നമ്മുടെ കേരളത്തില്‍ 200 മുതല്‍ 800 മീറ്റര്‍ വരെയുള്ള കാടുകളില്‍ കാണുന്ന അപൂര്‍വം ചിത്രശലഭങ്ങളില്‍ ഒന്നാണ് ദക്ഷിണസായകം (Southern Spotted Ace). ഇവയുടെ ചിറകുകളുടെ വിസ്തീര്‍ണം 35 മുതല്‍ 45 മി.മീ. വരെയാണ്. ഇവ തുള്ളന്‍ ശലഭങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ചെറുശലഭങ്ങളാണ്. ശാസ്ത്രീയനാമം Thoressa astigmata.
ഇതിന് ഇരുണ്ട തവിട്ടുനിറമാണ്. മുന്‍ചിറകുകളുടെ മുന്‍ഭാഗത്തായി എട്ടു വെളുത്ത പുള്ളികള്‍ കാണപ്പെടുന്നു. പിന്‍ചിറകുകളുടെ അടിഭാഗത്ത് ആറു മുതല്‍ ഏഴു വരെ വെളുത്ത പൊട്ടുകള്‍ കാണാന്‍ കഴിയും. ഇവയില്‍ സ്പര്‍ശിനികളുടെ അഗ്രഭാഗം ചേര്‍ന്ന് ഒരു വെളുത്ത പൊട്ട് കാണപ്പെടുന്നു. നിത്യഹരിത വനപ്രദേശങ്ങളിലെ കാടുകളില്‍ വസിക്കുന്ന ഈ ശലഭങ്ങളെ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. മഴക്കാലത്താണ് ഈ ശലഭങ്ങളുടെ പ്രജനനം നടക്കുന്നത്. ഈറ ഇലയുടെ അഗ്രഭാഗത്തായാണ് പെണ്‍ശലഭം മുട്ടയിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ മുട്ടത്തോടു ഭക്ഷിക്കുകയും അതിനുശേഷം ഇലയുടെ അറ്റം ചുരുട്ടി അതില്‍ താമസിക്കുകയും ചെയ്യുന്നു. ഇവ പുഴുവിന്റെ അവസ്ഥയിലായിരിക്കുന്നത് 18 മുതല്‍ 22 ദിവസം വരെയാണ്. ഇതിനുശേഷം പുഴു സമാധി അവസ്ഥയിലേക്ക് പോകാറില്ല. അനുകൂലാവസ്ഥ എത്തുന്നതുവരെ ഇവ പുഴുവായിത്തന്നെ തുടരും. ഇത്തരത്തില്‍ തുടരുന്ന അവസ്ഥയെ ലാര്‍വല്‍ ഡയാപോസ് (Larval diapause) എന്നു പറയപ്പെടുന്നു. പുഴു സമാധി അവസ്ഥയിലെത്തുന്നതിനു തൊട്ടുമുന്‍പേ പുഴുക്കൂട് ചെടിയുടെ ഇലയില്‍നിന്നും പുഴു സ്വയം മുറിച്ച് തറയിലേക്ക് ഇടുന്നു. ഈ പുഴുക്കൂട് മഴവെള്ളത്തില്‍പ്പെട്ട് ദൂരെ എത്തുകയും ശലഭം വിരിഞ്ഞിറങ്ങുകയും ചെയ്യുന്നു.
ഗോവക്കു തെക്കുള്ള പശ്ചിമഘട്ടമേഖലയില്‍ കാണുന്ന തനത് ശലഭമാണിത്. കേരളത്തില്‍ അഗസ്ത്യമല വനപ്രദേശത്തെ പേപ്പാറ, പൊന്മുടി, കുളത്തൂപ്പുഴ, ശെന്തുരുണി എന്നീ ഇടങ്ങളിലും ഇടമലയാര്‍, നേര്യമംഗലം, നെല്ലിയാമ്പതി തുടര്‍ന്ന് വയനാട്ടിലും സൈലന്റ് വാലിയിലും ഇതിനെ കണ്ടെത്തിയിട്ടുണ്ട്.
Tags: butterfly, Southern Spotted Ace, ദക്ഷിണസായകം, ശലഭം