തെക്കിന്‍റെ കാശ്മീര്‍… മൂന്നാര്‍!
മലനിരകളിലെ പച്ചവിരിച്ച തേയില തോട്ടങ്ങളും, കോടമഞ്ഞുമാണ് മൂന്നാറിന്‍റെ സ്ഥായീഭാവം. എങ്കിലും ഓരോഋതുവിനും ഓരോ നിറമാണ് മൂന്നാറിന്.സ്പാത്തോഡിയയും, പോയിന്‍സെറ്റിയയും തീര്‍ത്ത ശിശിരത്തിന്‍റെ കടും ചുവപ്പില്‍ നിന്ന് വസന്തത്തിലേക്ക് കടക്കുമ്പോള്‍ മൂന്നാറിന്‍റെ പാതയോരങ്ങള്‍ക്ക് ജക്രാന്തമരങ്ങള്‍ വിരിച്ച ആകാശനീലിമയുടെ നിറം. ഇത് ജക്രാന്ത പൂക്കള്‍…
കുടിയേറ്റത്തിന്‍റെയും, കയ്യേറ്റത്തിന്‍റെയുംകഥകള്‍ മഞ്ഞുപോലെ പടരുന്ന മൂന്നാറിലേക്ക് കുടിയേറി കയ്യേറിയതാണ് ജക്രാന്തമരങ്ങളും. വിദേശ രാജ്യങ്ങളില്‍ അലങ്കാരവൃക്ഷമായി ഉപയോഗിക്കുന്ന ജക്രാന്തമൂന്നാറിന്‍റെ മലനിരകള്‍ക്കും, എസ്റ്റേറ്റ് ബംഗ്ലാവുകള്‍ക്കും ഭംഗിയേറ്റുവാന്‍ കോളനിക്കാലത്ത് ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ്.തെക്കേ അമേരിക്കയിലെ സ്രീലാണ് ജക്രാന്തയുടെ സ്വദേശം. ബിഗ്നോണിയസിയേ കുടുംബത്തില്‍ 49 വര്‍ഗങ്ങളിലൊന്നായ ജക്രാന്തയുടെ ശാസ്ത്രീയനാമം ജക്രാന്ത മിമിസിഫോളിയ എന്നാണ്. ഉഷ്ണമേഖലയിലും ഉപോഷ്ണ മേഖലയിലും കണ്ടുവരുന്ന ജക്രാന്ത മരങ്ങള്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഭരണ തലസ്ഥാനമായ പ്രിട്ടോറിയ നഗരത്തിന്‍റെ പാതയോരങ്ങളില്‍ നിരന്നു നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നീലാവരണം തീര്‍ക്കുമ്പോള്‍, തങ്ങളുടെ നഗരത്തിന് കാഴ്ചയുടെ വസന്തം നല്‍കിയ ജക്രാന്തയെ സ്നേഹിക്കാതെ, ആദരിക്കാതെ വയ്യ; ആ നഗരവാസികള്‍ പ്രിട്ടോറിയയെ ജക്രാന്ത സിറ്റിഎന്നു വിളിച്ചു പോരുന്നു. കേരളത്തില്‍ഏറ്റവും കൂടുതല്‍ ജക്രാന്ത മരങ്ങള്‍ കാണപ്പെടുന്ന മൂന്നാറിലെ ജനങ്ങളും ‘നീലവാക’ എന്ന പ്രാദേശിക പേരുള്ള ജക്രാന്തയ്ക്ക്ന ല്‍കി തങ്ങളുടെ സ്നേഹാദരം. മൂന്നാറിനും മറയൂരിനും ഇടയില്‍ 8,001 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉമിയാംമല എന്ന പാറക്കെട്ടിന്‍റെ താഴെയുള്ള വാഗവരൈയിലാണ് ഏറ്റവും കൂടുതല്‍ ജക്രാന്ത മരങ്ങള്‍ കാണുന്നത്. തേയിലത്തോട്ടങ്ങള്‍ക്കിടയിലും,പാതയോരങ്ങളിലും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ നീലവാകമരങ്ങള്‍ നല്‍കുന്ന മനോഹാരിതയോടുള്ള സ്നേഹത്തില്‍ നിന്നാണ് വാഗവരൈ എന്ന ദേശപ്പേര് വീണതും. ‘വാഗ’എന്നാല്‍ ജക്രാന്ത മരമെന്നും, ‘വരൈ’ എന്നാല്‍ തമിഴില്‍ പാറക്കെട്ട് എന്നും അര്‍ത്ഥം. അങ്ങനെ പ്രിട്ടോറിയന്‍ ജനത ജക്രാന്തയെ സ്നേഹിച്ചതു പോലെ നീലവാക എന്ന് തങ്ങള്‍ വിളിക്കുന്ന ജക്രാന്ത മരത്തെ വാഗവരൈ വാസികളും സ്നേഹിച്ചാദരിക്കുന്നു.
പ്രിട്ടോറിയന്‍ യൂണിവേഴ്സിറ്റിയിലേക്ക് വര്‍ഷാവസാന പരീക്ഷയ്ക്കായി പോകുന്ന വിദ്യാര്‍ത്ഥികളുടെ തലയിലേക്ക് ജക്രാന്ത പൂക്കള്‍ പൊഴിഞ്ഞ് വീണാല്‍ അവര്‍ എല്ലാ പരീക്ഷയും വിജയിക്കുമെന്നൊരു വിശ്വാസമുണ്ട്. മാര്‍ച്ചിലെ വാര്‍ഷികാവസാന പരീക്ഷ എഴുതുവാനായി വാഗവരൈയിലെ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലേക്കുള്ള വഴിയിലൂടെ നീല പരവതാനി പോലെ വീണു കിടക്കുന്ന ജക്രാന്തപൂക്കളെ ചവിട്ടി കടന്നുപോകുന്ന കുട്ടികള്‍ക്ക് പ്രിട്ടോറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആ വിശ്വാസം അറിയുമോ എന്തോ?! ജക്രാന്ത പൂക്കളുടെ വരവ് മാര്‍ച്ചിലെ പരീക്ഷക്കാലത്തായതു കൊണ്ടാവാം ജക്രാന്ത മരത്തെ Exam Tree എന്നു വിളിക്കുന്നതും. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഈ നീല പൂമരങ്ങള്‍ മൂന്നാറിലെത്തുന്ന കുളിരാസ്വാദകരുടെ കണ്ണുകളില്‍ കുടിയേറുന്നതിനൊപ്പം മനസ്സും കയ്യേറിയിരിക്കും.വിവാദമാക്കാതെ പ്രോത്സാഹിപ്പിക്കാം നമുക്ക്ജക്രാന്തയുടെ ഈ കയ്യേറ്റങ്ങളെ.
ഇരവികുളം നാഷണല്‍ പാര്‍ക്കിലെ ബീറ്റ് ഫോറസ്റ്റ്ഓഫീസറാണ് ലേഖകന്‍