ഇത്തവണത്തെ ഹിമാലയൻ യാത്രയിൽ ജിം കോർബറ്റ് പാർക്ക്, സാത്താൾ, ഗംഗോത്രി, ഗോമുഖ് എന്നീ സ്ഥലങ്ങളാണ് ഞങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. ഡൽഹിയിൽ നിന്നും ഹരിദ്വാർ വഴി ഉത്തരകാശിയിലൂടെയാണ് ഗംഗോത്രിയിൽ എത്തിച്ചേരാൻ കഴിയുക. ജിം കോർബറ്റ് പാർക്ക് സന്ദർശനം കഴിഞ്ഞു സാത്താളിൽ (സാത് താൾ – ഏഴു തടാകങ്ങൾ) രണ്ടു ദിവസം ചെലവഴിച്ചു. സാത്താളിൽ നിന്നും പുലർച്ചെ യാത്ര തുടങ്ങിയ ഞങ്ങൾ ഏതാണ്ട് ഇരുട്ടു വീണുകഴിഞ്ഞതിനു ശേഷമാണ് ഉത്തരകാശിയിൽ എത്തിച്ചേർന്നത്. അവിടെ നിന്നും ഗംഗോത്രിയിലേക്കുള്ള വഴിയിലൂടെ ബട്ട്‌വാഡി ലക്ഷ്യമാക്കി നീങ്ങി. ഇടയ്ക്ക് ദയാറ റിസോർട്ടിലെ സുശീൽ റാവത്തിനെ മൊബൈലിൽ ബന്ധപ്പെട്ടിരുന്നു. ഗോമുഖിലേക്കുള്ള യാത്രയിൽ ഇന്ന് ആ റിസോർട്ടിലാണ് ഞങ്ങൾ താമസിക്കാൻ ഉദ്ദേശിക്കുന്നത്. തണുപ്പ് നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ബട്ട്‌വാഡിയിൽ നിന്നും ഞങ്ങൾ ബർസു ഗ്രാമത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ആദ്യമാദ്യം മൂന്നാറിലൂടെയോ മറ്റോ രാത്രികാലങ്ങളിൽ യാത്രചെയ്യുന്ന ഒരു പ്രതീതിയെ ഇൗ യാത്ര ഞങ്ങളിൽ ഉളവാക്കിയുള്ളൂ. അത് മാറി കാലിനടിയിൽ നിന്ന് ഒരു തരിപ്പ് വരുന്ന തരത്തിലേക്ക് മാറുവാൻ ഒരു രണ്ടു കിലോമീറ്ററേ സഞ്ചരിക്കേണ്ടി വന്നുള്ളൂ. ഒാരോ വളവുകൾ കയറുമ്പോഴും ആകാശത്തിന്റെ അനന്തതയിലേക്ക് ഉൗളിയിടുന്ന ഒരു വികാരം ഞങ്ങളെ ബാധിച്ചിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ മനസ്സിൽ കരുതി, രാത്രിയായത് ഭാഗ്യം, അത്രക്കും താഴ്ച കാണേണ്ടല്ലോ! കുറച്ചു കഴിഞ്ഞപ്പോൾ മേഘങ്ങൾ ഞങ്ങളുടെ തൊട്ടുമുകളിലായി കണ്ടു തുടങ്ങി… നമുക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ. ഇരുട്ടിനിടയിലും വെൺമേഘങ്ങളുടെ ഭംഗിക്ക് ഒരു കുറവുമില്ല, അതല്ലെങ്കിൽ ഒരു പ്രത്യേകതരം അനുഭവമായി അത് ഞങ്ങളുടെ മുകളിലായി ഒപ്പം യാത്രചെയ്തു. ഞങ്ങളുടെ തൊട്ടുമുകളിലായി കണ്ടുകൊണ്ടിരുന്ന വെൺമേഘങ്ങൾ ഇപ്പോൾ ഞങ്ങൾക്കൊപ്പമായാണ് യാത്ര ചെയ്യുന്നത്! ഏതാണ്ട് പത്തു മിനിറ്റോളം ഞങ്ങളുമായി ഒന്നിച്ചു നീങ്ങിയ മേഘക്കൂട്ടങ്ങൾ പിന്നെ ഞങ്ങളോടൊപ്പം യാത്രചെയ്യാൻ പറ്റാതെയൊ മറ്റൊ പാതയ്ക്കു താഴെയായി കാണപ്പെട്ടു.
മലനിരകളുടെ പാർശ്വഭാഗം തുരന്നും, താഴെ നിന്നു കെട്ടിപ്പൊക്കിയും പണിതുണ്ടാക്കിയ പാതയിലൂടെയുള്ള ഇൗ യാത്ര ചിലപ്പോഴൊക്കെ അത്ര സുഖകരമായ അനുഭവമല്ല ഉയരപ്പേടിക്കാരനായ എനിക്ക് സമ്മാനിച്ചത്. താഴ്ച കാണാൻ നമ്മുടെ കണ്ണിന്റെ കഴിവു പോരാതെ വന്നിരുന്നു പലപ്പോഴും. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കുത്തനെയുള്ള ഇൗ കയറ്റം ഒരു മുപ്പതു നാൽപ്പതു മിനിറ്റു കൊണ്ട് ഞങ്ങളുടെ വാഹനം കയറിത്തീർത്തു. അങ്ങനെ കൊടും തണുപ്പിൽ മേലാസകലം വിയർത്ത് ഞങ്ങൾ ബർസുവിൽ എത്തിച്ചേർന്നു. അവിടെയാണ് ഞങ്ങളുടെ സുഹൃത്തായ നന്ദാജിയുടെ ആശ്രമവും ആദ്ദേഹത്തിൻെറ സുഹൃത്ത് സുശീൽ റാവത്തിന്റെ റിസോർട്ടും – ദയാറ റിസോർട്ട് – അതിമനോഹരമായ പ്രദേശം. അംബരചുംബികളായ ഹിമഗിരി ശൃംഗങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമപ്രദേശം. ഏകദേശം ഒൻപതു മണിയായിക്കാണും ഞങ്ങൾ അവിടെ എത്തിച്ചേരുമ്പോൾ. റിസോർട്ടിന്റെ ഉടമ സുശീലും, സിവിൽ സർവ്വീസിന് ശ്രമിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനും ഞങ്ങളെ സ്വീകരിക്കാനായി അവിടെയുണ്ടായിരുന്നു. നേരെ ഞങ്ങൾ മുറിയിലേക്ക് നടന്നു ലഗേജുകളെല്ലാം അവിടെ വച്ച് റിസോർട്ടിന്റെ പൂമുഖത്തേക്ക് വന്നു. അവിടെയുള്ള ചെറിയ സന്ദർശക മുറിയിലാണ് ഞങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കിയിട്ടുള്ളത്. മുറിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റിനും ഒരു വീക്ഷണം നടത്തി. റിസോർട്ട് നിൽക്കുന്നത് ഒരു ചെറിയ കുന്നിൻ മുകളിലാണ്. ഏകദേശം ഒരു രണ്ട് ഫർലോങ്ങ് മാറിയാണ് ബർസു ഗ്രാമം. ചുറ്റിനും തലയിൽ ഹിമവും പേറി രാക്ഷസമലനിരകൾ. ചന്ദ്രൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. ഏതാണ്ട് അർദ്ധവൃത്തത്തിന്റെ ആകൃതിയിലായിരുന്നു ചന്ദ്രൻ കാണപ്പെട്ടത്. നിലാവിന്റെ നേർത്ത അലകൾ ഹിമഗിരിശൃംഗങ്ങളിൽ തട്ടിച്ചിതറി അങ്ങകലെ മഞ്ഞുമലകൾ വെണ്ണമലകളായി ഞങ്ങളുടെ കണ്ണുകളെ വഞ്ചിച്ചുകൊണ്ടിരുന്നു. റിസോർട്ടിന്റെ ഭക്ഷണശാലയിൽ ഇരുന്നാൽ ഒരു ഭാഗത്ത് ചില്ലുജാലകത്തിലൂടെ മഞ്ഞുകൂമ്പാരത്തിന്റെ മനംകവരുന്ന കാഴ്ച കാണാം. ദിലീപും അഭിലാഷും കൂടി നക്ഷത്രങ്ങളുടെ ചിത്രമെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടായിരുന്നു. പാലുപോലെ വെളുത്ത മഞ്ഞുമലനിരകൾക്ക് മുല്ലപ്പൂക്കൾ വാരിയെറിഞ്ഞ കരിംനീലാകാശപ്പട്ടുമെത്ത പാശ്ചാത്തലം ഒരുക്കി. അത് ക്യാമറയിൽ പകർത്തുന്ന പണി എനിക്കുവശമില്ലാത്തതിനാൽ തൽക്കാലം ഞാനെന്റെ ഉറക്കസഞ്ചിയെ ശരണം പ്രാപിച്ചു.
നാളെ രാവിലെയാണ് ഞങ്ങൾ ചതുർധാമങ്ങളിലൊന്നായ ഗംഗോത്രിയിലേക്കും ഗംഗാനദിയുടെ ഉത്ഭവസ്ഥലമായ ഗോമുഖിലേക്കും അവിടെ നിന്ന് തപോവനിലേക്കുമുള്ള യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. മഞ്ഞുമലകളുടെ ദൂരക്കാഴ്ചതന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി ഞങ്ങളിൽ ജനിപ്പിക്കുന്നു. അങ്ങനെയിരിക്കെ ഹിമശൃംഗങ്ങളെ തൊട്ടുരുമ്മിയുള്ള ആ ഹിമാലയൻ യാത്രയുടെ അനുഭവമെന്തായിരിക്കും. ഇത്തരത്തിലുള്ള ചിന്തകളൊക്കെ പതുക്കെപ്പതുക്കെ ഉറക്കത്തിനു വഴിമാറി.
രാവിലെയാണറിഞ്ഞത് തലേന്നുണ്ടായ ഹിമപാതത്തിൽ തപോവനയാത്ര അതീവ ദുർഘടമായിത്തീർന്നിരിക്കുന്നു എന്ന്.. അവിടെച്ചെന്ന് കാലാവസ്ഥ നന്നായാൽ ശ്രമിക്കാം എന്ന് ഗൈഡ് വിപിൻ റാവത്ത് പറഞ്ഞു. ഗോമുഖ് തപോവൻ യാത്രയ്ക്ക് ഗംഗോത്രിയിൽ നിന്നും വനംവകുപ്പിന്റെ മുൻകൂർ അനുമതി നേടേണ്ടതുണ്ട്. സുശീൽ റാവത്ത് അത് നേരത്തെ തന്നെ എടുത്തിട്ടുണ്ടായിരുന്നു. പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ തൽക്കാലത്തേക്ക് ബർസുവിനോട് വിടചൊല്ലി.
ഇന്നലെ രാത്രി കണ്ട പ്രകൃതിയല്ല. രാവിലെ, കുളിരുകോരുന്ന അന്തരീക്ഷം, പ്രഭാതസൂര്യന്റെ ഇളംചൂടുള്ള വെയിൽ. കുന്നിൻചെരിവുകളിൽ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങൾ, ഉരുളക്കിഴങ്ങുകൃഷിയിടങ്ങൾ. തട്ടുതട്ടായി അങ്ങു പാതാളത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്നു ഇൗ കൃഷിയിടങ്ങൾ. യന്ത്ര ഉൗഞ്ഞാലിൽ കയറി താഴേക്ക് വരുന്ന ഒരു സുഖമുണ്ടല്ലോ, ഉള്ളിൽ ആധിയെടുക്കുന്ന സുഖം, അതാണിപ്പോൾ ഞങ്ങളനുഭവിക്കുന്നത്. ബർസു ഗ്രാമം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2160 മീറ്റർ ഉയരെയാണ്. അവിടെ നിന്നാണ് ഞങ്ങൾ താഴേക്ക് വരുന്നത്. വളരെ പതുക്കെ ലക്ബീർ (അതാണ് ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവറുടെ പേര്) വാഹനം മുന്നോട്ടു നയിക്കുകയാണ്. വീണ്ടും ഞങ്ങൾ ഉത്തരകാശി ഗംഗോത്രി പാതയിലേക്ക് പ്രവേശിച്ചു. റോഡിന്റെ അവസ്ഥ അതിദയനീയമാണ്. ആരും അതിന് ഉത്തരവാദിയല്ല. കാരണം എന്നും എപ്പോഴും എവിടെയും ഇൗ പാതയിൽ മണ്ണൊലിപ്പ് സംഭവിക്കാം. ചിലപ്പോൾ റോഡുകൾ കിലേമീറ്ററുകളോളം മണ്ണിടിച്ചിലിന്റെ ഫലമായി പാതാള ഗർത്തത്തിലേക്ക് ഒലിച്ചുപോകും. ദിവസങ്ങളോ ചിലപ്പോൾ മാസങ്ങൾ തന്നെയോ വേണ്ടിവരും ഇത്തരം സ്ഥലങ്ങൾ യാത്രായോഗ്യമാക്കാൻ. ഗംഗോത്രി യമുനോത്രി റോഡിൽ ഇത്തരത്തിൽ കിലോമീറ്ററുകളോളം കഴിഞ്ഞ സീസണിൽ ഒലിച്ചു പോയത്രെ. ഞങ്ങളുടെ ഡ്രൈവർ ലക്ബീർ സ്ഥിരമായി ഇൗ യാത്രകൾക്ക് സഞ്ചാരികളേയും കൊണ്ട് വരുന്നയാളാണ്. കുറച്ചുദൂരം പോയില്ല, ഒരു വൈദ്യുതപദ്ധതിയുടെ പണി നടക്കുന്നിടത്ത്, പാതയ്ക്ക് താഴെയായി ഒഴുകുന്ന ഭാഗീരഥീ നദിയിലേക്ക് കൈചൂണ്ടി വണ്ടിനിർത്തൂ വണ്ടിനിർത്തൂ എന്ന് ദിലീപ് ഒച്ചയിട്ടതും ലക്ബീർ വണ്ടി സാവധാനം അരികിലൊതുക്കി. ഞാനും ദിലീപും കാമറയുമെടുത്ത് പുറത്തേക്കിറങ്ങി. അങ്ങുതാഴെ തലയിൽ വെളുപ്പുനിറവും ശരീരം കറുപ്പും ചുവപ്പും കലർന്ന ഒരു ചെറിയ പക്ഷി ഇരിക്കുന്നത് കാണാനായി. ഹിമാലയസാനുക്കളിൽ കാണാൻ സാധ്യതയുള്ള പക്ഷികളുടെ ലിസ്റ്റ് നേരത്തേതന്നെ തയ്യാറാക്കിവച്ചിരുന്നതിനാൽ അത് വൈറ്റ് ക്യാപ്ഡ് വാട്ടർ റെഡ്സ്റ്റാർട്ട് (white caped water redstart) ആണെന്ന് മനസ്സിലാവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല. ജീവിതത്തിൽ ആദ്യമായാണ് ഇൗ പക്ഷിയെ ഞങ്ങൾ കാണുന്നത്. ആ സന്തോഷത്തിൽ കുറച്ചു നേരം ആ പക്ഷിയുമായി ചെലവഴിച്ചു, നല്ല ചിത്രങ്ങൾ എടുക്കാനും സാധിച്ചു. തിരിച്ചെത്തിയപ്പോൾ ലക്ബീർ ചെറുതായി ദേഷ്യത്തിലാണ്. ഇൗ വിധത്തിൽ പോയാൽ ഇന്ന് ഗോമുഖിൽ എത്തിച്ചേരാൻ കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ ദേഷ്യത്തിനുള്ള കാരണം. ഗംഗോത്രിയിലേക്ക് ഇനിയും 65 കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. റോഡാണെങ്കിൽ ചില സ്ഥലങ്ങളിൽ ഒരു വാഹനത്തിനു കടന്നുപോകാൻ പാകത്തിനു മാത്രം വീതിയുള്ളതാണ്. മണിക്കൂറുകളോളം യാത്രമുടങ്ങിയേക്കാം. ഉത്തരകാശി-ഗംഗോത്രി യാത്രയിൽ ഞങ്ങൾക്ക് അത്തരത്തിലുള്ള അധികം ബുദ്ധിമുട്ടുകളുണ്ടായില്ല. വളഞ്ഞും തിരിഞ്ഞും നിരങ്ങിയും ഞങ്ങൾ യാത്ര തുടർന്നു. വഴിവക്കിൽ ചിലയിടങ്ങളിൽ തീർത്ഥാടകർ വണ്ടിനിർത്തി പാചകം ചെയ്യുന്നതും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതും കാണാമായിരുന്നു. ഏകദേശം ഗംഗോത്രി എത്താറായപ്പോൾ റോഡിൽ ഒരു ബ്ലോക്ക് വന്ന കാരണം ഞങ്ങളുടെ വണ്ടി നിർത്തിയിട്ടു. വേറെ കുറേ വണ്ടികളും നിർത്തിയിട്ടിരിക്കുന്നത് കാണാം. മുന്നിൽ റോഡിലെവിടെയോ ഒരു തടസ്സം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ചെറുതായി തണുപ്പുണ്ട്. എന്നാൽ നനുത്ത വെയിലും മഞ്ഞും ചേർന്ന് സമ്മിശ്രമായ ഒരു കാലാവസ്ഥ. ഇടയ്ക്ക് കാക്ക വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷി (yellow billed cough) ഞങ്ങൾക്ക് മുകളിലൂടെ പറക്കുന്നത് കാണാമായിരുന്നു. ക്യാമറ കയ്യിലെടുത്ത് ഞാനും ദിലീപും അതിന്റെ പുറകെ പാഞ്ഞു. ചില ചിത്രങ്ങൾ ഞങ്ങൾക്ക് കിട്ടി. അപ്പോഴേയ്ക്കും റോഡിലെ തടസ്സം നീങ്ങിയിരുന്നു. ഞങ്ങൾ യാത്ര തുടർന്ന് അൽപസമയത്തിനകം ഗംഗോത്രിയിൽ എത്തിച്ചേർന്നു.
ഗംഗോത്രി, പുസ്തകവായന തുടങ്ങിയ നാൾ മുതൽ കേൾക്കുന്ന പുണ്യ നഗരം. നമ്മുടെ കേരളത്തിലെയോ തമിഴ്നാട്ടിലെയോ അമ്പലങ്ങളിൽ കാണുന്ന തിക്കും തിരക്കുമൊന്നും ഇല്ലെങ്കിലും അത്യാവശ്യം തീർത്ഥാടകർ ഇവിടേക്ക് ഒഴുകുന്നുണ്ട്. എത്തിച്ചേരാൻ ബുദ്ധിമുട്ടായതു കൊണ്ടായിരിക്കും അതെന്ന് കരുതുന്നു. ഞങ്ങൾക്കുവേണ്ടി ഒരു പോർട്ടറെ മാത്രമാണ് ഗോമുഖ്-തപോവൻ യാത്രയ്ക്കായി സുശീൽ റാവത്ത് ഏർപ്പാടാക്കിയിരുന്നത്, ഒരു ഗൈഡിനേയും. സാധനസാമഗ്രികൾ കൂടുതലുള്ളതിനാൽ ഒരാളെക്കൂടി ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അയാൾക്ക് വേണ്ട പെർമിഷൻ എടുക്കാൻ അവിടുത്തെ ഒരു ആപ്പീസിൽ ദിലീപും ഗൈഡ് വിപിനും കൂടി പോയ സമയത്ത് ഞാനും അഭിലാഷും കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി ഉപയോഗപ്പെടുത്തി. പത്ത് മിനിറ്റ് വേണ്ടിവന്നില്ല അവർ അനുമതിയുമായി തിരിച്ചെത്തി. എല്ലാ മതസ്ഥർക്കും അമ്പലത്തിൽ പ്രവേശിക്കാം എന്നുള്ളതാണ് ഏറ്റവും പ്രത്യേകതയായി തോന്നിയത്. നല്ല ക്യൂ ഉണ്ട് ദർശനത്തിന്. അതിനാൽ ഞങ്ങൾ പെട്ടെന്നു തന്നെ ഗോമുഖിലേക്കുള്ള ട്രെക്കിങ്ങ് പാതയിലേക്ക് ചുവടു മാറ്റി. വൃത്തിയായി കോൺക്രീറ്റ് ചെയ്തിട്ടുണ്ട് ആദ്യത്തെ കുറച്ച് ദൂരം. പക്ഷേ, അതികഠിനമായ കയറ്റമാണ്. ദിലീപും ഞാനും അഭിലാഷും വിയർത്തു, നല്ല കിതപ്പും. ഞാനാണെങ്കിൽ വല്യ അഹങ്കാരത്തിലും ആയിരുന്നു, പഠിക്കുന്ന കാലം മുതൽക്കേ മലയും കാടും കയറുന്നതല്ലെ. നാണക്കേടാവുമോ! എനിക്കൊരു ശങ്ക. വീണ്ടും വലിഞ്ഞു നടന്നു. തൽക്കാലം കുഴപ്പമൊന്നും ഇല്ല. മൂന്നടിമാത്രമുള്ള കല്ലു പാകിയ നടപ്പാത. ഏതാണ്ട് രണ്ടു കിലോമീറ്റർ നടന്നു കാണും, ഗംഗോത്രി നാഷണൽ പാർക്കിന്റെ ഗേറ്റ് കാണാനായി. അവിടെ പ്രവേശന ഫീസ് ഉണ്ട്. ദിവസേന നൂറ്റമ്പത് ആളുകളെ മാത്രമെ അനുവദിക്കുകയുള്ളൂ. ഞങ്ങൾ നേരത്തെ അനുമതി നേടിയിട്ടുണ്ടായിരുന്നു. പക്ഷേ, നേരം വൈകിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. പതിനൊന്നരയെങ്കിലുമായിക്കാണും ഞങ്ങൾ അവിടെ എത്തുമ്പോൾ.
പാർക്കിന്റെ കവാടത്തിനു താഴെ ഭാഗീരഥീ നദിക്കരികിലായി ഒരാശ്രമവും അമ്പലവും ഉണ്ട്. ഞങ്ങളുടെ പോർട്ടർമാർ അങ്ങോട്ട് ഇറങ്ങിപ്പോവുന്നതു കണ്ടു. ഞങ്ങളേയും അവർ അവിടേക്ക് ക്ഷണിച്ചു. ബാഗെല്ലാം മുകളിൽ ഉള്ള ഇരിപ്പിടങ്ങളിൽ വച്ച് ഞാനും അഭിലാഷും താഴേക്ക് ഇറങ്ങി. ചെറിയ ഒരാശ്രമം, കുറച്ച് സന്ദർശകരുണ്ട് സ്ത്രീകളടക്കം, ഡൽഹിയിൽ നിന്നും മെഡിറ്റേഷന് വന്നവരാണ്. അവരുമായി സംസാരിച്ചു. അതിനിടക്ക് ആശ്രമവാസിയായ ഒരാൾ ഞങ്ങൾക്ക് ചായ കൊണ്ടു വന്നു. നല്ല എന്തോ മസാലയോ ആയുർവ്വേദ മരുന്നുകളോ ചേർത്ത അത്യുഗ്രൻചായ!! ചായ കുടിക്കാത്ത ദിലീപേട്ടനും അപ്പോൾ ആ പാനീയം ആസ്വദിച്ച് കുടിക്കുന്നതു കണ്ടു. കുറച്ച് സന്ന്യാസിമാർ അവിടെ ഉണ്ട്. ഒരാൾ മൗനവ്രതത്തിലാണ്. അഭി അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുക്കുകയും അയാളുമായി ആംഗ്യഭാഷയിൽ എന്തോ സംസാരിക്കുന്നതും കാണാം. ആ ആശ്രമത്തിലെ ഒരു അന്തേവാസി ബർസു ഗ്രാമത്തിൽ നിന്നുമുള്ള ആളാണ്. അദ്ദേഹമാണ് ഞങ്ങൾക്ക് ചായ സൽക്കാരം നടത്തിയത്. നേരം വൈകുകയാണെന്ന് ഗൈഡ് തിരക്കുകൂട്ടിയപ്പോൾ ഞങ്ങൾ യാത്രതുടർന്നു. ആശ്രമവാസികളോട് വിടപറഞ്ഞ് ഞങ്ങൾ ഗംഗോത്രി നാഷണൽ പാർക്കിലൂടെ ഗോമുഖിലേക്കുള്ള യാത്ര വീണ്ടും തുടങ്ങി. ആശ്രമത്തിൽ നിന്നും കുടിച്ച ചായയുടെ രുചി വായിൽ നിന്നും പോകുന്നില്ല. നല്ല ഉന്മേഷത്തിലായിരുന്നു എല്ലാവരും. കുത്തനെയും ചരിഞ്ഞും നിവർന്നും നടപ്പാത നീളുകയാണ്. ചിലപ്പോൾ തോന്നും അനന്തതയിലേക്കാവുമോ ഇൗ യാത്ര.
താഴെ ഭാഗീരഥി താളംതുള്ളി ഒഴുകുന്നു. ചിലപ്പോഴൊക്കെ ഒരു കടലിന്റെ അലർച്ചയോളം ഉയരും പുണ്യനദിയിലെ ഒഴുക്കിന്റെ ശബ്ദം. വളരെ പതുക്കെയാണ് ഞങ്ങളുടെ യാത്ര. തലേന്ന് ഗോമുഖിലേക്ക് പോയ തീർത്ഥാടകർ അവരുടെ യാത്ര പൂർത്തിയാക്കി തിരിച്ചുവരുന്നതിനിടെ ഞങ്ങളുമായി ഇടക്കിടെ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. ചിലർ കുശലം ചോദിക്കും, പിന്നെ പരസ്പരം അഭിവാദ്യം ചെയ്ത് രണ്ടുപേരും രണ്ടുവഴിക്ക് നടക്കും. ഇടയ്ക്കിടെ ഭാഗീരഥിയിൽ വന്നു ചേരുന്ന അരുവികൾ കടന്നുവേണം ഞങ്ങൾക്ക് യാത്ര തുടരാൻ. വൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ഇടുങ്ങിയ നടവഴിയിലൂടെ വേണം അത്തരം അരുവികൾ മുറിച്ചുകടക്കാൻ. ഇറങ്ങി നടക്കാനുള്ള ആഴമേ മിക്കവാറും അരുവികൾക്കുള്ളൂ. പക്ഷേ, കാലും കാലുറകളും നനഞ്ഞാൽ ഇൗ കൊടുംതണുപ്പത്ത് പിന്നീടുള്ള നടത്തം ദുഷ്കരമാവും. എല്ലാ അരുവികൾക്കു കുറുകെയും ചെറിയ തടികൾ കൊണ്ട് പാലം ഉണ്ടാക്കിവച്ചിട്ടുണ്ട്. അതിലൂടെ ഒരു സർക്കസ്സ് അഭ്യാസിയെപ്പോലെ ഞങ്ങൾ അരുവി മുറിച്ചു കടന്നു. അറുപത്തഞ്ചു കഴിഞ്ഞ സ്ത്രീകളും അതിലേറെ പ്രായമുള്ള പുരുഷന്മാരും ഞങ്ങൾക്കു മുൻപോ പിൻപോ ആയി യാത്രചെയ്യുന്നുണ്ട്. അവരുടെ കാര്യമാണ് കഷ്ടം. ഭക്തിയും വിശ്വാസവും അവരുടെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നുണ്ടാവും എന്നു കരുതാം. അല്ലാതെ സാധാരണ ആളുകൾക്ക് അത്രയെളുപ്പത്തിൽ നടന്നു കയറിപ്പോകാവുന്ന ഒന്നല്ല ഗംഗോത്രി-ഗോമുഖ് യാത്ര. മഴ ചാറിത്തുടങ്ങിയിരിക്കുന്നു. തണുപ്പ് കനക്കുന്നു. ഇനിയും ഏകദേശം എട്ടു കിലോമീറ്റർ താണ്ടാനുണ്ട്. ഭഗീരഥിയിലേക്കുള്ള ഒരു നീർച്ചാൽ മുറിച്ചുകടന്ന് കുത്തനെയുള്ള ഒരു കയറ്റം ഞങ്ങൾ കയറിത്തീർത്തു. ചെറിയ വിശ്രമത്തിനായി ഞങ്ങൾ അൽപസമയം കണ്ടെത്തി. ഗംഗോത്രിയിൽ നിന്നു പത്തു കിലോമീറ്റർ നടന്നാൽ ചീർവാസ എന്ന സ്ഥലത്തെത്തും. അവിടെ ഒരു ചെക്‌പോസ്റ്റ് ഉണ്ട്. ഗംഗോത്രി നാഷണൽ പാർക്കിൽ നിന്നും പുറത്തേക്കുള്ള വഴിയാണ് അത്. അവിടേക്കെത്താൻ ഞങ്ങൾ ഇനിയും മൂന്നു കിലോമീറ്റർ കയറ്റം കയറണം. ചീർമരങ്ങളുടെ ഇടയിലൂടെയാണ് ഞങ്ങളുടെ യാത്ര, ചീർവാസ ലക്ഷ്യമാക്കിക്കൊണ്ട്. ഏതാണ്ട് ഒരു രണ്ടു മണികഴിഞ്ഞു ഞങ്ങൾ ചീർവാസയിൽ എത്തിച്ചേരുമ്പോൾ. രണ്ട് കുതിരലായങ്ങൾ, ആളുകൾക്ക് വിശ്രമിക്കാൻ ഒരു ഷെഡ്, ഇത്രയുമാണ് ചീർവാസയിലെ സൗകര്യങ്ങൾ. ഞങ്ങൾ ഇടുങ്ങിയ ഒരു ഗേറ്റിലൂടെ ഗംഗോത്രി നാഷണൽ പാർക്കിൽ നിന്നും പുറത്തേക്ക് കടന്നു.
മുൻപിലായി എത്തിയവർ ഷെഡിന്റെ അകത്തും പുറത്തുമായി വിശ്രമിക്കുന്നു. ചിലർ ചായകുടിക്കുന്നുണ്ട്. ഞങ്ങൾ ആരും ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് അറിയുന്നുമില്ല. എങ്കിലും ഗൈഡ് വിപിൻ ഞങ്ങൾക്കും ചായ ഒാർഡർ ചെയ്തു. ചൂടുള്ള ചായ അതീവ രുചികരമായി തോന്നി. മഴ കനത്തു തുടങ്ങിയിരിക്കുന്നു. നാഷണൽ പാർക്കിലെ ജീവനക്കാരനാണെന്ന് തോന്നുന്ന ഒരാൾ ഞങ്ങളോട് ഇൗ കാലാവസ്ഥയിൽ ബോജ്‌വാസ വരെ എത്തിച്ചേരാൻ ബുദ്ധിമുട്ടായിരിക്കും എന്നു മുന്നറിയിപ്പു തന്നു. പക്ഷേ, ഞങ്ങൾക്ക് ഇന്നുതന്നെ ബോജ്‌വാസയിൽ എത്തി നാളെ രാവിലെ ഗോമുഖിലേക്കും അവിടെനിന്നും തിരിച്ച് ഗംഗോത്രിയിലേക്കും എത്തിച്ചേരാനുള്ളതുകൊണ്ട് യാത്ര തുടരാൻതന്നെ തീരുമാനിച്ചു.
ഞങ്ങൾ വീണ്ടും ഗോമുഖിലേക്കുള്ള യാത്ര തുടങ്ങി. മനോഹരമാണ് ഇൗ മേഖലയിലെ ഹിമാലയക്കാഴ്ചകൾ. പൈൻമരക്കാടുകളാൽ പച്ചപുതച്ച മലനിരകൾക്കിടയിലൂടെ അങ്ങകലെ മഞ്ഞുമല ശിഖരങ്ങളുടെ കാഴ്ച വിവരണാതീതമാണ്. മഴ കനക്കുന്നു. ചെറിയ ഭീതി ളള്ളിലേക്ക് കയറുന്നുണ്ട് തണുപ്പിനോടൊപ്പം. ഭാഗീരഥിക്ക് കനം വച്ചുവോ? ശബ്ദത്തിന് ഒരു ഉയർച്ച വന്നതുപോലെ. തണുപ്പിന് ധരിക്കുന്ന കോട്ടെല്ലാം നനഞ്ഞുതുടങ്ങിയിരിക്കുന്നു. തണുപ്പ് സുഖകരമായ ഒരവസ്ഥയിൽ നിന്നും ശരീരത്തിൽ വേദന ഏൽപ്പിക്കുന്ന തരത്തിലേക്ക് മാറിവരുന്നതായും ഞങ്ങൾക്ക് അനുഭവപ്പെട്ടുതുടങ്ങി. നടത്തത്തിന്റെ വേഗത കൂട്ടാൻ ഞങ്ങൾക്ക് സാധിക്കുന്നുമില്ല. ഞങ്ങളുടെ വലതുവശത്തായി അങ്ങു താഴെ ഭാഗീരഥി കൂലംകുത്തി ഒഴുകുന്നു. അതിന്റെ ആരവം ഞങ്ങൾക്ക് കേൾക്കാം. ഇടതുഭാഗത്തായി കൂറ്റൻ മലനിരകളും. നടക്കുവാൻ ഏകദേശം മൂന്നടി മാത്രമുള്ള പാത. അത് ചിലയിടത്ത് ഒരടിയായും കുറയുന്നുണ്ട്. ഒന്നടിതെറ്റിയാൽ നേരെ ഭഗീരഥിയിലേക്ക്. സൂക്ഷിച്ചാണ് നടത്തം. അതിനിടയിൽ മുകളിൽ നിന്ന് ആരോ കല്ലെറിയുന്നമാതിരി പാറക്കഷണങ്ങൾ വീണുകൊണ്ടിരുന്നു. വിപിൻ പറയുന്നുണ്ട് സൂക്ഷിച്ചു നടക്കാൻ. ഒരു സ്ഥലത്തെത്തിയപ്പോൾ കല്ലുവീഴ്ച കൂടുതലായി. അങ്ങു മുകളിലൂടെ കാട്ടാടുകൾ കൂട്ടമായി നീങ്ങുന്നതും കണ്ടു. ഇൗ മലനിരകളിലെ ഉറപ്പില്ലാത്ത പാറക്കൂട്ടങ്ങളിലൂടെ അവ നീങ്ങുമ്പോൾ ഇളകി താഴേക്ക് പോകുന്ന പാറക്കഷണങ്ങളുടെ ഒരു ഘോഷയാത്രയാണ് അതീവ അപകടകാരിയായി ഞങ്ങളുടെ മുൻപിലൂടെ കടന്നുപോകുന്നത്. അതിൽ വലിയ പാറക്കഷണങ്ങളും ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളിൽ തീർത്ഥാടകർക്ക് മരണവും സംഭവിക്കാറുണ്ട്. ചീർബാസയിൽ നിന്നും ബോജ്‌വാസയിലേക്കുള്ള ദൂരം ഏകദേശം അഞ്ചു കിലോമീറ്ററാണ്. എന്നാൽ കുറച്ചുനേരമായി പെയ്തുകൊണ്ടിരിക്കുന്ന ചാറ്റൽ മഴയും ചെറിയകാറ്റും തണുപ്പിനെ അധികരിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ മലകയറ്റം അതീവ ദുർഘടമായിക്കൊണ്ടിരിക്കുകയാണ്. അതുകൂടാതെ നാലു ദിവസമായി നിരന്തരമായ യാത്രയിലും ആയിരുന്നു ഞങ്ങൾ. അതിന്റെ ക്ഷീണവും എല്ലാവർക്കും ഉണ്ട്. ഇതിനിടയിലുള്ള ഹിമാലയക്കാഴ്ചകളോട് തലതിരിച്ച് ഞങ്ങൾ മലകയറ്റത്തിൽ ശ്രദ്ധയൂന്നി. ഇരുട്ടുന്നതിനു മുൻപ് ബോജ്ബാസയിൽ എത്തിച്ചേരണം. കാരണം അതിനിടയിൽ താമസിക്കാൻ പറ്റിയ ഒരിടവും ഇല്ലതന്നെ. ഗൈഡ് വിപിൻ മുന്നിലും ഞങ്ങൾ പുറകേയുമായി കയറ്റങ്ങൾ ഒാരോന്നായി നടന്നുതീർക്കുകയാണ്. പെട്ടെന്ന് വിപിൻ ഒരു ജാഗ്രതാനിർദ്ദേശം തന്നു. ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെയടുത്ത് ഒരു വലിയ പാറയുടെ മറവിൽ പതുങ്ങിനിന്നു. കൂടാതെ കുറെ സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സംഘവും. മുകളിൽ നിന്നും പാറക്കഷണങ്ങൾ ഒാരോന്നായി താഴേക്ക് പതിക്കുന്നുണ്ട്. കുറച്ചുനേരം കൊണ്ട് പാറക്കഷണങ്ങൾ ഒരു ഒഴുക്കായി താഴേക്ക് പതിക്കുന്ന അതിഭയങ്കരമായ കാഴ്ച ഞങ്ങൾക്ക് കാണാനായി. ഗൈഡ് വിപിന് അത് മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുമായിരുന്നില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാമായിരുന്നു. ഞങ്ങൾ നടക്കുന്നതിന്റെ ഇടതുഭാഗത്ത് മലനിരകളാണ്. ആ മലഞ്ചരിവുകളിലുള്ള ഹിമാലയൻ താർ (കാട്ടാട്) ഒരു പാറക്കെട്ടിൽ നിന്നും മറ്റൊരു പാറക്കെട്ടിലേക്ക് ചാടിക്കയറുമ്പോൾ ഇളക്കം സംഭവിക്കുന്ന പാറച്ചീളുകളാണ് യാത്രികർക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ ഒരൊഴുക്കായി താഴെ ഭാഗീരഥിയിലേക്ക് പതിക്കുന്നത്. ഏതാണ്ട് ഒരു പത്തുപതിനഞ്ചു മിനിറ്റ് ഞങ്ങൾ ആ വലിയ പാറക്കൂട്ടത്തിന്റെ മറവിലായി ഇരുന്നതിനുശേഷമാണ് കല്ലുവീഴ്ച ഒഴിവായി യാത്രതുടരാനായത്.
അഭിലാഷിന്റെ കയ്യിൽ കുറച്ചധികം ലഗ്ഗേജുണ്ട്. ഞാനാണെങ്കിൽ ഇൗ കാലാവസ്ഥയുമായി സമരസപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാൽ മലയകറ്റം ഒരു പ്രശ്നമല്ലാതായിരുന്നു. അതുകൊണ്ടുതന്നെ പത്തു കിലോയോളം വരുന്ന അഭിയുടെ ലഗ്ഗേജ് താങ്ങി യാത്രതുടരാൻ എനിക്കധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. അഭിലാഷിന് അതൊരനുഗ്രഹമായെന്ന് തോന്നി. എല്ലാവരും നടത്തത്തിന് വേഗത കൂട്ടി.
ഇരുട്ടു കനക്കാൻ തുടങ്ങിയിരുന്നു. ഗോമുഖിലേക്ക് പോകുന്നതിനു പകരം ഞങ്ങൾ ബോജ്ബാസയിൽ തങ്ങാൻ വളരെ മുൻപു തന്നെ തീരുമാനിച്ചിരുന്നു. നേരം ഇരുട്ടിയിരുന്നു ഞങ്ങൾ ബോജ്ബാസയിൽ എത്തിച്ചേരുമ്പോൾ. തണുത്തു വിറങ്ങലിച്ച് ബോജ്ബാസയിൽ എത്തിച്ചേരുന്ന ഞങ്ങൾക്ക് താമസിക്കാനായി കിട്ടിയത് ഉത്തർഖണ്ഡ് വിനോദസഞ്ചാര വകുപ്പിന്റെ ഒരു ടെന്റ് ആണ്. എട്ടുപേർക്ക് കിടക്കാവുന്ന ഒരു ടെന്റ്. ഗൈഡും സഹായികളും ചേർന്ന് ഞങ്ങളുടെ ലഗ്ഗേജ് കൂടാരത്തിനുള്ളിലേക്കാക്കി. കുടിക്കാനായി ചൂടുചായയും അവർ കൊണ്ടുവന്നു തന്നു. ഇതിനിടക്ക് തണുപ്പ് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിക്കൊണ്ടിരുന്നു. അഭിലാഷിന്റെ രണ്ട് കാലിലെ മസിലുകളും സ്ഥാനംതെറ്റി വേദന തുടങ്ങിയിരുന്നു. പാദരക്ഷകളും മറ്റും നനഞ്ഞിരുന്നതുകൊണ്ട് എല്ലാവരും അതെല്ലാം മാറ്റി നനയാത്തത് ധരിക്കുന്ന തിരക്കിലുമായിരുന്നു. മഴമൂലമുണ്ടായ നനവും കഠിനമായ തണുപ്പും തണുപ്പുവിരോധിയായ ദിലീപിന് ചില്ലറ ബുദ്ധിമുട്ടുകൾ സമ്മാനിച്ചു. ദിലീപിന്റെ കൈവിരലുകൾ അനക്കാൻ പറ്റാതാവുകയും ഞങ്ങൾ എല്ലാവരും തികച്ചും നിസ്സഹായമായ ഒരവസ്ഥയിലായിത്തീരുകയും ചെയ്തു. ഉത്തർഖണ്ഡ് ടൂറിസം വകുപ്പിലെ ഒരു ജീവനക്കാരനെ ചെന്നു കണ്ട് കാര്യം പറഞ്ഞു. അദ്ദേഹവും അവിടെ താമസമുണ്ടായിരുന്ന തീർത്ഥാടകരായ ചില സ്ത്രീകളും പറഞ്ഞതനുസരിച്ച് അവിടുത്തെ അടുക്കളയിൽ നിന്നും തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം എടുത്ത് അതിൽ കൈ നനച്ചുകൊണ്ടിരുന്നു. സ്ഥിതികുറച്ച് ഭേദമായപോലെ തോന്നി. അടുത്തുള്ള ജനവാസ കേന്ദ്രത്തിലേക്ക് ചുരുങ്ങിയത് ആറു മണിക്കൂർ നടക്കണം. രോമകൂപങ്ങൾ തുളച്ചുകയറുന്ന തണുപ്പും. ആരും സഹായിക്കാനുണ്ടാവില്ല. അപകടങ്ങൾ ഒന്നും സംഭവിച്ചുപോകല്ലേയെന്ന് സർവ്വശക്തനോട് പ്രാർത്ഥിച്ചു. ശരീരം ചൂടാക്കുവാൻ മദ്യം ലഭിക്കുമോ എന്നുവരെ അന്വേഷിച്ചു ഞാൻ. കാലിന്റെ വിരലും മരവിച്ചു പോയെന്ന് ദിലീപേട്ടൻ പറഞ്ഞപ്പോൾ ഭയം ഇരട്ടിച്ചു. ഹോട്ടൽ ജീവനക്കാർ തന്ന ചൂടുവെള്ളസഞ്ചി കാലിൽ വച്ച് അഞ്ചോ ആറോ കമ്പിളിപ്പുതപ്പുകൾ ഒന്നിനു മുകളിൽ ഒന്നായി പുതപ്പിച്ച് ദിലീപിനെ ഞങ്ങൾ ഉറങ്ങാൻ വിട്ടു.
പുറത്തെ അതികഠിനമായ തണുപ്പു കാരണം ഭക്ഷണം കഴിക്കാൻ പോലും മടിതോന്നി. ഭക്ഷണം കഴിക്കണമെങ്കിൽ ടെന്റിന് പുറത്തേക്ക് പോകണം എന്നുള്ളതായിരുന്നു അതിനു കാരണം. പക്ഷേ, വിശപ്പിനെ തടുക്കാൻ തണുപ്പിനായില്ല. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇറങ്ങി. ഉത്തരേന്ത്യൻ രീതിയിലുള്ള ആലു (ഉരുളക്കിഴങ്ങ്) ബാജിയും ചപ്പാത്തിയും പിന്നെ സ്ഥിരം അച്ചാറും. പെട്ടെന്നുതന്നെ ടെന്റിലേക്ക് മടങ്ങി ഞങ്ങൾ. തണുപ്പും സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരക്കുറവും മൂലം ശ്വസിക്കാൻ അല്പം പ്രയാസം അനുഭവപ്പെട്ടു. ഇടക്കിടെ ദിലീപിനെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു ഞങ്ങൾ. അപ്പോഴൊക്കെ കൈ-കാൽ വിരലുകളിലെ മരവിപ്പിന് കുറവുണ്ടെന്നായിരുന്നു മറുപടി. തിരിഞ്ഞും മറിഞ്ഞും ഇടക്കൊന്നു മയങ്ങിയും നേരം വെളുപ്പിച്ചു. പുറത്തെ കാലാവസ്ഥ തികച്ചും മോശം.
മഞ്ഞുപെയ്തുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവം, എന്നിട്ടും അത് പൂർണ്ണമായ തോതിൽ അനുഭവിക്കാൻ തോന്നുന്നില്ല. ഏതാണ്ട് എട്ടു മണിയായപ്പോൾ മഞ്ഞുവീഴ്ചയ്ക്ക് ഒരു കുറവ് കണ്ടു. എന്നാൽ പിന്നെ ഗോമുഖിലേക്ക് പോകാമെന്നായി ദിലീപ്. ഞാനും അഭിയും അതേ ചിന്തയിൽ തന്നെയായിരുന്നു. പിന്നെ ആ യാത്ര വേണ്ടെന്നു വച്ചു ഗംഗോത്രിയിലേക്കു തന്നെ തിരിച്ചു പോരാൻ തീരുമാനിച്ചു. മൂന്നോ നാലോ കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്താവുന്ന ഒരിടമായിരുന്നിട്ടു കൂടി പുണ്യനദി ഗംഗയുടെ ഉത്ഭവസ്ഥാനം പിന്നീടൊരിക്കൽ കാണാം എന്നുള്ള ശുഭപ്രതീക്ഷയിൽ ഞങ്ങൾ മടക്കയാത്രക്ക് ഒരുക്കം കൂട്ടി, വളരെ വിഷമത്തോടെയായിരുന്നുവെങ്കിലും.
Tags: ganga, gangotri, glacier, gomukh, himalaya, jim corbet, sathal, thajudeen, thapovan, travelogue