കേരളത്തിൽ കാണാൻ കഴിയുന്ന വെള്ളക്കണ്ണിക്കുരുവിയുടെ പേരുമാറ്റം ഇ ബേർഡ് ഉപയോക്താക്കളായ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഓറിയൻ്റൽ വെള്ളക്കണ്ണിക്കുരുവി ഇന്ത്യൻ വെള്ളക്കണ്ണിക്കുരുവിയായി പരിണമിച്ചിരിക്കുന്നു. ഈ പേരു മാറ്റത്തിനാധാരം എന്തെന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം. ലോകത്താകമാനം നൂറിലധികം ഇനം വെള്ളക്കണ്ണിക്കുരുവികൾ ഉണ്ടന്ന കാര്യം പലർക്കും അറിയാൻ വഴിയില്ല. കേരളത്തിനാകട്ടെ സ്വന്തമായുള്ളത് ഒരിനം മാത്രം. ലോകത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കണ്ണിക്കുരുവികളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നുവരുന്നു. പേരു മാറ്റത്തിന് നിദാനമാകുന്ന പുതിയ അറിവുകൾ പലതും പുറത്തു വരുന്നുണ്ട്. ഈ ലേഖനത്തിലൂടെ നമുക്ക് വെള്ളക്കണ്ണിക്കുരുവിയെ പരിചയപെടാം.
നമ്മുടെ സംസ്ഥാനത്ത് വെള്ളക്കണ്ണിയെ കാണാൻ കഴിയുന്നത് പശ്ചിമഘട്ടത്തിൽ മാത്രമാണ്. പെരുമഴക്കാലത്തോഴികെ അവിടം വിട്ട് താഴേയ്ക്കിറങ്ങാൻ ഇവ കൂട്ടാക്കാറില്ല. ഈ പക്ഷിയുടെ ശരീരത്തിന്‍റെ ഉപരി ഭാഗം മഞ്ഞ കലർന്ന പച്ചയാണ്. തൊണ്ടയും ഗുദവും മഞ്ഞയും ദേഹത്തിന്‍റെ അധോഭാഗങ്ങൾ ചാരനിറം കലർന്ന വെള്ളയുമാണ്. “വെള്ളക്കണ്ണട” യാണ് ഏറ്റവും പ്രകടമായ പ്രത്യേകത. ഈ സവിശേഷത ലോകത്താകമാനമുള്ള മറ്റ് നൂറിനം വെള്ളക്കണ്ണികളിലും കാണപ്പെടുന്നു. വെള്ളക്കണ്ണികൾ ചെറുതോ വലുതോ ആയ കൂട്ടങ്ങളായി കാണപ്പെടുന്നു. മറ്റു പക്ഷികളുടെ കൂട്ടങ്ങളുമായി ചേർന്ന് ഇരകളെ വേട്ടയാടാറുണ്ട്. വായാടികളാണെങ്കിലും ഇവയുടെ കരച്ചിൽ ദുർബലവും പതർച്ച ഉള്ളതുമായ “ചീയൂർ” ആണ്. കോഴിക്കുഞ്ഞുങ്ങളെ പോലെ ഈ കരച്ചിൽ കൂടെക്കൂടെ ആവർത്തിക്കും.
മാർച്ച് മുതൽ മേയ് വരെ സന്താനോൽപ്പാദനം നടത്തുന്ന വെള്ളക്കണ്ണിയുടെ കൂടിന് ഒരു ചെറിയ കോപ്പയുടെ രൂപമാണ്. പുല്ലും പായലും ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട് ചിലന്തി വലകൾ കൊണ്ട് ബലപ്പെടുത്തിയിരിക്കും. രണ്ടു മുതൽ നാലു വരെയാണ് മുട്ടകളുടെ എണ്ണം. 10-11 ദിവസം ഇണകൾ രണ്ടും മാറി മാറി അടയിരിക്കുന്നു. വീണ്ടും ഒരു 10-11 ദിവസം മാതാപിതാക്കൾ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. പിന്നീട് കുഞ്ഞുങ്ങൾ കൂട് വിട്ട് പറന്നകലുന്നു. മൂന്ന് ദിവസം കൂടി മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കും.
മേയ് 2015 ലെ ലക്കത്തിൽ കായൽ പൊൻമാനെ വലിയൊരു speciator ആയി വിശേഷിപ്പിച്ചിരുന്നു. വെള്ളക്കണ്ണിക്കുരുവികളും ഈ വിശേഷണത്തിന് അർഹരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലേയും ശാന്തസമുദ്രത്തിലേയും ഉഷ്ണമേഖലാ ദ്വീപുകളിലുമൊക്കെ തദ്ദേശീയരായ ഒന്നോ രണ്ടോ വെള്ളക്കണ്ണി വർഗ്ഗങ്ങളെ കാണാൻ കഴിയും. എന്നാൽ കേരളത്തിലെ വെള്ളക്കണ്ണികൾ, തായ്‌ലൻഡിലും ദക്ഷിണ പൂർവ്വ ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും കണ്ടു വരുന്ന വെള്ളക്കണ്ണികൾ തന്നെയാണെന്നായിരുന്നു വിശ്വാസം. തായ്‌ലൻഡില്‍ നടന്ന ശ്രദ്ധേയമായ ഒരു ശാസ്‌ത്രീയപഠനം ഈ വിശ്വാസത്തെ പൊളിച്ചെഴുതി. തായ്‌ലൻഡിലെ തീരദേശ വനങ്ങളിൽ കാണപ്പെടുന്ന വെള്ളക്കണ്ണി യഥാർത്ഥത്തിൽ ഓറിയന്‍റല്‍ വെള്ളക്കണ്ണികളല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അവയ്ക്ക് പുതിയൊരു പേര് ചാർത്തപ്പെട്ടു. അതുപോലെ മ്യാൻമാർ, തായ്‌ലന്‍ഡ്, ബോർണിയോ എന്നിവടങ്ങളിലെ കുന്നുകളിൽ കാണപ്പെടുന്ന ഓറിയന്‍റല്‍ വെള്ളക്കണ്ണികളും പുനർനാമകരണം ചെയ്യപ്പെട്ടു. ഒപ്പം നമ്മുടെ വെള്ളക്കണ്ണികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമായി പരിമിതപ്പെടുകയും ചെയ്യപ്പെട്ടു. അങ്ങനെ അവയക്ക് ഇന്ത്യൻ വെള്ളക്കണ്ണി എന്ന പേര് കൈവന്നു.
നമ്മുടെ വെള്ളക്കണ്ണിയെ അത്ര ലാഘവത്തോടെ കാണാനാകില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിൽ ഒതുങ്ങിക്കഴിയുന്ന ഈ പക്ഷിയെ ലക്ഷദ്വീപിലെ കടലോരങ്ങളിൽ കണ്ടെത്താനാകും. ഈ പക്ഷികൾ ശ്രീലങ്കയിൽ കണ്ടു വരുന്ന പക്ഷികളെപ്പോലെ തന്നെയാണെന്ന് കരുതപ്പെടുന്നു. അതു പോലെ ആൻഡമാനിലെയും നിക്കോബാറിലെയും വെള്ളക്കണ്ണികൾ വ്യത്യസ്തരാണ്. ഇതിന്‍റെ കൊക്ക് വലിപ്പമേറിയതാണ്. ഇവ യഥാർത്ഥത്തിൽ ഓറിയന്‍റല്‍ വെള്ളക്കണ്ണികൾ ആകാൻ തരമില്ല. എങ്കിലും ഇവയ്ക്ക് തായ്‌ലൻഡിൽ പുതുതായി കണ്ടെത്തിയ ഇനവുമായി സാമ്യമുണ്ടാകാനാണ് കൂടുതൽ സാധ്യത. പശ്ചിമഘട്ടത്തിലെ കാര്യമെടുത്താലും പാലക്കാട് ചുരത്തിന് തെക്കും വടക്കും ഉള്ള പക്ഷികളുടെ ജീനുകളിൽ ചെറിയ വൈജ്യാത്യങ്ങൾ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പോലും നമ്മുടെ കുഞ്ഞു വെള്ളക്കണ്ണി speciator യുടെ പ്രവണതകൾ കാണിക്കുന്നു. വെള്ളക്കണ്ണിയുടെ പല രഹസ്യങ്ങളും ചുരളഴിയാൻ ബാക്കിയുണ്ടാകാം. ഈ രഹസ്യങ്ങൾ വെളിച്ചത്തു കൊണ്ട് വരാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞർ.