• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • യാത്രക്കാരൻ
    • ഉഭയജീവികൾ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • News
  • E-Magazine
  • Search
  • Subscribe
സസ്തനികൾ
August 2017

Home » Columns » സസ്തനികൾ » ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…

ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…

ഡോ. പി.ഒ. നമീർ
Asiatic lion Photo/Kalyan Varma

കാട്ടിലെ രാജാവായ സിംഹത്തെക്കുറിച്ചാണ് ഈ ലക്കത്തിൽ പറയുന്നത്. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും, സാഹിത്യത്തിലും, ചരിത്രത്തിലുമെല്ലാം വളരെയധികം പ്രതിപാദിച്ചിട്ടുള്ള ഒരു ജീവിയാണ് മൃഗരാജനായ സിംഹം.

വിഷ്ണുഭക്തനായ പ്രഹ്ളാദനെ രാക്ഷസരാജാവായ ഹിരണ്യകശിപുവിൽ നിന്നും രക്ഷിക്കാനായി വിഷ്ണുഭഗവാൻ പാതിമനുഷ്യനും, പാതിസിംഹവുമായ നരസിംഹമായി അവതരിച്ചത് പുരാണങ്ങളിൽ കാണാവുന്നതാണ്. പുരാതന ഇന്ത്യൻ വേദങ്ങളിൽ “സിങ്ങ്’ എന്നാൽ സിംഹം എന്നാണ് അർത്ഥം. 1699-ൽ സിക്കുകാർ ഗുരു ഗോബിന്ദ് സിങ്ങിന്റെ ആഗ്രഹപ്രകാരം “സിങ്ങ്’ എന്ന നാമം സ്വീകരിക്കുകയുണ്ടായി. ഇന്ത്യാ മഹാരാജ്യത്തിന്റെ മുദ്രയിൽ (എംബ്ലത്തിൽ) മൂന്ന് സിംഹങ്ങളുണ്ട്.    ശ്രീലങ്കയുടെ ദേശീയപതാകയിൽ വാളേന്തിയ സിംഹത്തെ കാണാം. ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗങ്ങൾ “സിംഗള’ അഥവാ “സിംഹത്തിന്റെ രക്തമുള്ള ജനങ്ങൾ’ എന്നാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിന് മലയൻ ഭാഷയിൽ “സിംഹ-നഗരം’ എന്നാണത്രേ അർത്ഥം വരുന്നത്. പ്രശസ്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ Chelsa യും, Aston Villa യും സിംഹത്തെ അവരുടെ മുദ്രയായി ഉപയോഗിക്കുന്നു.

മാർജ്ജാരവംശത്തിൽ വളരെയധികം പ്രത്യേകതകളുള്ള ഒരിനമാണ് സിംഹം. മറ്റു വലിയ പൂച്ച വംശജരിൽ നിന്നും വ്യത്യസ്തമായി ശരീരത്തിൽ വരകളോ, പുള്ളികളോ സിംഹത്തിനില്ല. വാലിന്റെ അറ്റത്തുള്ള കുഞ്ചിരോമവും, ആൺസിംഹത്തിന്റെ കഴുത്തിനു ചുറ്റുമുള്ള സടയും ഇവയുടെ മാത്രം പ്രത്യേകതയാണ്.

ചരിത്രപരമായി ഏഷ്യൻ സിംഹങ്ങൾ പടിഞ്ഞാറ് സിറിയ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ മുതൽ ഇന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ വരെ കാണപ്പെട്ടിരുന്നു. ഇതുകൂടാതെ ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്നും ചില ഒറ്റപ്പെട്ട റിപ്പോർട്ടുകളും ഉണ്ട്. പക്ഷേ, ഇന്ന് ഏഷ്യൻ സിംഹങ്ങൾ ലോകത്ത് അവശേഷിക്കുന്ന ഏക പ്രദേശം 1883 ച.കി.മീ. വിസ്തൃതിയുള്ള ഗീർവനങ്ങൾ മാത്രമാണ്. ഈ 1883 ച.കി.മീ. ൽ 1154 ച.കി.മീ. ഗീർ വന്യമൃഗസങ്കേതവും, 259 ച.കി.മീ. ഗീർ ദേശീയോദ്യാനവും, 470 ച.കി.മീ. സംരക്ഷിത വനപ്രദേശവുമാണ്.

മറ്റു മാർജ്ജാര വംശജരിൽ നിന്നും വ്യത്യസ്തമായി സിംഹം ആണും, പെണ്ണും കുഞ്ഞുങ്ങളുമടങ്ങിയ കൂട്ടമായാണ് ജീവിക്കുന്നത്. പെൺസിംഹങ്ങളാണ് സാധാരണ ഇരയെ കീഴ്പ്പെടുത്തുന്നത്, എങ്കിലും കീഴ്‌പ്പെടുത്തിയ ഇരയെ ആദ്യം ഭക്ഷിക്കുന്നത് ആൺസിംഹങ്ങളായിരിക്കും. പുള്ളിമാൻ, മ്ലാവ്, നീലക്കാള, ചിങ്കാരമാൻ, ഉല്ലമാൻ, കാട്ടുപന്നി എന്നിവയാണ് സിംഹങ്ങളുടെ ഇഷ്ടഭക്ഷണം. ഇതുകൂടാതെ കാലിമേച്ചിൽ മുഖ്യതൊഴിലായിട്ടുള്ള “മാൽധാരികളുടെ’ കന്നുകാലികളെയും സിംഹങ്ങൾ ഭക്ഷിക്കാറുണ്ട്.

10-12 വർഷം വരെയാണ് സിംഹങ്ങളുടെ സാധാരണ ആയുസ്സ്. എന്നാൽ മൃഗശാലകളിൽ 20 വയസ്സുവരെ സിംഹങ്ങൾ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Asiatic lion Photo/Kalyan Varma

സംരക്ഷണം:

20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിംഹങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുകയും (20-ൽ താഴെ) അത്യന്തം വംശനാശഭീഷണി നേരിടുകയും ചെയ്തിരുന്നു. എന്നാൽ 1972-ലെ ‘പ്രൊജക്റ്റ് ഗിർ ലയൺ’ എന്ന പദ്ധതി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സിംഹങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അതിന്റെ ഫലമായി ഗുജറാത്തിലെ ജൂനഗഡിലും, അമരേലി ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന ഗീർവനങ്ങളിൽ നാന്നൂറിൽപരം സിംഹങ്ങളെ ഇന്ന് കാണാം. എന്നാൽ ഗീർവനങ്ങളിലെ സിംഹങ്ങൾക്ക് ജനിതകപരമായ ഒരു പരിമിതിയുണ്ട്. ഇന്ന് അവിടെ കാണുന്ന നാന്നൂറോളം വരുന്ന സിംഹങ്ങൾ 20-30 മാത്രം സിംഹങ്ങളുടെ പിൻഗാമികളാണ്. ഇത് ഈ വംശത്തിന്റെ അന്തഃപ്രജനന (Inbreeding) ത്തിനും ജനിതക വൈവിദ്ധ്യശോഷണത്തിനും കാരണമാവുകയും, സിംഹങ്ങളുടെ ദീർഘകാല സംരക്ഷണത്തിന് ദോഷകരമായി തീരുകയും ചെയ്യും. മനുഷ്യപരിമിതിയിൽ നിന്നുകൊണ്ട് എത്രയൊക്കെ നല്ല രീതിയിൽ സംരക്ഷണം നൽകിയാലും ഏതൊരു ജീവജാലത്തിന്റെയും ഒരു നിശ്ചിതസ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള സംരക്ഷണം വളരെ ദുഃസ്സഹവും സാഹസികവുമാണ്. ഒരു പ്രകൃതി ദുരന്തമോ, ഏതെങ്കിലും സാംക്രമികരോഗബാധയോ ഉണ്ടാകുന്ന പക്ഷം ആ ജീവിവർഗ്ഗം ഭൂമുഖത്ത് നിന്ന് നിശ്ശേഷം തുടച്ചു മാറ്റപ്പെടും.

ഇത്തരുണത്തിലാണ് സിംഹങ്ങൾക്ക് രണ്ടാമതൊരു വാസസ്ഥലം ആവശ്യമാണെന്ന കാര്യം ചർച്ച ചെയ്യപ്പെടുകയും 1950-കളിൽ അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. 1957-ൽ ഗീർവനങ്ങളിൽ നിന്ന് ഒരാണിനേയും, പെണ്ണിനേയും ഉത്തർപ്രദേശിലെ “ചന്ദ്രപ്രഭ’ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിടുകയുണ്ടായി. 1965 ആയപ്പോഴേക്കും അത് 11 സിംഹങ്ങളായെങ്കിലും ചില നിഗൂഢകാരണങ്ങളാൽ എല്ലാം തന്നെ “ചന്ദ്രപ്രഭ’യിൽ നിന്നും അപ്രത്യക്ഷമായി.

പിന്നീട് 1995-ൽ ഡെറാഡൂണിലെ ദേശീയ വന്യജീവി സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സിംഹങ്ങളെ മദ്ധ്യപ്രദേശിലെ “കുനോ-പൽപൂർ’ ദേശീയോദ്യാനത്തിലേക്ക് മാറ്റുവാൻ നിർദ്ദേശമുണ്ടായി. പക്ഷേ, ഗുജറാത്ത് സർക്കാർ സിംഹങ്ങളെ “കുനോ പൽപൂരി’ ലേക്ക് മാറ്റുന്നത് ശക്തമായി എതിർത്തു. സിംഹം ഗുജറാത്തിന്റെ അഭിമാനമാണെന്നും അവയെ മറ്റൊരിടത്തേയ്ക്കും മാറ്റാനാവില്ല എന്നും ഗുജറാത്ത് സർക്കാർ വാദിച്ചു.

എന്നാൽ 2013 മേയിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി പ്രസ്തുത കേസിൽ സുപ്രധാനമായ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. അതനുസരിച്ച് കുറച്ചു സിംഹങ്ങളെ ഗീർവനങ്ങളിൽ  നിന്നും “കുനോ-പൽപൂരി’ലേക്ക് മാറ്റുവാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഏഷ്യൻ സിംഹങ്ങൾക്ക് രണ്ടാമതൊരു വാസസ്ഥലമെന്ന പ്രകൃതിസ്നേഹികളുടെ സ്വപ്നം മദ്ധ്യപ്രദേശിലെ “കുനോ-പൽപൂരി’ൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് വിശ്വസിക്കാം.

Tags: Asiatic Lion, aston villa, big cats, breeding, chelsea, gir, gujarat, lion facts, Nameer PO

Related Stories

കടുവ

മാർജ്ജാര കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. കടുവ ഒറ്റയ്ക്ക് ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. ലോകത്തിലുളള മൊത്തം കടുവയുടെ 60 ശതമാനത്തോളം കാണപ്പെടുന്നത് ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്.

പുള്ളിവെരുക്/പൂവെരുക്

ലോകത്താകമാനം 34 വിധം വെരുകുകളുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ രണ്ടു ഉപകുടുംബങ്ങളിലായി മൂന്ന് വിഭാഗത്തിലുള്ള വെരുകുകളാണ് ഉള്ളത്. 

Koodu Magazine
Nanma Maram
Our Location

Amman Kovil Road, Kottappuram,
Poothole PO, Thrissur District,
Kerala 680004
Phone: +91 9495504602
E-Mail:koodumasika@gmail.com

View Our Office Location Map


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Subscribe
  • Feedback

Columns
  • സസ്യജാലകം (2)
  • ശലഭചിത്രങ്ങൾ (4)
  • ഉരഗങ്ങൾ (1)
  • ചിറകടികൾ (2)
  • ഉഭയജീവികൾ (2)
  • സസ്തനികൾ (3)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (3)

Most Read
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • ഹിമശൈല സൈകതഭൂമിയിൽ…
  • പാഠം ഒന്ന്; പച്ച
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഗരുഡശലഭം
  • കടുവ
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • ഇൗറ്റ ശലഭം
  • സലാലയിലെ വർഷവും ശിശിരവും
© 2018 Copyright Koodu Nature Magazine