പരിണാമ ചരിത്രത്തില്‍ പുഷ്പിത സസ്യങ്ങളും ഷഡ്പദങ്ങളും സഹപരിണാമം (Co-evolution) വഴി വൈവിധ്യവല്‍ക്കരിക്കപ്പെട്ടു എന്നാണു ശാസ്ത്രലോകം പറയുന്നത്. അതിനാല്‍തന്നെ ഇന്ന് നമ്മുടെ ജീവലോകത്തുള്ള ഏറ്റവും വൈവിധ്യമാര്‍ന്ന ജീവികളാണ് ഷഡ്പദങ്ങള്‍. സ്വാഭാവികമായും അത്രമാത്രമോ അതല്ലെങ്കില്‍ അതിനേക്കാളേറെയോ തന്നെ വൈവിധ്യമാര്‍ന്ന വിഭാഗമാണ് പുഷ്പിത സസ്യങ്ങളും. ഇരു ജീവി വിഭാഗവും പരസ്പരം ബന്ധിതവും അതുപോലെ തന്നെ ആശ്രിതവും ആണ്. ഷഡ്പദങ്ങള്‍ ഇല്ലാതെ പരാഗണം നടത്താന്‍ സസ്യങ്ങള്‍ക്കും അതുപോലെതന്നെ സസ്യങ്ങളുടെ തേനും പൂമ്പൊടിയും ഭക്ഷണമായില്ലാതെ വലിയൊരു വിഭാഗം ഷഡ്പദങ്ങള്‍ക്കും ജീവിക്കാന്‍ സാധ്യമല്ല. ഒരു പ്രത്യേക സ്പീഷീസ് സസ്യത്തെ മാത്രം ആശ്രയിച്ച് ഒരുപാടു സ്പീഷീസ് ഷഡ്പദങ്ങളും അതുപോലെ തന്നെ തിരിച്ചും ഉണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു ബാന്ധവമാണ് അക്കേഷ്യയും ഉറുമ്പുകളും തമ്മിലുള്ളത്.
സാധാരണയായി ഉഷ്ണപ്രദേശങ്ങളില്‍ (Tropical Region) ധാരാളമായി വളരുന്ന ചെടികളാണ് അക്കേഷ്യ. കുറ്റിച്ചെടികളായും ചെറിയ മരങ്ങളായും ഇവ വളരുന്നു. ഉഷ്ണമേഖലയില്‍ വളരുന്ന സസ്യമായതുകൊണ്ടുതന്നെ കൂടുതലും മരുസസ്യങ്ങളുടെ അനുരൂപണമാണ് മിക്കവാറും എല്ലാ അക്കേഷ്യ സ്പീഷീസുകള്‍ക്കും. മരുഭൂമിക്കു സമാനമായ സാവന്ന (Savannah) പരിതസ്ഥിതികളിലാണ് ഇവ ഏറ്റവുമധികം കാണുന്നത് എന്നുതന്നെ കാരണം. എന്നാല്‍ ഇത്തരം പരിസ്ഥിതികളില്‍ അക്കേഷ്യയുടെ ഏറ്റവും വലിയ വെല്ലുവിളി മേച്ചില്‍ മൃഗങ്ങളില്‍ നിന്നാണ്. വേനല്‍ കനക്കുമ്പോള്‍ ഒരു പുല്‍നാമ്പ് പോലും ഇത്തരം സാവന്നകളില്‍ അവശേഷിക്കുകയില്ല. ആകെ ഉള്ള പച്ചപ്പ് അക്കേഷ്യ പോലെ ഉള്ള സസ്യങ്ങള്‍ ആവും. സ്വാഭാവികമായും ഇത്തരം മേച്ചില്‍ മൃഗങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ അക്കേഷ്യയെ തിന്നു തീര്‍ക്കേണ്ടതാണ്. എന്നാല്‍ ഇവയെ പ്രധിരോധിക്കാന്‍ വ്യത്യസ്തതരം ആയുധങ്ങള്‍ വിവിധ അക്കേഷ്യാ സ്പീഷീസുകള്‍ ഉപയോഗിക്കുന്നു. രാസവസ്തുക്കള്‍ കൊണ്ടുള്ള യുദ്ധമാണ് അതില്‍ ഒന്ന്. വിവിധതരം ആല്‍ക്കലോയിഡുകളും സൈനൈഡുകളും ആണ് ഇതില്‍ പ്രധാനം. അക്കേഷ്യയുടെ ഇലകളില്‍ ധാരാളമായി ഇത്തരം രാസവസ്തുക്കള്‍ ഉണ്ടാകും. ഇവ തിന്നുന്ന മൃഗങ്ങള്‍ക്ക് വിഷബാധയേല്‍ക്കുന്നു. എന്നാല്‍ ഇത്തരം വിഷം മണത്തുതന്നെ കണ്ടത്താന്‍ മൃഗങ്ങള്‍ക്കാകും. അവ അക്കേഷ്യയുടെ ഇലകള്‍ ഒഴിവാക്കും. എന്നാല്‍ എല്ലാ അക്കേഷ്യ സ്പീഷീസുകളും ഇതുപോലെ വിഷങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരല്ല. ശരിക്കും ആയുധങ്ങള്‍ തന്നെ ഒരുക്കി വെക്കുന്ന സ്പീഷീസുകളും ഉണ്ട്. ഇവിടെ ആയുധങ്ങള്‍ എന്നാല്‍ വളരെ കൂര്‍ത്ത മുള്ളുകള്‍ തന്നെയാണ്. ഇങ്ങനെ മുള്ളുകള്‍ ഉപയോഗിച്ചും ചില മൃഗങ്ങളില്‍ നിന്ന് അക്കേഷ്യ രക്ഷപ്പെടുന്നു. എന്നാല്‍ ചില മൃഗങ്ങള്‍ ഈ മുള്ളുകള്‍ക്കിടയിലും ഇലകള്‍ മാത്രം തപ്പിയെടുത്ത് തിന്നാന്‍ ശീലിച്ചു തുടങ്ങി. അങ്ങനെയാണ് മുള്ളുകള്‍ മാത്രം പോര ഒരു കാവല്‍ പട്ടാളം കൂടെ വേണം എന്ന് ചില അക്കേഷ്യ സ്പീഷീസുകള്‍ തീരുമാനിച്ചത്. അതില്‍ ഏറ്റവും രസകരമായ ഒരു അക്കേഷ്യയാണ് അക്കേഷ്യ കോര്ണിജെറ (Acacia cornigera).
കാളയുടെ കൊമ്പുപോലെയുള്ള വലിയ മുള്ളുകളാണ് ഈ അക്കേഷ്യയുടെ പ്രത്യേകത. ഈ മുള്ളുകളുടെ ഉള്ളു പൊള്ളയാണ്. ഈ പൊള്ളയായ സ്ഥലത്ത് സ്യൂഡോമിര്‍മെക്സ് ഫെറുജിനീയ (Pseudomyrmex ferruginea) എന്ന ഉറുമ്പുകള്‍ കൂടുകൂട്ടുന്നു. അതും വെറുതെയല്ല, ഉറുമ്പുകള്‍ക്കാവശ്യമായ സ്ഥലം, ഭക്ഷണം എല്ലാം അക്കേഷ്യ തയ്യാറാക്കി കൊടുക്കുന്നു. അക്കേഷ്യയുടെ ഇലകളില്‍ ഉള്ള ചില ഗ്രന്ഥികള്‍ ആണ് ഉറുമ്പുകള്‍ക്കാവശ്യമായ തേന്‍ ചുരത്തുന്നത്. അതു മാത്രമല്ല ഇലകള്‍ക്ക് അറ്റത്തുള്ള മറ്റൊരു ഗ്രന്ഥി ബെല്‍ഷ്യന്‍ കണങ്ങള്‍ (Beltian Bodies) എന്ന പ്രോട്ടീനുകളും എണ്ണകളും ചേര്‍ന്ന മറ്റൊരു പോഷകവും ഉണ്ടാക്കുന്നു. റാണി ഉറുമ്പ് ഏതെങ്കിലും മുള്ളിനകത്ത് ഉണ്ടാകും. ബാക്കി ഉറുമ്പുകള്‍ മറ്റു മുള്ളുകള്‍ക്കകത്തും. ജോലിക്കാരായ ഉറുമ്പുകള്‍ തേനും ബെല്‍ഷ്യന്‍ കണങ്ങളും ശേഖരിച്ച് ബാക്കി ഉറുമ്പുകളെ ഊട്ടുകയും ചെയ്യുന്നു. ഇനി ഏതെങ്കിലും മൃഗം അക്കേഷ്യയെ ഒന്ന് രുചിച്ച് നോക്കാം എന്ന് വിചാരിച്ച് ഒന്ന് കടിച്ചു നോക്കിയാല്‍ അതിനടുത്തുള്ള ഏതെങ്കിലും ഒരു ഉറുമ്പ് അപകട സൂചന നല്‍കുന്ന ഫെറോമോണ്‍ പുറപ്പെടുവുക്കും. ഉടനെതന്നെ ചുറ്റുമുള്ള മുള്ളുകള്‍ക്കകത്തുനിന്നെല്ലാം ധാരാളം ഉറുമ്പുകള്‍ പാഞ്ഞു വന്നു കടിച്ച മൃഗത്തെ ആക്രമിക്കും. കടിച്ച മൃഗത്തിന്‍റെ വായിലും മുഖത്തുമെല്ലാം ആക്രമണം ഉണ്ടാകും. പിന്നീട് ആ പരിസരത്തേക്ക് അടുക്കാന്‍ ആ മൃഗം ധൈര്യപ്പെടില്ല. പല മൃഗങ്ങള്‍ക്കും ഉറുമ്പിന്‍റെ സാന്നിധ്യം മണത്തറിയാന്‍ കഴിയും. അവ ഈ അക്കേഷ്യയെ ഉപേക്ഷിക്കുകയും ആക്രമണത്തില്‍ നിന്നും അക്കേഷ്യ രക്ഷപ്പെടുകയും ചെയ്യും. തീര്‍ന്നില്ല ഉറുമ്പിന്‍റെ ജോലി. അവ അക്കേഷ്യ മരത്തിനു ചുറ്റുപാടും തങ്ങളുടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടാകും. അവ മരത്തിനു ചുറ്റും ഒരു വലയം തീര്‍ക്കുകയും അവിടെ റോന്തു ചുറ്റുന്നുമുണ്ടാകും. അക്കേഷ്യയുടെ ചുറ്റുപാടും അക്കേഷ്യ അല്ലാതെ മറ്റേതെങ്കിലും ചെടികള്‍ മുളച്ചാല്‍ ഉറുമ്പുകള്‍ ചാടി വീഴുകയും ആ ചെടിയില്‍ ഫോര്‍മിക് അമ്ലം (Formic Acid) കുത്തിവെക്കുകയും ചെയ്യും. അതോടെ ആ ചെടി കരിഞ്ഞുണങ്ങി പോകും. അങ്ങനെ അക്കേഷ്യയുടെ എല്ലാ തരം ശത്രുക്കളെയും; ഭക്ഷിക്കാന്‍ വരുന്ന മൃഗങ്ങളേയും, മത്സരിക്കാന്‍ വരുന്ന മറ്റു സസ്യങ്ങളേയും ഉറുമ്പുകള്‍ കൈകാര്യം ചെയ്യും. ഇപ്പോള്‍ മനസ്സിലായില്ലേ ഉറുമ്പുകള്‍ക്കാവശ്യമുള്ള പാര്‍പ്പിടവും ഭക്ഷണവും കൊടുത്താലും അതുകൊണ്ട് അക്കേഷ്യക്ക് ഗുണമേയുള്ളൂ എന്ന്.
ഇതുപോലെ തന്നെ ഉറുമ്പുകളുടെ പരിലാളനത്താല്‍ വളരുന്ന മറ്റൊരു ജീവിവിഭാഗമുണ്ട്. ആഫിടുകള്‍ (Aphids) എന്നറിയപ്പെടുന്ന ചെറിയ ഇനം പേനുകള്‍ ആണ് ഇവ. സസ്യങ്ങളുടെ നീരൂറ്റി കുടിച്ചാണ് ഇവയുടെ ജീവിതം. വളരെ കുഞ്ഞു ജീവികളായ ഇവക്ക് സഞ്ചരിക്കാനും ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷപ്പെടാനും ഉറുമ്പുകളുടെ സഹായം വേണം. ഇണ ചേരാതെ പ്രസവിക്കാന്‍ കഴിവുള്ള (Parthenogenetic) ജീവികളാണ് ആഫിടുകള്‍. അതുകൊണ്ടുതന്നെ വളരെ വേഗം അവ പെറ്റുപെരുകും. ഈ ആഫിടുകള്‍ ഉറുമ്പുകള്‍ക്കാവശ്യമായ തേന്‍ ചുരത്തുന്നു. അതുകൊണ്ട് തന്നെ ഉറുമ്പുകള്‍ വളര്‍ത്തുന്ന പശുക്കളായി ഇവയെ കാണുന്നവരും ഉണ്ട്. അഫിടുകളെ മറ്റു ചെടികളില്‍ കൊണ്ടുപോയി വെക്കുന്നതും മറ്റു ശത്രുക്കളില്‍ നിന്നും അവയെ സംരക്ഷിക്കുന്നതും എല്ലാം ഉറുമ്പുകളാണ്. ചില ഉറുമ്പുകള്‍ അഫിടുകളെ രോഗങ്ങളില്‍ നിന്നുപോലും സംരക്ഷിക്കുന്നു.
References
- Janzen, Daniel H. “Interaction of the bull’s-horn acacia (Acacia cornigera L.) with an ant inhabitant (Pseudomyrmexferruginea F. Smith) in eastern Mexico.”Univ. Kansas Sci. Bull 47 (1967): 315-558.
- Rickson, Fred R. “Developmental aspects of the shoot apex, leaf, and Beltian bodies of Acacia cornigera.” American Journal of Botany (1969): 195-200.
- Rehr, S. S., P. P. Feeny, and Daniel H. Janzen. “Chemical defence in Cetnral American non-ant-acacias.” The Journal of Animal Ecology (1973): 405-416.
- Völkl, Wolfgang, et al. “Ant-aphid mutualisms: the impact of honeydew production and honeydew sugar composition on ant preferences.” Oecologia118.4 (1999): 483-491.
- Sudd, John H. “Ant aphid mutualism.” Aphids: their biology, natural enemies, and cotnrol. Elsevier, Amsterdam, the Netherlands (1987): 355-365.
- Nielsen, Charlotte, Anurag A. Agrawal, and Ann E. Hajek. “Ants defend aphids against lethal disease.” Biology letters 6.2 (2010): 205-208.