അതീവ വേഗതയിലായിരുന്നു നമ്മൾ. ഭൂമി നമ്മുടെ മാത്രമാണെന്ന് അഹങ്കരിച്ചിരുന്നവർ.
തങ്ങൾ കെട്ടിയുയർത്തിയ സാമ്രാജ്യങ്ങൾ ഉത്തമമാണെന്നും എക്കാലവും നിലനിൽക്കുമെന്നും നാം ധരിച്ചു. ദൈവങ്ങളിലും ജാതി മതങ്ങളിലും നാം ഊറ്റം കൊണ്ടു. ഭൂലോകം മനുഷ്യന്റെ കൈപ്പിടിയിലാണെന്നും തങ്ങളാണവകാശികൾ എന്നും മനുഷ്യൻ ധരിച്ചു. ഒന്നിനും നേരമില്ലാത്ത വർത്തമാനകാല ചൂടിലേക്ക്, മനുഷ്യനുണ്ടാക്കിയ ചില്ലു കൊട്ടാരങ്ങളുടെ സ്വപ്ന സുവര്‍ണ്ണതയിലേയ്ക്ക് അരൂപിയായ ‘കൊറോണ’ കടന്നുവന്നു. ആരവങ്ങളില്ലാത്ത, സഞ്ചാരത്തിന് നിമിഷാർദ്ധത പോലും ആവശ്യമില്ലാത്ത ചെറു വൈറസ്. സമ്പര്‍ക്കങ്ങളിലൂടെ പകർന്ന് ശീതക്കാറ്റ് പോലെ ജീവനെ പൊതിഞ്ഞ്, പിന്നെ മരണത്തിന്റെ നനുത്ത സ്പർശം തരുന്ന മഹാമാരിയായി കൊറോണ മനുഷ്യനിലേക്ക് പടർന്നുകയറി.
അഹങ്കരിക്കാൻ ഒന്നുമില്ല. കോവിഡ്-19 എന്ന് നാമകാരണത്തിൽ നാം വിറ കൊള്ളുകയാണ്.
ഭൂമിയിലെ സകല ചരാചരങ്ങളെയും പോലെ ഒരു ജീവിവർഗം മാത്രമാണ് നാം. പ്രകൃതിക്ക് കൃത്യവും ക്രമവുമായ നിയമങ്ങളുണ്ട്. ഓരോ ജീവിവർഗ്ഗത്തിനും അവശേഷിപ്പുകളും അതിജീവനങ്ങളും പ്രകൃതിയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് മാത്രമാണ്. പ്രകൃതിക്ക് അനുസൃതമായി ജീവിക്കുക. ആകാശവും ഭൂമിയും വായു മണ്ഡലവും അനാദിയായി നിലകൊള്ളുന്നു. കാലപ്രവാഹത്തിൽ, ഭൂമണ്ഡലത്തിൽ ജീവൻ പൊട്ടിമുളച്ചു. ഉയിർകൊണ്ട ജീവൻ പ്രകൃതിയോടിണങ്ങി ജീവജാലങ്ങളായി, വർഗ്ഗങ്ങളായി, ജീവസമൂഹങ്ങളായി മാറി. സവിശേഷഗുണങ്ങളുള്ള മനുഷ്യവംശം അധീശത്വം പ്രാപിച്ച്, എല്ലാം തന്റെ, തന്റെയെന്നോർത്ത്, ഭൂലോകം കീഴടക്കിയെന്നഹങ്കരിച്ചു. ചിലപ്പോൾ പ്രകൃതി നൽകുന്ന തിരുത്തൽ പാഠങ്ങളെ മനുഷ്യൻ അവഗണിച്ചു. മറക്കാനാവാത്ത ചില പാഠങ്ങളെ മനസ്സിലാക്കി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. അത്തരം പ്രതിരോധങ്ങളിൽ ഒന്നാണ് കൊറോണ ആവേശിച്ച ഈ കാലഘട്ടത്തിൽ നാം തീര്‍ക്കേണ്ടത്.
നമ്മുടെ തിരക്കുകളെ വീട്ടിനുള്ളിൽ അല്ലെങ്കിൽ നിശ്ചിത വലയത്തിനുള്ളിൽ തളച്ചിടാൻ വൈറസിന് കഴിഞ്ഞിരിക്കുന്നു. യാന്ത്രികമായ ജീവിതപാന്ഥാവിൽ നിന്നും തന്നിലേക്ക് സ്വയം നോക്കുവാൻ ഒരവസരം കൊറോണയാൽ തെളിഞ്ഞു വന്നിരിക്കുന്നു. പ്രകൃതിയാണ് നിയാമകൻ എന്ന് മനുഷ്യവർഗ്ഗത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് പറയാതെ പറയുന്നു. സാമൂഹിക അകലപാലനത്തെത്തുടർന്ന്, തെരുവീഥികളൊഴിഞ്ഞ്, പൊതുവിടങ്ങളെ വിജനമാക്കി, ശബ്ദായമാനമായ ഫാക്ടറികളും, യന്ത്രങ്ങളും വാഹനങ്ങളും നിശ്ചലമാക്കി സ്വയം ചുരുങ്ങി നാം നിശബ്ദമാവുമ്പോൾ, ഈ മാറ്റങ്ങൾ വ്യക്തതയുള്ള ചില കാഴ്ചകൾ സമ്മാനിക്കുന്നു. അനന്തമായ നീലിമയുള്ള ആകാശപ്പരപ്പ്, പക്ഷികളുടെ കൂട്ടം ചേർന്നുള്ള പറക്കൽ, ആകാശഗർഭങ്ങളിൽ പുകച്ചുരുളുകളുടെ കാളിമയകന്നുപോകുന്നു, ജലസ്രോതസ്സുകൾ കൂടുതൽ തെളിവാർന്നു വരുന്നു. നദികളുടെ സൗന്ദര്യത്തിന് മാറ്റേറുന്നു. നാം വീട്ടിലിരിക്കെ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചറിയുന്നു. എല്ലാം പുതിയ തിരിച്ചറിവുകളാണ്.
വ്യക്തിശുചിത്വം, പൊതുശുചിത്വം, ഉറവിട മാലിന്യസംസ്കരണം, പെരുമാറ്റങ്ങളിലെ പൗരബോധം, സാമൂഹ്യ പ്രതിബദ്ധ ഇങ്ങനെ നമ്മളിൽ പുതിയ സദ്ഗുണ ശീലങ്ങൾ വളർന്നുവരാൻ ‘ലോക്ക്ഡൌണിൽ’ തളക്കപ്പെട്ട കോവീഡിയൻ കാലഘട്ടം വേണ്ടിവന്നു. എക്കാലവും സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശക്തമായി പ്രേരിപ്പിക്കുന്ന പൗരബോധത്തിന്റെ കുറവ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കൊറോണ പടർന്ന് പിടിക്കുമ്പോൾ പോലീസിന്, സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഠിനപ്രയത്നം ചെയ്യേണ്ടി വരുന്നതിനോടൊപ്പം ജനങ്ങളെ ബോധവൽക്കരിക്കേണ്ട ചുമതല കൂടിയുണ്ടായിരുന്നു.
കൊവിഡിനെ കീഴടക്കുക എന്നത് കൂട്ടായ ശ്രമമാണ്. ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് പൊതുനന്മക്കു കൂടി വേണ്ടിയാണെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട കാര്യങ്ങളും ആവർത്തിച്ചാവർത്തിച്ച് ജനങ്ങളിലേക്കെത്തിക്കാൻ പോലീസ് ശ്രമിക്കുകയും അത് വിജയം കാണുകയും ചെയ്തു. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത്, വില്ലേജ് ജീവനക്കാർ, പൊതുപ്രവർത്തകർ, ജീവകാരുണ്യ സംഘടനകൾ ഇവർക്കൊപ്പം അല്ലെങ്കിൽ അപകടകരമായ സാഹചര്യങ്ങൾ വെച്ചുനോക്കിയാൽ ഒരുപടി മുന്നിലായും പോലീസ് സേവനനിരതരായി. രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമൊപ്പം ആരോഗ്യ പ്രവർത്തകർ പല പല “സ്വഭാവങ്ങളെ” നേരിടേണ്ടി വരുമ്പോൾ അവർക്ക് അവർക്ക് താങ്ങായും സുരക്ഷയൊരുക്കിയും പരിമിതമായ സുരക്ഷാ കവചങ്ങളുമായി പോലീസ് സേന നിലകൊണ്ടു. ‘ലോക്ക്ഡൌണിൽ’ മരവിച്ചുപോയ സമൂഹത്തിന്റെ താളഭംഗങ്ങളെ നന്മയുള്ള ഒട്ടേറെ ശ്രമങ്ങൾ കൊണ്ട് പോലീസ് ശ്രുതിപൂർണ്ണതയുള്ളതാക്കി മാറ്റി. എണ്ണിയെണ്ണി പറഞ്ഞാലും തീരാത്ത എത്രയോ സേവനോന്മുഖപ്രവർത്തനങ്ങൾ…
പോലീസിനൊപ്പം അഗ്നിശമനസേനയും തങ്ങളാലാവുന്ന നന്മയുടെ വിത്തുകൾ ജനഹൃദയങ്ങളിലേക്കെറിഞ്ഞു. പുതിയൊരു സാംസ്കാരിക മാറ്റം കേരളീയ ജനത ഉള്‍ക്കൊള്ളുകയായിരുന്നു. അതിജീവനത്തിനായുള്ള പോരാട്ടമാണിതെന്ന് ഓരോ പൗരനും ഉള്ളിൽ തിരിച്ചറിഞ്ഞ് പാകപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം ജനങ്ങളിലും നിയമവിധേയത്വം പ്രകടമായിരുന്നു. വളരെ ചുരുങ്ങിയ എതിര്‍സ്വരങ്ങളെ, ലംഘനപ്രവർത്തികളെ, നിസ്സാരമായി കാണാവുന്നതേയുള്ളൂ. ഓരോ പ്രവിശ്യയും, ദേശങ്ങളും, സംസ്ഥാനങ്ങളും, രാഷ്ട്രങ്ങളും നിലനിൽപ്പിനായുള്ള തന്ത്രങ്ങളും മുറകളും മെനഞ്ഞെടുക്കുകയായിരുന്നു.
ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, രോഗവ്യാപനം ഇല്ലാതാക്കാൻ ചെയ്യേണ്ട മുൻകരുതലുകൾ ഇതിനെക്കുറിച്ചൊക്കെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പിനും പോലീസിനും മാധ്യമങ്ങൾക്കും കഴിഞ്ഞു. കൊവിഡിനെ കീഴടക്കാൻ എല്ലാവരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്നു. ക്രമസമാധാനപാലനത്തിലും ഒപ്പം ജനസേവന കർമ്മരംഗത്ത് ശക്തമായി സാന്നിധ്യമായി നിലകൊണ്ട പോലീസിനെ സഹായിച്ചും തളരാതെ താങ്ങിയും സമൂഹത്തിന്റെ പലതട്ടിലുള്ളവരും മടികൂടാതെ മുന്നിട്ടിറങ്ങി. പൊരിവെയിലത്ത് ഡ്യൂട്ടി നിർവഹിക്കുമ്പോൾ ലഭിക്കുന്ന ഒരു കുപ്പി വെള്ളം, ഭക്ഷണമില്ലാതെ മണിക്കൂറുകളോളം ഒരേ നിൽപ്പ് തുടരുമ്പോൾ ലഭിക്കുന്ന ഒരു ഇരിപ്പിടം, ഒരു പൊതിച്ചോർ, ഒരു ഗ്ലാസ് ജ്യൂസ് എല്ലാം പോലീസുകാരന് മധുരമുള്ളതാകുന്നു, സ്നേഹം പുരണ്ടതാകുന്നു. യാതൊരു നിർബന്ധങ്ങളുമില്ലാതെ തനിക്കു നേരെ നീളുന്ന സ്നേഹനുറുങ്ങുകൾ ശമിപ്പിക്കുന്നത് വിശപ്പു മാത്രമല്ല അത് ജ്വലിക്കുന്നത് തന്റെ ആത്മവിശ്വാസത്തെയാണെന്ന് കാക്കിക്കുള്ളിലെ ബോധ്യപ്പെടലാകുന്നു. സമൂഹനന്മയ്ക്കായി ഉയർന്നുവന്ന ഒരു ജനതയുടെ പ്രതിബദ്ധത നിറഞ്ഞ സഹവർത്തിത്വ മനോഭാവത്തിന്റെ പ്രതീകങ്ങളാണ് ഈ കാഴ്ചകൾ എന്ന് കാലം അടിവരയിട്ടു പറയുന്നു.
കാക്കിയുടുപ്പിനുള്ളിൽ കാരുണ്യം കനലായി ജ്വലിക്കുന്നുണ്ടെന്ന് കൊവീഡിയൻ കാല തിരിച്ചറിവായിരുന്നു. രോഗവ്യാപനം തടയുവാൻ അടച്ചിടൽ (ലോക്ക്ഡൌണ്‍) ഫലപ്രദമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. അടച്ചിടലിൽ നാം നിഷ്ക്രിയരാവുകയല്ല ചെയ്തത് – സക്രിയമായ പൊതുപ്രവർത്തനം നടത്തുകയാണ് ചെയ്തത്. കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിൻ, സമൂഹ അടുക്കള തുടങ്ങിയ പദ്ധതികൾ വലിയ ജനാഭിപ്രായം നേടുകയും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ സഹകരണം ലഭിക്കുകയും ചെയ്തു. ഇതിനിടയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുന്നിട്ടിറങ്ങാൻ കേരള പോലീസിന് കഴിഞ്ഞു. സാമൂഹിക അകലപാലനവും, വ്യക്തിശുചിത്വവും, പൊതുയിടങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളും അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞു മനസ്സിലാക്കുന്നതിനും അവരെ അനുസരിപ്പിക്കുന്നതിനും പോലീസ് പല തന്ത്രങ്ങളും സ്വീകരിച്ചു. പഞ്ചായത്തുമായി ചേർന്നും ജീവകാരുണ്യ സംഘടനകളുടെ സഹായത്തോടെയും ഭക്ഷ്യവസ്തുക്കളും മരുന്നുകളും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കാനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിന് നിരന്തര സന്ദർശനം നടത്തിയും സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചും അന്യസംസ്ഥാന തൊഴിലാളി വൈകാരികതയെ നമ്മളൊന്നായി രോഗത്തെ നേരിടും എന്ന പൊതുധാരണയിലേക്ക് വഴി മാറ്റാനും പ്രതീക്ഷകൾ ഉയർത്താനും പോലീസിനു കഴിഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രധാനമായ കാര്യം പുതുതായി നാം പാലിക്കുന്ന ശീലങ്ങളും മാറ്റങ്ങളും തുടർന്നു വരേണ്ടതും പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിക്കാത്തതുമാണ്. നാം കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുമ്പോഴും വൈറസുമായുള്ള സഹജീവിതം ഏതെങ്കിലുമൊക്കെ കോണിൽ നിലനിൽക്കുകയും പിന്നീട് പ്രകൃതിതന്നെ പിൻവാങ്ങലിനൊരുങ്ങുകയും ചെയ്യും. പ്രകൃതി മനുഷ്യന്റെ അതിജീവനശ്രമങ്ങളെ ഉൾക്കൊള്ളാനും നിലനിർത്താനും ശ്രമിക്കുന്നുണ്ട്. തിരിച്ചടികളിൽ നിന്ന് നാം പാഠം ഉൾക്കൊള്ളുന്നുണ്ടെന്ന് നമ്മെ നിലനിർത്തുന്ന പ്രകൃതിയുടെ വിശ്വാസം, ധാരണകൾ.
ഡോ: സിഡ്നി ബ്രെമര്‍ പറയുന്നു.
പ്രകൃതി എപ്പോഴും സന്തുലിതാവസ്ഥയിലാണ്, നമുക്ക് ഒരിക്കലും അതിനെ മറികടക്കാൻ കഴിയില്ല.
കാര്യത്തിന്റെയും കാരണത്തിന്റെയും നിയമമാണ് കർക്കശവും കൃത്യവുമായ പ്രകൃതിനിയമം.