കീരി കുടുംബത്തിലെ തവിടൻ കീരിയെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളിലും സമീപത്തുള്ള തോട്ടങ്ങളിലും മാത്രം കണ്ടുവരുന്ന അപൂർവ്വമായ കീരിയാണ് തവിടൻ കീരി(Indian brown Mongoose, Herpestes fuscus). ഇന്ത്യ കഴിഞ്ഞാൽ അയൽരാജ്യമായ ശ്രീലങ്കയിൽ മാത്രമാണ് ഇവയെ കാണുന്നത്.
തവിടൻ കീരികളുടെ നാല് ഉപവിഭാഗങ്ങളാണ് ലോകത്തുള്ളത്. പശ്ചിമഘട്ടത്തിൽ ഉള്ളത് Herpestes fuscus fuscus എന്ന ഉപവിഭാഗമാണ്. കൊടഗിനു തെക്കോട്ട് സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 1850m വരെ ഉയരത്തിലുള്ള നിത്യഹരിതവനങ്ങളിലും അടുത്തുള്ള ചായ,കാപ്പിത്തോട്ടങ്ങളിലും ഇവയെ കാണാം. പളനി, നീലഗിരി മലനിരകൾ, കലക്കാട്, മുണ്ടന്തുരൈ, പീരുമേട് ഭാഗങ്ങളിലാണ് ഇവയുടെ സാനിധ്യം ഉള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴുള്ള പഠനങ്ങൾ അനുസരിച്ചു കേരളത്തിൽ പേപ്പാറ, ഷെന്തുരുണി, വയനാട്, ചിന്നാർ വന്യജീവി സങ്കേതങ്ങളിലും പെരിയാർ, പറമ്പിക്കുളം കടുവ സങ്കേതങ്ങളിലും പാമ്പാടുംചോല, സൈലന്റ് വാലി ദേശീയോദ്യാനങ്ങളിലും ഇവരെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കാണപ്പെടുന്ന മൂന്ന് ഉപവിഭാഗങ്ങൾ വനങ്ങളിലും വനങ്ങളോട് ചേർന്ന പ്രദേശങ്ങളിലും സാധാരണമാണ്. ഇതുകൂടാതെ ഫിജി ദ്വീപുകളിൽ മനുഷ്യർ എത്തിച്ച തവിടൻ കീരികൾ അവിടെ സ്വാഭാവികമായി മാറിയിട്ടുണ്ട്.
മഞ്ഞ/ചെമ്പൻ പൊട്ടുകളുള്ള ഇരുണ്ട തവിട്ട് നിറത്തിലുള്ള ശരീരമാണ് തവിടൻ കീരികൾക്കുള്ളത്. പശ്ചിമഘട്ടത്തിലെ ഉപവിഭാഗത്തിന് മറ്റു ഉപവിഭാഗങ്ങളെക്കാൾ ഇരുണ്ട നിറമാണ്. സാധാരണ കീരികളെ അപേക്ഷിച്ചു നല്ല വലിപ്പമുള്ള ഇവയുടെ തലമുതൽ വാലിന്റെ കടഭാഗം വരെ 33-48 cm നീളമുണ്ട്. വാലിന് ശരീത്തിന്റെ അതെ നിറവും ശരീരത്തിന്റെ മൂന്നിൽ രണ്ട് നീളവുമുണ്ട്. തടിച്ച കോണാകൃതിയുള്ള, അറ്റം കൂർത്ത വാലും, തടിച്ച ശരീരവും, ശരീരത്തിന്റെ നിറവും തവിടൻ കീരികളെ മറ്റു കീരികൾ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുണ്ട നിറത്തിലുള്ള കാലുകൾക്ക് 7 മുതൽ 9cm നീളം ഉണ്ടാകും. പിൻകാലുകളുടെ പാദത്തിന്റെ അടിയിൽ രോമം ഉണ്ടാകും എന്നതും ഇവയുടെ പ്രത്യേകതയാണ്. ഏകദേശം 3 Kg വരെ ഭാരം വയ്ക്കുന്നു.
തവിടൻ കീരികളുടെ ഭക്ഷണ രീതികളെ പറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മറ്റുള്ള കീരികളെ പോലെ ഇവരും മിശ്രഭോജികളാണ്. ശ്രീലങ്കയിൽ വളർത്തു കോഴികളെ പിടിച്ചു തിന്നുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പഠനങ്ങൾ പ്രകാരം തവിടൻ കീരികൾ രാത്രിഞ്ചരരാണ്. ഒറ്റക്കാണ് ജീവിക്കുന്നത്. നിലത്താണ് ഇരതേടുന്നത്. പ്രജനന കാലം വ്യക്തമല്ല. പ്രജനന സമയത്ത് ഇവർ പാറകൾക്കടിയിലോ വലിയ മരങ്ങൾക്ക് അടിയിലോ മണ്ണിൽ മാളം ഉണ്ടാക്കുന്നു. ഒരു പ്രസവത്തിൽ 3 മുതൽ 4 കുഞ്ഞുങ്ങൾ വരെ ഉണ്ടാകാം.
പശ്ചിമഘട്ടത്തിൽ അപൂർവമായി കാണുന്ന ഇവയ്ക്ക് കാടിന്റെ ശോഷണം ഒരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും മനുഷ്യരുടെ ഇടപെടൽ കുറവുള്ള തോട്ടങ്ങളിലും മറ്റും ജീവിക്കാൻ ഇവയ്ക്ക് സാധിക്കും. മറ്റുള്ള കീരികളെപ്പോലെ രോമത്തിനും ഇറച്ചിക്കും വേണ്ടി ഇവരെയും മനുഷ്യർ വേട്ടയാടാറുണ്ട്. IUCN കണക്ക് പ്രകാരം ‘Least Concern’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങൾ പശ്ചിമഘട്ടത്തിലെ ഉപവിഭാഗത്തിന്റെ വംശനാശത്തിന് കാരണമായേക്കാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിലും CITES അനുബന്ധം മൂന്നിലും ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നു. എത്രത്തോളം ഭീഷണി ഇവർ നേരിടുന്നുണ്ട് എന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല എന്നതാണ് സത്യം. സംരക്ഷണപ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.