ആകാരം കൊണ്ടും സ്വഭാവസവിശേഷതകൾ കൊണ്ടും ഏറെ ആകർഷിക്കുന്ന ഒരിനമാണ് മരയോന്തുകൾ (Indian Chamaeleon). ലോകത്താകമാനം മരയോന്തുകൾ ഉൾപ്പെടുന്ന കെമെലിയോനിഡെ കുടുംബത്തിൽ 203 സ്പീഷീസുകളുണ്ടെന്നാണ് കണക്ക്. ഇവയിൽ 85 സ്പീഷീസും കാണപ്പെടുന്നത് മഡഗാസ്ക്കറിലാണ്. ഇന്ത്യയിൽ നാളിതുവരെ ഒരിനം മാത്രമാണുള്ളത്. Chamaeleo zeylanicus എന്നാണ് മരയോന്തിന്റെ ശാസ്ത്രനാമം. പൊതുവെ വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകളിലും ഇലപൊഴിയും കാടുകളിലുമാണ് വാസം. ഇന്ത്യയിൽ തെക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും, വടക്കേ ശ്രീലങ്കയിലും, പാക്കിസ്ഥാന്റെ കിഴക്കേയറ്റത്തുമാണ് മരയോന്തുകൾ കാണപ്പെടുന്നത്. കേരളത്തിൽ ചിന്നാർ, അട്ടപ്പാടി, മുത്തങ്ങ പോലുള്ള മഴ കുറഞ്ഞ പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. അപൂർവ്വമായി മറ്റു നാട്ടിൻപുറങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
പൊതുവെ പച്ചക്കുപ്പായക്കാരായ ഇൗ ഒാന്തുകൾക്ക് 15 ഇഞ്ചോളം വലിപ്പമുണ്ട്. വാലിന് മാത്രം എട്ടിഞ്ചോളം നീളമുണ്ടാകും. തലയിലുള്ള ഹെൽമറ്റ് പോലുള്ള കുടുമയും, കുറുകിയ കഴുത്തും, ശരീരത്തിലുള്ള വലിയ ചെതുമ്പലുകളും, ഏത് ഭാഗത്തേക്കും തിരിക്കാൻ പറ്റുന്ന രീതിയിലുള്ള വലിയ ഉണ്ടക്കണ്ണുകളും, ചുരുട്ടിവെയ്ക്കാൻ പറ്റുന്ന വാലുകളും മരയോന്തുകൾക്ക് മാത്രമുള്ള സവിശേഷതകളാണ്. ഉരഗങ്ങൾക്കിടയിൽ ഏറ്റവും നല്ല കാഴ്ചശക്തിയാണ് മരയോന്തിന്. ഉന്തിനിൽക്കുന്ന വലിയ കണ്ണുകൾ ഏത് ഭാഗത്തേക്കും ചലിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ്. ഇത് 360 ഡിഗ്രി വരെയുള്ള കാഴ്ച സാധ്യമാക്കുന്നു. പിന്നിൽ നിന്നുവരെയുള്ള കാഴ്ചകൾ മരയോന്തിന് പിടിച്ചെടുക്കാൻ പറ്റുമത്രേ! പത്തു മീറ്റർ അകലത്തിലുള്ള ഇരയെ കാണാനുള്ള കാഴ്ചശക്തി ഇൗ ഒാന്തുകൾക്കുണ്ട്. ഇരയുടെ സാമീപ്യം മനസ്സിലാക്കി ദ്രുതഗതിയിൽ ശരീരത്തിന്റെ രണ്ടിരട്ടിയോളം നീളത്തിലുള്ള നാക്കുപയോഗിച്ച് അതിവേഗം ഇരയെ ചാട്ട കൊണ്ടടിക്കുന്നത് പോലെ നക്കിയെടുക്കുകയാണ് ചെയ്യുന്നത്. 0.07 സെക്കന്റുകൊണ്ടാണ് നാവ് എറിയുന്നതും നാവിന്റെ അറ്റത്തുള്ള പശ പോലുള്ള ഭാഗം ഇരയെ ഒപ്പിയെടുത്ത് വായിലേക്ക് നൊടിയിടയിൽ അകത്താക്കുന്നതും. മരംകേറികളായ മരയോന്തുകളുടെ കൈകാലുകൾക്കുമുണ്ട് പ്രത്യേകതകൾ. ഏത് മരത്തിലും, ചുള്ളിക്കമ്പുകളിലും, വള്ളിപ്പടർപ്പുകളിലും അനായാസേന അള്ളിപ്പിടിക്കാനുള്ള തരത്തിലുള്ള രണ്ട് ഭാഗത്തേക്കും വിടർന്നു നിൽക്കുന്ന നഖങ്ങളോടുകൂടിയ കാൽവിരലുകളുണ്ട്. അഞ്ചാമത്തെ കാലായി പ്രവർത്തിക്കുന്ന ചുരുട്ടിവെക്കാവുന്ന തരത്തിലുള്ള വാലുകൾ മരത്തിൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഒരു കൊച്ചു JCB പോലെയാണ് മരയോന്തിന്റെ ചലനങ്ങളും പെരുമാറ്റരീതികളും.
വേഷം മാറി നടക്കാൻ ഇത്രയധികം വിരുതുള്ള മറ്റൊരു ഉരഗജീവിയില്ല ഭൂമിയിൽ. ത്വക്കിനടിയിലെ ചില വർണ്ണ കണങ്ങളടങ്ങിയ കോശങ്ങളാണ് (Chromatophores) ഇതിന് സഹായിക്കുന്നത്. ആശയവിനിമയത്തിനും ഉൗഷ്മാവ് ക്രമീകരിക്കുന്നതിനുമാണ് പ്രധാനമായും ഇൗ നിറമാറ്റം സ്വാധീനിക്കുന്നത്. പൊതുവെ പച്ച, മഞ്ഞ, തവിട്ട് എന്നീ നിറവ്യത്യാസങ്ങളാണ് മരയോന്തുകളിൽ കാണപ്പെടുന്നത്.
പകൽ സമയത്താണ് ഇരതേടൽ. പ്രാണിഭോജികളായ ഇവയുടെ പ്രധാനഭക്ഷണം പുൽച്ചാടികൾ, ചിതലുകൾ, ചീവീടുകൾ, തൊഴുകയ്യൻ പ്രാണികൾ എന്നിവയാണ്. പ്രാണികളുടെ ലാർവകളെയും യഥേഷ്ടം ഭക്ഷിക്കാറുണ്ട്. മരയോന്തുകളുടെ സവിശേഷമായ നീണ്ട നാക്കുപയോഗിച്ചുള്ള ഇരതേടലിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
ശൈത്യകാലം തുടങ്ങുന്നതോടെയാണ് പ്രജനനം. മണ്ണിൽ ഒടിയോളം താഴ്ചയിൽ കുഴിയെടുത്ത് 10-40 വരെ മുട്ടകളിടുന്നു. മൂന്ന് മാസക്കാലം കഴിഞ്ഞാണ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്.
ഒരു കൊച്ചു റോബോട്ടിനെപോലെയുള്ള നടത്തവും പ്രത്യേകമായ സ്വഭാവസവിശേഷതകളുമുള്ളതിനാൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഒാമനകളായി വളർത്താൻ ഏറെ ഡിമാന്റുള്ള ജീവികളാണ് മരയോന്തുകൾ. ഇൗയടുത്ത കാലത്തായി ഡൽഹി വിമാനത്താവളത്തിൽ കൈകാലുകൾ പ്ലാസ്റ്ററിട്ട് പൊതിഞ്ഞ് ബാഗിലാക്കിയ നിലയിൽ ഒട്ടനവധി മരയോന്തുകളെ കള്ളക്കടത്തുകാരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒൗഷധ ഗുണമുണ്ടെന്നുള്ള അന്ധവിശ്വാസം കാരണം ധാരാളം വേട്ടയാടപ്പെടുന്നുമുണ്ട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള ഏക ഒാന്ത് വർഗ്ഗം കൂടിയാണിത്.