• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Cover Story
May 2017

Home » Cover Story » കുന്നോർമ്മകൾ

കുന്നോർമ്മകൾ

വി.സി. ബാലകൃഷ്ണൻ

പർവ്വതശിഖരങ്ങളിലെ ആവാസം മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ അഞ്ജനമണിയിക്കുമെന്ന് അമേരിക്കൻ തത്ത്വചിന്തകനായ ജോർജ്ജ് സന്തായന പറയുകയുണ്ടായി (George Santhayana 1863-1952). പർവ്വതങ്ങളുടെ ഉച്ചിയിലും മലകളുടെ കൊടുമുടിയിലും കുന്നുകളുടെ തലപ്പത്തും കയറിപ്പറ്റുക എന്നത് മനുഷ്യമനസ്സിന്റെ ഉന്നതിയിലേക്കുള്ള അഭിവാഞ്ഛയെയാണ് സൂചിപ്പിക്കുന്നത്. ഇൗ അഭിവാഞ്ഛ കൊണ്ടാണോ എന്നറിയില്ലെങ്കിലും യൗവ്വനകാലത്തെ എന്റെ സായാഹ്ന യാത്രകൾ പലപ്പോഴും കുന്നുകളിലേക്കായിരുന്നു. ഞങ്ങളുടെ നാട്ടിലെ മിക്കവാറും എല്ലാ കുന്നുകളും അതുകൊണ്ടുതന്നെ എനിക്ക് ഏറെ പരിചിതമായിരുന്നു. കീ(ഴ)റക്കുന്നും പാടിക്കുന്നും കാരക്കുന്നും തണ്ണൂപ്പാറയും തവളപ്പാറയും ഞങ്ങൾ സ്ഥിരമായി കയറിയിറങ്ങി. ഇവയിൽ അധികം പോറലേൽക്കാതെ ഇന്നും ബാക്കി നിൽക്കുന്നത് തണ്ണൂപ്പാറയാണ്. വേനൽക്കാലത്തും വറ്റാതെ നിന്നിരുന്ന തണ്ണൂപ്പാറയിൽ അവശേഷിച്ചിരുന്ന വെള്ളക്കെട്ടിനടുത്ത് ചക്കിപ്പരുന്തുകളും (Black Kites) ചെമ്പരുന്തുകളും (Brahminy Kites) ദാഹമകറ്റുന്നത് കാണാമായിരുന്നു.

തെയ്യക്കാലമാകുന്നതോടെയാണ് തണുപ്പു തുടങ്ങുക. തണുപ്പുകാലത്തെ സന്ധ്യകൾക്കും ഇരവുകൾക്കും പാലപ്പൂവിന്റെ ഗന്ധമായിരുന്നു. ഏഴിലംപാലയാണ് ശീതകാലത്തിന്റെ വരവറിയിക്കുന്നത്. അതോടൊപ്പം വിവിധയിനം മാവുകളും. ഡിസംബർ മാസമാകുന്നതോടെ കുന്നുകളുടെ ഉച്ചിയിലും ചെരിവുകളിലും സ്വർണ്ണനിറമാർന്ന നെയ്പ്പുല്ലുകൾ (Dimeria) വളർന്ന് പൂത്തുനിൽക്കുന്നുണ്ടാകും. മുൻകാലങ്ങളിൽ ഒാലയും നെയ്പ്പുല്ലുമായിരുന്നു പുരമേയാനുപയോഗിച്ചിരുന്നത്. അതിനാൽ ഇവയെ പുരപ്പുല്ലെന്നും വിളിച്ചിരുന്നു. നെയ്പ്പുല്ലുകളിൽ വെറുതെ മലർന്ന് ആകാശം നോക്കിക്കിടക്കുകയോ ഏതോ ഉൾപ്രേരണയിലെന്നവണ്ണം വീണുതളരുകയോ ചെയ്യുന്നത് ഞങ്ങളുടെ പതിവായിരുന്നു. അപ്പോൾ താഴ്വരയിലെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് നാടൻ കാൽപ്പന്തുകളിക്കാരുടെ ആരവങ്ങൾ കേൾക്കാം. വൈകുന്നേരം 4-5 മണിയോടെ തുടങ്ങുന്ന ഞങ്ങളുടെ കുന്നുകയറ്റം ചിലപ്പോൾ രാത്രിവരെ നീളും. തെളിഞ്ഞ, നിലാവുള്ള, നനുത്ത കുളിരുള്ള രാത്രികളിൽ തവളപ്പാറയുടെയോ, കാരക്കുന്നിന്റെയോ നെറുകയിലിരുന്ന് ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്നു. ഒരുപക്ഷേ, ഇന്ത്യൻ വിപ്ലവം എങ്ങനെ പൂർത്തീകരിക്കാനാവുമെന്നോ നാട്ടിൽ എന്തെല്ലാം അതിനായി ചെയ്യാൻ കഴിയുമെന്നോ വെറുതെ തർക്കിക്കുമായിരുന്നു. പാതിരാത്രിയോടെ വീട്ടിൽ തിരിച്ചെത്തുമ്പോൾ എനിക്കുള്ള അത്താഴവും അടച്ചുവെച്ച് അമ്മയും മറ്റും ഉറക്കമായിട്ടുണ്ടാകും.

കാരക്കുന്നിലേക്കും തവളപ്പാറയിലേക്കുമുള്ള യാത്ര പാടം മുറിച്ചുകടന്നായിരുന്നു. മൂന്നുവിളവുകൾ എടുത്തിരുന്ന ഇൗ പാടം പുഞ്ചവയൽ എന്നറിയപ്പെട്ടു. പുഞ്ചവയലിൽ നിന്ന് കാരക്കുന്നിലേക്കുള്ള ചെരിവുകളിലായിരുന്നു ദളിത് വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ കോളനി. ജനുവരി-്രെബഫുവരി മാസങ്ങളാണെങ്കിൽ വിളഞ്ഞുനിൽക്കുന്ന നെൽച്ചെടികൾക്കിടയിൽ പതുങ്ങിനീങ്ങുന്ന കാട്ടുപൂച്ചകൾ ഞങ്ങളുടെ കാലൊച്ച കേട്ടാൽ പിന്നെ അതിവേഗത്തിൽ ഒരോട്ടമാണ്. ഒാടിയൊളിക്കുന്നത് വയലിൽ തന്നെയാണെങ്കിലും പിന്നെ അതിന്റെ ‘പൊടി’ പോലും അപ്പോൾ കണ്ടുപിടിക്കാൻ കഴിയില്ല. പൂവാണ്ടൻ പൂച്ചയെന്നും മൂവാണ്ടൻ പൂച്ചയെന്നും ഞങ്ങളതിനെ വിളിച്ചു. വീട്ടുപൂച്ചകളും ചിലപ്പോൾ കാടുകയറി കാട്ടുപൂച്ചയാകാറുണ്ടത്രേ!

പുഞ്ചവയലിന്റെ നടുവിലൂടെ ചുണ്ട മുതൽ കുറ്റിക്കോൽ വരെ നീളുന്ന തോട്ടിൻവക്കത്തുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ പലപ്പോഴും ചേരയും നീർക്കോലികളും വഴിക്ക് കുറുകെ കിടന്ന് സായാഹ്നവെയിൽ കായുന്നുണ്ടാകും (വിറ്റാമിൻ ഡി അവർക്കും വേണ്ടേ എന്ന് ചോദ്യമുയരും!) ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്ന് ചന്ദ്രന്മാരിലൊരാൾ (പി.ടി. ചന്ദ്രൻ) മിന്നൽ വേഗത്തിൽ അവയുടെ വാലിൽ പിടിച്ച് ചുഴറ്റി ദൂരേക്കൊരേറ് വെച്ചുകൊടുക്കും. തോട്ടുവക്കത്ത് തെച്ചിയും (പൂതം മുറുക്കിത്തുപ്പി ചുവപ്പിച്ച തെച്ചിതന്നെ) നീർത്തിപ്പലിയും ചങ്ങലക്കാടും വളർന്നിട്ടുണ്ടായിരിക്കും. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ നേരത്തെ വായിച്ചിട്ടുള്ളതിനാൽ സുപരിചിതമായിരുന്ന അതിരാണിയും തോട്ടുവക്കത്ത് സമൃദ്ധമായി വളർന്നിരിക്കുന്നതുകാണാം.

ഒക്ടോബർ-നവംബർ മാസങ്ങളിൽ രണ്ടാം വിളയ്ക്ക് ഉഴുതുമറിച്ചിരിക്കുന്ന പുഞ്ചവയലിൽ പലയിടങ്ങളിലും വെള്ളക്കൊറ്റികളെ കാണാം. കാലിമുണ്ടി, ഇടമുണ്ടി, ചിന്നമുണ്ടി എന്നിവരായിരുന്നു അവരെന്ന് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ വായിക്കുമ്പോഴാണ് അറിയുന്നത്. ഇൗ കൊറ്റികളെയെല്ലാം പൊതുവെ വിളിച്ചിരുന്നത് വെള്ളാംകൊച്ചകളെന്നായിരുന്നു. ചിലപ്പോൾ ദേശാടകരായ മഞ്ഞവാലുകുലുക്കിയും നീർക്കാടകളും പവിഴക്കാലികളും വയലിൽ നിറഞ്ഞിരിക്കും. വയലോരങ്ങളിൽ പതുങ്ങിയിരിക്കുന്ന ചവിട്ടുകോഴികളും (സ്നൈപ്പുകൾ) ചെമ്പൻ എെബിസ്സുകളുടെ ചെറുകൂട്ടങ്ങളും കാണാറുണ്ട്. നമ്മുടെ കാൽപ്പെരുമാറ്റം (ചവിട്ട്) അടുത്തെത്തിയാൽ മാത്രം പെട്ടെന്ന് പറന്നകലുന്നതിനാലാണ് സ്നൈപ്പുകളെ ചവിട്ടുകോഴികളെന്ന് വിളിക്കുന്നത്.

ഒാണക്കാലത്ത് കുന്നുകളിൽ നിറയെ പൂക്കളായിരിക്കും. കുന്നിൻചെരിവുകളിൽ പോഷകമുള്ള കറുത്ത മണ്ണുള്ള ഇടങ്ങളിൽ കണ്ണാന്തളിപ്പൂക്കൾ കൺതുറന്നിരിക്കുന്നുണ്ടാകും. ഒാണപ്പൂവെന്ന് വിളിക്കപ്പെട്ടിരുന്ന കണ്ണാന്തളികൾ അതിമനോഹരങ്ങളായ ഒാർക്കിഡ് പുഷ്പങ്ങളെ ഒാർമ്മിപ്പിച്ചു (ഞാൻ പഠിച്ചിരുന്ന പയ്യന്നൂർ കോളേജിന്റെ പിറകിലുള്ള കുന്നുകളിലും അക്കാലത്ത് ധാരാളം കണ്ണാന്തളിപ്പൂവുകൾ ഉണ്ടായിരുന്നു). എനിക്ക് ഏറെ ഇഷ്ടമുള്ള പൂക്കളിൽ ഒന്നാണിത്. കണ്ണാന്തളിക്കുപുറമേ കടുംനീലനിറമുള്ള നാലിതളുകളുള്ള ചെറുകണ്ണാന്തളിയും (ഋഃമരൗാ ലെൈശഹല),  പുൽലില്ലിയും (കുവശഴലിശമ ശിറശരമ) പുൽച്ചെടികൾക്കിടയിലും ഒളിച്ചിരിപ്പുണ്ടാകും. ലില്ലി കുടുംബത്തിൽപ്പെട്ട ഇഫിജീനിയയുടെ പൂക്കാത്ത ചെടി കണ്ടാൽ പുൽവർഗ്ഗസസ്യമെന്നേ തോന്നൂ. പുല്ലുകൾക്കിടയിൽ തന്നെ പുൽച്ചെടികളോട് ഏറെ സാമ്യമുള്ള ചെറിയ നേർത്ത ഇലകളോടുകൂടിയ, പിങ്കും ഒാറഞ്ചും നിറങ്ങൾ ഇടകലർന്ന മനോഹരമായ ചെറുപൂക്കൾ വിടർത്തി നിൽക്കുന്ന നീർമുറിയും (ഇത് 328 വർഷം മുമ്പ് പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിക്കപ്പെട്ടതാണ്) പുൽച്ചെടികളുമായി കൂട്ടുകൂടി വളർന്നിട്ടുണ്ടാകും. പാമ്പിന്റെ പത്തിപോലെ തോന്നിപ്പിക്കുന്ന പന്നൽച്ചെടിയായ ഒാഫിയോഗ്ലോസ്സവും (ഛുവശീഴഹീൗൈാ) ഇക്കാലത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ഒാണക്കാലം കഴിയുന്നതോടെയായിരിക്കും അള്ളാൻ കിഴങ്ങ് ചെടി (പാറക്കൊങ്ങിണി ടൃേശഴമ ഴലിെലൃീശറല)െ പൂക്കുന്നത്. മണ്ണിനുപുറത്ത് ഇളംപിങ്ക് പൂക്കളുള്ള പൂത്തണ്ടുകൾ മാത്രം ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇവയുടെ ചുവട് കിളച്ചെടുത്താൽ ചെറിയ ഉരുളക്കിഴങ്ങുപോലുള്ള കിഴങ്ങുകൾ ലഭിക്കും. അള്ളാൻമാർക്ക് (മുള്ളൻപന്നികൾക്ക്) ഏറെ പ്രിയപ്പെട്ട ഭക്ഷണമാണിത്. മറ്റിടങ്ങളിൽ പുൽവർഗ്ഗസസ്യങ്ങളുടെ മൂലപരാദമായി വളരുന്ന പാറക്കൊങ്ങിണിച്ചെടികൾ നമ്മുടെ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്നത് മൂട്ടനാറിയുടെ (ജീഴീലെോാ ൂൗലറൃശീേഹശമ) ഇടയിലാണ്. മൂട്ടനാറിയുടെ മൂലപരാദമായിട്ടാണ് അവ ഇവിടെ കാണപ്പെടുന്നത് എന്നർത്ഥം. കമ്പിത്തിരിയുടെ ആകൃതിയിലുള്ള പൂങ്കുലയുള്ളതിനാൽ മൂട്ടനാറിയെ കമ്പിത്തിരിപ്പൂവെന്നും വിളിക്കാറുണ്ട്. നിത്യഹരിതവനങ്ങളുടെ അവശേഷിപ്പുകളായി കാണപ്പെടുന്ന കുന്നിൻപൊന്തകളിൽ കറുവച്ചക്ക (കറുമുറച്ചക്ക- ടീഹലിമ മാുഹലഃശരമിഹശ)െ  തിന്നാൻ പാകത്തിൽ ആയിട്ടുണ്ടാകും. കോവലിനേക്കാൾ ‘കറുമുറ’  ഇഫക്ട് നൽകുന്ന ഇൗ വള്ളിച്ചെടി വെള്ളരി കുടുംബത്തിലെ അംഗമാണ്.

കത്തുന്ന വേനലിലും കുന്നിൻചെരിവുകളിൽ ചെന്നാൽ ‘അമ്ക്കാൻ’ (തിന്നാൻ) എന്തെങ്കിലും കിട്ടാതിരിക്കില്ല. ഇൗ സമയത്ത് കൊട്ടപ്പഴം പാകമായിട്ടുണ്ടാകും. നിറയെ മുള്ളുകളുള്ള കൊട്ടപ്പഴച്ചെടിയുടെ (വൻതുടലി- ദശ്വശുൗ െൃൗഴീമെ) തണ്ടുകൾ തലങ്ങും വിലങ്ങും പോറലേൽപ്പിക്കുമെങ്കിലും പഴം ഏറെ സ്വാദിഷ്ടമാണ്. അരിപ്പൊടിയും വെണ്ണയും നെയ്യും പാലും പഞ്ചസാരയും കൂട്ടിക്കുഴച്ചുണ്ടാക്കിയതെന്ന് തോന്നിക്കുന്ന വെണ്ണപ്പഴങ്ങൾ! ഇവ പറിച്ച ഉടനെതന്നെ തിന്നണം. വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. കാരണം അപ്പോഴേക്കും അവ അടിഞ്ഞലിഞ്ഞ് തിന്നാൻ പറ്റാത്ത പരുവത്തിലായിട്ടുണ്ടാകും. അതിനാൽ ആരും ഇൗ പഴം പറിച്ചെടുത്ത് ദൂരേക്ക് കൊണ്ടുപോകാറില്ല.

കുന്നിൻചെരിവിലുള്ള വീടുകളിലുള്ള കുട്ടികളുടെ ഒഴിവുകാല വിനോദങ്ങളിലൊന്ന് ‘കൊട്ടക്കത്തോക്ക്’ നിർമ്മാണമാണ്. ഇൗറ്റ/ഒാടകൊണ്ട് പീച്ചാംകുഴൽപോലെ ഉണ്ടാക്കുന്ന ‘തോക്കു’ കളിൽ ഉപയോഗിക്കുന്നത് പക്ഷെ, വെള്ളമല്ല വെടിയുണ്ടയുമല്ല. പിന്നെയോ, ചേരിക്കൊട്ടയുടെ (ഏൃലര്ശമ ിലൃ്ീമെ) മൂത്ത പച്ചക്കായ്കളാണ്. ‘കൊട്ടക്ക’ എന്ന് വിളിച്ചിരുന്ന ഇൗ കായ്കൾ ഇൗറ്റത്തോക്കുകളിൽ നിന്ന് ഒരു വലിയ തെങ്ങിൻ പൊക്കത്തോളം തെറിപ്പിക്കാൻ കഴിയും. ഇപ്പോഴും കൊട്ടക്കത്തോക്ക് നിർമ്മിച്ച് ‘വെടിയുതിർക്കുന്ന’ പോരാളികളായ കുട്ടികൾ അവശേഷിക്കുന്നുണ്ട് ഇവിടെ. കൊട്ടയുടെ കീഴിലായി ഇണചേർന്ന് കിടക്കുന്ന ‘കൊട്ടക്കപ്പക്ഷി’ യെന്ന ചുവന്ന പ്രാണികളേയും (ഞലറ ഇീഫേബഫീാ ആൗഴ)െ  കാണാറുണ്ട്.

‘മയ്യാലക്കു’ (സന്ധ്യ) മുമ്പായി കുന്നിലെത്തുകയാണെങ്കിൽ ആളനക്കങ്ങളൊന്നുമില്ലെങ്കിൽ പൊന്തകളുടെ മറപറ്റി ‘കുത്തിയിരിക്കുന്ന’ കൊമ്പൻമാരെ (കാട്ടുമുയൽ- ആഹമരസിമുലറ വമൃല) കാണാം. അത്യപൂർവ്വമായി കുറുക്കനെയും (കിറശമി എീഃ്ൗഹുല െയലിഴമഹലിശെ)െ  കണ്ടിട്ടുണ്ട്. സന്ധ്യയായിക്കഴിഞ്ഞാൽ കുറുനരികളുടെ (ഖമരസമഹ) കൂട്ടപ്പാട്ടായിരിക്കും ‘ഒക്യോ വേറ്യോ’ (ഒന്നിച്ചാണോ, വേറെയാണോ) രാത്രി കഴിച്ചുകൂട്ടുന്നത് എന്ന് പെണ്ണുങ്ങളോട് ചോദിക്കുന്നതുപോലെയാണ് ഇവരുടെ കൂട്ടത്തോടെയുള്ള ആർപ്പുവിളികൾ. ഇവരുടെ മാളങ്ങൾക്കരികിൽ ചിലപ്പോഴെങ്കിലും നാടൻ കോഴികളുടെ പൂടകൾ കാണാറുണ്ട്.

തവളപ്പാറയിൽ നിന്ന് വടക്കു-കിഴക്ക് നോക്കിയാൽ പട്ടുവം കടവ് കാണാം. ദൂരെയായി ചിലപ്പോൾ പട്ടുവം കുന്നിന് മുകളിലായി വിറയൻപുള്ളുകൾ (ഗലൃെേലഹ) ചിറകുകൾ തുരുതുരാ വിറപ്പിച്ചുകൊണ്ട് ആകാശ നീലിമയുടെ പശ്ചാത്തലത്തിൽ കാറ്റുചവിട്ടി നിൽക്കുന്നത് കാണാം. അപ്പോൾ സൂര്യന്റെ പൊൻവെളിച്ചത്തിൽ സ്വർണ്ണപപ്പക്ഷികളെപ്പോലെ കാലിമുണ്ടികൾ കൂട്ടത്തോടെ വലിയ ‘റ’ പോലെ പടിഞ്ഞാറൻ ദിശയിലേക്ക് തിരിച്ചു പറക്കുന്നുണ്ടാകും. നന്നേ ഇരുട്ടുന്നതോടെ മഴയുടെ ചൂളംവിളിപോലെ ചൂളം വിളിച്ച് ചേക്കേറാനായി ചെമ്പല്ലിക്കുന്നിനെ ലക്ഷ്യം വെച്ച് പറക്കുന്ന ചൂളൻ എരണ്ടകളുടെ വലിയ കൂട്ടങ്ങൾ മിന്നൽ വേഗത്തിൽ പറന്നകലുകയായി.

രാത്രിയിലെ കുന്നിറക്കം ‘മുള്ളുമുരട് മൂർഖൻ പാമ്പും’ കല്ലുകരട് കാഞ്ഞിരക്കുറ്റിയുമുള്ള ഇടവഴികളിലൂടെയായിരിക്കും. പാമ്പുകളെ പേടിയില്ലാതിരുന്ന അക്കാലത്ത് ടോർച്ച് കൊണ്ടുനടക്കുന്ന ശീലമുണ്ടായിരുന്നില്ല. തിരിച്ചിറങ്ങുമ്പോൾ പേടിപ്പെടുത്തുന്ന സ്വരത്തിൽ കാലൻ കോഴികൾ (ങീഫേബഫഹലറ ണീീറ ഛംഹ) ഒച്ചയിടുന്നുണ്ടാകും. “കുത്തിച്ചുട്….കുത്തിച്ചുട്……..”  കാലന്റെ ദൂതനായി കരുതപ്പെട്ടിരുന്ന ഇവയുടെ ‘കരച്ചിൽ’ കേട്ടാൽ മരണമുണ്ടാകുമെന്നും അതില്ലാതാക്കാൻ കത്തിയോ കത്ത്യാളോ അടുപ്പിൽവെച്ചാൽ മതിയെന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. തീർച്ചയായും കാലൻകോഴി ‘കരഞ്ഞാൽ’ മരണം സംഭവിക്കും; അത് പെരുച്ചാഴികളുടേയും എലികളുടേയും മരണമായിരിക്കുമെന്ന് മാത്രം.

തുറസ്സായ കുന്നിൻപരപ്പിൽ ഒരു നിലാവുള്ള രാത്രി കഴിച്ചുകൂട്ടണമെന്ന സ്വപ്നപദ്ധതിയും ഞങ്ങൾ ഒരിക്കൽ നടപ്പാക്കുകയുണ്ടായി. ജനുവരി മാസത്തിൽ കീഴറ (പ്രശസ്ത സസ്യവർഗീകരണ ശാസ്ത്രജ്ഞനായിരുന്ന ഡോ. വി.വി. ശിവരാജന്റെ നാട്) യിലെ കൂലോത്തെ തെയ്യം നടക്കുന്ന ദിവസം രാത്രി പന്ത്രണ്ടുമണിയോടെ കാരക്കുന്നിറങ്ങുന്നതിനിടയിലാണ് ‘പദ്ധതി’ നടപ്പിലാക്കിയത്. ഞങ്ങൾ ആറുപേർ ഉടുമുണ്ട് പുതച്ച് പുലർച്ചവരെ പുൽപ്പരപ്പിൽ കിടന്നുറങ്ങി. പുലർച്ചയോടൊപ്പം അരിച്ചെത്തിയ തണുപ്പായിരുന്നു ഞങ്ങളെ കുലുക്കിയുണർത്തിയത്. ഉറക്കച്ചടവോടെ, പാതിയടഞ്ഞ മിഴികളോടെയായിരുന്നു ഞങ്ങളുടെ കുന്നിറക്കം.

തവളപ്പാറയും കാരക്കുന്നിന്റെ വലിയൊരു ഭാഗവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇപ്പോഴും ബാക്കി നിൽക്കുന്ന ഒരു കുന്നിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വലിയൊരു ടാങ്ക് സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം കണ്ണാന്തളികളും തെച്ചിപ്പൊന്തകളും നാടുനീങ്ങി. കുന്നുകളെ വയലുകളിലേക്കും കൈപ്പാട്ടിലേക്കും ഇറക്കി നിരപ്പാക്കിക്കിടത്തി. നാട് ‘വികസിച്ചു’ കുടിവെള്ളം പൈപ്പിലൂടെ വന്നു. വയൽ വരണ്ടു. മൂന്നുവിളയെടുത്തിരുന്ന പുഞ്ചവയൽ തരിശായി തീർന്നു. ഞങ്ങളുടെ അക്കാലത്തെ സൗഹൃദങ്ങളും പതുക്കെ ദുർബലങ്ങളായി. പലരും പല നാടുകളിലും എത്തി. എന്നാൽ അക്കാലത്തെ പച്ചപ്പാർന്ന സ്മരണകൾ മനസ്സിൽ ബാക്കി നിൽക്കുന്നു, അൽപം നൊമ്പരത്തോടെയാണെങ്കിലും!

Related Stories

തുലാത്തുമ്പികളുടെ ദേശാടനം

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനമായിരുന്നു ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കിയിരുന്നത്. എന്നാൽ വർഷാവർഷം, ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന തുലാത്തുമ്പികൾ താണ്ടുന്ന ദൂരം ഏറ്റവും കുറഞ്ഞത് 16000 കിലോമീറ്ററാണ്.

മനുഷ്യനും പ്രകൃതിയും തമ്മിൽ

ശുദ്ധമായ ജലവും വായുവും മണ്ണും നമ്മുടെ അവകാശമാണ്. പക്ഷേ ഇവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്...

പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടുമ്പോൾ

യഥാർത്ഥത്തിൽ എന്താണ് വികസനം? വൻകിട പദ്ധതികൾ കൂടുമ്പോഴും രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരികയാണല്ലോ? അതിന് കാരണമെന്താണ്? താഴെക്കിടയിലുള്ള ആളുകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണോ പദ്ധതികൾക്ക് മുൻഗണന കൊടുക്കുന്നത്?

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine