്ല (റിസര്‍വ് ചെയ്ത വനഭൂമിയില്‍ യാതൊരു കയ്യേറ്റത്തിനോ നിര്‍മ്മാണത്തിനോ സാധ്യതയില്ല. 1980-ലെ കേന്ദ്ര വന നിയമപ്രകാരം ഒരു തുണ്ട് വനഭൂമി പോലും മുന്‍കൂര്‍ അനുമതിയില്ലാതെ അവസ്ഥ മാറ്റാനോ, കൈമാറാനോ സാധ്യമല്ല. എന്നാല്‍ റവന്യൂ ഭൂമി അങ്ങനെയല്ല, പട്ടയങ്ങളും ഇഷ്ടദാനങ്ങളുമായി ഭൂമി പല രീതിയില്‍ രാഷ്ട്രീയ പിന്‍ലത്തോടെ കയ്യേറ്റക്കാര്‍ ഉപയോഗിക്കുന്നു). ദുര്‍ബ്ബലമായ നിയമങ്ങളും, അനന്തമായി നീളുന്ന കോടതി വ്യവഹാര ങ്ങളും അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു വകുപ്പും സഹായത്തിനുള്ളപ്പോള്‍ കയ്യേറ്റക്കാര്‍ക്ക് ആരെയാണ് ഭയക്കേണ്ടത്?
കയ്യേറ്റത്തിന്‍റെ കൈവഴികള്‍
ലാന്‍റ് ലോര്‍ഡ് അവാര്‍ഡ് പ്രകാരം 5,250 ഏക്കര്‍ ഭൂമി മാങ്കുളത്ത് ഭൂരഹിതര്‍ക്ക് പതിച്ചു കൊടുക്കാനും ബാക്കി വനമായി സൂക്ഷിക്കാനും സര്‍ക്കാരിന് ആരുടെയും തടസ്സമില്ലായിരുന്നു. എന്നാല്‍ ഒന്നും ചെയ്യാതെ വന്‍തോതിലുള്ള കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ എടുത്തത്. മാങ്കുളം സ്പെഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ രൂപീകൃതമായത് അങ്ങനെയാണ്. ഭൂമിക്ക് റവന്യൂ സ്റ്റാറ്റസും അതിന്‍റെ സംരക്ഷണം വനംവകുപ്പിനും എന്ന പതിവ് ഇരട്ടത്താപ്പ്. ഫലമോ, പട്ടയം കിട്ടുമെന്ന ധാരണയില്‍ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാങ്കുളത്തു വന്‍തോതില്‍ കാട് കയ്യേറി. അവസാന ജി.പി.എസ്. സര്‍വെ പ്രകാരം 7,000 ത്തിലേറെ ഏക്കറാണ് ഇങ്ങനെ കയ്യേറിയതെന്നാണ് കണക്ക്. പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അതീവ സംരക്ഷണ പ്രധാന്യമുള്ളത് (High Conversation Value) എന്ന് അടയാളപ്പെടു ത്തിയ വനങ്ങളാണ് ഇങ്ങനെ കയ്യേറാന്‍ വിട്ടുകൊടുത്തത്. അവസാനം 2007-ല്‍ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഉദ്യമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് മാങ്കുളത്തെ ബാക്കിയുള്ള വനങ്ങള്‍ റിസര്‍വ് ആയി നോട്ടിഫൈ ചെയ്യുന്നത്. അതോടെ കയ്യേറ്റക്കാരുടെ ശ്രദ്ധ മൂന്നാറിലേക്ക് തിരിഞ്ഞു. മൂന്നാര്‍ ഭൂമിയാവട്ടെ റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തെങ്കിലും റവന്യൂ വകുപ്പിന്‍റെ അധീനതയില്‍ ഇന്നും തുടരു ന്നു. അവിടെ രവീന്ദ്രന്‍ പട്ടയങ്ങളും കുരിശു മലകളും അരങ്ങുവാഴുന്നു.
2007-ലെ മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയ അവസരത്തില്‍ വനംവകുപ്പു മന്ത്രി ബിനോയ് വിശ്വം ഒരു പ്രഖ്യാപനം നടത്തിയിരുന്നു. മൂന്നാറിലെ വനഭൂമി റിസര്‍വ് വനഭൂമിയായി നോട്ടിഫൈ ചെയ്യാനുള്ള പണികള്‍ അവസാന ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അതു യാഥാര്‍ത്ഥ്യമാകുമെന്നും. വളരെ പ്രതീക്ഷയോടെയാണ് കേരളം ഈ വാര്‍ത്ത കേട്ടത്. എന്നാല്‍ അപകടം മണത്ത ഭൂമാഫിയ വിദഗ്ദ്ധമായി കരുക്കള്‍ നീക്കി, അന്നത്തെ മൂന്നാര്‍ കളക്ടറിലൂടെ. നിര്‍ദ്ദിഷ്ട റിസര്‍വ് വനത്തിന്‍റെ അതിര്‍ത്തിയിലും വിസ്തീര്‍ണ്ണത്തിലും അവ്യക്തതയുണ്ടെന്നും അവിടെ ടാറ്റയുടെ വന്‍ കയ്യേറ്റങ്ങളുണ്ടെന്നും അതുകൊണ്ടു റീസര്‍വ്വേ നടത്തി കൃത്യമായ അതിരു നിര്‍ണ്ണയം നടത്തിയതിനു ശേഷമേ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നും കാട്ടി കളക്ടര്‍ വിയോജനക്കുറിപ്പ് അയച്ചു. ആറുമാസത്തോളം വച്ചു താമസിപ്പിച്ച് അവസാനം ആ ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോള്‍ ഈ കുറിപ്പും ഉണ്ടായിരുന്നു. എന്നാല്‍ കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍-4 പ്രകാരം അതിരു നിര്‍ണ്ണയത്തിലെ അവ്യക്തതകള്‍ ഒട്ടും പ്രധാന്യമര്‍ഹിക്കുന്നില്ല. സ്വാഭാവിക വനത്തിന്‍റെ പേരില്‍ റിസര്‍വ്വാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ നാലതിരുകള്‍ വച്ചു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനൊടോപ്പം നിയമിതനാവുന്ന സെറ്റില്‍മെന്‍റ് ഓഫീസര്‍ക്കാണ് റിസര്‍വ് വനത്തിന്‍റെ വിസ്തീര്‍ണ്ണവും അതിരു കളും കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ചുമതല. നിര്‍ദ്ദിഷ്ട റിസര്‍വ് വനഭൂമിയില്‍ കുടികിടപ്പോ തോട്ടങ്ങളോ ഉണ്ടെങ്കില്‍ റിസര്‍വ് ചെയ്ത വനഭൂമിയില്‍ യാതൊരു കയ്യേറ്റത്തിനോ നിര്‍മ്മാണത്തിനോ സാധ്യതയില്ല. 1980-ലെ കേന്ദ്ര വന നിയമ പ്രകാരം ഒരു തുണ്ട് വനഭൂമി പോലും മുന്‍കൂര്‍ അനുമതിയില്ലാതെ അവസ്ഥ മാറ്റാനോ, കൈമാറാനോ സാധ്യമല്ല. എന്നാല്‍ റവന്യൂ ഭൂമി അങ്ങനെയല്ല, പട്ടയങ്ങളും ഇഷ്ടദാനങ്ങളുമായി ഭൂമി പല രീതിയില്‍ രാഷ്ട്രീയ പിന്‍ബലത്തോടെ കയ്യേറ്റക്കാര്‍ ഉപയോഗിക്കുന്നു. അവ ക്രമപ്പെടുത്താനും, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുമുള്ള ചുമതലയും അധികാരവും സെറ്റില്‍മെന്‍റ് ഓഫീസര്‍ക്കാണ്. കേരളത്തിലെ എല്ലാ റിസര്‍വ് വനങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ് സംഭവിച്ചിട്ടുള്ളത്. അന്ന് വനംവകുപ്പ് മേധാവിയായിരുന്ന ടി.എം. മനോഹരന്‍ ഇത്തരത്തില്‍ ഇടുക്കി കളക്ടറുടെ ഓരോ വാദത്തിന്‍റെയും പൊള്ളത്തരങ്ങള്‍ വിശദമാക്കിക്കൊണ്ട് സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് മന്ത്രിസഭ പരിഗണിച്ചില്ല. വനം, റവന്യൂ വകുപ്പുകളിലെ ഏത് ചെറിയ ഉദ്യോഗസ്ഥനും അറിയാവുന്ന ഈ നടപടിക്രമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിമാര്‍ക്കോ അറിയില്ലെന്ന് കരുതാനാവില്ല. എന്തിനേറെ പറയുന്നു, കളക്ടറുടെ, ചവറ്റു കൊട്ടയില്‍ തള്ളാനുള്ള യോഗ്യത മാത്രമുണ്ടായിരുന്ന ഒരു കുറിപ്പിന്‍റെ പേരില്‍, തര്‍ക്കമുണ്ടെന്ന പേരില്‍, വി.എസും, ബിനോയ് വിശ്വവും സന്നിഹിതരായിരുന്ന ആ മന്ത്രിസഭായോഗത്തില്‍ തന്നെ ആ തീരുമാനം മാറ്റിവെക്കപ്പെട്ടു. ഭരണപക്ഷത്തെ ഇരു പാര്‍ട്ടികളും വിദഗ്ദ്ധമായി അഭിനയിച്ചു തീര്‍ത്ത ഈ നാടകം കൊണ്ട് ഇല്ലാതായത് മൂന്നാറിനെ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷ മാത്രമല്ല, 30 കൊല്ലം മുമ്പ് അച്യുതമേ നോന്‍ ബാക്കി വച്ച സ്വപ്നം കൂടിയാണ് (പിന്നീട് ഇത് വിജ്ഞാപനം ചെയ്യപ്പെട്ടു).
ടാറ്റയുടെ കയ്യേറ്റം
മൂന്നാറിലെയും ചിന്നക്കനാലിലേയും വന്‍കിട കയ്യേറ്റങ്ങളെപ്പറ്റി ചര്‍ച്ചകള്‍ ഉണ്ടാവുമ്പോഴൊക്കെ ടാറ്റയുടെ കയ്യേറ്റവും ഉയര്‍ന്നുവരും. എല്ലാക്കാലത്തും രാഷ്ട്രീയഭേദമന്യേ ഉന്നയിക്കുന്ന പ്രശ്നമാണ് ഇത്. ടാറ്റയുടെ കയ്യിലുള്ളത് പട്ടയഭൂമിയാണെന്നും വന്‍ കയ്യേറ്റങ്ങള്‍ ഉണ്ടെന്നും പലപ്പോഴായി കേള്‍ക്കാറുണ്ട്. ടാറ്റയ്ക്ക് ഉണ്ടെന്ന് ആരോപി ക്കപ്പെടുന്ന കയ്യേറ്റ ഭൂമിയെ മുന്‍ നിര്‍ത്തി മറ്റെല്ലാ കയ്യേറ്റങ്ങളെയും വെള്ളപൂശിയെടുക്കുക എന്നതാണ് രാഷ്ട്രീയക്കാര്‍ എക്കാലവും സ്വീകരിച്ചു പോരുന്ന നിലപാട്.
മൂന്നാര്‍ പോലുള്ള അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശത്ത് ഭൂമിയുടെ തുണ്ടു വല്‍ക്കരണം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയേനെ. ഒരു പരിധി വരെ അത് തടയാന്‍ കഴിഞ്ഞത് ടാറ്റയുടെ സാ ന്നിധ്യം മൂലമാണ്. തേയില കൃഷി ചെയ്യാത്ത, കാലി വളര്‍ത്തലിനും, ഓഫീസ് കെട്ടിടങ്ങള്‍ക്കുമായി മാറ്റി വെയ്ക്കപ്പെട്ട ധാരാളം ഭൂമി ടാറ്റയുടെ കൈവശം ഉണ്ട്. ഏറ്റവും ഒടുവില ത്തെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം കണ്ണന്‍ ദേവന്‍ കമ്പനി രൂപവല്‍ക്കരണം തന്നെ ഫെറ പോലുള്ള കേന്ദ്ര നിയമങ്ങ ളുടെ ലംഘനം മൂലം അസാധു ആണ്, ആ നിലയ്ക്ക് ഈ ഭൂമിയത്രയും സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ്. ടാറ്റയുടെ കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ കുറ്റമറ്റ സര്‍വേ നടത്തുകയാണ് വേണ്ടത്. വനമായി സംരക്ഷിക്കപ്പെടേണ്ട ഒരു പ്രദേശം എളുപ്പത്തില്‍ സ്വകാര്യവ്യക്തി കളുടെ പക്കല്‍ എത്തിപ്പെടുകയാണ്. ഉപാധിരഹിത പട്ടയമേളകള്‍ സംഘടിപ്പിച്ചു ഭൂമിയുടെ തുണ്ടുവല്‍ക്കരണം പ്രോത്സാഹി പ്പിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. മൂന്നാര്‍ പോലെ ഭൂമിക്കു തീവിലയുള്ള ഒരു പ്രദേശത്ത് അഞ്ചും പത്തും സെന്‍റുകള്‍ ഉപാധി രഹിതമായി പട്ടയം നല്‍കിയാല്‍ അവ കുറഞ്ഞ കാലം കൊണ്ട് കൈമറിഞ്ഞു വന്‍കിട ഭൂ, റിസോര്‍ട്ട് മാഫിയയുടെ കയ്യില്‍ ചെന്നു ചേരും എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ടാറ്റയുടെ കയ്യില്‍ നിന്ന് ഭൂമി ഏറ്റെടുക്കുകയാണെ ങ്കില്‍ ആദ്യംതന്നെ അത് വനഭൂമിയായി നോട്ടിഫിക്കേഷന്‍ നടത്തി വനംവകുപ്പിന് കൈമാറുകയാണ് വേണ്ടത്. അല്ലെങ്കില്‍ ആ ഭൂമി മുഴുവന്‍ തന്നെ കയ്യേറ്റം ചെയ്യപ്പെടും എന്നതിന് രണ്ടു പക്ഷമുണ്ടാവാന്‍ വഴിയില്ല.
2010-ല്‍ കേരളം സന്ദര്‍ശിച്ച ജയറാം രമേഷ് മൂന്നാറിലെ സ്ഥിതിഗതികള്‍ വിലയിരു ത്താനായി അയച്ച കേന്ദ്ര വനം-വന്യജീവി വകുപ്പിന്‍റെ സമിതിയുടെ (K.S Reddy, K.B. Thampi, K. Ullas Karanth and Prakrithi Srivastava) കണ്ടെത്തലുകള്‍ ഇവയാണ്:
- മൂന്നാറിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കൃത്യമായി അജണ്ടയിട്ട് അതിരുകള്‍ തിരിച്ചിട്ടുള്ളതും പൂര്‍ണ്ണമായും തിരിച്ചറിയാന്‍ കഴിയുന്നതുമാണ്. അടിയന്തരമായി ഈ വനഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍വേ നടത്തി അതിരുകള്‍ ഭദ്രമാക്കുകയും വേണം.
- രണ്ടാംഘട്ടത്തില്‍ കണ്ണന്‍ ദേവന്‍ തോട്ടങ്ങളുടെ ഇടയില്‍ വരുന്ന ചോലക്കാടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വനഭൂമിയും റിസര്‍വായി പ്രഖ്യാപിക്കാനുള്ള നിയമ നടപടികള്‍ ആരംഭിക്കണം.
- KDH വില്ലേജിലെ ശേഷിക്കുന്ന വനഭൂമിയുടെ അതിരുകളുടെ അക്ഷാംശ, രേഖാംശ രേഖകള്‍ വനംവകുപ്പ് നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയും, അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകും വിധം പുറത്തുവിടുകയും വേണം.
- ഏതെങ്കിലും ആവശ്യത്തിനായി വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്, ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ ക്രയവിക്രയങ്ങളും (പട്ടയദാനങ്ങളടക്കം) ഉടനടി കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കേണ്ടതാണ്.
- KDHPC തങ്ങളുടെ അധീനതയിലുള്ള തോട്ടങ്ങളും അരുവികളും, ചോലവനങ്ങളും എങ്ങനെ സംരക്ഷിക്കുമെന്ന് പ്രതിപാദിക്കുന്ന വിശദമായ പ്ലാന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് അംഗീകാരം നേടേണ്ടതാണ്.
എന്നാല്‍ അന്നത്തെ സര്‍ക്കാരാകട്ടെ ഈ റിപ്പോര്‍ട്ട് പഠിക്കാന്‍ വേറൊരു കമ്മിറ്റിയെ വച്ച് ഇതിനെ കുഴിച്ചു മൂടുന്നതാണ് പിന്നീട് കണ്ടത്.
KDH വില്ലേജില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂപ്രദേശങ്ങള്‍ ഭൂമിശാസ്ത്രപ്രകാരമായും നിയമപരമായും രേഖകള്‍ പ്രകാരവും വനങ്ങളാണെന്ന് 19-ാം നൂറ്റാണ്ടിലെ പൂഞ്ഞാര്‍ കണ്‍സെഷന്‍ തുടങ്ങി 1971-ലെ KDH നിയമത്തിലും, ലാന്‍റ് ലോർഡ് അവാര്‍ഡിലും, മൂന്നിലധികം കോടതി വിധികളിലും അസംഖ്യം റിപ്പോര്‍ട്ടുകളിലും അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. മൂന്നാറിനെ ഇനിയു ള്ള കയ്യേറ്റങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ കയ്യിലുള്ള ഭൂമി റിസര്‍വ് വനമായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ്. കയ്യേറ്റങ്ങള്‍ ഒഴി പ്പിക്കുന്നതില്‍ മാത്രമായി വിഷയം ഒതുങ്ങുേമ്പാള്‍ ആത്യന്തികമായി വിജയിക്കുന്നത് കയ്യേറ്റക്കാരുടെ തന്ത്രങ്ങള്‍ തന്നെയാണ്.
ആശയത്തിന് കടപ്പാട്: 2009 ജനുവരിയില്‍ ‘എന്‍റെ മലയാളം’ വാരികയില്‍ വന്ന ഗിരീഷ് ജനാര്‍ദ്ദനന്‍റെ ലേഖനങ്ങള്‍.