താരതമ്യേന വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ശലഭമാണ് കാരീര വെളുമ്പന്‍ (Pioneer or Caper white, Anaphaeis aurota). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. ചിറകുകളുടെ ഉപരിഭാഗം തൂവെള്ള നിറമാണ്. ചിറകുകളുടെ അരികില്‍ കറുത്ത കരയും അതില്‍ വെളുത്ത പുള്ളികളും കാണാം. മുന്‍ചിറകിന്റെ ഉപരിഭാഗത്ത് കറുത്ത ഹോക്കി സ്റ്റിക്കിന്റെ ആകൃതിയിലുള്ള ഒരടയാളം കാണാം. ഉരസിന്റെ ഉപരിഭാഗം നരച്ച കറുപ്പും ഉദരഭാഗം വെളുപ്പുമായിരിക്കും. മുന്‍-പിന് ചിറകുകളുടെ അടിഭാഗത്ത് വേനല്‍ക്കാലത്ത് ഇളം മഞ്ഞയും മഴക്കാലത്ത് കടുംമഞ്ഞയും നിറത്തിലുള്ള പല ആകൃതിയിലും വലുപ്പത്തിലുമുള്ള അടയാളങ്ങള്‍ ഉണ്ടായിരിക്കും. ഈ അടയാളങ്ങള്‍ക്ക് ഇടയിലുള്ള ഭാഗം കറുപ്പായിരിക്കും. പെണ്ശലഭങ്ങള് ആണ്ശലഭങ്ങളെക്കാള് വലുതായിരിക്കും.
കാരീര വെളുമ്പന്‍ കുറ്റിച്ചെടികളും മുള്‍ച്ചെടികളും നിറഞ്ഞ വരണ്ട പ്രദേശങ്ങളിലും വരണ്ട ഇലപൊഴിയും കാടുകളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. ഇവ ഉയര്‍ന്നും താഴ്ന്നും ക്രമരഹിതമായി വളരെ വേഗത്തിലാണ് പറക്കുന്നത്. ധാരാളം തേനുള്ള അരിപ്പൂച്ചെടിയിലും മറ്റു ചെടികളിലും തേന്‍ നുകരാനെത്തുന്നു. ആണ്‍ശലഭങ്ങള്‍ കൂട്ടമായി ഈര്‍പ്പമുള്ള മണ്ണിലിരുന്ന് ചെളിയൂറ്റല്‍ (Mud-puddling) നടത്താറുണ്ട്. ഇലത്തലപ്പില് ചിറകുകള് ഭാഗികമായോ പൂര്‍ണ്ണമായോ തുറന്നുവെച്ച് വെയില് കായാറുണ്ട്. പെണ്ശലഭങ്ങള് അവയുടെ ആഹാരച്ചെടിയില് കൂട്ടമായി മുട്ടയിടുന്നു. ശലഭപ്പുഴുവിന് പച്ചനിറമാണ്. കറുപ്പുനിറത്തിലുള്ള തലയില്‍ വെളുത്ത ചെറിയ പൊട്ടുകള്‍ ഉണ്ടായിരിക്കും. ശരീരത്തില്‍ നേരിയ വെളുത്ത രോമങ്ങള്‍ കാണാം. പ്യൂപ്പയ്ക്ക് വെള്ള കലര്‍ന്ന തവിട്ടുനിറമാണ്. അതില്‍ കറുത്ത വരകളും പുള്ളികളും കാണാം. ഒരു നേരിയ സില്‍ക്ക് നൂലുകൊണ്ട് ഇതിനെ ഇലയുമായോ തണ്ടുമായോ ബന്ധിപ്പിച്ചിരിക്കും.
ഇന്ത്യയിലും (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ) പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക മുതലായ രാജ്യങ്ങളിലും ഈ ചിത്രശലഭത്തെ കണ്ടുവരുന്നു. കാരീരമാണ് ശലഭപ്പുഴുവിന്റെ പ്രധാന ആഹാരസസ്യം.
Tags: butterfly, Caper white, Pioneer, കാരീര വെളുമ്പന്‍