• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
യാത്രക്കാരൻ
July 2020

Home » Columns » യാത്രക്കാരൻ » ചെപ്പാറ : പാറ പൂക്കുന്നിടം…

ചെപ്പാറ : പാറ പൂക്കുന്നിടം…

പി.കെ. ജ്യോതി
Photo : Baiju Image

കരിമ്പാറക്കെട്ടുകളില്‍ വിരിയുന്ന കാനന വിസ്മയമാണ് ചെപ്പാറ. കിലോമീറ്ററുകളോളം നീളത്തില്‍ നിരന്നു പരന്നു കിടക്കുന്ന പ്രകൃതി നിര്‍മ്മിത പാറച്ചന്തം! പ്രകൃതിയെ പ്രണയിക്കുന്നവരെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ സന്തോഷിപ്പിക്കുന്നയിടം.

ഉള്ളില്‍ നിറയെ കൗതുകങ്ങളൊളിപ്പിച്ചാണ് പാറ സഞ്ചാരികളെ മാടിവിളിക്കുന്നത്. ഉയരങ്ങളിലേക്കു കയറും തോറും ഓരോ ചുവടിലും വ്യത്യസ്തതകൾ ഒളിപ്പിച്ചിരിക്കുന്നു എന്നതില്‍ അതിശയോക്തിയില്ല. പരന്നു കിടക്കുന്ന പാറയുടെ അടിവാരം മുതല്‍ ഉച്ചിവരെ എത്തണമെങ്കില്‍ അല്‍പ്പം വിയര്‍ക്കുക തന്നെ വേണം. പാറയുടെ ഒരു വശത്തു പാതിഭാഗത്തോളം റോഡ് സൗകര്യമുണ്ടെങ്കിലും പാറക്കു മുകളിലൂടെയുള്ള സഞ്ചാരം ഒരു രസകരമായ അനുഭവം തന്നെയാണ്. ചില സാഹസിക യുവസഞ്ചാരികള്‍ ബൈക്കുകളിലും മറ്റുമായി പാറയ്ക്കു മുകളിലേക്കു സഞ്ചരിക്കുന്നതും കാണാം.

Photo : Vinu Wilson

പാറയ്ക്കു മുകളില്‍ ഇടയിലിടയിലായുള്ള പുല്‍മേടുകള്‍, പല നിറത്തിലും ഭാവത്തിലുമുള്ള പാറപ്പച്ചകള്‍ ! കാണേണ്ട കാഴ്ച തന്നെ. പച്ച നിറം മാത്രമല്ല പാറക്കു മുകളിലെ പൂന്തോട്ടങ്ങളാണ് മറ്റൊരു കൗതുകം. പാറപൂക്കുന്ന ചന്തം കണ്ടാല്‍ മഴവില്ലു തോറ്റു പോകുമെന്നു തോന്നിപ്പോവും. അത്ര ഭംഗിയാണ് അങ്ങിങ്ങായി പല നിറങ്ങള്‍ വാരിയണിഞ്ഞ് നില്‍ക്കുന്ന കൊച്ചു കാട്ടു പൂച്ചെടികള്‍ കാണാന്‍. അതും തികച്ചും വ്യത്യസ്തങ്ങളായ പൂച്ചെടിക്കൂട്ടങ്ങള്‍. ഓരോ മുക്കിലും മൂലയിലുമായി അവ വിരിഞ്ഞു നില്‍ക്കുന്നു.

Photo : Vinu Wilson

നിരന്ന കരിച്ചന്തത്തിനു മുകളിലൂടെ വെള്ളി രേഖപോലെ ചാലിട്ടൊഴുകുന്ന നീരുറവകള്‍ മഴക്കാലങ്ങളില്‍ സജീവമാണ്. നടക്കുന്നതിനിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ തെന്നി വീഴുമെന്നോര്‍മ്മിപ്പിക്കുന്നുണ്ട് പാറക്കല്ലുകള്‍. ഇടവിട്ടിടവിട്ടു ചെറിയ നീര്‍ച്ചോലകളെയും അവയില്‍ തെന്നിക്കളിക്കുന്ന പരല്‍മീനുകളെയും കാണാം. പാറക്കൂട്ടത്തിലെ തടാകങ്ങളാണ് പാറപ്പച്ച തേടിയെത്തുന്ന നാല്‍ക്കാലികളുടെ ദാഹമകറ്റുന്നത്. ഇതില്‍ വലിയ തടാകം ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങാനിരിക്കുന്ന ടൂറിസം പദ്ധതിക്കു മുന്നോടിയായി കൈവരി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.

Photo : Baiju Image

വിസ്തൃതമായ പാറയോരങ്ങളില്‍ വിവിധയിടങ്ങളിലായി ചില ഒറ്റമരത്തണലുകളുണ്ട്. കരിമ്പാറക്കു മുകളില്‍ പരവതാനി വിരിച്ചതു പോലുള്ള പച്ചപ്പിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റമരങ്ങള്‍. ആരോ കൊണ്ടുവന്നിട്ടതു പോലെ അതിനടിയില്‍ പടുകൂറ്റന്‍ പാറക്കല്ലുകളാണ് മറ്റൊരു കൗതുകം, പ്രകൃതിയൊരുക്കിയ ഇരിപ്പിടങ്ങളാണെന്നേ തോന്നൂ. പാറക്കൂട്ടങ്ങളിലെ ഈ മരത്തണലുകള്‍ക്ക് മറ്റ് അവകാശികളാണു പക്ഷി വൈവിധ്യങ്ങള്‍. കാക്കത്തമ്പുരാട്ടി, മൈന,തിത്തിരിപ്പക്ഷി, വണ്ണാത്തിപ്പുള്ള് തുടങ്ങി പലതരം പക്ഷികളും ഇവിടെയുണ്ട്.

ഉദയകിരണങ്ങളില്‍ തളിര്‍ക്കുന്ന പുലരികളിലും അസ്തമയച്ചുവപ്പേറും സന്ധ്യകളിലുമാണ് ചെപ്പാറ കൂടുതല്‍ നയന മനോഹരിയാവുന്നത്. ഉദയാസ്തമയക്കാഴ്ചകള്‍ തേടിയാണ് കൂടുതല്‍ പേരും ചെപ്പാറയിലെത്തുന്നത്. പാറയുടെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ ചുറ്റും പച്ചവാരിപ്പുതച്ച താഴ്‌വാരം ഒരു ഹരിതഅല പോലെ കിടക്കുന്നത് കാണാനാവും.

Photo : Baiju Image

സഞ്ചാരികളുടെ കൗതുകങ്ങള്‍ക്കപ്പുറം ചരിത്രാന്വേഷികള്‍ക്കു കൂടിയുള്ള ഇടമാണിവിടം. മഹാശിലായുഗ കാലഘട്ടത്തിലെ മുനിയറകള്‍ പാറയുടെ മറുവശത്തു സംരക്ഷിക്കപ്പെടുന്നു. ഏറെക്കുറെ നാശോന്മുഖമാണെങ്കിലും അവ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്. ഇത്തിരി സാഹസീക തല്‍പ്പരര്‍ക്കു വലിയ പ്രതിസന്ധി കൂടാതെ ഇറങ്ങുകയും കയറുകയും ചെയ്യാവുന്ന തരത്തിലാണ് പ്രകൃതിയീ വിസ്മയം തീര്‍ത്തിരിക്കുന്നത്. വടക്കോട്ടു പോകും തോറും പാറയുടെ കുറച്ചു ഭാഗം ചെറുകാടുകള്‍ മൂടിക്കിടക്കുകയാണ്. കുത്തനെയുള്ള പാറച്ചെരിവുകളില്‍ നിന്ന് നോക്കിയാല്‍ ഇത്തിരി മങ്ങിയെങ്കിലും വിദൂര നഗരക്കാഴ്ചകളും കാണാം. ചെപ്പാറയിലെ വിസ്മയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വലിയൊരു ടൂറിസ്റ്റ് സെന്‍ററാക്കാനുള്ള നീക്കത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. നല്ലൊരു ഇക്കോ ടൂറിസം പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. അതിന്‍റെ ഭാഗമായി പാറക്കുമുകളില്‍ ഇരിപ്പിടങ്ങള്‍ മുതല്‍ യാത്രാ സൗകര്യത്തിനായി കൈവരികള്‍, നല്ലൊരു പാര്‍ക്കിങ് കേന്ദ്രം എന്നിവ തയ്യാറായിക്കഴിഞ്ഞു.

Photo : Vinu Wilson

തൃശൂർ-ഷൊർണ്ണൂർ റൂട്ടിൽ, നഗരത്തിൽ നിന്ന് ഏതാണ്ട് 11 കിലോമീറ്റര്‍ ദൂരമേയുളളൂ ചെപ്പാറയിലേയ്ക്ക്. ചെപ്പാറയോടു ചേര്‍ന്ന് കിടക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ളതിനാല്‍ ഇവിടെയൊരു ടൂറിസം ഇടനാഴിയും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. പൂമല ഡാം- ചെപ്പാറ- പത്താഴക്കുണ്ട് ഡാമുകളെ യോജിപ്പിച്ചാണ് ഈ പദ്ധതി. ചെപ്പാറയില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ മാത്രമാണ് പൂമലയിലേക്കുള്ള ദൂരം. ഒറ്റ ദിവസം കൊണ്ട് ചുരുങ്ങിയ ബജറ്റില്‍ തീര്‍ക്കാവുന്ന മൂന്നു യാത്രകളാണ് ചെപ്പാറയെന്ന ഒറ്റ ലക്ഷ്യം കൊണ്ട് സാധ്യമാവുക. ചെപ്പാറയിലെ പുലരി കണ്ട് മടങ്ങിയാല്‍ പൂമല, പത്താഴക്കുണ്ട് മേഖലകളിലേക്കും സഞ്ചരിക്കാം.

Tags: ഉദയാസ്തമയക്കാഴ്ചകള്‍, ചെപ്പാറ, പാറ, പ്രകൃതി, സഞ്ചാരി

Related Stories

ഹംപിയിലെ കൊമ്പൻ മൂങ്ങ

ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ വിസ്മയക്കാഴ്ചകളായിരിക്കും ഏതൊരു സാധാരണ യാത്രക്കാരനെയും ആവേശം കൊള്ളിക്കുന്നത്. എന്നാലൊരു പക്ഷിനിരീക്ഷക ഹംപിയിൽ പോയാലോ?

കടുവ ദൈവങ്ങളുടെ നാട്ടിലേക്ക്

കടുവഭൂമി എന്ന വിശേഷണത്തിനു തടോബാ കടുവ സങ്കേതം സർവാത്മനാ യോഗ്യമാവുന്നത് അവിടെ കാടും കടുവയും മനുഷ്യനും അത്രമേൽ പാരസ്പര്യത്തിലും സൗഹൃദത്തിലും പുലരുന്നത് കൊണ്ട് തന്നെയാണ്...

ഹിമശൈല സൈകതഭൂമിയിൽ…

ഒാരോ വളവുകൾ കയറുമ്പോഴും ആകാശത്തിന്റെ അനന്തതയിലേക്ക് ഉൗളിയിടുന്ന ഒരു വികാരം ഞങ്ങളെ ബാധിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മേഘങ്ങൾ ഞങ്ങളുടെ തൊട്ടുമുകളിലായി കണ്ടു തുടങ്ങി... നമുക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ. ഇരുട്ടിനിടയിലും വെൺമേഘങ്ങളുടെ ഭംഗിക്ക് ഒരു കുറവുമില്ല, അതല്ലെങ്കിൽ ഒരു പ്രത്യേകതരം അനുഭവമായി അത് ഞങ്ങളുടെ മുകളിലായി ഒപ്പം യാത്രചെയ്തു.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • കടുവ
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • പാഠം ഒന്ന്; പച്ച
  • ഹിമശൈല സൈകതഭൂമിയിൽ…
  • ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…
  • ഗരുഡശലഭം
  • വന്യതയിലേക്ക് തുറക്കുന്ന കണ്ണാടിച്ചില്ലുകൾ
  • കയ്യേറ്റങ്ങളുടെ കറുത്ത വര്‍ത്തമാനം
  • ചിപ്‌ക്കൊ എന്ന മൂന്നക്ഷരം
© 2021 Copyright Koodu Nature Magazine