• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Cover Story
March 2015

Home » Cover Story » പുഴയ്ക്ക് പറയാനുള്ളതും കസ്തൂരിരംഗന്‍ പറയാത്തതും

പുഴയ്ക്ക് പറയാനുള്ളതും കസ്തൂരിരംഗന്‍ പറയാത്തതും

ഡോ. എ. ലത
അതിരപ്പള്ളി വെള്ളച്ചാട്ടം | Photo: Vishnu Gopal

അവര്‍ പറയുന്നു, അവര്‍ കാരണമാണ് ഇന്ന് പുഴ ഒഴുകുന്നത് എന്ന്! വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടി അവര്‍ അണക്കെട്ടുകള്‍ പണിതില്ലായിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിങ്ങള്‍ ഇന്ന് കാണുമായിരുന്നില്ല പോലും!

ചിരിക്കണോ കരയണോ എന്നായിരിക്കും പുഴ വിചാരിക്കുക. ഈ പുഴയുടെ ചരിത്രത്തിന് അല്ലെങ്കില്‍ പുഴകളുടെ ചരിത്രത്തിന് മനുഷ്യകുലത്തിന്‍റെയത്രയും ആയുസ്സ് മാത്രമേയുള്ളൂ എന്ന് അവര്‍ ധരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. മനുഷ്യന്‍ ഭൂമിയില്‍ ജനിക്കുന്നതിനു വളരെ മുമ്പേ അങ്ങ് ആനമല-പറമ്പിക്കുളം-നെല്ലിയാമ്പതി മലത്തലപ്പുകളില്‍ നിന്നും ഉത്ഭവിച്ച് കാരപ്പാറ, കുരിയാര്‍കുട്ടി, പറമ്പിക്കുളം, ഷോളയാര്‍ എന്നീ കൈവഴികളില്‍കൂടി ഒഴുകി, കാടിന്‍റെ യശസ്സും സ്നേഹവും ഏറ്റുവാങ്ങി, പുഴയോരക്കാടുകളെ പോഷിപ്പിച്ചും, അസംഖ്യം വന്യ ജീവജാലങ്ങളെ പോറ്റിയും, തീരങ്ങളെ തഴുകിയും, മണ്ണും മണലും എക്കലും കടലുവരെ എത്തിച്ചും യാത്ര തുടര്‍ന്നിരുന്ന ചോലയാറിന്‍റെ ചരിത്രം ഒരു പക്ഷേ, ഏറ്റവും അടുത്ത്, ഏറ്റവും കൂടുതല്‍ ഉള്ളു കൊണ്ടേ അറിയുന്നവര്‍ കാടര്‍ ആദിവാസി സമൂഹം മാത്രമാണ്. പേരില്‍ത്തന്നെ കാടുമായിട്ടുള്ള അവരുടെ അഗാധ ബന്ധം തിരിച്ചറിയാം! എന്നാല്‍ അവരോട് ഒരിക്കല്‍പ്പോലും ‘പുഴയുടെ ഒഴുക്ക് ഞങ്ങള്‍ കാരണം’ എന്ന് വിളിച്ചു പറയുന്നവര്‍ പുഴയുടെ ചരിത്രം ചോദിച്ചു നോക്കിയിട്ടില്ല. ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞേനെ, ഒരു കാലത്ത് അവരുടെ പുഴ എങ്ങനെ ഒഴുകിയിരുന്നു എന്നും, ഇനി ഈ പുഴയ്ക്ക് ഒരു അണക്കെട്ടു കൂടി താങ്ങാനുള്ള ശേഷിയില്ല എന്നും.

അതിരപ്പള്ളി വെള്ളച്ചാട്ടം | Photo : Jithin Ps

ആറ് അണക്കെട്ടുകള്‍ കാരണം മുറിഞ്ഞുപോയ പുഴയും, പുഴയുടെ നീരൊഴുക്കും, പുഴയോര കാടുകളും, അവരുടെ ആഹാരത്തിന്‍റെ ഭാഗമായ പുഴമീനുകളുടെ ആവാസവ്യവസ്ഥകളും എല്ലാം എന്നെന്നേക്കും തകര്‍ന്നു പോയ കാര്യം അവര്‍ നമുക്ക് പറഞ്ഞു തരും. അവര്‍ കുടിവെള്ളത്തിനു വേണ്ടി ആശ്രയിച്ചിരുന്ന ഒരുപാട് നീര്‍ച്ചാലുകള്‍ കാടിന്‍റെ ശോഷണം കാരണം വറ്റിപ്പോയ സത്യവും അവര്‍ നമുക്ക് കാണിച്ചു തരും. നിലവില്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിന്‍റെ പ്രവര്‍ത്തനം കാരണം, വൈദ്യുതി ഉത്പാദനത്തിന് അനുസൃതമായി പകലും രാത്രിയും പുഴയില്‍ വരുന്ന ഒഴുക്കിലെ വ്യതിയാനങ്ങള്‍ക്ക് അവര്‍ ദൃക്സാക്ഷികളാണുതാനും. വാഴച്ചാല്‍ കാടര്‍ ആദിവാസി ഊരിന്‍റെ മൂപ്പത്തി ഗീത എന്നോട് പറയുകയുണ്ടായി – പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉത്പാദനം കഴിയുമ്പോള്‍ പാതിരാത്രികളില്‍ പുഴ വറ്റിക്കിടക്കുന്ന കാഴ്ച കാണാന്‍ വയ്യ എന്ന്. മീനുകള്‍ ചത്ത് പോകുന്നുണ്ടാകും. പണ്ടെത്ത പോലെ പുഴയില്‍ മീന്‍ കിട്ടാനില്ല എന്നും ഗീത പറയുന്നു. നിമിഷങ്ങള്‍ കൊണ്ട് 36 ഇനം പുഴമീനുകളുടെ പേരുകള്‍ അവരുടെ കുട്ടികള്‍ പത്തു കൊല്ലം മുമ്പേ എനിക്ക് പറഞ്ഞു തന്ന ഓര്‍മ്മ ഇന്നും ഞാന്‍ കാത്തുസൂക്ഷിക്കുന്നു. അവരുടെ ആഹാരമായ കിഴങ്ങുകളും തേനും മറ്റും കാട്ടില്‍ നിന്നും കിട്ടുന്നത് കുറയുന്നു എന്നതും അവര്‍ നമുക്ക് പറഞ്ഞുതരും. ജീവിതരീതികള്‍ കാലം കൊണ്ട് മാറിപ്പോയി എങ്കിലും കാടുമായിട്ടുള്ള കാടര്‍മാരുടെ ബന്ധം ഇന്നും അറ്റു പോയിട്ടില്ല. അതുകൊണ്ടുതന്നെ കാടിനും ജൈവവൈവിധ്യത്തിനും വന്നുകൊണ്ടിരിക്കുന്ന ശോഷണം അവര്‍ ആഴത്തില്‍ തിരിച്ചറിയുന്നു. അതിരപ്പിള്ളി പദ്ധതി വരാന്‍ സമ്മതിക്കില്ല എന്ന് ഇന്നും ഒരേ സ്വരത്തില്‍ പറയുന്നതും അതുകൊണ്ടുതന്നെയാണ്. പദ്ധതിക്കുവേണ്ടി വാഴച്ചാല്‍, പൊകലപ്പാറ ഊരുകളില്‍ ജീവിക്കുന്ന നൂറോളം കുടുംങ്ങളെ മാറ്റിപ്പാ൪‍പ്പിക്കേണ്ടി വരില്ല എന്ന് വൈദ്യുതി വകുപ്പ് സമര്‍ത്ഥമായി വാദിക്കുമ്പോളും അവര്‍ക്കറിയാം, പണ്ട് പുഴയില്‍ പണിതുയര്‍ത്തിയ അണക്കെട്ടുകള്‍ക്കു വേണ്ടി അവരുടെ പൂര്‍വ്വികര്‍ പുഴത്തീരങ്ങള്‍ സ്വമേധയാ ഒഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട് എന്ന്. ചരിത്രം ആവര്‍ത്തിക്കപ്പെടും എന്നും.

ചാലക്കുടി പുഴയുടെ അനന്യമായ കാടിന്‍റെ നാശത്തിന്‍റെ ചരിത്രം സമഗ്രതയോടെ മനസ്സിലാക്കിയാല്‍ മാത്രമേ എന്തുകൊണ്ടാണ് ഏഴാമതൊരു അണക്കെട്ടിന് സാധ്യത ഇല്ല എന്നും പുഴയുടെ പരിസ്ഥിതി മനസ്സിലാക്കാതെയാണ് അണക്കെട്ടുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എന്നും തിരിച്ചറിയാന്‍ സാധിക്കും.

Fish Eagle | Photo : Subin KS

പദ്ധതിയുടെ പരിസ്ഥിതി പഠനങ്ങള്‍ വന്ന വഴികള്‍

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അതിരപ്പിള്ളി പദ്ധതിക്ക് ഒരേ ഒരു തവണ അനുമതി തിരസ്കരിച്ചത് 1989-ല്‍ ആണ്. അന്ന് വെള്ളച്ചാട്ടം നഷ്ടമാകും, പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുള്ള കാരണങ്ങള്‍ കാണിച്ചാണ് അനുമതി കൊടുക്കാതിരുന്നത്. പിന്നീട് പദ്ധതിയുടെ ഡിസൈന്‍ മാറ്റി 12 മണിക്കൂര്‍ വെള്ളച്ചാട്ടം നിലനിര്‍ത്തും എന്ന രീതിയില്‍ വീണ്ടും അനുമതിക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇത്തരം വലിയ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന വിജ്ഞാപനം 1994-ല്‍ നിലവില്‍ വന്നു (Environmental Impact Notification 1994). പ്രസ്തുത വിജ്ഞാപനത്തിന് അനുസൃതമായി ആദ്യത്തെ ദ്രുതപരിസ്ഥിതി ആഘാത പഠനം (Rapid Environmental Impact Assessment), Tropical Botanical Garden and Research Institute (TBGRI) എന്ന സ്ഥാപനത്തിനെക്കൊണ്ട് വൈദ്യുതി വകുപ്പ് ചെയ്യിക്കുകയായിരുന്നു. മഴക്കാലം അല്ലാത്ത സീസണില്‍ ആണ് REIA നടത്തേണ്ടത്. വേനല്‍ക്കാലത്ത് പുഴയിലെ നീരൊഴുക്ക് കുറയുമ്പാള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളാണ് പഠനത്തിനു വിധേയമാക്കേണ്ടിയിരുന്നത്. എന്നാല്‍ നിറഞ്ഞൊഴുകുന്ന മഴക്കാലത്തെ പുഴയുടെ പാരിസ്ഥിതിക വിവരങ്ങള്‍ പഠനവിധേയമാക്കി പദ്ധതിക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് TBGRI ചെയ്തത്. അതില്‍പ്പോലും ഒരുപാട് തെറ്റുകള്‍ ഉണ്ടായിരുന്നുതാനും. ഇത്തരത്തില്‍ തെറ്റായി നടത്തിയ പഠനറിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് 1998-ല്‍ അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. പഠന റിപ്പോര്‍ട്ടിന്റെ സംഗ്രഹം ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നും, ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ പൊതു തെളിവെടുപ്പ് നടത്തണം എന്നും 1997 ഏപ്രില്‍ 10-നു പുറത്തിറങ്ങിയ നിയമഭേദഗതി നിലവില്‍ വന്നു. എന്നാല്‍ തെറ്റായ റിപ്പോര്‍ട്ട് ആസ്പദമാക്കി നൽകിയ അനുമതിയും മേല്‍സൂചിപ്പിച്ച നിയമഭേദഗതി കണക്കിലെടുക്കാതെ പരിസ്ഥിതി മന്ത്രാലയം എടുത്ത പദ്ധതി അനുകൂല നിലപാടിനേയും ചോദ്യംചെയ്തുകൊണ്ട് 2001-ല്‍ ഹൈക്കോടതിയില്‍ ചാലക്കുടി പുഴ സംരക്ഷണ സമിതി നല്കിയ പൊതു താല്പര്യ ഹര്‍ജ്ജിയില്‍ ഒക്ടോബര്‍ 2001-ല്‍ പുഴയ്ക്ക് അനുകൂലമായ വിധി വന്നു. വിധിയില്‍ TBGRI നടത്തിയ പരിസ്ഥിതി പഠനത്തിന്‍റെ ഉള്ളടക്കത്തിനെ കോടതി ചോദ്യം ചെയ്തില്ലെങ്കിലും പഠനത്തില്‍ TBGRI നടത്തിയ REIA (Rapid Environmental Impact Assessment) പ്രശ്നങ്ങള്‍ ഉണ്ട് എന്നു വിലയിരുത്തി. അതിനു ശേഷം വാപ്കോസ് (Water and Power Consultancy Services Ltd) എന്ന ഏജന്‍സിയെക്കൊണ്ട് വീണ്ടും 2002-ല്‍ പുതിയ പഠനം നടത്തി. എന്നാല്‍ ഈ വിവരം ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു. വാപ്കോസ് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും 2005-ല്‍ പദ്ധതിക്ക് അനുമതി നല്കി. ഈ റിപ്പോര്‍ട്ടും പദ്ധതിപ്രദേശത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്. 2005-ല്‍ നൽകിയ അനുമതിയും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ വാഴച്ചാല്‍ ഊരിലെ ഗീതയും അതിരപ്പിള്ളി പഞ്ചായത്തും ആണ് വാപ്കോസ് നടത്തിയ പഠനത്തിനെ ആസ്പദമാക്കി നൽകിയ അനുമതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. പദ്ധതിയുടെ സാങ്കേതിക മികവു ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജ്ജി മധുസൂദനന്‍ എന്ന എഞ്ചിനീയറും ഫയല്‍ ചെയ്തു. ഇത്തവണ 2005-ല്‍ നല്കിയ അനുമതി 2006 മാർച്ചിൽ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. EIA notification -ല്‍ വരുത്തിയ നിയമലംഘനങ്ങളെ വെച്ചിട്ടാണ് അനുമതി റദ്ദ് ചെയ്തത്. കോടതി വിധിപ്രകാരം 2006-ല്‍ നടത്തിയ പൊതു തെളിവെടുപ്പില്‍ 1500 പേരാണ് പങ്കെടുത്തത്.

Image courtesy : Unknown; Google.

പദ്ധതി വന്നാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക,സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ നിരത്തി വെച്ചുകൊണ്ട് പദ്ധതിക്കെതിരെ ആദിവാസികള്‍, വിഷയ വിദ്വാന്മാര്‍ എന്നിവരുടെയൊപ്പം സന്നദ്ധ സംഘടനകളും അണിനിരന്നു. എന്നിട്ടും, പൊതുതെളിവെടുപ്പിലെ അഭിപ്രായങ്ങളെ അട്ടിമറിച്ചു കൊണ്ട് 2007-ല്‍ വീണ്ടും പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. വാപ്കോസ് നടത്തിയ പഠനം തന്നെയാണ് അനുമതിക്ക് ആധാരം. എന്നാല്‍ 2004-ല്‍ അതിരപ്പിള്ളിക്ക് വേണ്ടി തയ്യാറാക്കിയ പുതിയ പ്രൊജക്റ്റ് റിപ്പോർട്ട് (Detailed Project Report) വെച്ചിട്ടാണ് 2002-ല്‍ നടത്തിയ വാപ്കോസ് റിപ്പോര്‍ട്ട് വിലയിരുത്തപ്പെട്ടത്. ഇതുതന്നെ തെറ്റായ ഒരു രീതിശാസ്ത്രമാണ്. 2007-ല്‍ നൽകിയ അനുമതിയും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ വാപ്കോസ് പഠനത്തിലെ തെറ്റുകളും പോരായ്മകളും വളരെ വിശദമായി അക്കമിട്ടു നിരത്തിയാണ് ഹര്‍ജ്ജി തയ്യാറാക്കിയത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്കിയ സത്യവാങ്മൂലത്തില്‍ വാപ്കോസ് അവലംബിച്ച പഠന രീതിശാസ്ത്രം തന്നെ തെറ്റാണ് എന്നാണ് കോടതിയെ ബോധിപ്പിച്ചത്. കേസ് ഇന്നും കോടതിയില്‍ തീര്‍പ്പു കല്പിക്കാതെ നിലനില്ക്കുന്നു.

മൂന്നു തവണ കോടതിയില്‍ എത്തിയ ഒരു വിഷയമാണ് അതിരപ്പിള്ളി പദ്ധതി. മൂന്നു തവണയും പദ്ധതിയുടെ പാരിസ്ഥിതിക പഠനങ്ങളിലെ അപാകതകളെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വിശദമായ തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, കോടതി പലപ്പോഴും നിയമലംഘനങ്ങള്‍ മാത്രം പരിശോധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി പുഴക്കെതിരായ ഒരു തീരുമാനം പരിസ്ഥിതി മന്ത്രാലയം എടുത്താല്‍ പദ്ധതിയെ ‘മെരിറ്റ്’ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ വേണ്ടി ഹരിത ട്രിബ്യുണലിനെ സമീപിക്കേണ്ടി വരും.

Photo : Jithin PS

വാഴച്ചാല്‍ ഡിവിഷന്‍റെ ജൈവ പ്രാധാന്യം

അതിരപ്പിള്ളി പദ്ധതിപ്രദേശം അടങ്ങുന്ന 413.92 ച.കി.മീ. വിസ്തീർണ്ണമുള്ള വാഴച്ചാല്‍ വനം ഡിവിഷന്‍ വളരെ നിര്‍ണ്ണായകമായ ഒരു ഭൂപ്രദേശമാണ്. അങ്ങു തെക്കു കിഴക്കു കിടക്കുന്ന ഇരവികുളം ദേശീയ ഉദ്യാനം മുതല്‍, കിഴക്കുള്ള ആനമല ഭൂപ്രദേശമടങ്ങുന്ന ഇന്ദിരാഗാന്ധി ദേശീയ ഉദ്യാനം, തൊട്ടു താഴെ വടക്ക് സ്ഥിതിചെയ്യുന്ന പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ്‌ എന്നീ സംരക്ഷിത മേഖലകളെയും, വാഴച്ചാല്‍ ഡിവിഷന്‍റെ വടക്ക് നെല്ലിയാമ്പതി മലകളെ തൊട്ടു കിടക്കുന്ന പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങളെയും ജൈവമായി ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരേ ഒരു റിസര്‍വ്വ് ഫോറസ്റ്റ് മേഖലയാണ് വാഴച്ചാല്‍ ഡിവിഷന്‍. വടക്കു-കിഴക്ക് പറമ്പിക്കുളം മേഖലയില്‍ നിന്നും വാഴച്ചാല്‍ ഡിവിഷന് തെക്കു സ്ഥിതി ചെയ്യുന്ന പൂയംകുട്ടി കാടുകളിലേക്ക് സ്ഥിരമായി ആനകളുടെയും മറ്റു വന്യ ജീവികളുടെയും സഞ്ചാരം പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന വഴിയാണുതാനും. മാത്രമല്ല, 2000-ല്‍ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്സ്റ്റിറ്റ്യൂട്ട് കേരള വനംവകുപ്പിനു വേണ്ടി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ സംരക്ഷിതമല്ലാത്ത റിസര്‍വ്വ് ഫോറസ്റ്റ് പ്രദേശങ്ങളില്‍ മാങ്കുളം ഡിവിഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ സാധ്യതയുള്ള പ്രദേശം (അഞ്ചു ഘടകങ്ങളെ ആസ്ഥാനമാക്കി തയ്യാറാക്കിയ മൂല്യനിര്‍ണ്ണയപ്രകാരം വളരെ ഉയര്‍ന്ന- 75 ശതമാനം പരിരക്ഷണ മൂല്യമുള്ള പ്രദേശം) വാഴച്ചാല്‍ ഡിവിഷന്‍ ആണ്.

Wild dogs from Vazhachal | Photo : Arid VK

ജൈവവൈവിധ്യത്തിന്‍റെ ഈറ്റില്ലമായ പദ്ധതിപ്രദേശം

വെറും 138.6 ഹെക്ടര്‍ കാട് മാത്രമാണ് അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നഷ്ടപ്പെടുക എന്നാണ് വൈദ്യുതി ബോര്‍ഡ് ഉന്നയിക്കുന്ന വാദം. അവര്‍ അതിരപ്പിള്ളി പദ്ധതിയെ വേറിട്ട ഒരു പദ്ധതിയായി കാണുന്നു. നിലവിലുള്ള ആറു അണക്കെട്ടുകള്‍ പുഴയുടെ നീരൊഴുക്കിനേയും ആവാസവ്യവസ്ഥയേയും, കീഴ്ത്തട പ്രദേശത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളുടെ കുടിവെള്ളത്തിനേയും, കൃഷിയേയും, പുഴയുടെ ഉത്ഭവം മുതല്‍ കടലില്‍ ചേരുന്നതുവരെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും, ഇനി ഒരു അണക്കെട്ട് കൂടി പണിതാല്‍ ആവാസവ്യവസ്ഥക്ക് എന്ത് സംഭവിക്കും എന്നതുമാണ് സമഗ്രമായ ഒരു പരിസ്ഥിതി ആഘാത പഠനത്തിന്‍റെ സമീപനം. എന്നാല്‍ ഇത്തരത്തില്‍ സമഗ്രതയോടെ പുഴയുടെ പരിസ്ഥിതിയെ കാണാന്‍ അന്നും ഇന്നും ശ്രമിക്കുന്നില്ല എന്നതാണ് വൈദ്യുതിബോര്‍ഡിന്റെ പരാജയം. അത് ബോര്‍ഡിന്റെ മാത്രമല്ല, പുഴയെ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പുഴയെ കീറിമുറിച്ചു കാണുന്നതുകൊണ്ടാണ് പുഴയെ ഉപയോഗിച്ചുകൊണ്ടുള്ള വികസനത്തിന് അതിരുകള്‍ ഇല്ല എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്.

വളരെയധികം ജൈവ പ്രാധ്യാനമുള്ളതാണ് അതിരപ്പിള്ളി പദ്ധതിപ്രദേശം എന്ന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കേരള ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. കേരള വനഗവേഷണ സ്ഥാപനവും വാഴച്ചാല്‍ വനമേഖലയെ ഒരു High Value Biodiversity Area (HVBA) ആയി കണക്കാക്കുന്നു. അതിരപ്പിള്ളി-വാഴച്ചാല്‍ വനമേഖലയുടെ സവിശേഷതകള്‍ ഒരുപാട് പറയാനുണ്ടെങ്കിലും, എടുത്തു പറയേണ്ട മൂന്നെണ്ണം മാത്രം ചര്‍ച്ചയ്ക്ക് വെക്കുന്നു.

Photo : Madhu G Krishnan

മുങ്ങിപ്പോകാന്‍ പുഴയോരക്കാടുകള്‍ ഇനി ബാക്കിയില്ല: പെരിങ്ങല്‍ പവര്‍ഹൌസ് മുതല്‍ വാഴച്ചാല്‍ ജലപാതം വരെ നിലകൊള്ളുന്ന 80.5 ഹെക്ടര്‍ പുഴയോരക്കാടുകള്‍ ഇന്ന് കേരളത്തില്‍ 800 മീറ്ററിനു താഴെ അവശേഷിക്കുന്ന പുഴയോരക്കാടുകളുടെ ഒരേയൊരു തുണ്ടാണ്. ഇവ പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന പ്രദേശമാണ്. ചാലക്കുടിപ്പുഴയില്‍ 60 കിലോമീറ്ററോളം വരുന്ന പുഴയോരക്കാടുകള്‍ മുകളില്‍ പണിത അണക്കെട്ടുകള്‍ക്കു വേണ്ടി മുക്കി കഴിഞ്ഞു. പണിത അണക്കെട്ടുകള്‍ക്കു താഴെ 28.815 കിലോ മീറ്റര്‍ പുഴ വറ്റിക്കഴിഞ്ഞു. കൂടെ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പുഴയോരക്കാടുകളും. മൊത്തം പുഴത്തീരത്തിന്റെ 40-50 ശതമാനം നിലവില്‍ത്തന്നെ ഇല്ലാതായിക്കഴിഞ്ഞു, കൂടെ പുഴയോരക്കാടുകളും. പുഴയോരക്കാടുകള്‍ പുഴത്തീരങ്ങളില്‍ മാത്രം കാണപ്പെടുന്ന വനശ്രേണി ആണു താനും. മാത്രമല്ല അതിരപ്പിള്ളി-വാഴച്ചാല്‍ പ്രദേശത്ത് കാണപ്പെടുന്ന അനന്യമായ പക്ഷിവൈവിധ്യവും മത്സ്യവൈവിധ്യവും പുഴയോരക്കാടുകളുടെ നിലനില്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പുഴയോരക്കാടുകളുടെ ജൈവവൈവിധ്യം, അവയുടെ Niche specificity, പുഴയുടെ മൊത്തമായ ആവാസവ്യവസ്ഥയില്‍ പുഴയോരക്കാടുകളുടെ ധര്‍മ്മങ്ങള്‍, പറമ്പിക്കുളം പീഠഭൂമിയും പൂയംകുട്ടി വനമേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി പ്രദേശത്തെ പുഴയോരക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം ഇവയൊക്കെത്തന്നെ പഠന വിധേയമാക്കേണ്ടിയിരിക്കുന്ന സാഹചര്യത്തില്‍ ഈ അവശേഷിക്കുന്ന പുഴയോരക്കാടുകള്‍ എന്തു വില കൊടുത്തും സംരക്ഷിച്ചേ പറ്റൂ. വെറും 28.5 ഹെക്ടര്‍ പുഴയോരക്കാടുകള്‍ മാത്രമേ നഷ്ടപ്പെടൂ എന്ന് വാപ്കോസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ എഴുതിവെച്ചതിന്‍റെ പൊള്ളത്തരം മേല്‍ സൂചിപ്പിച്ച പശ്ചാത്തലം വെച്ചു വേണം അപഗ്രഥനം ചെയ്യാന്‍.

Photo : Dhanu Paran

മത്സ്യങ്ങള്‍ക്ക് ഒഴുകുന്ന പുഴ വേണം: ചാലക്കുടിപ്പുഴയുടെ മത്സ്യ വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ പുഴകളുടെ മത്സ്യ വൈവിധ്യത്തില്‍ അഗ്രഗണ്യമായ സ്ഥാനം ഈ പുഴക്കുണ്ട്. നൂറിലധികം ഇനം പുഴ മത്സ്യങ്ങള്‍ ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ അഞ്ചിനം മത്സ്യങ്ങള്‍ ശാസ്ത്രത്തിനു തന്നെ പുതിയതായി കണ്ടെത്തിയത് ഈ പുഴയില്‍ നിന്നാണ് ((Horabagrus nigricollaris, elongata, Osteochelichthys longidorsalis, Puntius chalakkudiensis and Garra surendranathanii). ഇവയില്‍ ആദ്യത്തെ മൂന്നിനങ്ങളും അതീവ ഗുരുതരമായി വംശനാശം (critically endangered) നേരിടുന്നവയാണ് എന്നു മാത്രമല്ല, പദ്ധതിപ്രദേശത്ത് കാണപ്പെടുന്നവയുമാണ്. ദേശീയ മത്സ്യജനിതക ബ്യൂറോ (National Bureau of Fish Genetic Resources) പുഴയുടെ മേല്‍ത്തട പ്രദേശം ഒരു മത്സ്യ സങ്കേതമായി (Fish Sanctuary) പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചാലക്കുടിപ്പുഴയില്‍ 75-500 mmsl (Metres above Mean Sea Level) ഉയരം വരുന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മത്സ്യ വൈവിധ്യം (68 ഇനം) എന്ന് കൊച്ചി സര്‍വ്വകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുള്ളത് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. അണക്കെട്ട് പണിയാന്‍ പോകുന്ന പ്രദേശം 200+ mmsl ഉയരത്തില്‍ ആണുതാനും. ഇവയില്‍ പലതും കാടര്‍ ആദിവാസികളുടെ പോഷകാഹാരം കൂടിയാണ്. ഇത്രയധികം മത്സ്യസമ്പത്തുള്ള പദ്ധതി പ്രദേശത്തുനിന്നും ഒരു വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ വാപ്കോസ് വെറും 30 ഇനം മത്സ്യങ്ങളെ മാത്രമേ കണ്ടെത്തിയുള്ളൂ എന്നത് ആഘാതം കുറച്ചു കാണിക്കാന്‍ വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും. നിലവില്‍ തന്നെ ആറു അണകെട്ടുകള്‍ക്കു താഴെ പുഴയുടെ നീരൊഴുക്ക് മുറിഞ്ഞു പോയിരിക്കുന്നു. മത്സ്യങ്ങള്‍ക്ക് ആഹാരത്തിനും പ്രജനനത്തിനും, ഒഴുകുന്ന പുഴയും പുഴയോരക്കാടും അത് വഹിക്കുന്ന ലവണാംശവും എക്കലും അത്യന്തം പ്രധാനമാണ്. ഇതിനുതകുന്ന ബാക്കിയുള്ള ലോലമായ ആവാസവ്യവസ്ഥയും കൂടി പദ്ധതിവന്നാല്‍ എന്നെന്നേക്കും ഇല്ലാതാകും.

Photo : Arid VK

ആനകളുടെയും വഴിത്താരയാണ് വാഴച്ചാല്‍: വാഴച്ചാല്‍ ചെക്ക്പോസ്റ്റില്‍ നിന്നും പാലം വരെ നടക്കുമ്പോള്‍ എത്രയോ തവണ ആനക്കൂട്ടങ്ങള്‍ പുഴ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്, പുഴയില്‍ നീന്തിക്കുളിക്കുന്ന മനോഹരമായ കാഴ്ച കണ്ടിട്ടുണ്ട്. ആനകള്‍ക്ക് സഞ്ചരിക്കാനും ആഹാരത്തിനുമായി വിശാലമായ കാടു വേണം എന്നാര്‍ക്കാണ് അറിയാത്തത്? ദക്ഷിണേന്ത്യയിലെ നാല് ആനസങ്കേതങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആനമല-പറമ്പിക്കുളം മേഖല അടങ്ങുന്ന Elephant Reserve No.9 എന്ന ആനസങ്കേതം. അണക്കെട്ടുകള്‍, പെന്‍ സ്റ്റോക്ക് പൈപ്പുകള്‍, കനാലുകള്‍, കാപ്പി-തേയില തോട്ടങ്ങള്‍ എന്നിവയും, കാടിന്‍റെ ശോഷണവും കാരണം ഈ സങ്കേതത്തില്‍ ആനകളുടെ സഞ്ചാരം ഒരുപാട് ഇടങ്ങളില്‍ തടസ്സപ്പെട്ടു കഴിഞ്ഞു. പറമ്പിക്കുളം മുതല്‍ പൂയംകുട്ടി വരെ സ്ഥിരമായി ഇന്നും ആനകള്‍ സഞ്ചരിക്കുന്ന വഴി അതിരപ്പിള്ളി പദ്ധതിപ്രദേശം വഴി കടന്നു പോകുന്നു. മനുഷ്യന്‍ കാടു കയറുന്ന കാലത്തിനു മുമ്പേതന്നെ സ്വച്ഛന്ദം സഞ്ചരിച്ചിരുന്ന ആനവഴികള്‍ ഓരോന്നായി മുറിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അവശേഷിക്കുന്ന ആനത്താരകള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. 1998-ല്‍ തന്നെ ഈ സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വാഴച്ചാല്‍ ഡിവിഷനെ ആനകളുടെ സംരക്ഷണത്തിനായി ഒരു വന്യജീവി സങ്കേതമാക്കി ഉയര്‍ത്തണം എന്ന നിര്‍ദ്ദേശം പ്രശസ്ത ആന ശാസ്ത്രഞന്‍ ഡോ. രാമന്‍ സുകുമാര്‍ അടങ്ങുന്ന Asian Elephant Research and Conservation Center എഴുതി വെച്ചിരുന്നു ((www.asiannature.org) അണക്കെട്ട് പണിതാല്‍ ആനകളുടെ സ്ഥിരമായ ഈ സഞ്ചാരപാത കൂടി മുറിഞ്ഞു പോകും എന്ന് മാത്രമല്ല, അടുത്തുള്ള കാടര്‍ ഊരുകളില്‍ ആന ശല്യം വര്‍ദ്ധിക്കുവാനും, അവ ഗത്യന്തരമില്ലാതെ മനുഷ്യ വാസം ഉള്ളയിടങ്ങളില്‍ ഇറങ്ങിവരാനും സാധ്യത ഉണ്ട്.

പദ്ധതിപ്രദേശത്ത് വരാവുന്ന ആഘാതങ്ങള്‍ സമഗ്രതയോടെ കാണാതെ എഴുതിയ റിപ്പോര്‍ട്ടാണ് വാപ്കോസിന്‍റെത്. പദ്ധതിപ്രദേശം എത്ര ദിവസം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്നു കോടതിയില്‍ വെളിപ്പെട്ടതാണുതാനും. ഇത്തരം പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ടുകള്‍ വെച്ചിട്ടാണ് നിര്‍ണ്ണായകമായ ജൈവമൂല്യമുള്ള പ്രദേശങ്ങള്‍ തീറെഴുതി കൊടുത്തു കൊണ്ടിരിക്കുന്നത് എന്നതാണ് നമ്മുടെ ഭരണ സംവിധാനത്തിന്‍റെ ഏറ്റവും വലിയ പരാജയം.

Malabar Pied Hornbill | Photo : Abhilash Ravindran

ജൈവവൈവിധ്യം കണ്ടില്ലെന്നു നടിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി

അതിരപ്പിള്ളി പദ്ധതി വരുത്തിവെക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ അപഗ്രഥനം ചെയ്യാന്‍ വേണ്ടി രണ്ടു പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. 1996-ല്‍ Tropical Botanical Garden and Research Institute, TBGRI ) നടത്തിയ ദ്രുതപരിസ്ഥിതി ആഘാത പഠനവും (Rapid Environmental Impact Assessment), 2002-ല്‍ ഹരിയാന ആസ്ഥാനമായി നില കൊള്ളുന്ന വാപ്കോസ് (water and Power Consultancy Services Ltd) എന്ന കുപ്രസിദ്ധമായ പരിസ്ഥിതി ആഘാത പഠന ഏജന്‍സി നടത്തിയ സമഗ്ര പരിസ്ഥിതി ആഘാത പഠനവും (Comprehensive Environmental Impact Assessment). ഇന്ത്യയില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ അണക്കെട്ടു പദ്ധതികള്‍ക്ക് വേണ്ടി പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തി ഒരു പ്രൊജക്റ്റ് പോലും അതുണ്ടാക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ കാരണം അനുമതി നല്കരുത് എന്നു പറയാത്ത ബഹുമതിയും ഈ ഏജന്‍സി അര്‍ഹിക്കുന്നു! ഈ വസ്തുത അവര്‍ വിവരാവകാശം വഴി വെളിപ്പെടുത്തിയതാണുതാനും.

രണ്ട് ഏജന്‍സികള്‍ നടത്തിയ പഠനങ്ങളിലും പദ്ധതിപ്രദേശത്തിന്‍റെ ജൈവ-പാരിസ്ഥിതിക പ്രാധാന്യം ‘മനപ്പൂർവ്വം’ കുറച്ചു കാണിച്ചിരിക്കുന്നു എന്ന് ശാസ്ത്രം മനസ്സിലാകുന്ന ആര്ക്കും വായിച്ചെടുക്കാം. യഥാര്ത്ഥ വസ്തുതകളും വാപ്കോസ് നടത്തിയ പഠനവും തമ്മില്‍ നല്ല അന്തരം ഉണ്ടെന്നു തിരിച്ചറിഞ്ഞത് പ്രൊഫ. മാധവ് ഗാഡ്ഗില്‍ നയിച്ച പശ്ചിമഘട്ട പരിസ്ഥിതി പാനല്‍ ആണ്. ജയറാം രമേശ് പരിസ്ഥിതി മന്ത്രി ആയിരിക്കുമ്പോള്‍ പദ്ധതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള നിവേദനം നേരിട്ട് സമര്‍പ്പിക്കുകയുണ്ടായി. പ്രശ്നങ്ങള്‍ അദ്ദേഹത്തിനു ബോധ്യപ്പെടുകയും 2010 ജനുവരി നാലാം തീയതി വൈദ്യുതി ബോര്‍ഡിന് ഷോക്കോസ് നോട്ടീസ് അയക്കുകയും ചെയ്തു. രണ്ടു കാരണങ്ങള്‍ – പ്രാക്തന ഗോത്ര വർഗ്ഗത്തിൽപ്പെടുന്ന കാടര്‍ സമൂഹത്തെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും, പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യത്തിനു ഡാമിന്‍റെ പ്രവര്‍ത്തനം ഭീഷണിയാണെന്നും കാണിച്ചു കൊണ്ടും പദ്ധതിക്ക് 2007-ല്‍ നല്‍കിയ അനുമതി എന്തുകൊണ്ട് റദ്ദു ചെയ്തുകൂടാ എന്ന ഉള്ളടക്കമുള്ള കത്താണ് ബോര്‍ഡിന് അയച്ചത്. പശ്ചിമഘട്ട പ്രദേശങ്ങള്‍ക്ക് വേണ്ടി പരിസ്ഥിതി പരിരക്ഷണത്തില്‍ ഊന്നിയ ഭരണരീതി (ecological governance) വാര്‍ത്തെടുക്കാന്‍ ഉതകുന്ന മാർഗ്ഗരേഖ ഉണ്ടാക്കാന്‍ വേണ്ടിയുള്ള മഹത്തായ ദൗത്യം ജയറാം രമേശ് 2010 മാര്‍ച്ച്‌ മാസത്തില്‍ പ്രൊഫ. ഗാഡ്ഗില്‍ നയിച്ച കമ്മിറ്റിയെ ഏല്‍പ്പിച്ചു. വിവാദമായ അതിരപ്പിള്ളി, കര്‍ണ്ണാടകയിലെ ഗുണ്ടിയ വൈദ്യുത പദ്ധതികള്‍ കൂടി പുന:പരിശോധനക്ക് വിധേയമാക്കാന്‍ ഗാഡ്ഗില്‍ പാനലിനെ ഏല്‍പ്പിച്ചു. 2011 ജനുവരി 29-നു ഗാഡ്ഗില്‍ പാനല്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചപ്പോള്‍ എല്ലാ ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളും ആരായുകയുണ്ടായി (കാടര്‍ ആദിവാസികള്‍, അതിരപ്പിള്ളി പഞ്ചായത്ത്, ചാലക്കുടി എം. എല്‍.എ, പദ്ധതിപ്രദേശത്തെ ജനങ്ങള്‍, ചാലക്കുടി പുഴ സംരക്ഷണ സമിതി, റിവര്‍ റിസര്‍ച്ച് സെന്റ്ര്‍, കേരള വനഗവേഷണ സ്ഥാപനം, വൈദ്യുതി വകുപ്പ്). വാപ്കോസ് നടത്തിയ പഠനറിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്തു. വളരെ വിശദമായ വിശകലനങ്ങള്‍ക്ക് ശേഷം അതിരപ്പിള്ളി-വാഴച്ചാല്‍ പ്രദേശം അതുപോലെ പരിരക്ഷിക്കപ്പെടണമെന്നും, ചാലക്കുടിപ്പുഴ മത്സ്യ സങ്കേതമായി സംരക്ഷിക്കപ്പെടണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചു. 2006-ലെ വനാവകാശ നിയമപ്രകാരം (Forest Rights Act 2006) കാടര്‍ ആദിവാസികള്‍ക്ക് കമ്മ്യുണിറ്റി ഫോറസ്റ്റ് അവകാശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ എന്തുകൊണ്ട് കൈക്കൊണ്ടില്ല എന്ന ചോദ്യവും അന്ന് ഉയര്‍ന്നു വന്നു എന്നത് ശ്രദ്ധേയമാണ്. പദ്ധതിപ്രദേശത്തിന്‍റെ ജൈവമൂല്യവും, പദ്ധതി കീഴ്ത്തട മേഖലകളില്‍ വരുത്താന്‍ പോകുന്ന കുടിവെള്ള, ജലസേചന പ്രശ്നങ്ങളും, പദ്ധതിയുടെ സാങ്കേതിക സാധ്യതയും മറ്റും അക്കമിട്ടു റിപ്പോര്‍ട്ടില്‍ രേഖപ്പടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2011-ല്‍ ഗാഡ്ഗില്‍ കമ്മിറ്റി പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴേക്കും ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രിയായി സ്ഥാനം ഏറ്റുകഴിഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്. വളരെ വേഗം തന്നെ ആ റിപ്പോര്‍ട്ടിനെ അട്ടിമറിച്ചുകൊണ്ട് ഡോ. കസ്തൂരിരംഗന്‍റെ കീഴില്‍ മറ്റൊരു കമ്മിറ്റിയെ ജയന്തി നടരാജന്‍ നിയോഗിച്ചു. ഹൈ ലെവല്‍ വര്ക്കിംഗ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന (HLWG) കമ്മിറ്റിക്കു നല്‍കിയ ദൗത്യം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗരേഖകളെ നടപ്പിലാക്കാവുന്ന രൂപത്തിലേക്ക് വാര്‍ത്തെടുക്കുക എന്നതായിരുന്നു (Implementable action plan). എന്നാല്‍ അവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ അന്തസ്സത്ത ഇല്ലാതാകുന്ന ഒരു റിപ്പോര്‍ട്ടാണ് മുന്നോട്ടു വെച്ചത്. അതിരപ്പിള്ളി പദ്ധതിയെ വിലയിരുത്താന്‍ വേണ്ടി അവര്‍ കൂട്ടു പിടിച്ചത് വൈദ്യുത ബോര്‍ഡിനെ മാത്രമാണ് എന്നതും ഇത്തരുണത്തില്‍ പറയാതെ വയ്യ. പദ്ധതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാരെയോ, വാഴച്ചാല്‍ പൊകലപ്പാറ ഊരുനിവാസികളെയോ, അതിരപ്പിള്ളി പഞ്ചായത്തിനെയോ പോലും കാണാനോ, അഭിപ്രായങ്ങള്‍ ആരായാനോ കമ്മിറ്റി സമയം കണ്ടെത്തിയില്ല. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍ ഇത്രമാത്രം; ‘കേരളത്തിന്‍റെ പീകിംഗ് വൈദ്യുതി ആവശ്യങ്ങള്‍ (6 pm to 11 pm) നിറവേറ്റാന്‍ അതിരപ്പിള്ളി പദ്ധതി അത്യന്താപേക്ഷിതമാണ് എന്നിരിക്കെ, തൊട്ടുമുകളില്‍ ഒരു അണക്കെട്ടുള്ളതുകൊണ്ട് പുഴയിലെ പാരിസ്ഥിതിക നീരൊഴുക്കിനെ സംന്ധിച്ച് ചില അവ്യക്തതകള്‍ ബാക്കി നില്‍ക്കുന്നു. മഴയുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൃഷ്ടിപ്രദേശത്ത് വന്നേക്കാവുന്ന നീരൊഴുക്കിലെ വ്യതിയാനങ്ങള്‍ കണക്കില്‍ എടുത്തുകൊണ്ട് പദ്ധതിയുടെ വൈദ്യുതി ഉത്പാദനത്തിന്‍റെ ശരിയായ വിലയിരുത്തല്‍ (Plant load factor which is the ratio between the actual power generated for a period of time versus the power it would have generated if it run at full capacity) നടത്തുകയും, അത് പദ്ധതിപ്രദേശത്ത് കാണുന്ന ‘ചില പ്രാദേശിക ജീവിവംശങ്ങൾക്ക് ‘ വന്നേക്കാവുന്ന നാശവുമായി താരതമ്യപ്പെടുത്തി പദ്ധതിയുടെ ശരിയായ മികവു പരിശോധിക്കാം. ഇത്തരത്തിലുള്ള ഒരു പരിശോധനയുടെയും പാരിസ്ഥിതിക നീരൊഴുക്കിന്‍റെ വിലയിരുത്തലും വെച്ചുകൊണ്ട് വേണമെങ്കില്‍ വീണ്ടും പദ്ധതിക്ക് വേണ്ടി വൈദ്യുതി ബോര്‍ഡിന് പരിസ്ഥിതി മന്ത്രാലയലയത്തിനെ സമീപിക്കാം’.

Photo : Arid VK

പദ്ധതി പ്രദേശത്തെ ജനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്, ബോര്‍ഡിന്റെ മാത്രം അഭിപ്രായം വെച്ചുകൊണ്ട് അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിക-ജൈവ ആഘാതങ്ങളെ നിസ്സാരവത്കരിക്കുന്ന നയമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സ്വീകരിച്ചത്. മാത്രമല്ല, ഗാഡ്ഗില്‍ കമ്മിറ്റി സ്വീകരിച്ച തീര്‍ത്തും ശാസ്ത്രീയവും അതേസമയം, ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടും ഉള്ള ജനാധിപത്യ രീതിയില്‍ നിന്നും ഉയര്‍ന്നു വന്ന പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തലിനെ തീര്‍ത്തും അട്ടിമറിക്കുന്ന, ബോര്‍ഡിനു വേണ്ടിമാത്രം തയ്യാറാക്കിയ ഒരു നിര്‍ദ്ദേശമായി കസ്തൂരിരംഗന്‍ ശുപാര്‍ശകളെ കാണേണ്ടി വരും. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടുകള്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ് എന്ന് എഴുതി വെച്ചിരിക്കുന്നു.

1. വേനല്‍ക്കാല നീരൊഴുക്കിന്‍റെ 30 ശതമാനം നീരൊഴുക്കെങ്കിലും അനുസ്യൂതമായി നിലനിര്‍ത്തുമെന്ന രീതിയില്‍ വേണം അണക്കെട്ടുകള്‍ പ്ലാന്‍ ചെയ്യാന്‍.

2. ഓരോ പദ്ധതികളും പുഴയുടെ നീരൊഴുക്കില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍, കാടിന്റെയും ജൈവവൈവിധ്യത്തിന്റെയും നാശം എന്നിവ മൊത്തത്തില്‍ വിലയിരുത്തേണ്ടതുണ്ട് (cumulative impact of individual projects).

3. രണ്ട് പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമീറ്റര്‍ എങ്കിലും അകലം പാലിക്കേണ്ടതാണ്. കൂടാതെ പദ്ധതി ബാധിത പ്രദേശം മൊത്തം പുഴത്തടത്തിന്‍റെ അമ്പതു ശതമാനത്തിലധികം കൂടാനും പാടില്ല.

ഈ മൂന്ന് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ തന്നെ അതിരപ്പിള്ളി പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി അതിരപ്പിള്ളി പദ്ധതിയുടെ സാധ്യത പരിശോധിച്ചപ്പോള്‍ ഈ മൂന്നു മാനദണ്ഡങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയില്ല.

Photo : Madhu G Krishnan

ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളെ മുന്‍നിര്‍ത്തി ബോര്‍ഡ് 2014 ഡിസംര്‍ 11-12 തീയതികളില്‍ നടന്ന റിവര്‍വാലി കമ്മിറ്റിയുടെ മുമ്പാകെ വീണ്ടും പരിസ്ഥിതി അനുമതിക്കായി സമീപിച്ചിരിക്കുകയാണ്. 2012 വരെയുള്ള നീരൊഴുക്ക് കാണിച്ചുകൊണ്ട് നിലവിലുള്ള ഡിസൈന്‍ പ്രകാരം 7.65 കുമെക് (Cubic meter per second) വെള്ളത്തിനെ പാരിസ്ഥിതിക നീരൊഴുക്കായി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. അത്രയും വെള്ളം മതി പുഴയുടെ, കടല്‍ വരെയുള്ള ജൈവ-പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ എന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു. ഡിസംബര്‍ കഴിഞ്ഞാല്‍ പുഴയെ പോഷിപ്പിക്കുന്ന എല്ലാ നീര്‍ച്ചാലുകളും വറ്റി വരളുന്ന അവസ്ഥയാണിന്നു ചാലക്കുടിപ്പുഴയുടേത്. പുഴയുടെ നീരൊഴുക്ക് പോഷിപ്പിക്കാന്‍, ഒരു പുഴക്ക് നിത്യേന പുഴയെ ആശ്രയിക്കുന്ന സകല ജീവജാലങ്ങള്‍ക്കും ലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും 7.65 കുമെക് നീരൊഴുക്ക് മാത്രം മതി എന്നു വിധി കല്പിക്കുന്നവരോട് ഒരു ചോദ്യം മാത്രം – പുഴയെന്ന മഹാവിസ്മയത്തിന്‍റെ, മഹാപ്രതിഭാസത്തിന്‍റെ, മറ്റെല്ലാ ആവാസവ്യവസ്ഥകളേയും ബന്ധിപ്പിക്കുന്ന കണ്ണിയുടെ ഒഴുകാനുള്ള ജന്മാവകാശം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? പുഴ നിങ്ങളോട് ഇത് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായി, നമ്മളോടും.

Tags: athirappilli, latha, river, vazhachal, western ghat

Related Stories

തുലാത്തുമ്പികളുടെ ദേശാടനം

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കിയിരുന്നത്. എന്നാൽ വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്.

മനുഷ്യനും പ്രകൃതിയും തമ്മിൽ

ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്...

പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടുമ്പോൾ

യഥാർത്ഥത്തിൽ എന്താണ് വികസനം? വൻകിട പദ്ധതികൾ കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്?

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine