• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ഉരഗങ്ങൾ
June 2020

Home » Columns » ഉരഗങ്ങൾ » കാട്ടരണകൾ

കാട്ടരണകൾ

ഡോ. മുഹമ്മദ് ജാഫർ പാലോട്ട്
Forest Skink | Siju Thomas

നമ്മുടെ അരണ വിഭാഗത്തിൽ ഏറെ ഭംഗിയുള്ള ഇനങ്ങളാണ് കാട്ടരണകൾ (Dussumier’s forest skink, Sphenomorphus dussumieri). Sphenomorphus ജനുസ്സിൽ ഇന്ത്യയിൽ അഞ്ച് സ്പീഷീസുകളുണ്ടെങ്കിലും നമ്മുടെ പശ്ചിമഘട്ടത്തിൽ കാണുന്ന ഏക ഇനമാണ് കാട്ടരണകൾ. ബാക്കിയുള്ള നാല് സ്പീഷീസുകളും വടക്കേ ഇന്ത്യയിലോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ ആണ് കണ്ടുവരുന്നത്.

കാട്ടരണയെ ആദ്യമായി കണ്ടെത്തി ശേഖരിച്ച ഫ്രഞ്ച് സമുദ്രവ്യാപാരിയും കപ്പലുടമയുമായ Jean Jacques Dussumieri യോടുള്ള ബഹുമാനാർത്ഥമാണ് 1839 -ൽ Dumeril ഉം Bibron ഉം കൂടി ഇവയെ Dussumieri എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിട്ടുള്ളത്. നമ്മുടെ സാധാരണ അരണയേക്കാൾ അല്പം ചെറുതും മെലിഞ്ഞതുമായ ഇവ താരതമ്യേന കുറിയ കൈകാലുകളുള്ളവയാണ്. കർണ്ണപടം വളരെ വ്യക്തമായി കാണാം. പുള്ളികളോടു കൂടിയ വെങ്കല നിറമാണ് ഉടലിന്. കണ്ണു മുതൽ വാലറ്റം വരെ നീണ്ടു പോകുന്ന പാർശ്വ ഭാഗത്തുള്ള കറുത്ത പട്ടയുടെ ഉൾഭാഗം തവിട്ടു നിറമാണ്. കാട്ടരണകളുടെ അടിഭാഗം പൊതുവേ ക്രീം നിറമാണ്. കുഞ്ഞുങ്ങളിലും ആൺ അരണകളിലും വാൽ നല്ല ചുവപ്പു നിറമാണ്.

Dussumier’s Forest Skink | Tiju Thomas

പകൽ സമയത്താണ് ഇരതേടാനിറങ്ങുന്നത്. നല്ല നിത്യഹരിതവനങ്ങളിലും നനവാർന്ന ഇടങ്ങളിലുമാണ് കാട്ടരണകളെ സാധാരണയായി കണ്ടുവരുന്നത്. കാടിനോട് ചേർന്ന തോട്ടങ്ങളിലും വീട്ടുപറമ്പുകളിലും ഇവയെ കാണാം. കേരളത്തിൽ കോഴിക്കോട് മുതൽ തെക്കോട്ട് നെയ്യാർ വന്യജീവി സങ്കേതം വരെയുള്ള കാട്ടുപ്രദേശങ്ങളിലെ പ്രധാന അരണയിനമാണിത്. കാട്ടിലെ വലിയ മരങ്ങളുടെ വേരുകൾക്കിടയിലും കൽക്കെട്ടിനിടയിലും പുഴയോരത്തുള്ള മരത്തടികൾക്കിടയിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. പ്രാണികളാണ് പ്രധാന ഭക്ഷണം. മരംകേറിയല്ലെങ്കിലും ഇരതേടി നടക്കുന്നതിനിടയിൽ മരം കയറാനുള്ള ശ്രമം നടത്താറുണ്ട്. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ മരം കയറി മറയാനും ശ്രമിക്കാറുണ്ട്.

ചെറുകൂട്ടങ്ങളായാണ് ചിലപ്പോൾ ഇരതേടാറുള്ളത്. നല്ല വെയിലത്ത് പാറക്കെട്ടിൽ കയറി വെയിൽ കായുന്ന സ്വഭാവമുണ്ട്. അതിരപ്പിള്ളി ഭാഗത്ത് പുഴയോരങ്ങളിലുള്ള പാറക്കെട്ടുകൾക്കിടയിലും വലിയ മരത്തിന്‍റെ വേരുപടർപ്പുകളിലും ഇവയെ ധാരാളം കാണാം. നിലമ്പൂരിൽ ഇവയുടെ വലിയ കൂട്ടങ്ങളെ പുഴയോരക്കാടുകളിൽ ധാരാളമായി കണ്ടിട്ടുണ്ട്. മനുഷ്യവാസസ്ഥലങ്ങളിലും, അപൂർവ്വമായി കാട്ടിനടുത്തുള്ള വീടുകളിലും പ്രാണികളെ തേടി കയറിയിറങ്ങാറുണ്ട്.

Dussumier’s Forest Skink | Siju Thomas

കാട്ടരണകളുടെ പ്രജനന രീതികളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഏറെ ഭംഗിയുള്ളവയാണ്. ചുവന്ന വാലും കറുപ്പും വെളുപ്പുമുള്ള പട്ടകളും സ്വർണനിറത്തിലുള്ള ശരീരവുമാണ് ഇവയെ ഏറെ ആകർഷകമാക്കുന്നത്. പ്രായമാകുന്നതോടെ നിറഭംഗി കുറയുകയും ചെയ്യുന്നു.

Tags: skink, western ghat

Related Stories

മരയോന്തുകൾ

Indian Chamaeleon by Sali Palode ആകാരം കൊണ്ടും സ്വഭാവസവിശേഷതകൾ കൊണ്ടും ഏറെ ആകർഷിക്കുന്ന ഒരിനമാണ് മരയോന്തുകൾ (Indian Chamaeleon). ലോകത്താകമാനം...

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗരുഡശലഭം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine