• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
സസ്യജാലകം
June 2020

Home » Columns » സസ്യജാലകം » കരിങ്ങോട്ട

കരിങ്ങോട്ട

വി.സി. ബാലകൃഷ്ണൻ
Quassia-indic–fruits-_-VC-Balakrishnan

പ്ലാസ്റ്റിക്കിൻ്റെയും റബ്ബറിൻ്റെയും തുകലിൻ്റെയും പാദരക്ഷകൾ വരുന്നതിനു മുന്‍പേ തന്നെ മനുഷ്യർ അപൂർവമായി ധരിച്ചിരുന്നത് മരത്തിൻ്റെ ചെരുപ്പായിരുന്നു. മെതിയടി എന്നായിരുന്നു ഇതിനു പേര്. മരം കൊണ്ട്, പ്രത്യേകിച്ച് കുമ്പിൾ മരത്തിൻ്റെ തടികൊണ്ട് നിർമ്മിച്ചിരുന്നതായിരുന്നു ഈ മെതിയടികൾ. എന്നാൽ ചില സന്യാസിമാർ കരിങ്ങോട്ടമരത്തിൻ്റെ തടികൊണ്ടു നിർമ്മിച്ചിരുന്ന മെതിയടികളാണത്രേ ധരിച്ചിരുന്നത്.

ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറിയ വ്യക്ഷമാണ് കരിങ്ങോട്ട. കായലോരങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും തീരദേശ കാവുകളിലും ഈ വൃക്ഷം വളരുന്നുണ്ട്. കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ഇത് കാണപ്പെടുന്നുണ്ട്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്‍റെ തൊലിക്ക് കറുപ്പു കലർന്ന ചാരനിറമാണ്. കരിംപച്ച നിറമുള്ള തിളക്കമുള്ള ഇലകൾക്ക് 15-22 സെൻറീമീറ്റർ നീളവും 5-6 സെൻറീമീറ്റർ വീതിയും കാണും.  ഇലകൾ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ഇലഞെട്ടിന് 1-2 സെൻറീമീറ്റർ നീളമുണ്ടാകും. മരത്തിന് പൊതുവേ ഇരുണ്ട നിറമായതിനാലാകണം കരിങ്ങോട്ട എന്ന പേര് ലഭിച്ചത്. ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. മിക്കവാറും എല്ലാ കാലത്തും പൂക്കൾ കാണുമെങ്കിലും നവംബർ-ജനുവരി മാസങ്ങളാണ് പ്രധാന പൂക്കാലം. പൂങ്കുലത്തണ്ടിന് 7-30 സെൻറീമീറ്റർ വരെ നീളമുണ്ടാകും. പൂങ്കുല ഛത്രമഞ്ചരിയാണ്. (umbellate- കുടയുടെ ആകൃതിയുള്ള ) പൂങ്കുലയിൽ പലപ്പോഴും പുളിയുറുമ്പുകൾ കൂട്ടംകൂടിയിരിക്കുന്നത് കാണാം. നാല് ദളങ്ങൾ. ദളങ്ങൾക്ക് ഇളംമഞ്ഞനിറമോ ക്രീം നിറമോ ആണ്. കേസരങ്ങൾ എട്ടെണ്ണം കാണും. അണ്ഡാശയത്തിന് നാല് അറകൾ. ഫലങ്ങൾ മധ്യഭാഗം ഉയർന്ന് അല്പം പരന്നതും അണ്ഡാകൃതിയുള്ളവയുമാണ്. മൂന്നോ നാലോ മാസങ്ങൾ കൊണ്ട് ഫലങ്ങൾ പാകമാകുന്നു.

Quassia-indica-flower | VC-Balakrishnan

കരിഞ്ഞോട്ട എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ ശാസ്ത്രനാമം  Quassia indica എന്നാണ്. സൈമാറൂബേസിയേ (Simaroubaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.  പതിനെട്ടാം  ജീവിച്ചിരുന്ന സുരിനാമിലെ (Suriname) തോട്ടമുടമയും സസ്യങ്ങൾ ശേഖരിക്കുന്നതിൽ തല്പരനുമായ സി.ജി. ഡാൽബർഗിന്‍റെ (C.G.Dahlberg) ജോലിക്കാരനായിരുന്ന ഗ്രമൻ ക്വാസിയുടെ (Graman Quassi) പേരാണ് ഈ സസ്യസത്തിന്‍റെ  ജനുസ്സ് നാമമായി നൽകിയിരിക്കുന്ന Quassia എന്ന പദം. ക്വാസി എന്ന ജോലിക്കാരൻ ഈ സസ്യത്തിന്‍റെ പട്ട പനിക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്നുവത്രെ. ഇൻഡിക്ക (indica) എന്ന സ്പീഷീസ് നാമം ഇന്ത്യയിൽ നിന്നുള്ളത് എന്ന് അർത്ഥമുള്ളതാണ്. Quassia യുടെ രണ്ടു സ്പീഷീസുകൾ മാത്രമേ കേരളത്തിൽ കാണപ്പെടുന്നുള്ളൂ. മറ്റൊന്ന് സുരിനാമിച്ചെടി എന്നറിയപ്പെടുന്ന Quassia amara എന്ന അലങ്കാരച്ചെടിയാണ്. കരിങ്ങോട്ടയുടെ ഇംഗ്ലീഷ് നാമം Niepa Bark Tree എന്നാണ്. സംസ്കൃതനാമങ്ങൾ നീലവൃക്ഷ:, നീലസാര: എന്നിവയും.

കരിങ്ങോട്ടയുടെ തൊലി, ഇല, കാതൽ, വിത്തില്‍  നിന്നെടുക്കുന്ന എണ്ണ എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. കരിങ്ങോട്ടത്തൈലം ശക്തമായ ഒരു വാതഹരൌഷധമാണ്. (വാതത്തെ ഹരിക്കുന്നത് അല്ലെങ്കില്‍ ഇല്ലാതാക്കുന്നത്  ) സന്ധിവാതം, ആമവാതം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്നു. സന്ധിവേദന, നീർക്കെട്ട് എന്നിവയ്ക്ക് കരിങ്ങോട്ടത്തൈലം പുരട്ടാറുണ്ട്. വിത്ത് മാലയായി കഴുത്തിലണിഞ്ഞാൽ ആസ്തമ, നെഞ്ചുവേദന എന്നിവയ്ക്ക് ആശ്വാസം കിട്ടും എന്നും കരുതപ്പെടുന്നു. ചിതലുകളെ അകറ്റാൻ കഴിവുള്ള ചില ആൽക്കലോയിഡുകൾ കരിങ്ങോട്ടയുടെ ഇലകളിൽ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പണ്ടുകാലത്ത് വീടുപണിയുമ്പോൾ ഇതിന്റെ ഇലകൾ തറയിലും കട്ടിളപ്പടിയുടെ ഉള്ളിലും ഇടാറുണ്ട്. ഓല മേഞ്ഞ വീടുകളാണെങ്കിൽ ഓലമേയുന്നതിനു മുമ്പായി ഉത്തരം, കഴുക്കോൽ എന്നിവയിൽ കരിങ്ങോട്ട ഇലകൾ വച്ചുകെട്ടിയതിനുശേഷമാണ് ഓലമേഞ്ഞിരുന്നത്രേ. വിറകുപുരകളിലും ചിതൽ ശല്യം ഉണ്ടാകാതിരിക്കാനായി ഈ മരത്തിന്‍റെ  ഇലകൾ വിതറാറുണ്ട്. കുരുമുളക് ചെടികളുടെ ചുവട്ടിൽ കരിങ്ങോട്ടയിലകൾ പുതയിട്ടാല്‍ നിമാവിരകളെയും ചിതലുകളെയും ചെറുകീടങ്ങളെയും അകറ്റുന്നതായി ചില കൃഷിക്കാർ പറയുന്നുണ്ട്.

Quassia-indica | VC-Balakrishnan

വളരെ അപൂർവ്വമായി മാത്രം ഇലകൾ കൊഴിയുന്ന ഒരു നിത്യഹരിതവൃക്ഷമായ കരിങ്ങോട്ട വീട്ടുപറമ്പുകളിലും തീരദേശങ്ങളിലും ഇടനാട്ടിലെ പാതയോരങ്ങളിലും വച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്. ഒരു ഇല കൊഴിയണമെങ്കില്‍ തന്നെ ഏതാണ്ട് ഒരു വർഷത്തോളം കാലമെടുക്കും. വേരുകൾ ആഴത്തിൽ പോകുന്നതിനാൽ കാറ്റിനെ പ്രതിരോധിച്ചു നിൽക്കുവാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. വിത്തുകൾ പാകി തൈകള്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്. സാമൂഹ്യ വനവൽക്കരണത്തിന് വിതരണം ചെയ്യപ്പെടുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു വൃക്ഷമാണ് കരിങ്ങോട്ട.

Tags: Quassia indica, western ghat, കരിങ്ങോട്ട

Related Stories

മലങ്കാര

വിശാലമായതും അവിടവിടെയായി മാത്രം കുറ്റിച്ചെടികളും മുള്‍പ്പൊന്തകളുള്ളതുമായ 'കക്കണ്ണന്‍പാറ' എന്നറിയപ്പെടുന്ന ഈ ചെങ്കല്‍ക്കുന്നില്‍ വളര്‍ന്നു നില്‍ക്കുന്ന മലങ്കാരയുടെ കായ്കള്‍ തേടിയായിരുന്നു ശലഭനിരീക്ഷകരായ ഞങ്ങളുടെ യാത്ര.

കാട്ടുകൂവ

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പണ്ടുമുതൽക്കേ തന്നെ ഗൃഹവൈദ്യത്തിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു സസ്യമാണ് കാട്ടുകൂവ.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗരുഡശലഭം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine