കേരളത്തിലെ 5 പ്രാക്തന ഗോത്രവർഗ്ഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും അതിവേഗം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ പ്രത്യേക ദുർബല ഗോത്രവിഭാഗമാണ് (Near extinct particularly vulnerable tribes) ചോലനായ്ക്കർ. കരുളായി, ചുങ്കത്തറ, വഴിക്കടവ് വനമേഖലകൾ പോലെയുള്ള മഴയുടെ തീവ്രതയും ആർദ്രതയും സസ്യ-ജന്തുജാലങ്ങളുടെ വൈവിധ്യവും വളരെ കൂടുതലുള്ള പശ്ചിമഘട്ടത്തിലെ ചോലവനങ്ങളാണ്* ചോലനായ്ക്കരുടെ ആവാസമേഖല. കാര്‍ഷിക സംസ്കാരമില്ലാത്ത ചോലനായ്ക്കരുടെ ഭക്ഷണം കാട്ടിലലഞ്ഞു ശേഖരിക്കുന്ന കാട്ടുകിഴങ്ങ്, ഇലവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, വിത്തുകള്‍, കൂണുകള്‍, വേരുകള്‍, മരക്കാതല്‍, തേന്‍, ചെറിയ ജീവികൾ എന്നിവയൊക്കെയാണ്. എന്നാല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ ആധുനിക വിദ്യാഭ്യാസം നേടുന്നവരും മുഖ്യധാരാ സമൂഹത്തിന്റെ ഭക്ഷണരീതികൾ പിന്തുടരുന്നവരുമാണ്.
കാടിന്റെ ഭാഷ
ദ്രാവിഡ ഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത ‘ചോലനായ്ക്ക’ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. യുനെസ്കോയുടെ ഭാഷാജീവനസാധ്യത നിര്‍ണയിക്കുന്ന 9 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഷാനാശം നിര്‍ണ്ണയിക്കപ്പെട്ട ഭാഷയാണ് (definitively endangered language) ചോലനായ്ക്കഭാഷ. ജൈവസമ്പന്നമായ ഒരാവാസവ്യൂഹത്തിൽ താമസിക്കുന്ന ജനതയായതിനാൽത്തന്നെ ചോലനായ്ക്കരുടെ ഭാഷയും ജൈവവൈവിധ്യത്താൽ അതിസമ്പന്നമാണ്. ആവാസവ്യൂഹത്തിലെ ജൈവികവും അജൈവികവുമായ എല്ലാ ഘടകങ്ങളേയും പ്രതിഫലിപ്പിക്കാൻ ചോലനായ്ക്കഭാഷയ്ക്ക് സാധിക്കുന്നുണ്ട്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്.
ജനിതകവും പരിണാമപരവുമായ സവിശേതകള്ക്കനുസരിച്ചാണ് ശാസ്ത്രീയവർഗ്ഗീകരണത്തിൽ (scientific taxonomy) സസ്യജീവജാലങ്ങൾക്ക് ശാസ്ത്രീയനാമം നൽകുന്നതെങ്കിൽ ചോലനായ്ക്കർ തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളാൽ സാധ്യമാവുന്ന നിറം, ഗന്ധം, രുചി, ശബ്ദം, ആകൃതി, സ്വഭാവം, ആവാസവ്യവസ്ഥ, ഇതര ജീവജാലങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണ-പരീക്ഷണങ്ങൾക്കൊടുവിലാണ് സസ്യജീവജാലങ്ങൾക്ക് പേരു നൽകുന്നത്. ഇത്തരത്തിലുള്ള തദ്ദേശീയ വർഗ്ഗീകരണത്തിനും നാമകരണത്തിനും folk taxonomy എന്നാണ് പറയുന്നത്. ചോലനായ്ക്കഭാഷയിലെ പക്ഷിനാമങ്ങളുടെ സവിശേഷതയാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. 47 ഇനം പക്ഷികളുടെ നാമങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും 10 ഇനം പക്ഷികളുടെ ചോലനായ്ക്കനാമങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പക്ഷിനാമങ്ങൾ
ഒട്ടനവധി കാട്ടുപക്ഷികളാൽ സമൃദ്ധമാണ് ചോലനായ്ക്കരുടെ ആവാസവ്യവസ്ഥ. ഗിളി, കുയ് രി എന്നൊക്കെ പക്ഷികൾക്കു പറയാറുണ്ടെങ്കിലും അക്കി എന്നാണ് ചോലനായ്ക്കർ പൊതുവായി പറയുന്ന പദം. ദ്രവീഡിയൻ എറ്റിമോളജിക്കൽ ഡിക്ഷ്ണറി പ്രകാരം കൊഡഗ ഭാഷയിൽ പക്ഷിയ്ക്ക് പക്കി എന്നു പറയുന്നുണ്ട്. പക്കി എന്ന ദ്രാവിഡപദത്തിന്റെ ആദ്യവ്യഞ്ജനലോപരൂപമാണ് അക്കി. കന്നടയിൽ പക്ഷി എന്ന അര്‍ത്ഥത്തിൽ ഹക്കി എന്നും പറയുന്നുണ്ട്. പക്ഷിക്കൂടിന് ചോലനായ്ക്ക ഭാഷയിൽ അക്കിപെപിട് ഗൂട് (അക്കി പുറത്തു വരുന്ന കൂട്)/അക്കി ഗൂട് എന്നാണ് പറയുന്നത്. പെപിട് എന്ന പദം ‘പുറത്തു വരുന്ന’ എന്ന അര്‍ത്ഥത്തിലാണ് ചോലനായ്ക്കർ ഉപയോഗിക്കുന്നത്. ഗഡബ, പർജി ഭാഷകളിൽ പെപിട് എന്ന പദം പുറത്തു വരുക എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്. മലയാളം, തമിഴ് ഭാഷകളിൽ കൂട് എന്നും കന്നട, തോട, തുളു, തെലുങ്ക്, ഗഡബ ഭാഷകളിൽ കൂട്, ഗൂടെ, ഗൂടു, ഗൂടെ എന്നീ പദങ്ങൾ പക്ഷിക്കൂട്, ദ്വാരം, വയർ എന്നീ അർത്ഥങ്ങളിലും ഉപയോഗിക്കുന്നുണ്ട്. കൂടയ്, ഗൂടെ എന്നീ പദങ്ങൾക്ക് മലയാളം, തമിഴ്, കന്നട, തുളു ഭാഷകളിൽ കുട്ട (basket) എന്ന അര്‍ത്ഥം കൂടിയുണ്ട്. പക്ഷിക്കൂടു പോലെയുള്ളത്/ ദ്വാരമുള്ളത്/അകം പൊള്ളയായത് എന്ന അർത്ഥത്തിൽ തന്നെയാണ് കുട്ടയ്ക്ക് കൂടെ എന്നു പേരിട്ടിരിക്കുന്നതും. ഓട് എന്നാണ് പക്ഷിമുട്ടയ്ക്ക് പൊതുവായി പറയുന്നത്. ചോലനായ്ക്കഭാഷയിലെ 10 പക്ഷിനാമങ്ങളും അവയുടെ സവിശേഷതകളും താഴെ കൊടുക്കുന്നു.
ച്വീടല്
രാവിലെ പാട്ടു പാടി എഴുന്നേൽപ്പിക്കുന്ന ചൂളക്കാക്കയെയാണ്(Malabar whistling thrush) ച്വീടല് ചോലനായ്ക്കർ പറയുന്നത്. ഈ പക്ഷി ഇഷ്ടമുള്ള പാട്ടുകൾ പാടുകയും ചോലനായ്ക്കർ പാടിക്കൊടുക്കുന്ന പാട്ടുകൾ അനുകരിച്ച് പാടുകയും ചെയ്യാറുണ്ട്. വേനൽക്കാലങ്ങളിലാണ് ഇവ കൂടുതൽ പാട്ടു പാടുന്നത്. അതുകൊണ്ടു തന്നെ ചോലനായ്ക്കരുടെ പ്രിയപ്പെട്ട പക്ഷിയാണിത്. സംഗീതജ്ഞയായ പക്ഷി എന്ന അർത്ഥത്തിലാണ് ചൂളക്കാക്കയ്ക്ക് ചോലനായ്ക്കർ ച്വീടല് എന്നു പേരിട്ടിരിക്കുന്നത്. ചീട് എന്ന പദത്തിന് തമിഴിൽ Skein of thread= eight kuncham എന്നും തെലുങ്കിൽ A skein which is seven times the quantity called punjamu എന്നുമാണ് അർത്ഥം. പ്രാചീന സംഗീതത്തിലെ (ancient music) പ്രകൃതി സ്വരങ്ങളുമായി ബന്ധപ്പെട്ട ചില സങ്കല്പങ്ങളാണ് ഇവ. സേയ്റ്റി, ജേട്ടി, ചേട്ടയ് തുടങ്ങിയ പദങ്ങൾ പക്ഷികളെയും പക്ഷികളുടെ ശബ്ദത്തേയും സൂചിപ്പിക്കാൻ ദ്രാവിഡഭാഷകളിൽ ഉപയോഗിച്ചിരുന്നു. പക്ഷികളുടെ മനോഹരമായ ശബ്ദത്തിന് മനുഷ്യരെ സ്വാധീനിക്കാൻ സാധിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പക്ഷേ സംഗീതമെന്ന കല സ്വായത്തമാക്കാൻ മനുഷ്യരെ പ്രേരിപ്പിച്ച ഘടകവും പക്ഷികളുടെ മനോഹരമായ കളകൂജനങ്ങളാവാം.
ടൂയിനക്കി
തലയ്ക്ക് ചുവന്ന നിറമുള്ള, പൂന്തത്തകളെയാണ് (Plum-headed parakeet) ചോലനായ്ക്കർ ടൂയിനക്കി എന്നു പറയുന്നത്. ഈ പക്ഷികൾ പ്രജനനസമയത്തുണ്ടാക്കുന്ന ടൂയിൻ.. ടൂയിൻ എന്ന ശബ്ദത്തെ അനുകരിച്ചിട്ട പേരാണിത്. മോതിരത്തത്തകളുടെയും പൂന്തത്തകളുടെയും സാമാന്യമായ ശബ്ദം ഏകദേശം ഒരുപോലെയാണ്. എന്നാൽ പ്രജനനകാലത്ത് ടൂയിനക്കിയുണ്ടാക്കുന്ന പ്രത്യേക ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പക്ഷിയ്ക്ക് ടൂയിനക്കി എന്നു പേരു നൽകിയിരിക്കുന്നത്. പൊതുസവിശേഷതകളിൽ നിന്ന്, സവിശേഷമായ ചില പ്രത്യേകതകളെ കണ്ടെത്തി അവയെ വിശേഷവാചികളാക്കി പേരു നൽകുന്ന രീതിയാണ് ചോലനായ്ക്കർ പിന്തുടരുന്നത് എന്ന് കാണാം.
ചൂചുളല്
ചോലനായ്ക്കരുടെ നിരീക്ഷണപ്രകാരം അപകടത്തെക്കുറിച്ച് സൂചന നൽകുന്ന ഒരു പക്ഷിയാണ് ചൂച്ചുളല് (ഉപ്പൂപ്പന്, Eurasian Hoopoe). മണ്ണിലിറങ്ങി ഇര തേടുന്നതിനാൽ പുലിയും കടുവയും മറ്റു ജീവികളും വരുമ്പോൾ ഉപ്പൂപ്പന് തന്റെ തലയിലെ കിരീടം വിടർത്തുകയും ചൂർ.. ചൂർ എന്ന് ഒച്ചയുണ്ടാക്കി പറക്കുകയും ചെയ്യുന്നു. അപ്പോൾ ചോലനായ്ക്കർ കൂടുതൽ ജാഗരൂകരാവുകയും പുലിയോ കടുവയൊ സമീപത്തുണ്ടെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു സ്ഥലത്ത് പറന്നെത്തി ഇരിക്കുമ്പോഴും, ഇര തേടുന്നതിനിടയിൽ ഇടയ്ക്കിടയ്ക്കും, പേടിച്ചു ചുറ്റും നോക്കുമ്പോഴും, വികാരഭരിതനാകുമ്പോഴുമാണ് ഉപ്പൂപ്പൻ തലയിലെ പൂവ് (കിരീടം) വിടർത്തുന്നതെന്ന് പക്ഷിനിരീക്ഷകനായ ഇന്ദുചൂഢൻ (2017 : 300) നിരീക്ഷിക്കുന്നുണ്ട്. നീണ്ടു വളഞ്ഞ കൊക്കു കൊണ്ട് വേഗത്തിൽ മണ്ണിൽ കൊത്തിച്ചിക്കി നീക്കിയാണ് പുഴുക്കൾ, പാറ്റകൾ തുടങ്ങിയവയെ ഉപ്പൂപ്പൻ ആഹരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വേഗത്തിൽ മണ്ണിൽ കൊത്തുന്ന, ചൂർ.. ചൂർ എന്ന് ഒച്ചയുണ്ടാക്കുന്ന പക്ഷി എന്നാണ് ചൂച്ചുളല് എന്ന പദത്തിന്റെ ചോലനായ്ക്ക ഭാഷയിലെ അര്‍ത്ഥം. പക്ഷിയുടെ ധൃതി പിടിച്ച ചലനത്തെ സൂചിപ്പിക്കാനാണ് ചുളല് എന്ന പദമുപയോഗിക്കുന്നത്. ദ്രാവിഡഭാഷകളിൽ ചുളല്, ചുള്ളനെല് എന്നീ പദങ്ങൾക്ക് വേഗത്തിലുള്ള ചലനം, കുത്തൽ, അപ്രതീക്ഷിതമായ വേദന, അസന്തുഷ്ടി എന്നിങ്ങനെയാണ് അര്‍ത്ഥം. കൊടുങ്കാറ്റിന് ചോലനായ്ക്കഭാഷയിൽ ചുളിഗാളി (വേഗത്തിലുള്ള കാറ്റ്) എന്നാണ് പറയുന്നത്. ശക്തമായ ചലനങ്ങൾക്ക് ചുഴറ്റൽ/ചുഴലി എന്ന് മലയാളത്തിലും ഉപയോഗിക്കുന്നുണ്ട്. ഉപ്പൂപ്പന്റെ സ്വഭാവ- ചലനങ്ങളിൽ നിന്ന് അപകടത്തെ മുൻകൂട്ടിക്കാണാൻ അവർക്കു സാധിച്ചിരുന്നതിനാൽ പിൽക്കാലത്ത് ചൂർ എന്ന പദത്തിന് അപകടം എന്ന ഒരർഥം കൂടി ചോലനായ്ക്കഭാഷയിൽ വന്നു ചേര്‍ന്നു. ചൂർ എന്ന പദത്തിന് തമിഴില്‍ ഭയം, സങ്കടം എന്നിങ്ങനെ അര്‍ത്ഥമുണ്ട്.
ജീവിതസാഹചര്യങ്ങളിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ പിന്നീട് നിലവിലുള്ള ശബ്ദാനുകരണ(onomatopoeia) പദങ്ങളിലേക്ക് ആരോപിക്കപ്പെടുന്നതിന് ഉദാഹരണമാണ് ചൂർ എന്ന പദം. ചൂ, ചൂമയ്, ചൂയി എന്നീ ശബ്ദങ്ങൾ നായയുടെ ഓലിയിടൽ, സീൽക്കാരം എന്നിവയെ സൂചിപ്പിക്കാൻ കോട, കന്നട, തമിഴ്, തുളു, കൊലാമി, ബ്രാഹുയി ഭാഷകളിലും ഉപയോഗിക്കുന്നുണ്ട്. ചൂർ ചൂർ എന്ന് ഒച്ചയുണ്ടാക്കുന്ന, വേഗത്തിൽ ചലിക്കുന്ന, അപകടസൂചന നൽകുന്ന പക്ഷി എന്നാണ് ചൂചുളല് എന്ന പദത്തിൽ നിന്ന് ചോലനായ്ക്കർ മനസ്സിലാക്കുന്ന സന്ദേശം. ഒരു പക്ഷിയുടെ നാമം ഒട്ടനേകം സങ്കൽപനങ്ങളെക്കൂടി ചോലനായ്ക്കരുടെ ബോധമണ്ഡലത്തിൽ ഉണർത്തുന്നുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
അളെയക്കി
ഗുഹകളിൽ കൂടുണ്ടാക്കുന്ന ഒരിനം പക്ഷിയാണിത്. അളെയിൽ (ഗുഹയിൽ) കൂടുണ്ടാക്കുന്ന പക്ഷി (അക്കി) എന്ന അര്‍ത്ഥത്തിലാണ് ഈ പക്ഷിയ്ക്ക് അളയക്കി എന്നു പേരിട്ടിരിക്കുന്നത്. പക്ഷിയുടെ ആവാസവ്യവസ്ഥയെയാണ് ഈ പദത്തിലൂടെ ചോലനായ്ക്കർ സൂചിപ്പിക്കുന്നത്. ഈ പക്ഷി കൂടുണ്ടാക്കാൻ സ്വന്തം ഉമിനീരുപയോഗിക്കുന്നതിനാൽ ഉപ്പുരുചിയുള്ള ഇവയുടെ കൂടുകൾ ചോലനായ്ക്കർ കറികളിൽ ഉപയോഗിക്കാറുണ്ടായിരുന്നു, പണ്ട്. മഴക്കാലത്ത് പാറക്കൂട്ടങ്ങൾക്കും ഗുഹകൾക്കുമുള്ളിൽ, സ്വന്തം ഉമിനീരും പഞ്ഞിയുമെല്ലാം ഉപയോഗിച്ച് കൂടുണ്ടാക്കുന്ന വെള്ളവയറൻ ശരപ്പക്ഷികളെക്കുറിച്ച് (Alpine swift) ഇന്ദുചൂഡൻ തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ശരപ്പക്ഷികളുടെ വർഗ്ഗത്തിൽപ്പെട്ട പല പക്ഷികളും സ്വന്തം ഉമിനീരിനെ പശയായുപയോഗിച്ചാണ് കൂടുണ്ടാക്കുന്നതെന്നും പശ്ചിമഘട്ടത്തിൽ പലയിടത്തും ഈ പക്ഷികൾ സ്ഥിരമായി ജീവിച്ചുവരുന്നുണ്ടെങ്കിലും അത്തരം കൂടുകളോ താവളങ്ങളോ ആരും കേരളത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ചൈന, ഇന്തോനേഷ്യ, ആന്തമാൻ നിക്കോബാർ തുടങ്ങിയ പ്രദേശങ്ങളിൽ Edible-nest swiftlet എന്ന ഒരിനം ശരപ്പക്ഷികളുടെ കൂട് സൂപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അളെയക്കി എന്ന പക്ഷിയും ശരപ്പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്ന ഏതെങ്കിലുമൊരു സ്പീഷ്യസാവാനുള്ള സാധ്യതയുണ്ട്. പക്ഷി നിരീക്ഷകർക്ക് ഗവേഷണം ചെയ്യാവുന്ന ഒരു വസ്തുതയാണിത്.
എളെഗുമ്പിച്ചി
മര നാരുകളും മൃഗങ്ങളുടെ രോമവും മുടിയും മറ്റും ചുരുട്ടി കൂടുണ്ടാക്കുന്ന പക്ഷിയാണ് പച്ചമരപ്പൊട്ടൻ(Indian yellow tit). മുടിയ്ക്കാണ് ചോലനായ്ക്കർ എളെ എന്നു പറയുന്നത്. ചുരുട്ടുന്നവൾ എന്ന അര്‍ത്ഥത്തിലാണ് ഗുമ്പിച്ചി എന്ന പദമുപയോഗിക്കുന്നത്. മുടി ചുരുട്ടി കൂടുണ്ടാക്കുന്ന പക്ഷി എന്ന അര്‍ത്ഥത്തിലാണ് ചോലനായ്ക്കർ പ്രസ്തുത പക്ഷിയെ എളെഗുമ്പിച്ചി എന്നു വിളിക്കുന്നത്.
കണ്ണ്തുറ്പ്പന്
വെള്ളക്കണ്ണിക്കുരുവിയെയാണ് (Indian white-eye) ചോലനായ്ക്കർ കണ്ണ്തുറ്പ്പന് എന്നു വിളിക്കുന്നത്. ഈ പക്ഷിയുടെ കണ്ണിനു ചുറ്റും വെള്ളനിറത്തിലുള്ള ഒരു വളയമുള്ളതിനാൽ പക്ഷിയുടെ കണ്ണ് തുറിച്ചു നിൽക്കുന്നതായി തോന്നുന്നു എന്നതുകൊണ്ടാണിത്. പക്ഷിയുടെ ശാരീരിക സവിശേഷതകളെയാണ് ഈ നാമപദം പ്രതിഫലിപ്പിക്കുന്നത്.
കട്ടെ കുയ് രി
മുനിയകളെയാണ് ചോലനായ്ക്കർ കട്ടെ കുയ് രി എന്നു വിളിക്കുന്നത്. നോഡുകൾ തമ്മിലുള്ള അകലം കുറവുള്ള, വലിയ ഇനം മുളകളെയാണ് ചോലനായ്ക്കർ കട്ടെ എന്നു പറയുന്നത്. മുള പൂക്കുന്ന കാലത്താണ് മുനിയകളെ കൂടുതൽ കാണുന്നതെന്നും മുളവിത്തുകളാണ് ഇവ കൂടുതൽ കഴിക്കുന്നതെന്നും ചോലനായ്ക്കർ നിരീക്ഷിക്കുന്നുണ്ട്. മുളയുമായി ഈ പക്ഷികൾക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വിധമാണ് ഈ പക്ഷികൾക്ക് കട്ടെ കുയ് രി എന്നു പേരു നൽകിയിരിക്കുന്നത്. പ്രാണികളേയും മറ്റും ആഹരിക്കുമെങ്കിലും കടുപ്പമുള്ള പുൽവിത്തുകളും ധാന്യമണികളുമാണ് മുനിയകളുടെ പ്രധാന ഭക്ഷണമെന്ന് ഇന്ദുചൂഢനും നിരീക്ഷിക്കുന്നുണ്ട്. മുളവിത്തുകൾ ഭക്ഷിക്കുന്നതോടൊപ്പം ഇവ കൂടുണ്ടാക്കാനും മുളയിലകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പക്ഷി ഗവേഷകരും വ്യക്തമാക്കുന്നത്. മുളയും പക്ഷിയും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കും വിധമാണ് ചോലനായ്ക്കർ പ്രസ്തുത പക്ഷിയ്ക്ക് പേരിട്ടിരിക്കുന്നത്.
ആലെ കുയ് രി
കാട്ടുപനങ്കാക്കയെയാണ്(Oriental dollarbird) ചോലനായ്ക്കർ ആലെക്കുയ് രി എന്നു വിളിക്കുന്നത്. തുളു, തമിഴ്, കന്നട എന്നീ ഭാഷകളിൽ പാലെ കുരുവി എന്ന് പനങ്കാക്കയെ വിളിക്കുന്നുണ്ട്. പാലെ എന്ന പദത്തിന്റെ ആദ്യവ്യഞ്ജനലോപരൂപമാണ് ആലെ. പാല പൂക്കുന്ന കാലത്ത് കാണപ്പെടുന്ന പക്ഷികൾ എന്ന അര്‍ത്ഥത്തിലാണ് ചോലനായ്ക്കർ ഈ പക്ഷിയ്ക്ക് പേരു നൽകിയിരിക്കുന്നത്. വൻമരങ്ങളിലെ പൊത്തുകളിലും മറ്റുമാണ് ഇവ കൂടു വയ്ക്കുന്നത്. പാലമരങ്ങളിലെ പൊത്തുകളിൽ താമസിക്കുന്നതു കൊണ്ടാകാം ഇവയ്ക്ക് ആലെ കുയ് രി എന്ന പേരു നൽകിയിരിക്കുന്നത്.
മണെസു കൊട്ടളെ
ബുൾബുൾ പക്ഷികളെയാണ് (Bulbul) ചോലനായ്ക്കർ മണെസു കൊട്ടളെ എന്നു വിളിക്കുന്നത്. ചോലനായ്ക്ക ഭാഷയിൽ മണെസു എന്ന പദത്തിന് ഇണ, ദമ്പതികൾ എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, മാൾട്ടോ ഭാഷകളിലെല്ലാം മണെ, മണപ്, മണവാളൻ, മണുമു, മണ്സ്നദ് തുടങ്ങിയ പദങ്ങൾ കല്യാണം, ഇണ, രണ്ടുപേർ തമ്മിലുള്ള പരസ്പര സ്നേഹം എന്നീ അര്‍ത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കൊട്ടളെ, ഗൊഡളെ, കൊട്ടലയ് എന്നീ പദങ്ങൾക്ക് തമിഴ്, കന്നട, തുളു ഭാഷകളിൽ കൊഞ്ചുക, വിക്കുക എന്നാണ് അര്‍ത്ഥം. ചോലനായ്ക്കരും കൊട്ടളെ എന്ന പദം കൊഞ്ചുക എന്ന അര്‍ത്ഥത്തിൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഇണകളുമായി കൊഞ്ചി നടക്കുന്ന പക്ഷി എന്ന അര്‍ത്ഥത്തിലാണ് ബുൾബുളിന് മണെസു കൊട്ടളെ എന്നു പേരിട്ടിരിക്കുന്നത്. ഏതു കാലത്തും ഇണകളുടെ കൂടെ നടയ്ക്കുകയും മിക്ക സമയവും ആഹ്ലാദകരമായ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്ന പക്ഷികളാണ് ബുൾബുളുകൾ എന്ന് ഇന്ദുചൂഢനും നിരീക്ഷിക്കുന്നുണ്ട്. മണ്സ് എന്ന പദത്തിന് ചോലനായ്ക്ക ഭാഷയിൽ മുളക് എന്ന ഒരർഥം കൂടിയുണ്ട്. മുളകുചെടികളിൽ കൊഞ്ചാൻ വരുന്ന പക്ഷി എന്ന അര്‍ത്ഥം കൂടി മണെസു കൊട്ടളെ എന്ന പദത്തിനുണ്ട് എന്ന് ചോലനായ്ക്കരിൽ ചിലർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ബുൾബുൾ പക്ഷികൾ മുളകു വിത്തുകൾ കൂടാതെത്തന്നെ കാട്ടിലെ വിവിധ തരം പഴങ്ങളും വിത്തുകളുമെല്ലാം ഭക്ഷിക്കുന്നതിനാൽ ഒന്നാമത്തെ നിരീക്ഷണത്തിനാണ് കൂടുതൽ പ്രസക്തി.
കുട്ടൂർസെയ്ററി
ചിന്നക്കുട്ടുറുവന്റെ(White-cheeked barbet) കുട്ടൂർ..കുട്ടൂർ എന്ന ശബ്ദത്തെ അനുകരിച്ചാണ് കുട്ടൂർസെയ്റ്റി എന്നു പേരിട്ടിരിക്കുന്നത്. തോട ഭാഷയിൽ കുട്ടൂർ എന്ന് ഒച്ചയുണ്ടാക്കുന്ന പക്ഷി എന്ന അര്‍ത്ഥത്തിൽ ഒരിനം പക്ഷിയ്ക്ക് കുട്ടുർ സേയ്റ്റി എന്നു പറയുന്നുണ്ട്. കന്നടയിൽ Warblers, Barbets, Wagtails എന്നീ ഇനങ്ങളിൽപ്പെട്ട പക്ഷികളെ സൂചിപ്പിക്കാനും കുട്ടുർ സേയ്റ്റി എന്ന പദം ഉപയോഗിക്കുന്നുണ്ട്. തെലുങ്ക്, കുറുക്, മാൾട്ടോ ഭാഷകളിൽ സഡി, സഡ്ന എന്നീ പദങ്ങളും കന്നടയിൽ ജഡി എന്ന പദവും പക്ഷികളുടെ ചിറകടിശബ്ദത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ജഡിയു എന്ന പദം പറക്കൽ എന്ന അര്‍ത്ഥത്തിലാണ് കന്നടയിലുപയോഗിച്ചിരുന്നത്. അതിൽ നിന്നാണ് ജഡായു എന്ന പദമുണ്ടായത്.
സേട്ടയ്, സീട്ടി, ജേട്ടി എന്നീ പദങ്ങൾ തമിഴിലും സട്ടയ് എന്ന പദം കൊലാമിയിലും ചിറക്, തൂവൽ എന്നീ അര്‍ത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സെട്ടൂപ് എന്ന പദം തൂവലിനെ സൂചിപ്പിക്കാനും ജീട്ട എന്ന പദം കുരുവികളുടെ സാമാന്യനാമത്തെ(generic name)/വര്‍ഗ്ഗത്തെ സൂചിപ്പിക്കാനും തെലുങ്കിൽ ഉപയോഗിക്കുന്നുണ്ട്. തെലുങ്ക്, കോട, നായ്കി, പർജി, ഗോണ്ടി ഭാഷകളിൽ ജീട്ട, ജീട്ടെ, ജെട്ടികെ എന്നീ പദങ്ങൾ പക്ഷികളെപ്പോലെ നീണ്ടു മെലിഞ്ഞ കാലുള്ളവരെ സൂചിപ്പിക്കാനും ഉപയോഗിച്ചിരുന്നു. കുരുവികളുടെ ചിറകടി ശബ്ദത്തെ അനുകരിച്ച് പറഞ്ഞുതുടങ്ങിയ സേയ്റ്റി, സീട്ടി, ജീട്ട, ജേട്ടി തുടങ്ങിയ പദങ്ങൾ കുരുവികൾക്ക് പൊതുവായി പറയുന്ന പേരായി പരിണമിക്കുകയും പിന്നീട് കുട്ടൂർ.. കുട്ടൂർ എന്നു ശബ്ദമുണ്ടാക്കുന്ന പക്ഷിയ്ക്ക് അതിന്റെ ശബ്ദത്തെ സൂചിപ്പിക്കുന്ന കുട്ടൂർ/ കുട്ടൂർ എന്ന പദത്തോടൊപ്പം സേയ്റ്റി എന്ന സാമാന്യനാമം ചേർത്ത് പേരു നൽകുകയും ചെയ്യുകയായിരുന്നു. പക്ഷിയുമായി ബന്ധപ്പെട്ട സങ്കൽപങ്ങൾക്കും (പറക്കുക, പാടുക) അതേ പദങ്ങൾ ഉപയോഗിക്കുകയും അവയിൽ കാലാനുസൃതമായ മാറ്റങ്ങൾ (linguistic change and reconstruction) സംഭവിച്ച് പുതിയ പദങ്ങളും പുതിയ അര്ത്ഥങ്ങളുമുണ്ടായി എന്നുമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഓരോ പക്ഷിയുടേയും സ്വഭാവ, ശാരീരിക സവിശേഷതകളെക്കുറിച്ചും ആവാസവ്യവസ്ഥകളെക്കുറിച്ചും ചോലനായ്ക്കർക്ക് വ്യക്തമായ ധാരണയുണ്ട്. ആ സവിശേഷതകളെ പ്രതിഫലിപ്പിക്കും വിധമാണ് ചോലനായ്ക്കർ പക്ഷികൾക്ക് പേരു നൽകുന്നത്. ദീർഘകാലത്തെ അനുഭവജ്ഞാനം കൊണ്ട് പ്രസ്തുത ഗോത്രസമൂഹം ആർജിച്ചെടുത്ത അറിവുകളെ പ്രതിഫലിപ്പിക്കുന്നവയാണ് ഓരോ നാമപദവും.
വേട്ടയിലെ കരുതൽ
മാംസം, മുട്ട എന്നിവയ്ക്ക് ചുരുക്കം ചില പക്ഷികളെ ചോലനായ്ക്കർ ആശ്രയിക്കുന്നുണ്ട്. പക്ഷിമാംസം ചോലനായ്ക്കരുടെ പ്രാഥമിക ഭക്ഷണസ്രോതസുകളിൽ പെടുന്നതല്ല. ക്ഷാമമുള്ള സമയങ്ങളിലാണ് പക്ഷിക്കുഞ്ഞുങ്ങളെയൊ പക്ഷിമുട്ടകളെയൊ ചോലനായ്ക്കർ ആശ്രയിക്കുന്നത്. ചീപ്പെ(എരണ്ടകൾ), ച്വാട്ടന്(കോഴിവേഴാമ്പൽ), ഏറക്കി(വേഴാമ്പൽ), കോളി(കാട്ടുകോഴി), അളെയക്കി(ചിലയിനം ശരപ്പക്ഷികൾ) എന്നീ പക്ഷികളുടെ മാംസമാണ് ചോലനായ്ക്കർ പ്രധാനമായും ഭക്ഷിക്കുന്നത്. ചിലയിനം പക്ഷികളുടെ മുട്ടകളും എടുക്കാറുണ്ട്. പക്ഷികളുടെ മാംസം ചുട്ടു തിന്നുകയാണ് പതിവ്. ഭക്ഷണത്തിനല്ലാതെ ഒരു ജീവിയേയും കൊല്ലരുതെന്നാണ് ഗോത്രതത്വം. ജീവികളെയും മുട്ടകളെയും ഭക്ഷണത്തിനെടുക്കുമ്പോൾ ഗോത്രാംഗങ്ങൾ പാലിക്കേണ്ട നിയമമാണ് ‘അയ്വൊന്ത്, ഏങ്കെയൊന്ത്’ എന്നത്. അയ്വൊന്ത് (അമ്മയ്ക്കൊന്ന്) ഏങ്കെയൊന്ത് (നമ്മൾക്കൊന്ന്) എന്നിങ്ങനെ എണ്ണിയെണ്ണി മാറ്റി വെച്ചാണ് കുഞ്ഞുങ്ങളെയൊ മുട്ടകളെയൊ ചോലനായ്ക്കർ എടുക്കുന്നത്. ഈ നിയമപ്രകാരം കൂട്ടിലാകെയുള്ള കിളിക്കുഞ്ഞുങ്ങളിൽ/മുട്ടകളിൽ പാതിയെ എടുക്കാൻ പാടുള്ളു. അതായത് 2 കുഞ്ഞുങ്ങളാണ് കൂട്ടിലുള്ളതെങ്കിൽ ഒന്നിനെ മാത്രമെടുക്കുന്നു. മൂന്നെണ്ണമുണ്ടെങ്കിലും ഒന്നിനെ ചോലനായ്ക്കരെടുക്കുന്നു. നാലെണ്ണമുണ്ടെങ്കിൽ രണ്ടെണ്ണത്തിനെ എടുക്കുന്നു. മനുഷ്യർ സംഖ്യകൾ ഉപയോഗിച്ചു തുടങ്ങുന്നതിന്റെ പ്രാഗ് രൂപമായി ഈ പ്രക്രിയയെ കാണാം. മുതിർന്നവർ കുട്ടികളെ കുട്ടിക്കാലം തൊട്ട് ഈ നിയമം പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നു. എത്ര പട്ടിണിയാണെങ്കിലും അമ്മയ്ക്കുള്ളത് അമ്മയ്ക്ക് നൽകുക തന്നെ വേണമെന്നും അല്ലെങ്കിൽ സമൃദ്ധിയുടെ ദൈവമായ മലദൈവം കോപിക്കുമെന്നുമാണ് ഗോത്രസമൂഹത്തിന്റെ വിശ്വാസം. ഭക്ഷണത്തിനായി ജീവികളെ ആശ്രയിക്കുമ്പോഴും അവയുടെ വംശം അന്യം നിന്നു പോകാതിരിക്കാനുള്ള കരുതൽ ചോലനായ്ക്കർ പാലിക്കുന്നുണ്ട്. വന്യജീവിസംരക്ഷണ നിയമത്തെക്കുറിച്ച് ബോധ്യം വന്നതിനാലും സർക്കാർ ഭക്ഷണവിഭവങ്ങൾ നൽകുന്നതു കൊണ്ടും പക്ഷികളെ ഇപ്പോൾ ഭക്ഷണത്തിന് ഉപയോഗിക്കാറില്ല എന്നാണ് ഗോത്രാംഗങ്ങൾ വ്യക്തമാക്കുന്നത്.
പക്ഷികളെക്കുറിച്ചു മാത്രമല്ല ആവാസവ്യൂഹത്തിലെ സകല ജീവജാലങ്ങളെക്കുറിച്ചും ചോലനായ്ക്ക സമൂഹത്തിനുള്ള ജ്ഞാനം അത്ഭുതപ്പെടുത്തുന്നതാണ്. ഭക്ഷണത്തിനെന്നതുപോലെ കാലാവസ്ഥാമാറ്റം തിരിച്ചറിയാനും, അപകടങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും വിനോദത്തിനു വേണ്ടിയും വിവിധയിനം ജീവികളെ ചോലനായ്ക്കർ ആശ്രയിക്കുന്നുണ്ട്. തങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്ക് ഉതകാത്ത ജീവികളുടെ പോലും സ്വഭാവം, ആവാസവ്യവസ്ഥ, ശാരീരിക സവിശേഷതകൾ, ശബ്ദങ്ങൾ എന്നിവയെക്കുറിച്ചു ചോലനായ്ക്കർക്ക് കൃത്യമായ ധാരണയുണ്ട്. ഓരോ ഗോത്രഭാഷയിലും ഇതുപോലെ ഒരന്വേഷണം നടത്തിയാൽ ഇനിയും ഒട്ടനേകം വൈവിധ്യങ്ങളെയും ജ്ഞാനത്തേയും അടുത്തറിയാൻ നമുക്ക് സാധിക്കും. നമ്മൾ കണ്ടെത്തിയ അറിവുകളെക്കാൾ ഇനിയും കണ്ടെത്താനുള്ള അറിവുകളാണ് കൂടുതലുള്ളതെന്ന ബോധ്യമാണ് നമുക്ക് വേണ്ടത്. കണ്ടെത്താനിനിയും ഒട്ടേറെ ജ്ഞാനശേഖരങ്ങൾ ഓരോ ഭാഷയിലും ഉണ്ടെന്നിരിക്കെയാണ് ഈ നാശത്തിന്റെ തോത് നാൾക്കുനാൾ വർധിച്ചു വരുന്നത്. കേരളത്തിലെ 36 ഗോത്രഭാഷകളിൽ 90 ശതമാനവും യുനെസ്കോയുടെ ഭാഷാജീവന മാനദണ്ഢപ്രകാരം ഭാഷാനാശഭീഷണി നേരിടുന്നവയാണെന്നതാണ് വാസ്തവം.
തദ്ദേശഭാഷകളുടെ സംരക്ഷണവും ജൈവവൈവിധ്യവും
തദ്ദേശീയമായ ആവാസവ്യവസ്ഥയില്‍ ദീര്‍ഘകാലം പ്രതിപ്രവര്‍ത്തിച്ച് പരിവര്‍ത്തനപ്പെടുന്ന ചെറുസമൂഹങ്ങള്‍ തങ്ങളുടെ പരിസ്ഥിതിയെ സ്വാംശീകരിക്കുന്നതോടൊപ്പം തന്നെ ആ പരിസ്ഥിതിയെ പരിഷ്കരിക്കുകയും ചെയ്യുന്നു. അതിനാല്‍ പരിസ്ഥിതിയെ സൂക്ഷ്മമായി വിലയിരുത്താനും അറിവുകള്‍ ശേഖരിക്കാനും സാധിക്കുന്നുവെന്നും ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന അറിവുകളെ വിവിധ രൂപങ്ങളില്‍, ഭാഷയിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നുവെന്നുമാണ് ലൂയിസ മാഫി(1998) തന്റെ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. വുൾഫ്രം, വാൾട്ട്, ഷില്ലിംഗ്(1998) എന്നിവരുടെ പഠനത്തില്‍, ഭാഷാവൈവിധ്യവും ജൈവവൈവിധ്യവും നശിക്കുമ്പോള്‍ അടിസ്ഥാന ജൈവരൂപങ്ങള്‍ നശിക്കുകയും സ്വത്വം, ബോധം, അപരം എന്നിവയെ തിരിച്ചറിയാനുപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കൂടി നശിക്കുകയും ചെയ്യുന്നുവെന്ന് സ്ഥാപിക്കുന്നുണ്ട്. ഡാനിയേല്‍ നെറ്റിലും സൂസന്ന റൊമയ്നെയും(2000) ചേര്‍ന്നു നടത്തിയ പഠനത്തില്‍, വൈവിധ്യത്തെ മനസ്സിലാക്കാനുള്ള മാതൃകാപരമായ ഒരു ആശയമായി ജൈവ-ഭാഷാവൈവിധ്യമെന്ന(Bio-linguistic Diversity) പുതിയ പദത്തെക്കുറിച്ചു പറയുന്നുണ്ട്. ഭൂമിയിലെ സകല ജീവജാലങ്ങളും മനുഷ്യസംസ്കാരങ്ങളും ഭാഷകളുമെല്ലാം ഒത്തുചേര്‍ന്നുള്ളൊരു വർണ്ണരാജിയെക്കുറിച്ച്(spectrum) സൂചിപ്പിക്കുന്നതാണ് ഈ പദം. ഭാഷാസംരക്ഷണവും ജൈവവൈവിധ്യസംരക്ഷണവും പരസ്പരപൂരകമായ ഒരു പ്രവർത്തനമാണെന്നാണ് ഇത്തരം പഠനങ്ങൾ അവകാശപ്പെടുന്നത്. തനത് ജൈവവൈവിധ്യം(endemicity) കൂടുതലുള്ളതും, ഒപ്പം വംശനാശ ഭീഷണി നേരിടുന്നതുമായ പ്രദേശങ്ങളെ ജൈവവൈവിധ്യതീവ്രകേന്ദ്രങ്ങൾ (Biodiversity Hot Spots) എന്നു പറയുന്നത് പോലെത്തന്നെ ഭാഷാവൈവിധ്യം കൂടുതലുള്ള, എന്നാല്‍ ഭാഷാനാശഭീഷണി നേരിടുന്ന ഭാഷകൾ കൂടുതലുള്ള പ്രദേശങ്ങളെ ഭാഷാവൈവിധ്യതീവ്രകേന്ദ്രങ്ങൾ (Language Hot Spots) എന്നു വിളിക്കാമെന്ന ആശയം Gregory D S Anderson, David Harrison K (2007) എന്നിവർ മുന്നോട്ടു വച്ചിട്ടുണ്ട്. മാത്രമല്ല, ജൈവവൈവിധ്യതീവ്രകേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന പ്രദേശങ്ങൾ തന്നെയാണ് ഭാഷാവൈവിധ്യതീവ്രകേന്ദ്രങ്ങളുമാവുന്നത്.
തങ്ങളുടെ പരിസ്ഥിതിയെക്കുറിച്ച് ദൈനംദിന പ്രവർത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അറിവുകൾ ഓരോ ഭാഷകസമൂഹവും അടുത്ത തലമുറയ്ക്കു കൈമാറുന്നുണ്ട്. അതുകൊണ്ടു തന്നെ ആ പ്രദേശത്തെ ജൈവസമ്പന്നതയെ പ്രതിഫലിപ്പിക്കാൻ ഭാഷയ്ക്കു കഴിയുന്നുണ്ട്. ആ ജൈവസമ്പന്നതയെ ഉൾക്കൊള്ളുന്ന ഭാഷ സംരക്ഷിക്കപ്പെടുമ്പോൾ ജൈവവൈവിധ്യം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. ഭാഷാ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പരസ്പര പൂരകമാകുന്നത് ഇങ്ങനെയാണ്. ഇന്ത്യയിലെ 4 ജൈവവൈവിധ്യതീവ്രകേന്ദ്രങ്ങളിലൊന്നായ (Bio diversity Hotspots) പശ്ചിമഘട്ടത്തിന്റെ വനപ്രദേശങ്ങളിലും വനത്തോടു ചേർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനവിഭാഗങ്ങളുടെ ഭാഷയും സംസ്കാരവും രേഖപ്പെടുത്തി വയ്ക്കേണ്ടതും പ്രസ്തുത ഗോത്രസമൂഹങ്ങളുടെ നിലനിൽപ്പിനായി പ്രവർത്തിക്കേണ്ടതും ജൈവവൈവിധ്യ സംരക്ഷണത്തിനും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനും അനിവാര്യമാണ്.
*ഉയർന്ന മലനിരകളിൽ, കുന്നുകൾക്കിടയിൽ കാണപ്പെടുന്ന കൊച്ചുവനഭാഗങ്ങളാണ് ഷോലക്കാടുകൾ എന്നത് കൊണ്ട് ഇന്ന് നാം അർത്ഥമാക്കുന്നത്. എന്നാൽ ചോലനായ്ക്കഭാഷയിൽ നിത്യഹരിത വനങ്ങളെയാണ് ചോല എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
Tags: Birds, Cholanayka, Lijisha At, western ghats