പരിണാമത്തിന്റെ അടിസ്ഥാന ശില തന്നെ ഓരോ ജീവി വര്‍ഗ്ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മിലുള്ള വ്യതിയാനത്ത്തിലാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് പരിണാമം നടക്കുന്നതിന് ചില അടിസ്ഥാന തത്വങ്ങളുണ്ട്. ഓരോ ജീവി വര്‍ഗ്ഗവും അതിന്റെ ഏറ്റവും യോജിച്ച പരിതസ്ഥിതിയില്‍ പെറ്റുപെരുകുന്നു (Population Explosion). ഓരോ ജീവിവര്‍ഗ്ഗത്തിന്റെ പിന്‍ തലമുറ എല്ലാം ഒറ്റനോട്ടത്തില്‍ ഒരു പോലെ ആണെങ്കിലും അവ തമ്മില്‍ ജനിതകവും അല്ലാത്തതുമായ ചെറിയ വ്യതിയാനങ്ങള്‍ (Variations) ഉണ്ടാകും. എണ്ണം കൂടുന്നതിനനുസരിച്ച് ആ ജീവികള്‍ ആശ്രയിച്ചു പോരുന്ന വിഭവങ്ങള്‍ കുറഞ്ഞു വരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വിഭവങ്ങള്‍ക്കായി ജീവികള്‍ തമ്മില്‍ മത്സരം ഉടലെടുക്കുന്നു (Competition). കാലക്രമേണ ജീവിക്കുന്ന പരിതസ്ഥിതിയില്‍ വ്യതിയാനങ്ങള്‍ വരുന്നു. ഈ പരിതസ്ഥിതിയില്‍ നിലനിന്നുപോകാന്‍ ഓരോ ജീവിയും കിണഞ്ഞു പരിശ്രമിക്കുന്നു (Struggle for Existence). അതില്‍ പുതിയ പരിസ്ഥിതിയില്‍ ഒത്തുപോകാന്‍ സാധിക്കുന്ന വ്യതിയാനങ്ങള്‍ ഉള്ള ജീവികള്‍ നിലനിന്നുപോകും (Survival of the Fittest). ഇതില്‍ നിന്നും പരിണാമത്തില്‍ വ്യതിയാനങ്ങളുടെ പ്രാധാന്യം മനസ്സിലായിരിക്കുമല്ലോ.
ഇനി ഈ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നതിനു അടിസ്ഥാനം എന്തൊക്കെയെന്നു കൂടെ നോക്കാം. പുനസങ്കലനം (Recombination) ആണ് ഇതില്‍ പ്രധാനം. ജനിതകമായി വളരെ അടുത്ത ജീവികള്‍ തമ്മില്‍ നടക്കുന്ന ജീന്‍ കൈമാറ്റം ലൈംഗിക പുനരുല്പാദനം (Sexual Reproduction) വഴിയാണ് നടക്കുന്നത്. ഉല്‍പരിവര്‍ത്തനം (Mutation) വഴി പെട്ടെന്നുള്ള ജനിതക മാറ്റങ്ങളും ഉണ്ടാകുന്നു ഇത്തരം മാറ്റങ്ങള്‍ ഗുണകരവും ദോഷകരവും ആവാം. ഗുണകരമായ മാറ്റം മാത്രമേ അടുത്ത തലമുറകളിലെക്ക് സന്നിവേശിക്കപ്പെടുകയുള്ളൂ. അപ്പോള്‍ വ്യത്യസ്തതയാണ് (Variation) ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പിനു തന്നെ ആധാരം. വ്യത്യസ്തതക്കായി എല്ലാ ജീവിവര്‍ഗ്ഗവും ലൈംഗിക പുനരുല്പാദനത്തില്‍ ജീന്‍ കൈമാറ്റം ഉറപ്പുവരുത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു. പരപ്പരാഗണം പ്രോല്‍സാഹിപ്പിക്കുകയാണ് അതില്‍ പ്രധാനം. സസ്യങ്ങള്‍ ഇതിനായി വ്യത്യസ്ത രീതിയില്‍ അനുരൂപണം (Adaptation) ചെയ്യുന്നു. ഏകലിംഗ പുഷ്പങ്ങള്‍ ആണ് അതില്‍ ഒന്ന്. മിക്കവാറും എല്ലാ സസ്യങ്ങളും ദ്വിലിംഗ പുഷ്പികളും മറ്റൊരു ചെറിയ വിഭാഗം ഏകലിംഗ പുഷ്പികളുമാണ്. ഏകലിംഗ പുഷ്പികള്‍ക്ക് പരപ്പരാഗണം വഴി മാത്രമേ പ്രത്യുല്പാദനം നടത്താന്‍ സാധിക്കൂ. എന്നാല്‍ പരപ്പരാഗണം നടത്തുവാനായി ഇവക്ക് ഷഡ്പദങ്ങള്‍ പോലെയുള്ള മറ്റു ജീവികളെ ആശ്രയിക്കേണ്ടിവരുന്നു. എല്ലായിപ്പോഴും ഇത്തരം സഹായികളെ ലഭിക്കണം എന്നില്ല. അങ്ങനെ ലഭിക്കാതെ വന്നാല്‍ വിത്തുല്പാദനവും അതുവഴി പ്രത്യുല്പാദനവും പ്രതിസന്ധിയിലാവുന്നു. ഇതിനു പരിഹാരമായി ദ്വിലിംഗ പുഷ്പികള്‍ പരപ്പരാഗണത്തിനു മുന്‍ഗണന കൊടുക്കുകയും നടക്കാതെ വന്നാല്‍ സ്വപരാഗണം വഴി വിത്തുല്പാദനം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇവിടെ പരപ്പരാഗണം നടത്താന്‍ ഷഡ്പദങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പുഷ്പിത സസ്യങ്ങളും ഷഡ്പദങ്ങളും തമ്മിലുള്ള അഭേദ്യ ബന്ധം മറ്റു പല ലക്കങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഈ ബന്ധങ്ങള്‍ ഇരു വിഭാഗത്തിനും ഗുണകരമാകുന്ന അവസ്ഥ മുതല്‍ ഒരു വിഭാഗം മറ്റേ വിഭാഗത്തിന്റെ മേൽ പൂർണമായും മേൽക്കോയ്മ നേടി വെറും അടിമയായി ജോലിചെയ്യിക്കുന്നത് വരെ എത്താറുണ്ട്. ഷഡ്പദങ്ങളെ പല രീതിയില്‍ കബളിപ്പിച് സ്വന്തം ആവശ്യങ്ങള്‍ നടത്തിയെടുക്കാന്‍ വ്യതസ്ത രീതിയിലുള്ള തന്ത്രങ്ങള്‍ സസ്യങ്ങള്‍ പ്രയോഗിക്കാറുണ്ട്. അതില്‍ ഒന്നാണ് അനുകരണം (Mimicry). അനുകരണത്തിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരങ്ങങ്ങൾ നമുക്ക് ജൈവലോകത്ത് കാണാൻ സാധിക്കും.
പരിണാമ ചരിത്രത്തില്‍ താരതമ്യേന പുതുമുഖങ്ങളാണ് ഓര്‍ക്കിഡുകള്‍. അതിനാല്‍ തന്നെ വൈവിധ്യത്തിലും അനുരൂപണത്തിലും മറ്റേതു സസ്യഗണത്തേക്കാള്‍ മുന്‍പിലാണ് ഓര്‍ക്കിഡുകള്‍. ആണ്ട്രീന നൈഗ്രോയെനീയ (Andrenanigroaenea) എന്ന തേനീച്ചയെ സ്വന്തം പരാഗത്തിന്നായി അതിസമര്‍ത്ഥമായി കബളിപ്പിക്കുന്ന ഒഫ്രിസ് സ്ഫീഗോഡെസ് (Ophryssphegodes) എന്ന ഓര്‍ക്കിടിന്റെ കഥയാണ് ഇനി. ഷഡ്പദങ്ങള്‍ ആശയവിനിമയം നടത്തുന്നത് ഫെറോമോണ്‍ എന്ന പ്രത്യേഗ രാസമിശ്രിതം ഉപയോഗിച്ചാണെന്ന് ഓര്‍ക്കുമല്ലോ. ആണ്ട്രീന ഈച്ചകളും അതുപോലെതന്നെ. ഭക്ഷണ ലഭ്യത സ്വന്തം കോളനിയിലെ മറ്റുള്ളവരെ അറിയിക്കാനും അപകട സൂചന നൽകുവാനും, ഇണകളെ ആകര്‍ഷിക്കാനും ഇത്തരം ഫെറോമോണ്‍ തന്നെയാണെന്ന് പറയേണ്ടതില്ലലോ. ഫെറോമോണ്‍ കെണികള്‍ ഉപയോഗിച്ചുള്ള കീട നിയന്ത്രണം കേട്ടുകാണും. ഇണയുടെ ഫെറോമോണ്‍ കെണികളില്‍ ആക്കിവെച്ചു അവയെ കീടങ്ങളുടെ ആക്രമണ സ്ഥലത്തു വെച്ച് അവയെ കുടുക്കുകയാണ് ചെയ്യുന്നത്. ഇതേ രീതി തന്നെയാണ് ഇവിടെ ഒഫ്രിസും ഉപയോഗിക്കുന്നത്. കൂടെ ഒരല്പം മിമിക്രി കൂടെ ഉണ്ടെന്നു മാത്രം.
ഒഫ്രിസിന്റെ പൂക്കള്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പെണ്‍ ആണ്ട്രീന തേനീച്ച പോലെ തന്നെയിരിക്കും. നിറവും രൂപവും എല്ലാം അതുപോലെ തന്നെ. അത് മാത്രമല്ല മാത്രമല്ല പെണ്‍ ഈച്ചയുടെ ഫെറോമോണ്‍ അതുപോലെതന്നെ ഒഫ്രിസ് അതിന്റെ പൂക്കളില്‍ ഉണ്ടാക്കി വെച്ചിരിക്കും. സ്വാഭാവികമായും ഈ ഫെറോമോണുകളില്‍ ആകൃഷ്ടനായി ആണ്‍ ഈച്ച പൂക്കളെ തേടി എത്തുകയും, പൂക്കള്‍ പെണ്‍തേനീച്ചയെന്നു തെറ്റിദ്ധരിച്ച് ഇണ ചേരാന്‍ ശ്രമിക്കുകയും ചെയ്യും. ഓര്‍ക്കിഡ് സസ്യ ഗണത്തിന് ഉള്ള ഒരു പ്രത്യേകത എന്താണെന്നു വെച്ചാൽ പരാഗരേണുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് ഒരു കുലയായി കാണും (Pollinia). ഇണചേരാന്‍ ശ്രമിക്കുന്ന ആണ്ട്രീന ഈച്ചയുടെ മേലെ ഈ കുല പറ്റിപിടിച്ചിരിക്കും. ഇണ ചേരാൻ ഉള്ള പാഴ് ശ്രമങ്ങൾ കഴിയുമ്പോൾ അബദ്ധം മനസിലായ ആൻഡ്രീന ഈച്ച ആ പൂവില്‍ നിന്നും പറന്നു പോകും. അതിന്നിടയിൽ പരാഗക്കുല ഈച്ചയുടെ അടിയിൽ പറ്റി പിടിച്ചിരിക്കും. അങ്ങനെ പോകുമ്പോൾ വീണ്ടും മറ്റൊരു ഒഫ്രിസ് സുന്ദരിയെ കാണും അപ്പോഴും ഇത് തന്നെ അവസ്ഥ , വീണ്ടും അബദ്ധം പറ്റും. ഇവിടെയും ഇണചേരാന്‍ ശ്രമിക്കുമ്പോള്‍ നേരത്തെ പറ്റിപ്പിടിച്ചിരുന്ന പരാഗരേണുകുല ഈ പുതിയ ഒഫ്രിസിന്റെ പരാഗസ്തലത്ത് പറ്റിപിടിക്കുകയും. അങ്ങനെ പരപ്പരാഗണം സാദ്ധ്യമാവുകയും ചെയ്യും. ഈ അബദ്ധം ആണ്ട്രീന ഈച്ചക്ക് വീണ്ടും വീണ്ടും പിണയുകയും അതിന്റെ മറവിൽ ഒഫ്രിസ് ഓർക്കിഡ് സ്വന്തം പരാഗണം മുറ തെറ്റാതെ നടത്തുകയും ചെയ്യും.
ഇനി കാര്യം അങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ ഒഫ്രിസ് നേരിടുന്ന വെല്ലുവിളി എന്താണെന്നു വെച്ചാൽ ആൻഡ്രീന ഈച്ചയല്ലാതെ മറ്റാർക്കും ഒഫ്രിസിന്റെ പരാഗണം നടത്താൻ കഴിയില്ല എന്നതാണ്. ഏതെങ്കിലും കാരണത്താൽ ആൻഡ്രീന ഈച്ചകൾ എത്താതിരിക്കുകയോ അല്ലെങ്കിൽ അവയുടെ എണ്ണത്തിൽ കുറവുണ്ടാവുകയോ ചെയ്‌താൽ ഒഫ്രിസിനെയും അത് പ്രതികൂലമായി ബാധിക്കും. കീട നാശിനികളുടെ ഉപയോഗവും കാലാവസ്ഥ വ്യതിയാനങ്ങളും പരാഗണം നടത്തുന്ന തേനീച്ചകളുടെയും വണ്ടുകളുടെയും ജീവന് വലിയ ഭീഷണി ആണ് ഉയര്‍ത്തുന്നത്. പരാഗണം നടത്തുന്ന വന്യതേനീച്ചകളില്‍(wild bees) പത്തില്‍ ഒന്നും വംശ നാശ ഭീഷണി നേരിടുന്നവയാണ് എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
Bibliography
- Darwin, Charles, Alfred Russel Wallace, and Sir Gavin De Beer. Evolution by natural selection. Cambridge: Cambridge University Press, 1958.
- Schiestl, Florian P., et al. “Orchid pollination by sexual swindle.” Nature 399.6735 (1999): 421-421.
- Schiestl, Florian P. “On the success of a swindle: pollination by deception in orchids.” Naturwissenschaften 92.6 (2005): 255-264.