പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു കൊച്ചു കറുപ്പൻ തുമ്പി നെൽക്കതിരുകൾക്കിടയിലൂടെ പാറി പോകുന്നത് കണ്ടിട്ടുണ്ടോ? ശബരിമലയ്ക്ക് പോകാനൊരുങ്ങി കറുപ്പ് ധരിച്ച് നിൽക്കുന്ന സ്വാമിമാരെ അനുസ്മരിപ്പിക്കുന്ന ഇവനാണ് സ്വാമിത്തുമ്പി. നീർമുത്തന്മാർ (Family Libellulidae) എന്ന വിഭാഗത്തിൽ പെടുന്ന സ്വാമിത്തുമ്പിയുടെ ശാസ്ത്രനാമം Neurothemis tullia എന്നാണ്. കറുപ്പ്-വെളുപ്പ് നിറങ്ങൾ ഇടകലർന്ന ചിറകുകൾ ഉള്ളതുകൊണ്ടും, നെൽപ്പാടങ്ങളിലെ സ്ഥിരസാന്നിധ്യമായതുകൊണ്ടും ഇവയെ ഇംഗ്ലീഷിൽ സാധാരണയായി Pied Paddy Skimmer എന്ന് വിളിക്കുന്നു. ആൺത്തുമ്പിയുടെ കണ്ണുകൾക്ക് ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ചിറകുകളുടെ തുടക്കം മുതൽ പകുതി വരെ കറുപ്പ് നിറവും, ശേഷം ഒരു വെളുത്ത പട്ടയും, ബാക്കി ഭാഗം സുതാര്യവുമാണ്. പ്രായംകൂടിയ ആൺതുമ്പികളുടെ ഉരസ്സും ഉദരവും പൂർണമായും ചാരനിറം കലർന്ന കറുപ്പാണെങ്കിലും, ചെറുപ്പക്കാരിൽ ഉരസ്സിനും ഉദരത്തിനും നടുവിലൂടെ ഒരു ഇളംമഞ്ഞ പട്ട നീണ്ടുകിടക്കുന്നത് കാണാം. പെൺത്തുമ്പിയുടെ തവിട്ട് നിറമുള്ള കണ്ണുകളുടെ കീഴ്ഭാഗം മങ്ങിയതാണ്. ഇളം മഞ്ഞ നിറമുള്ള ഉരസ്സിലും ഉദരത്തിലും വീതിയുള്ള കറുത്ത വരകളുണ്ട്. സുതാര്യമായ ചിറകുകളുടെ നടുവിലും അറ്റങ്ങളിലും കടും തവിട്ട് പട്ടകളും, ഇവയുടെ മദ്ധ്യത്തിൽ വെളുത്ത സിരകളും കാണാം. ആൺ-പെൺ തുമ്പികളുടെ ചെറുവാലുകൾക്ക് വെളുപ്പ് നിറമാണ്.
നെൽപ്പാടങ്ങൾക്ക് പുറമെ സ്വാമിത്തുമ്പിയെ ചതുപ്പുകൾ, ചെടികൾ ധാരാളം വളരുന്ന കുളങ്ങൾ എന്നിവിടങ്ങളിലും ധാരാളമായി കാണാം. ആൺത്തുമ്പികളും പെൺത്തുമ്പികളും ചേർന്നുള്ള കൂട്ടങ്ങളായാണ് ഇവയെ സാധാരണമായി കാണാറുള്ളത്. ദുർബ്ബലമായി മാത്രം പറക്കാൻ കഴിവുള്ള ഈ ചെറുതുമ്പികൾ നിലത്തോട് ചേർന്ന് കിടക്കുന്ന ചെറിയ മരച്ചില്ലകളിലും പുല്ലുകളിലും ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. വർഷം മുഴുവൻ കാണാമെങ്കിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് സ്വാമിത്തുമ്പിയെ ഏറ്റവും അധികം കാണാൻ കഴിയുക. മഴക്കാലമാണ് ഇവയുടെ പ്രജനനസ്വഭാവം നിരീക്ഷിക്കാൻ ഏറ്റവും നല്ല സമയം. വെള്ളം കെട്ടിനിൽക്കുന്ന ചെറിയൊരു സ്ഥലം ഒരു ആൺത്തുമ്പി മറ്റ് തുമ്പികളെ തുരത്തിയോടിച്ചു സ്വന്തം അധീനതയിലാക്കുന്നു. അവിടേക്ക് ആകൃഷ്ടയായി എത്തുന്ന പെൺതുമ്പിയുമായി ഏതാനും സെക്കന്റുകൾ മാത്രം നീളുന്ന ഇണചേരൽ. പറന്നുകൊണ്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പായലിലും ചീഞ്ഞളിഞ്ഞ ചെടികളിലും ഉദരം മുട്ടിച്ചു പെൺത്തുമ്പി മുട്ടയിടുമ്പോൾ ആൺത്തുമ്പി തൊട്ടടുത്ത പുൽക്കൊടിയിൽ കാവലിരിക്കുന്നുണ്ടാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പുതു സ്വാമിത്തലമുറയുടെ ലാർവകൾ വെള്ളത്തിൽ നിന്ന് പുറത്തേക്ക് ഇഴഞ്ഞുകയറി ചിറകുകൾ വിരിക്കും!
നമ്മുടെ നെൽപ്പാടങ്ങലിലെ കീടനിയന്ത്രണത്തിൽ വലിയൊരു പങ്ക് വഹിക്കുന്ന ആളാണ് സ്വാമിത്തുമ്പി. ഇവയുടെ ഭക്ഷണം മുഴുവൻ ചെറുപ്രാണികളാണല്ലോ. അവയിൽ എത്ര തരം നെൽകീടങ്ങൾ ഉണ്ടെന്നും, ഒരു ദിവസം ഇവ എത്ര കീടങ്ങളെ തിന്നു തീർക്കുന്നുണ്ടെന്നതുമൊക്കെ പഠനവിധേയമാക്കേണ്ട വിഷയങ്ങളാണ്. കുട്ടികൾക്ക് പരിചയപ്പെടാൻ പറ്റിയ ഏറ്റവും നല്ല തുമ്പിയാണ് സ്വാമിത്തുമ്പി. കാലവർഷത്തിനിടയിൽ മഴയൊഴിഞ്ഞ ഒരു ദിവസം കുറച്ചു കുട്ടികളെയും കൂട്ടി പാടത്തേയ്ക്കിറങ്ങിയാൽ വിള കാക്കുന്ന ഈ കൊച്ചു സുന്ദരനെ അവർക്ക് പരിചയപ്പെടുത്താം.
അവലംബം:
Fraser, F.C. (1936). The Fauna of British India including Ceylon and Burma, Odonata. Vol.III. Taylor and Francis Ltd., London. Page 360-362.
Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences, Kottayam. Page 120.
Subramanian, K.A. (2005). Dragonflies and Damselflies of Peninsular India- A Field Guide. E-book of Project Lifescape. Centre for Ecological Sciences, Indian Institute of Science and Indian Academy of Sciences, Bangalore. Page 58.