കാടുകളിൽ മന്ദം മന്ദം ഒഴുകുന്ന ചെറു അരുവികൾക്ക് മീതെ ധൃതി കൂടാതെ, രാജകീയമായി പറക്കുന്ന ഒരു വലിയ തുമ്പിയുണ്ട്. ചെറുപക്ഷികൾ ഇരതേടുന്ന പാടത്ത് അവയെ ഭീതിപ്പെടുത്തി പറന്നടുക്കുന്ന പരുന്തിനേപ്പോൽ കാട്ടരുവികളിൽ ചെറുജീവികൾക്ക് ഭീഷണി ഉയർത്തുന്ന ഇവനാണ് നീല രാജൻ. ഈ വലിയ തുമ്പിയെ നാട്ടിൻപുറങ്ങളിലും, ചിലപ്പോൾ പട്ടണങ്ങളിൽ പോലും കാണാറുണ്ടെങ്കിലും ഇവ പ്രജനനം നടത്തുന്നത് പ്രധാനമായും സമുദ്രനിരപ്പിൽ നിന്നും 500 മീറ്റർ മുതൽ 2200 മീറ്റർ വരെ ഉയരെ പതിയെ ഒഴുകുന്ന കാട്ടരുവികളിൽ ആണെന്ന് വേണം കരുതാൻ. സൂചിവാലൻ കല്ലൻത്തുമ്പികൾ (Family: Aeshnidae) എന്ന വിഭാഗത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം Anax immaculifrons എന്നാണ്.
ഇളംപച്ച നിറത്തിൽ മുഖമുള്ള ആൺത്തുമ്പിയുടെ കണ്ണുകൾക്ക് നീല നിറമാണ്. പച്ച കലർന്ന നീല നിറമുള്ള ഉരസ്സിൽ രണ്ട് വലിയ കറുത്ത വരകൾ കാണാം. സുതാര്യമായ ചിറകുകളിലുടനീളം തേൻ നിറം പരന്നതായി കാണാം. ഉദരത്തിന് കറുപ്പ് നിറവും അതിൽ മഞ്ഞയിൽ ഓറഞ്ച് കലർന്ന വളയങ്ങളുമുണ്ട്. പെൺത്തുമ്പിക്ക് ആൺത്തുമ്പിക്കുള്ള നീലക്ക് പകരം പച്ച കലർന്ന മഞ്ഞ നിറവും, കറുപ്പിന് പകരം അൽപം ചുവന്ന തവിട്ടുനിറവുമാണ് കാണുക. ഇണചേരലിന് ശേഷം ആൺത്തുമ്പിയുടെ കാവലിൽ പെൺത്തുമ്പി വെള്ളത്തിനടിയിലെ ചെടികളിൽ ഉദരത്തിന്റെ അറ്റത്തുള്ള പ്രത്യേക അവയവം (ovipositor) ഉപയോഗിച്ച് വിള്ളലുണ്ടാക്കി മുട്ടകൾ നിക്ഷേപിക്കുന്നു. കാട്ടരുവികളുടെയും അവയുമായി ബന്ധപ്പെട്ട ചെറിയ കുളങ്ങളുടെയും അടിത്തട്ടിൽ കഴിയുന്ന ഇവയുടെ ലാർവകളും ശക്തരായ ഇരപിടിയന്മാരാണ്. ആൺത്തുമ്പികൾ ഒരു പ്രദേശത്തുള്ള എല്ലാ ജലാശയങ്ങളിലും കൃത്യമായ ഇടവേളകളിൽ റോന്തുചുറ്റാറുണ്ട്. വായുവിൽ വെച്ചുതന്നെ മറ്റു തുമ്പികളെയും പൂമ്പാറ്റകളെയും ആക്രമിച്ചു കീഴ്പ്പെടുത്തുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ഇരയെ തിരഞ്ഞെടുത്തു കഴിഞ്ഞാലുടനെ വായുവിലൂടെ ശരവേഗത്തിൽ പായുന്ന ഇവ പോർവിമാനങ്ങളെ അനുസ്മരിപ്പിക്കും. ജലാശയങ്ങളിൽ കുറെ സമയം തലങ്ങും വിലങ്ങും പറന്നതിനു ശേഷം മരച്ചില്ലകളിൽ തൂങ്ങിക്കിടന്നാണ് ഇവ വിശ്രമിക്കാറുള്ളത്. ഇങ്ങനെ വിശ്രമിക്കാനായി ഇവ തിരഞ്ഞെടുക്കുന്നത് മിക്കവാറും നല്ല തണലുള്ള സ്ഥലങ്ങളായിരിക്കും.
നീല രാജൻ തുമ്പിയെ ഗ്രീസ് മുതൽ ചൈന വരെയുള്ള രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന തുമ്പികളിൽ ഒരു പ്രകൃതിനിരീക്ഷകൻ നിർബന്ധമായും കണ്ടിരിക്കേണ്ട തുമ്പികളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. വലിപ്പം കൊണ്ടും, പ്രൗഢി കൊണ്ടും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന നീല രാജന് ആ പേര് അനുയോജ്യമാണെന്നറിയാൻ അവനൊരു കാട്ടരുവിയുടെ മുകളിലൂടെ വായുവിൽ തെന്നി നീങ്ങുന്നത് കണ്ടാൽ മാത്രം മതി.
അവലംബം:
Fraser, F.C. (1936). The Fauna of British India including Ceylon and Burma, Odonata. Vol.III. Taylor and Francis Ltd., London. Page 145.
Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences, Kottayam. Page 80.
Subramanian, K.A. (2005). Dragonflies and Damselflies of Peninsular India- A Field Guide. E-book of Project Lifescape. Centre for Ecological Sciences, Indian Institute of Science and Indian Academy of Sciences, Bangalore. Page 43.