• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Cover Story
June 2013

Home » Cover Story » ആ പുഴയുടെ അവകാശം!

ആ പുഴയുടെ അവകാശം!

ഫൈസല്‍ ബാവ
Photo : Ranjith Rajendran | Photomuse

ഒരു പുഴ കൂടി മരണവിളി കാത്തു കിടക്കുന്നു. വികസന ദേവതയുടെ ബലിക്കല്ലിനു മുന്നില്‍ ഊഴം കാത്തു കഴിയുന്ന ചെറു നീരുറവ മുതല്‍ ജലാശയങ്ങളും മഹാനദികളും വരെ നീണ്ടുകിടക്കുന്ന ഇരകളുടെ പരമ്പരയില്‍ മറ്റൊന്ന്. ഇനിയൊരിക്കലും കാണാനാവില്ല നിങ്ങള്‍ക്കീ ചാലക്കുടിയാറിനെ, അതിരപ്പിള്ളിയെ, വാഴച്ചാലിനെ, അത് നമ്മുടെ നഷ്ടം. ഇനി വരുന്നൊരു തലമുറയ്ക്കോ? ഓ! അവര്‍, വെള്ളം കുപ്പിയില്‍ മാത്രം കണ്ട് ശീലമുള്ളവര്‍. ജലം, വാട്ടര്‍ തീം പാര്‍ക്കിലെ കൗതുക വസ്തുവായി ആസ്വദിക്കുമ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ ആഘാതം എന്നാവും!

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്തു വില കൊടുത്തും നടപ്പിലാക്കുവാനാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവ്യത്യാസമില്ലാതെ നിരവധി കള്ളങ്ങള്‍ നിരത്തുകയും അവ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചാലക്കുടിപ്പുഴയ്ക്കു കുറുകെ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ അധികം സാമൂഹിക പാരിസ്ഥിതിക, നഷ്ടമാകും സംഭവിക്കുകയെന്നത് ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ, പ്രദേശത്തുള്ളവരും കേരളക്കരയിലെ നിരവധി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും നമ്മുടെ സര്‍ക്കാരുകള്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്ത കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്‍റെ ജീവിതത്തേയും സംസ്കാരത്തേയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. നശിപ്പിക്കുവാനായി നമുക്ക് കാടും പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്നവയെങ്കിലും എന്തു വില കൊടുത്തും നിലനിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കുവാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

Photo : Moncy-M-Thomas

എന്താണ് അതിരപ്പിള്ളി പദ്ധതി?

ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളം ഏഴ് കിലോമീറ്റര്‍ താഴെ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ, കണ്ണങ്കുഴി തോടിന്‍റെ കരയില്‍ സ്ഥാപിക്കുന്ന പവര്‍ഹൌസില്‍ എത്തിക്കുന്നു. ഇതിന് 163 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാട്ടിന് സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്. 650 കോടിയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി. യുടെ തന്നെ കണക്കുപ്രകാരം (അതും പെരുപ്പിച്ചാണ് പറയുന്നത്) പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനമാണ്. ഇപ്പോള്‍ത്തന്നെ വന്‍ബാദ്ധ്യതയില്‍ തുടരുന്ന കെ.എസ്.ഇ.ബി.യെ ഇത് കൂടുതല്‍ കടക്കെണിയിലേക്കാണ് നയിക്കുക. വൈകിട്ട് 6 മുതല്‍ 11 വരെ വൈദ്യുതി കൂടുതല്‍ ആവശ്യം വരുന്ന സമയത്താണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അവകാശപ്പെടുമ്പോള്‍ വൈദ്യുതി ഏറ്റവും ആവശ്യമായ വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലൊഴുകുന്നില്ല എന്നതാണ് സത്യം. നീരൊഴുക്കിന്‍റെ തെറ്റായ കണക്കുനിരത്തി EIA യുടെ അബദ്ധജഡിലവും അപൂര്‍ണ്ണവുമായ പഠനത്തെ  മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. പാത്രക്കടവ് പദ്ധതിക്കുവേണ്ടിയും ഇതേ തന്ത്രം തന്നെയാണ് പയറ്റിനോക്കിയത്. പൂര്‍ത്തിയാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്. വൈദ്യുതി വകുപ്പ് ഇത്രയേറെ കടക്കെണിയിലാണെന്നിരിക്കെ ഇങ്ങനെ നിരന്തരം പുതിയ പദ്ധതികള്‍ ഉണ്ടായേ തീരൂ എന്ന ശാഠ്യം ആര്‍ക്കു വേണ്ടിയാണെന്നതാണ് മനസ്സിലാകാത്തത്.

Photo : Moncy M Thomas

വൈദ്യുതികമ്മി എന്ന പച്ചക്കള്ളം

കേരള ജനത കാലാകാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതി കമ്മി. മാത്രമല്ല ഓരോരുത്തരും ദിനംപ്രതി ലോഡ് ഷെഡ്ഡിങ്ങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരുമാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്‍റെ പ്രവര്‍ത്തനശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു. വൈദ്യുതി കമ്മിയെക്കുറിച്ച് നാം വേവലാതിപ്പെടുന്നതിനെപ്പറ്റി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉന്നയിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ‘നാം ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും പുറത്തു നിന്നും വരുന്നവയാണ് (അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും) അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ത്ഥത്തിലല്ല) 10-15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെപ്പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍. ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്. യഥാര്‍ത്ഥ പ്രശ്നം കമ്മിയല്ല. മറിച്ച് 5000 കോടിയോളം കടബാധ്യതയുള്ള കെ.എസ്.ഇ.ബി. യ്ക്ക് ഇനിയും വൈദ്യുതി വാങ്ങാനുള്ള പണമില്ല എന്നതാണ്. ഈ 5000 കോടി കടബാധ്യത എങ്ങനെ വന്നുവെന്നതാണ് എത്രയും പെട്ടെന്ന് അന്വേഷണ വിധേയമാക്കേണ്ടത്. ഇതിനിടയിലേക്കാണ് 650 കോടിയുടെ ബാധ്യത കൂടി ചേര്‍ത്ത് കൂടുതല്‍ നഷ്ടക്കണക്കെഴുതാന്‍ ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് ഈ ഭാരത്തെ ഇനിയും കൂട്ടുകയേയുള്ളൂ. കാലതാമസം മൂലം 650 കോടിയെന്നത് ഇനിയും ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം (ഇടുക്കി പദ്ധതിയുടെ ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ട്). പദ്ധതിയുടെ മുടക്കു മുതല്‍ തന്നെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക സാമൂഹിക നഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടം മാത്രം വരുത്തിവെക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്നതുമായ ഈ പദ്ധതി എന്തിനു വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

Photo : Jithin PS

കേരളത്തില്‍ പ്രതിവര്‍ഷം 1700 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കാനുള്ള സാധ്യത നിലവിലുണ്ട്. കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ഇത് 1930 കോടി യൂണിറ്റാക്കി ഉയര്‍ത്താം. എന്നാല്‍ 2004-05 കാലയളവില്‍ ഉപയോഗിച്ചത് 1270 കോടി യൂണിറ്റാണ്. ഇതില്‍ പ്രസരണ വിതരണ നഷ്ടം തന്നെ 336 കോടി യൂണിറ്റാണ്. കെ.എസ്.ഇ.ബി.യുടെ കണക്കുപ്രകാരം വൈദ്യുത ഉപഭോക്താക്കളുടെ വാര്‍ഷിക വര്‍ദ്ധനവ് ഏഴ് ശതമാനമാണ്. 336 കോടി യൂണിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിന് പകരമായി വെറും 23 കോടി യൂണിറ്റുല്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും? 2011-ലെ കെ.എസ്.ഇ.ബി.യുടെ കണക്കു പ്രകാരം ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമിതമായി വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ഗാര്‍ഹിക ഉപഭോക്താക്കളുടെ വര്‍ദ്ധനവില്‍ നേരിയ മാറ്റം ഉണ്ടെങ്കിലും അതിനെ തരണം ചെയ്യാനുള്ള സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന സത്യത്തെ ബോര്‍ഡ് തകിടം മറിക്കുന്നു. പ്രസരണനഷ്ടം വര്‍ദ്ധിക്കുന്നുവെന്നല്ലാതെ കുറയ്ക്കാന്‍ കഴിയുന്നുമില്ല.

പദ്ധതി മൂലമുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക നഷ്ടങ്ങള്‍ ഏത് കണക്കില്‍ വകയിരുത്തും? എല്ലാ അർത്ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലേ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്നത് സത്യസന്ധമല്ല. കേരളത്തില്‍ 995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ചെറുതും വലുതുമായ 38 അണക്കെട്ടുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട മേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലയ്ക്കു പകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടെങ്കിലും ഇന്നേവരെ അത് പാലിച്ചിട്ടില്ല. വനനശീകരണം മൂലം കേരളത്തിലെ എല്ലാ നദികളിലെയും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ളക്ഷാമത്തിന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ?

കേരളത്തിലെ ഒരു ജലവൈദ്യുത പദ്ധതിയും നാളിതുവരെ സ്ഥാപിതശേഷിയുടെ 50 ശതമാനം പോലും വൈദ്യുതി ഉത്പാദനം നടത്തിയിട്ടില്ല. (പ്രസരണ വിതരണ നഷ്ടത്തിനു പുറമെയാണിത്.) ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി 780 മെഗാവാട്ടായിരുന്നു. എന്നാല്‍ ലഭിക്കുന്നതോ 273.7 മെഗാവാട്ട് മാത്രം. ഷോളയാര്‍- ശേഷി 54 മെഗാവാട്ട്, ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍ക്കുത്ത് സ്ഥാപിതശേഷി 32 മെഗാവാട്ട്, ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് നാളിതുവരെ പദ്ധതി അവതരണസമയത്ത് ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ്. ഈ കള്ളങ്ങള്‍ക്ക് മുമ്പില്‍ കേരളത്തിലെ പ്രകൃതി വിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ? 27 പഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലേയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഒരു പദ്ധതിക്കു വേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത്? ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ? അണക്കെട്ടുകള്‍ അപ്രായോഗികമാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുന്നത്? വൈദ്യുതി പ്രതിസന്ധിക്ക് പ്രായോഗികമായ എത്ര ബദല്‍ മാർഗങ്ങൾ നിര്‍ദ്ദേശിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു? പക്ഷേ, അതൊന്നും കെ.എസ്.ഇ.ബി. മുഖവിലയ്ക്കെടുക്കാത്തതെേന്ത?

Photo : Madhu G Krishnan

പാരിസ്ഥിതിക നഷ്ടങ്ങള്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍ കണക്കാക്കാനാവാത്തത്ര വലുതാണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചാലക്കുടിപ്പുഴയുടെ തീരം. ഇതിനെപ്പറ്റി കാര്യക്ഷമമായ ഒരു പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടില്ല. “ WAPCOS” എന്ന സ്ഥാപനം നടത്തിയ പഠനം പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ.എസ്.ഇ.ബി.യുടെ ഇംഗിതത്തിനനുസരിച്ചുള്ളതായിരുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന കാടര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസികളുടെ പുനരധിവാസത്തെക്കുറിേച്ചാ അവരുടെ ജീവിതത്തെക്കുറിേച്ചാ ഒന്നും പറയുന്നില്ല. ജലജന്തുക്കളെക്കുറിേച്ചാ വന്യജീവികളെക്കുറിേച്ചാ കാര്യമായ പഠനം നടത്തിയിട്ടില്ല. ഉള്ളവ തന്നെ അപൂര്‍ണ്ണമാണ്. പുഴയോരക്കാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്. പറമ്പിക്കുളം-പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോകുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂര്‍വ്വമായ ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തില്‍ നിന്നും 200-300 മീറ്റര്‍ ഉയരത്തിലുള്ള പുഴയോരക്കാടുകള്‍ അവശേഷിക്കുന്ന ഏക ഇടമാണിത്. NBFGR (നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ്സ്) റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിപ്പുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇന്സ്റ്റിറ്റ്യൂട്ട് പോണ്ടിേച്ചരി, വനം വകുപ്പിനുവേണ്ടി 2000-ല്‍ നടത്തിയ പഠനം (Bio-diversity Conservation Strategy and Action Plan for Kerala) മാങ്കുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഹൈ കണ്‍സര്‍വേഷന്‍ വാല്യൂ (75%) ഉള്ള പ്രദേശം വാഴച്ചാല്‍ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്‍റെ വിസ്തൃതിക്കൊപ്പം അതിന്‍റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്യത്തിലും അങ്ങനെ ചെയ്യാറില്ല. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്‍റെ (Low Elevation Riparian Forest Ecosystem) ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസില്‍പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണ് അതിരപ്പിള്ളി പുഴയോരക്കാടുകള്‍.

Photo : Jithin PS

1700 ച.കി.മീ. വിസ്തൃതിയുള്ള ചാലക്കുടിപ്പുഴത്തടത്തിന്‍റെ 1100 ച.കി.മീ. കേരള വനംവകുപ്പിന്‍റെ കീഴിലാണ്. ഇതില്‍ തന്നെ നിത്യഹരിതവനങ്ങളുടെ വിസ്തൃതി വെറും 100 ച.കി.മീ. ആയി ഇതിനകം ചുരുങ്ങിക്കഴിഞ്ഞു. ഇതുതന്നെ തുണ്ടംതുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് വര്‍ഷം തോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. മഴക്കാലത്ത് മാത്രമാണ് ചാര്‍പ്പതോട് ഒഴുകുന്നതും ചാര്‍പ്പ വെള്ളച്ചാട്ടം കാണാന്‍ കഴിയുന്നതും. കണ്ണങ്കുഴി തോടിന്‍റെ അവസ്ഥയും മറ്റൊന്നല്ല.

നീരൊഴുക്കിന്‍റെ കണക്കുണ്ടാക്കിയത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ പദ്ധതിക്കുവേണ്ടി ബോര്‍ഡ് കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയും മറ്റു ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് വേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ടാണ്? ‘ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉത്പാദനത്തില്‍ ജലവൈദ്യുതിയുടെ സാങ്കേതിക ഭാവി എന്തായിരിക്കും?’ എന്ന എം.എന്‍. വിജയന്‍ മാഷിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്.

ഈ പദ്ധതി മൂലം കാര്‍ഷിക മേഖലക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. 14000 ഹെക്ടര്‍ കൃഷിഭൂമിയുടെ ആശ്രയമായ തുമ്പൂര്‍മൊഴി പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാവും. 27 ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജലസേചന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഏറെ പ്രയോജനകരമാണ് തുമ്പൂര്‍മൊഴി പദ്ധതി. ഒരു ഗ്രാവിറ്റി ടൈപ്പ് ഡൈവെര്‍ഷനും 188 കി.മീ. വ്യാപിച്ചു കിടക്കുന്ന ഇടതുകര കനാലും 203 കി.മീ. നീളത്തില്‍ കിടക്കുന്ന വലതുകര കനാലും ഉള്‍പ്പെട്ടതാണ് തുമ്പൂര്‍മൊഴി പദ്ധതി. 390 കി.മീ. നീളത്തില്‍ തൃശൂര്‍-എറണാകുളം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന കനാല്‍ സംവിധാനത്തെ അതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ല. ഇത്രയും തദ്ദേശവാസികളുടെ കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുന്ന പ്രശ്നമായിട്ടും ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എതിര്‍ത്തിട്ടും തങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടിന്‍റെ ബലത്തില്‍ മുന്നോട്ടുപോകുന്ന കെ.എസ്.ഇ.ബി. യുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതെ തരമില്ല.

Photo : Jithin PS

ബദല്‍ മാര്‍ഗങ്ങള്‍

വിശ്വ സുസ്ഥിര ഊര്‍ജ്ജ ഇന്സ്റ്റിറ്റ്യൂട്ടിന്‍റെ (WISE) ഡയറക്ടര്‍ ജനറലായ ജി. മധുസൂദനന്‍ ഐ.എ.എസ്. കേരള ജനതയ്ക്കു മുമ്പില്‍ വച്ച ബദല്‍ മാര്‍ഗ്ഗങ്ങളെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരിഗണിച്ചതേയില്ല. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും വൈദ്യുതിയുത്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ വഴിയെ എത്തിനോക്കാന്‍ പോലും നമ്മുടെ വൈദ്യുതി വകുപ്പ് തയ്യാറല്ല. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിതശേഷി ഇപ്പോള്‍ 40,000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു. യൂറോപ്പില്‍ 2020 ആകുന്നതോടെ ഒന്നരലക്ഷം മെഗാവാട്ട് വൈദ്യുതി ഇതുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് സത്യം. ഇന്ത്യയില്‍ 4,000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നുമാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടുകൂടി ഇത് വളരെയധികം ഉയര്‍ത്താനും സാധിക്കും. എന്നാല്‍ ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമപ്പെടാനാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിനു താല്പര്യം. സാമ്രാജ്യത്വ അജണ്ടകള്‍ക്കനുസരിച്ച് ഭരണചക്രം തിരിക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജ്ജ സുരക്ഷ എന്നതാണ് ഏറെ രസകരം. കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കൽമേട്‌, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ചിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്. അതുപോലെ സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്.

Photo : Madhu G Krishnan

കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജെവാവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവർഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ജി.മധുസൂദനന്‍ ഐ.എ.എസ്. നൽകിയ നിര്‍ദ്ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല. ‘എല്‍.ഡി.എഫ്. യു.ഡി.എഫ് സര്‍ക്കാരുകളുമായി ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. രണ്ടര വര്‍ഷം കൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്‍റെ പിന്‍ബലം. എന്നാല്‍ ജന്മനാട് എനിക്ക് നിരാശ മാത്രമാണ് നല്കിയത്’. മധുസൂദനന്‍ പറയുന്നു (ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്‌ന്‍റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു). നമ്മുടെ ബ്യൂറോക്രസിയുടെ കരാളഹസ്തം ജനങ്ങളെ എത്രമാത്രം ഞെരുക്കി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന സത്യത്തെ നേരിടാന്‍ എല്ലാവരും മറക്കുകയാണ്.

അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും. 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം നല്ലതരം സി.എഫ്.എല്‍. ബള്‍ബുകള്‍ നല്‍കാന്‍ 140-150 കോടിയേ വരൂ. ഇതില്‍ നിന്നു മാത്രം, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 300-350 മെഗാവാട്ടിന്റെ കുറവ് വരുത്താനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജ്ജത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്ക് മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോത്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്കും ചെറുകിട പദ്ധതികള്‍ക്കായി സഹായങ്ങള്‍ നൽകിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയും, നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ഇന്ന് സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള താരതമ്യേന ചെലവ് കുറഞ്ഞ സാങ്കേതിക മാര്‍ഗങ്ങള്‍ നമ്മുടെ ശാസ്ത്രകാരന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പെട്രോളിയം ഉത്പാദകരായ യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പോലും പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ സ്രോതസ്സായ സൗരോര്‍ജ്ജത്തെ ആശ്രയിക്കുമ്പോള്‍, നാം ആ മേഖലയെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല.

Photo : Ramesh Kallampilly

കേരളത്തിലെ വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ സൗരോര്‍ജ്ജപദ്ധതികള്‍ ഉപയോഗപ്പെടുത്താം. അതിരപ്പിള്ളി പദ്ധതിക്ക് ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന പണം ഇത്തരം പദ്ധതികള്‍ക്ക് സബ്സിഡി നല്‍കുക വഴി കെ.എസ്.ഇ.ബി ഉയര്‍ത്തിക്കാട്ടുന്ന വൈദ്യുതികമ്മി കുറയ്ക്കുവാന്‍ നമുക്ക് സാധിക്കും. ഊര്‍ജ്ജോത്പാദന രംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കെ.എസ്.ഇ.ബി. യുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍ കമ്പനികള്‍ നൽകാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്ക് പിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും കെ.എസ്.ഇ.ബി. അവസാനിപ്പിക്കണം. കൂടാതെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള ബോധവത്കരണം പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാറായിട്ടില്ല. വളരെയധികം വൈദ്യുതി ഉപയോഗിക്കുന്ന അപ്പര്‍ മിഡില്‍ ക്ലാസും അപ്പര്‍ ക്ലാസും വൈദ്യുതിയുടെ യൂണിറ്റ് വില ഉയര്‍ത്തി എന്നതു കൊണ്ടുമാത്രം ഉപഭോഗം കുറക്കുന്നില്ല. ഉയര്‍ന്ന വില നൽകുന്നതിനുള്ള സാമ്പത്തിക ശേഷി അവര്‍ക്കുള്ളതുകൊണ്ട്, ആത്യന്തികമായി ഉപഭോഗത്തിന്‍റെ അളവു കുറയുന്നില്ല. ആഡംബര ഉപയോഗത്തിനുള്ള വൈദ്യുതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. അത്യധികം വാട്ടേജ് ഉള്ള ബള്‍ബുകള്‍ ഉപയോഗിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ കേരളത്തില്‍ വളരെ വ്യാപകമാണ്. കെ.എസ്.ഇ.ബി.യില്‍ പുതിയ മീറ്ററുകളുടെ ലഭ്യത ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കേടായ മീറ്ററുകള്‍ മാറ്റിക്കിട്ടാന്‍ ഇപ്പോഴും വളരെയധികം നാളുകള്‍ കാത്തിരിക്കണം. ഉപഭോഗം കുറയ്ക്കാന്‍ തയ്യാറാവുന്ന ചെറുകിട ഉപഭോക്താക്കള്‍ പലപ്പോഴും ഇതുമൂലം നിരാശരാവാറുണ്ട്.

Photo : Madhu G Krishnan

സോളാര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും, സബ്സിഡി നല്കുകയും അവര്‍ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി പൊതു ഉപയോഗത്തിനായി സ്വീകരിക്കുകയും വേണം. അതിരപ്പിള്ളി പദ്ധതി ഇപ്പോഴും പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നതും, ഒരുപാട് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കന്മാരും അതിനു വേണ്ടി ഇപ്പോഴും മുറവിളി കൂട്ടുന്നുണ്ട് എന്നതും പ്രകൃതി/മനുഷ്യ സ്നേഹികളുടെ സ്വാസ്ഥ്യം കെടുത്തുന്നതാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി അതിരപ്പിള്ളി പദ്ധതി പൂര്‍ണ്ണമായും വേണ്ട എന്നു പറഞ്ഞെങ്കിലും കസ്തൂരിരംഗന്‍ കമ്മിറ്റി, സര്‍ക്കാരിന് പുതിയൊരു പഠനം നടത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നാണ് അഭിപ്രായപ്പെട്ടത്. അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. അതോടെ കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ട് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തേയും കുടിവെള്ളത്തേയും പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നമുക്ക് വേണോ? ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്‍റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശിപിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിതഭൂമിയെ തിരികെ ലഭിക്കില്ല.

Tags: athirappilli, chalakudy, Hydroelectric project, river, western ghat, അണക്കെട്ട്, അതിരപ്പിള്ളി, ജലവൈദ്യുത പദ്ധതി, പുഴ

Related Stories

തുലാത്തുമ്പികളുടെ ദേശാടനം

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കിയിരുന്നത്. എന്നാൽ വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്.

മനുഷ്യനും പ്രകൃതിയും തമ്മിൽ

ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്...

പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടുമ്പോൾ

യഥാർത്ഥത്തിൽ എന്താണ് വികസനം? വൻകിട പദ്ധതികൾ കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്?

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • ഗരുഡശലഭം
  • പാഠം ഒന്ന്; പച്ച
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
© 2022 Copyright Koodu Nature Magazine