കടുവകളെ തേടിയുള്ള ഫോട്ടോഗ്രാഫറുടെ യാത്രകൾ അനിശ്ചിതത്വത്തിന്റെ ചക്രവാളത്തിലേക്കുള്ള യാത്രകളാണ്. തീവ്രമായി ആഗ്രഹിക്കുമ്പോൾ പോലും മറഞ്ഞിരുന്നും, ഒട്ടും നിനക്കാത്ത നേരത്ത് മുന്നിൽ ഫ്രെയിമിൽ വന്നു നിന്നും കടുവ നിങ്ങളെ വിസ്മയിപ്പിക്കും. മണിക്കൂറുകളുടെയോ, ദിവസങ്ങളുടെയോ അലച്ചിലുകൾക്കും കാത്തിരിപ്പുകൾക്കും ശേഷം കടുവ നിങ്ങൾക്ക് തരുന്നത് ഒരു പക്ഷെ നിമിഷങ്ങൾ മാത്രമായിരിക്കും. അത്തരമൊരു നിമിഷം സംഭവിക്കുന്നതിന്റെ അനിശ്ചിതവും കാത്തിരിപ്പും തന്നെയാണ് നിങ്ങളിലെ വന സഞ്ചാരിയെ പാകപ്പെടുത്തുന്നത്. ക്യാമറയും കടുവയും കാടും ഒരർത്ഥത്തിൽ നിങ്ങളെ ജീവിതം പഠിപ്പിക്കുകയാണ്. ഛായാഗ്രാഹകന്റെ വനയാത്രയിലൂടെ കടന്നു പോകുമ്പോൾ സന്ദേഹവാദി ശുഭാപ്തി വിശ്വാസിയാവുന്നു, കാത്തിരിപ്പിന്റെയും, നിരാശയുടെയും, ക്ഷമയുടെയും കലയിൽ യാത്രികൻ പ്രാവീണ്യം നേടുന്നു. വനസ്ഥലി ഈ അർത്ഥത്തിൽ മനുഷ്യവംശത്തിന്റെ ആദ്യ പാഠശാലയാണ്, മനുഷ്യ കുലത്തെ ജീവിതത്തിന്റെ ഫിലോസഫി പഠിപ്പിക്കുന്ന, ജീവന്റെ ആദ്യ രൂപങ്ങൾ ഉടലെടുത്ത, മഹത്തായ പാഠശാല. ഓരോ വനയാത്രകളും ഓരോ ജീവിത പാഠങ്ങളാവുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്.
ഇന്ത്യയുടെ കടുവ ഭൂമികകൾ തേടിയുള്ള ഇത്തവണത്തെ യാത്ര തടോബായിലേക്കായിരുന്നു. കടുവഭൂമി എന്ന വിശേഷണത്തിനു തടോബാ കടുവ സങ്കേതം സർവാത്മനാ യോഗ്യമാവുന്നത് അവിടെ കാടും കടുവയും മനുഷ്യനും അത്രമേൽ പാരസ്പര്യത്തിലും സൗഹൃദത്തിലും പുലരുന്നത് കൊണ്ട് തന്നെയാണ്, അത് പാരിസ്ഥിതിക ആത്മീയത എന്ന സംജ്ഞയെ തങ്ങളുടെ ജീവിതം കൊണ്ട് പ്രയോഗവത്കരിച്ചു കാണിക്കുന്ന മനുഷ്യരുടെ ഇടമായത് കൊണ്ടാണ്. കടുവകളെ ആരാധിച്ചും, ബഹുമാനിച്ചും, അതിനെ ഭൂമിയിലെ ആത്മീയ സാന്നിധ്യമായി കരുതിയും ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ കണ്ടു മുട്ടുന്നത് ഈ യാത്രയിലാണ്. കേവലം ഛായാഗ്രഹണത്തിനപ്പുറം പാരിസ്ഥിതിക ആത്മീയതയുടെ (Ecospirituality) നേരനുഭവങ്ങളുടെ ഒരു തലം കൂടി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫ്യ്ക്കുണ്ടെന്ന് അനുഭവിക്കുന്നത് ഇവിടെ നിന്നുമാണ് .
തടോബാ ടൈഗർ റിസർവിന്റെ പ്രധാന ഗേറ്റ് കടന്നു മുന്നോട്ട് മെഹ്‌റോളി ഗേറ്റിലേക്കുള്ള വഴിയിൽ വെച്ചാണ്, ആ ആദിവാസി വൃദ്ധനെ കാണുന്നത്, വയൽക്കരയിൽ ഒരു ചെറിയ പ്രതിഷ്ഠക്കരികിൽ കണ്ണടച്ചിരുന്ന് ഭക്തിപൂർവ്വം എന്തോ പൂജ ചെയ്തു കൊണ്ടിരിക്കുകയാണ്. ശല്യപ്പെടുത്തേണ്ടെന്ന് കരുതി അല്പം മാറി നിന്ന് സാകൂതം വീക്ഷിച്ചു. അൽപ നേരം കഴിഞ്ഞു ഞങ്ങളെ അരികിലേക്ക് വിളിച്ചു, പൂജാ വിഗ്രഹത്തിനരികിൽ നിന്നും അല്പം പ്രസാദമെടുത്ത് കയ്യിൽ തന്നു. പരിപ്പ് വട പോലെ തോന്നിക്കുന്ന എരിവുള്ള ഒരു പലഹാരവും, മധുരമുള്ള അപ്പവുമടങ്ങുന്ന പ്രസാദം. അപ്പോൾ മാത്രമാണ് ആ കടുവാ വിഗ്രഹം ശ്രെദ്ധയിൽപ്പെടുന്നത്. തലയുയർത്തി നിൽക്കുന്ന ഒരു കടുവയുടെ പ്രതിഷ്ഠ. കാലപ്പഴക്കം കൊണ്ടുള്ള കേടുപാടുകൾ അതിന്റെ ആധ്യാത്മിക ചൈതന്യത്തെ ബാധിച്ചിട്ടേ ഇല്ല. പ്രസാദം പങ്കിട്ട് കഴിച്ചു കൊണ്ടിരിക്കെ കടുവാരാധനയെ കുറിച്ചും, കടുവ ദൈവത്തെ കുറിച്ചും അയാൾ വാചാലനായി.
കൃഷി ഉപജീവനമാക്കിയ ഗ്രാമത്തിലെ ആദിവാസികൾ വര്ഷങ്ങളായി കടുവ ദൈവത്തെ ആരാധിച്ചു വരുന്നുണ്ടെന്നും, വയലിന് നടുവിലായിരുന്ന പ്രതിഷ്ഠ ഇത്തവണ വെള്ളം കയറിയതോടെ കരയിലേക്ക് മാറ്റി പുനഃപ്രതിഷ്ഠിക്കുന്ന ചടങ്ങിനാണ് ഞങ്ങളിപ്പോൾ സാക്ഷ്യം വഹിച്ചതെന്നും പറഞ്ഞു നിർത്തി.കേരളത്തിൽ നിന്നും വരുന്നവരാണെന്നും, തടോബായിലെ കടുവകളെ കാണാനും ചിത്രങ്ങളെടുക്കാനും വന്നതാണെന്നും പറഞ്ഞപ്പോൾ, കടുവ ദര്ശനത്തിനുള്ള അനുഗ്രഹങ്ങൾ നൽകി ഞങ്ങളെ യാത്രയാക്കി.
ചരിത്രാതീത കാലം മുതൽക്ക് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൃഗരാധനകൾ നില നിന്നിരുന്നു എന്ന് ചരിത്രകാരന്മാർ തെളിവുകൾ നിരത്തി പറയുന്നുണ്ട്. നാഗരികതകളുടെ ചരിത്രം മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടേത് കൂടിയാണ്. മനുഷ്യനോട് ഇണങ്ങിയും പിണങ്ങിയും പൊരുതിയും അവരും നാഗരികതകളുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. ഭക്ഷണം തേടി വേട്ടയാടി നടന്നിരുന്ന (Hunter gatherer )ജിപ്സി കാലഘട്ടത്തിൽ മനുഷ്യരും മൃഗങ്ങളും ഏറെക്കുറെ സഹവർത്തിത്തത്തിലും ധാരണയിലും ജീവിച്ചു. ജീവനും, ഭക്ഷണത്തിനും വേണ്ടി മാത്രം അവർ പരസ്പരം പോരാടി, അല്ലാത്ത സമയങ്ങളിൽ ഓരോരുത്തരും തങ്ങളുടെ ലാവണങ്ങളിൽ സുരക്ഷിതരായി. എന്നാൽ മനുഷ്യൻ നദീതടങ്ങളിൽ സ്ഥിര താമസമുറപ്പിക്കുകയും, കൃഷിയും, ക്രമേണ കുടുംബ ജീവിതവും തുടങ്ങുകയും ചെയ്തതോടെ, അതായത്, നാഗരികതകൾ വികാസം പ്രാപിക്കാൻ തുടങ്ങിയതോടെ മനുഷ്യ-മൃഗസംഘർഷങ്ങൾ ഉടലെടുക്കാനും രൂക്ഷമാവാനും തുടങ്ങി. നിലനിൽപിന് വേണ്ടിയുള്ള ഈ യുദ്ധത്തിൽ ജയം മനുഷ്യന് തന്നെയായിരുന്നു, തന്നോട് ഇണങ്ങുന്നവയെ മനുഷ്യൻ കൂടെ കൂട്ടുകയും, മെരുങ്ങാത്തവയെ കൊന്നു തള്ളുകയും ചെയ്തു. പിടിച്ചു നിൽക്കാൻ കഴിയാതെ പല ജീവി വർഗ്ഗങ്ങളും ഭൂമുഖത്തു നിന്ന് നാമാവശേഷമായി. ചില മൃഗങ്ങൾ മനുഷ്യനുമായി തന്ത്രപരമായ അകലം പാലിച്ച് തങ്ങളുടെ ലാവണം വിട്ടു പോവുകയും പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയും ചെയ്തു. എന്നാൽ സ്വന്തം കരുത്തിലും കരിസ്മയിലും ആത്മവിശ്വാമുണ്ടെന്ന് തോന്നിപ്പിക്കും വിധം ചില മൃഗങ്ങൾ നാഗരിക മനുഷ്യന്റെ കൂടെ തന്നെ ജീവിച്ചു, പലപ്പോഴും പരസ്പരം ഏറ്റുമുട്ടാതെ പരസ്പര ബഹുമാനത്തിൽ കഴിഞ്ഞു.
ലോകത്തിൽ തന്നെ ഏറ്റവും ശക്തനായ വേട്ടക്കാരനായി അറിയപ്പെടുന്ന കടുവയും മനുഷ്യനും തമ്മിൽ പലപ്പോഴും അത്തരമൊരു പാരസ്പര്യത്തിൽ കഴിഞ്ഞവരായിരുന്നു. ജൈവശൃംഖലയുടെ മർമ സ്ഥാനത്ത് നിൽക്കുന്ന കടുവയുടെ കരുത്തിലും, കുലീനമായ അതിന്റെ ശരീരഭാഷയിലും ഒരു തരം ദൈവീക ചൈതന്യം ദർശിച്ച മനുഷ്യ വംശങ്ങൾ ദൈവത്തിന്റെ പ്രതിനിധിയായോ, ദൈവം തന്നെയായോ കടുവയെ കരുതുകയും ആരാധിക്കുകയും അവനിൽ തങ്ങളുടെ രക്ഷകനെ തേടുകയും ചെയ്തു. ലോകത്തിൽ മിക്കയിടങ്ങളിലും അവരുടെ പ്രാക്തന വിഭാഗങ്ങൾക്കിടയിൽ കടുവാരാധന നിലനിന്നിരുന്നതായും, അതിൽ ഭൂരിഭാഗവും ഇപ്പോഴും നിലനിൽക്കുന്നതായും കാണാൻ കഴിയും. കിഴക്കൻ റഷ്യിലെ ഉദെഗി(udegi ) വംശജർ കടുവയെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള അംബ എന്ന ദൈവമായി ആരാധിച്ചു പോന്നു. പ്രശസ്ത റഷ്യൻ പര്യവേക്ഷകൻ വ്ലാദിമിർ അഴ്സനേവിന്റെ ദെർസു ഉസാല എന്ന യാത്രാ വിവരണത്തിലെ കേന്ദ്ര കഥാപാത്രമായ ദെർസു ഉസാല എന്ന ആദിവാസി അബദ്ധത്തിൽ കടുവയെ മുറിവേൽപ്പിക്കുന്നതും പിന്നീട് അംബ എന്ന് വിളിക്കുന്ന കടുവ ദൈവത്തിന്റെ കോപത്തിനിരയാവേണ്ടി വരുമെന്ന് ഭയന്ന് വനജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്ന രംഗം സൈബീരിയൻ മേഖലയിലെ കടുവാരാധനയുടെ ചരിത്രം പറയുന്നു.
ചൈനയിലെ യി ജനത ഇപ്പോഴും കടുവാരാധന നടത്തുന്നവരാണ്, ചൈനീസ് രാശിചക്രത്തിലെ പന്ത്രണ്ട് മൃഗങ്ങളിൽ കടുവ ധീരതയുടെയും, കരുത്തിന്റെയും പര്യായമായി കണക്കാക്കുന്നു. നേപ്പാളിലെ കടുവ ഉത്സവം ബാഗ് ജാത്ര എന്നറിയപ്പെടുന്നു. കൊറിയ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മിത്തുകളിലും, വാമൊഴി വരമൊഴികളിലും കടുവയുടെ ദിവ്യ ശക്തിയും ദൈവീക പരിവേഷവും മുന്നിട്ട് നിൽക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ കടുവാരാധനക്ക് അതീവ പ്രാധാന്യം തന്നെയുണ്ട്. വടക്കേ ഇന്ത്യയിലെയും, മധ്യേന്ത്യയിലെയും പല ആദിവാസി വിഭാഗങ്ങളും ഇന്നും കടുവയെ പ്രധാന ദൈവമായി കണക്കാക്കുന്നവരാണ്. കാടിന് നടുവിൽ ജീവിക്കുന്ന ഇവരുടെ അതിജീവനത്തിന്റെ ആന്തരിക ശക്തി കടുവാരാധന തന്നെയാണ്. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സഹജീവനം (co existence )ഈ ജനവിഭാഗങ്ങൾക്ക് സാധ്യമാവുന്നത് ഇത്തരമൊരു ആത്മീയ ശക്തി കൊണ്ടാണെന്ന് കരുതണം. കടുവാരാധകർക്കിടയിൽ കടുവ ദൈവം പൊതുവിൽ വാഘോബാ എന്നറിയപ്പെട്ടു, ഭൈന, ഭാരിയ, ഭത്ര, ഗോണ്ട്, കോൾ കൊർക്കു തുടങ്ങി മധ്യേന്ത്യയിലെയും, ഉത്തരേന്ത്യയിലെയും എണ്ണമറ്റ ആദിവാസി ജനവിഭാഗങ്ങൾ കടുവയെ ദൈവമായി ആരാധിച്ചു പോന്നു. വാഘോബായായും, വാഘ് ഗുരുവായും, വാഘേശ്വറായും കടുവ അവർക്കിടയിലെ ആത്മീയ സാന്നിധ്യമായി.
ഇന്ത്യയുടെ കടുവ ഭൂമി എന്ന വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യമായ തടോബാ കടുവ സങ്കേതത്തിലേക്കുള്ള യാത്രക്ക് ഒരു തീർത്ഥ യാത്രയുടെ മാനസിക നില കൈവരുന്നത് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് കൂടിയാവാം. വന്യജീവി ഫോട്ടോഗ്രഫിക്കും, കടുവ ടൂറിസത്തിന്റെ മായക്കാഴ്ചകൾക്കുമപ്പുറം, ഇന്ത്യയുടെ ബഹുമുഖ സംസ്കാരത്തിന്റെയും ,പാരിസ്ഥിതിക സൗഹൃദ ആത്മീയതയുടെയും (Ecospirituality) ശേഷിപ്പുകൾ ഇവിടെ ദർശിക്കാനാവും. തടോബായിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ഞങ്ങളുടെ അഞ്ചംഗ യാത്രാ സംഘം കൂട്ടായ ഒരു തീരുമാനത്തിലെത്തുയിരുന്നു. ട്രെയിനും, ഫ്‌ളൈറ്റും ഒഴിവാക്കി യാത്ര റോഡിലൂടെ ആക്കണമെന്ന്. ഭാവിയിലെ ഇന്ത്യൻ റോഡ് പര്യടനത്തിനുള്ള ഒരുക്കം എന്ന നിലക്ക്, തടോബാ യാത്ര വലിയ ഒരു ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ് കൂടെ ആയിരുന്നു. യാത്രകൾ അതിന്റെ ഡെസ്റ്റിനേഷൻ മാത്രമല്ല, പിന്നിടുന്ന വഴികളും കണ്ടു മുട്ടുന്ന ജനപഥങ്ങളും കൂടിയാണെന്നാണല്ലോ സഞ്ചാര സാഹിത്യകാരന്മാർ പറഞ്ഞു വെച്ചിരിക്കുന്നത്, പലപ്പോഴും പ്രഖ്യാപിത ലക്ഷ്യസ്ഥാനങ്ങളെക്കാൾ തങ്ങളെ മോഹിപ്പിച്ചതും ആകർഷിച്ചതും അത്തരം ജനപഥങ്ങളും വഴികളുമായിടുന്നുവെന്നും അവർ പറഞ്ഞു വെച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ യാത്രാമാർഗം തിരഞ്ഞെടുക്കാൻ കൂടുതൽ കൂടിയാലോചന വേണ്ടി വന്നില്ല .ഡിസംബർ 7 നു വൈകുന്നേരം 4 മണിക്ക് നിലമ്പുർ നിന്നും പുറപ്പെട്ട ഞങ്ങളുടെ സ്വിഫ്റ്റ് ഡിസയർ കർണാടകം, ആന്ധ്ര ,തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട രണ്ടാം ദിവസം തന്നെ ചന്ദ്രപുർ പിടിച്ചു. മഹാരാഷ്ട്രയുടെ കിഴക്കൻ അതിർത്തിയായ ചന്ദ്രപുർ. കൽക്കരി ഖനികളുടെ നാടാണ്, ചന്ദ്രപൂരിന്റെ പ്രശസ്തിയും, കുപ്രശസ്തിയും ഈ കൽക്കരി ഖനികൾ തന്നെയാണ്. ഏകദേശം ഇരുപത്തിയേഴോളം കൽക്കരി ഖനികൾ ചന്ദ്രപുരിൽ മാത്രം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഖനനം ഏല്പിക്കുന്ന ആഘാതം ചന്ദ്രപുരിൽ എവിടെയും കാണാനാവും, കറുത്തിരുണ്ട തെരുവുകളും, വാഹനങ്ങളും, മഞ്ഞ നിറമുള്ള നദികളും. ഇന്ത്യൻ സാഹചര്യങ്ങളിൽ പരിസ്ഥിതിയും, വികസനവും രണ്ടു ചേരികളിൽ വിപരീത ദിശയിൽ തന്നെയാണ് ഇപ്പോഴും ചരിക്കുന്നത്, സുസ്ഥിര വികസനം പരിപ്രേക്ഷ്യങ്ങളിൽ ഒതുങ്ങുന്നു. ചന്ദ്രപുരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ഉണ്ട് തടോബായിലേക്ക്. 9-നു വൈകുന്നേരം 4 നു നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെതടോബായിലെത്തി. തടോബാ വില്ലജിലെ മെഹ്‌റോളി ഗേറ്റിനടുത്ത് തന്നെയാണ് വൈൽഡ് ലൈഫ് ഹോം സ്റ്റേ സ്ഥിതി ചെയ്യുന്നത്. മലയാളിയായ പ്രവീൺ പൈ ആണ് ഇത് നടത്തുന്നത്. കുറഞ്ഞ ചിലവിൽ സഫാരിയും, താമസവും ഭക്ഷണവുമടക്കം തടോബാ യാത്രകൾ ഒരുക്കിടക്കൊടുക്കുന്ന, വന്യജീവി ഫോട്ടോഗ്രാഫർ കൂടിയായ പ്രവീൺ പൈ മലയാളി വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്.
ഇനിയുള്ള നാല് ദിവസങ്ങൾ ഇവിടെയാണ്. അടുത്ത ദിവസം ഉച്ചക്ക് ശേഷമാണ് ആദ്യ സഫാരി, അത് വരെ പണിയൊന്നുമില്ല. ഒഴിവു സമയം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രവീൺ കണ്ടെത്തി തന്നു.അടുത്ത ദിവസം അതി രാവിലെ തടോബ വില്ലേജ് ജൂനോന ഗേറ്റിനു ചുറ്റുമുള്ള നീർത്തട പ്രദേശങ്ങളിൽ പക്ഷികളെ കാണാൻ പോയി, പുലരി വെളിച്ചത്തിൽ നീർപ്പക്ഷികളുടെ കുറച്ചു ചിത്രങ്ങളെടുത്തു. ഭൂമിയിൽ ഏറ്റവും ആദ്യം ജീവിതം തുടങ്ങുന്നത് ഒരു പക്ഷെ പക്ഷികളാവും, സൂര്യനുദിക്കുന്നതിന് മുൻപേ അവ കൂടു വിട്ടുണരും, ആദ്യ പുഴുവിനെ പിടിക്കുന്നതിനു വേണ്ടിയുള്ള ജീവന മൽസരങ്ങളിലേർപ്പെടും. ഇത്തവണ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രങ്ങൾ മുഴുവൻ പകർത്തിയത്. പുലർ വെളിച്ചത്തിന്റെ ധ്യാനാത്മകതയോട് മോണോക്രോമിനോളം നീതി പുലർത്തുന്ന മറ്റൊന്നുമില്ലെന്ന് കരുതുന്നു. അസാധ്യമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ പ്രചോദിപ്പിച്ച അറിയുന്നവരും അറിയാത്തവരുമായ ഫോട്ടോഗ്രാഫി ഗുരുക്കന്മാർക്ക് നന്ദി. സ്ഥിരം തടോബാ ചിത്രങ്ങളിൽ നിന്ന് മാറി ഒരു വ്യസ്ത്യസ്തത പരീക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രവീണുമായി പങ്കു വെച്ചു. കൂട്ട് വന്ന ഗൈഡ് ബാപ്പുവിനോട് അറിയാവുന്ന ഹിന്ദിയിൽ സന്തോഷം പങ്കു വെച്ചു.
ഉച്ചക്ക് ശേഷമാണ് ആദ്യ സഫാരി. നേരത്തെ തന്നെ റെഡിയായി. 2 മണിക്കാണ് സഫാരി തുടങ്ങുന്നത് . തടോബായിലെ ഏറ്റവും പോപ്പുലർ സോണായ മൊഹാർലിയിലാണ് പ്രവീൺ സഫാരി അറേഞ്ച് ചെയ്തിട്ടുള്ളത് . കൊത്സയും, മെഹ്‌റോളിയുമാണ് തടോബായിലെ പ്രധാന സഫാരി സോണുകൾ, ഇതിൽ തന്നെ മെഹ്‌റോളിയാണ് സെലിബ്രിറ്റി കടുവകളുടെ ആസ്ഥാനം. മെഹ്‌റോളി സോണിൽ തന്നെ അഗർസാരി, ജൂനോന തുടങ്ങി ആറോളം ഗേറ്റുകൾ ഉണ്ട്. കോർ ഗേറ്റുകൾ എന്നും ബഫർ ഗേറ്റുകൾ എന്നും അതിനെ തരം തിരിച്ചിട്ടുണ്ട്. മനുഷ്യവാസമില്ലാത്ത ഉൽക്കാടുകളെ കോർ എന്നും, ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന കാടിന്റെ അതിർത്തി പ്രദേശങ്ങളെ ബഫർ എന്ന്നും വിളിക്കുന്നു. കോർ ഏരിയയിലാണ് കടുവകളെ കൂടുതൽ കാണുന്നത് എന്നത് ഒരു മിത്ത് മാത്രമാണെന്നും, കോറിനോളമോ അതിലധികമോ സാധ്യത ബഫറിനുമുണ്ടെന്നും പ്രവീൺ പറഞ്ഞു. തടോബായിലെ കടുവകൾ വെറും കടുവകളല്ല, സ്വന്തമായി പേരും, കുലവും, രേഖപ്പെടുത്തപ്പെട്ട വംശ പരമ്പരകളുമുള്ള സെലിബ്രിറ്റികളാണ്, കടുവാ പ്രേമികൾക്കും, വന്യജീവി ഫോട്ടോഗ്രാഫർമാർക്കും ഇടയിൽ അവർ സിനിമാ താരങ്ങളേക്കാൽ വിലപ്പെട്ടവരാണ്. രാവിലെ പ്രവീൺ മെഹ്‌റോളിയിലെ കടുവകളുടെ വംശപരമ്പരയെ കുറിച്ച വിശദമായി പറഞ്ഞിരുന്നു. മട്കാസുർ എന്ന ഇപ്പോഴത്തെ ഏറ്റവും സീനിയർ ആയ ആൺകടുവയും, മായ, മാധുരി, സോനം തുടങ്ങിയ പല ഇണകളിലായുള്ള മട്കയുടെ വംശ പരമ്പരയെക്കുറിച്ചും ഒരു രൂപരേഖ തന്നു, വിശദമായി പഠിച്ചു ഓർത്തു വെക്കാൻ സമയമെടുക്കും, മട്കാസുർ ആണ് ഇപ്പോഴത്തെ കാരണവർ പോകും മുൻപ് അദ്ദേഹത്തെ കാണിച്ചു തരുമെന്ന പ്രവീണിന്റെ ഉറപ്പിൽ ഞങ്ങൾക്ക് വിശ്വാസമായിരുന്നു.
ആദ്യ സഫാരിക്കായി മെഹ്‌റോളിയിലെ ഗേറ്റ് കടക്കുമ്പോൾ മനസ്സിൽ കോർബെറ്റിലെ കടുവ ദിനങ്ങൾ കടന്നു വന്നു, രണ്ടു വര്‍ഷം മുൻപ് കോർബെറ്റിലെ കടുവ ഭൂമിയിൽ പാറുവടക്കമുള്ള കടുവകൾ ഒന്നിന് പുറകെ ഒന്നായി ദര്‍ശനം തന്നത് നല്ലൊരനുഭവമായിരുന്നു, തടോബാ ഒട്ടും പുറകിലാവില്ല എന്ന പ്രതീക്ഷയിൽ മധ്യേന്ത്യയുടെ കടുവ ഭൂമിയിലെ കടുവാ ദിനങ്ങൾക്ക് തുടക്കമായി .ഇണക്കടുവകളുടെ (Mating Pair ) പ്രണയസല്ലാപങ്ങളുടെ ശബ്ദം (courtship call) കേട്ട സ്ഥലത്ത് ഡ്രൈവർ രവി ഭുവിയ ജിപ്സി നിർത്തി.സഫാരി വഴിയിൽ നിന്ന് അല്പം അകലെ ഒരു ചെറിയ കുളം ഉണ്ട്, അതിനകത്തു നിന്നും ഇപ്പൊൾ വ്യക്തമായി ആ മുരൾച്ച കേൾക്കാം, മഴക്കാടിന്റെ സ്വഭാവമുള്ള ആ സ്ഥലം കടുവകൾ ഇണ ചേരുന്നതിനു തെരഞ്ഞെടുത്തതിൽ അത്ഭുതമില്ല. ഇണക്കടുവകൾ കുറച്ചു ദിവസമായി ഈ ഭാഗത്തു തന്നെ ഉണ്ടെന്നും അപൂർവമായി മാത്രം പുറത്തു വരാറുണ്ടെന്നും പ്രവീൺ പറഞ്ഞു, കടുവജോഡികളെ കാണാമെന്ന പ്രതീക്ഷയിൽ അവിടെ കാത്തു നിൽക്കാൻ തീരുമാനിച്ചു.
സാധാരണയായി നവംബര്‍ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് കടുവകളുടെ ഇണ ചേരൽ കാലം. പൊതുവെ ഏകാകികളായ കടുവകളുടെ ലൈഗിക ജീവിത കാലത്ത് ഒറ്റക്കുള്ള ജീവിതത്തിനു താല്ക്കാലിക വിരാമം നൽകുന്നു. ഈ സമയങ്ങളിൽ ഇണയെ ആകർഷിക്കുന്നതിന് വേണ്ടി ഉച്ഛത്തിൽ ശബ്ദമുണ്ടാക്കി പരസ്പര സാന്നിധ്യം അറിയിക്കുന്നു. കാട്ടില്‍ കടുവയുടെ ശബ്ദം മുഴങ്ങിക്കേൾക്കുന്ന ഒരേ ഒരു സമയം ഇതായിരിക്കാം . മിത്തുകളിലും, കഥകളിലും പറയുന്ന പോലെ അലറി വിളിച്ച് ഇരയുടെ മേൽ ചാടി വീണു സംഹാര താണ്ഡവമാടുന്ന ഒരു വ്യാഘ്രം ഒന്നുമല്ല കടുവ. സ്വതവേ ശാന്ത ശീലരായ രജോഗുണശാലികളായവരാണ് കടുവകൾ.
ഇണചേരൽ നടക്കുന്ന രണ്ടോ, മൂന്നോ ആഴ്ചകൾ ഇവർ ഒന്നിച്ചു ജീവിക്കുന്നു, ദിവസത്തിൽ പത്തിലധികം തവണ ഇണ ചേർന്ന് ഇണ ചേരൽകാലം ആഘോഷമാക്കുന്ന. ഇണ ചേരൽ സമയം കഴിയുന്നതോടെ ഇരുവരും വേർപിരിയുകയും, വിജയകരമായ ഇൻ ചേരലിനു ശേഷം പെൺകടുവ ഗർഭകാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. തൊണ്ണൂറു മുതൽ നൂറ്റി ഇരുപത് ദിവസം വരെ നീളുന്ന ഗർഭ കാലവും പിന്നീട് ഏകദേശം രണ്ടര വർഷത്തോളം നീളുന്ന പാരന്റിങ് കാലവും കഴിഞ്ഞു മാത്രമേ പെൺ കടുവ പിന്നീട് ഇണ ചേരലിന് തയ്യാറാവുകയുള്ളൂ. ആൺ കടുവ ഈ സമയങ്ങളിൽ മറ്റു ഇണകളെ തേടുകയും വംശ വർധന എന്ന തന്റെ ജൈവിക ചോദന നിറവേറ്റുന്നതിൽ ബദ്ധശ്രെദ്ധനാവുകയും ചെയ്യുന്നു.
ഒരു മണിക്കൂറോളം കാത്തു നിന്നെങ്കിലും ഇണക്കടുവകൾ പുറത്ത് വരാൻ തയ്യാറായില്ല .പുറകിൽ സഫാരി വാഹനങ്ങളുടെ നിര രൂപപ്പെട്ടിരുന്നു, എല്ലാവരും കാത്തിരിപ്പിലാണ്. ഇനിയും കാത്തിരിക്കുന്നതിൽ കാര്യമില്ലെന്നുള്ള പ്രവീണിന്റേയും രവിയുടെയും അഭിപ്രായത്തോട് ഞങ്ങളും യോജിച്ചു. പല വഴികളിലൂടെ, കടുവാ സാമ്രാജ്യങ്ങളുടെ പ്രാന്തങ്ങളിലൂടെ രവിയുടെ ജിപ്സി മൂളിപ്പറന്നു. സാധ്യമായ സ്ഥലങ്ങളിലെല്ലാം നോക്കിക്കൊണ്ടിരുന്നു, കടുവകളെ കണ്ടതേയില്ല. കടുവക്കാഴ്ചകളൊഴിച്ചു നിർത്തിയാൽ തടോബാ പൊതുവെ അനാകര്ഷകമാണു്. ക്യാമറക്ക് വിരുന്നൊരുക്കുന്ന മറ്റു കാഴ്ചകളുടെ ലോകം താരതമ്യേന ചെറുതാണ്. ആനകൾ ഇല്ലെന്നുള്ളത് പ്രത്യേകം ശ്രെദ്ധിച്ചു. കടുവകൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ വേണ്ടി ആനകളെ അകറ്റി നിർത്തിയതാണെന്നു പറയപ്പെടുന്നു. തടോബയുടെ ഐക്കൺ കടുവയാണ്, അവയുടെ സംരക്ഷണത്തിനാണ് പ്രാഥമിക പരിഗണന. പറയത്തക്ക ചിത്രങ്ങളൊന്നുമെടുക്കാതെ ക്യാമറ കയ്യിൽ തന്നെ വിശ്രമിച്ചു. മുന്നിൽ ഇനിയും ദിവസങ്ങളും സഫാരിയും ഉള്ളത് കൊണ്ട് നിരാശ തോന്നിയില്ല. അല്ലെങ്കിലും ഞങ്ങളിപ്പോൾ നിരാശയുടെ കലയിൽ പ്രാവീണ്യം നേടിയവരാണല്ലോ.
കാടിനകത്തെ സഫാരി അക്ഷരാർത്ഥത്തിൽ ഒരു ഗെയിം തന്നെയാണ്. നിങ്ങളുടെ ഗൈഡിന് വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടായിരിക്കണം, ഗൈഡിന്റെ ഗെയിം പ്ലാൻ അനുസരിച്ചിരിക്കും, നിങ്ങളുടെ സൈറ്റിംഗ് സാദ്ധ്യതകൾ. കാടിന്റെ ഭൂമി ശാസ്ത്രത്തെ കുറിച്ചും, ഋതുഭേദങ്ങളെക്കുറിച്ചും, മൃഗങ്ങളുടെ ചേഷ്ടകളെ (Animal behaviour)കുറിച്ചും ഗൈഡിന് വ്യക്തമായ ധാരണ വേണം. കൂടെയുള്ളത് ഫോട്ടോഗ്രാഫർമാരുടെ ടീം ആണെങ്കിൽ ഫോട്ടോഗ്രഫിയെക്കുറിച്ചും, അവരുടെ കയ്യിലെ ഗിയറിനെക്കുറിച്ചും, ഫ്രെയിം ആംഗിൾ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അത്താഴത്തിനു ശേഷം പ്രവീൺ അടുത്ത ദിവസത്തെ ഗെയിം പ്ലാൻ ഞങ്ങളുമായി ചർച്ച ചെയ്തു. അടിസ്ഥാനപരമായി ഒരു ഫോട്ടോഗ്രാഫറായ പ്രവീണിന്റെ ഗെയിം പ്ലാനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു.
അടുത്ത ദിവസം ആദ്യത്തെ പ്രഭാത സഫാരിയാണ്, മെഹ്‌റോളി ഗേറ്റിൽ തന്നെ. ഡിസംബറിലെ കഠിനമായ ഉത്തരേന്ത്യൻ തണുപ്പാണ് തടോബായിൽ പ്രതീക്ഷിച്ചത്, പക്ഷെ ഒരു വയനാടൻ തണുപ്പ് പോലും ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ല, കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കരുതിയിരുന്നത് കൊണ്ട് തണുപ്പ് ഒരു പ്രശ്നമായി തോന്നിയില്ല, തണുപ്പിനപ്പുറം വില്ലനാവുന്നത് പൊടിയാണ്, ഓപ്പൺ ജിപ്സിയിൽ സ്പോഞ്ച് പോലുള്ള ശ്വാസകോശവും, ക്യാമറ ലെന്സ് തുടങ്ങിയ ഉപകരണങ്ങളും പൊടിയിൽ നിന്ന് സംരക്ഷിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയാണ്. വേനൽക്കാലമാണ് തടോബയിലെ കടുവക്കാഴ്ചകളുടെ പുഷ്കര കാലം. വേനൽ കടുക്കുന്നതോടെ കടുവകൾ ജലാശ്രിതരാവും, ഈ സമയങ്ങളിൽ കൂടുതലും വെള്ളക്കെട്ടുകൾക്കടുത്ത് സമയം ചിലവഴിക്കാനാണു കടുവകൾ താൽപര്യപ്പെടുന്നത്. കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. ധാരാളം വെള്ളക്കെട്ടുകളുള്ള തടോബയിൽ, ഏതെങ്കിലുമൊന്നിൽ കടുവയെ കാണാനുള്ള സാധ്യത നൂറു ശതമാനത്തിനടുത്താണ്. വേനൽക്കാലം പക്ഷെ കാട് കരിയുന്ന കാലവും കൂടിയാണ്, ഒരു തരി പപച്ചപ്പ് പോലും അവശേഷിക്കാത്ത വിധം വേനൽ ബാധിച്ചിട്ടുണ്ടാവും, അല്പം പച്ചപ്പും കൂടെ പരിഗണിച്ചാണ് യാത്ര കാട് പൂത്തു തുടങ്ങുന്ന ഡിസംബറിൽ തന്നെ ആക്കിയത്. ഋതുഭേദങ്ങൾക്ക് കാടുമായുള്ള രസതന്ത്രമറിയണമെങ്കിൽ വ്യത്യസ്ത സമയങ്ങളിൽ കാട് കാണണം, എന്തായാലും വേനലിലൊരു വരവ് കൂടെ വരണം.
പ്രഭാത സഫാരിയുടെ ആദ്യ ഒരു മണിക്കൂർ കറക്കം ചെന്നവസാനിച്ചത് മട്കാസുറിന്റെ മുന്നിലായിരുന്നു. അതും തികച്ചും അപ്രതീക്ഷിതമായി. സ്ഥിരമായി വെള്ളം കുടിക്കാനെത്തുന്ന കുളത്തിനരികിൽ മട്കയെ കാത്ത് കുറെ നേരം നിന്നിട്ടും കാണാത്തതിലുള്ള നിരാശയിൽ കൂടെയുള്ള ജിപ്സി തിരിച്ചു പോയിരുന്നു. അവരുടെ വഴിയെ തിരിച്ചു പോവാനുള്ള തീരുമാനത്തിൽ ജിപ്സി തിരിക്കുന്നതിനിടെയാണ് രവിയുടെ ഉച്ചത്തിലുള്ള വിളി
“ദേഖോ ടൈഗർ ”
സഫാരി വഴിയുടെ തൊട്ടരികിൽ വളർന്നു നിൽക്കുന്ന പുൽക്കൂട്ടത്തിനിടയിൽ ഗാഢ നിദ്രയിലാണ്ട കടുവ. തൊട്ടടുത്താണ്, ഉറങ്ങുന്ന കടുവയുടെ തൊട്ടടുത്തിരുന്നാണ് വെള്ളം കുടിക്കാൻ വരുന്ന കടുവയെ കാത്തിരുന്നതും സ്വപ്നം കണ്ടതും. കയ്യിലുള്ള NIKON 200 -500 ൽ ഒന്നും കിട്ടില്ല .അത്രക്ക് ക്ലോസ് റേഞ്ചിലാണ്. ഉണർന്നു കഴിഞ്ഞാൽ കടുവ നടന്നു വരാൻ സാധ്യതയുള്ള vantage point ലേക്ക് രവി പെട്ടെന്ന് തന്നെ ജിപ്സി തിരിച്ചിട്ടു. മട്കാസുറിനെ ഒറ്റ നോട്ടത്തിൽ തന്നെ രവിയും പ്രവീണും തിരിച്ചറിഞ്ഞിരുന്നു.തടോബയിലെ കരണവരാണ്, ഏകദേശം 12 വയസ്സോളം പ്രായം വരും. 15 വയസ്സാണ് കട്ടിൽ ഒരു കടുവയുടെ ശരാശരി ആയുർ ദൈർഘ്യം. അത് വെച്ചു നോക്കുമ്പോൾ മട്ക അവന്റെ ജീവിത സായന്തനത്തിലാണെന്നു പറയാം. 15 മിനിട്ടോളമെടുത്തു ഉറക്കം ഉണരാൻ. അപ്പോഴേക്കും എവിടെ നിന്നെല്ലാമോ കുറെ സഫാരി വാഹനങ്ങൾ അവിടെ എത്തിച്ചേർന്നിരുന്നു. ഉറക്കമുണർന്ന മട്ക ചിരപരിചിത ഭാവത്തിൽ ചുറ്റുമുള്ള വാഹന വ്യൂഹത്തെ ഒന്ന് നോക്കി, ഉറക്കത്തിന്റെ ആലസ്യം വിട്ടു മാറിയിട്ടില്ലെങ്കിലും കടുവ നോട്ടങ്ങളുടെ കണിശത ആ നോട്ടത്തിൽ ഉണ്ടായിരുന്നു .കോട്ടുവാ കൊണ്ട് ഉറക്കച്ചടവ് മാറ്റാൻ അൽപ നേരം എടുത്തു . പിന്നെ പതുക്കെ എണീറ്റ് ഞങ്ങളുടെ വാഹനം നിന്നിരുന്ന ഭാഗത്തേക്ക് നടക്കാൻ തുടങ്ങി.
പുല്ലുകൾക്കിടയിലൂടെ കടുവയുടെ കണ്ണിൽ ഫോക്കസ് ഉറപ്പിക്കുന്നത് അല്പം ശ്രമകരമായിരുന്നു, ഫോക്കസ് മോഡ് പെട്ടെന്ന് തന്നെ single AF ലേക്ക് മാറ്റി, ഫ്രെയിമിന് മുന്നിലെ തടസ്സങ്ങളെ അതിജീവിച്ച് ഒബ്ജക്റ്റിന്റെ കണ്ണിൽ തന്നെ ഫോക്കസ് ഉറപ്പിക്കുന്നതിന് single AF നെ ആശ്രയിക്കലാണ് ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷിതമായ മാർഗം Head on ഷോട്ടിനുള്ള അവസരമാണ്, കടുവ പക്ഷെ ക്യാമറക്ക് മുഖം തരുന്നില്ല, ചുരുങ്ങിയ ക്ലിക്കുകൾക്കുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ .അതിനകം തന്നെ കടുവ ജിപ്സിക്ക് തൊട്ടരികിലെത്തി, ഒരു നിമിഷം നിന്ന ശേഷം വാഹനത്തിന്റെ ടയറിൽ ഒന്ന് മണപ്പിച്ചു. കയ്യകലത്തിൽ കടുവ, അക്ഷരാർത്ഥത്തിൽ കയ്യകലം തന്നെ, ഒന്ന് കൈ നീട്ടിയാൽ രണ്ടു പേർക്കും പരസ്പരം തൊടാം. കാട് കയറിയുള്ള യാത്രയ്ക്കിടെ പല തവണ കടുവയെ കാണുകയും ചിത്രമെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇത്രയും അരികിലായി, കടുവയെ കാണുന്നതിനപ്പുറം അനുഭവിക്കുന്നത് ആദ്യമായിട്ടായിരുന്നു. രൂക്ഷമായ കടുവാ ഗന്ധം മൂക്കിൽ അടിച്ചു കയറുന്നു, ക്യാമറയെ കുറിച്ചും, ഫ്രെയിമിനെ കുറിച്ചും അൽപ നേരം ഓർത്തതേയില്ല.
ഭയം എന്നത് ഒരു അതിജീവന തന്ത്രമാണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു, അതിജീവന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ജീവികളെ ഉടനടി സജ്ജമാക്കുന്ന ഒരു സഹജ ബോധം. സഹജമായ ഭയം ഒരു നിമിഷത്തേക്ക് മനസ്സിനെ കീഴടക്കി. വാഹനത്തെ മറി കടന്ന് കടുവ മുന്നോട്ട് നീങ്ങിയപ്പോഴാണ് സ്ഥലകാല ബോധ്യങ്ങളിലേക്ക് തിരികെ വന്നത്. ഇപ്പോൾ വാഹനത്തിനു മുന്നിലായി, തലയുയർത്തിപ്പിടിച്ചു കാടിനുള്ളിലേക്ക് ഉറ്റു നോക്കി നിൽക്കുകയാണ് മട്ക , ഞൊടിയിടയിൽ zoom lens അഴിച്ചു മാറ്റി wide angle ഫിറ്റു ചെയ്തു, പുറം തിരിഞ്ഞു പോസ് ചെയ്യുന്ന പോലെ നിൽക്കുന്ന കടുവയെ ഞൊടിയിടയിൽ ക്യാമറിയിലേക്കാവാഹിച്ചു ,ദ്രുതഗതിയിൽ അല്പം ക്ലിക്കുകൾ, ധ്യാനത്തിലെന്ന പോലെ കടുവ. പ്രാക്തന മനുഷ്യന്റെ ആധ്യാത്മിക ചിന്തകളിൽ കടുവ ഗിരിവായി അവതരിച്ചത് വെറുതെയല്ല .
രാവിലെ മട്ക തന്ന ആവേശവുമായാണ് വൈകുന്നേരം സഫാരിക്കിറങ്ങിയത്, ഇത്തവണ ബഫർ ഗേറ്റായ അഗർസാരിയിലേക്കാണ് പോകുന്നത് , ചോട്ടി മാധുരിയും 5 മാസം മാത്രം പ്രായമായ മൂന്ന് കുഞ്ഞുങ്ങളും ഇപ്പൊ ഈ ഭാഗത്തുണ്ട് , കഴിഞ്ഞ ദിവസവും കുളത്തിൽ കടുവാ കുടുംബത്തെ കണ്ടിട്ടുണ്ട്, ഒന്ന് കറങ്ങി വന്നതിനു ശേഷം കുളത്തിനരികിൽ വാഹനം പാർക്ക് ചെയ്തു. വിശാലമായ കുളത്തിന്റെ പല ഭാഗങ്ങളിലായി സഫാരി വണ്ടികളിൽ ക്യാമറയും ലെൻസും സജ്ജമാക്കി ഫോട്ടോഗ്രാഫർമാർ ഇരിപ്പുണ്ട്, എല്ലാവരും അവരവരുടെ vantage point കളിൽ കടുവയുടെ കുടുംബ ചിത്രം പ്രതീക്ഷിച്ച കാത്തിരിക്കുകയാണ്. ഇത്തവണ കാത്തിരിപ്പ് അല്പം വിരസമായി രണ്ട് മണിക്കൂറിലധികമായി നോക്കിയിരിപ്പാണ്, ഇതിനിടയിൽ ഒരിക്കൽ മാത്രം ഒരു മയിലിന്റെ അപായ സൂചന കേട്ടു, കാടിനുള്ളിലെ കടുവയുടെ സാന്നിധ്യം ജീവികൾ പരസ്പരം ശബ്ദ സിഗ്നലുകൾ വഴി കൈ മാറുന്ന പതിവുണ്ട്, മാനും, കുരങ്ങും, മയിലും, മലയണ്ണാനുമടക്കമുള്ള ജീവികൾ കടുവയെന്ന അപകട സാന്നിധ്യത്തെക്കുറിച്ച സഹജീവികൾക്ക് വിവരം കൈമാറുകയും, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി നിൽക്കാൻ അവരെ പ്രാപ്‌തരാക്കുകയും ചെയ്യാറുണ്ട് അതിജീവനത്തിന്റെ വന്യ മാർഗങ്ങൾ. തുടർന്നുള്ള അപായ സൂചനകളൊന്നുമില്ലാതെ കാട് ശാന്തമായിരുന്നു കടുവയുടെയും കുഞ്ഞുങ്ങളുടെയും വരവും പ്രതീക്ഷിച്ച് കുളത്തിനു ചുറ്റും കാത്തിരിക്കുന്നവർക്ക് അല്പം മുഷുഞ്ഞു തുടങ്ങിയിരുന്നു, നിരാശ മറച്ചു വെക്കാതെ ചിലർ മറ്റെവിടെയെങ്കിലും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു കൊണ്ട് വിട്ടു പോവാനും തുടങ്ങി.
കയ്യിൽ കരുതിയിരുന്ന ബിസ്കറ്റ് പാക്ക് പൊട്ടിച്ച് വീതം വെക്കുന്നതിനിടെയാണ് ഡ്രൈവർ രവി ഭുവിയ വീണ്ടും താരമാവുന്നത് ,”ടൈഗർ …” രവിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും കടുവ ജിപ്സിക്ക് തൊട്ടു പുറകിൽ എത്തിയിരുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ മാർജാര വർഗത്തിന് മാത്രം സാധ്യമാവുന്ന നിശ്ശബ്ദ പദചലനങ്ങളോടെ ചോട്ടി മാധുരി കടന്നു വന്നു, വീണ്ടും പോയിന്റ് ബ്ലാങ്കിൽ ഒരു കടുവ, ക്യാമറ യാന്ത്രികമായി തുറന്നടഞ്ഞു കൊണ്ടിരുന്നു, zoom ലെൻസാണ് , മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മാക്സിമം സൂമിൽ ചില പോർട്രൈറ് ഷോട്ടുകൾക്ക് ശ്രെമിച്ചു .ഫോട്ടോഗ്രാഫർക്ക് സബ്ജക്ടിനു മേൽ ഒരു നിയന്ത്രണവുമില്ലാത്ത മേഖലയാണ് വന്യജീവി ഛായാഗ്രഹണം, ഇവിടെ സബ്ജക്ട് ഫോട്ടോഗ്രാഫറെ നിയന്ത്രിക്കുകയാണ്, മിക്കവാറും സമയങ്ങളിൽ നിങ്ങളുടെ ചലനം പോലും നിയന്ത്രിക്കപ്പെട്ടിട്ടുണ്ടാവും. ഇത്തരം സന്ദർഭങ്ങളിൽ മുൻകൂട്ടി പ്ലാൻ ചെയ്ത ഷോട്ടുകൾക്ക് ശ്രെമിക്കാതെ,കിട്ടിയ അവസരങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമേ ചെയാനുള്ളൂ.
കടുവ യാത്രകളിൽ പലപ്പോഴും ഇത്തരം ക്ലോസ് എൻകൗണ്ടറുകൾ പ്രതീക്ഷിക്കാം.Portait, close up ഷോട്ടുകൾക്ക് ശ്രമിക്കുക എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാനുള്ളത്. ചോട്ടി മാധുരി എല്ലാവരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു, കുഞ്ഞുങ്ങളെ കൂട്ടാതെ ആർക്കും മുഖം കൊടുക്കാതെ കടുവ ട്രെക്ക് പാത്ത് മുറിച്ചു കടന്ന് ഞൊടിയിടയിൽ കാടിനുള്ളിൽ മറഞ്ഞു. നിരാശ മറക്കാതെ ഒട്ടു മിക്ക വാഹനങ്ങളും സ്ഥലം വിട്ടു, പരിസരത്ത് തന്നെ കുഞ്ഞുങ്ങൾ കാണുമെന്നും, മാധുരി കറങ്ങിത്തിരിഞ്ഞു അവിടെ തന്നെ എത്തുമെന്നുമുള്ള പ്രവീണിന്റെ ഗെയിം പ്ലാനിൽ ഞങ്ങൾ തൊട്ടടുത്ത കുട്ടിക്കാടിനടുത്ത് കാത്തിരിക്കാൻ തീരുമാനിച്ചു.
റോഡിന്റെ മറു കരയിൽ, കുളത്തിലേക്ക് തുറക്കുന്ന വലിയ തുരങ്കത്തിന്‍റെ ഒരു ഭാഗം അടിക്കാടുകൾ നിറഞ്ഞ ഒരു കൊല്ലിയാണ്. കുഞ്ഞുങ്ങളെ അവിടെ സുരക്ഷിതരായി നിർത്തിയിട്ടാവും ചോട്ടി കറങ്ങാൻ പോയിട്ടുണ്ടാവുക, കാത്തിരിക്കുക തന്നെ. അധിക നേരം വേണ്ടി വന്നില്ല,കൊല്ലിക്കടിയിൽ നിന്നും മൂന്നു കുഞ്ഞുങ്ങളും പുറത്തു വന്നു. ഒരു ചിത്രമെടുക്കാനുള്ള സാധ്യതയില്ല, ചെടികളുടെ മറ പറ്റിയാണ് മുകളിലേക്ക് വരുന്നത്. മൂവരും മുകളിലെത്തിയാൽ ഒരു ചിത്രത്തിനുള്ള സാധ്യതയുണ്ട്. അഞ്ചു മാസത്തിൽ താഴെയെ പ്രായം കാണൂ. വാഹനങ്ങളുമായും, മനുഷ്യരുമായും പരിചയപ്പെട്ടു തുടങ്ങിയിട്ടില്ല.
വളരെ കൂടിയ മരണ നിരക്കിന്റെ (Mortality rate ) ഭീഷണിയിലാണ് ബംഗാൾ കടുവ എന്ന നമ്മുടെ കാടുകളിലെ കടുവയുടെ കുഞ്ഞുങ്ങൾ. അൻപത് ശതമാനമാന് കടുവക്കുഞ്ഞുങ്ങളുടെ മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്, പകുതിയിലധികം കടുവക്കുഞ്ഞുങ്ങളും അതിജീവിക്കുന്നില്ല. ആണ്‍കടുവ അടക്കമുള്ള, മറ്റു മൃഗങ്ങളിൽ നിന്നുള്ള ആക്രമണം, അണു ബാധ തുടങ്ങിയ പല ഘടകങ്ങൾ അവയുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കടുവാകുഞ്ഞുങ്ങളുടെ അതിജീവനം കടുവാ സങ്കേതങ്ങളുടെ ഒരു പ്രസ്റ്റീജ് ഇഷ്യൂ കൂടെയാണ്. ദീർഘ വീക്ഷണമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ക്രിയാത്മകമായ ഇടെപടലുകൾ ഇന്ത്യയുടെ കടുവാ സംരക്ഷണ യത്നങ്ങളിൽ ആശാവഹമായ പുരോഗതികൾ കൊണ്ട് വന്നിട്ടുണ്ട്. അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തിയ ബന്ദിപ്പൂരിലെ ഗൗരി ഇത്തരത്തിൽ തെന്നിന്ത്യയുടെ കടുവാ റാണിയായി പരിഗണിക്കപ്പെട്ടു വരുന്നു. ഗൗരിയുടെ അഞ്ചു മക്കളിൽ ഒരുവനായ പ്രിൻസ് പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി കടുവയായി മാറി. ഇന്ത്യയിൽ തന്നെ ഒരു പക്ഷെ ഏറ്റവുമധികം ഫോട്ടോ എടുക്കപെട്ട പ്രിൻസ് ഒടുവിൽ വേട്ടക്കാരുടെ തോക്കിനിരയായി ദാരുണമായ അന്ത്യം വരിച്ചു.
കുഞ്ഞുങ്ങൾ മൂന്നുപേരും മുകളിലേക്കെത്തിക്കഴിഞ്ഞിരുന്നു .വളർന്നു നിൽക്കുന്ന അടിക്കാടുകൾക്കിടയിലൂടെ അവരെ ഭാഗികമായി മാത്രം കാണാം. ഒരു ചിത്രം കിട്ടാനുള്ള സാധ്യത തീരെ ഇല്ല. കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരുന്ന് ശിശുസഹജമായ ഔൽസുക്യത്തോടെ ചുറ്റുമുള്ളവരെ വീക്ഷിക്കുകയാണ്. കാത്തിരിപ്പിനൊടുവിൽ, ജിജ്ഞാസ സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു, ഒരു കുഞ്ഞു പുറത്ത് വരാൻ ധൈര്യം കാണിച്ചു, ചെടികൾക്കിടയിലൂടെ തല പുറത്തിട്ട് കണ്ണിൽ ആകാംക്ഷ നിറച്ച് ഒരു നോട്ടം , മനുഷ്യരായാലും,മൃഗങ്ങളായാലും കുഞ്ഞുങ്ങൾക്കെല്ലാം ഒരേ ഭാവഹാദികൾ തന്നെ എന്ന് തോന്നിപ്പിച്ചു. ഒന്നോ രണ്ടോ സെക്കൻഡ് മാത്രം, കുഞ്ഞു വാഘോബ ഫോട്ടോഗ്രാഫർക്ക് നൽകിയ സമയം,ക്യാമറയുടെ സ്പീഡ് പരമാവധി ഉപയോഗപ്പെടുത്തി ദ്രുതഗതിയിൽ കുറച്ചു ക്ലിക്കുകൾ .
ജൂനോന ഗേറ്റിലായിരുന്നു അടുത്ത ദിവസത്തെ മോർണിംഗ് സഫാരി, ബഫർ ഏരിയ ആണ്, ലാറ എന്ന പെൺ കടുവയുടെ ഏരിയ ആണ്. ജൂനോനയുടെ ഒരു ഭാഗം അഗർസാരിയുമായി അതിർത്തി പങ്കിടുന്നുണ്ട് , ആ ഭാഗത്ത് ചിലപ്പോൾ ചോട്ടി മാധുരിയെയും കുഞ്ഞുങ്ങളെയും കാണാനുള്ള സാധ്യതയും ഉണ്ട്. കാൽപ്പാടുകൾ ട്രാക്ക് ചെയ്ത ജിപ്സി കടുവ വഴികളിലൂടെ മുന്നോട്ട് നീങ്ങി, വെള്ളക്കെട്ടുകൾക്കരികിൽ അല്പം മുൻപ് മാത്രം കടുവ വന്നു പോയതിന്റെ അടയാളങ്ങൾ കാണപ്പെട്ടു, ഉൾക്കാടുകളിൽ നിന്നും അപായ സൂചനകൾ കിട്ടിക്കൊണ്ടിരുന്നു, സാധ്യമായ എല്ലാ വഴികളും ട്രാക്ക് ചെയ്യപ്പെട്ടു. കടുവയുടെ വഴികൾ ഞങ്ങളുടെ വഴികളുമായി കൂട്ടി മുട്ടിയില്ല, അത് ഞങ്ങൾക്ക് മുന്നേ സഞ്ചരിച്ചു കൊണ്ടിരുന്നു. കടുവ ഒഴിഞ്ഞു നിന്ന സഫാരിയിൽ പകരം വെക്കാൻ മറ്റൊന്നുമില്ലായിരുന്നു. ക്യാമറക്ക് പൂർണ വിശ്രമം .സഫാരിയുടെ അവസാനം ഗേറ്റിലെത്തിയപ്പോൾ അവിടെയുള്ള മനുഷ്യനാണ് ലാറ അല്പം മുൻപ് വന്നു തൊട്ടടുത്തുള്ള ടാങ്കിൽ നിന്നും വെള്ളം കുടിച്ചു പോയ കഥ പറഞ്ഞത്.
ഉച്ചക്ക് ശേഷം മെഹ്‌റോളിയുടെ കോർഗേറ്റിലെ സഫാരിയുടെ ഹൈ ലൈറ്റ് മട്കയും മായയുമായിരുന്നു. റോഡിനു കുറുകെ ഉച്ച മയക്കത്തിന്റെ ആലസ്യത്തിലായിരുന്നു മട്കാസുർ, ഇടക്ക് തലയുയർത്തി ചുറ്റുമൊന്നു നോക്കി, അവസരം മുതലെടുത്ത് ചുറ്റും ക്യാമറാ ഷട്ടറുകൾ തുറന്നടഞ്ഞു. പിന്നീട് പതുക്കെ എണീറ്റ് മാർജാര സഹജമായ പദചലനങ്ങളോടെ റോഡ് മുറിച്ചു കടന്നു ഉൾക്കാട്ടിലേക്ക് പോയി. പിന്നീട് താരയുടെ ഊഴമായിരുന്നു. തടോബായിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി പെൺ കടുവയാണ് മായ. അപ്രതീക്ഷിതമായിട്ടാണ് മായ മുന്നിൽ വന്നു നിന്നത്. എവിടെ നിന്നോ പൊട്ടി വീണ പോലെ സഫാരി വാഹന നിരക്ക് മുന്നിലേക്ക് ആശങ്ക ലേശമില്ലാതെ മായ കടന്ന് വന്നു. മെഹ്‌റോളി ഗേറ്റിൽ പ്രവേശിച്ച ഏതാണ്ടെല്ലാ വാഹനങ്ങളും അവിടെ ഹാജരുണ്ടായിരുന്നു, വാഹന വ്യൂഹത്തെ മുഴുവൻ തന്റെ ചലങ്ങളിലൂടെ നിയന്ത്രിക്കുന്ന ഒരു മായാജാലക്കാരിയെപ്പോലെ മായ നടന്നു, കടുവകൾക്ക് മാത്രം സാധ്യമാവുന്ന, നിശ്ശബ്ദമെങ്കിലും, ഉറച്ച ചുവടുകളോടെ. മുന്നിലും പുറകിലുമായി വാഹനങ്ങളുടെ നീണ്ട നിര. ഞങ്ങളുടെ വാഹനത്തിനു തൊട്ടു പുറകിലായിട്ടായിരുന്നു മായയുടെ റോഡ് ഷോ.
ഉത്തരേന്ത്യൻ കടുവാ സഫാരികളിലെ ഏറ്റവും ജനപ്രിയ ചിത്രം, കടുവയുടെ ഹെഡ് ഓൺ ഷോട്ടിനുള്ള അവസരം. വാഹങ്ങളെ ഫ്രെയിമിൽ നിന്നൊഴിവാക്കി അത്തരമൊരു ചിത്രം പകർത്തൽ ശ്രമകരമായിരുന്നു. എങ്കിലും അനുകൂല സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കുറച്ചു ചിത്രങ്ങളെടുത്തു .ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രാഫി മേഖലയിൽ കടുവകളുടെ നേർക്ക് നേർ (Head on)ചിത്രങ്ങൾക്ക് ഒരു അപൂർവതയും ഇല്ലെന്നിരിക്കിലും, ഓരോ വന്യജീവി ഫോട്ടോഗ്രാഫറും അത്തരമൊരു ചിത്രം സ്വപ്നം കാണുന്നുണ്ട്. തന്റെ ശേഖരത്തിൽ അത്തരമൊരു ചിത്രം ഓരോ വനസഞ്ചാരിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. ഏകദേശം പത്തു മിനിറ്റോളം നീണ്ട റോഡ് ഷോ അവസാനിപ്പിച്ച് മായ കാടിനുള്ളിലേക്ക് കയറിപ്പോയി. തടോബയിലും മറ്റു ഉത്തരേന്ത്യൻ കടുവാ സഃങ്കേതങ്ങളിലും നടക്കുന്ന, റോഡ് ഷോ എന്ന് വിളിക്കുന്ന കടുവക്കാഴ്ചകൾക്കുള്ള ഇത്തരം സാധ്യതകളെ കുറിച്ചുള്ള വിമര്ശനങ്ങള് നിരവധിയാണ്. വാഹനങ്ങളാലും, ക്യാമറകളാലും ചുറ്റപ്പെട്ട കടുവക്ക് അതിന്റെ വന്യത നഷ്ടപ്പെടുമെന്നും, അത്തരം കടുവാ ചിത്രങ്ങൾ പകർത്തുന്നത് ഒട്ടും സാഹസികമല്ലെന്നും , തുടങ്ങിയ വിമർശനങ്ങളുടെ നിജ സ്ഥിതി അറിയലും ഈ യാത്രയുടെ ഒരു ലക്ഷ്യമായിരുന്നു.
അടിസ്ഥാന യാഥാർഥ്യം എന്താണെന്ന് വെച്ചാൽ തടോബായടക്കമുള്ള കടുവ സങ്കേതങ്ങൾ കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ്. കടുവകൾ ഇവിടെ അവരുടെ സ്വാഭാവിക ജീവിതം നയിക്കുന്നവരാണ്, ഇത്തരം ഒരു സാഹചര്യങ്ങളിൽ ഒരു കടുവയെ കണ്ടു കിട്ടുന്നത്, കൂടെയുള്ള ഗൈഡിന്റെയും, സഫാരി ഡ്രൈവറുടെയും നിരീക്ഷണ പാടവത്തെയും , പരിചയ സമ്പന്നതയെയും ആശ്രയിച്ചിരിക്കും, അതിലപ്പുറം നിങ്ങളുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ഓർക്കുക, വനത്തിൽ കാഴ്ചകളെ നിയന്ത്രിക്കുന്നത് നിങ്ങളല്ല, മൃഗങ്ങളാണ്. നിരന്തരമായ സമ്പർക്കം മൂലം , കടുവകൾ സഫാരി വാഹനങ്ങളെയും അതിലുള്ള മനുഷ്യരെയും അപകടകാരിയായ ശത്രുവായി കാണുന്നില്ല എന്നതാണ് പ്രധാനം. അത് അവയുടെ വന്യത നശിക്കുന്നത് കൊണ്ടോ, കടുവകൾ വളർത്തു മൃഗങ്ങളെ പോലെ അനുസരണ ശീലമുള്ളവരാവുന്നത് കൊണ്ടോ അല്ല എന്നാണ് വന്യജീവി നിരീക്ഷകരുടെ മതം .
മനുഷ്യ സാമീപ്യത്തെ ഭയപ്പെടാതെ വാഹനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവയെ ബോൾഡ് ടൈഗേഴ്‌സ് എന്നാണ് അവിടുത്തെ ഗൈഡുമാർ വിളിക്കുന്നത്. അത് വസ്തുതയുമാണ് .തന്റെ ശക്തിയിലും , കഴിവിലും നൂറു ശതമാനം ആത്മവിശ്വാസമുള്ള കടുവകളാണ് photographer friendly ആയി നിങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നത് ഇതിനിടയിൽ തന്നെ മനുഷ്യ സാമീപ്യം പരിചയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത കടുവകളും ഈ സോണുകളിൽ ഉണ്ട് .അവ ഒരിക്കലും ഇത്തരത്തിൽ ക്യാമറകൾക്ക് മുന്നിൽ വരാറുമില്ല മനുഷ്യസഹജമായ സ്വഭാവങ്ങൾ (Anthropomorphic characteristics) മൃഗങ്ങളുടെ മേൽ ആരോപിക്കുകയോ ചാർത്തിക്കൊടുക്കുകയോ ചെയ്യുക എന്ന മനുഷ്യ സഹജ സ്വഭാവമാണ് ഇത്തരം വാദങ്ങൾക്ക് പിന്നിലുള്ളതെന്ന് തോന്നുന്നു .
പാരിസ്ഥിതിക ആത്മീയതയിലൂന്നിയ (Eco spirituality) മൃഗാരാധനയുടെ ഒരു ചരിത്രവും അതിന്റെ തുടർച്ചയും ഇന്ത്യയിലെ പ്രാക്തന വിഭാഗങ്ങൾക്ക് അവകാശപ്പെടാനുണ്ടെന്നിരിക്കെ തന്നെ ശിക്കാർ എന്ന മാരക വിനോദത്തിന്റെ കഥകളും ഇന്ത്യൻ വനങ്ങൾക്ക് പറയാനുണ്ട്. സ്വാന്ത്ര്യ പൂർവ ഭാരതത്തിലെ രാജാക്കന്മാരും, പിന്നീട് വന്ന ബ്രിട്ടീഷ് പ്രഭുക്കന്മാരും അവരുടെ ശൗര്യവും ധീരതയും പ്രകടിപ്പിക്കുന്നതിനു വേണ്ടി വന്യജീവികളെ കണക്കില്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. കടുവ തന്നെയായിരുന്നു ഈ മൃഗയാ വിനോദത്തിന്റെ മുഖ്യ ആകർഷണവും, ഇരയും. വേട്ടായാടുന്ന കടുവയുടെ എണ്ണമനുസരിച്ച് വേട്ടക്കാരന്റെ പദവിയും കീർത്തിയും കണക്കാക്കിയിരുന്നു. കടുവ വേട്ടകൾ വരേണ്യരുടെ അഭിമാന പ്രശ്നമായി നിലനിന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും വേട്ടകൾ അനുസ്യൂതം തുടർന്ന്, മൃഗയ എന്നത് ഒരു ജനപ്രിയ വിനോദമായി പരിഗണിക്കുകയും ചെയ്തു. സ്വന്തമായി തോക്ക് കയ്യിലുള്ളവന് യഥേഷ്ടം വെടി വെച്ചിടാനുള്ള അനുവാദം നല്കിപ്പോന്നു. ചില സംസ്ഥാനങ്ങൾ ഒരു പാടി കൂടെ കടന്ന് കടുവകളെ ശല്യക്കാരനായ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുകയും അതിനെ കൊല്ലുന്നവർക്ക് പ്രതിഫലം നല്കിപ്പോരുകയും ചെയ്തു. നിരന്തരമായ വേട്ടകൾ കടുവകളുടെ വംശം നശിക്കുന്ന അവസ്ഥയിലേക്കെത്തി. 1972 ൽ ഇന്ദിരാ ഗാന്ധി ഭരണ സമയത്ത് നടപ്പിലാക്കിയ വന്യജീവി സംരക്ഷണ നിയമം 1972 (Wildlife (Protection )Act -1972 )മൃഗവേട്ട നിരോധിക്കുകയും, വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രൊജക്റ്റ് ടൈഗർ എന്ന ബ്രിഹദ് പദ്ധതി വഴി അവശേഷിക്കുന്ന ബംഗാൾ കടുവകളുടെ സംരക്ഷണത്തിനും വംശ വർധനക്കുമുള്ള പദ്ധതികൾ ആരംഭിച്ചു. വാൽമിക് ഥാപ്പറുടെ വാക്കുകളിൽ പറഞ്ഞാൽ ഇന്ദിരാഗാന്ധിയെ ലോകം ഓർക്കുന്നത് ഇന്ത്യൻ വന്യ ജീവികളുടെ രക്ഷക എന്ന എന്ന നിലക്കായിരിക്കും (The great savior of Indian wildlife ).
ഇന്ത്യൻ വന്യജീവി ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ നടപടികളുടെ തുടർച്ചയായി വർഷങ്ങൾക്കിപ്പുറം രാജ്യത്ത് കടുവകളുടെ എണ്ണം, പതുക്കെയെങ്കിലും വർധിക്കുന്നു എന്ന ശുഭ സൂചനകൾ കേട്ട് തുടങ്ങിയിട്ടുണ്ട്. ഇന്ന് അൻപതോളം കടുവാ സങ്കേതങ്ങളിലായി ഏതാണ്ട് മുന്നൂറോളം കടുവകൾ രാജ്യത്തുണ്ട് എന്നതാണ് ഔദ്യോഗിക കണക്കുകൾ. എങ്കിലും കടുവകൾ പൂർണ സുരക്ഷിതരാണ് എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. വന മേഖലകൾക്ക് മേലുള്ള വർധിച്ചു വരുന്ന മനുഷ്യ സമ്മർദവും, അതിന്റെ ഭാഗമായുള്ള മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളും, ഖനന ലോബികൾ കയ്യടക്കുന്ന വന മേഖലകളുമൊക്കെ നമ്മുടെ ദേശീയ മൃഗത്തിന്റെ അതിജീവനം സങ്കീർണമാക്കുന്നു. വലിയ ഒരു ജനവിഭാഗത്തിന്റെ ആത്മീയ ചോദനകളുടെ കേന്ദ്ര സ്ഥാനത്തുള്ള ഈ ജീവിയുടെ അതിജീവനം ഉറപ്പാക്കൽ ഇന്ത്യൻ ജനതയുടെ പൗര ധർമം തന്നെയാണ്.