കേരളത്തിൽ കാണപ്പെടുന്ന ചേരാച്ചിറകൻ തുമ്പികളിൽ സർവസാധാരണമായ ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ. Lestidae കുടുംബത്തിൽപ്പെട്ട ഇതിന്റെ പേര് Emerald spreadwing (Lestes elatus) എന്നാണ്. മൺസൂൺ കാലത്തും വേനൽക്കാലത്തും കേരളത്തിലെ മലനിരകളിലും സമതലങ്ങളിലും എല്ലായ്പ്പോഴും കാണപ്പെടുന്ന ഒരു തുമ്പിയാണിത്. മഴക്കാലങ്ങളിൽ കുളങ്ങൾക്കും, നെൽപ്പാടങ്ങൾ, അരുവികൾ, ചതുപ്പുകൾ, തടാകങ്ങൾ എന്നിവയ്ക്കരികിലുള്ള ചെടിപ്പടർപ്പുകളിലും മറ്റും ഇവയെ കാണാം. വേനൽക്കാലത്ത് ജലാശയങ്ങൾക്കകലെയായി കുറ്റിക്കാടുകളിലും പുൽക്കൂട്ടങ്ങളിലും മറ്റും ഇവ ഒളിച്ചിരിക്കും. ചിലപ്പോൾ വീട്ടുവളപ്പിലെ പുല്ലുകളിലും പൂന്തോട്ടങ്ങളിലെ മുളങ്കൂട്ടങ്ങളിലും ഇവയെ സ്ഥിരമായി കാണാം. മിക്കവാറും ഒറ്റയ്ക്കും ചിലപ്പോൾ ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവിസങ്കേതത്തിൽ ഒരു ഡിസംബർ മാസത്തിൽ വനത്തിനുള്ളിലെ നടപ്പാതയ്ക്കിരുവശവുമായി ഇവയുടെ നിരവധി ചെറുകൂട്ടങ്ങളെ കണ്ടിരുന്നു. ഉരസിനു(thorax) മുകളിലായി ഇരുവശത്തും മരത്തകപ്പച്ച നിറമുള്ള ഹോക്കിസ്റ്റിക്കിന്റെ ആകൃതിയുള്ള ഓരോ ഇടുങ്ങിയ വരകളുള്ളതിനാലാണ് ഇവയ്ക്ക് പച്ചചേരാച്ചിറകൻ എന്ന പേര് വന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടകം, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, ഗോവ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഇവയുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ ശ്രീലങ്ക, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലും ഇവയെ കാണാം.
ആൺതുമ്പികളുടെ കണ്ണുകൾക്ക് ഇന്ദ്രനീലവർണ്ണമാണ്. കീഴ്ഭാഗത്തിന് മങ്ങിയ വെളുപ്പുനിറം. തലയുടെ മുകൾഭാഗത്തിന് ഇരുണ്ട തവിട്ടുനിറം. തവിട്ടുനിറമുള്ള ഉരസിന്റെ മുകളിലായി തിളങ്ങുന്ന മരതകപ്പച്ച നിറത്തിൽ ചൂണ്ടക്കൊളുത്തിന്റെ (ഹോക്കി സ്റ്റിക്ക്) ആകൃതിയിലുള്ള ഓരോ ഇടുങ്ങിയ വരകൾ കാണാം. ഉരസിന്റെ വശങ്ങളിൽ ഇളംനീലയും തവിട്ടുനിറവും, ചില കറുത്ത പൊട്ടുകളും കാണാം. ഉദരത്തിന്റെ മുകളിൽ തിളങ്ങുന്ന പച്ചനിറത്തിലുള്ള വരയും വശങ്ങളിൽ ഇളംനീല നിറവും. ഉദരത്തിന്റെ 9, 10 ഖണ്ഡങ്ങളുടെ മുകൾഭാഗം വെള്ളനിറം. സുതാര്യമായ വിടർത്തിപ്പിടിച്ചിരിക്കുന്ന ചിറകുകളിൽ ഓരോ കറുത്ത പൊട്ടുകൾ.
പെൺതുമ്പികൾക്ക് ആൺതുമ്പികളുടെ സൗന്ദര്യമില്ല, നിറങ്ങൾ മങ്ങിയിരിക്കും. വാലിന്റെ അറ്റം തടിച്ചതാണ്. കുറുവാലുകളുടെ ആകൃതിയിൽ വ്യത്യാസമുണ്ട്. ജലാശയങ്ങളിൽ നിന്ന് പൊതുവെ അകന്നു മാറിയാണ് പെൺതുമ്പികൾ കാണപ്പെടുന്നത്. ആൺതുമ്പികൾക്കും പെൺതുമ്പികൾക്കും പ്രായത്തിനും കാലത്തിനും അനുസരിച്ച് നിറഭേദങ്ങൾ കാണാം.
പൊതുവെ ദുർബലമായി പറക്കുന്ന ഇവ അധികനേരം പറന്നു നടക്കാറില്ല. പുൽക്കൂട്ടങ്ങളിലും ചെടികളിലും തൂങ്ങിക്കിടന്നു വിശ്രമിക്കുന്ന ഇവ പുല്ലുകളിൽ മാറിമാറി നീങ്ങിക്കൊണ്ടിരിക്കും. അപകട സൂചന ലഭിച്ചാൽ അതിവേഗത്തിൽ പറന്നു മറയും. വിശ്രമിക്കുമ്പോൾ പച്ചക്കണ്ണൻ ചേരാച്ചിറകനെപ്പോലെ (Platylestes platystylus) വാൽ ഇളക്കിക്കൊണ്ടിരിക്കാറുണ്ട്. പെൺതുമ്പികൾ ജലത്തിനരികിലുള്ള നനഞ്ഞ പുല്ലുകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന പച്ചവരയൻ ചേരാച്ചിറകൻ (Emerald – striped Spreadwing , Lestes viridulus) തുമ്പിയുമായി സാമ്യമുണ്ടെങ്കിലും ഉരസിലെ അടയാളവും കുറുവാലുകളുടെ പ്രത്യേകതയും ഇവയെ തിരിച്ചറിയാൻ സഹായിക്കും.