ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഈ ശലഭം കേരളത്തില്‍ വീട്ടുവളപ്പിലും, നാട്ടിന്‍പുറങ്ങളിലും, കാടുകളിലും കണ്ടുവരുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള തണുപ്പുള്ള മാസങ്ങളിലാണ് ഇവയെ സര്‍വ്വസാധാരണമായി കാണുന്നത്.
പറക്കുമ്പോള്‍ മുന്‍ചിറകുകള്‍ പറക്കലിന്റെ സന്തുലിതാവസ്ഥ പാലിക്കാന്‍ സഹായിക്കുന്നു. തറനിരപ്പില്‍ നിന്നും പത്തു മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്നതായി കാണാം. ചീരപ്പൂവ്, അരിപ്പൂവ്, കൃഷ്ണകിരീടം, പൂച്ചെടി, സിനിയ എന്നിവയുടെ പൂക്കളില്‍ ഇവ തേന്‍ നുകരുന്നത് അതീവഭംഗിയുള്ള കാഴ്ചയാണ്. ഉച്ചസമയം കഴിഞ്ഞാല്‍ ഇവ ഇരുണ്ട കുറ്റിക്കാടുകളില്‍ ചിറകുവിടര്‍ത്തി വിശ്രമിക്കുന്നത് കാണാം.
ഈ ചിത്രശലഭത്തിന്റെ ലാര്‍വകള്‍ ഭക്ഷിക്കുന്നത് ഗരുഡക്കൊടിയുടെ ഇലകളാണ്. ഇവയുടെ മുട്ടകള്‍ക്ക് മഞ്ഞകലര്ന്ന ഓറഞ്ച് നിറമാണ്. ലാര്‍വകളുടെ ചര്‍മ്മം മെറൂണ്‍ നിറവും, വെല്‍വെറ്റിന്റെ പ്രതീതി ഉളവാക്കുന്നതുമാണ്. ശരീരത്തിന്റെ മധ്യഭാഗത്തിനോടടുത്ത് ഒരു വെളുത്ത പട്ടയും കാണാം. ചെടികളുടെ തണ്ടുകളിലും, മരച്ചില്ലകളിലുമാണ് ഇളംതവിട്ടുനിറമുള്ള പ്യൂപ്പകള്‍ കാണപ്പെടുന്നത്. പ്യൂപ്പയുടെ വാലറ്റവും ശരീരത്തിന്റെ മധ്യഭാഗവും നേര്‍ത്ത നാരുകള്‍ കൊണ്ട് ചില്ലകളിലേക്ക് പിടിപ്പിച്ചിരിക്കുന്നതായി കാണാം. ചക്കരശലഭത്തോടൊപ്പം ഇവയും കടലിലൂടെ ദേശാടനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Tags: butterfly, Common Rose, ചിത്രശലഭം, നാട്ടു റോസ്