• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Featured Stories
August 2020

Home » ലേഖനം » ഇഴയുന്ന മിത്രങ്ങൾ

ഇഴയുന്ന മിത്രങ്ങൾ

അഭിൻ എം സുനിൽ
Cobra | Photo : Dhanu Paran

പാമ്പ് എന്ന് കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. “വിഷപ്പാമ്പാണ്”, “തല്ലി കൊന്നില്ലെങ്കിൽ വീണ്ടും വീട്ടിൽ കേറി വന്നാലോ”, “ഈ വിഷമുള്ള ജന്തുക്കളെയൊക്കെ എന്തിനാ സംരക്ഷിക്കുന്നെ” തുടങ്ങിയ അഭിപ്രായങ്ങളിൽ ആയുസ്സൊടുങ്ങാനാണ് മിക്ക പാമ്പുകളുടെയും വിധി. ആദ്യകാലം മുതലേ മനുഷ്യർക്ക് ഭയമുണ്ടായിരുന്ന ജീവികളാണ് പാമ്പുകൾ. മനുഷ്യരെന്ന് മാത്രമല്ല, പ്രകൃതിയിൽ പക്ഷികൾ അടക്കമുള്ള ജീവികൾ ഇന്നും ഇത്തരം വിഷമുള്ള പാമ്പുകളെ ഭയന്ന് അവയിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്നത് കാണാം. മനുഷ്യരും അങ്ങനെയായിരുന്നു. എന്നാൽ ഭൂമി അളന്നു മുറിച്ച് അവകാശം സ്ഥാപിച്ച അന്നുമുതൽ “കടന്നുകയറ്റക്കാരെ” കശാപ്പ് ചെയ്യുകയാണ് നമ്മുടെ ശീലം. കാലക്രമേണ പാമ്പുകൾക്ക് കീടനീയന്ത്രണത്തിലുള്ള പങ്ക് മനസ്സിലാക്കിയും ഇവയോടുള്ള ഭയവും കാരണം മനുഷ്യർ പാമ്പുകളെ ആരാധിക്കാൻ ആരംഭിച്ചു, കാവുകൾ സ്ഥാപിക്കപ്പെട്ടു. പാമ്പുകളെ ആരാധിച്ചിരുന്ന പൂർവികർ അവയെ കൊല്ലുന്നതും നിർത്തി. എന്നാൽ കാവുകളിൽ പോയി പാമ്പിനെ ആരാധിക്കുന്നവർ തന്നെയാണ് ഇന്ന് വീടുകളിൽ വന്നു കേറുന്നവയെ തല്ലിക്കൊല്ലാൻ മുൻകൈ എടുക്കുന്നത് എന്നതാണ് വിരോധാഭാസം.

Russels Viper | Photo : Murali Mohan

ലോകത്ത് 52 ജനുസ്സുകളിലായി ഏകദേശം 3600 തരം പാമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അന്റാർട്ടിക്കയിലും ചെറുദ്വീപുകളിലും ഒഴികെ കടൽ ഉൾപ്പെടെയുള്ള എല്ലായിടത്തും പാമ്പുകളെ കാണാവുന്നതാണ്. ഇതിൽ ഭൂരിഭാഗവും വിഷമില്ലാത്ത ഇനങ്ങളാണ്. ഇന്ത്യയിൽ 320 തരം പാമ്പുകൾ ഉള്ളതിൽ 66 എണ്ണം മാത്രമാണ് വിഷമുള്ള പാമ്പുകൾ. കേരളത്തിൽ 115 ഓളം ഇനം പാമ്പുകൾ ഉള്ളതിൽ വീര്യമേറിയ വിഷമുള്ള പാമ്പുകൾ 20 ൽ താഴെയാണ്. അതിൽത്തന്നെ കേരളത്തിൽ മനുഷ്യർക്ക് പാമ്പ് കടിയേറ്റു മരണം സംഭവിച്ചിട്ടുള്ളത് 5 ഇനത്തിലുള്ളവയുടെ കടിയേറ്റ് മാത്രമാണ്.

  • മൂർഖൻ (Spectacled cobra -Naja naja)കരിമൂർഖനും സ്വർണ മൂർഖനും എല്ലാം ഒറ്റ ഇനം തന്നെയാണ്.
  • അണലി (Russell’s viper -Daboia russelii)ചേനത്തണ്ടൻ എന്നും അറിയപ്പെടുന്നു.
  • ശംഖുവരയൻ (Common krait -Bungarus caeruleus) വെള്ളിക്കെട്ടൻ, എട്ടടി വീരൻ എന്നൊക്കെ അറിയപ്പെടുന്നു.
  • ചുരുട്ട മണ്ഡലി (Saw scaled viper -Echis carinatus)
  • മുഴമൂക്കൻ കുഴി മണ്ഡലി (Hump-nosed Pit -Viper Hypnale hypnale)
  • Hump nosed Pit Viper | Photo : Lal Kakkattiri

    ഇതിൽ ആദ്യത്തെ നാല് ഇനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാമ്പ് കടിയേറ്റിട്ടുള്ള മരണങ്ങൾക്ക് കാരണം. അതിനാൽ ഇവ ‘Big Four’ എന്ന് അറിയപ്പെടുന്നു. 2000 മുതൽ 2019 വരെ ഇന്ത്യയിൽ ഏകദേശം പന്ത്രണ്ട് ലക്ഷം ആളുകൾ പാമ്പുകടിയേറ്റ് മരണപ്പെട്ടിട്ടുണ്ട്. മരണസംഖ്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ താഴെയാണെങ്കിലും ഇവിടെയും മരണങ്ങൾ ഉണ്ടാകുന്നുണ്ട്.

    “ഇത്രയും മരണങ്ങൾ! അപ്പൊ ഇവയെയൊക്കെ തല്ലിക്കൊല്ലുന്നതിൽ എന്താണ് തെറ്റ്”?

    ഇങ്ങനെയാണ് നിങ്ങൾ മനസ്സിൽ വിചാരിച്ചെങ്കിൽ- തെറ്റി. നിങ്ങൾ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. ആദ്യം സൂചിപ്പിച്ചപോലെ വിഷമുള്ള ജീവികളെ മറ്റു ജീവികൾക്ക് ഭയമായതിനാൽ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ വിഷമില്ലാത്ത പാമ്പുകൾ വിഷമുള്ള ഇനങ്ങളെ അനുകരിക്കാറുണ്ട്. ചേര(Rat Snake) മൂർഖനെ അനുകരിക്കുമ്പോൾ ചുമർ പാമ്പ്(Wolf snake) വെള്ളിക്കെട്ടനെ അനുകരിക്കുന്നു. മണ്ണൂലിയെ (Common Sand Boa) കണ്ടാൽ അണലിയെപ്പോലെ ഇരിക്കും. എന്നാൽ ഈ അനുകരണം മറ്റു ശത്രുക്കളിൽ നിന്ന് ഇവയെ രക്ഷിക്കുമ്പോൾ, മനുഷ്യരുടെ തല്ലുകൊണ്ട് മരിക്കാനാണ് ഇവർക്ക് വിധി.

    “മനുഷ്യരുടെ ജീവന് ഒരു വിലയുമില്ലേ “, എന്നാണ് ചോദ്യമെങ്കിൽ, ഉണ്ട് സുഹൃത്തേ. പക്ഷെ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ മറ്റൊരു ജീവൻ നശിപ്പിക്കണമെന്നില്ലല്ലോ. ഒരു പാമ്പിനെ കണ്ടാൽ, അത് നിങ്ങൾക്കൊരു ഭീഷണിയാണെന്ന് തോന്നിയാൽ പാമ്പിനെ അവിടെ നിന്നും മാറ്റാനായി ധാരാളം വിദഗ്ദ്ധ സന്നദ്ധപ്രവർത്തകർ നമുക്കിടയിലുണ്ട് (പാമ്പിനെ പൊക്കിപ്പിടിച്ചും ഉമ്മവച്ചും നാട്ടുകാർക്ക് മുന്നിൽ show കാണിക്കുന്നവരെ അല്ല, അത്തരക്കാർ സഹായത്തേക്കാളുപരി പാമ്പുകളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമായി പാമ്പുകളെ രക്ഷിക്കുന്നവർ ഉണ്ട്).

    വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം അവയെ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്ന വസ്തുത നിലനിൽക്കുമ്പോഴും അവയെ പ്രദർശിപ്പിച്ചു സർക്കസ്സ് നടത്തി പീഡിപ്പിച്ചു കയ്യടി വാങ്ങുന്നവർ ഒരുപാട് ഉണ്ട്. അത്തരത്തിലുള്ള ആളുകളിൽ ഒരാൾ അടുത്തിടെ ഒരു കൊലപാതകത്തിൽ ഉൾപ്പെട്ടതും മറ്റൊരാൾ തിരുവനന്തപുരത്ത് അഭ്യാസത്തിനിടെ കടിയേറ്റ് മരണപ്പെട്ടതിനും നമ്മൾ സാക്ഷിയാണ്. ഒരുപക്ഷേ ഇതിന്റെയൊക്കെ ഭാഗമായാകണം വനം വകുപ്പ് ഇതിനായി ഗൈഡ്‌ലൈൻ ഇറക്കുവാനും അവർക്കായി ലൈസൻസ് ഏർപ്പെടുത്തുവാനും തീരുമാനിച്ചത്. അത് പ്രകാരം ആർക്കും പാമ്പുകളെ വച്ചു അഭ്യാസപ്രകടനങ്ങൾ നടത്തുവാനോ ലൈസൻസ് ഇല്ലാതെ പിടിക്കുവാനോ സാധിക്കില്ല. വനം വകുപ്പിൽ അറിയിച്ചാൽ ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നു പാമ്പിനെ അവിടെ നിന്ന് മാറ്റുന്നതായിരിക്കും. “ഇതിലും എളുപ്പം ഇതിനെ കൊല്ലുന്നതല്ലേ ” എന്നാണെങ്കിൽ, വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പാമ്പുകളെ ഉപദ്രവിക്കുന്നതും വളർത്തുന്നതും കൊല്ലുന്നതും കൊന്നതിന്റെ ചിത്രം പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാവകുപ്പു പ്രകാരമുള്ള കുറ്റമാണ്. ജയിലിലെ സുഖവാസം നിങ്ങളെ കാത്തിരിക്കുന്നു!

    Red Sand Boa | Photo: Surya Narayanan

    പാമ്പിന് ചെവി കേൾക്കാമോ
    പാമ്പുകളെപ്പറ്റി ധാരാളം അന്ധവിശ്വാസങ്ങൾ പണ്ടുമുതലേ പ്രചരിക്കുന്നുണ്ട്. കാവുകളിൽ പാമ്പുകൾക്ക് നൂറും പാലുമാണ് കൊടുക്കുന്നതെന്നും പഴങ്ങൾ കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നവർ ഏറെയാണ്‌. വാസ്തവത്തിൽ മാംസഭോജികളായ പാമ്പുകൾക്ക് പാലും പഴങ്ങളും ഒന്നും ദഹിപ്പിക്കാനുള്ള കഴിവില്ല. എലികൾ ആണ് ചേരയുടെയും മൂർഖന്റെയുമൊക്കെ ആഹാരം. കേൾവിശക്തി കൂടിയ ആളുകളെ “അയാൾക്ക് പാമ്പിന്റെ ചെവിയാണ് ” എന്നാണ് വിശേഷിപ്പിക്കുക. എന്നാൽ പാമ്പുകൾക്ക് ബാഹ്യ കർണ്ണങ്ങൾ ഇല്ലാത്തതിനാൽ വായുവിൽക്കൂടിയുള്ള ശബ്ദം കേൾക്കാൻ കഴിയില്ല. എന്നാൽ ഭൂമിയിൽക്കൂടിയുള്ള കമ്പനങ്ങൾ ഇവർക്ക് വാരിയെല്ലുകൾ വഴി തിരിച്ചറിയാൻ സാധിക്കും. “കാലുകൾ അമർത്തി ചവിട്ടി നടക്കുകയാണെങ്കിൽ പാമ്പ് കടിക്കില്ല” എന്ന ചൊല്ല് പാമ്പുകൾ ആ കമ്പനം ഭൂമിയിൽകൂടി തിരിച്ചറിഞ്ഞു അവിടെ നിന്ന് മാറി പോകുന്നതിനാൽ വന്നതാണ്. ഇതുപോലെ പാമ്പാട്ടിയുടെ മകുടി ശബ്ദം ഇവർക്ക് കേൾക്കാൻ സാധിക്കില്ല. എന്നാൽ മകുടിയുടെ അനക്കത്തിനൊത്ത് പാമ്പ് അനങ്ങുമ്പോൾ പാമ്പ് ശബ്ദം കേട്ടാണ് ആടുന്നതെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു. പാമ്പ് പക പോക്കുന്നവരാണെന്നാണ് പരക്കെയുള്ള മറ്റൊരു വിശ്വാസം. പാമ്പിനെ ഉപദ്രവിച്ചു വിട്ടാൽ അത് പിന്നീട് തിരിച്ചു വന്നു ഉപദ്രവിക്കുമെന്നും ഇണയെ കൊന്ന മനുഷ്യനെ പാമ്പ് തേടി പിടിച്ചു കൊല്ലുമെന്നും ഒക്കെ ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പാമ്പുകൾക്ക് മനുഷ്യനെപ്പോലെ വികസിച്ച ബുദ്ധിയില്ല. മാത്രമല്ല പാമ്പുകൾക്ക് ജീവിതത്തിൽ നിരവധി ഇണകൾ ഉണ്ടാകും. പ്രതികാരരൂപിയായ പാമ്പ് മനുഷ്യന്റെ ഭാവന മാത്രമാണ്. ചേരയുടെ വാലിൽ വിഷമുണ്ടെന്നും ചേര ചെവിയിൽ ഊതുമെന്നും വാല് കൊണ്ട് കുത്തുമെന്നും ഒക്കെ കഥകൾ നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ചേരകൾ വിഷമില്ലാത്ത പാമ്പുകളാണ്. അറിയാതെ ചവിട്ടിയാൽ ചേര വാലിട്ടടിക്കുന്നതിനാൽ ആളുകൾ ഉണ്ടാക്കിയ കഥയാണിത്. മറ്റൊരു വിശ്വാസം തലയിൽ കോഴികളെപ്പോലെ പൂവുള്ള “കരിങ്കോളി” പാമ്പാണ്. ഇത്തരത്തിൽ ഒരു പാമ്പ് ഒരിടത്തും കാണപ്പെടുന്നില്ല. സമൂഹമാധ്യമങ്ങളിൽ എപ്പോഴും പ്രചരിക്കുന്നതാണ് അഞ്ചു മുതൽ ആയിരം തലകൾ ഉള്ള പാമ്പിന്റെ ചിത്രങ്ങൾ. പ്രകൃതിയിൽ ജനിതക പ്രശ്നങ്ങൾ മൂലം രണ്ടുതലയുള്ള പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽക്കൂടുതൽ തലയുള്ള പാമ്പുകളെല്ലാം വെറും ഫോട്ടോഷോപ്പ് വിദ്യ മാത്രമാണ്. രണ്ട് തലയുള്ള ഇരുതലമൂരി (Red sand boa) ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിച്ചു ഇവയെ അനധികൃതമായി കടത്തി വലിയ വിലയ്ക്ക് വിൽപ്പന നടത്തുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇരുതലമൂരിയുടെ വാല് ഉരുണ്ടിരിക്കുന്നതിനാൽ രണ്ട് തലയുള്ളതായി തോന്നുന്നതാണ്. ഇത് ഐശ്വര്യം കൊണ്ടുവരും എന്ന് പറയുന്നത് ശുദ്ധതട്ടിപ്പാണ്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും മറ്റും പ്രതിപാദിച്ചിരിക്കുന്ന നിരവധി തലയുള്ള പാമ്പുകൾ, മാണിക്യം ചൂടിയ നാഗങ്ങൾ തുടങ്ങിയവയൊക്കെ ആരാധനക്ക് വേണ്ടിയുള്ള മനുഷ്യരുടെ സങ്കല്പങ്ങൾ മാത്രമാണ്.

    Saw scaled Viper | Photo : Rajkumar KP

    പാമ്പു കടിയേറ്റാൽ ആന്റിവെനം മാത്രം
    പാമ്പുകടിയേറ്റാൽ എന്ത്‌ ചെയ്യണം എന്നതിൽ ഇപ്പോഴും സംശയമുള്ളവരുണ്ട്. വിഷഹാരി, വിഷവൈദ്യൻ, പാമ്പിനെക്കൊണ്ട് വിഷം ഇറക്കൽ തുടങ്ങിയവയൊക്കെ തട്ടിപ്പാണ്. “വിഷവൈദ്യം ഫലിക്കുന്നുണ്ട്” എന്ന് പറഞ്ഞാൽ, വിഷമില്ലാത്ത പാമ്പ് കടിച്ചിട്ട് വൈദ്യം നടത്തുന്നതുകൊണ്ട് രോഗികൾ രക്ഷപ്പെടുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാമ്പിന്റെ വിഷം പച്ചമരുന്ന് കൊണ്ട് ഭേദമാക്കാൻ പറ്റുന്നതല്ല. രക്തം വായ് കൊണ്ട് വലിച്ചെടുത്തു കളയുന്നതോ തീ ഉപയോഗിച്ച് മുറിവായ കരിക്കുന്നതോ മാന്ത്രിക വിദ്യകളോ ഒന്നും വിഷം ശമിപ്പിക്കില്ല. വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ ഉടനെ ആധുനിക ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അവയവങ്ങൾ മുറിച്ചുകളയാനോ രോഗി മരണപ്പെടാനോ തന്നെ സാധ്യതയുണ്ട്. മറ്റൊരു തെറ്റായ പ്രവണത മുറിവിലേയ്ക്കുള്ള രക്തയോട്ടം നിർത്താനായി തുണിവച്ചു കെട്ടുന്നതാണ്. രക്തയോട്ടം നിലച്ചു കോശങ്ങൾ മരിച്ചാൽ ആ ഭാഗം പിന്നെ മുറിച്ചു കളയാനേ സാധിക്കൂ. രക്തയോട്ടം നിർത്തുന്നതിന് പകരം ഒരു കമ്പോ മറ്റോ വച്ചുകെട്ടി ആ ഭാഗം അനക്കാൻ പറ്റാത്ത അവസ്ഥയിലാക്കി രോഗിയെ സ്‌ട്രെച്ചറിൽ കിടത്തിക്കൊണ്ട് പോകുന്നതാണ് ശരിയായ രീതി.

    ‘Big Four’ പാമ്പുകളുടെ വിഷത്തിന് ഫലപ്രദമായ ആന്റിവെനം” സർക്കാർ താലൂക്ക് ആശുപത്രികൾ മുതൽ ലഭ്യമാണ്. ഏതു പാമ്പ് കടിച്ചാലും ഈ നാലു ഇനങ്ങൾക്കുമുള്ള ആന്റിവെനം ഒരുമിച്ച് രോഗിയിൽ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. അതിനാൽ പാമ്പ് കടിച്ചാൽ ആ പാമ്പിനെ കൊന്നോ പിടിച്ചോ ആശുപത്രിയിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. വിഷമില്ലാത്ത പാമ്പ് കടിച്ചാൽ പ്രശ്നമില്ലല്ലോ എന്ന് ചിന്തിച്ചാലും അബദ്ധമാകും. പ്രകൃതിയിൽ കാണുന്ന എല്ലാ ജീവികളുടെയും വായ ബാക്റ്റീരിയകളാൽ നിറഞ്ഞതാണ്. കടിച്ച ഭാഗത്തു രോഗസംക്രമണത്തിനും(Infection) പഴുക്കാനും സാധ്യതയുള്ളതിനാൽ ഏത് പാമ്പ് കടിച്ചാലും ചികിത്സ ചെയ്യുന്നതാണ് അഭികാമ്യം.

    Snake rescue | Joju Mukkattukara

    ജൂലൈ16, പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുകളെപ്പറ്റി ആളുകളെ ബോധവൽക്കരിക്കുന്നതിനും ‘ലോക പാമ്പുദിന’മായി ആചരിക്കപ്പെടുന്നു. ഓരോ ആവാസവ്യവസ്ഥയിലും പാമ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷ്യ ശൃംഖലയിൽ താഴത്തെ കണ്ണികളായ കീടങ്ങൾ ഉൾപ്പെടെയുള്ള ചെറിയ ജീവികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനോടൊപ്പം മറ്റു വലിയ ജീവികളുടെ ആഹാരമായും പാമ്പുകൾ മാറുന്നു. മലനിരകൾ, വിളനിലങ്ങൾ, കുളങ്ങൾ മുതൽ കടലുകളിൽ വരെ പാമ്പുകൾ അധിവസിക്കുന്നു. മനുഷ്യന്റെ മിത്രങ്ങളായ ഇവരും ഭൂമിയുടെ അവകാശികൾ തന്നെയാണ്. അടുത്ത ഒരു വടി എടുക്കാൻ ഒരുങ്ങുമ്പോൾ ഇതൊരു പുനർചിന്തനമാകട്ടെ

    Tags: Common Krait, Hump-nosed Pit-viper, Indian Cobra, Russell's Viper, Saw-scaled Viper, Snakes, അണലി, ചുരുട്ട മണ്ഡലി, മൂർഖൻ, വെള്ളിക്കെട്ടൻ

    Related Stories

    ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും

    ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത 'ചോലനായ്ക്ക'ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്.

    മനുഷ്യന്‍റെ വനനിയമങ്ങള്‍!

    മനുഷ്യ കേന്ദ്രീകൃത ചിന്തകളിൽ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്പിന് ഈ ഒരു തുണ്ടു ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയിൽ മൃഗങ്ങൾ ചെയ്ത പാതകമെന്തെന്ന് ചിന്തിക്കേണ്ട സമയമാണിത്. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ തന്‍റെ സൗകര്യങ്ങള്‍ക്കായി മാറ്റിയെഴുതിയതിന്‍റെ ചരിത്രം..

    കാലാവസ്ഥാ മാറ്റവും ഭക്ഷ്യസുരക്ഷയും: മാറുന്ന ലോകത്തെ പരമ്പരാഗതകൃഷി സാദ്ധ്യതകള്‍

    മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷിയുള്ള വിത്തിനങ്ങളും, തദ്ദേശീയ കാര്‍ഷിക വിജ്ഞാനവും ആധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് കൃഷി വികസിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കെ.പി.ഇല്യാസ് എഴുതുന്നു...

    Koodu Magazine
    Nanma Maram
    Contact

    E-Mail:koodumasika@gmail.com


    Sitemap
    • About
    • Editorial
    • Cover Story
    • Columns
    • Featured Stories
    • Gallery
    • News
    • Testimonials
    • E-Magazine
    • Feedback

    Columns
    • സസ്യജാലകം (3)
    • ശലഭചിത്രങ്ങൾ (15)
    • ഉരഗങ്ങൾ (2)
    • ചിറകടികൾ (3)
    • ഉഭയജീവികൾ (3)
    • സസ്തനികൾ (6)
    • ജൈവവിസ്മയം (3)
    • മത്സ്യലോകം (2)
    • വൈദ്യശാല (1)
    • യാത്രക്കാരൻ (6)
    • തുമ്പികൾ (5)

    Most Read
    • കടുവ
    • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
    • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
    • പാഠം ഒന്ന്; പച്ച
    • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
    • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
    • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
    • ഹിമശൈല സൈകതഭൂമിയിൽ…
    • ഗരുഡശലഭം
    • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
    © 2021 Copyright Koodu Nature Magazine