• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
യാത്രക്കാരൻ
August 2020

Home » Columns » യാത്രക്കാരൻ » ഹംപിയിലെ കൊമ്പൻ മൂങ്ങ

ഹംപിയിലെ കൊമ്പൻ മൂങ്ങ

മൃദുല മുരളി

വിത്താല ക്ഷേത്രത്തിലെ കരിങ്കൽ രഥം Stone Chariot at Vittala Temple | Mridula Murali

പക്ഷികൾ! ദൈവത്തിന്റെ മനോഹരമായ സൃഷ്ടി. രൂപഭംഗി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും മനോഹരമായവ, പോരാത്തതിന് പറക്കാനുള്ള കഴിവും. കൂടാതെ വീട്ടിലോ തൊടിയിലോ അൽപ്പം മരങ്ങള്‍ ഉള്ള സ്ഥലങ്ങളിലോ തണ്ണീർത്തടങ്ങളിലോ വനപ്രദേശങ്ങളിലോ തുടങ്ങി ഫോട്ടോഗ്രാഫിയിലും പ്രകൃതി നിരീക്ഷണത്തിലും തുടക്കക്കാർക്ക് അധികം ആയാസമില്ലാതെ പ്രാപ്യമായ ജീവിവർഗ്ഗം. ഫോട്ടോഗ്രാഫിയിൽ താല്പര്യം തുടങ്ങിയപ്പോൾ ബേർഡ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെ. ആദ്യമൊക്കെ അത്ഭുതത്തോടെയാണ് ക്യാമറയെയും അതുപയോഗിച്ചു നല്ല നല്ല ചിത്രങ്ങള്‍ എടുക്കുന്നവരെയും നോക്കിക്കണ്ടിരുന്നത്. ഇതൊന്നും നമ്മളെക്കൊണ്ട് സാധിക്കില്ല എന്നൊരു തോന്നല്‍. ഭർത്താവ് മുരളിയുടെ കൂടെ കൂടിയതിനു ശേഷമാണ് ഇതൊന്ന് പയറ്റി നോക്കിയിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചത്.

പതുക്കെ പതുക്കെ അവധിദിവസങ്ങളിലെ യാത്രകള്‍ പ്രകൃതി നിരീക്ഷണവും ഫോട്ടോഗ്രഫിയുമൊക്കെയായി. തുടക്കത്തില്‍ വീടിന്റെ പരിസരപ്രദേശങ്ങളായിരുന്നെവെങ്കില്‍ പിന്നീട് തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളായി സ്ഥിരം താവളം. അങ്ങനെയാണ് ഒരു ദൂരയാത്ര പോകാമെന്നു തീരുമാനിച്ചപ്പോൾ അത് പുതിയ ഇഷ്ടങ്ങൾക്കും കൂടി പ്രാധാന്യമുള്ള സ്ഥലമാകണമെന്ന് ഉറപ്പിച്ചതും. അങ്ങനെ ഞങ്ങൾ ഏറെ നാളത്തെ ആഗ്രഹമായിരുന്ന ഹംപി തെരെഞ്ഞെടുത്തു. ഹംപി എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യമായിരിക്കും. എന്നാൽ ഞങ്ങൾ ഹംപി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് സുഹൃത്തുക്കളിൽ നിന്നും യാത്രാ വിവരണങ്ങളില്‍ നിന്നും മനസിലാക്കിയ ഹംപിയിലെയും ദാരോജി വന്യജീവി സാങ്കേതത്തിലെയും പക്ഷിവൈവിധ്യം കൂടി ആയിരുന്നു.

തേൻകരടി Sloth bear | Mridula Murali

ജോലിത്തിരക്കുകളും മറ്റു കാരണങ്ങൾ കൊണ്ടും പലപ്പോഴായി നീണ്ടുപോയ ഹംപി യാത്ര മുടക്കിയിരുന്നത് 16 മണിക്കൂറോളം വരുന്ന ഡ്രൈവിംഗ് ആയിരുന്നു. അപ്പോഴാണ് ബാംഗ്ലൂരിൽ നിന്നും ജിൻഡാൽ വിദ്യാനഗർ എയർപോർട്ടിലേക്ക് ആരംഭിച്ച വിമാന സർവീസിനെക്കുറിച്ചറിഞ്ഞത്. ജൂലൈ 9ന് കോരിച്ചൊരിയുന്ന മഴയത്തു ഞങ്ങൾ തൃശ്ശൂരിൽ നിന്നും യാത്ര പുറപ്പെട്ടു. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബാംഗ്ലൂർ കേമ്പെഗൗഡ എയർപോർട്ടിലേക്കും അവിടെ നിന്ന് ജിൻഡാൽ വിദ്യാനഗർ എയർപോർട്ടിലേക്കും. വൈകീട്ട് 4 മണിയോടെ ഞങ്ങൾ വിദ്യാനഗറിലെത്തി. എയർപോർട്ടിൽ ഞങ്ങളെ വരവേൽക്കാൻ ഹംപി ഹെറിറ്റേജ് ആൻഡ് വൈൽഡ്നെസ് റിസോർട്ടിലെ നാച്ചുറലിസ്റ് രവി നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു.

വിജയനഗര സാമ്രാജ്യത്തിലേയ്ക്ക്
പടുകൂറ്റൻ പുകകുഴലുകളും ഫാക്ടറികളും നിറഞ്ഞ നഗരപ്രദേശം കടന്നു ഞങ്ങൾ കമലാനഗറിലേക്ക്. വഴിയിലുടനീളം ജിൻഡാൽ സ്റ്റീൽ ഫാക്ടറിയിലേയ്ക്ക് ഇരുമ്പയിരുമായി കുതിച്ചു പായുന്ന ലോറികൾ, മണ്ണ് മുഴുവന്‍ ഇരുമ്പയിര് നിറഞ്ഞ ചുവപ്പുനിറം. ജിൻഡാൽ ഫാക്ടറി ഏരിയ കഴിഞ്ഞാൽ വളരെ കുറച്ചു മാത്രം ജനവാസമുള്ള തരിശുഭൂമികൾ. വികസനം ഒട്ടും എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലൂടെ ഹംപി കവാടം കടന്നു ജംഗിൾ ലോഡ്‌ജ്‌സ് റിസോർട്സിലേയ്ക്ക്. വൈകീട്ട് 5.30ക്ക് റിസോർട്ടിൽ എത്തിയ ഞങ്ങളെ സ്വീകരിച്ചതിനു ശേഷം മാനേജർ ഹംപിയിൽ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും സമയ ക്രമങ്ങളെക്കുറിച്ചും വിവരിച്ചു തന്നു. ഒരു ചൂട് ചായയും ബജ്ജിയും കഴിച്ചതിനു ശേഷം ഞങ്ങൾ കോട്ടേജിലേക് പോയി. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന കോട്ടേജുകൾ. അതിനു ചുറ്റും വിവിധ തരത്തിലുള്ള മരങ്ങളും അതിൽ ചേക്കേറിയിരിക്കുന്ന കിളികളും. എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റിന്റെ കുളിർമ ഞങ്ങളുടെ ശരീരത്തിലേക്കും മനസ്സിലേക്കും ഊർന്നിറങ്ങി. യാത്രയുടെ ക്ഷീണം കൊണ്ട് അത്താഴം കഴിച്ച ഉടനെ തന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.

ഹംപിയിലെ കാഴ്ചകളെക്കുറിച്ചുള്ള ആകാംക്ഷ കൊണ്ടും നേരത്തെ ഉറങ്ങിയത് കൊണ്ടും സാധരണ ദിവസങ്ങളിലേതെന്നപോലെ അലാറവുമായുള്ള ഗുസ്തി വേണ്ടി വന്നില്ല. മകൻ ഇഷാൻ എണീക്കാൻ ആദ്യം കുറച്ചു മടി കാണിച്ചെങ്കിലും മല കയറാൻ പോകുകയാണ് എന്ന് കേട്ടപ്പോൾ പെട്ടെന്ന് എണീറ്റ് റെഡിയായി. ഇപ്പോൾ അവനും പ്രകൃതി ഒരു ഹരമാണ്. കൂടെ ഫോട്ടോഗ്രാഫിയും. അഞ്ചരയോടെ സൂര്യോദയം കാണാൻ രവിയുടെ കൂടെ ജീപ്പില്‍ മാതംഗ ഹിൽസിലേക്ക്. കമലനഗർ ഉണർന്നു തുടങ്ങുന്നതേയുള്ളൂ. അങ്ങിങ്ങായി കോഴിക്കാടകള്‍ (Grey Francolin) കരഞ്ഞു തുടങ്ങിയിട്ടുണ്ട്. വഴിയിലുടനീളം വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രാവശേഷിപ്പുകൾ കാണാമായിരുന്നു. പാറക്കെട്ടുകളും ചെറിയ കുന്നുകളും നിറഞ്ഞ പ്രദേശങ്ങൾ. തുംഗഭദ്ര നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു കാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇന്നും ആ പ്രൗഢി വിളിച്ചോതുന്ന നിർമ്മിതികളും ക്ഷേത്രങ്ങളും കൊട്ടാരസമുച്ചയങ്ങളും. ‘കരിങ്കല്ലിൽ കവിത തീർത്ത നഗരം’ എന്ന് തന്നെ പറയാം. അത്രയും മനോഹരമായ കൊത്തുപണികൾ ചെയ്ത കരിങ്കൽ കൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളും മണ്ഡപങ്ങളും. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഹംപിയും ഉണ്ട്.

ദൂരക്കാഴ്ചകളിലെ ഹംപി
ആറു മണിയോടെ മാതംഗ ഹിൽസിന്റെ താഴെയെത്തിയെങ്കിലും ഞങ്ങളെ ‘കാത്തിരുന്ന’ രണ്ടുപേരുടെ ചിത്രം എടുക്കാനായി കുറച്ചു സമയം അവിടെ ചിലവഴിച്ചു. തമ്മില്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചില സമയം നമ്മളെ നോക്കി, കളിയാക്കും പോലെ ഒച്ച വെച്ചിരിക്കുന്ന രണ്ടു പുള്ളി നത്തുകൾ(Spotted Owlet). തൃശൂര്‍ വടക്കുംനാഥൻ ക്ഷേത്രത്തില്‍ സന്ധ്യാസമയങ്ങളില്‍ സദാ വാചാലരായി ഇവയെ കാണുവാന്‍ സാധിക്കും. വെളിച്ചം കുറവായിരുന്നെങ്കിലും അവയുടെ ചേഷ്ടകള്‍ കണ്ടിരിക്കുന്നതിനിടയിലാണ് മുകളിലേക്ക് കയറുന്ന കാര്യം രവി ഓർമ്മിപ്പിച്ചത്. ഹംപിയിൽ ഏറ്റവും മനോഹരമായി സൂര്യോദയവും അസ്തമയവും കാണാവുന്ന മാതംഗ ഹിൽസിന്റെ മുകളിൽ കയറുക എന്നത് കുറച്ചു ദുർഘടം പിടിച്ചതായിരുന്നു. 5 വയസ്സുകാരൻ ഇഷാനേയും കൊണ്ട് കയറുന്നതാകും ബുദ്ധിമുട്ട് എന്ന് ഞങ്ങള്‍ ചെറുതായി ഒന്ന് സംശയിച്ചിരുന്നെങ്കിലും അവൻ ഞങ്ങളെക്കാൾ ഉത്സാഹത്തോടെ കയറി. പാറയിടക്കുകളിൽ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികളിൽ, വരണ്ട പ്രദേശങ്ങളിലും മഴനിഴല്‍ പ്രദേശങ്ങളിലും ഒക്കെ കാണുന്ന മഞ്ഞത്താലി ബുൾബുൾ(Yellow-throated Bulbul) പറന്നു നടക്കുന്നത് ആവേശത്തോടെ കണ്ടുനിന്നെങ്കിലും ക്യാമറയില്‍ പകർത്താൻ കഴിഞ്ഞില്ല. അപൂർവ്വമായി കാണുന്ന ഇവയെ കേരളത്തില്‍ ചിന്നാര്‍, അട്ടപ്പാടി വനമേഖലകളിലാണ് കണ്ടുവരുന്നത്. വളരെ രസകരമായി തോന്നിയ മറ്റൊന്ന് ഹംപിയിലുടനീളം കണ്ട, പാറയില്‍ പറ്റി പിടിച്ചിരിക്കുന്ന ഓറഞ്ചും കറുപ്പും കലർന്ന നിറമുള്ള ഓന്തുകളായിരുന്നു. ചില ഓന്തുകൾക്കാകട്ടെ മറ്റുള്ളവയെ പോലെ വേറിട്ട്‌ നില്ക്കുന്ന നിറങ്ങളില്ല. ചിലർ ഗുസ്തി പിടിക്കുന്നു, ചിലർ ഓടിക്കളിക്കുന്നു. ചില സമയങ്ങളില്‍ നല്ലൊരു അഭ്യാസിയെ പോലെ ‘പുഷ്-അപ്പ്’ എടുക്കുന്നു. പാറയോന്ത് (Rock Agama) ആണ് ഇവയെന്നും കടുംനിറത്തിലുള്ളവ ആണ്‍ ഓന്തുകളാണെന്നും താരമ്യേന നിറങ്ങള്‍ കുറവായ പെൺ ഇണകളെ ആകർഷിക്കാനാണ് പ്രജനനകാലത്ത് അവരുടെ ശരീരത്തില്‍ കടുംനിറങ്ങള്‍ വരുന്നതെന്നും പിന്നീടാണ് മനസ്സിലാക്കാൻ സാധിച്ചത്.

പാറയോന്ത് Rock Agama | Mridula Murali

മാതംഗ ഹിൽസിൽ നിന്നും നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹംപി നഗരം. അതിന്റെ നടുവിൽ രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന വിരുപാക്ഷ ക്ഷേത്രം. താഴെ മനോഹരങ്ങളായ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ. അതിൽ ഒന്നിൽ ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ വിഗ്രഹം (monolithic bull). പുറകിലായി വിത്താല ക്ഷേത്രം (vittala temple). സൂര്യോദയവും ഹംപി നഗരത്തിന്റെ വിദൂര ദൃശ്യങ്ങളും ആസ്വദിച്ച ശേഷം ഞങ്ങൾ താഴേക്കിറങ്ങി. അവിടെ നിന്നും ഒരു ചെറിയ കുന്നു കയറിയിറങ്ങി ഞങ്ങൾ അച്യുത്തരായ ക്ഷേത്രത്തിലേയ്ക്ക് (achyutharaya temple) നടന്നു. ഇരുവശത്തുമുള്ള കുറ്റിച്ചെടിയിൽ കല്‍മണ്ണാത്തി(Indian Robin) പറന്നു നടക്കുന്നുണ്ടായിരുന്നു. ഫോട്ടോയ്ക്ക് മുഖം തരാതെ അവൻ ഞങ്ങളെ കുറച്ചു നേരം കളിപ്പിച്ചു. ഒരു ചെറിയ പാറയ്ക്കു മുകളിലായി ഒരു തവിടൻ പ്രാവ്(Laughing Dove) ശാന്തസ്വരൂപിണിയായി ഇരിക്കുന്നുണ്ടായിരുന്നു. തന്റെ സൗന്ദര്യം എത്ര വേണമെങ്കിലും ക്യാമറയിൽ പകർത്തിക്കോട്ടെ എന്ന ഭാവത്തിൽ.
തവിടൻ പ്രാവ് Laughing dove | Mridula Murali

ചെങ്കൽ കൊണ്ട് നിർമ്മിച്ച ക്ഷേത്രഗോപുരം ഇപ്പോൾ വിവിധ തരം പക്ഷികളുടെയും ഉരഗങ്ങളുടെയും ആവാസ സ്ഥലം കൂടിയാണ്. നാട്ടുതത്തകൾ (Rose-ringed Parakeet) കൂട്ടത്തോടെ ക്ഷേത്രഗോപുരം കൈയ്യേറിയിരുന്നു. മറ്റൊരു ഗോപുരത്തിനു മുകളിൽ കരിന്തലച്ചികാളി(Brahminy Starling) തന്റെ ഇണയെയും കാത്തിരിപ്പുണ്ടായിരുന്നു. ഡെക്കാൻ സുൽത്താന്മാരുടെ പടയോട്ടം കൊണ്ട് ഏറെക്കുറെ നശിച്ചുപോയെങ്കിലും ക്ഷേത്രവും ചുറ്റുമുള്ള മണ്ഡപങ്ങളും ഇപ്പോഴും മനോഹരമായി നിലനിൽക്കുന്നു. ഓരോ സ്മാരകങ്ങളുടെയും പ്രത്യേകതകൾ പ്രവേശന കവാടത്തിൽത്തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ആ ശാന്തമായ അന്തരീക്ഷത്തിൽ കുറച്ചു നേരം ചിലവഴിച്ചതിനു ശേഷം ഞങ്ങൾ റിസോർട്ടിലേക്ക് തിരിച്ചു പോന്നു.

ക്ഷേത്രനനഗരിയുടെ പ്രൗഢി
പ്രഭാതഭക്ഷണത്തിനു ശേഷം വിരുപാക്ഷ ക്ഷേത്രം കാണുന്നതിനായി വീണ്ടും ഹംപി നഗരത്തിലേക്ക്. ഏഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി പറയപ്പെടുന്ന വിരുപാക്ഷ ക്ഷേത്രത്തിൽ മാത്രമാണ് ഇന്നും പൂജാകർമ്മങ്ങൾ നടക്കുന്നത്. ക്ഷേത്രത്തിനു മുന്നിലായി ഹംപി ബസാർ. സ്വർണ്ണനിറത്തിലുള്ള കൂറ്റൻ ഗോപുരകവാടം കടന്നു ഞങ്ങൾ ഉള്ളിലേക്ക് കയറി. 160 അടി ഉയരമുള്ള ഈ ഗോപുരം ഇന്ത്യയിൽ തന്നെ ഉയരത്തിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം മധുരൈ മീനാക്ഷി ക്ഷേത്രത്തിനാണ്. ക്ഷേത്രമുറ്റത്തായി നന്ദി വിഗ്രഹം, ഇരുവശത്തായി കൊത്തു പണികൾ ചെയ്ത തൂണുകളോടുകൂടിയ നീളൻ വരാന്തകൾ. ക്ഷേത്രപരിസരം മുഴുവൻ വാനരപ്പടയുടെ അധീനതയിലായിരുന്നു. അവർ തൂണുകൾക്ക് മുകളിൽ പൊത്തിപ്പിടിച്ചു കയറുന്നതും കടിപിടി കൂടുന്നതും ഇഷാൻ അത്ഭുതത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും കൊത്തുപണികളുടെ പ്രത്യേകതകളെക്കുറിച്ചും രവി പറഞ്ഞു തന്നു. ക്ഷേത്ര ഭംഗി ആസ്വദിച്ചു നടക്കുന്നതിന്നതിടയിൽ പുറകിൽ നിന്നും ഒരു മണി കിലുക്കം കേട്ടു. തിരിഞ്ഞു നോക്കിയതും ഞാൻ ആകെ ഞെട്ടിത്തരിച്ചു പോയി. തൊട്ടടുത്ത് ഒരു ആന, അതും ചങ്ങലകളുടെ ബന്ധനം ഒന്നും ഇല്ലാതെ തീർത്തും സ്വതന്ത്രയായി. പക്ഷെ കൂടെ ഉള്ള പാപ്പാന് അവളുടെ മേലെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരുന്നതായി തോന്നി. കാരണം അയാളുടെ നിർദ്ദേശ പ്രകാരം അവൾ മുൻകാൽ മടക്കി ദേവനു മുന്നിൽ കുനിഞ്ഞു നിന്ന് തുമ്പിക്കൈ പൊക്കി പ്രണാമം അർപ്പിച്ചു. ക്ഷേത്രംവക ആനയായിരുന്നു അത്. മുറ്റത്തു കോലം വരക്കുന്നതുപോലെ ആനയുടെ നെറ്റി മുഴുവൻ കോലം വരച്ചു സുന്ദരിയാക്കിയിരുന്നു. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർക്ക് ആനകളോടുള്ള സ്നേഹം അവിടത്തെ കൊത്തുപണികളിൽ നിന്നും വളരെ വ്യക്തമാണ്. ക്ഷേത്രദർശനം കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി, അവിടെ പടവുകളോട് കൂടിയ മനോഹരമായ തീർത്ഥക്കുളം.

വിരുപാക്ഷ ക്ഷേത്രത്തിലെ കുളം Pond at the Virupaksha temple | Mridula Murali

വിരുപാക്ഷ ക്ഷേത്രത്തിന്റെ പുറകിലായി നിരവധി പിരമിഡ് ആകൃതിയിലുള്ള ചെറിയ ക്ഷേത്രങ്ങൾ ചേർന്ന ഹേമാകുണ്ട ഹിൽസ്. ഹംപിയിലെ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു ഹേമാകുണ്ട ഹിൽസിലെ ശിവ ക്ഷേത്രങ്ങളുടെ നിർമാണ ശൈലി വ്യത്യസ്തമാണ്. ഡെക്കാൻ സുൽത്താന്മാരുടെ പടയോട്ടത്തിൽ ഈ മനോഹര ക്ഷേത്രങ്ങൾ എല്ലാം തകർക്കപ്പെട്ടു. ഇവിടെ നിന്നും ഞങ്ങൾ പോയത് ബദാവി ലിംഗ ക്ഷേത്രത്തിലേക്കായിരുന്നു. ഇവിടെ ഒറ്റക്കല്ലിൽ തീർത്ത 10 അടിയോളം ഉയരമുള്ള ശിവലിംഗ പ്രതിഷ്ടയാണ് ഉള്ളത്. സൂര്യപ്രകാശവും മഴയും നേരിട്ട് വിഗ്രഹത്തിന് മുകളിൽ പതിക്കുന്ന രീതിയിൽ മേൽക്കൂര ഇല്ലാതെയാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. കൂടാതെ ക്ഷേത്രത്തിനു അകത്തു വെള്ളക്കെട്ടിനു നടുവിലായാണ് ശിവലിംഗം നില്ക്കുന്നത്. ഇതിനു അടുത്തായി ഉഗ്രനരസിംഹ ക്ഷേത്രം. ലക്ഷ്മി നരസിംഹ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. കൃഷ്ണ ദേവരായർ നിർമ്മിച്ചിട്ടുള്ള ഇത് ഹംപിയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിഷ്ഠ ആണ്. ഏഴ് ശിരസ്സുള്ള നാഗസിംഹാസനത്തിൽ നാലു കൈകളോട് കൂടി രൗദ്രഭാവത്തിലുള്ള നരസിംഹം, മടിയിൽ ലക്ഷ്മിദേവിയുടെ പ്രതിഷ്ഠ. പക്ഷെ ലക്ഷ്മിദേവി വിഗ്രഹം ഇപ്പോൾ അടുത്തുള്ള ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുകയാണ്. അതിനു ശേഷം ഞങ്ങൾ കൃഷ്ണ ക്ഷേത്രവും ഭൂഗർഭ ശിവക്ഷേത്രവും സന്ദർശിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പോയത് വിജയവിത്താല ക്ഷേത്രത്തിലേക്കായിരുന്നു. അവിടേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല, പകരം ടിക്കറ്റ് എടുത്തു 8 പേർക്ക് ഇരിക്കാവുന്ന ഇലക്ട്രിക്ക് കാറുകളിലാണ് പോകുന്നത്. ക്ഷേത്ര വഴിയിൽ നശിച്ച നിലയിലുള്ള വിത്തല ബസാർ കാണാം. ദ്രാവിഡ ശൈലിയിലാണ് വിജയവിത്താല ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ ദേവരായർ രണ്ടാമന്റെ കാലത്താണ് ഇത് നിർമ്മിച്ചത്. പിന്നീട് കൃഷ്ണദേവരായർ ക്ഷേത്രത്തെ ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് പുനർനിർമ്മിക്കുകയും വിസ്തൃതി കൂട്ടുകയും ചെയ്തു. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണ് വിജയ വിത്താല ക്ഷേത്രം. വിദേശീയരും സ്വദേശീയരും ആയ അനേകം സഞ്ചാരികൾ ദിനം തോറും ഇവിടെ എത്തുന്നു. ഇവിടുത്തെ മുഖ്യ ആകർഷണം അതിമനോഹരങ്ങളായ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള മണ്ഡപങ്ങളും സംഗീതം ചൊരിയുന്ന തൂണുകളും കല്ലിൽ പണിത രഥവുമാണ്.

വിത്താല ക്ഷേത്രത്തിലെ കരിങ്കൽ രഥം Stone Chariot at Vittala Temple | Mridula Murali

വിത്താല ടെംപിളിൽ നിന്നും ഇറങ്ങിയപ്പോഴേക്കും മഴ പെയ്തു തുടങ്ങി. അവിടെ നിന്നും വീണ്ടും പോയത് ഹേമാകുണ്ട ഹിൽസിലേക്ക് ആയിരുന്നു. അവിടെ എത്തിയപ്പോഴേക്കും 5.30 കഴിഞ്ഞു. ഹേമാകുണ്ട ഹിൽസിന്റെ ഒരു വശത്തു വിരുപാക്ഷ ക്ഷേത്രവും മറുവശത്തു സസിവേകാലു ഗണപതി ക്ഷേത്രവുമാണ്. ഇത് മസ്റ്റാർഡ് ഗണേശ എന്നും അറിയപ്പെടുന്നു. ഒറ്റക്കല്ലിൽ പണിത 8 അടിയോളം ഉയരമുള്ള ചതുർഭുജനായ വിഘ്‌നേശ്വര വിഗ്രഹം. ക്ഷേത്ര സമീപത്തു കൂടി ഹേമാകുണ്ട ഹിൽസിന് മുകളിലേക്ക് കയറി. നിരവധി വിദേശീയർ സൂര്യതമയം കാണാനായി എത്തിയിട്ടുണ്ടായിരുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മൾ ഭാരതീയരേക്കാളും കൂടുതൽ നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും പറ്റി കൂടുതൽ അറിയുന്നതും ബഹുമാനിക്കുന്നതും ഈ വിദേശീയർ ആണെന്ന്. കാർമേഘം കാരണം ഹംപിയിലെ മനോഹര സൂര്യാസ്തമയം അതിന്റെ പൂർണ്ണ ഭംഗിയിൽ ആസ്വദിക്കാൻ സാധിച്ചില്ല. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അസ്തമയ സൂര്യനെയും നോക്കി ഞങ്ങൾ കുറച്ചു സമയം അവിടെ ചിലവിട്ടു.

ഹസാരെ രാമ ക്ഷേത്രം, ഭൂഗർഭ ശിവ ക്ഷേത്രം, മഹാനവമി മണ്ഡപം, ലോട്ടസ് മഹൽ, ക്യുൻസ് ബാത്ത് എന്നിങ്ങനെ ഓരോ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്നവയാണ്. നശിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഹംപിയും താജ്മഹൽ പോലെ ലോകാത്ഭുതങ്ങളിൽ ഒന്നാകുമായിരുന്നു. മനോഹരമായ സൂര്യസ്തമയം കണ്ട ശേഷം നിങ്ങൾ റിസോർട്ടിലേക് മടങ്ങി. ഹംപി നഗരം ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒന്നല്ല. എങ്കിലും സമയപരിമിതി മൂലം കാണാൻ ഏറെ ബാക്കി വച്ച് ഞങ്ങൾക്ക് മടങ്ങേണ്ടി വന്നു.

ഹസാര രാമ ക്ഷേത്രത്തിലെ കൽത്തൂണുകൾ Stone pillars @Hazara Rama temple | Mridula Murali

കൊമ്പൻ മൂങ്ങയെത്തേടി…
അടുത്ത ദിവസം കാലത്തു കൂടുതൽ ആവേശത്തോടെ ഞങ്ങൾ എണീറ്റ് റെഡിയായി. ഇന്ന് പക്ഷി നിരീക്ഷണവും ദരോജി വന്യജീവി സങ്കേതം സന്ദർശനവുമാണ് ട്രിപ്പ് പ്ലാനിൽ. 6.30 യോടെ രവി ജീപ്പുമായി എത്തിയിരുന്നു. തുംഗഭദ്ര അപ്പർ കനാലിന്റെ അടുത്തുള്ള ബണ്ട് റോഡിലൂടെയാണ് രവി ഞങ്ങളെ കൊണ്ട് പോയത്. പോകുമ്പോൾ ഞങ്ങളുടെ മനസ്സിൽ വലിയൊരാഗ്രഹമുണ്ടായിരുന്നു -കൊമ്പൻ മൂങ്ങ (Indian Eagle Owl). സാധാരണ ഈ പക്ഷിയെ കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ആൾപ്പെരുമാറ്റം കണ്ടാൽ അവർ പുറത്തു വരില്ല, പിന്നെ അവയുടെ ശരീരപ്രകൃതി- പാറക്കെട്ടുകളുടെയും ഉണങ്ങിയ പുല്ലുകളുടെയും ഇടയിൽ നിന്നും അവയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.
വയൽക്കണ്ണൻ Indian thick-knee | Mridula Murali

ബണ്ട് റോഡിന്റെ ഒരു വശത്തായി ഉണങ്ങി വരണ്ട കനാൽ, മറുവശത്തായി കുറ്റിച്ചെടികളും മൺകൂനകളും. ബണ്ട് റോഡിലൂടെ കുറച്ചു മുന്നോട്ട് പോയതും കനാലിലേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു മരത്തിനു മുകളിൽ രണ്ടു പുള്ളിനത്തുകൾ (Spotted Owlet) ഇരിക്കുന്നു. തലേദിവസം ഇവയെ കണ്ടെങ്കിലും പടം എടുക്കാൻ കഴിയാത്ത വിഷമം ഞങ്ങൾ രണ്ടു പേരും തീർത്തു. വശങ്ങളിൽ കൂട്ടിയിട്ട പാറക്കല്ലുകൾക്കിടയിൽ നിന്നും പുള്ളി മുള്ളൻ കോഴികൾ(Painted Spurfowl) ഞങ്ങളുടെ മുന്നിലേക്ക് കടന്നു വന്നു. വഴിയിലുടനീളം വിവിധ ഇനം പക്ഷികളെ ഞങ്ങൾക്ക് കാണാൻ സാധിച്ചു. പുള്ളി മുള്ളൻ കോഴി(Painted Spurfowl), കുങ്കുമ കുരുവി(Red Munia), വയലാറ്റ(Indian Silver Bill), പുള്ളിനത്ത്(Spotted Owlet), കോഴിക്കാട(Grey Francolin), ഉപ്പൂപ്പൻ(Hoope), തവിടൻ പ്രാവ്(Laughing dove), കൽമണ്ണാത്തി (Indian Robin), ചെമ്പുവാലൻ വാനമ്പാടി (Rufous-tailed Lark) എന്നിവയെ കാണാനും നല്ല ചിത്രങ്ങൾ പകർത്തുവാനും സാധിച്ചു. ഒരു നല്ല പക്ഷി നിരീക്ഷകൻ കൂടിയായ രവി ഒന്ന് കഴിയുമ്പോള്‍ ഒന്ന് എന്ന പോലെ പല കിളികളെയും കണ്ടെത്തുന്നുണ്ടായിരുന്നു.
ചെമ്പുവാലൻ വാനമ്പാടി Rufous-tailed lark | Mridula Murali

ഏറെ പക്ഷികളെ കണ്ടെങ്കിലും കൊമ്പൻ മൂങ്ങയെ കാണാൻ സാധിക്കാത്ത വിഷമത്തോടെ തിരിച്ചു പോരും വഴി ഞാന്‍ കണ്ടേ എന്ന മട്ടില്‍ രവി വണ്ടി നിർത്തി അല്പം പുറകിലോട്ട് പോയി പാറക്കെട്ടുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കും ആകാംഷയായി. പാറക്കെട്ടുകൾക്കിടയിൽ രവി വിരല്‍ ചൂണ്ടിയ ആ ചെറിയ ഒരു വിടവിൽ അതാ ഒരു കൊമ്പൻ മൂങ്ങ!. പിന്നെ കുറെ സമയത്തേക്ക് ക്യാമറയുടെ ക്ലിക്ക് സൗണ്ട് മാത്രമേ അവിടെ കേട്ടുള്ളൂ. ആള് ഒരു പാതി മയക്കത്തിലായിരുന്നു. ഒന്ന് കണ്ണ് തുറന്ന് കിട്ടാനായി കുറച്ചു സമയം കാത്തുനിൽക്കേണ്ടി വന്നു. എന്നാലും കുറച്ചു കഴിഞ്ഞപ്പോൾ, ആരാടാ, ഉറങ്ങുമ്പോൾ ശല്യപ്പെടുത്തുന്നത് എന്ന ഭാവത്തില്‍ കണ്ണ് തുറന്നു ഞങ്ങളെ രൂക്ഷമായി നോക്കുകയും വീണ്ടും ഉറക്കത്തിലേക്കു പോകുകയും ചെയ്തു. അടുത്ത തവണ വരുമ്പോൾ ഈ പക്ഷി അവിടെ ഉണ്ടായികൊള്ളണമെന്നില്ല എന്ന് രവി സൂചിപ്പിക്കുന്നുണ്ടായിരുന്നു. കാരണം കനാലിന്റെ ഇരു വശങ്ങളും കോൺക്രീറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനായി പണിക്കാരുടെയും ചീറിപ്പായുന്ന ലോറികളുടെയും ബഹളമാണവിടെ. റോഡിന്റെ മറുവശത്തു കനാലിന്റെ പണി പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. കുറച്ചു കാലം മുൻപ് വരെ ഏറെ പക്ഷികളെ കണ്ടിരുന്ന അവിടം ഇപ്പോൾ ശൂന്യമാണ് എന്നാണ് രവിയുടെ സാക്ഷ്യം.
കൊമ്പൻ മൂങ്ങ Indian eagle-owl | Mridula Murali

ദരോജിയിലെ കരടി
രാവിലെ കറക്കമൊക്കെ കഴിഞ്ഞു വൈകുന്നേരം 3 മണിയോടെ ദരോജിയില്‍ എത്തിയ ഞങ്ങളെ സ്വീകരിച്ചത് ചിന്നാറിലേത് പോലെയുള്ള വരണ്ട ഇല പൊഴിയും കാടുകളാണ്. ഉയരം കൂടിയ മരങ്ങൾ നന്നേ കുറവാണ്. കുറ്റിച്ചെടികൾ നിറഞ്ഞ വനപ്രദേശം. ചുറ്റും നിശബ്ദത. പക്ഷികളുടെയോ മൃഗങ്ങളുടെയോ അനക്കം വളരെ കുറവായിരുന്നു. കാടിന്റെ നടുവിലുള്ള വാച്ച് ടവറിലേയ്ക്കാണ് യാത്ര. ജീപ്പ് താഴെ നിർത്തി ഞങ്ങൾ ചെറിയ കോണിപ്പടികൾ വഴി പാറക്കെട്ടിനു മുകളിലുള്ള വാച്ച് ടവറിലേക്ക് കയറി. വാച്ച് ടവറിൽ നിന്നുമുള്ള ദരോജിയുടെ കാഴ്ച പറഞ്ഞറിയിക്കാൻ പറ്റുന്നതിലും മനോഹരമാണ്. അങ്ങ് ദൂരെ വലിയ വലിയ പാറകൾ നിറഞ്ഞ കുന്നുകൾ. അതിനു മുകളിലായി ചെറിയ കറുത്ത രൂപങ്ങൾ.. കരടിക്കുട്ടന്മാർ. ദരോജി ഇന്ത്യയിലെ തന്നെ ഏക സ്ലോത്ത് ബിയർ സാങ്ച്ച്യുറിയാണ്. കരടികൾ സാധാരണയായി പാറയിടുക്കിലും മറ്റുമാണ് ജീവിക്കുന്നത്. അവയെ പുറത്തു കാണാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഫോറെസ്റ്റ് ഗാർഡുമാർ പാറപ്പുറത്തു ശർക്കര ചേർത്ത മിശ്രിതം തേച്ചു വച്ചിരിക്കുകയാണ്. ഇതു നക്കി തിന്നുവാനായി കരടികൾ പാറ മുകളിലേക്ക് കയറി വരും. അവയെ അടുത്ത കാണുവാനുള്ള സൌകര്യവും അവിടെയുണ്ടായിരുന്നെങ്കിലും എന്തോ അങ്ങനെ കാണുന്നതിനോട് യോജിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ പക്ഷികളെ കാണുവാന്‍ വാച്ച് ടവര്‍ ലക്ഷ്യമാക്കി നടന്നു. വാച്ച് ടവറിൽ നിന്നു പക്ഷികളെ കണ്ടു കൊണ്ടിരിക്കുമ്പോഴും കാടിനെ കാക്കുന്നവർ തന്നെ കാടിന്റെ നിയമങ്ങളെ തെറ്റിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. വന്യജീവികളെ വേട്ടയാടുവാനും കാണുവാനും പണ്ട് കാലങ്ങളില്‍ നിലനിന്നിരുന്ന ഉപ്പിടല്‍ തുടങ്ങി പല ഭക്ഷണങ്ങള്‍ വെച്ച് ആകർഷിക്കുന്നത് വരെ ഇപ്പോഴും തുടർന്ന് പോകുന്നത് എന്തുകൊണ്ടാവുമെന്ന് ആലോചിച്ചിരിക്കും നേരം പാറപ്പുറത്ത് തേന്‍ നക്കുന്ന കരടിയെ ഗൈഡ് കാണിച്ചു തന്നു. വാച്ച് ടവറിന്റെ മുകളിൽ ദരോജിയുടെ ഭംഗി ആസ്വദിച്ചു ഞങ്ങൾ കുറെ നേരം ഇരുന്നു. നാട്ടുവേലി തത്തകൾ (Green Bee-eater) കൂട്ടത്തോടെ കലപില കൂട്ടി പറക്കുന്നുണ്ടായിരുന്നു. താഴെ കുറ്റിച്ചെടികൾക്കിടയിൽ മയിലുകൾ പീലി വിടർത്തി ആടുന്നു. ആകാശത്തു മഴമേഘങ്ങൾ ഉരുണ്ടു കൂടി തുടങ്ങി. മഴ പെയ്യുന്നതിനു മുൻപ് ഞങ്ങൾ തിരിച്ചിറങ്ങി.
നക്ഷത്ര ആമ Indian star tortoise | Mridula Murali

ഞങ്ങൾ തിരിച്ചു പോകുമ്പോഴേക്കും വെയിൽ മങ്ങിത്തുടങ്ങിയിരുന്നു. അതുകൊണ്ടാകും പോകുമ്പോൾ കാട്ടിനുള്ളിൽ ഒളിച്ചിരുന്ന കൂട്ടുകാരെല്ലാം പുറത്തു വന്നു തുടങ്ങിയിരുന്നു. അതാ ജീപ്പിനു മുന്നിലൂടെ ഒരാൾ പതുക്കെ റോഡ് മുറിച്ചു കടക്കുന്നു. നക്ഷത്ര ആമ(Indian Star Tortoise). പെറ്റ് ട്രേഡ് മൂലം വംശനാശ ഭീഷണി നേരിടുന്ന അവയെ വാർത്താമാധ്യമങ്ങളിലൂടെ കണ്ടും കെട്ടും മാത്രമാണ് പരിചയം. നേരിട്ടു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കുറച്ചധികം പടങ്ങൾ എടുക്കണമെന്നുണ്ടായിരുന്നു . പക്ഷെ ആ വഴി വന്ന ഫോറസ്റ്റ്ഗാർഡ് ഞങ്ങളെ അധിക സമയം അവിടെ നിൽക്കാൻ സമ്മതിച്ചില്ല. അപ്പോഴേക്കും അവൻ മെല്ലെ മെല്ലെ കാട്ടിനുള്ളിലേക്ക് മറഞ്ഞു. വഴിയിൽ ഒരു ഉണങ്ങിയ മരക്കൊമ്പിൽ രണ്ടു പൊട്ടൻ ചെങ്ങാലികൾ(Eurasian Collared Dove) ഇണചേരാനായി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടിട്ടാകണം അവർ കുറച്ചകലെയുള്ള മരത്തിലേക്ക് പറന്നുപോയി. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. യാത്രയിലുടനീളം വിവിധങ്ങളായ പക്ഷികളെ കാണാൻ സാധിച്ചു. വൈകീട്ട് 7 മണിയോടെ അന്നത്തെ കറക്കം അവസാനിപ്പിച്ചു റിസോർട്ടിൽ തിരിച്ചെത്തി.
ദരോജി വന്യജീവി സങ്കേതം Daroji Sloth Bear Sanctuary | Mridula Murali

അടുത്ത ദിവസം കാലത്തു പക്ഷി നിരീക്ഷണത്തിനായി റിസോർട്ടിനു അടുത്തുള്ള കുറച്ചു സ്ഥലങ്ങളിലെല്ലാം കറങ്ങിയ ശേഷം 9 മണിയോടെ തിരിച്ചെത്തി. പിന്നെ തിരിച്ചു പോകാനുള്ള ഒരുക്കമായി. റിസോർട്ട് ജീവനക്കാരോടും രവിയോടും യാത്ര പറഞ്ഞു 11.30 ഓടെ ഞങ്ങൾ എയർപോർട്ടിലെക്ക് യാത്ര തിരിച്ചു. മനസ്സിൽ ഇത്ര നല്ല കാഴ്ച വിസ്മയം ഒരുക്കിത്തന്ന വിജയരാജ്യ രാജാക്കന്മാരോടു നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ ഹംപി നഗരത്തോടു വിട ചൊല്ലി.

Tags: Eurasian eagle-owl, Hampi

Related Stories

ചെപ്പാറ : പാറ പൂക്കുന്നിടം…

പാറക്കു മുകളിലെ പൂന്തോട്ടങ്ങളാണ് മറ്റൊരു കൗതുകം. പാറപൂക്കുന്ന ചന്തം കണ്ടാല്‍ മഴവില്ലു തോറ്റു പോകുമെന്നു തോന്നിപ്പോവും. ചെപ്പാറ കുന്നിലെ കാഴ്ചകളെക്കുറിച്ച്‌ പി.കെ. ജ്യോതി എഴുതുന്നു.

കടുവ ദൈവങ്ങളുടെ നാട്ടിലേക്ക്

കടുവഭൂമി എന്ന വിശേഷണത്തിനു തടോബാ കടുവ സങ്കേതം സർവാത്മനാ യോഗ്യമാവുന്നത് അവിടെ കാടും കടുവയും മനുഷ്യനും അത്രമേൽ പാരസ്പര്യത്തിലും സൗഹൃദത്തിലും പുലരുന്നത് കൊണ്ട് തന്നെയാണ്...

ഹിമശൈല സൈകതഭൂമിയിൽ…

ഒാരോ വളവുകൾ കയറുമ്പോഴും ആകാശത്തിന്റെ അനന്തതയിലേക്ക് ഉൗളിയിടുന്ന ഒരു വികാരം ഞങ്ങളെ ബാധിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മേഘങ്ങൾ ഞങ്ങളുടെ തൊട്ടുമുകളിലായി കണ്ടു തുടങ്ങി... നമുക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ. ഇരുട്ടിനിടയിലും വെൺമേഘങ്ങളുടെ ഭംഗിക്ക് ഒരു കുറവുമില്ല, അതല്ലെങ്കിൽ ഒരു പ്രത്യേകതരം അനുഭവമായി അത് ഞങ്ങളുടെ മുകളിലായി ഒപ്പം യാത്രചെയ്തു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine