കാടുകളിലും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്ന രോമക്കാലുള്ള ശലഭ കുടുംബത്തിലെ (Nymphalidae) ഒരു സാധാരണ ചിത്രശലഭമാണ് തെളിനീലക്കടുവ (Glassy Tiger – Parantica aglea) ഇവയുടെ ചിറകളവ് 70-75 മില്ലിമീറ്ററാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ ഇവയെ കണ്ടുവരുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ ദേശാന്തരഗമനം (Migration) നടത്തുന്നു. 2,100 മീറ്റര്‍ ഉയരമുള്ള കാടുകളില്‍ പോലും ഇവയെ കാണാന്‍ കഴിയും.
ആണ്-പെണ് ശലഭങ്ങള്‍ക്ക് പ്രകടമായ നിറവ്യത്യാസമില്ല. ചിറകുകളിലെ ഇരുണ്ട തവിട്ടുനിറത്തില്‍ സുതാര്യമായ നീലകലര്‍ന്ന വെള്ള അടയാളങ്ങള്‍ കാണാം. ചിറകുകളുടെ ഉപരിഭാഗത്തെ അപേക്ഷിച്ച് അടിഭാഗം കുറച്ചുകൂടി നരച്ച നിറമാണ്. കരിനീലക്കടുവ (Dark Blue Tiger) , നീലക്കടുവ (Blue Tiger), നീലഗിരിക്കടുവ (Nilgiri Tiger), പെണ് നാടോടിശലഭം (Common Wanderer) എന്നിവ തെളിനീലക്കടുവയുടെ സദൃശ ശലഭങ്ങളാണ്. നീലക്കടുവയുടേയും കരിനീലക്കടുവയുടേയും ചിറകുകളിലെ നീലനിറം തെളിനീലക്കടുവയെ അപേക്ഷിച്ച് കൂടുതലായിരിക്കും. നീലഗിരിക്കടുവയുടെ ചിറകുകളിലെ തവിട്ടുനിറം താരതമ്യേന കൂടുതല്‍ ഇരുണ്ടതും അടയാളങ്ങള്‍ നേര്‍ത്തതുമാണ്. ഉയരമുള്ള ചോലക്കാടുകളിലാണ് നീലഗിരിക്കടുവയെ കണ്ടുവരുന്നത്. ഈര്‍പ്പമുള്ള മണ്ണില്‍ കൂട്ടമായിരുന്ന് ലവണാംശം വലിച്ചുകുടിക്കാറുണ്ട്. കിലുക്കിച്ചെടി, തേള്‍ക്കട, അപ്പ തുടങ്ങിയ ചെടികളില്‍നിന്ന് മറ്റു ശലഭങ്ങളോടൊപ്പം നീരൂറ്റിക്കുടിക്കാറുണ്ട്.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശലഭപ്പുഴുവിന്റെ കറുത്ത തലയില്‍ വെള്ള പൊട്ടുകള്‍ ഉണ്ടായിരിക്കും. ശരീരത്തില്‍ മുന്നറ്റത്തും പിന്നറ്റത്തും രണ്ട് കൊമ്പുകള്‍ വീതം ഉണ്ടായിരിക്കും. മുന്നറ്റത്തെ കൊമ്പുകള്‍ക്ക് പിന്നറ്റത്തെ കൊമ്പുകളെ അപേക്ഷിച്ച് നീളം കൂടുതലായിരിക്കും. വെള്ള നിറത്തിലുള്ള ഈ കൊമ്പുകളുടെ അ ഗ്രം കറുപ്പാണ്. ഇരുണ്ട തവിട്ടു നിറത്തിലുള്ള ശരീരത്തിലാകമാനം വെളുപ്പും മഞ്ഞയും നിറങ്ങളിലുള്ള പൊട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇവയുടെ പ്യൂപ്പക്ക് ഇളംപച്ച നിറമാണ്. അതിന്റെ പുറത്ത് ധാരാളം ചെറിയ പൊട്ടുകള്‍ കാണാം. കറുപ്പും വെള്ളിയുടെ നിറത്തിലുമുള്ള ഈ പൊട്ടുകള്‍ പ്യൂപ്പയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
Tags: butterfly, Glassy Tiger, Parantica aglea, ചിത്രശലഭം, തെളിനീലക്കടുവ, ശലഭം