കാനനവാസിയായ ഒരു വലിയ ചിത്രശലഭമാണ് സുവർണ്ണശലഭം (Cruiser -Vindala erota). രോമക്കാലൻ ശലഭകുടുംബത്തിൽപ്പെട്ട (Brush footed) ഇവയ്ക്ക് ആൺ-പെൺ നിറവ്യത്യാസമുണ്ട്. ചിറകളവ് 72-110 മില്ലിമീറ്റർ. ആൺശലഭത്തിന്റെ പുറംചിറകുകൾ മഞ്ഞ കലർന്ന തവിട്ടോ സുവർണ്ണനിറം കലർന്ന ഓറഞ്ചോ ആണ്. ഇതിൽ വീതിയിൽ സുവർണ്ണനിറം കലർന്ന മഞ്ഞയിൽ ഓറഞ്ചുനിറത്തിൽ ഒരു പട്ട മുൻചിറകുകളിൽ നിന്നും മധ്യത്തിലൂടെ പിൻചിറകുകളിലേക്ക് നീളുന്നു. വെയിലേൽക്കുമ്പോൾ ഈ പട്ട സുവർണ്ണശോഭയോടെ വെട്ടിത്തിളങ്ങുന്നു. പിൻചിറകിൽ നേർത്ത വാലുണ്ട്, രണ്ടു ചെറിയ കൺപൊട്ടുകളുമുണ്ട്. രണ്ടു ചിറകുകളിലും ഇരുവരിയായി തരംഗരൂപത്തിൽ കറുത്ത വരയുണ്ട്. ചിറക് അടയ്ക്കുമ്പോൾ മങ്ങിയ കാവി കലർന്ന മഞ്ഞനിറത്തിൽ നേർത്ത പട്ടകളും വരകളും കാണാം. പെൺശലഭങ്ങളുടെ പുറംചിറകുകൾക്ക് ഒലീവ് പച്ചനിറത്തിൽ വീതിയിൽ ചന്ദ്രക്കല ആകൃതിയിലുള്ള വെള്ളപ്പുള്ളികൾ ചേർന്ന വെള്ള പട്ടയുണ്ട്. പിൻചിറകിൽ ഓരോ ജോഡി ഓറഞ്ചു വലയമണിഞ്ഞ കറുത്ത പുള്ളിക്കുത്തുകൾ കാണാം. ചിറക് അടയ്ക്കുമ്പോൾ മങ്ങിയ കാവിനിറത്തിൽ നേർത്ത വരകളും പട്ടകളും ഉണ്ട്.
തികച്ചും വനവാസിയാണ് സുവർണ്ണശലഭം. ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും ഇവയെ കാണുന്നു. 2500 മീറ്ററിന് താഴെയുള്ള വനപ്രദേശങ്ങളിലാണ് സാധാരണയായി സുവർണ്ണശലഭത്തെ കാണുക. മഴക്കാലങ്ങളിൽ വൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഗ്രാമപ്രദേശങ്ങളിലൂടേയും, നഗരപ്രദേശങ്ങൾക്കരികിലൂടെയും പറന്നു പോകുന്നത് കാണാറുണ്ട്. ആൺശലഭങ്ങൾ വെയിൽ കായുവാനും, ഈർപ്പം വലിച്ചെടുക്കുവാനും വളരെയേറെ തല്പരരാണ്. കാട്ടുപുഴയോരങ്ങളിലെ നനവാർന്ന പാറക്കെട്ടുകളിൽ ഈർപ്പം നുകർന്ന് ചിറക് വിടർത്തിപ്പിടിച്ചു വെയിൽ കായുന്ന സുവർണ്ണശലഭങ്ങൾ കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്.
പക്ഷിക്കാഷ്ഠത്തിൽ നിന്നും, വന്യജീവികളുടെ വിസര്‍ജ്ജ്യത്തില്‍ നിന്നും, കരഞ്ഞണ്ടിന്റെ ജൈവാവിഷ്ടത്തിൽ നിന്നും ഊറി വരുന്ന ദ്രാവകവും വലിച്ചെടുക്കാറുണ്ട്. അരിപ്പൂച്ചെടിയിൽ നിന്നും, കൃഷ്ണകിരീടം പൂത്തുലയുമ്പോഴും, കാനനറോസിനും മയൂരി ശലഭങ്ങൾക്കുമൊപ്പം തേൻ നുകരുവാൻ സുവർണ്ണശലഭവും എത്താറുണ്ട്. തേൻ നുകരുന്നതിനോടൊപ്പം ചിറകുകൾ തുറന്ന് സുവർണ്ണ ശോഭ പരത്തുവാനും ഇവ മറക്കാറില്ല. പെൺശലഭം പൊതുവെ നാണംകുണുങ്ങികളാണ്. കൂടുതലും പൊന്തയ്ക്കുള്ളിൽ കഴിയുന്ന ഇവ തേൻ നുകരുവാൻ പുറത്തു വരാറുണ്ട്. പാഷൻ ഫ്ലവർ സസ്യങ്ങളിലാണ് സുവർണ്ണശലഭം രൂപാന്തരണം നടത്തുന്നത്. മുട്ടയ്ക്ക് ഓറഞ്ചു കലർന്ന തവിട്ടു നിറം. ശലഭപ്പുഴുവിന് തലയ്ക്കു കറുപ്പ് നിറം. ഒരു ജോഡി കറുത്ത നീണ്ട കൊമ്പുകൾ കാണാം. പുറത്തു മുള്ളുകൾ പോലെ നിറയെ കൊമ്പുകൾ. തവിട്ടു കലർന്ന ശരീരത്തിൽ നിറയെ വെള്ളയും ചാരവും ഇടകലർന്ന പാടുകളുണ്ട്. പിൻഭാഗത്തു കുറുകെ വെള്ളപ്പട്ടയുണ്ട്. പ്രത്യേക ആകൃതിയുള്ള പ്യൂപ്പക്ക് കരിയില വർണ്ണം. സമാധികാലം 25 -30 ദിവസങ്ങൾ.