മൂന്നാര്‍ എന്നു കേള്‍ക്കുമ്പോഴേ മലയാളിക്ക് ഒരു കുളിര് അനുഭവപ്പെടും, ഊട്ടി എന്നു കേള്‍ക്കുന്നതു പോലെ. മഞ്ഞു പെയ്യുന്നതുപോലെ തണുപ്പുള്ള, പച്ച പുതച്ച മലമടക്കുകളാല്‍ സമ്പന്നമായ നമ്മുടെ, മലയാളികളുടെ സ്വന്തം ഹില്‍സ്റ്റേഷന്‍. ഇന്ത്യയില്‍ നിസ്സംശയം കാണേണ്ടുന്ന പത്തു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മൂന്നാറിനെ 2016-ല്‍ പുറത്തിറങ്ങിയ ചില അന്താരാഷ്ട്ര ട്രാവല്‍ മാഗസിനുകള്‍ തെരഞ്ഞെടുത്തിരുന്നു. ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് കൊച്ചിക്ക് കിഴക്ക് പശ്ചിമഘട്ടത്തില്‍ ഇടുക്കി ജില്ലയുടെ ഭാഗമായ ഏകദേശം 5,200 അടി ഉയരത്തിലുള്ള ഒരു ചെറു പഞ്ചായത്താണ് മൂന്നാര്‍. വശ്യമനോഹാരിതക്കും ടൂറിസത്തിനുമപ്പുറം മലയാളികള്‍ക്കിടയില്‍ മൂന്നാറിനെ സുപരിചിതമാക്കിയത് 2007 മുതല്‍ നാം കേള്‍ക്കുന്ന കയ്യേറ്റ വാര്‍ത്തകളും നടപടികളും വിവാദങ്ങളുമാണ്. വിവാദം ഭക്ഷിക്കുന്ന മലയാളിക്ക് മൂന്നാറിനെപ്പറ്റി അതിനുമപ്പുറ ത്തുള്ള ചില ധാരണകള്‍ പകരേണ്ടത് അത്യാവശ്യമാണ്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന മേഖലകളെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയും അതിനുശേഷം വന്ന ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതിയും തമ്മില്‍ പല കാര്യത്തിലും പരസ്പരം വിയോജിച്ചെങ്കിലും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ മൂന്നാര്‍ പ്രദേശത്തെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഈ രണ്ടു സമിതികളും യോജിച്ചു എന്നതു മാത്രം മതി, മൂന്നാറിന്‍റെ പാരിസ്ഥിതിക മൂല്യം പ്രാഥമികമായി മനസ്സിലാക്കാന്‍. മൂന്നാര്‍ എന്നത് ചിലര്‍ക്ക് കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലുള്ള ഒരു കൊച്ചു ടൗണോ ഒരു ഗ്രാമ പഞ്ചായേത്താ മാത്രമാണ്. എന്നാല്‍ സംസ്ഥാന വനംവകുപ്പിനെ സംബന്ധിച്ച് അതൊരു വനം-വന്യജീവി മേഖലയാണ്. ഇരവികുളം ദേശീയോദ്യാനം, ആനമുടി ഷോല ദേശീയോദ്യാനം, പാമ്പാടും ഷോല ദേശീയോദ്യാനം, മതികെട്ടാന്‍ ഷോല ദേശീയോദ്യാനം, കുറിഞ്ഞിമല-ചിന്നാര്‍ എന്നീ വന്യജീവി സങ്കേതങ്ങള്‍ എന്നിവയടങ്ങിയ മൂന്നാര്‍ വന്യജീവി ഡിവിഷനാണ് അതില്‍ പ്രധാനം. അതിനെ ചുറ്റിപ്പറ്റി നേര്യമംഗലം മുതല്‍ മുകളിലേക്ക് പള്ളിവാസല്‍ അണ്‍റിസര്‍വ്, കണ്ണന്‍ദേവന്‍ ഹില്‍സ്, ചിന്നക്കനാല്‍ അണ്‍റിസര്‍വ്, ബൈസണ്‍ വാലി, പൂപ്പാറ, ശാന്തന്‍പാറ, രാജാക്കാട് വഴി കട്ടപ്പന വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന, ഇടുക്കി ജില്ലയുടെ ഒട്ടു മിക്ക പ്രദേശങ്ങളും അടങ്ങിയ മൂന്നാര്‍ വനം ഡിവിഷനാണ് അതില്‍ രണ്ടാമത്തേത്. ഈ വനം-വന്യജീവി ഡിവിഷനുകളിലായി പരന്നു കിടക്കുന്ന മൂന്നാര്‍ എന്ന വിശാല ഭൂപ്രദേശം വനംവകുപ്പിനെ സംബന്ധിച്ച് പാരിസ്ഥിതികമായ തുടര്‍പരിക്കുകളില്ലാതെ സംരക്ഷിക്കേണ്ട പ്രദേശമാണ്.
വനമോ റവന്യൂ ഭൂമിയോ?
മൂന്നാര്‍ വനം ഡിവിഷന്‍റെ ഭാഗമായ കാര്‍ഡമം ഹില്‍ റിസര്‍വ് (ഏലമലക്കാട്) 336 ച.മൈല്‍ വിസ്തീര്‍ണമുള്ളതാണ്, ഏതാണ്ട് 2,15,000 ഏക്കര്‍. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് 214.73 ച.മൈലാണ്. കൃത്യമായി പറഞ്ഞാല്‍ 1,37,424.02 ഏക്കര്‍. ചിന്നക്കനാല്‍, പള്ളിവാസല്‍ എന്നീ അണ്‍ റിസര്‍വുകളടക്കം വലിയൊരു ഭൂമേഖല വനമാണോ റവന്യൂ ആണോ എന്ന തര്‍ക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ 1980 വരെ വനം സംരക്ഷിക്കാന്‍ പ്രാദേശിക നിയമങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനങ്ങള്‍ ക്രമാതീതമായി വനഭൂമി തരം മാറ്റി തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം-1980 പാസാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ വനഭൂമി വനേതര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയോ പതിച്ചു നല്‍കുകയോ ചെയ്യരുതെന്നാണ് നിയമം. 1995-ല്‍ ബഹു. സുപ്രീം കോടതി ഗോദവര്‍മ്മ തിരുമുല്‍പ്പാടിന്‍റെ പ്രസിദ്ധ മായ WPC 202/1995 എന്ന കേസ് പരിഗണിക്കുംവരെ ‘വനം’ എന്നതിന് ഡിക്ഷ്ണറിയില്‍ കാണുന്ന നിര്‍വ്വചനത്തിനു പുറമേ, ഏതെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ വനമായി രേഖപ്പെടുത്തപ്പെട്ട എല്ലാ ഭൂമികളും, സ്വകാര്യ ഭൂമികളും തോട്ടങ്ങളുമടക്കം വനത്തിന്‍റെ നിര്‍വ്വചനത്തില്‍ വരുമെന്ന നിര്‍ണ്ണായക വിധിയാണ് 12.12.1996-ല്‍ സു പ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇത്തരത്തില്‍ വനഭൂമിയായി കണക്കാക്കാവുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അറിയിക്കാന്‍ പ്രത്യേക സമിതികള്‍ ഉണ്ടാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് കേരള സര്‍ക്കാര്‍ G.O.(Rt)15/97/F&WLD എന്ന നമ്പറായ ഉത്തരവ് 10.01.1997-ല്‍ ഇറക്കുകയും, വി. ഗോപിനാഥന്‍ ഐ.എഫ്.എസ്. അധ്യക്ഷനായ ഒരു സമിതിയെ നിയോഗിക്കുകയും, കോടതിവിധിയില്‍ പറയുന്ന പ്രകാരം കേരളത്തിലെ വനഭൂമി കണ്ടെത്തുകയും ചെയ്തു. അവശേഷിക്കുന്ന ഒരു തുണ്ട് വനഭൂമിയും അന്യാധീനപ്പെടരുതെന്ന വനനിയമത്തിന്‍റെയും കോടതി വിധിയുടെയും അടിസ്ഥാനത്തില്‍, ഗോപിനാഥന്‍ കമ്മിറ്റി കണ്ടെത്തിയ വനഭൂമിയെല്ലാം 202/95 കേസില്‍ കേരള സര്‍ക്കാര്‍ വനമായി ഉറപ്പിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഉറപ്പിച്ചു. കെ.ഡി.എച്ച്. വില്ലേജ്, കാര്‍ഡമം ഹില്‍ റിസര്‍വ്, ചിന്നക്കനാല്‍ അണ്‍റിസര്‍വ്, പള്ളിവാസല്‍ അണ്‍റിസര്‍വ് തുടങ്ങി മൂന്നാര്‍ വനം ഡിവിഷന്‍റെ ഭാഗമായ മുഴുവന്‍ ഭൂമികളും 1980-ലെ വനസംരക്ഷണ നിയമത്തിനു കീഴില്‍ വനമായി കേരള സര്‍ക്കാരും സുപ്രീം കോടതിയും ഉറപ്പിച്ചു കഴിഞ്ഞു. 1980-നു ശേഷം പ്രസ്തുത ഭൂമികളില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രാനുമതി വേണം എന്ന നിബന്ധന മാത്രമേ ഈ നീക്കത്തിലൂടെ നടപ്പാകൂ എന്നും, സാധാരണ ജീവിതത്തേയോ 1980-നു മുന്‍പ് നടത്തിവന്ന പ്രവര്‍ത്തികളോ തുടരു ന്നതിന് തടസ്സമില്ല എന്നും വ്യക്തമാണ്.
എന്നാല്‍ പ്രസ്തുത വനഭൂമി ഒരു കാലത്തും വനംവകുപ്പിന്‍റെ അധീനതയില്‍ ആയിരുന്നില്ല. റവന്യൂ വകുപ്പിന്‍റെ കൈവശമിരിക്കുന്ന ഭൂമിയില്‍ വനനിയ മം ലംഘിച്ചാണ് എല്ലാ നടപടികളും നടന്നുവരുന്നത്. ഭൂമി പതിച്ചു കിട്ടാന്‍ യോഗ്യമായ 50,000-ലധികം ആളുകള്‍ക്ക്, അതായത് 01.01.1977-ന് മുന്‍പ് കുടിയേ റിയവര്‍ക്ക്, പട്ടയം കൊടുക്കാനായി ഏകദേശം 60,000 ഏക്കര്‍ വനഭൂമി കേ ന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി കേരളം പതിച്ചു നല്‍കി വരുന്നുണ്ട്. ഭൂമിയുടെ നിയമപരമായ അവസ്ഥ വനമാകുന്നതിലൂടെ കൃത്യമായ വര്‍ക്കിങ്ങ് പ്ലാനില്ലാതെ വിശാല മൂന്നാറിലെ ഒരു തുണ്ടു ഭൂമി പോലും അശാസ്ത്രീയ വികസനത്തിന് ഉപയോഗിക്കാനാകില്ല എന്ന് വ്യക്തം. പതിച്ചു നല്‍കിയ ഭൂമികളില്‍ ഗൃഹനിര്‍മ്മാണം, കൃഷി, ചെറുകിട കട നിര്‍മ്മാണം എന്നിവയല്ലാതെ മറ്റൊന്നും പാടില്ലെന്ന കര്‍ശന വ്യവസ്ഥയുമുണ്ട്. 1980-ന് ശേഷം കേന്ദ്രാനുമതി ഇല്ലാതെ നിര്‍മ്മിച്ച മുഴുവന്‍ റിസോര്‍ട്ടുകളും നിര്‍മ്മിതികളും നിയമവിരുദ്ധമാണ്. 202/95 കേസില്‍ പിന്നീട് നിരവധി ഉത്തരവുകള്‍ ഇറങ്ങി. വി. ഗോപിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തി വനഭൂമി അരക്കിട്ട് ഉറപ്പിക്കുന്നുണ്ട് എന്നതിനാല്‍ ആരൊക്കെ തള്ളിപ്പറഞ്ഞാലും മൂന്നാര്‍ വനഭൂമിയല്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല.
പട്ടയം വേണോ പട്ടയം
മൂന്നാറില്‍ റിസര്‍വ് വനത്തിലെ കയ്യേറ്റങ്ങള്‍ക്ക് കൈക്കലാക്കിയിട്ടുള്ള പട്ടയങ്ങള്‍ പല വിധമുണ്ട്. എല്‍.സി. പട്ടയം, രവീന്ദ്രന്‍ പട്ടയം, അമ്മിണി പട്ടയം, വൃന്ദാവന്‍ പട്ടയം എന്നിങ്ങനെ നീളുന്നു അത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എല്‍.സി. പട്ടയമാണ്. എല്‍.സി. എന്നത് ലാന്‍റ് കണ്‍സര്‍വ ന്‍സി ആക്റ്റ് എന്നതിന്‍റെ ചുരുക്ക രൂപമാണ്. തത്വത്തില്‍ ഈ നിയമം അനധികൃത കയ്യേറ്റമുണ്ടാ യ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരനെ ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കി ഒഴിപ്പിച്ച് തിരിച്ചു പിടിക്കുവാനുള്ള നിയമമാണ്. എന്നാല്‍ മൂന്നാറിനെ സം ന്ധിച്ച് ഈ നിയമത്തിന്‍റെ സാധ്യതകള്‍ തികച്ചും വിപരീതമായ രീതിയിലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ നിയമപ്രകാരം ഒഴിയു വാനുള്ള നോട്ടീസ് ലഭിക്കുന്ന കയ്യേറ്റക്കാരന്‍ ലാന്‍റ് അസൈന്‍മെന്‍റ് ആക്ടിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് കയ്യേറ്റ ഭൂമിക്ക് സ്വന്തം പേരില്‍ പട്ടയം നേടുന്നു. 1961-ലെ ലാന്‍റ് അസൈന്‍മെന്‍റ് ആക്റ്റില്‍ ഒരു വ്യക്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍, അയാളുടെ പേരില്‍ വേറെ ഭൂമിയില്ലാത്ത സാഹചര്യത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസ രിച്ച് അയാള്‍ക്ക് ആ ഭൂമി പതിച്ചു നല്‍കാം എന്നനുശാസിക്കുന്നുണ്ട്. ഇതനുസരിച്ച് കയ്യേ റ്റക്കാരുടെയും ഉദ്യോഗസ്ഥരുടെയും അവിശുദ്ധമായ കൂട്ടുകെട്ട് നിയമത്തിന്‍റെ പഴുതുകള്‍ ഫലപ്രദമായി ദുര്‍വ്വിനിയോഗം ചെയ്തതിന്‍റെ ശേഷിപ്പുകളാണ് മൂന്നാറിലെ പട്ടയങ്ങളേറെയും. ലാന്‍റ് കണ്‍സര്‍വന്‍സി ആക്റ്റ് പ്രകാരം കയ്യേറ്റം ഒഴിയുവാനുള്ള നോട്ടീസ് ലഭിക്കുന്ന വ്യക്തി ആ നോട്ടീസ് തെളിവായിവെച്ച് ലാന്‍റ് അസൈന്‍മെന്‍റ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കാനായി വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കുന്നു. തുടര്‍ന്ന് കൈക്കൂലികളുടെ ഒരു പരമ്പരക്കു ശേഷം പട്ടയം നേടിയെടുക്കുന്നു. ഇതാണ് എല്‍.സി. പട്ടയങ്ങള്‍. മൂന്നാറിലെ റിസര്‍വ് ഭൂമിയില്‍ നേടിയെടുത്ത പട്ടയങ്ങളില്‍ ഏറിയ പങ്കും ഈ വിധമുള്ളതാണ്.