• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ചിറകടികൾ
May 2017

Home » Columns » ചിറകടികൾ » കരിങ്കിളി

കരിങ്കിളി

പ്രവീൺ ജെ.
Blackbird Photo by: Sandeep Das

യൂറോപ്യൻ രാജ്യമായ സ്വീഡന്റെ ദേശീയപക്ഷിയാണ് കരിങ്കിളി. യൂറോപ്പിൽ വളരെ സാധാരണമായ ഒരു നാട്ടുപക്ഷിയാണിത്. നല്ല പരിചയമുള്ളതുകൊണ്ട് അവർക്ക് ഈ പക്ഷിയെ തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നമ്മുടെ ഗ്രാമവാസികൾക്ക് ഈ പക്ഷിയെ അത്ര പരിചയം പോരാ. വേണ്ട ഗൗരവത്തോടെ നിരീക്ഷണം നടത്താത്ത പക്ഷിനിരീക്ഷകർ ചിലപ്പോൾ ഈ പക്ഷിയെ കണ്ടിരിക്കാനിടയില്ല. നമ്മുടെ പശ്ചിമഘട്ടവുമായി ആഴത്തിൽ ബന്ധമുള്ള, കൗതുകം ഉളവാക്കുന്ന ഒരു പക്ഷിവർഗ്ഗമാണിത്. ഈ പക്ഷിയുടെ കഥപറഞ്ഞേ തീരൂ.

കരിങ്കിളി (ഋൗൃമശെമി ആഹമരസയശൃറ) ബുൾബുളിനേക്കാൾ കുറച്ച് വലുതും മൈനയേക്കാൾ ചെറുതുമാണ്. നിറം സാധാരണ കറുപ്പോ കടുംതവിട്ടോ ആയിരിക്കും. പെൺപക്ഷികൾ ചെമ്മൺനിറക്കാരായിരിക്കും. കൊക്ക്, കൺവലയം, കാലുകൾ എന്നിവ ഓറഞ്ച് കലർന്ന മഞ്ഞയായിരിക്കും. കൗമാരക്കാർക്ക് പെൺപക്ഷികളുമായാണ് സാമ്യം. പെൺപക്ഷികളിൽ നിന്ന് വ്യത്യസ്തമായി അവയ്ക്ക് ദേഹത്ത് ഓറഞ്ച് കലർന്ന ഇളംമഞ്ഞ തൂവലുകൾ കാണപ്പെടുന്നു. ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളായോ വനങ്ങൾ ഉൾപ്പെടെ മരക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നു. കാടിന്റെ ഉപരിതലത്തിൽ നിന്നും കീടങ്ങൾ, പഴങ്ങൾ എന്നിവ കൊത്തിപ്പെറുക്കുന്നു. അലോസരപ്പെടുത്തിയാൽ തറയിൽ നിന്നും പറന്നുയർന്ന് മരച്ചില്ലകളിൽ അഭയം പ്രാപിച്ചേക്കാം. കരിങ്കിളി കൂടെക്കൂടെ ഹ്രസ്വവും ഉച്ചസ്ഥായിയിലുള്ളതുമായ ശബ്ദം ആരോഹണക്രമത്തിൽ തൊണ്ട വിറപ്പിച്ച് പുറപ്പെടുവിക്കാറുണ്ട്.

നിങ്ങളിൽ പലർക്കും അറിയുന്നതുപോലെ, പുതിയ ജന്തുവർഗ്ഗങ്ങളുടെ ആവിർഭാവത്തിന് ഒരു തൊട്ടിലായി വർത്തിക്കുന്നുണ്ട് പശ്ചിമഘട്ടം. ഈ മലനിരകൾ കരിങ്കിളിയുടെ വർണ്ണവ്യത്യാസത്തിനും കാരണമാകുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ ഉത്തരമേഖലയിൽ ഉൾപ്പെടുന്ന ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പക്ഷികൾ ശീതകാലത്ത് തെക്കുള്ള കേരളത്തിൽ വിരുന്നെത്താറുണ്ട്. ഇവയിലെ ആൺകിളികൾക്ക് പ്രകടമായ കരിന്തൊപ്പിയും ചാരനിറത്തിലുള്ള ഉടലും ഉള്ളതിനാൽ കരിന്തലയൻ കരിങ്കിളി എന്നറിയപ്പെടുന്നു. ഈ പക്ഷികൾ മധേന്ത്യയിലും പൂർവ്വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും പ്രജനനം നടത്തുന്നുണ്ട്. എന്നാൽ കുടക്, വയനാട്, നീലഗിരി എന്നിവിടങ്ങളിലെ കരിങ്കിളികൾ കൂടുതൽ കറുത്തിട്ടാണ്. അവയ്ക്ക് കരിന്തൊപ്പി പ്രകടമല്ല. 700 മീറ്റർ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷികൾ വലിയ ദേശാടകരായി പേരെടുത്തിട്ടില്ല. ചിലപക്ഷികൾ ശീതകാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ എത്തിപ്പെട്ടേക്കാം. തിരുവിതാംകൂർ മേഖലയിലെ പക്ഷികളാണ് ഏറ്റവും കറുമ്പന്മാർ അവയുടെ നിറം സ്ലേറ്റിന് സമാനമായ കറുപ്പാണ്. ശ്രീലങ്കയിലുമുണ്ട് വ്യത്യസ്തനായ ഒരു കരിങ്കിളി. വലിപ്പം കുറഞ്ഞ ഇവയ്ക്ക് നീല കലർന്ന കറുപ്പാണ്. ഇന്ത്യയിലെ കരിങ്കിളികളിൽ പെണ്ണുങ്ങൾ നിറം മങ്ങിയവയാണ്. എന്നാൽ ശ്രീലങ്കൻ പക്ഷികളുടെ ആണും പെണ്ണും ഒരേ നിറക്കാരാണ്. പരിമിതമായ തോതിൽ വ്യത്യസ്തരായ ഈ നാലിനം കരിങ്കിളികളും “ഇന്ത്യൻ കരിങ്കിളി” എന്നറിയപ്പെടുന്ന പക്ഷിയുടെ ഉപജാതികളാണ്. ഇവയിൽ ഒന്നിനെയെങ്കിലും സ്വതന്ത്രവർഗ്ഗമായി പരിഗണിക്കാനാകുമോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. യൂറോപ്പിലെ കരിങ്കിളികൾ നമ്മുടെ കിളികളിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ജാതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അവ യൂറോപ്യൻ കരിങ്കിളി എന്നറിയപ്പെടുന്നു.

രണ്ട് വർഷം മുമ്പ് ചിമ്മിനി വന്യജീവി സങ്കേതത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയിരുന്ന എനിക്ക് അനേകം കരിങ്കിളികളെ കാണാതായി. ഇവയെ ഏതെങ്കിലും ഒരു ഉപജാതിയിൽ ഉൾപ്പെടുത്താനായില്ല. നീലഗിരിയിലും തിരുവിതാംകൂറിലും കണ്ടുവരുന്ന പക്ഷികളുടെ സങ്കരയിനങ്ങളായിരുന്നു ഇവ. ഇത്തരം പക്ഷികളെ നെല്ലിയാമ്പതി മലനിരകളിലും കാണാം. ഹിമാലയത്തിലാകട്ടെ വേറൊരു തരം കരിങ്കിളിയെകാണാം. ഇവ അവിടെത്തന്നെ പ്രജനനം നടത്തുന്നവയാണ്. ഉത്തര-ദക്ഷിണ അമേരിക്കകളിലുമുണ്ട് വിവിധ ജാതി കരിങ്കിളികൾ. ഇവയ്ക്ക് യൂറോപ്പിലെയോ ഇന്ത്യയിലെയോ കരിങ്കിളികളുമായി ഒരു ബന്ധവുമില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഫെബ്രുവരി മുതൽ നവംബർ വരെയാണ് കേരളത്തിലെ കരിങ്കിളികളുടെ സന്താനോത്പാദനകാലമായി അറിയപ്പെടുന്നത്. പുല്ല്, പായൽ, വേരുകൾ എന്നിവ കൂട്ടിയിണക്കി ഉണ്ടാക്കിയ ആഴം കൂടി തടിച്ച ഒരു കോപ്പയാണ് കൂട്. ഏതാനും ചുള്ളിക്കമ്പുകളും ഒപ്പം ഒരു കളിമൺപാളിയും ഉപയോഗിച്ച് കൂട് ബലപ്പെടുത്തിയിരിക്കും. മൃദുവായ വേരുകളാൽ തീർത്ത ഒരുൾപ്പാളിയോടുകൂടിയ കൂട് ഏതെങ്കിലും വൃക്ഷത്തിന്റെ കവരത്തിലോ മരക്കുറ്റിയിലോ കുറ്റിച്ചെടിയിലോ ആയിരിക്കും. നീല, ഇളംപച്ച നിറങ്ങളിൽ മിനുമിനുത്ത നാല് മുട്ടകളാണ് പക്ഷി ഇടുക. മുട്ടകളിൽ ചുവപ്പ് കലർന്ന തവിട്ടുനിറത്തിൽ പുള്ളിക്കുത്തുകൾ തെളിഞ്ഞു കാണാം. “പുള്ള്”  വർഗ്ഗത്തിൽ ഉൾപ്പെടുന്നതിനാൽ കരിങ്കിളി ഇണചേരൽ കാലത്ത് മനോഹരമായി പാടാറുണ്ട്. ഇണചേരലിന്റെ വിശദാംശങ്ങൾ ലഭ്യമല്ല.

ലോകത്താകമാനമുള്ള അവസ്ഥ പരിഗണിച്ചാൽ കരിങ്കിളിയുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. ബ്രിട്ടൻ, നെതർലാന്റ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഇവയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇസ്രയേൽ, ആസ്ട്രേലിയ മുതലായ രാജ്യങ്ങൾ എണ്ണത്തിൽ വർദ്ധന കാണിച്ചു. ഇക്കാര്യം ഇന്ത്യയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇവയുടെ എണ്ണം സംബന്ധിച്ച് പ്രഖ്യാപനം ഒന്നും നടത്താൻ നമുക്കാകില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ചാൽ കരിങ്കിളി വംശനാശം നേരിടുന്ന പക്ഷിയാണെന്ന് പറയാൻ സാധിക്കില്ല.

Related Stories

വെള്ളക്കണ്ണിക്കുരുവി

ഓറിയൻ്റൽ വെള്ളക്കണ്ണിക്കുരുവി ഇന്ത്യൻ വെള്ളക്കണ്ണിക്കുരുവിയായി പരിണമിച്ചിരിക്കുന്നു. ഈ പേരു മാറ്റത്തിനാധാരം എന്തെന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം.

തീക്കുരുവി

നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ചന്തമേറിയ പക്ഷികളിലൊന്നാണ് സദാ ഉല്ലാസവാനായ തീക്കുരുവി. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ്, മഞ്ഞ നിറങ്ങളാലും ഇമ്പമുള്ള കൂജനങ്ങളാലും കാടിനെ സജീവരാക്കുന്നു ഈ പക്ഷികള്‍.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine