കീരി കുടുംബത്തിലെ അംഗമായ ചുണയൻ കീരിയെക്കുറിച്ചാണ് (Ruddy Mongoose, Herpestes smithii) ഇക്കുറി പ്രതിപാദിക്കുന്നത്. മുൻപ് നാടൻ കീരിയെക്കുറിച്ചുള്ള (Indian Grey Mongoose) ലേഖനത്തിൽ ചുണയൻ കീരിക്ക് നാടൻ കീരിയുമായിട്ടുള്ള സാദൃശ്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും വലിപ്പക്കൂടുതലും വാലിന്റെ അഗ്രഭാഗത്തെ കറുപ്പും ഇവയെ നാടൻ കീരികളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കും. ഇന്ത്യൻ ഉപദ്വീപിലും അയൽരാജ്യമായ ശ്രീലങ്കയിലും മാത്രമാണ് ഇവയെ കണ്ടുവരുന്നത്. ചുണയൻ കീരികൾക്ക് മൂന്ന് ഉപസ്പീഷിസുകൾ ഉണ്ട്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്നത് “Indian Ruddy Mongoose” (Herpestes smithii smithii) എന്ന ഉപവിഭാഗമാണ്. ഇവരെ ഡൽഹിയുടെ തെക്ക് ഭാഗം മുതൽ ഇന്ത്യൻ ഉപദ്വീപിൽ കാണാവുന്നതാണ്. ‘Srilankan Ruddy Mongoose’ (Herpestes smithii zeylanius) എന്ന ഉപവിഭാഗം ശ്രീലങ്കയിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു. ഇതുകൂടാതെ കശ്മീർ പ്രദേശത്തു മാത്രം കണ്ടു വരുന്ന ‘Kashmir Ruddy Mongoose’ (Herpestes smithii thysanurus) എന്നൊരു ഉപവിഭാഗവും ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ സർവ്വസാധാരണമാണെങ്കിലും ഇന്ത്യയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മഞ്ഞ കലർന്ന തവിട്ടു മുതൽ തുരുമ്പിച്ച ചാര നിറമുള്ള ശരീരമാണ് ചുണയൻ കീരികൾക്കുള്ളത്. ശരീരത്തിന്റെ അടിഭാഗവും മുഖവും ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. നാടൻ കീരിയെക്കാൾ വലിപ്പമുള്ള ഇവയുടെ തല മുതൽ വാലിന്റെ കടഭാഗം വരെ 39-45cm നീളമുണ്ട്. അത്രതന്നെ നീളമുള്ള പന്തം പോലുള്ള നീണ്ട വാലിനും ശരീരത്തിന്റെ അതെ നിറമാണ്. എന്നാൽ വാലിന്റെ അഗ്രഭാഗത്തിന് കറുത്ത നിറമാണ്, മാത്രമല്ല 6-7cm നീളത്തിൽ അഗ്രഭാഗം മേൽപ്പോട്ട് ഉയർത്തിവയ്ക്കുന്ന ശീലമുണ്ട് ഇവർക്ക്. കാലുകൾ നാടൻ കീരിയെ അപേക്ഷിച്ചു നീളം കൂടിയതും കൂടുതൽ ഇരുണ്ട നിറമുള്ളതുമാണ്. വിരലുകൾക്കിടയിൽ തോലടിയുണ്ട് (webbed-feet). 2 മുതൽ 3 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. മറ്റു കീരികളെപ്പോലെ ചുണയൻ കീരികളും മിശ്രഭോജികളാണ്. ചെറിയ സസ്തനികൾ, പക്ഷികളും പക്ഷികളുടെ മുട്ടയും, തവളകൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ മുതൽ പഴങ്ങളും തുടങ്ങി മറ്റു ജീവികളുടെ ശവശരീങ്ങൾ വരെ ഇക്കൂട്ടർ അകത്താക്കും. വളരെ ബുദ്ധിശാലികളാണിവർ. കട്ടിയുള്ള മുട്ടയും ആമയുടെ പുറംതോടും മറ്റും കല്ലുപയോഗിച്ചോ പാറപ്പുറത്തിട്ടോ ഇവ തകർക്കാറുണ്ടത്രെ. ശ്രീലങ്കയിൽ വളർത്തുകോഴികളെയും മുട്ടയും മോഷ്ട്ടിക്കുന്നതിനാൽ അന്നാട്ടുകാർ ഉപദ്രവകാരി എന്ന അർഥം വരുന്ന മുഗാട്ടിയ (mugatiya) എന്നാണ് ഇവരെ വിളിക്കുന്നത്. പകൽനേരത്ത് ഉണർന്നു പ്രവർത്തിക്കുന്നവരാണ് ചുണയൻ കീരികൾ. മിക്കവാറും ഒറ്റക്കാണ് ജീവിതമെങ്കിലും ചില സാഹചര്യങ്ങളിൽ ഇണകളായും നാലു മുതൽ ആറുവരെയുള്ള കൂട്ടങ്ങളായും കാണാറുണ്ട്. പ്രധാനമായും നിലത്താണ് ഇരതേടലെങ്കിലും വേണ്ടി വന്നാൽ മരം കയറാനും ഇവർക്ക് കഴിയും. ആക്രമിക്കാൻ ശ്രമിച്ചാൽ ഇവർ വലുപ്പം കൂടുതലുള്ളതായി തോന്നിപ്പിക്കാൻ രോമം പൊന്തിക്കുന്നു. ഇവരുടെ പ്രജനനകാലം വ്യക്തമല്ല. ഒരു പ്രസവത്തിൽ രണ്ട് മുതൽ നാല് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും.
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ജീവിക്കാൻ ഇഷ്ട്ടപെടുന്ന ഇവർക്ക് മനുഷ്യരുടെ കടന്നുകയറ്റവും തന്മൂലമുള്ള കാടുകളുടെ ശോഷണവും വലിയ ഭീഷണിയാണ്. നാടൻ കീരികളെപ്പോലെ ഇവയേയും രോമത്തിനും ഇറച്ചിക്കും വേണ്ടി മനുഷ്യർ വേട്ടയാടിയും കെണിവച്ചും പിടിക്കാറുണ്ട്. IUCN കണക്ക് പ്രകാരം ‘Least Concern’ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും വന്യജീവി കടത്ത് ഭീഷണി ഉള്ളതിനാൽ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചുണയൻ കീരിയെ വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചുണയൻ കീരികളുടെ ജീവിതരീതികളെക്കുറിച്ചും ഇവർ നേരിടുന്ന ഭീഷണികളെക്കുറിച്ചും അറിയാൻ കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
Tags: mammals, ചുണയൻ കീരി, സസ്തനികള്