വര്ണ്ണഭംഗികൊണ്ട് ആരെയും ആകര്‍ഷിക്കുന്ന മയൂരി ശലഭങ്ങളില്‍ (Peacock Butterflies) ഉള്‍പ്പെടുന്ന ഒരു സുന്ദരശലഭമാണ് ചുട്ടിമയൂരി (Papilio Paris). തെക്കേഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളിലും, ഹിമാലയന്‍ താഴ്വാരങ്ങളിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇവയെ കാണാം. നിത്യഹരിത വനങ്ങളിലെ തുറസ്സായ ഇടങ്ങളിലും കാട്ടുനീര്ച്ചോലകള്ക്കരികിലും ധൃതിയില്‍ പറന്നുനടക്കുന്ന ഈ ശലഭം, ദൂരക്കാഴ്ചയില്‍ത്തന്നെ നമ്മുടെ കണ്ണുകള്‍ക്ക് വിരുന്നേകും.
പൊതുവെ കാനനവാസിയായ ഈ ശലഭത്തെ ചിലപ്പോഴൊക്കെ നാട്ടിന്‍പുറങ്ങളിലും കാണാം. കേരളത്തില്‍ മഴക്കാലത്തും, മഴകഴിഞ്ഞ് ഉടനേയുള്ള മാസങ്ങളിലുമാണ് ചുട്ടിമയൂരി കൂടുതലായും കാണപ്പെടുന്നത്. അരിപ്പൂച്ചെടി (കൊങ്ങിണി), കൃഷ്ണകിരീടം, പെരിങ്ങല മുതലായ പൂക്കളില്‍നിന്ന് തേന്‍ നുകരാന്‍ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. കാട്ടുനീര്ച്ചോലകള്ക്കരികിലെ നനഞ്ഞ മണ്ണില്‍ വന്നിരുന്ന്, പരിസരം മറന്ന് ലവണങ്ങള്‍ വലിച്ചുകുടിക്കുമ്പോള്‍ (മഡ്പഡ്ലിംഗ്), ചുട്ടിമയൂരിയെ നമുക്ക് അടുത്ത് നിരീക്ഷിക്കാം.
ചുട്ടിമയൂരിയുടെ ചിറകുകള്‍ക്ക് തിളക്കമാര്‍ന്ന മരതകപ്പച്ചനിറമാണ്. പിന്ചിറകില് മേല്‍ഭാഗത്തായി പച്ചകലര്‍ന്ന തിളങ്ങുന്ന വലിയ നീലച്ചുട്ടി (പുള്ളി) കാണാം. പിന്‍ചിറകിന്റെ കീഴ്ഭാഗത്തായി, ചുവന്ന ഓരോ പൊട്ടുകളും, പൊട്ടുകളുടെ മധ്യത്തിലായി കറുത്ത പുള്ളിയും ഉണ്ട്. പിന്ചിറകില് നീണ്ട വാലുണ്ട്. മുന്‍ചിറകില്‍, ഇളം പച്ചനിറത്തിലുള്ള ഒരു പട്ട കാണാം. മുകള്‍വശത്തെ അപേക്ഷിച്ച്, പൊതുവെ ഇരുണ്ടനിറത്തിലുള്ള ചിറകിനടിവശത്ത് ചന്ദ്രക്കലാകൃതിയിലുള്ള അവ്യക്തമായ ചുവന്ന പുള്ളിക്കുത്തുകള്‍ ഉണ്ട്.
കാട്ടുറബര് (കനല), മുള്ളിലം, തുടലി, നാരകം എന്നിവയാണ് ചുട്ടിമയൂരിയുടെ ലാര്‍വഭക്ഷണസസ്യങ്ങള്‍. പച്ചനിറത്തിലുള്ള ശലഭപ്പുഴുക്കളുടെ ദേഹത്ത് അങ്ങിങ്ങായി മഞ്ഞയും വെള്ളയും കലര്‍ന്ന വരകളുണ്ട്. പ്യൂപ്പയുടെ നിറവും പച്ചയാണ്. പുഴുപ്പൊതി (പ്യൂപ്പ), നേരിയ സില്ക്ക്നൂലുകൊണ്ട് സസ്യത്തില്‍ ബന്ധിച്ചിരിക്കും.
ചുട്ടിമയൂരിയെക്കൂടാതെ, കേരളത്തില്‍ കണ്ടുവരുന്ന മറ്റു രണ്ടു മയൂരിശലഭങ്ങളാണ് ബുദ്ധമയൂരിയും (Malabar Banded Peacock), നാട്ടുമയൂരിയും (Common Banded Peacock). അഴകിനു പേരുകേട്ട ഈ മയൂരിശലഭങ്ങളെ, വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകാനായി അനധികൃതമായി ശേഖരിക്കുന്നത് ഇവയുടെ നിലനില്പിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്.