• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ശലഭചിത്രങ്ങൾ
August 2017

Home » Columns » ശലഭചിത്രങ്ങൾ » ഈറ്റ ശലഭം

ഈറ്റ ശലഭം

ഡോ. കലേഷ് സദാശിവൻ
Travancore Evening Brown / Photo Kalesh S

പശ്ചിമഘട്ടത്തിലെ ഒരു തനതു (Endemic) ചിത്രശലഭമാണ് ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ Travancore Evening Brown (Parantirrhoea marshalli) അഥവാ ഈറ്റശലഭം. പശ്ചിമഘട്ടത്തിൽത്തന്നെ, കൂർഗ് മുതൽ തെക്കോട്ടുള്ള മലനിരകളിൽ മാത്രമാണ് ഇവ  കാണപ്പെടുന്നത്. ഏതാണ്ട് 120-ഓളം വർഷങ്ങൾക്കുമുൻപ്, ഇന്നത്തെ തിരുവനന്തപുരം ജില്ലയിലുള്ള കല്ലാറിൽ നിന്നും, അക്കാലത്ത് തിരുവനന്തപുരം മ്യൂസിയത്തിലെ ക്യൂറേറ്റർ ആയിരുന്ന എച്ച്.എസ്. ഫെർഗൂസൻ ആണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് 1930-കളിൽ ഫ്രേസർ എന്ന ശാസ്ത്രജ്ഞനും ഇവയെ നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ദശാബ്ദങ്ങളോളം ഈ പൂമ്പാറ്റയെപ്പറ്റി ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട്, ഏതാണ്ട് 20 വർഷങ്ങൾക്കു മുൻപ്, പെരിയാർ കടുവാസങ്കേതത്തിൽ നിന്നും, പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ സുരേഷ് ഇളമൺ ആണ് ഈ പൂമ്പാറ്റയെ വീണ്ടും കണ്ടെത്തുന്നത്. കേരളത്തിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ വച്ച്, ശലഭശാസ്ത്രജ്ഞരിൽ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ. കാരണം ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ ഉൾപ്പെടുന്ന ജനുസ്സിൽ നിന്നും ഈ ഒരേ ഒരു ശലഭം മാത്രമേ ഭൂമിയിലുള്ളൂ. ഇവയുടെ ഒരു ബന്ധു എന്നു പറയാവുന്നത്, തെക്കേ അമേരിക്കൻ മഴക്കാടുകളിൽ കാണപ്പെടുന്ന “Antirrhoea’ എന്ന ജനുസ്സാണ്. അതുകൊണ്ടു തന്നെ, ഇന്ത്യൻ ഉപഭൂഖണ്ഡവും തെക്കേ അമേരിക്കയും, ആഫ്രിക്കയും ഒക്കെ നൂറ്റാണ്ടുകൾക്കു മുമ്പ് ഒരൊറ്റ വൻകരയുടെ ഭാഗമായിരുന്നു എന്ന ശാസ്ത്ര സത്യം ഈ പൂമ്പാറ്റ നമ്മെ ഓർമ്മിപ്പിക്കുന്നു. പശ്ചിമഘട്ടവനങ്ങളിലെ ഇടതൂർന്ന ഈറ്റക്കാടുകളാണ് ട്രാവൻകൂർ ഈവനിംഗ് ബ്രൗണിന്റെ ഇഷ്ടവാസസ്ഥലങ്ങൾ. ഈറ്റപ്പടർപ്പുകളിൽ നിന്നും ഇവ അപൂർവ്വമായേ പുറത്തിറങ്ങാറുള്ളൂ. അതുകൊണ്ടുതന്നെ ഈ ചിത്രശലഭത്തെ അത്ര പെട്ടെന്നൊന്നും നിരീക്ഷിക്കാൻ പറ്റാറില്ല. ഈറ്റപ്പടർപ്പുകൾ ഇളക്കിനോക്കി ഇവയെ കണ്ടെത്താൻ ശ്രമിച്ചാൽ ഇവ പെട്ടെന്നു പറന്നുപൊങ്ങി തറയിൽ വീണു കിടക്കുന്ന കരിയിലകൾക്കിടയിൽ മറയും. ഇവയുടെ ചിറകുകൾക്ക് ഉണങ്ങിയ ഇലയുടെ നിറമായതിനാൽ, അത്ര പെട്ടെന്നൊന്നും ഇവയെ തിരിച്ചറിയാനുമാവില്ല. എങ്കിലും, ചിലപ്പോഴൊക്കെ, പൊതുവെ ഇരുണ്ടുമൂടിയ അന്തരീക്ഷത്തിൽ, ഇവ സ്വന്തം ഒളിയിടം വിട്ട് പുറത്തിറങ്ങി ഈറ്റക്കാടുകളുടെ സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിൽ വന്നിരിക്കാറുണ്ട്.

Ochlandra travancorica എന്ന ഇനം ഈറ്റയുടെ ഇലകളിലാണ് ശലഭം മുട്ടയിടുക. രണ്ടുമുതൽ അഞ്ചുവരെ മുട്ടകൾ ഒരു കൂട്ടമായി, ഈറ്റയിലകളുടെ അടിയിൽ നിക്ഷേപിക്കുന്നു. മുട്ടവിരിഞ്ഞു പുറത്തുവരുന്ന പുഴുവിന്റെ ആദ്യ ആഹാരം മുട്ടത്തോട് തന്നെയാണ്. പിന്നീട്, പ്രധാനഭക്ഷണമായ ഈറ്റയിലകൾ ആഹരിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുകയായി. ആദ്യമായി പുഴു ഇലയുടെ അരികുവശത്തേയ്ക്ക് സ്വയം ഉല്പാദിപ്പിക്കുന്ന സിൽക്ക് ഉപയോഗിച്ച് ഒരു വഴി സൃഷ്ടിക്കും. പിന്നീട്, ഇലയുടെ പാർശ്വത്തിൽ നിന്നും തീരശ്ചീനമായി മുറിച്ച് ഭക്ഷിക്കാൻ തുടങ്ങുന്നു. ഇത്തരത്തിലുള്ള തീരശ്ചീനമായ ഇലമുറിക്കൽ ട്രാവൻകൂർ ഈവനിംഗ് ബ്രൗണിന്റെ പുഴുക്കളുടെ മാത്രം പ്രത്യേകതയാണ്. ആഹാരത്തിനുശേഷം വിശ്രമിക്കുമ്പോൾ, ഇവ ഇലയുടെ നടുവിലുള്ള ഞരമ്പിന് (mid rib) സമാന്തരമായി ഇരിപ്പുറപ്പിക്കുന്നു. പുഴുവിന്റെ ആകൃതിയും, നിറവുമെല്ലാം ഈറ്റയിലയുടെ ഞരമ്പിൽ നിന്നും വേർതിരിച്ചറിയാനാവാത്തവിധം സാദൃശ്യമുള്ളതാകയാൽ, ഇരപിടിയന്മാർക്ക് എളുപ്പത്തിൽ ഇവയെ കണ്ടുപിടിക്കാനാവില്ല. പുഴുവിന് പൂർണ്ണ വളർച്ച  എത്തുന്നതോടെ, അവ കൂട്ടം വിട്ട് ഒറ്റയ്ക്ക് ഒരു ഇലയിൽ ഇടം കണ്ടെത്തുന്നു. പൂർണ്ണ വളർച്ചയെത്തിയ പുഴുവിന് തിളങ്ങുന്ന പച്ചനിറവും മുകൾവശത്തായി മഞ്ഞവരയും, ചിലപ്പോൾ ചില ചുവന്ന പൊട്ടുകളും കാണാം. അവസാനം ഇലയുടെ അടിയിൽ അവ സമാധി (pupa) ആകുന്നു. സാധാരണയായി, രാവിലെയാണ് പുഴുപ്പൊതി വിരിഞ്ഞ് ശലഭം പുറത്തു വരുന്നത്. ശലഭനിരീക്ഷണത്തിന് കേരളത്തിൽ താല്പര്യം വർദ്ധിച്ചതോടുകൂടി, അടുത്തകാലത്ത് കേരളത്തിലെ മിക്ക വന്യജീവിസങ്കേതങ്ങളിൽ നിന്നും, റിസർവ് ഫോറസ്റ്റുകളിൽ നിന്നും ട്രാവൻകൂർ ഈവനിംഗ് ബ്രൗണിനെ കണ്ടെത്തിയിട്ടുണ്ട്. നെയ്യാർ, പേപ്പാറ, അഗസ്ത്യാർകൂട താഴ്വാരങ്ങൾ, കല്ലാർ – പൊന്മുടി, അരിപ്പ – കുളത്തൂപ്പുഴ, ശെന്തുരുണി, അച്ചൻകോവിൽ, പെരിയാർ, നേര്യമംഗലം, ഇടമലയാർ-പൂയംകുട്ടി, കക്കയം,  കൊട്ടിയൂർ, ആറളം എന്നിവിടങ്ങളിൽ നിന്നെല്ലാം ശലഭനിരീക്ഷകർ ഇവയെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും അശാസ്ത്രീയമായ ഈറ്റവെട്ടലും, കാടിനുള്ളിലെ മറ്റ് മനുഷ്യ ഇടപെടലുകളും, പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ മനോഹര ശലഭത്തിന്റെ  ദീർഘകാല നിലനിൽപ്പ് അപകടത്തിലാക്കുന്നുണ്ട്.

Tags: butterfly, endemic, Ochlandra travancorica, Parantirrhoea marshalli, travancore evening brown, western ghat

Related Stories

സുവര്‍ണ്ണശലഭം

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

നാട്ടുമയൂരി

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ).

പൂങ്കണ്ണി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine