കേരളത്തിൽ വളരെ അപൂർവമായ ഒരു സൂചിത്തുമ്പിയാണ് സിന്ധുദുർഗ് ചതുപ്പൻ. നിലത്തന്മാരുടെ (Coenagrionidae) കുടുംബത്തിൽ പെട്ട ഇതിന്റെ പേര് Sindhudurg Marsh Dart (Ceriagrion chromothorax) എന്നാണ്. തുമ്പി ഗവേഷകരായ ദത്താപ്രസാദ് സാവന്തും ശാന്തനു ജോഷിയും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലാണ് 2016 -17 ൽ ആദ്യമായി ഈ സൂചിത്തുമ്പിയെ കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലെ വരഡൂർ ദേശത്താണ് 2018 ആഗസ്ത് മാസത്തിൽ ഈ തുമ്പിയെ ലേഖകൻ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരിൽ മാടായിപ്പാറ, ചവനപ്പുഴ എന്നിവിടങ്ങളിലും ഇതിന്റെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ പേരാവൂർ (വിഭു വിപഞ്ചിക), കാട്ടാമ്പള്ളി തണ്ണീർത്തടങ്ങൾ (അഫ്സർ), കാസറഗോഡ് (മുഹമ്മദ് ഹനീഫ്) എന്നിവിടങ്ങളിലും ഇതിനെ നിരീക്ഷിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഗോവയിലും ഇതിനെ കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ തനത് (endemic) സൂചിത്തുമ്പികളിൽ ഒന്നാണ് സിന്ധുദുർഗ് ചതുപ്പൻ. ആൺ തുമ്പികൾക്ക് മഞ്ഞൾ മഞ്ഞനിറമാണ്. കണ്ണുകൾക്ക് കടും പച്ചനിറം, ചുണ്ടുകളുൾപ്പെടെ തലയുടെ മുൻവശം മഞ്ഞൾ മഞ്ഞനിറം. തലയുടെ മുകൾഭാഗം ഇരുണ്ട തവിട്ടുനിറം. ഉരസ്സിനും ഉദരത്തിനും മഞ്ഞനിറം. ഉദരത്തിന്റെ 8, 9, 10 ഖണ്ഡങ്ങളുടെ മുകൾവശം ഇരുണ്ട തവിട്ടുനിറമാണ്. ചിറകിൽ ഇരുണ്ട തവിട്ടു നിറത്തിലുള്ള പൊട്ടു കാണാം. പെൺതുമ്പികൾക്ക് ആൺതുമ്പികളേക്കാൾ താരതമ്യേന മങ്ങിയ നിറമാണ്. ഉരസ്സിനു മഞ്ഞ കലർന്ന പച്ചനിറം. കണ്ണുകൾക്ക് പച്ചനിറം. ഉദരത്തിന് ഇളം തവിട്ടുനിറമാണ്, അഗ്രഭാഗം തടിച്ചിരിക്കും. പെൺതുമ്പികളെ അപൂർവമായേ കാണാൻ സാധിക്കൂ. ചതുപ്പുകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും പരിസരങ്ങളിൽ പുല്ലുകളിലും മറ്റും വിശ്രമിക്കുന്ന ഇവ സാവകാശമേ പറക്കുകയുള്ളൂ. മികച്ച ഇരപിടുത്തക്കാരായ ഇവ മറ്റു ചെറു തുമ്പികളെയും പിടിച്ചു തിന്നാറുണ്ട്.
കേരളത്തിൽ ജൂലൈ അവസാനം മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവയെ കാണുന്നത്. നാട്ടുചതുപ്പൻ (Coromandel Marsh Dart) തുമ്പിയുമായി വളരെ സാമ്യമുള്ളതിനാൽ തുമ്പിനിരീക്ഷകർ ഏറെക്കാലം ശ്രദ്ധിക്കാതിരുന്ന ഒരു സൂചിത്തുമ്പിയാണിത്. വലുപ്പക്കൂടുതലും, മഞ്ഞൾ മഞ്ഞനിറവും, കുറുവാലുകളുടെ പ്രത്യേകതയും ഇതിനെ നാട്ടുചതുപ്പനിൽ നിന്നും വ്യത്യസ്തനാക്കുന്നു. വടക്കൻ കേരളത്തിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മാത്രം കണ്ടെത്തിയ ഈ സൂചിത്തുമ്പിയുടെ മറ്റു ജില്ലകളിലുള്ള സാന്നിധ്യം പഠനവിധേയമാക്കേണ്ടതാണ്.