• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
സസ്തനികൾ
June 2020

Home » Columns » സസ്തനികൾ » കീരിക്കഥ

കീരിക്കഥ

ഡോ. പി.ഒ. നമീർ , അഭിൻ എം സുനിൽ
Indian Grey Mongoose, നാടന്‍ കീരി | Photo :N Ubaid

ബദ്ധവൈരികൾ എന്നുകേട്ടാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കീരിയും പാമ്പും ആകും. പാമ്പുകളോടുള്ള മനുഷ്യരുടെ ഭയവും അവരെ കൊന്നു ഭക്ഷിക്കുന്ന കീരികളോടുള്ള ബഹുമാനവും പഞ്ചതന്ത്രം കഥയിലെ വിശ്വസ്തനായ കീരി മുതൽ റഡ്യാർഡ് കപ്ലിങ്ങിന്റെ റിക്കി-ടിക്കി-ടവ വരെ കാണാവുന്നതാണ്. ഹെർപെസ്റ്റിടേ (Herpestidae) എന്ന കുടുംബത്തിൽ ആണ് കീരികൾ ഉൾപ്പെടുന്നത്. രണ്ടു ഉപകുടുംബങ്ങളിലും ഇരുപതു ജനുസ്സുകളിലുമായി മുപ്പത്തിനാലു തരം കീരികളാണ് ലോകത്താകമാനമുള്ളത്. ഇവർക്ക് പാമ്പിൻവിഷം ഏൽക്കാറില്ല എന്നൊരു തെറ്റിദ്ധാരണ നിലനിന്നു പോകുന്നുണ്ട് . ചെറിയ തോതിൽ പ്രതിരോധ ശക്തി ഉണ്ടെങ്കിലും വാസ്തവത്തിൽ ദ്രുതഗതിയില്‍ പാമ്പിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഉള്ള കഴിവുള്ളതുകൊണ്ടാണ് കീരികൾ പലപ്പോഴും രക്ഷപ്പെടുന്നത്. കീരികളെ പുരാതനകാലം മുതൽ മനുഷ്യർ വളർത്തുകയും ആരാധിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ പിരമിഡുകളിൽനിന്ന് കീരികളുടെ മമ്മി കണ്ടെടുത്തിട്ടുള്ളത് അവരും കീരികളെ വളർത്തിയിരുന്നു എന്നതിന് തെളിവാണ്. സമ്പത്തിന്റെ ദേവനായി ഇന്ത്യയിൽ ആരാധിച്ചു പോന്ന കുബേരന്റെ ഇടതുകൈയിൽ കീരിയാണുള്ളത് , അതിനാൽ കീരിയെ കാണുന്നത് ഐശ്വര്യം കൊണ്ടുവരും എന്നും വിശ്വാസങ്ങൾ നിലനിന്നിരുന്നു. ഉത്തരേന്ത്യയിൽ ഇപ്പോഴും കീരിയെ ആരാധിക്കുന്ന വിഭാഗങ്ങൾ ഉണ്ട്. ഏഷ്യ, യൂറോപ്പ്,  ആഫ്രിക്ക എന്നി ഭൂഖണ്ഡങ്ങളിൽ മാത്രമാണ് കീരികള്‍ ഉള്ളത്. ലോകത്താകമാനം അറിയപ്പെടുന്ന ലയൺ കിങ് എന്ന അനിമേഷൻ സിനിമയിലെ ബുദ്ധിമാനായ ടൈമൻ എന്ന കഥാപാത്രം ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന മീർകാറ്റ് എന്ന ഇനം കീരിയാണ്. മറാത്തി ഭാഷയിൽ കീരി എന്നാൽ മുൻഗുസ് (mungus) ആണ്, ഇതിൽ നിന്നാണ് മംഗൂസ് (Mongoose) എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. ഇന്ത്യയിൽ Herpestes എന്ന ഒറ്റ ജനുസ്സിൽ പെട്ട 6 ഇനം കീരികളാണുള്ളത്. ഇതിൽ 4 ഇനങ്ങളെ കേരളത്തില്‍ കണ്ടുവരുന്നു. കേരളത്തിൽ സർവസാധാരണമായി കാണുന്ന നാടൻ കീരിയെ നമുക്ക് പരിചയപ്പെടാം

Indian grey mongoose, നാടന്‍ കീരി | photo: Asaru Kariyil

ഇന്ത്യയിൽ മിക്കവാറും ഭാഗങ്ങളില്‍ കണ്ടുവരുന്ന കീരിയാണ് ‘Indian grey Mongoose’ എന്ന നാടൻ കീരി. ഇന്ത്യ കൂടാതെ അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മർ,ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. കേരളത്തിൽ കാടുകൾ മുതൽ നഗരങ്ങളിൽ വരെ ഇവയെ കാണാവുന്നതാണ്. മഞ്ഞയും ചാരവും ഇടവിട്ടുള്ള പ്രതേകതരം രോമവുമാണ് ഇവയ്ക്കുള്ളത്. നിറയെ മഞ്ഞ പുള്ളികളുള്ള അവിടവിടെ ചുവപ്പ് കലർന്ന ചാരനിറമുള്ള ഇവയുടെ ശരീരവും പടവലങ്ങപോലെ നീണ്ടതാണ്. പന്തം പോലുള്ള വാലിനും ഇതേ നിറമാണെങ്കിലും അഗ്രഭാഗം കൂർത്തതും മഞ്ഞയോ ചുവപ്പോ കലർന്ന ഇളം നിറമുള്ളതുമാണ്. എന്നാൽ കാഴ്ച്ചയിൽ ഇവയോട് സാദൃശ്യം തോന്നാവുന്ന ചുണയൻ കീരികളുടെ വാലിന്റെ അഗ്രഭാഗം കറുത്തനിറമാണ്. മാത്രമല്ല ചുണയൻ കീരികൾക്ക് വാല് വളച്ചു മേല്പോട്ട് ഉയർത്തിവയ്ക്കുന്ന ശീലവുമുണ്ട്‌. നാടൻ കീരിയുടെ കാൽ കുറിയതും ഇരുണ്ട നിറത്തിലുള്ളതുമാണ്. ഒരു പൂച്ചയേക്കാൾ ചെറുതായ ഇവയുടെ തല മുതൽ വാലിന്റെ കടഭാഗം വരെ 36-45 സെ.മീറ്റര്‍ നീളമുണ്ട്‌. ഇവ ഒന്നര കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിവുള്ള ഇവ യഥാർത്ഥത്തിൽ മിശ്രഭോജികളാണ്. പാമ്പുകളെ മാത്രമല്ല എലികൾ, മറ്റു ചെറിയ സസ്തനികൾ, പക്ഷികളുടെ മുട്ട, തവളകൾ, ഷഡ്പദങ്ങൾ മുതൽ പഴങ്ങൾ വരെ ഇവർ കഴിക്കാറുണ്ട്. തരം കിട്ടിയാൽ മറ്റു ജീവികളുടെ മൃതദേഹവും ഭക്ഷിക്കും. കീരികൾ എലികളെയും കീടങ്ങളെയും ഭക്ഷിക്കുന്നത് കൊണ്ട് കർഷകന്റെ മിത്രം എന്ന് വിളിചു കേള്‍ക്കാറുണ്ട്.

പ്രകൃത്യാ കീരികൾ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ്, ഫുജി, ഹവായി തുടങ്ങിയ രാജ്യങ്ങളിൽ പാമ്പുകളെയും എലികളെയുമൊക്കെ തുരത്താൻ ഇവരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഗുണത്തേക്കാൾ ഏറെ ദോഷകരമായി പല പ്രാദേശിക ഉരഗങ്ങളുടെയും വംശനാശത്തിന് തന്നെ അത് കാരണമായി മാറി.

പകൽ നേരത്ത് ഉണർന്നു പ്രവൃത്തിക്കുന്നവർ ആണ് നാടൻ കീരികൾ. മിക്കവാറും ഒറ്റക്കാണ് ജീവിതമെങ്കിലും പ്രജനന കാലത്ത് ഇണകളായി കാണാറുണ്ട്. നിലത്താണ് ഇരതേടൽ. നീലഗിരിയിൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇവയുടെ home range വിസ്തൃതി പതിനഞ്ചര ഹെക്ടറാണ്! ഇവയെ ആക്രമിക്കാൻ ശ്രമിച്ചാൽ ചുരുണ്ടുകൂടി തല കാലിനും വാലിനും ഇടയിൽ വച്ചു പന്തുപോലെ ആയി തീരുന്നു. പരസ്പരം ആശയവിനിമയം നടത്താനായി പലതരം ശബ്ദങ്ങൾ ഇവ ഉണ്ടാക്കാറുണ്ട്. മെയ്‌-ജൂൺ അല്ലെങ്കിൽ ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആണ് ഇവയുടെ പ്രജനന കാലം. ഒരു പ്രസവത്തിൽ രണ്ടു മുതൽ നാലു കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു. ജനിക്കുമ്പോൾ കുഞ്ഞുങ്ങൾ കണ്ണ് പൂട്ടിയ അവസ്ഥയിൽ ആണെങ്കിലും ഇവർ പെട്ടെന്ന് വളർന്ന് വലുതാകും . ആറുമാസത്തോളം അമ്മയുടെ കൂടെ ചിലവഴിക്കുന്ന കുഞ്ഞ് ഒന്‍പതു മാസം ആകുമ്പോഴേക്കും പ്രജനനത്തിനു സജ്ജരാവുന്നു.

Indian Grey Mongoose, നാടന്‍ കീരി | Photo : Fawas illias

മുൻപ് നാടൻ കീരികളെ പിടികൂടി വളർത്താറുണ്ടായിരുന്നു. ഇവയുടെ ഇറച്ചി ഭക്ഷണത്തിനായും രോമം ബ്രഷുകൾ ഉണ്ടാക്കാനായും ഉപയോഗിച്ചിരുന്നു. 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം നാടൻ കീരി ഉൾപ്പെടെ ഉള്ള വന്യജീവികളെ പിടിക്കുന്നതും അവരെ ഉപയോഗിച്ച ഉണ്ടാക്കുന്ന വസ്തുക്കൾ കൈവശം വക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. പാകിസ്താനിലെ ജോഗി വിഭാഗത്തിലുള്ളവർ ഇവയെ ഇപ്പോഴും പിടിച്ചു മൂർഖൻ പാമ്പുകളുമായി പോര് നടത്തിക്കാറുണ്ട്. IUCN കണക്ക് പ്രകാരം ‘Least Concern’ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഏറ്റവും കൂടുതൽ നിയമവിരുദ്ധമായി കച്ചവടം നടത്തപ്പെടുന്ന വന്യജീവികളിലൊന്നാണ് കീരികള്‍. സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ കീരിയെ CITES അനുബന്ധം II ഇൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ജൈവവൈവിധ്യ പരിപാലനത്തിൽ നിർണായക പങ്ക് വഹിക്കുന്ന നാടൻ കീരികൾ സംരക്ഷിക്കപ്പെടേണ്ടതാണ്.

ഡോ. പി.ഒ. നമീര്‍ | അബിന്‍ സുനില്‍

Related Stories

തവിടൻ കീരി

തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ട വനപ്രദേശങ്ങളിലും സമീപത്തുള്ള തോട്ടങ്ങളിലും മാത്രം കണ്ടുവരുന്ന അപൂർവ്വമായ കീരിയാണ് തവിടൻ കീരി. ഇന്ത്യ കഴിഞ്ഞാൽ അയൽരാജ്യമായ ശ്രീലങ്കയിൽ മാത്രമാണ് ഇവയെ കാണുന്നത്‌.

ചുണയൻ കീരി

ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയൻ കീരികളെ കാണാറുള്ളു. കേരളത്തിൽ ചിന്നാർ, പറമ്പിക്കുളം, വയനാട് എന്നിവടങ്ങളിലെ കാടുകളിൽ നിന്നും ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഗീറിൽ നിന്ന് ഭാഗംവാങ്ങി പിരിയുമ്പോൾ…

മറ്റു വലിയ പൂച്ച വംശജരിൽ നിന്നും വ്യത്യസ്തമായി ശരീരത്തിൽ വരകളോ, പുള്ളികളോ സിംഹത്തിനില്ല. വാലിന്റെ അറ്റത്തുള്ള കുഞ്ചിരോമവും, ആൺസിംഹത്തിന്റെ കഴുത്തിനു ചുറ്റുമുള്ള സടയും ഇവയുടെ മാത്രം പ്രത്യേകതയാണ്.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine